Friday, December 13, 2024

ad

Homeഅഭിമുഖംപലസ്തീൻ: 
ഭൂതവും വർത്തമാനവും‐ 2

പലസ്തീൻ: 
ഭൂതവും വർത്തമാനവും‐ 2

എ കെ രാമകൃഷ്ണൻ/അമൽ പുല്ലാർക്കാട്ട്

ന്ന് പലസ്‌തീന് പിന്തുണ നൽകിക്കൊണ്ടുള്ള ശക്തമായ വിദ്യാർത്ഥി സമരങ്ങൾ ആഗോളതലത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയെയും യൂറോപ്പിനെയുമെല്ലാം അക്ഷരാർത്ഥത്തിൽ ഈ പ്രക്ഷോഭങ്ങൾ ഞെട്ടിച്ചിരിക്കുന്നു. പലരും 1960-–70 കളിലെ അമേരിക്കയുടെ വിയറ്റ്നാം ആക്രമണത്തിനെതിരായ വിദ്യാർത്ഥി സമരങ്ങളോട് ഈ പോരാട്ടങ്ങളെ ഉപമിക്കുകയാണ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ആ പഴയ കാലഘട്ടത്തിലെ വിദ്യാർത്ഥി മുന്നേറ്റങ്ങൾ ലോകമനഃസാക്ഷിയെ തന്നെ പിടിച്ചുകുലുക്കുകയും മാറ്റിമറിക്കുകയും ചെയ്‌തവയാണ്. അതിനാൽ തന്നെ അത് പ്രധാനപ്പെട്ട പല രാഷ്ട്രീയ മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. ലോകജനതയുടെ അഭിപ്രായം യുദ്ധത്തിനെതിരായി ഉയരുന്നതിന് ഈ പ്രക്ഷോഭങ്ങൾ കാരണമായി. പലസ്‌തീൻ പ്രശ്‌നത്തെ പാശ്ചാത്യരാജ്യങ്ങൾ ഒരു ഇസ്രയേലി കണ്ണിലൂടെ മാത്രം കണ്ടുകൊണ്ടിരുന്നതിനെ ഇന്ന് ഈ സമരങ്ങൾ തിരുത്താൻ ശ്രമിക്കുകയും പലസ്‌തീൻ ജനതയുടെ പക്ഷത്തുനിന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു. അവിടെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ പലസ്‌തീൻ ജനതയുടെ ദുരിതങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. കൊളംബിയ യൂണിവേഴ്സിറ്റിയിൽ എഡ്‌വേഡ്‌ സെയ്ദ് “ദി കോസ്റ്റിൻ ഓഫ് പലസ്‌തീൻ’ എഴുതുന്ന കാലത്ത് പലസ്‌തീൻ പ്രശ്‌നം അവർക്കൊരു പരിഗണനാവിഷയമേ ആയിരുന്നില്ല. ഇസ്രയേലുമായുള്ള നല്ല സഹകരണം ഉണ്ടായിരുന്നു താനും. ഇന്ന് ഇതേ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ശക്തമായ പ്രക്ഷോഭങ്ങൾ ഉയരുമ്പോൾ നമുക്ക് മനസ്സിലാവുന്നത് അമേരിക്കൻ ജനതയെ പലസ്‌തീന്റെ യാഥാർഥ്യം അറിയിക്കാനുള്ള വലിയ ശ്രമങ്ങൾ അവിടെ നടക്കുന്നു എന്നുള്ളതാണ്. ആഗോളതലത്തിലും ഇത് വളരെ പ്രധാനമാണ്. സൗത്ത് ആഫ്രിക്കയിലുള്ള ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഇസ്രയേലിന്റെ വംശഹത്യക്കെതിരായി കേസ് ഫയൽ ചെയ്യുന്ന സ്ഥിതിയെല്ലാം ഉണ്ടായി. കോളനി ഭരണം അനുഭവിച്ചിട്ടുള്ള ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ പലസ്‌തീൻ അനുകൂല നിലപാടുകൾ എടുക്കുന്നത് നമുക്ക് കാണാം. അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ അമേരിക്കയും യൂറോപ്പും ഒരുവശത്തും മൂന്നാംലോകം എന്ന് നേരത്തെ വിളിച്ചിരുന്ന രാജ്യങ്ങൾ മറുവശത്തും എന്ന രീതിയിൽ നിൽക്കുന്നതാണ് കാണാൻ സാധിക്കുക. ഇതിൽ ഇന്ത്യയെ പോലുള്ള രാജ്യങ്ങളാണ് ഇരട്ടത്താപ്പ് കാണിക്കുന്നത്. മറ്റിടങ്ങളിൽ വളരെ ശക്തമായി തന്നെ ഈയൊരു രാഷ്ട്രീയം മനസ്സിലാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കൊളോണിയൽ ആധിപത്യത്തിന്റെ ദുരനുഭവങ്ങൾ അനുഭവിച്ച ജനത ഇന്നും വൻതോതിലുള്ള കൊളോണിയൽ ആക്രമണങ്ങളാണ് പലസ്‌തീനു നേരെ ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഈ ആശയം കൂടുതൽ ശക്തമായി മുന്നോട്ടുവയ്ക്കുവാൻ സഹായിക്കുന്നു. അതിനാൽ തന്നെ ആഗോളരാഷ്ട്രീയത്തിൽ ഈ മുന്നേറ്റങ്ങളുടെ പങ്ക് വളരെ വലുതാണ്.

