Thursday, November 21, 2024

ad

Homeഅഭിമുഖംസാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും ‐2

സാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും ‐2

പരിഭാഷ: പി എസ്‌ പൂഴനാട്‌

കമ്യൂണിസ്റ്റു വിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ

ഷാവോ ഡിങ്കി: മിഷേൽ ഫുക്കോ, ഴാങ് ലക്കാൻ, പിയറി ബോർദ്യൂ തുടങ്ങിയ ഫ്രഞ്ച് ചിന്തകരുടെ വിമർശനാത്മക സിദ്ധാന്തങ്ങളെ (French Critical Theory) വായിക്കുന്നതിൽ സിഐഎ ഏജന്റുമാർ പുലർത്തിയിരുന്ന സവിശേഷ ശ്രദ്ധയെക്കുറിച്ച് താങ്കൾ ഒരു ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ എന്തായിരുന്നു ഇതിനുള്ള കാരണം? ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തത്തെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഗബ്രിയേൽ റോക്ക്ഹിൽ: കമ്യൂണിസത്തിനെതിരെയുള്ള സാംസ്കാരിക ശീതയുദ്ധത്തിന്റെ അഭേദ്യമായ ഒരു ഭാഗമായിരുന്നു ബൗദ്ധികമായ ലോകയുദ്ധം (intellectual world war). ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം മന്ത്‌ലി റിവ്യൂ പ്രസിനുവേണ്ടി ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്. സാംസ്കാരിക ശീതയുദ്ധത്തിലും ബൗദ്ധിക ലോകയുദ്ധത്തിലും സിഐഎ-ക്ക് അതിനിർണ്ണായകമായ പങ്കാണുണ്ടായിരുന്നത്. അതോടൊപ്പം മുതലാളിത്ത വർഗ്ഗത്തിന്റെ വിവിധ ഫൗണ്ടേഷനുകൾക്കും സർക്കാർ ഏജൻസികൾക്കും ഈ യുദ്ധത്തിൽ വലിയ പങ്കുണ്ടായിരുന്നു. മാർക്സിസത്തെയും യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസത്തെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയും അവമതിക്കുകയും തകർക്കുകയുമായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന മുഖ്യമായ ലക്ഷ്യം.

പാശ്ചാത്യ യൂറോപ്പായിരുന്നു ഈ സാംസ്കാരിക -ബൗദ്ധിക യുദ്ധത്തിന്റെ സവിശേഷമായ പോർക്കളം. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ ഐക്യനാടുകൾ അധീശത്വസാമ്രാജ്യത്വ ശക്തിയായി രൂപംകൊണ്ടിരുന്നു. തങ്ങളുടെ ആഗോളസാമ്രാജ്യത്വ അധീശത്വ അധികാരത്തെ നിലനിർത്തുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുംവേണ്ടി അമേരിക്കൻ ഐക്യനാടുകൾ പാശ്ചാത്യ യൂറോപ്പിലെ മുഖ്യമായ മുൻസാമ്രാജ്യത്വ ശക്തികളെ തങ്ങളുടെ ജൂനിയർ പങ്കാളികളാക്കി മാറ്റിക്കൊണ്ടിരുന്നു. പൗരസ്ത്യമേഖലയിൽ ജപ്പാനായിരുന്നു അവരുടെ ജൂനിയർ പങ്കാളി. എന്നാൽ, പ്രത്യേകിച്ചും ഫ്രാൻസിലും ഇറ്റലിയിലും അമേരിക്കൻ ഐക്യനാടുകൾക്ക് തങ്ങളുടെ ഈ പദ്ധതി വളരെ ശ്രമകരവും കാഠിന്യമുള്ളതുമായിട്ടാണ് അനുഭവപ്പെട്ടത്. കാരണം ഈ രാജ്യങ്ങളിൽ ഏറെ സമ്പുഷ്ടവും ഉശിരുള്ളതുമായ കമ്യൂണിസ്റ്റ് പാർട്ടികൾ നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ബഹുമുഖമായ ഒരു ആക്രമണപദ്ധതിയാണ് അമേരിക്കൻ ഭരണകൂടം ലക്ഷ്യമിട്ടത്. അതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളിലേയ്ക്കും യൂണിയനുകളിലേയ്ക്കും പൗരസമൂഹ പ്രസ്ഥാനങ്ങളിലേയ്ക്കും പ്രധാനപ്പെട്ട മാധ്യമങ്ങളിലേയ്ക്കും വിവരവിനിമയ ഉപാധികളിലേയ്ക്കും അവർ നുഴഞ്ഞുകയറിക്കൊണ്ടിരുന്നു. പിന്നാമ്പുറങ്ങളിൽനിന്ന് ഒളിഞ്ഞുപ്രവർത്തിക്കുന്ന രഹസ്യസേനകൾക്കും അവർ രൂപം നൽകി. ഫാസിസ്റ്റ് സംഘങ്ങളുമായി ഈ രഹസ്യസേനകൾ നിരന്തരം ബന്ധം പുലർത്തിക്കൊണ്ടിരുന്നു. ഏതെങ്കിലും കാരണവശാൽ കമ്യൂണിസ്റ്റുകൾ ഈ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുകയാണെങ്കിൽ ഉടൻതന്നെ അതിനെ അട്ടിമറിക്കാനുള്ള പദ്ധതികൾക്കും അവർ രൂപം നൽകിയിരുന്നു. ഫ്രാൻസിൽ 1968-നുശേഷം രൂപംകൊണ്ട ആഭ്യന്തരസംഘർഷങ്ങളുടെ ഘട്ടത്തിലാകട്ടെ ഈ രഹസ്യസേനകൾ കൃത്യമായി ഇടപെട്ടുകൊണ്ടിരുന്നു. ജനസാമാന്യത്തിനുനേരെ ഭീകരമായ കടന്നാക്രമണങ്ങൾ ഇവർ കെട്ടഴിച്ചിവിടുകയും അതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്യൂണിസ്റ്റുകാരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തു.

