Wednesday, October 9, 2024

ad

Homeഅഭിമുഖംപലസ്തീൻ: ഭൂതവും 
വർത്തമാനവും

പലസ്തീൻ: ഭൂതവും 
വർത്തമാനവും

ഡോ. എ കെ രാമകൃഷ്‌ണൻ (പ്രൊഫസർ, ജെ,എൻ.യു.)/ഡോ. അമൽ പുല്ലാർക്കാട്ട് (അസിസ്റ്റന്റ് പ്രൊഫസർ എം.ജി. യൂണിവേഴ്സിറ്റി)

സ്രയേൽ ഒരു കുടിയേറ്റ കൊളോണിയൽ ഭരണകൂടം (സെറ്റ്ലർ കൊളോണിയൽ സ്റ്റേറ്റ്) ആണോ അല്ലയോ എന്ന ഒരു സംവാദം പണ്ഡിതർക്കിടയിലുണ്ട്. എന്താണ് ഇതിനെ സംബന്ധിച്ചുള്ള ചരിത്രപരമായ വീക്ഷണം?

ഇസ്രയേൽ ഒരു കുടിയേറ്റ കൊളോണിയൽ ഭരണകൂടം ആണ്. ചരിത്രപരമായി പലസ്‌തീനിൽ ഒരു ചെറിയ ന്യൂനപക്ഷം യഹൂദ ജനവിഭാഗങ്ങൾ അധിവസിച്ചിരുന്നു. എന്നാൽ ആ ഏഷ്യൻ നിവാസികളായ യഹൂദർ സ്ഥാപിച്ച രാഷ്ട്രമല്ല ഇസ്രയേൽ. ഇസ്രയേൽ നിർമ്മിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ യൂറോപ്പിൽ നിന്നും കുടിയേറിയവരുടെ ഒരു രാഷ്ട്രം എന്ന നിലയ്ക്കാണ്. അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ പൊളിറ്റിക്കൽ സയണിസത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലോക സയണിസ്റ്റ് കോൺഗ്രസ് വിളിച്ചുകൂട്ടലും ലോക സയണിസ്റ്റ് ഓർഗനൈസേഷൻ സ്ഥാപിക്കലുമെല്ലാം നടക്കുന്നത് യൂറോപ്പിലാണ്. ഒന്നാം ലോകയുദ്ധത്തിന്റെ കാലയളവായ 1920 വരെ പലസ്‌തീൻ എന്ന പ്രദേശം ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലും തുടർന്ന് ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ കീഴിലും വരികയാണ് ചെയ്യുന്നത്. തുടർന്ന് ഇംഗ്ലീഷ് കൊളോണിയലിസമാണ് പലസ്‌തീനെ സയണിസത്തിന് സമർപ്പിക്കുകയും പുതിയൊരു യഹൂദ രാഷ്ട്രം നിർമ്മിക്കാൻ അനുമതി നൽകുകയും ചെയ്യുന്നത്. ഇസ്രയേൽ പലസ്തീനിലെ യഹൂദ ജീവിത്തിന്റെയോ ചരിത്രത്തിന്റെയോ തുടർച്ച എന്ന നിലയിൽ കാണുവാൻ കഴിയില്ല. മാക്സിം റോഡിൻസൺ എന്ന ഫ്രഞ്ചുകാരനായ യഹൂദ മാർക്സിസ്റ്റ് ചിന്തകൻ 1967 ലെ യുദ്ധത്തിന് ശേഷം എഴുതിയ പുസ്‌തകത്തിന്റെ പേര് “ഇസ്രയേൽ എ സെറ്റ്ലർ കൊളോണിയൽ സ്റ്റേറ്റ്” എന്നാണ്. മാക്സിം റോഡിൻസണിന്റെ മാതാപിതാക്കൾ ഹോളോകോസ്റ്റിന് വിധേയരായി കൊലചെയ്യപ്പെട്ടവരാണ്. പലസ്‌തീൻ ഭൂമികയായ ഈസ്റ്റ് ജറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവയെല്ലാം 1948 മുതൽ 1967 വരെയുള്ള കാലത്ത് ഇസ്രയേൽ പിടിച്ചെടുക്കുന്നതാണ്. ഈ സമയത്താണ് സമീപരാജ്യങ്ങളായ ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള ആ ജനതയുടെ പലായനവും സ്വന്തം നാട്ടിലെ തന്നെ വെസ്റ്റ് ബാങ്കിലും ഗാസയിലും അഭയാർഥികളായി ജീവിക്കുന്ന സ്ഥിതിയും ഉണ്ടാകുന്നത്. ഇങ്ങനെ ചരിത്രപരമായി ഉണ്ടായിരുന്ന പലസ്‌തീൻ 1967 ലെ യുദ്ധത്തോടെ പൂർണമായും ഇസ്രയേലിന്റെ കൈകളിലാവുകയും ചെയ്‌തു. ഇതോടെ ഗാസയിലേക്കും പ്രത്യേകിച്ച് വെസ്റ്റ് ബാങ്കിലേക്ക് വൻതോതിലുള്ള യഹൂദ കുടിയേറ്റങ്ങളുണ്ടാകുകയും ചെയ്‌തു.