ഇസ്രയേലിന് അകത്തുനിന്നുകൊണ്ടുതന്നെ പലസ്‌തീനെ ആക്രമിക്കുന്നതിനെതിരായി അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തുന്നുണ്ട്‌. എന്താണ് അതു സംബന്ധിച്ച നിരീക്ഷണം?

ചരിത്രപരമായി പലസ്തീനിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത് തദ്ദേശീയരായ യഹൂദരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പിന്നീട് കുടിയേറിവന്ന കൃഷിക്കാരായ യഹൂദരും എല്ലാം ചേർന്നാണ്. പിന്നീട് 1936-–39 ൽ വലിയതോതിലുള്ള ആഭ്യന്തരയുദ്ധം നടക്കുകയുണ്ടായി. കുടിയേറ്റത്തിനെതിരെ പലസ്‌തീൻകാർ നയിച്ച ആദ്യത്തെ പ്രധാനപ്പെട്ട സമരങ്ങളിലൊന്നാണത്. സമരം രൂക്ഷമാവുകയും സവിശേഷമായി ആ സമരത്തോട് എടുക്കുന്ന നിലപാടുകളുടെയും മറ്റും പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിൽ വേർപിരിയുന്ന സന്ദർഭം ഉടലെടുത്തു. ഇന്നത്തെ രീതിയിലുള്ള ഭരണവ്യവസ്ഥ സ്ഥാപിക്കുന്നതിനു മുൻപ് തൊഴിലാളി വർഗഐക്യവും മറ്റും ഉണ്ടായിരുന്ന ചരിത്രമുണ്ട്. അത് സാധ്യമായത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയുമാണ്. പക്ഷേ പിന്നീട് അതിന് വലിയ വിള്ളൽ ഉണ്ടായി. ഇസ്രയേലിലുള്ള ഒരു വിഭാഗം തൊഴിലാളികളും യൂറോപ്പിൽ നിന്ന് വന്ന ചില യഹൂദരുമെല്ലാം സോഷ്യലിസ്റ്റ് ആശയങ്ങൾ പുലർത്തിയിരുന്നു. എന്നിരുന്നാലും കൊളോണിയൽ വീക്ഷണഗതികളിൽ നിന്ന് സ്വയം മോചിപ്പിക്കുവാൻ അവർക്ക് സാധിച്ചില്ല എന്ന വസ്തുതകൂടിയുണ്ട്. ഒരു യൂറോപ്യൻ ആധിപത്യമനോഭാവം മേൽകൈയെടുത്തു. പിന്നീട് ഇസ്രയേലിൽ വന്ന ലേബർ പാർട്ടിയും പലസ്‌തീൻ വിഷയത്തിൽ വലതുപക്ഷനിലപാടുകളാണ് സ്വീകരിച്ചത്. അവിടെ ഏതാനും ചില നേതാക്കളൊഴികെ പൊതുവിൽ വലതുപക്ഷം മേധാവിത്വം പുലർത്തി. ഇസ്രയേൽ രാഷ്ട്രസ്ഥാപനത്തിനു ശേഷം രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് മുന്നേറ്റവും പലസ്‌തീനിലെ ഇടതുപക്ഷ മുന്നേറ്റവും എന്ന നിലയിൽ മുഖ്യധാരയിൽ നിന്നും വ്യതിരിക്തമായ മുന്നേറ്റങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. പലസ്‌തീൻ ജനതയ്ക്കകത്ത് ജോർജ് ഹബാഷിന്റെയെല്ലാം നേതൃത്വത്തിലുള്ള ‘പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്‌തീൻ’ (പി.എസ്.എൽ.പി.) എന്ന സംഘടന വളരെ ശക്തമാണ്. പലസ്‌തീൻ ഭരണനേതൃത്വമായ പിഎൽഒയുടെ പ്രത്യേകിച്ച് അൽ-ഫത്തയുടെയെല്ലാം അപചയത്തിന്റെ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പി.എസ്.എൽ.പി. പോലുള്ള പലസ്‌തീൻ വിമോചന മുന്നേറ്റത്തിന് ശക്തി കൂടുന്നു എന്നത് വ്യക്തമാണ്. ചെറുപ്പക്കാർക്കിടയിൽ പ്രത്യേകിച്ച് വെസ്റ്റ് ബാങ്കിൽ അവർക്ക് വലിയ പിന്തുണയുണ്ട്. ഇരുപത് ശതമാനത്തോളമുള്ള ഇസ്രയേൽ പൗരരായ പലസ്‌തീൻകാക്കിടയിലും പലവിധത്തിലുള്ള കമ്യൂണിസ്റ്റ് സംഘടനകൾക്ക് വലിയ സ്വാധീനമുണ്ട്. വെസ്റ്റ് ബാങ്കിലും ഗാസയിലും മാത്രമല്ല ഇസ്രയേലിനകത്തും വംശീയ നയങ്ങൾ നിയമപരമായിത്തന്നെ പിന്തുടരുന്നതും രണ്ടുതരം പൗരത്വവുമെല്ലാം വലിയരീതിയിലുള്ള അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇതിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നുവരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും നടക്കുന്ന കുടിയേറ്റവും കൊളോണിയൽ നയങ്ങളും യുദ്ധങ്ങളും മേൽപ്പറഞ്ഞവയോടൊപ്പം നോക്കിക്കണ്ടുകൊണ്ടാണ് അവർ ആശയരൂപീകരണം നടത്തുന്നത്. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ ചരിത്രപരമായുണ്ടായിരുന്ന പലസ്‌തീനിൽ ആകമാനവും ഇസ്രയേലിനകത്തും ഒരു വംശീയ ഭരണനയമാണ് ആ രാഷ്ട്രം കൊണ്ടുനടക്കുന്നത്. ഈ അവബോധം ഉയർത്തുന്ന ദൗത്യം പ്രസ്‌തുത കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ ഏറ്റെടുക്കുന്നു.

ഹമാസ് ഒരു മതാധിഷ്ഠിത പ്രസ്ഥാനമാണ് എന്ന പേരിൽ പലസ്‌തീനിലെ അവരുടെ ഇടപെടലുകൾ വിമർശിക്കപ്പെടാറുണ്ട്. ഹമാസിന്റെ അടിസ്ഥാന ആശയങ്ങൾ മതസംബന്ധിയാണ്‌ എന്നത് ശരിയാണ്. എന്നാൽ ഇത്രയും വ്യാപ്തിയുള്ള ഒരു ജീവൽ പ്രശ്നത്തെ അവിടുത്തെ ഒരു സംഘടനയെച്ചൊല്ലി, അവരുടെ ചില പ്രവൃത്തികളെച്ചൊല്ലി മുഴുവനായി നിഷേധിക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കാൻ കഴിയുന്നതാണോ?

