Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെമിഷേൽ ബാർണിയേയെ പ്രധാനമന്ത്രിയാക്കിയതിനെതിരെ ഫ്രാൻസിലെ തൊഴിലാളികൾ

മിഷേൽ ബാർണിയേയെ പ്രധാനമന്ത്രിയാക്കിയതിനെതിരെ ഫ്രാൻസിലെ തൊഴിലാളികൾ

ഷിഫ്‌ന ശരത്‌

ക്ടോബർ ഒന്നിന്‌ ആയിരക്കണക്കിനാളുകളാണ്‌ ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബർ, (സിജിടി) സോളിഡെയേഴ്‌സ്‌ എന്നീ ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ഫ്രാൻസിന്റെ തെരുവുകളിൽ പ്രതിഷേധവുമായി അണിനിരന്നത്‌. പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ സങ്കീർണവും ജനവിരുദ്ധവുമായ പെൻഷൻ പരിഷ്‌കരണവും മറ്റ്‌ നയങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ ജനങ്ങൾ തെരുവിൽ അണിനിരന്നത്‌. അന്നേദിവസം തന്നെയാണ്‌ പ്രധാനമന്ത്രി മിഷേൽ ബാർണിയേ ചുമതലയേറ്റതിനെത്തുർന്ന്‌ നടത്തിയ ആദ്യ പ്രസംഗവും നടന്നത്‌. നവലിബറൽ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ്‌ ബാർണിയേ നടത്തിയത്‌. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ നയപ്രഖ്യാപന പ്രസംഗം തന്നെയായിരുന്നു അത്‌. കൂടുതൽ ചെലവഴിക്കുന്നതിനു പകരം ‘‘മെച്ചപ്പെട്ട രീതിയിൽ ചെലവഴിക്കുന്നതിലാ’’ണ്‌ ഗവൺമെന്റ്‌ ശ്രദ്ധേകേന്ദ്രീകരിക്കുകയെന്നാണ്‌ ബാർണിയേ പറഞ്ഞത്‌. ‘‘മെച്ചപ്പെട്ട രീതിയിൽ ചെലവഴിക്കുക’’ എന്നത്‌ സാമൂഹിക സേവനരംഗത്തെ സർക്കാരിന്റെ ചെലവഴിക്കൽ വീണ്ടും വീണ്ടും വെട്ടിക്കുറയ്‌ക്കുന്നതിന്‌ ഉപയോഗിക്കുന്ന നവലിബറൽ ഭംഗിവാക്കാണ്‌. ഇതിൽനിന്നും ബാർണിയേ ഗവൺമെന്റിന്റെ നയം നവലിബറൽ മുതലാളിത്തം തന്നെയാണെന്നത്‌ വ്യക്തമായിരിക്കുകയാണ്‌.

വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ നിർണായക മേഖലകളിലെല്ലാംതന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കുറവ്‌ നേരിടുന്ന രാജ്യമാണിന്ന്‌ ഫ്രാൻസ്‌. അത്തരമൊരവസ്ഥയിലും പുതിയ ജീവനക്കാരെ നിയമിക്കുകയും തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ഗവൺമെന്റ്‌ ശ്രമിക്കുന്നത്‌ വിരമിച്ച ജീവനക്കാരെയും പുറത്തുനിന്നുള്ള സഹായികളെയും നിയമിക്കാനാണ്‌. തന്റെ പ്രസംഗത്തിലുടനീളം ബാർണിയേ വ്യക്തമാക്കിയത്‌. പൊലീസ്‌, സുരക്ഷ, അതിർത്തിനിയന്ത്രണം തുടങ്ങിയ രംഗങ്ങളിൽ ഗവൺമെന്റ്‌ കൂടുതൽ കൂടുതൽ പണം ചെലവഴിക്കുമെന്നാണ്‌. അഭയാർഥികൾക്ക്‌ പിന്തുണ നൽകുന്നതിനു പകരം അവരെ പീഡിപ്പിക്കുന്നതിനായി കൂടുതൽ തടങ്കൽ പാളയങ്ങൾ സജ്ജമാക്കാനും അതിർത്തിസംരക്ഷണം കൂടുതൽ ശക്തമാക്കാനുമാണ്‌ ബാർണിയേ ഒരുമ്പെടുന്നത്‌. അതായത്‌ അവശേഷിക്കുന്ന പൊതുമേഖലകളിലെല്ലാം കൂടി ചെലവഴിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ അധികം തുക ഇതിനായി ചെലവഴിക്കുമെന്നർഥം. ബാർണിയേയുടെ പ്രസംഗത്തിലെ ശ്രദ്ധേയമായ മറ്റൊരു ഭാഗം മരീൻ ലെ പെന്നിന്റെ നാഷണൽ റാലി എന്ന തീവ്ര വലതുപക്ഷ പാർട്ടിയുമായുള്ള പുതിയ ബന്ധത്തിന്റെ കാര്യമാണ്‌. ‘‘എല്ലാ രാഷ്‌ട്രീയ ശക്തികളെയും കേൾക്കുകയും അവയെ ബഹുമാനിക്കുകയും അവയുമായി ചർച്ചയ്‌ക്ക്‌ തയ്യാറാവുകയും ചെയ്യു’’മെന്ന ബാർണിയേയുടെ പ്രസ്‌താവന വിരൽചൂണ്ടുന്നത്‌ നാഷണൽ റാലിയുമായുള്ള ബന്ധത്തിലേക്കാണ്‌. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അകറ്റിനിർത്തിയ തീവ്ര വലതുപക്ഷ പാർട്ടി ഇന്ന്‌‌, മക്രോണിന്റെ ഗൂഢപദ്ധതികളുടെ ഫലമായി, ബാർണിയേ ഗവൺമെന്റിന്റെ സ്ഥിരത ഉറപ്പാക്കുന്ന പ്രധാന കക്ഷിയായി മാറിയിരിക്കുകയാണ്‌.

ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ഒന്നാം തീയതി നടന്ന പ്രക്ഷോഭം വിരൽചൂണ്ടിയതും നേതാക്കൾ ആവർത്തിച്ച്‌ എടുത്തുപറഞ്ഞതും ബാർണിയേയെ പ്രധാനമന്ത്രിയായി നിയമിച്ച മക്രോണിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ജനഹിതത്തെ അട്ടിമറിക്കുന്നതുമാണെന്നാണ്‌. മുതലാളിത്ത നയങ്ങളിൽ മനസ്സും ജീവിതവും മടുത്ത ഫ്രഞ്ച്‌ ജനത മാറിച്ചിന്തിച്ചതിന്റെ ഫലമായിരുന്നു ഇക്കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ഇടത്‌ പുരോഗമനപ്രസ്ഥാനമായ ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ വിജയം. എന്നാൽ ആ മുന്നേറ്റത്തെ അട്ടിമറിച്ചുകൊണ്ട്‌ തന്റെ ഇഷ്ടക്കാരനെ പ്രധാനമന്ത്രിയായി നിയമിച്ച മക്രോണിന്റെ നടപടികൾക്കും അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങൾക്കുമെതിരെ ജനരോഷം ശക്തമായി വരികയാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular