Friday, October 18, 2024

ad

Homeപുസ്തകംആരായിരുന്നു സവർക്കർ!

ആരായിരുന്നു സവർക്കർ!

പി ടി രാഹേഷ്

ഹാത്മാഗാന്ധിയോടൊപ്പം ദേശീയ മഹത്വം നേരിടുന്ന വ്യക്തിയായി സവർക്കർ പരിണമിക്കപ്പെടുന്ന കാലമാണിത്. ‘സവർക്കറെ പുനരധിവസിപ്പിക്കുക’ എന്ന രാഷ്ട്രീയ പദ്ധതി നടപ്പിലാക്കപ്പെടുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാനും, ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാൻ നടക്കുന്ന വ്യാപകമായ ശ്രമങ്ങളെ പ്രതിരോധിക്കാനും നമ്മളെ വിദ്യാഭ്യാസവൽക്കരിക്കുന്ന ഒരു പുസ്തകമാണ് ‘ആരായിരുന്നു സവർക്കർ’. കള്ള പ്രചാരവേലകളിലൂടെ അപനിർമ്മിക്കപ്പെടുന്ന പുതിയ ചരിത്രത്തിൽ സവർക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ആഴത്തിൽ വിമർശനാത്മകമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത പണ്ഡിതനായ ഷംസുൽ ഇസ്ലാം നടത്തുന്നത്. സവർക്കറെ വീരൻ ആക്കുന്നതിനും മഹത്വവൽക്കരിക്കുന്നതിനും സ്വാതന്ത്ര്യസമര സേനാനിയായി മാറ്റുന്നതിനും വസ്തുതകൾ വളച്ചൊടിച്ചുകൊണ്ട് രൂപപ്പെടുത്തിയ മിത്തുകളെ തിരിച്ചറിയുന്നതിനും, ജനാധിപത്യ മതേതര ഇന്ത്യയെ നശിപ്പിക്കാനായി ഉടലെടുത്ത ആശയങ്ങളുടെ അപകടം മനസ്സിലാക്കാനും നമ്മെ സഹായിക്കുന്ന ഈ പുസ്തകം വർത്തമാനകാല സാഹചര്യത്തിൽ നാമോരോരുത്തരും വായിച്ചിരിക്കേണ്ടതു തന്നെയാണ്. സംഘപരിവാർ നിർമ്മിച്ചെടുക്കുകയും സത്യാനന്തരകാലത്ത് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പുത്തൻ മിത്തുകളെ ചരിത്ര വസ്തുതകൾ നിരത്തിവെച്ചുകൊണ്ടുള്ള വിശകലനത്തിലൂടെ മനോഹരമായാണ് ഈ പുസ്തകം പൊളിച്ചടുക്കുന്നത്.

സവർക്കർ ഇതിഹാസ സ്വാതന്ത്ര്യസമര സേനാനിയായിരുന്നെന്നും, ബ്രിട്ടീഷ് ഭരണാധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധനായിരുന്നില്ലെന്നും ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു മിത്താണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സവർക്കർ ഒറ്റികൊടുക്കുന്നത് എങ്ങനെയാണെന്നും, ഹിന്ദു വിഘടനവാദത്തിന്റെ പ്രചാരകനായിക്കൊണ്ട് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങുന്നത് എങ്ങനെയാണെന്നും ചരിത്ര വസ്തുതകൾ നിരത്തി വിശദീകരിക്കാനാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ ശ്രമിക്കുന്നത്. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച ധീരനായാണ് സംഘപരിവാർ സവർക്കറെ അവതരിപ്പിക്കുന്നത്. കൊളോണിയൽ ഭരണാധികാരികളെ വെല്ലുവിളിച്ച നിരവധി വിപ്ലവകാരികൾ ക്രൂരമായ ജയിൽവാസത്തിന് ഇരയായപ്പോൾ, പത്തു വർഷം മാത്രമാണ് സവർക്കർ ജയിലിൽ ഉണ്ടായിരുന്നത്. തടവിലാക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളോട് കാണിച്ച നിഷ്ഠുരമായ ക്രൂരകൃത്യങ്ങളെ ചോദ്യം ചെയ്യുകയും, ജയിലിലിനകത്തും സമരം ചെയ്യുകയും ചെയ്ത നിരവധി വിപ്ലവകാരികളുടെ കീഴടങ്ങാൻ മനസ്സില്ലാത്ത ജീവിതചിത്രം നമുക്കിവിടെ വായിച്ചെടുക്കാനാവും. ജയിൽ ഭീകരതക്കെതിരെ മുഴുവനാളുകളും സമരം ചെയ്യുമ്പോഴും, അതിൽ നിന്നു മാറിനിന്നുകൊണ്ട് കൊളോണിയൽ യജമാനൻമാർക്ക് മുന്നിൽ കീഴടങ്ങി നിൽക്കുകയും, ജയിൽ മോചിതനാവാൻ നിരവധി തവണ മാപ്പപേക്ഷ എഴുതിക്കൊടുക്കുകയും ചെയ്ത സവർക്കറെ മാത്രം പോരാട്ട നായകനായി അവതരിപ്പിക്കുന്നത് സെല്ലുലാർ ജയിലിലെ പോരാളികളെ അപമാനിക്കുന്നതിനും വീണ്ടും, കൊലപ്പെടുത്തുന്നതിനും തുല്യമാണെന്ന് ഈ പുസ്തകത്തിലെ ചരിത്ര വസ്തുതകൾ വായിക്കുമ്പോൾ നമുക്ക് ബോധ്യമാകും.

സവർക്കറുടെ ദയാഹർജികൾ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു തന്ത്രമായിരുന്നു എന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്ന മിത്തുകളുടെ കൂട്ടത്തിലെ മറ്റൊരു മുടന്തൻ ന്യായം. മുഗൾ ഭരണാധികാരികളെ കബളിപ്പിക്കാൻ ശിവജി പ്രയോഗിച്ച തന്ത്രങ്ങൾ എന്താണോ, അതുതന്നെയാണ് സവർക്കറും തന്റെ ദയാഹർജികളിലൂടെ പ്രയോഗിക്കാൻ ശ്രമിച്ചത് എന്നാണ് സവർക്കറിസ്റ്റുകളുടെ വാദം. ദയാഹർജികൾ സമർപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന സാമാന്യവാദത്തിലൂടെ സവർക്കർ ചെയ്ത മാപ്പപേക്ഷയെ സാധൂകരിക്കാനുള്ള ശ്രമം പൊളിച്ചടുക്കുന്നതിനു വേണ്ടി സവർക്കറുടെ ദയാഹർജികളുടെ പൂർണരൂപം തന്നെയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സമർപ്പിക്കപ്പെട്ട മറ്റു വിപ്ലവകാരികളുടെ ദയാഹർജിയിലെയും സവർക്കറിന്റെ ദയാഹർജിയിലെയും ഭാഷയുടെ വ്യത്യാസം മനസ്സിലാക്കാനും പുസ്തകം വായിക്കുമ്പോൾ ഏതൊരാൾക്കും കഴിയും. കീഴടങ്ങലിന്റെയും കീഴ്പ്പെടലിന്റെയും ഭാഷയിൽ സവർക്കർ തന്റെ മോചനത്തിനായുള്ള വ്യവസ്ഥകൾ പൂർണമനസ്സോടെ സ്വീകരിക്കുന്ന കാഴ്ച നമുക്ക് ഇവിടെ കാണാനാവും. 1920കളുടെ തുടക്കത്തിൽ ഹിന്ദു – മുസ്ലിം ഐക്യം തകർക്കാൻ ഭരണാധികാരികൾക്ക് ജയിലിനു പുറത്ത് സവർക്കറുടെ സേവനം ആവശ്യമായി വന്നപ്പോൾ 50 വർഷത്തെ ഇരട്ട ജയിൽ ശിക്ഷയാണ് അനുഭവിക്കേണ്ടിയിരുന്നത് എങ്കിലും സവർക്കറെ മോചിപ്പിക്കാൻ ബ്രിട്ടീഷ് ഭരണകൂടം തയ്യാറാകുന്നതിന്റെ രാഷ്ട്രീയകാരണത്തെക്കുറിച്ചും ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് വ്യക്തത വരും. കൊളോണിയൽ ഭരണത്തിന്റെ പ്രിയപ്പെട്ട ദാസനും, വിശ്വസ്തനായ സേവകനുമായി വി.ഡി.സവർക്കർക്ക് (കുറ്റവാളി നമ്പർ 33778) പരിണാമം സംഭവിക്കുന്നത് എങ്ങനെയാണെന്നറിയുമ്പോഴാണ് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് തുടക്കമാവുന്നത് എങ്ങനെയാണെന്ന് നമുക്ക് കൃത്യമായി മനസ്സിലാവുക.

ഗാന്ധിവധത്തിൽ സവർക്കറെ കുറ്റവിമുക്തനാക്കിയെങ്കിലും അപകീർത്തിപ്പെടുത്തൽ ഇപ്പോഴും തുടരുന്നു എന്ന സംഘികളുടെ മുതലക്കണ്ണീരാണ് പുസ്തകം തുറന്നുകാട്ടുന്ന മറ്റൊരു മിത്ത്. ഗാന്ധിവധത്തിൽ സവർക്കർക്കുള്ള ബന്ധം സംബന്ധിച്ച് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നത് ശരിയാണ്. എന്നാൽ ഇന്നും ഈ കേസിന്റെ പല സങ്കീർണമായ വശങ്ങളും വിശദീകരിക്കപ്പെടേണ്ടതായിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയിൽ നിന്ന് കുറ്റവിമുക്തമാക്കപ്പെട്ടു എന്ന കാരണത്താൽ മാത്രം വിഡി സവർക്കറെ ആരോപണ വിമുക്തമാക്കാൻ ശ്രമിക്കുന്നവർ നിയമപരവും, രാഷ്ട്രീയവുമായ ഉത്തരവാദിത്വം തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈ കേസിലെ മാപ്പുസാക്ഷി നൽകിയ തെളിവുകൾ തീർത്തും സവർക്കർക്കെതിരായിരുന്നു. തെളിവുകളൊന്നും ഇല്ലാഞ്ഞതുകൊണ്ടല്ല, മാപ്പുസാക്ഷിയുടെ സാക്ഷ്യത്തിന് സ്ഥിരീകരണം ആവശ്യമായതിനാലാണ് സവർക്കറെ വിട്ടയച്ചത്. ഗോഡ്സെയും, സവർക്കറും തമ്മിലുള്ള ബന്ധത്തെ തുറന്നുകാണിക്കുന്നതിനും സവർക്കറെ കുറ്റവിമുക്തനാക്കിയ വിചാരണ വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തുന്നതിനും പുസ്തകത്തിന് കഴിയുന്നുണ്ട്. ഗാന്ധിയെ കൊന്നത് ഒരു ആർഎസ്എസുകാരൻ ആണെന്ന് പറയുമ്പോൾ വിറളികൊള്ളുന്ന ബിജെപിക്കാരെ നമുക്കിന്നു കാണാനാവും. ഇക്കാര്യം പറഞ്ഞതിന് മാപ്പ് പറയിക്കുകയും, കോടതി കയറ്റുകയും ചെയ്യുന്ന സംഭവങ്ങൾ ഇക്കാലത്ത് ഉണ്ടായി. ഗോഡ്സെയും സവർക്കറും തമ്മിലുള്ള ബന്ധവും ഇവർക്കുള്ള ആർഎസ്എസ് ബന്ധവും വിശദീകരിക്കുന്ന പുസ്തകത്തിലെ ഭാഗം യഥാർത്ഥത്തിൽ ഇക്കാലത്ത് കൂടുതൽ ആഴത്തിൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഹിന്ദുത്വവാദികളുടെ ആക്രോശങ്ങൾക്ക് മുന്നിൽ കീഴടങ്ങാതെ മറുപടി പറയാനും, ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരൻ തന്നെയാണെന്ന് ഉറക്കെ പറയാനും നമുക്ക് കരുത്തും അറിവും പകർന്നു നൽകുന്നതാണ്.

ഹിന്ദുമതവും, ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കിയല്ലാതെ ഹിന്ദുരാഷ്ട്രവാദത്തെ മറികടക്കാൻ നമുക്കാവില്ല. സവർക്കറുടെ ഹിന്ദുത്വ, ഇന്ത്യൻ രാഷ്ട്രത്തിന്റെ ശാസ്ത്രീയ അടിത്തറയാണെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. വർഗീയതയും ജാതീയതയും ലോക ആധിപത്യവും അടിസ്ഥാന തത്വങ്ങളാക്കിയ ഹിന്ദുത്വയുടെ സവർക്കറാൽ നിർമ്മിക്കപ്പെട്ട ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നത് മതനിരപേക്ഷ രാഷ്ട്രീയ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള അറിവ് നിർമ്മിക്കാനുള്ള വഴി കൂടിയാണ്. ജാതീയതയുടെ മഹാനായ സംരക്ഷകനും, വംശീയതയുടെ ആരാധകനുമായ സവർക്കർ ഹിറ്റ്ലറെയും മുസോളിനിയേയും പിന്തുടർന്ന് രൂപപ്പെടുത്തിയ ഹിന്ദുത്വവാദത്തിന് ലോകം ഭരിക്കാനുള്ള കൊതിയാണുള്ളത്. ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമായാൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായിരിക്കുമെന്നും, ജനാധിപത്യവുമായി യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ലെന്നും, അതിനാൽ എന്തു വിലകൊടുത്തും അതിനെ തടയണമെന്നുമുള്ള അംബേദ്കറുടെ വാക്കുകൾ ഓർമ്മപ്പെടുത്തിയാണ് പുസ്തകം അവസാനിക്കുന്നത്. ഈ ഓർമ്മപ്പെടുത്തൽ ഹിന്ദുത്വ രാഷ്ട്രീയം സവർക്കർ ആഗ്രഹിച്ചതു പോലെ ശക്തിപ്രാപിക്കുകയും അധികാരം കൈവരിക്കുകയും ചെയ്ത കാലത്ത് നമ്മെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതാണ്. സവർക്കറെക്കുറിച്ചു രൂപപ്പെടുത്തിയ മിത്തുകൾ ചരിത്ര വസ്തുതകളായി നിർമ്മിച്ചെടുക്കാനും, പഠിപ്പിക്കാനുമാണ് സംഘപരിവാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികളുടെ നിരയിലേക്ക് സവർക്കറെ ഉയർത്താനും, മഹത്വവൽക്കരിച്ചുകൊണ്ട് പുതിയ തലമുറയെ പഠിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ യാഥാർത്ഥ്യം തിരിച്ചറിയാനും, കള്ളപ്രചാരവേലയെ പ്രതിരോധിക്കാനും ഈ പുസ്തകം നമുക്ക് ഒരു പാഠപുസ്തകം പോലെ ഉപകരിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പോരാട്ടത്തിന് ആശയവ്യക്തത നൽകുന്നതിന് സവർക്കർ ആരായിരുന്നുവെന്ന യഥാർത്ഥ വസ്തുതകളെക്കുറിച്ച് നമുക്ക് വ്യക്തത ഉണ്ടാകേണ്ടതുണ്ട്. അതിനായുള്ള അന്വേഷണത്തിനും പഠനത്തിനും ഒ.അരുണിമയും, ആരഭി എംഎസും ചേർന്നു പരിഭാഷപ്പെടുത്തി ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ‘ആരായിരുന്നു സവർക്കർ’ എന്ന പുസ്തകം നന്നായി സഹായിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + nine =

Most Popular