കൊളോണിയൽ ആധിപത്യ വ്യവസ്ഥയ്ക്കെതിരെ അമേരിക്കൻ യൂണിവേഴ്സിറ്റികളിലുൾപ്പടെ ലോകത്തെമ്പാടും നടക്കുന്ന സമരങ്ങൾ നമ്മുടെ മുൻപിലുണ്ട്. ഒരു വിഷയത്തിന്റെ പ്രസക്തി നിശ്ചയിക്കുന്നത് ഒരിക്കലും ആ വിഷയം ഏറ്റെടുത്തിരിക്കുന്ന സംഘടനകളുടെ പ്രത്യയശാസ്ത്രം നോക്കിയിട്ടല്ല. കോളനിവൽക്കരിക്കപ്പെട്ടിരിക്കുന്ന ഒരു ജനവിഭാഗം അവർക്ക് ലഭ്യമായ അനേകം ആശയഗതികൾ അവരുടെ സമരത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. പലസ്‌തീൻ ജനതയിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ് എന്ന് നമുക്കറിയാം. ഒരു ക്രിസ്ത്യൻ ന്യൂനപക്ഷവുമുണ്ട്. പലസ്‌തീൻ ജനത ഛിന്നഭിന്നമാവുകയും അനേകം രാജ്യങ്ങളിൽ അഭയാർത്ഥികളാവുകയും ചെയ്തിരിക്കുകയാണ്. വെസ്റ്റ് ബാങ്കിൽ പരമ്പരാഗതമായി ഉണ്ടായിരുന്ന പലസ്‌തീൻകാരോടൊപ്പം 1948 ലെ കയ്യേറലിന്‌ ശേഷം മറ്റ് പലസ്‌തീൻ പ്രദേശങ്ങളിൽ നിന്ന് അഭയാർത്ഥികളായി എത്തപ്പെട്ടവരുണ്ട്. ഇസ്രയേലിനകത്തെ പലസ്‌തീൻകാർ അടക്കം വളരെ വ്യത്യസ്‌തമായ നിലകളിൽ ഇന്ന് ജീവിക്കേണ്ടിവന്ന ജനതയാണ് അവർ. അവർക്കുള്ള പൊതുലക്ഷ്യം വളരെ വ്യക്തമാണ്. കൊളോണിയൽ ഭരണത്തിൽ നിന്ന് മോചിതരാകുകയും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ ലഭിക്കുകയും ഒരു സ്വതന്ത്ര പലസ്‌തീൻ രാഷ്ട്രം രൂപീകരിക്കുകയും ചെയ്യുക എന്നതാണ് അത്. ഇതാണ് അവിടുത്തെ അടിസ്ഥാനപരമായ രാഷ്ട്രീയ പ്രശ്നം. അതിന് മതപരമായ സംഘടനകളായാലും സെക്കുലർ എന്ന് പരമ്പരാഗതമായി നമ്മൾ വിളിക്കുന്ന സംഘടനകളായാലും എല്ലാവരും ഒരേ ലക്ഷ്യത്തിനുവേണ്ടി പോരാടുന്നവരാണ്. പലസ്‌തീൻ ജനത ഏത് പ്രത്യയശാസ്ത്രം സ്വീകരിക്കണം, ഏത് മാർഗങ്ങളുപയോഗിച്ചു യുദ്ധം ചെയ്യണം എന്നൊക്കെയുള്ളത് പുറത്തുനിന്ന് തീരുമാനിക്കാൻ കഴിയുന്നതല്ല. മറിച്ച്, പലസ്‌തീൻകാർ അവരുടെ സാഹചര്യമനുസരിച്ച്, തീരുമാനിക്കുന്നതാണ്. നമ്മൾ പലസ്‌തീൻ പ്രശ്നത്തെ അതിന്റെ സാധുതയും രാഷ്ട്രീയ സാംഗത്യവും മനസ്സിലാക്കിക്കൊണ്ട് അവിടെയുള്ള വിഷയത്തെയാണ് മുന്നിൽ കാണുന്നത്. അതിനെ ആര് മുന്നോട്ടുകൊണ്ടുപോയാലും, ഏത് വിഭാഗം പലസ്‌തീൻകാരായാലും അവരുടെ സമരത്തോട് ആഭിമുഖ്യമാണ് നമ്മൾ കാണിക്കേണ്ടത്. എന്തുകൊണ്ടാണ് യഹൂദരായിട്ടുള്ള ചെറുപ്പക്കാർ അമേരിക്കയിലും മറ്റും ഇത്ര ശക്തമായി ഇന്ന് ഗാസയിൽ സംഭവിക്കുന്നതിനെതിരായി മുന്നോട്ടുവരുന്നത് എന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കുടിയേറ്റ കൊളോണിയൽ വ്യവസ്ഥയിൽ നിൽക്കുന്നവർ അതിനെതിരെ സമരം ചെയ്യുമ്പോൾ അവർ അങ്ങനെ സമരം നടത്താൻ യോഗ്യരല്ല എന്ന ഒരു നിലപാട് ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല. അതിനു പുറകിലുള്ളത് ഇസ്ലാമോഫോബിയ അടക്കമുള്ള പ്രത്യയശാസ്ത്രങ്ങളാണ്. കോളനിവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം തന്നെ സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. അവരുടെ സമരത്തിന്റെ രീതി എന്തുതന്നെയായാലും ആ സമരത്തിന്റെ സാധുത അംഗീകരിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ മുഖ്യലക്ഷ്യം പലസ്‌തീനിന്റെ വിമോചനമാണ്. അല്ലാതെ മറ്റുരാജ്യങ്ങളുടെ പുറത്തൊന്നും അവർക്ക് താൽപര്യങ്ങളൊന്നുമില്ല. മറ്റ് സംഘടനകളായ ഫത്ത, പി.എസ്.എൽ.പി., ഡി.എസ്.എൽ.പി. തുടങ്ങിയ സംഘടനകളെപ്പോലെതന്നെ പലസ്‌തീനിന്റെ മോചനമാണ് അവരുടെ മുഖ്യഅജൻഡ. അതിന് അവർ തിരഞ്ഞെടുക്കുന്ന മാർഗത്തിൽ അവരുടെ ആശയത്തിന്റെ സ്വാധീനം നിശ്ചയമായും ഉണ്ട്. ഇത് ഇറ്റാലിയൻ കൊളോണിയലിസത്തിനെതിരെ ലിബിയയിലായാലും, ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ അൾജീരിയയിലായാലും നമ്മൾ കണ്ടിട്ടുള്ളതാണ്. ഈ മേഖലയിലാകമാനം കൊളോണിയൽ വിരുദ്ധപ്രക്ഷോഭങ്ങളിൽ ഇസ്ലാം വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിരുന്നു. അങ്ങനെ ഒരു ചരിത്രംകൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതായിട്ടുണ്ട്.

സമീപകാലത്ത് നടന്ന മറ്റൊരു യുദ്ധം റഷ്യ ഉക്രൈനെ ആക്രമിച്ചതാണ്. അതിനുശേഷം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ റഷ്യ അന്താരാഷ്ട്ര വേദികളിൽ നിന്നടക്കം പൂർണമായും വിലക്കപ്പെട്ടു. ഫുട്ബോളിൽ നിന്ന്, അത്‌ലറ്റിക്സിൽ നിന്ന്, മ്യൂസിക് കൺസെർട്ടുകളിൽ നിന്ന് തുടങ്ങി കലാ-കായിക വേദികളിൽ നിന്നുൾപ്പടെ റഷ്യ പുറത്തായി. എന്നാൽ പലസ്‌തീനിൽ നരഹത്യ നിർബാധം തുടരുന്ന ഇസ്രയേലിന് ഇത്തരത്തിൽ യാതൊരു വിലക്കുകളേയും നേരിടേണ്ടി വരുന്നില്ല എന്നു മാത്രമല്ല അവർക്ക് പടിഞ്ഞാറൻ മുതലാളിത്ത രാജ്യങ്ങളിൽ സ്വീകാര്യതയേറുന്ന കാഴ്ചയാണ് കാണുന്നത്. ഇത്രയും വലിയൊരു ഇരട്ടത്താപ്പ് ചർച്ചചെയ്യപ്പെടേണ്ടതല്ലേ?