കുടിയേറ്റ കൊളോണിയൽ ഭരണകൂടത്തിന്റെ ശക്തമായ ആവർത്തനവും വികാസവുമാണ് 1967 മുതൽ വീണ്ടും കാണുന്നത്. ചരിത്രപരമായ പലസ്തീനിന്റെ എല്ലാഭാഗങ്ങളിലേക്കും യഹൂദ കുടിയേറ്റങ്ങളുണ്ടായി. അമേരിക്ക എന്ന ആധുനിക രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് അവിടുത്തെ തദ്ദേശീയ ജനതയെ ഇല്ലായ്മ ചെയ്തുകൊണ്ടാണ്. അത്തരത്തിലുള്ള ഒരു കുടിയേറ്റ കൊളോണിയൽ ഭരണകൂടത്തിന്റെ എല്ലാ സവിശേഷതകളും ഇവിടെ കാണാവുന്നതാണ്. ഇതുതന്നെയാണ് കാനഡയിലും ആസ്‌ത്രേലിയയിലും, ന്യൂസിലാൻഡിലും ഒക്കെ നടന്നിട്ടുള്ളത്. തദ്ദേശീയ ജനതയെ ഇല്ലാതാക്കുകയോ അങ്ങേയറ്റം ഒതുക്കുകയോ ചെയ്യുന്ന രീതിയാണ് ഇവിടെ സംഭവിക്കുന്നത്. പുതിയതായി വന്ന ഒരു വ്യവസ്ഥ അവിടുത്തെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയായി മാറുന്ന സവിശേഷതയുമുണ്ട്.

ഇസ്രയേലിന് ശക്തമായ ഒരു അന്തർദേശീയ പിന്തുണ ലഭിക്കുന്നുണ്ട്. എന്തായിരിക്കാം അതിനുള്ള കാരണങ്ങൾ?

ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ യഹൂദർ അനുഭവിച്ചിട്ടുള്ള വലിയ കെടുതികളുണ്ട്. നാസി ആക്രമണങ്ങൾ, ഹോളോകോസ്റ്റ് തുടങ്ങിയ മനുഷ്യചരിത്രത്തിലെ ഏറ്റവും നീചവും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് നടന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ യഹൂദരുടെ നിലനിൽപ്പിന്റെ പ്രശ്നം യഥാർത്ഥത്തിൽ ഒരു യൂറോപ്യൻ പ്രശ്‌നമായിരുന്നു. ഈ സമയത്ത് മനുഷ്യരാശിയുടെ സഹതാപം അവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം സംബന്ധിച്ചുള്ള ശ്രമങ്ങൾ ഹോളോകോസ്റ്റിനും മുൻപ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം തന്നെ തുടങ്ങിയിട്ടുണ്ട്. അതായത് 1897 ൽ ആണ് വേൾഡ് സയണിസ്റ്റ് കോൺഗ്രസ് യൂറോപ്പിൽ വിളിച്ചുകൂട്ടുന്നത്. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷനും രൂപീകരിക്കുന്നുണ്ട്. ബാൽഫർ ഡിക്ലറേഷന്റെ ഭാഗമായി ബ്രിട്ടീഷ് ഗവണ്മെന്റ് പുതിയൊരു യഹൂദ രാഷ്ട്രനിർമാണത്തിനുള്ള പിന്തുണ ആവശ്യപ്പെടുന്നത് 1917 ൽ ആണ്. ഈ ബ്രിട്ടീഷ് അനുശാസനം പലസ്‌തീനെ തിരഞ്ഞെടുക്കുന്നതും അവിടെ യഹൂദ രാഷ്ട്രം നിർമ്മിക്കാനുള്ള പിന്തുണ നൽകുന്നതുമെല്ലാം ഹോളോകോസ്റ്റിനും മുൻപാണ്. പലപ്പോഴും യൂറോപ്യൻ യഹൂദരുടെ ഭാവിയെക്കുറിച്ചുള്ള ആഗോളതലത്തിലുള്ള ആശങ്കകളും ഇസ്രയേൽ രാഷ്ട്രസ്ഥാപനവും കൂടിക്കുഴഞ്ഞു മനസ്സിലാക്കുന്ന ഒരു രീതി ഉണ്ടായി. യൂറോപ്യൻ കൊളോണിയലിസത്തിന്റെയും അമേരിക്കൻ ഇമ്പീരിയലിസത്തിന്റെയും ഒക്കെ വളർച്ച ഈ പുതിയ യഹൂദ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് സഹായകമായി വന്നു. അത് യൂറോപ്യൻ രീതിയിലുള്ള ഒരു ദേശരാഷ്ട്രം ഒരു ഏഷ്യൻ സമൂഹത്തിൽ സ്ഥാപിക്കുന്നതിന് കാരണമായി. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ യഹൂദ പ്രശ്‌നത്തെക്കുറിച്ച് കാറൽ മാർക്സ് അടക്കമുള്ള പ്രമുഖരായ പല ചിന്തകരും എഴുതിയിട്ടുണ്ട്. ആ ജൂയിഷ് ക്വസ്‌റ്റിൻ പിന്നീട് യഥാർത്ഥത്തിൽ ഒരു പലസ്‌തീൻ ക്വസ്‌റ്റിൻ ആയി മാറ്റപ്പെടുകയാണ് ചെയ്‌തത്‌. അവി ഷലൈം മുതലായ അറബ് യഹൂദ പണ്ഡിതർ പറയുന്നത് അവരുടെ ചരിത്രവും യൂറോപ്യൻ യഹൂദ ചരിത്രവും തമ്മിൽ വളരെ അന്തരം ഉണ്ടെന്നാണ്. ഇസ്രയേലിന്റെ സ്വഭാവത്തെ നിർണയിക്കുന്നത് യൂറോപ്യൻ യഹൂദ രീതികളാണ്. ആയിരത്താണ്ടുകൾ ഒരുമിച്ചു ജീവിച്ച ചരിത്രമാണ് ഏഷ്യൻ യഹൂദർക്കുള്ളത്. ആ ഒരു ചരിത്രമല്ല യൂറോപ്യൻ യഹൂദർക്കുള്ളത്. വ്യത്യസ്‌ത യഹൂദ വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങൾ സ്വാംശീകരിക്കുന്ന ഒരു സംവിധാനമായല്ല ഇസ്രയേൽ രൂപീകരിക്കപ്പെടുന്നത്. യൂറോപ്യൻ യഹൂദരുടെ ആധിപത്യമാണ് ഇപ്പോൾ അവിടെയുള്ളത്. ഡോ. ശ്രീകല ശിവശങ്കരനെ പോലുള്ളവർ ഇന്ത്യയിലെ യഹൂദരെക്കുറിച്ചു പഠിക്കാൻ ഇസ്രയേലിൽ പോയപ്പോൾ നമ്മുടെ കൊച്ചിയിൽ നിന്നും മറ്റും പോയ യഹൂദരെ സന്ദർശിക്കുകയുണ്ടായി. അവരടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ യഹൂദരോട് അങ്ങേയറ്റം വംശീയമായ പെരുമാറ്റമായിരുന്നു യൂറോപ്യൻ യഹൂദരുടെ ഭാഗത്തുനിന്നുണ്ടായത്. അവരെ മരുഭൂമിയുടെ അറ്റത്തും മറ്റുമുള്ള സ്ഥലങ്ങളിലൊക്കെ കൊണ്ടുപോയി താമസിപ്പിച്ചു. പലരും പലസ്‌തീൻ ഗ്രാമങ്ങളോട് ചേർന്നാണ് താമസിച്ചത്. അപ്പോൾ അവർക്ക് തങ്ങളുടെ ജീവിതവുമായി കൂടുതൽ സാമ്യം അനുഭവപ്പെട്ടത് യൂറോപ്യൻ യഹൂദരോടല്ല മറിച്ച് ആ പലസ്‌തീൻ ഗ്രാമവാസികളോടാണ്. ആദ്യകാലങ്ങളിൽ യൂറോപ്യൻ ഇതര പ്രദേശങ്ങളിൽ നിന്ന് കുടിയേറ്റം നടത്തിയ യഹൂദർക്ക് ഈ പ്രശ്‌നം ഗുരുതരമായി അനുഭവപ്പെട്ടിരുന്നു. പിന്നീട് വന്ന പട്ടാള പരിശീലനങ്ങളും ഇസ്രയേൽ കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായങ്ങളും നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ഇന്നത്തെ രീതിയിലുള്ള ഒരു ഇസ്രയേൽവൽക്കരണം പുതിയ തലമുറയ്ക്കമേൽ സാധ്യമാക്കിയെടുക്കാൻ പരിശ്രമിച്ചത്. അതും ഒരു യൂറോപ്യൻ ഭാവനയിലുള്ള പ്രജകളായിട്ടാണ് ആ ജനതയെ രൂപകൽപ്പന ചെയ്‌തത്‌. ഇരുപത് ശതമാനത്തോളം പലസ്‌തീൻ ജനങ്ങൾ ഇന്ന് ഇസ്രയേൽ പൗരരാണ്. അവർക്കുള്ളത് രണ്ടാംകിട ജീവിതമാണ്. ഇസ്രയേലിന്റെ അടിസ്ഥാന നിയമസംഹിതകൾ നെതന്യാഹു അധികാരത്തിൽ വന്നപ്പോൾ മാറ്റുകയുണ്ടായി. ഇസ്രയേൽ ഒരു യഹൂദ രാഷ്ട്രം തന്നെയായി കൃത്യമായി നിർവചിക്കപ്പെട്ടു. അപ്പോൾ ഭരണഘടനാപരമായി തന്നെ പലരും രണ്ടാംകിട പൗരരായി മാറി. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന ഇസ്രയേൽ രാഷ്രത്തിന്റെ സ്ഥിതി.

ഇസ്രയേലിന് ഏറ്റവുമധികം സഹായം നൽകുന്ന ഒരു രാഷ്ട്രം അമേരിക്കയാണ്. അവരുടെ സൈനികവും സാമ്പത്തികവും നയതന്ത്രപരവുമെല്ലാമായ ശക്തമായ പിന്തുണ ഇസ്രയേലിനുണ്ട്. പരിണതപ്രജ്ഞമായ പലസ്‌തീൻ എന്ന രാജ്യം യു എൻ അംഗമായി മാറുന്നതിനെ വരെ ലോകത്തിലെ ഏറ്റവും കരുത്തൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രാഷ്ട്രം എതിർക്കുന്നു. എന്തായിരിക്കാം ഇതിലെ സ്ഥാപിത താൽപര്യങ്ങൾ?

ഇസ്രയേൽ എന്ന രാഷ്ട്രം 1948 ൽ സ്ഥാപിക്കപ്പെട്ടപ്പോൾ ആദ്യമായി അതിനെ അംഗീകരിച്ച രാഷ്ട്രം അമേരിക്കയാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ നയതന്ത്രത്തിന്റെ ഒരു കിങ്‌പിൻ ആയി പ്രവർത്തിക്കുന്നത് ഇസ്രയേലാണ്. അമേരിക്കയുടെ ഈ മേഖലയിലെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അത് വളരെ പ്രധാനപ്പെട്ടതാണ്. അറബ് രാജ്യങ്ങളിൽ ഇസ്രയേലിന് വലിയ സ്വാധീനം ഇല്ലാത്തതിനാൽ അവരുടെ ഇടയിൽ നിന്ന് സൗദി അറേബ്യ ആ സ്ഥാനം ഏറ്റെടുത്തു. ഷായുടെ ഇറാൻ ആ വിധത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതലാളിത്ത രാഷ്ട്രങ്ങൾ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നേരിടാനായി അവരുടെ തെക്കൻ അതിർത്തിയിലുള്ള രാജ്യങ്ങളായ പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, തുർക്കി എന്നിവരെ ചേർത്ത് നിർമ്മിക്കാൻ ശ്രമിച്ച ‘മിഡിൽ ഈസ്റ്റ് ഡിഫെൻസ് ഓർഗനൈസേഷൻ’ പ്രസക്തമാണ്. ഇസ്രയേൽ അതിൽ നേരിട്ട് അംഗമായിരുന്നില്ല. എന്നാൽ അനൗദ്യോഗികമായി ഈ മേഖലയിലെ ഒരു നിർണായക സ്ഥാനം അവർക്ക് കൽപ്പിച്ചു നൽകിയിരുന്നു. അങ്ങനെ അമേരിക്കൻ ശീതയുദ്ധനയത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഇസ്രയേലിന് വഹിക്കാനുണ്ടായിരുന്നത്. ലോകത്തിൽ ഏറ്റവുമധികം അമേരിക്കൻ സൈനിക സഹായം കിട്ടുന്നത് ഇസ്രയേലിനാണ്. നേരത്തെ ഐപാക് (AIPAC) പോലുള്ള ഇസ്രയേലി ലോബികൾ അമേരിക്കയിൽ വളരെ ശക്തമായിരുന്നു. ഇപ്പോഴും അവരുണ്ടെങ്കിലും മുൻപുണ്ടായിരുന്നത്ര കരുത്തില്ല. ഇന്ന് ചെറുപ്പക്കാരായ യഹൂദർ പഴയ രീതിയിലല്ല പലസ്‌തീൻ പ്രശ്നത്തെയും ഇസ്രയേലിന്റെ നയങ്ങളെയും നോക്കിക്കാണുന്നത്. അമേരിക്കയിൽ വലിയ മാറ്റം ആവിധത്തിലുണ്ട്. ഇന്ന് നമ്മൾ അവിടെനിന്നുള്ള വലിയ വിദ്യാർത്ഥി സമരങ്ങളെല്ലാം ചർച്ച ചെയ്യുന്നു. ഈ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളിലെല്ലാം യഹൂദരായിട്ടുള്ള ചെറുപ്പക്കാരുടെ വലിയ പങ്കാളിത്തമുണ്ട്. അവർ ചരിത്രത്തെ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുന്നു. അമേരിക്കയിൽ യഹൂദർ കൂടുതലും ഡെമോക്രാറ്റിക്‌ പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത്. എന്നാൽ ഐപാക് തുടങ്ങിയ യഹൂദ ലോബികൾ ഇതേസമയം അമേരിക്കൻ ഇലക്ഷനിലും മറ്റും പാർട്ടികളെയും സ്ഥാനാർഥികളെയും വലിയരീതിയിൽ സാമ്പത്തികമായും മറ്റും സഹായിക്കുന്നു. തന്മൂലം ആര് അധികാരത്തിൽ വന്നാലും അവർ ഇസ്രയേലിനൊപ്പം നിൽക്കാൻ നിർബന്ധിക്കപ്പെടുന്നു. എന്നിരുന്നാലും പുതിയ തലമുറയിൽ ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന പുരോഗമനപരമായ മാറ്റം ഉണ്ടെന്നത് സുവ്യക്തമാണ്.

അറബ് രാഷ്ട്രങ്ങളിൽ പലരും പലസ്‌തീൻ വിഷയത്തിൽ അവസരവാദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവർ പലപ്പോഴും അമേരിക്കയ്ക്കും ഇസ്രയേലിനുമെല്ലാം ഒപ്പമാണ് നിലകൊണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

അറബ് ഏകാധിപത്യ ഭരണകൂടങ്ങൾ അതായത് സൗദി അറേബ്യ, ഗൾഫ് രാജവാഴ്ച ഭരണകൂടങ്ങൾ, ജോർദാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ അധികാര കേന്ദ്രീകൃതമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഒരുകാലത്ത് 1950-–60 കാലത്ത് അറബ് സോഷ്യലിസത്തിന്റെയും അറബ് നാഷണലിസത്തിന്റെയും മുന്നേറ്റം പ്രകടമായുണ്ടായിരുന്നു. നാസർ, ഹഫീസ് അൽ അസദ് തുടങ്ങിയ നേതാക്കളെല്ലാം ഉണ്ടായിരുന്ന കാലത്ത് പലസ്‌തീൻ അനുകൂലമായ നിലപാടുകൾ ഭരണകൂടങ്ങളാൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ന് അധികാര കേന്ദ്രീകൃതമായ ഭരണകൂടങ്ങൾ അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും അറേബ്യൻ രാജ്യങ്ങളിലെയും പേർഷ്യൻ രാജ്യങ്ങളിലെയും ജനങ്ങളുടെ പിന്തുണ പലസ്‌തീനൊപ്പമാണ്. അറബ് രാജാധികാര ഭരണകൂടങ്ങൾക്ക് പലസ്‌തീനിലെ പിഎൽഒയുടെ സ്ഥാപകനായ യാസർ അറാഫത്തിന്റെയും മറ്റും ആക്രമണോൽസുകമായ ആശയങ്ങളോട് എതിർപ്പായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തൽസ്ഥിതി തുടരുകയും അവരുടെ ഭരണകൂടങ്ങളെ സംരക്ഷിച്ചു നിറുത്തുകയും ചെയ്യുന്നതിനപ്പുറം മറ്റു നിലപാടുകളൊന്നുമുണ്ടായിരുന്നില്ല. തത്സമയം പലസ്‌തീൻ സമരം രാജഭരണങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് കൊണ്ടുനടന്നിരുന്നതും. ഇവിടെയുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ യൂറോപ്യൻ സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ആശയങ്ങളും അതേസമയം തന്നെ ശക്തമായ സമരപ്രക്ഷോഭങ്ങളുമെല്ലാം പലസ്‌തീൻ വിമോചനസമരം മുന്നോട്ടുവച്ചു. യഥാർത്ഥത്തിൽ പലസ്‌തീൻ സമരചരിത്രത്തോട് ഒരിക്കലും നീതിപുലർത്തുന്നതായിരുന്നില്ല അറേബ്യൻ രാജാധിപത്യ നിലപാടുകൾ. എന്നാൽ ജനങ്ങൾ വലിയരീതിയിൽ പലസ്‌തീൻ അനുകൂലികളായതിനാൽ ഭരണകൂടങ്ങൾക്ക് പുറമേക്ക് സഹതാപം കാണിക്കേണ്ടിവരികയും ചെയ്യുന്നു. അവർ പലസ്‌തീന്‌ സാമ്പത്തിക സഹായം നൽകാറുണ്ട് അന്തർദേശീയ വേദികളിൽ ചില അനുകൂല നിലപാടുകൾ സ്വീകരിക്കാറുമുണ്ട് എന്നാൽ ആന്തരികമായി പലസ്‌തീൻ പ്രശ്നം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം അപൂർവം ചില സന്ദർഭങ്ങളിലൊഴിച്ച് പൊതുവിൽ ഉണ്ടാകാറില്ല. അറബ് ലോകത്ത് ഇക്കാര്യത്തിൽ ജനങ്ങളും ഭരണകൂടങ്ങളും തമ്മിലുള്ള ഭിന്നത പ്രകടമാണ്. എബ്രഹാം അക്കോർഡ്‌സിന്റെയും മറ്റും പേരിൽ ഈജിപ്റ്റും ജോർദാനുമെല്ലാം ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദി അറേബ്യ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുമ്പോഴാണ് ഒക്ടോബർ ഏഴ് സംഭവം അരങ്ങേറി അത് പ്രത്യക്ഷത്തിൽ നടക്കാതെ പോകുന്നത്. ഇസ്രയേൽ വിരുദ്ധമായ നിലപാടുകളൊന്നുമല്ല അറബ് ഭരണകൂടങ്ങൾ പൊതുവിൽ എടുക്കുന്നത്. എന്നാൽ പേർഷ്യൻ രാജ്യമായ ഇറാന്റെ നിലപാട് അല്പം വ്യത്യസ്തമായ ഒന്നാണ്. അറബ് രാജ്യങ്ങൾ പലസ്‌തീൻ പ്രശ്‌നത്തെത്തന്നെ വഞ്ചിക്കുന്നതായി പലപ്പോഴും പലസ്‌തീന്‌ അനുഭവപ്പെട്ടിട്ടുണ്ട്. അത് അവർ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇതിൽ അറബ് രാജ്യങ്ങൾക്കുമേലുള്ള അമേരിക്കൻ സമ്മർദവും ഒരു പ്രധാനപ്പെട്ട ഘടകമാണ്.

ഇന്ത്യ ചരിത്രപരമായി പലസ്‌തീൻ പ്രശ്‌നത്തോടും ഇസ്രയേലിനോടും സ്വീകരിച്ചുകൊണ്ടിരുന്ന നിലപാടല്ല ഇപ്പോൾ സ്വീകരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ഹിന്ദുത്വ ദേശീയ ഭരണകൂടം മുസ്ലിം ജനത എന്ന കാരണത്തിന്റെ അടിസ്ഥാനത്തിൽ പലസ്‌തീൻ പ്രശ്‌നത്തെ തള്ളിപ്പറയുകയും സ്വാർത്ഥലാഭങ്ങൾക്കായി ഇസ്രയേലിനൊപ്പം അണിചേരുകയും ചെയ്യുന്ന പ്രതിഭാസത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യൻ ഭരണകൂടത്തിന്റെ ഈ മാറ്റം 2014 മുതൽ വളരെ പ്രകടമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്ര വ്യാഖ്യാനത്തിന് എപ്പോഴും ഒരു സയണിസ്റ്റ് ആഭിമുഖ്യമുണ്ടായിരുന്നു. അത് ഒരേസമയം നാസി അനുകൂലവും സയണിസ്റ്റ് അനുകൂലവും ആണെന്ന വൈരുദ്ധ്യം കൂടിയുണ്ട്. ജനസംഘത്തിന്റെ കാലം മുതൽ ഇത് വ്യക്തമായും ഇങ്ങനെ തന്നെയാണ്. അതിനെ ശക്തമായ ഒരു ഇസ്രയേൽ അനുകൂല മാറ്റം മാത്രമായി കൊണ്ടുനടക്കാൻ കഴിയില്ല. അന്താരാഷ്ട്ര വേദികളിൽ പലപ്പോഴും ഇസ്രയേൽ അനുകൂല നിലപാടുകൾ എടുക്കുകയും എന്നാൽ ചിലയിടങ്ങളിൽ പലസ്‌തീൻ അനുകൂല നയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുതരത്തിൽ സന്തുലിതമാക്കാനുള്ള ശ്രമമാണ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് സമകാലികമായി ഉയർന്നുവന്ന പലസ്‌തീൻ പ്രശ്‌നത്തോടൊപ്പം നിൽക്കുക എന്ന അടിച്ചമർത്തപ്പെടുന്നവരോട് ഒപ്പം നിൽക്കുന്ന സമീപനമാണ് പഴയ നേതൃത്വം സ്വീകരിച്ചിരുന്നത്. അത് സ്വാഭാവികമായ നമ്മുടെ കോളനിവിരുദ്ധ ചരിത്രത്തിൽ നിന്ന് ഉയർന്നുവരുന്നതാണ്. ഇസ്രയേൽ കൊണ്ടുവരുന്നത് ഒരു കുടിയേറ്റ കൊളോണിയൽ വ്യവസ്ഥയാണ് എന്നത് നമ്മുടെ സ്വാതന്ത്ര്യസമര നേതൃത്വത്തിന് വ്യക്തമായിരുന്ന ഒന്നാണ്. അന്ന് അറബ് ദേശത്തുനിന്നുള്ള പ്രതിനിധികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിനും മറ്റും വരുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഒരു സാഹോദര്യ ബന്ധം നമ്മൾ കോളനി വിരുദ്ധ മുന്നേറ്റങ്ങളുമായി സ്ഥാപിച്ചിരുന്നു. നമ്മൾ ഇസ്രയേലിനെ 1950 കളിൽ തന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ അംഗീകരിച്ചിരുന്നു. പക്ഷേ അവരുമായി നയതന്ത്ര ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നമുക്ക് 1992 മുതൽക്കാണ് അവരോടുള്ള ബന്ധത്തിൽ മാറ്റം വരുന്നത്. അതിന് തുടക്കം കുറിക്കുന്നത് കോൺഗ്രസ് ഗവണ്മെന്റ് ആണ്. തുടർന്ന് സമീപനത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. സുരക്ഷ, സൈനികരംഗം, തുടങ്ങി കാർഷിക മേഖലയടക്കമുള്ള പലരംഗങ്ങളിലും ബന്ധങ്ങളുണ്ടായി. എന്നാൽ ബിജെപി ഭരണം വരുന്നതോടുകൂടി അവരുടെ പ്രത്യയശാസ്ത്രവും ഇസ്രയേൽ അനുകൂല നിലപാടും ഒന്നിച്ചു വരുന്നതോടുകൂടി അത് കൂടുതൽ ദൃഢമാകുന്നു. എന്നാൽ ഇതിലെ വൈരുധ്യങ്ങൾ ശ്രദ്ധേയമാണ്. ഹമാസ് ഇസ്രയേലിന് അകത്തേക്ക് കയറി 2023 ഒക്ടോബർ ഏഴിന് ആക്രമിച്ചതിനെ തീവ്രവാദത്തിന് എതിരു നിൽക്കുന്നു എന്ന രീതിയിലാണ് നമ്മുടെ പ്രധാനമന്ത്രി എക്സിലൂടെ പ്രതികരിച്ചത്. എന്നാൽ അതിനെ തിരുത്തുന്ന രീതിയിലാണ് രണ്ട് ദിവസം കഴിഞ്ഞുള്ള വിദേശമന്ത്രാലയത്തിന്റെ പ്രതികരണം വരുന്നത്. അവിടെ ഒരു പലസ്‌തീൻ അനുകൂല നിലപാടുകൂടി വ്യക്തമാക്കിയിരിക്കുന്നു. ഈ ആഭ്യന്തരവൈരുധ്യം വരുന്നത് എണ്ണയുടെ താല്പര്യവുമായും ഈ മേഖലയിലുള്ള അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും മറ്റ് പലകാര്യങ്ങളെയും കേന്ദ്രീകരിച്ചാണ്. എന്നിരുന്നാലും ഇസ്രയേലുമായുള്ള ബന്ധം ശക്തമായി തുടരുകയും അതിൽ ഇസ്ലാമോഫോബിയ അടക്കമുള്ള കാര്യങ്ങൾ പ്രതിഫലിക്കുകയും ചെയ്യുന്നു എന്നത് വാസ്തവമാണ്.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + two =

Most Popular