ഇതേയവസരത്തിൽതന്നെ ബൗദ്ധികമായ തലത്തിൽ വളരെ കൃത്യമായി ഇടപെടുന്നതിനുള്ള പദ്ധതികൾക്കും അവർ രൂപം നൽകിയിരുന്നു. കമ്യൂണിസ്റ്റുവിരുദ്ധമായ ജ്ഞാനോൽപ്പാദത്തിനാവശ്യമായ ആഗോള ശ്യംഖലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിർമ്മിതിയ്ക്കുവേണ്ട എല്ലാവിധ പിന്തുണയും അമേരിക്കൻ വരേണ്യ അധികാരകേന്ദ്രങ്ങൾ ഉറപ്പുവരുത്തിയിരുന്നു. മാർക്സിസത്തെ അവമതിക്കുകയും അപകീർത്തിപ്പെടുത്തുകയുമായിരുന്നു ഈ ജ്ഞാനോൽപ്പാദനത്തിലൂടെ ലക്ഷ്യമിട്ടത്. അങ്ങനെ ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തെ എതിർക്കുകയും അതിനോട് ശത്രുത പുലർത്തുകയും ചെയ്ത എല്ലാ ബുദ്ധിജീവികൾക്കും പ്രശസ്‌തിയും ഉയർന്നപദവിയും ഉന്നതിയും ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു. അതേസമയത്തുതന്നെ മാർക്സിസ്റ്റുകളായിരുന്ന ഴാങ് പോൾ സാർത്രിനും സിമോൻ ദി ബുവ്വെയ്‌ക്കും എതിരെ കടുത്ത കടന്നാക്രമണങ്ങളും പ്രചാരണങ്ങളും അവർ കെട്ടഴിച്ചുവിടുകയും ചെയ്തു.
ഇത്തരമൊരു കൃത്യമായ ഭൗതികപശ്ചാത്തലത്തിനുളളിൽ വെച്ചാണ് ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തത്തെ മനസ്സിലാക്കേണ്ടത്. അങ്ങനെ മനസ്സിലാക്കുമ്പോൾ, ഏറ്റവും കുറഞ്ഞത് ഭാഗികമായിട്ടെങ്കിലും, ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തമെന്നത് അമേരിക്കൻ സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ (U.S cultural imperialism ) ഒരുൽപ്പന്നമാണെന്ന് ബോധ്യപ്പെടും. ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തത്തിന്റെ ലേബലിൽ അറിയപ്പെടുന്ന ചിന്തകരാണ് മിഷേൽ ഫുക്കോ, ഴാങ് ലക്കാൻ, ഴീൽ ദെല്യൂസ്, ഴാങ് ദെറിദാ തുടങ്ങിയവർ. ഇവരെല്ലാവരും വ്യത്യസ്തനിലകളിൽ ഘടനാവാദപ്രസ്ഥാനവുമായി (Structuralism) ബന്ധപ്പെട്ടു നിന്നവരുമാണ്. ഈ ചിന്തകരെല്ലാവരും സ്വയം അടയാളപ്പെടുത്തപ്പെടുന്നതും നിർവചിക്കപ്പെടുന്നതും ഇവരുടെ മുൻതലമുറയിലെ ഏറ്റവും ഉയർന്ന ചിന്തകനായ ഴാങ് പോൾ സാർത്രിനെതിരെയുള്ള കടുത്ത വിമർശനങ്ങളുടെ പേരിലാണ് എന്ന കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. 1940കളുടെ പകുതി മുതലിങ്ങോട്ടുള്ള ഴാങ് പോൾ സാർത്രിന്റെ മാർക്സിസ്റ്റ് വിശകലനപാരമ്പര്യത്തെ നിരസിച്ചുകൊണ്ടാണ് ഈ ചിന്തകരെല്ലാം മുന്നോട്ടുവരുന്നത്. അതിനെതുടർന്ന് ഹെഗിലിയൻ വിരുദ്ധത ഒരു മുഖ്യ പ്രവണതയും രീതിയുമായി മാറിത്തീരുന്നു. യഥാർത്ഥത്തിൽ ഈ ഹെഗലിയൻ വിരുദ്ധതയെന്നത് മാർക്സിസ്റ്റുവിരുദ്ധതയുടെ ഒരു ആചാരവാക്ക് മാത്രമാണ്. സാർത്രിനെ അവസാനത്തെ മാർക്സിസ്റ്റ് എന്നാണ് ഫുക്കോ വിളിച്ചത്. സാർത്രിനെ പത്തൊമ്പതാം നൂറ്റാണ്ടിലെ മനുഷ്യനാണെന്നും അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട മനുഷ്യനാണെന്നും ഫുക്കോ കളിയാക്കുന്നുണ്ട്. അതായത് ഫുക്കോ ഉൾപ്പെടെയുള്ള ചിന്തകരുടെ കാലഘട്ടത്തിന് (അതായത് മാർക്സിസ്റ്റുവിരുദ്ധതയുടെ കാലഘട്ടത്തിന്) യോജിച്ച ഒരാളല്ല എന്ന നിലയിലാണ് അവർ സാർത്രിനെ അടയാളപ്പെടുത്തിയത്.

ഈ ചിന്തകരിൽ പലരും ഫ്രാൻസിനുള്ളിൽ വലിയ അളവിൽ കുപ്രസിദ്ധരായിരുന്നവരാണ്. എന്നാൽ ഇവരും ഇവരുടെ ചിന്താലോകവും അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പ്രമോട്ട് ചെയ്യപ്പെടുകയും അവിടെനിന്നും അന്താരാഷ്ട്രതലത്തിലേയ്ക്ക് ഉയർത്തപ്പെടുകയുമായിരുന്നു. അങ്ങനെയാണ് ഒരു ആഗോള ബൗദ്ധികവൃന്ദത്തിന്റെ അടുത്തേയ്ക്ക് ഇവരുടെ ചിന്താലോകം എത്തിപ്പെടുന്നത്. ഈയടുത്തകാലത്ത് മന്ത്‌ലി റിവ്യൂ മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ, ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തത്തിന്‌ തുടക്കം കുറിച്ചതും അതിന്റെ പിന്നിൽ പ്രവർത്തിച്ചതുമായ രാഷ്ട്രീയ-സാമ്പത്തിക ശക്തികളെക്കുറിച്ചും അതിന്റെ ബലതന്ത്രങ്ങളെക്കുറിച്ചും ഞാൻ വിശദമായി ചർച്ചചെയ്തിട്ടുണ്ട്. 1966-ൽ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു കോൺഫറൻസാണ് ഈ ചിന്തകരിൽ ഭൂരിപക്ഷംപേരെയും ആദ്യമായി ഒരുമിച്ചണിനിരത്തുന്നത്. ഈ കോൺഫറൻസിന്റെ എല്ലാ ചെലവുകളും വഹിച്ചതാകട്ടെ ഫോർഡ് ഫൗണ്ടേഷനായിരുന്നു. സി ഐ എ യുടെയും അതിന്റെ ആദ്യരൂപമായിരുന്ന സിസിഎഫിന്റെയും പ്രധാന ഫണ്ടിംഗ് ഏജൻസിയും ഫോർഡ് ഫൗണ്ടേഷനാണ്. സിഐഎ യുടെ പ്രചാരണസന്നാഹങ്ങളുമായി അടുത്ത ബന്ധമാണ് ഫോർഡ് ഫൗണ്ടേഷനുള്ളതെന്നും ഓർക്കേണ്ടതുണ്ട്. ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നതിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഫോർഡ് ഫൗണ്ടേഷൻ അന്ന്‌ ചെലവാക്കിയത് 36,000- ഡോളറാണ് (ഇന്നത്തെ കണക്കനുസരിച്ച് 3,39,000 ഡോളർ).

ഒരു യൂണിവേഴ്സിറ്റി കോൺഫറൻസിനുവേണ്ടി ആദ്യമായിട്ടായിരിക്കും ഇത്തരമൊരു വമ്പൻ തുക ചെലവാക്കപ്പെടുന്നത്. ഈ കോൺഫറൻസിന്റെ പ്രസ് കവറേജ് നടത്തിയതാകട്ടെ ടൈം,ന്യൂസ് വീക്ക് എന്നീ മാധ്യമങ്ങളായിരുന്നു. ഒരു അക്കാദമിക് കോൺഫറൻസിന് സാധാരണ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്.

മാർക്സിസത്തിന് പകരമെന്നനിലയിൽ പുറമേ റാഡിക്കലായി തോന്നുന്ന പുതിയ പുസ്തകങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും മുതലാളിത്ത ഫൗണ്ടേഷനുകളും സിഐഎയും അവരുടെ സർക്കാർ ഏജൻസികളും വലിയ താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. മാർക്സിസത്തെ അത്ര പെട്ടെന്നൊന്നും സൈദ്ധാന്തികതലത്തിൽ തകർക്കാനാവില്ലെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ മാർക്സിസത്തിന് ബദലെന്നനിലയിൽ പുതിയ രൂപത്തിലുള്ള സൈദ്ധാന്തികോൽപ്പന്നങ്ങളുടെയും സിദ്ധാന്തസ്വരൂപങ്ങളുടെയും പ്രചാരണത്തിനും പ്രശസ്‌തിക്കും സ്ഥാനക്കയറ്റത്തിനുംവേണ്ടി വിപുലമായ ഇടപെടലുകളും ശ്രമങ്ങളുമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരുന്നത്. ഈ സിദ്ധാന്തങ്ങളുടെ ഉള്ളറകളാകട്ടെ ഒരു തരത്തിലുള്ള വിപ്ലവാത്മക പരിപ്രേക്ഷ്യങ്ങളും പേറിയിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ പുതിയ വിമർശനാത്മകതയുടെ വിപ്ലവ സ്വരൂപങ്ങളായിട്ടായിരുന്നു ഈ സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്. മാർക്സിസത്തെ സൈദ്ധാന്തികമായി തകർക്കലായിരുന്നു ഇതിനുപിന്നിലെ ഒരേയൊരു പ്രേരണ. ഈ വിഷയത്തെക്കുറിച്ച് 1985-ൽ സിഐഎ ഒരു ഗവേഷണ പ്രബന്ധം പുറത്തിറക്കിയിട്ടുണ്ട്. ആ പ്രബന്ധത്തെക്കുറിച്ച് ഇന്ന് നമുക്ക് കൃത്യമായി അറിയാം. ഫ്രഞ്ച് ഘടനാവാദത്തിന്റെ സംഭാവനകളെക്കുറിച്ച് ആ പ്രബന്ധം വാതോരാതെയാണ് സംസാരിക്കുന്നത്. ഫ്രഞ്ച് ഘടനാവാദത്തെക്കുറിച്ച് മാത്രമല്ല; നവ തത്ത്വചിന്തകരുടെ സംഭാവനകളെക്കുറിച്ചും ആനൽസ് സ്കൂളിനെക്കുറിച്ചും (the Annales School ) അവർ പുളകിതരാകുന്നുണ്ട്. മിഷേൽ ഫുക്കോയുടെയും ക്ലോഡ് ലെവിസ്ട്രോസിന്റെയും ഘടനാവാദ ചിന്തകളെയും ആനൽസ് സ്കൂളിന്റെ രീതിശാസ്ത്രത്തെയും സവിശേഷമായി പ്രതിപാദിച്ചുകൊണ്ട് പ്രസ്തുത പ്രബന്ധം എത്തിച്ചേരുന്ന നിഗമനം ഇതാണ്: “സാമൂഹ്യശാസ്ത്ര മേഖലകളിലുണ്ടായിരുന്ന മാർക്സിസ്റ്റ് സ്വാധീനത്തെ തകർക്കുന്നതിൽ ഇവരുടെ വിമർശനാത്മക സിദ്ധാന്തങ്ങൾ വഹിച്ച പങ്ക്, ആധുനിക വൈജ്ഞാനികതയ്ക്ക് ലഭിച്ച എക്കാലത്തെയും അത്യഗാധമായ സംഭാവനയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + eighteen =

Most Popular