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം റഷ്യയുടെ ആക്രമണത്തെ എതിർക്കുന്നത് ഒരു രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള ചോദ്യത്തെ മുൻനിർത്തിയാണ് എന്നുള്ളതാണ്. അതിന് ഒരു തത്വമുണ്ടെന്ന് നമുക്ക് പറയാം. പക്ഷേ ഇസ്രയേലിന്റെ കാര്യത്തിൽ അവർ പലസ്‌തീനുമേൽ അധിനിവേശം നടത്തുകയാണ് എന്നതിന് സാമാന്യമായ ഒരു അംഗീകാരം പോലും അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾ നൽകുന്നില്ല. പലസ്‌തീന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിനുമേൽ ഒരു കുടിയേറ്റ കോളനിവൽക്കരണ അധികാരഘടന ഉണ്ടാക്കിയെടുക്കുന്നു എന്ന പ്രാഥമികമായ അംഗീകാരം ഉണ്ടെങ്കിൽ മാത്രമല്ലേ ഇങ്ങനെ ഒരു കടന്നുകയറ്റവും കുടിയേറിപ്പാർപ്പുകളും യുദ്ധവുമെല്ലാം ഒരു പ്രശ്നമാവുകയുള്ളു. അപ്പോൾ പലസ്‌തീന്റെ ഭാവിയിലേക്കെങ്കിലുമുള്ള പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമല്ലേ അന്താരാഷ്ട്ര രാഷ്ട്രീയ വ്യവസ്ഥിതിയിൽ ആ രാഷ്ട്രത്തിന്റെ നിലനിൽപ്പ് വിഷയമാകുന്നുള്ളു. അതില്ല എന്നതാണ് യാഥാർഥ്യം. അവിടെയാണ് ഇരട്ടത്താപ്പ് എന്നത് വളരെ വ്യക്തമാകുന്നത്. പലസ്‌തീൻകാർ ഒരു പരമാധികാരമുള്ള ജനതയാണ് എന്നത് അംഗീകരിക്കാനുള്ള മുതലാളിത്തലോകത്തിന്റെ കടുത്ത വിമുഖതയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഇസ്രയേലിന്റെ സ്ഥാപനകാലം മുതലുള്ള ബന്ധമാണ് ആ രാജ്യത്തോടുള്ളത്. എന്നാൽ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അവർ യൂറോപ്പിന്റെ ഒരു ഭാഗം തന്നെയാണ് ഇസ്രയേലിനെ കാണുന്നത്. ഒരു പടിഞ്ഞാറൻ രാജ്യത്തെ പരിഗണിക്കുന്നതുപോലെ തന്നെയായാണ് ഇസ്രയേലിനെ അവർ സ്വീകരിക്കുന്നത്. പഴയ കൊളോണിയൽ ബന്ധങ്ങളുടെ ഒരു ബാക്കിയിരുപ്പ് കൃത്യമായി ഇസ്രയേലിനോടും പലസ്‌തീനോടും തമ്മിലുള്ള ബന്ധത്തിൽ അവർ കാത്തുസൂക്ഷിക്കുന്നുണ്ട്.അതായത് ഇസ്രയേലിനെ തങ്ങളിലൊന്നായി കാണുകയും പലസ്‌തീൻ എന്നതിനെ പഴയ ഒരു കോളനിയെ കണ്ടിരിക്കുന്നതുപോലെ കാണുകയും ചെയ്യുന്നു. ദ്വിരാഷ്ട്രപരിഹാരം എന്നെല്ലാം ചില നയതന്ത്ര രേഖകളിൽ ചിലപ്പോൾ പറയുമെങ്കിലും അത് ഔദ്യോഗികമായി അംഗീകാരം നൽകാത്ത അന്തഃസാരശൂന്യമായ പ്രസ്താവനകളായി അവസാനിക്കുകയാണ്.

