Tuesday, May 14, 2024

ad

Homeഅഭിമുഖംകമ്യൂണിസ്റ്റ്‌ വിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 8

കമ്യൂണിസ്റ്റ്‌ വിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 8

പരിഭാഷ: പി എസ്‌ പൂഴനാട്‌

ഷാവോ ഡിങ്കി: സമകാലിക ആഗോള ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം,നമുക്കെങ്ങനെ ബൂർഷ്വാസിയുടെ പ്രത്യയശാസ്ത്ര അധീശത്വത്തെ ചെറുക്കാനാകും? ഏത് തരത്തിലുള്ള വിപ്ലവസിദ്ധാന്തത്തെയാണ് സമകാലിക സന്ദർഭത്തിൽ നമ്മൾ നിർമ്മിച്ചെടുക്കേണ്ടത്?

ഗബിയേൽ റോക്ക്ഹിൽ: സാ‌‌‌ംസ്കാരിക ഉപകരണങ്ങളുടെ (the cultural apparatus) മേലുള്ള സമ്പൂർണ്ണമായ നിയന്ത്രണത്തിലൂടെയാണ് മുതലാളിത്ത ലോകത്തിൽ ബൂർഷ്വാസി അതിന്റെ പ്രത്യയശാസ്ത്ര അധീശത്വം നിലനിറുത്തുന്നത്. അതായത് സാംസ്കാരികമായ ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും ഉപഭോഗത്തിന്റെയും മേലുള്ള സമ്പൂർണ്ണമായ നിയന്ത്രണത്തിലൂടെയും അധീശത്വത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. അലൻ മാക് ലിയോഡ് സൂചിപ്പിക്കുന്നതുപോലെ, അമേരിക്ക എന്ത് വായിക്കണമെന്നും എന്ത് കാണണമെന്നും എന്ത് ശ്രദ്ധിക്കണമെന്നും തീരുമാനിക്കുന്നത് ഭീമാകാരന്മാരായ അഞ്ച് കോർപ്പറേഷനുകളാണ്. ഈ ഭീമാകാരന്മാരായ അഞ്ച് കോർപ്പറേഷനുകളാണ് അമേരിക്കയിലെ സാംസ്കാരിക ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും ഉപഭോഗത്തിന്റെയും തൊണ്ണൂറുശതമാനത്തെയും നിയന്ത്രിക്കുന്നത്. ഈ മെഗാകോർപ്പറേഷനുകളാകട്ടെ, അമേരിക്കൻ ഗവൺമെന്റുമായി ഇഴുകിച്ചേർന്നാണ് പ്രവർത്തിക്കുന്നതും. ഇതിന്റെ മൊത്തത്തിലുള്ള ലക്ഷ്യം വളരെ കൃത്യവും വ്യക്തവുമാണ്. സി ഐ എ ഡയറക്ടറായിരുന്ന വില്ല്യം കാസി 1981-ൽ തന്റെ ആദ്യത്തെ സ്റ്റാഫ് മീറ്റിംഗിൽ തന്നെ അക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. വില്യം കാസിയുടെ പ്രസ്താവന ഇതായിരുന്നു: “അമേരിക്കൻ ജനത വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം തെറ്റായ കാര്യങ്ങൾ ആയിത്തീരുമ്പോൾ മാത്രമേ നമ്മുടെ കള്ളപ്രചാരവേല (disinformation program) പൂർത്തിയാവുകയുള്ളൂ’.

അമേരിക്കയെപ്പോലുള്ള രാജ്യങ്ങളിലെ പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന്റെ വസ്തുനിഷ്ഠമായ അവസ്ഥാതലം ഇതാണ്. അതുകൊണ്ടുതന്നെ നമുക്ക് വ്യക്തിപരമായ സാഹചര്യങ്ങളുടെ ശരിയായ വിശകലനത്തിൽ എത്തിച്ചേരാമെന്നും നമ്മുടെ വ്യക്തിപരമായ വീക്ഷണങ്ങളെ യുക്തിസഹമായ വാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ജനങ്ങളെ എളുപ്പത്തിൽ ബോധ്യപ്പെടുത്താമെന്നും കരുതുന്നത് അത്രയ്ക്ക് ബുദ്ധിപരമായിരിക്കില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ ശരിയായ നിലയിൽ മുന്നേറണമെങ്കിൽ കൂട്ടായപ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്. നമ്മുടെ പ്രത്യയശാസ്ത്ര താൽപ്പര്യങ്ങൾക്കനുസരിച്ച് കൂട്ടായി നമുക്ക് എത്രമാത്രം ശക്തിസ്വരൂപിക്കാനാവും എന്നതാണ് പ്രധാനം. ജെന്നിഫർ പോൻസ് ഡിലിയോണും ഞാനും പുതിയയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. പ്രസ്തുത പുസ്തകത്തിൽ സംസ്കാരത്തെ വർഗ്ഗസമരത്തിന്റെ ഒരു മേഖലയായി (culture as a site of class struggle) പരിശോധിക്കാനും വിശകലനം ചെയ്യാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. മൂന്ന് തരത്തിലുള്ള പ്രവർത്തനങ്ങൾ (tactics) പ്രധാനമാണെന്ന് തോന്നുന്നു. ഒന്ന്, അധീശത്വവിരുദ്ധമായ ആശയ സമാഹരണത്തിനും പ്രചാരണത്തിനും വേണ്ടി ബൂർഷ്വാ സാംസ്കാരിക ഉപകരണങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ്. രണ്ട്, ബൂർഷ്വാ സാംസ്കാരിക ഉപകരണങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും ബദലായുള്ള സാംസ്കാരിക ഉപകരണങ്ങളുടെയും ആശയങ്ങളുടെയും ഉൽപ്പാദനത്തിനും വിതരണത്തിനും ഉപഭോഗത്തിനും അനുയോജ്യമായ പുതിയ തരത്തിലുള്ള ബദൽരൂപങ്ങളെ വികസിപ്പിച്ചെടുക്കുക എന്നതാണ്. ഇത്തരത്തിലുള്ള നിരവധി ബദൽരൂപങ്ങൾ നിലവിലുണ്ട്. ബദൽ മാധ്യമങ്ങളും പ്രസാധകസംഘങ്ങളും വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളും സാംസ്കാരിക ഇടങ്ങളും ആക്ടിവിസ്റ്റ് നെറ്റ്‌വർക്കുകളും ഒക്കെ ഈ ബദൽരൂപങ്ങൾക്ക് ഉദാഹരണങ്ങളാണ്. ബൂർഷ്വാ അധികാരഘടനയെ തകർത്തുകൊണ്ട് രൂപംകൊണ്ട രാജ്യങ്ങളിൽ നിലവിലുള്ള സോഷ്യലിസ്റ്റ് സാംസ്കാരിക ഉപകരണങ്ങളാണ് മൂന്നാമത്തേത്. ആ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകളും വിവരങ്ങളും സാംസ്കാരികോൽപ്പന്നങ്ങളും മുതലാളിത്ത സാംസ്കാരിക വ്യവസ്ഥയ്ക്കെതിരെയുള്ള ശക്തവും യഥാർത്ഥമുമായ ബദൽ രൂപങ്ങളാണ്. ഉദാഹരണത്തിന് ക്യൂബയിലെ പ്രെൻസ ലാറ്റിനയും വെനിസ്വലയിലെ ടെലിസൂറും ഗംഭീരമായ ബദൽ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഏത് തരത്തിലുള്ള വിപ്ലവസിദ്ധാന്തമാണ് സമകാലികസന്ദർഭത്തിൽ നമുക്ക് ആവശ്യമായിട്ടുള്ളത് എന്ന കാര്യത്തിൽ ചൈനീസ് ചിന്തകനായ ചെങ്‌ എൻഫുവിന്റെ (Cheng Enfu) വീക്ഷണങ്ങളോട് പരിപൂർണ്ണമായി ഞാൻ യോജിക്കുന്നില്ല. എന്നാൽ മാർക്സിസത്തിന്റെ സർഗ്ഗാത്മകതയെക്കുറിച്ചും പുതിയ കാലഘട്ടത്തിന്റെ പ്രശ്നപരിസരങ്ങൾക്കനുസൃതമായി മാർക്സിസത്തെ വികസിപ്പിക്കേണ്ടതിനെക്കുറിച്ചും ഏറ്റവും കൃത്യമായി ചെങ്‌ എൻഫു വിശദീകരിക്കുന്നുണ്ട്. ഡൊമിനിക്കോ ലൊസർഡോ നിരീക്ഷിച്ചിട്ടുള്ളതുപോലെ, മാർക്സിസം നിശ്ചലമായ ഒരു സൈദ്ധാന്തിക പദ്ധതിയല്ല. അതുകൊണ്ടുതന്നെ മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള ഒരു പഠനപ്രകിയകൂടി അനിവാര്യമായിത്തീരുന്നുണ്ട്. ഈ സമകാലിക സന്ദർഭത്തിൽ അത്തരത്തിലുള്ള കൂടുതൽ പഠനപ്രവർത്തനങ്ങളും അന്വേഷണങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന്, നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും ആപത്ക്കരമായ മൂന്ന് പ്രശ്നമണ്ഡലങ്ങളാണ് ഫാസിസവും യുദ്ധവും പാരിസ്ഥിതിക തകർച്ചയും. ഈ പ്രശ്‌നമണ്ഡലങ്ങളെ കൃത്യമായി മനസ്സിലാക്കാനും അതിനെ മാറ്റിത്തീർക്കാനും അനുയോജ്യമായ ഒരു വിപ്ലവസിദ്ധാന്തത്തെ കൂടുതൽ തീക്ഷ്ണതയോടെ നമുക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഈ മൂന്ന് പ്രശ്നമണ്ഡലങ്ങളെക്കുറിച്ചും അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ജോൺ ബെല്ലാമി ഫോസ്റ്റർ നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സൈദ്ധാന്തിക ഇടപെടലുകൾ അങ്ങേയറ്റം ശ്ലാഘനീയമാണ്. ഞാൻ ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമാകട്ടെ സാമ്രാജ്യത്വകേന്ദ്ര മേഖലയിലാണ്. സാമ്രാജ്യത്വകേന്ദ്രത്തെ (imperial core) സവിശേഷമായി കൈകാര്യം ചെയ്യുന്ന വിപ്ലവസിദ്ധാന്തത്തെയും പ്രയോഗത്തെയും ഇനിയും വികസിപ്പിക്കേണ്ടതുണ്ട് എന്ന അഭിപ്രായവും എനിക്കുണ്ട്.

എല്ലാറ്റിനും ഉപരിയായി, സോഷ്യലിസ്റ്റ് നിർമ്മാണത്തെ സഹായിക്കുന്ന ഒന്നായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട വിപ്ലവസിദ്ധാന്തം. സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ സങ്കീർണ്ണതകളെയും പ്രതിബന്ധങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒന്നായിരിക്കണം അത്. 1917-ലെ റഷ്യൻ വിപ്ലവത്തിന്റെ കാലഘട്ടം മുതൽ നിരവധി കാര്യങ്ങൾ നമുക്ക് പഠിക്കാനായി. മൂന്നാം ഇന്റർനാഷണലിന്റെ പ്രതാപഘട്ടങ്ങളിലോ ശീതയുദ്ധകാലത്തിന്റെ ഘട്ടങ്ങളിലോ ഉണ്ടായിരുന്നതിനെക്കാളും ഇന്നത്തെ ആഗോള ലോകസാഹചര്യം ഒരുപാട് വ്യത്യസ്തമാണ്.സാമ്രാജ്യത്വ ലോകക്രമത്തിനെതിരെ പുതിയ അന്തർദേശീയ ചട്ടക്കൂടുകൾ (BRICS+, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്, ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ, ആസിയാൻ മുതലായവ) നിർമ്മിക്കുന്നതിന് ദേശീയ വികസനം ലക്ഷ്യമാക്കി മുതലാളിത്ത രാജ്യങ്ങളുമായി സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഇപ്പോൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

പശ്ചിമാഫ്രിക്കയിലും മധ്യാഫ്രിക്കയിലും ഉടനീളം സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾ ആഫ്രിക്കൻ മേഖലയിൽ ഫ്രാൻസിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള നവകൊളോണിയൽ ഭരണകൂടങ്ങളെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ കെട്ടുപാടുകളെയും ധീരമായി വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറിയത്. ഇത്തരത്തിൽ കൊളോണിയൽ വിരുദ്ധ വിമോചനത്തിനും ബഹുധ്രുവലോകത്തിനും വേണ്ടി ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളെയും മറ്റ് സമരപോരാട്ടങ്ങളെയും മനസിലാക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നത് സൈദ്ധാന്തികവും പ്രായോഗികവുമായ സുപ്രധാന കടമയാണ്. അതേസമയത്തുതന്നെ, സാമ്രാജ്യത്വ ലോകക്രമത്തിനെതിരെയുള്ള പോരാട്ടങ്ങളും ബഹുധ്രുവലോകക്രമത്തിന്റെ വികാസവും സോഷ്യലിസ്റ്റ് പദ്ധതിയുടെ വിപുലീകരണത്തിലേക്കുള്ള ചവിട്ടുപടികളാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതും അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രശ്നപരിസങ്ങളിലൊന്നാണിത്.
‌‌‌‌‌‌‌‌(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular