അമ്മിണിയമ്മ ഇപ്പോഴും ജീവിക്കുകയാണ്. ഒട്ടേറെ സ്വപ്നങ്ങളും സമൂഹത്തോട് പ്രതിബദ്ധതയുമായി, നിറഞ്ഞു ജീവിച്ച് തന്നോട് ഒരു വാക്കുപോലും പറയാതെ, യാത്ര ചോദിക്കാതെ തനിക്കുമുമ്പേ ജീവിതത്തോട് വിടപറയേണ്ടിവന്ന മകന്റെ ഓർമകളിൽ ആ അമ്മ ഇന്നും നിറകണ്ണുകളുമായി ജീവിക്കുന്നു. ഇന്നും ആ കെട്ടകാലത്തിന്റെ ഇരുണ്ട സമൂഹത്തോട്, വിതുമ്പുന്ന കണ്ണുകളോടെ ആ അമ്മ ചോദിക്കുന്നൊരു ചോദ്യമുണ്ട്. “തെരുവിൽ കൊന്നുതള്ളാൻ മാത്രം എന്തപരാധമാണ് അവൻ ചെയ്തത്’’?
കാലങ്ങളായി സമൂഹമനഃസാക്ഷിയുടെമുന്നിൽ ഉയർന്നുനിൽക്കുന്ന ചോദ്യശരമാണിത്. ആർ കെ കൊച്ചനിയൻ എന്ന അമ്മിണിയമ്മയുടെ മകൻ കോൺഗ്രസ് കാപാലികരുടെ കൊലക്കത്തിക്കി രയാകുമ്പോൾ 20 വയസ്സാണ് പ്രായം. 1992 ഫെബ്രുവരി 29ന് സർവകലാശാല ഇന്റർസോൺ കലോത്സവവേദിയിലാണ് കൊച്ചനിയൻ കൊല്ലപ്പെടുന്നത്. കലോത്സവവേദിയായിരുന്ന കുട്ടനെല്ലൂർ ഗവൺമെന്റ് ആർട്സ് കോളേജിലെ ബിരുദവിദ്യാർഥിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കൊച്ചനിയൻ എസ് എഫ്ഐയുടെ ഒല്ലൂർ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. കലോത്സവത്തിൽ തങ്ങൾക്കുകൂടി അർഹതപ്പെട്ട സംഘാടകസമിതിയുടെ ബാഡ്ജ് തരാതിരുന്നപ്പോൾ അത് വാങ്ങുവാൻ സംഘാടകസമിതി ഓഫീസിൽ സഖാക്കളോടൊപ്പം പോയതായിരുന്നു കൊച്ചനിയൻ. പക്ഷേ സംഘാടകസമിതിയുടെ നേതൃത്വം വഹിച്ചിരുന്ന കെഎസ്‌യു നരാധമന്മാർ ബാഡ്ജ് കൊടുത്തില്ല എന്ന് മാത്രമല്ല, അസഭ്യഭാഷ്യവും ആയുധവുമായി കലോത്സവവേദിയെ കലാപഭൂമിയാക്കി. ഇരുളിന്റെ മറവിൽ കെഎസ്‌യു ഗുണ്ടകൾ കൊച്ചനിയന്റെ പള്ളയ്ക്ക് കഠാര കുത്തിക്കയറ്റി. കുത്തേറ്റ് നിലത്തുവീണ കൊച്ചനിയൻ രക്തംവാർന്ന് മരിച്ചു. കുടൽമാല രണ്ടായി മുറിക്കുന്നതരത്തിലുള്ള മുറിവായിരുന്നതുകൊണ്ടാവാം ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും, ഒരു സമൂഹത്തിന്റെ മുഴുവൻ സ്പന്ദനമായിരുന്ന ആ ജീവൻ പൊലിഞ്ഞു. ഭരണകൂടത്തിന്റെ കാവലാളുകളായ പൊലീസ് സംഘം നോക്കുകുത്തികളായി നിൽക്കുക മാത്രമാണ് ചെയ്തത്. കൊച്ചനിയനെ കുത്തിക്കൊന്നതിനു ശേഷം കെഎസ്‌യു ഗുണ്ടകൾ രാമനിലയത്തിലേക്കാണ് പോയത്. കെ കരുണാകരൻ ആയിരുന്നു അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. പ്രതികൾ നേരെ രാമനിലയത്തിലേക്ക് പോകുകയും ആ രാത്രി അവിടെ തങ്ങി അടുത്തദിവസംതന്നെ കേസിൽനിന്ന് ഒഴിവാകാനുള്ള ഗൂഢ പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അത് സിപിഐ എം അക്രമരാഷ്ട്രീയം നടത്തുന്നു എന്നാരോപിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെയും ഗവൺമെന്റിന്റെയും ഒത്താശയോടെ ആയിരുന്നുവെന്നുമുള്ളതിന് ഏറ്റവും വലിയ തെളിവായിരുന്നു അത്. സംഘർഷം തടയാനെത്തിയ പൊലീസ് മാനത്തെ നക്ഷത്രവുമെണ്ണി കൊച്ചനിയൻ പിടഞ്ഞുമരിക്കുന്നത് നോക്കിനിൽക്കുകയാണുണ്ടായത്; കലയും സർഗ്ഗാത്മകതയും പൂക്കേണ്ട കലോത്സവവേദി രക്തപങ്കിലമാകുന്നതും കലാപ ഭൂമിയാകുന്നതും തങ്ങളുടെ പ്രിയസഖാവ് പിടഞ്ഞുവീഴുന്നതും കണ്ട് വിദ്യാർഥികൾ അവിടെനിന്നും ഭയന്നോടി. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് കലോത്സവ വേദിയിൽ യൂത്തുകോൺഗ്രസുകാർ കഠാരകളുമായി എത്തിയത്.
സൗമ്യവും ശാന്തവുമായ സ്വഭാവമായിരുന്നു കൊച്ചനിയന്റേത്. ആരോടും നിറഞ്ഞ ചിരിയോടെ ഒരുപാട് വർത്തമാനങ്ങൾ പറയുന്ന പെരുമാറ്റരീതി. ഒരിക്കൽ കണ്ട വ്യക്തി പിന്നീടൊരിക്കലും കൊച്ചനിയനെ മറക്കില്ലായിരുന്നു. എൻസിസി ക്യാമ്പുകളിലും മറ്റും സഖാവിന്റെയൊപ്പം തങ്ങിയ സുഹൃത്തുക്കൾ ഇന്നും പറയുന്നു, ‘‘വല്ലാത്തൊരു ആകർഷണീയതയുണ്ടായിരുന്നു കൊച്ചനിയന്. ക്യാമ്പുകളിൽ മറ്റു കോളേജുകളിലെ വിദ്യാർഥികൾപോലും കൊച്ചനിയനെ അന്വേഷിച്ച് റൂമിലേക്ക് വരുമായിരുന്നു.” പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി മെമ്പർഷിപ്പ്. യുവജന പ്രസ്ഥാനത്തിന്റെ പട്ടാളക്കുന്ന് യൂണിറ്റ് സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. യുവത്വത്തിന്റെ ഊർജസ്വലതയോടെ കെട്ട കാലത്തിന്റെ അനീതികൾക്കെതിരെയുള്ള പ്രതിരോധത്തിൽ വിദ്യാർഥികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുന്നതിലും അണിനിരത്തുന്നതിലും കൊച്ചനിയൻ സദാസജീവമായിരുന്നു. വിലമതിക്കാനാവാത്തതായിരുന്നു ആ ചെറുപ്പക്കാരന്റെ ധീരതയും വ്യത്യസ്തമാർന്ന നേതൃഗുണവും. ആ വിദ്യാർഥിയുടെ സൗമ്യമായ പെരുമാറ്റവും സംഘടനാപാടവവും എല്ലാംതന്നെ കലാലയത്തിലെ വിദ്യാർഥികൾക്കിടയിൽനിന്ന് കെഎസ്‌യുവിന്റെ ഗുണ്ടായിസത്തിന് വെല്ലുവിളിയായിരുന്നു എന്ന തിരിച്ചറിവുകൊണ്ടാണ് “നേരിനു വിലയില്ലാത്ത, കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ കാപാലിക സംഘം’ എന്ന് വിശേഷിപ്പിക്കാവുന്ന കെഎസ്‌യു യൂത്ത് കോൺഗസ് ചട്ടമ്പികൾ ആ ചെറുപ്പക്കാരനെ കൊന്നുതള്ളിയത്.
എന്തിനും ഏതിനും രാഷ്ട്രപിതാവിന്റെ ഫോട്ടോയും മുന്നിൽ വെച്ചുകൊണ്ട് തങ്ങൾ അഹിംസയുടെ വക്താക്കളാണെന്നും അക്രമരാഷ്ട്രീയത്തിനെതിരാണെന്നും ഘോരഘോരം പ്രസംഗിക്കുന്നവരാണ് കോൺഗ്രസുകാർ; എന്നാൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നിന്നുകൊണ്ട് സംഘടനാപരമായും രാഷ്ട്രീയമായും കൊച്ചനിയൻ എന്ന വിദ്യാർഥിയുടെ രാഷ്ട്രീയത്തെ ധാർമികമായി ചെറുക്കുവാനുള്ള നെഞ്ചുറപ്പോ, സഹിഷ്ണുതയോ ഇല്ലാത്തതുകൊണ്ടാണ് അഹിംസാവക്താക്കൾ എന്ന് മേനി നടിക്കുന്നവർ ആയുധധാരികളായി ഇറങ്ങിയത്. അതുകൊണ്ടാണ് കൊച്ചനിയന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. ഇന്ത്യയിലുടനീളം നിറഞ്ഞുനിൽക്കുന്ന വിദ്യാർഥി പ്രസ്ഥാനമാണിന്ന് എസ്എഫ്ഐ. ചുവപ്പ്, കലാലയങ്ങളുടെ നിറമായി മാറിയിരിക്കുന്നു. എന്നാൽ കെഎസ്‌യു എന്ന കോൺഗ്രസിന്റെ വിദ്യാർഥിസംഘടന ആൾബലം അസ്തമിച്ച് കലാലയ രാഷ്ട്രീയരംഗത്തുനിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.
കൊച്ചനിയൻ അടക്കമുള്ള സഖാക്കളെ കൊന്നൊടുക്കുമ്പോൾ ഒരമ്മയുടെ കണ്ണുനീരോ അച്ഛന്റെ താരാട്ടിന്റെ വിങ്ങലോ ഒന്നുംതന്നെ കോൺഗ്രസ് കാപാലികരെ ഒട്ടും പിന്തിരിപ്പിച്ചില്ല. കൊച്ചനിയനെ ക്രൂരമായി ഇരുട്ടിന്റെ മറവിൽ കൊന്നൊടുക്കിയ കാപാലിക സമൂഹത്തോട് ഒന്നേ പറയാനുള്ളൂ “നിങ്ങൾക്കീ പൂക്കളെ നുള്ളിയെടുക്കാനാകും; എന്നാൽ വരുംകാല വസന്തത്തെ തടയാനാകില്ല. ♦