യുനെസ്‌കോയുടെ ഔദ്യോഗിക കണക്കുപ്രകാരം പലസ്‌തീനിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന 26 മാധ്യമപ്രവർത്തകർ അവിടെ കൊല്ലപ്പെട്ടിരുന്നു. യഥാർത്ഥ കണക്കുകൾ ഇതിലും വലുതായിരിക്കാം. യുനെസ്‌കോയുടെ വേൾഡ് ഫ്രീഡം പ്രൈസ്‌ ഇത്തവണ പലസ്‌തീനിൽ നിന്നുള്ള വാർത്തകൾ രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകർക്കാണ് നൽകിയിരിക്കുന്നത്. അന്തർദേശീയ മാധ്യമങ്ങളെയെല്ലാം ഇസ്രയേൽ വിലക്കിയിരിക്കുകയാണ്. അൽ-ജസീറയ്ക്ക് ഓഫീസ് അടയ്ക്കേണ്ടിവന്നിരിക്കുന്നു. വാർത്തകൾക്കായി പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ചെറിയ ചെറിയ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് പലപ്പോഴും. വാർത്തകളെപ്പോലും വിലക്കുക, അറിയാനുള്ള അവകാശത്തെപ്പോലും നിഷേധിക്കുക എന്നിങ്ങനെ അത്യന്തം പ്രതിഷേധാത്മക സമീപനത്തിലേക്കും ഭരണകൂടഭീകരതയിലേക്കുമാണ് ഇവിടെ സാഹചര്യങ്ങൾ മുന്നോട്ടുപോകുന്നത്.

നിശ്ചയമായും അതെ. നിരവധി ജേണലിസ്റ്റുകളെ ഈ യുദ്ധത്തിൽ കൊന്നൊടുക്കി എന്ന് നമുക്കറിയാം. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ധീരരായ മാധ്യമപ്രവർത്തകരെ നമുക്ക് പലസ്‌തീനിലാണ് കാണാൻ കഴിയുക. അവർ അക്ഷരാർത്ഥത്തിൽ ജീവൻ പണയം വച്ചാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരുപക്ഷേ ‘സിറ്റിസൺ ജേണലിസം’ എന്നൊക്കെ പറയുന്നതിന്റെ പ്രസക്തി നമ്മൾ കൃത്യമായി മനസ്സിലാക്കുന്നത് ഈ യുദ്ധത്തിന്റെ സമയത്താണ്. സാധാരണക്കാരായ മനുഷ്യർ അവിടെ അവർക്കുചുറ്റും നടക്കുന്ന യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസ്ഥാപിതമായ വാർത്താമാധ്യമങ്ങൾക്ക് പോലും പ്രവർത്തിക്കാൻ ഇടമില്ലാതാകുമ്പോൾ പിന്നെ അതുതന്നെയാണ് നമുക്കൊരു പ്രതീക്ഷ. അതാണ് ഇപ്പോൾ നമ്മളെ കാര്യങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. അൽ-ജസീറയാണ് യഥാർത്ഥത്തിൽ നിരവധി മാധ്യമപ്രവർത്തകരെ വിന്യസിച്ചുകൊണ്ട് ഇവിടെനിന്നുള്ള വാർത്തകൾ നല്ലരീതിയിൽ പുറത്തെത്തിക്കാൻ ശ്രമിച്ചത്. ഇപ്പോൾ പ്രതീക്ഷയുള്ളത് ഈ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളുടെ തന്നെ റിപ്പോർട്ടിങ്ങിൽ ആണ്.

പലസ്‌തീൻ പ്രതീക്ഷാനിർഭരമായി അതിജീവിക്കില്ലേ?
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ പലസ്തീന്റെ ചരിത്രം നോക്കുന്നവർക്കറിയാം സ്ഥായിയായ ദുരിതങ്ങളുടെ ഉയർച്ചതാഴ്ചകൾ പിന്നിട്ടുകൊണ്ട് വംശഹത്യയെ വരെ നേരിട്ടുകൊണ്ടാണ് ഇന്ന് പലസ്‌തീൻ നമുക്ക് മുൻപിലുള്ളത്. ഔദ്യോഗികമായി ഒരു രാജ്യം പോലുമില്ലാതെ, വിഭവങ്ങളില്ലാതെ ചിതറിക്കപ്പെട്ട നിലയിൽ ഇത്രയുംകാലമൊക്കെ പിടിച്ചുനിൽക്കുക എന്ന് പറയുന്നതുതന്നെ അത്ഭുതമാണ്. അവർ ഇപ്പോഴും പലസ്‌തീനെക്കുറിച്ചു ലോകജനതയെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവർ അത്യന്തം പ്രതിരോധ ശേഷിയുള്ള ഒരു ജനതയാണ്. അങ്ങേയറ്റം അരികുവൽക്കരിക്കപ്പെടുകയും വിഭവങ്ങളിൽ നിന്നും അധികാരങ്ങളിൽ നിന്നുമെല്ലാം പുറംതള്ളപ്പെടുകയും ചെയ്‌തിട്ടുള്ള ആ ജനത ഇപ്പോഴും പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ, അവരുടെ സമരം ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് വലിയൊരു പ്രതിരോധമാണ്. സ്വതന്ത്രമായിട്ടുള്ള പലസ്‌തീൻ എന്ന അവരുടെ രാഷ്ട്രീയ ബോധ്യവും ആർജവവും ഇപ്പോഴും നിലനിൽക്കുന്നു എന്നത് ലോകത്തിന് തന്നെ വലിയൊരു പാഠമാണ്. സ്വന്തം ഭൂമിയിലേക്ക് തങ്ങൾ തിരിച്ചെത്തുമെന്ന ഒരു വിശ്വാസം അവർ എപ്പോഴും നിലനിർത്തുകയാണ്. ഇത് പോരാട്ടങ്ങൾ നയിക്കുന്ന ഏറ്റവും അധഃസ്ഥിതരായ ലോക ജനവിഭാഗങ്ങൾക്ക് വലിയൊരു ഊർജമാണ് സമ്മാനിക്കുന്നത്. മാനുഷിക ബോധ്യത്തിന് അവർ നൽകുന്ന സംഭാവനയും വളരെ വലുതാണ്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മറ്റു നിരവധി രാഷ്ട്രീയ – സാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം പലസ്‌തീന്‌ ശക്തമായ പിന്തുണ നൽകിയവയാണ്. നമ്മുടെ തെരുവോരങ്ങൾ അതിന് സാക്ഷികളാണ്. ആക്ഷേപങ്ങളും രാജ്യദ്രോഹ ആരോപണങ്ങളും ഉയരുമ്പോഴും നമ്മൾ അത് അണയാതെ തുടർന്നുകൊണ്ടിരിക്കുകയാണ്.

അതു വളരെ പ്രധാനമാണ്. ലോകരാജ്യങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിഷേധ പ്രകടനങ്ങൾ പലസ്‌തീനുവേണ്ടി നടക്കുകയാണ്. ഇന്ത്യയെപ്പോലുള്ള കോളനിവിരുദ്ധ മുന്നേറ്റങ്ങളുടെ ചരിത്രമുള്ള രാജ്യങ്ങളിൽ നിന്ന് ശക്തമായ പലസ്‌തീൻ അനുകൂല നിലപാടാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളമൊഴികെ മറ്റിടങ്ങളിൽ അങ്ങനെയല്ല സംഭവിക്കുന്നത്. പലസ്‌തീൻ അനുകൂലമായ സാഹചര്യങ്ങൾ നിലനിർത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതും പ്രകടമായി ഈ ലോകത്തിനുമുൻപിൽ അവതരിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഞാൻ ഇവിടെ ഡൽഹിയിൽ ജീവിക്കുമ്പോൾ വളരെ കുറച്ചു മനുഷ്യരുടെ പലസ്‌തീൻ അനുകൂല പ്രകടനങ്ങളെല്ലാം കണ്ടിരുന്നു. എന്നാൽ ആ വിധത്തിലല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ പലസ്‌തീൻ അനുകൂല നിലപാടുകൾ ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതു തുടരേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ മനുഷ്യരാശി ഈ വിധത്തിൽ ദൈനംദിനം കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പ്രതികരിക്കുന്നില്ലങ്കിൽ നമ്മുടെ രാഷ്ട്രീയ ബോധ്യത്തിനൊന്നും ഒരു അർത്ഥവുമില്ല എന്നു പറയേണ്ടിവരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular