Sunday, September 8, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംസാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും‐ 2

സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും‐ 2

വി ഐ ലെനിൻ

ലോകമുതലാളിത്തത്തിന്റെ സാമ്രാജ്യത്വഘട്ടം കാണാൻ മാർക്സോ എംഗൽസോ ജീവിച്ചിരുന്നില്ല. 1898-–1900-നുമുമ്പ് അതും ആവിർഭവിച്ചിരുന്നില്ല. എന്നാൽ പത്തൊമ്പതാം ശതകത്തിന്റെ മദ്ധ്യത്തിൽത്തന്നെ സാമ്രാജ്യത്വത്തിന്റെ ചുരുങ്ങിയതു രണ്ടു പ്രധാനസവിശേഷതകളെങ്കിലും ഇംഗ്ലണ്ട് പ്രദർശിപ്പിക്കുകയുണ്ടായിയെന്നതാണ് അതിന്റെ ഒരു പ്രത്യേകത: 1) വിപുലമായ കോളനികൾ, 2) കുത്തക ലാഭം (ലോകവിപണിയിലുള്ള അതിന്റെ കുത്തക നിമിത്തം). ഈ രണ്ടു സംഗതികളിലും ഇംഗ്ലണ്ട് മറ്റു മുതലാളിത്തരാഷ്ട്രങ്ങളിൽനിന്നും വിഭിന്നമായിരുന്നു. ഈ വിഭിന്നതയെ വിശകലനം ചെയ്തുകൊണ്ട് ഇംഗ്ലണ്ടിലെ തൊഴിലാളിപ്രസ്ഥാനത്തിൽ അവസരവാദത്തിനു നേടാൻ കഴിഞ്ഞ (താല്ക്കാലിക) വിജയവുമായി അതിനു ബന്ധമുണ്ടെന്ന് എംഗൽസും മാർക്സും വ്യക്തമായും ദൃഢമായും സൂചിപ്പിക്കുകയുണ്ടായി.

1858 ഒക്ടോബർ 7ന് മാർക്സിനയച്ച കത്തിൽ എംഗൽസ് ഇങ്ങനെ എഴുതി: ‘‘… ഇംഗ്ലണ്ടിലെ തൊഴിലാളിവർഗം പരമാർത്ഥത്തിൽ കൂടുതൽ കൂടുതൽ ബൂർഷ്വയായി വരികയാണ്. അങ്ങനെ അവസാനം ബൂർഷ്വാസിയോടൊപ്പം ഒരു ബൂർഷ്വാപ്രഭുവർഗവും ബൂർഷ്വാതൊഴിലാളിവർഗവും നിലവിൽവരികയെന്നതാണ് ഇന്നുള്ളതിൽ വെച്ചേറ്റവും ബൂർഷ്വയായ ഈ രാജ്യത്തിന്റെ പ്രത്യക്ഷമായ ലക്ഷ്യം. ലോകത്തെയാകെ ചൂഷണം ചെയ്യുന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ഇത് തീർച്ചയായും ഒരതിർത്തിവരെ ന്യായീകരിക്കാവുന്നതാണ്. ‘‘ഇംഗ്ലീഷ് തൊഴിലാളി നേതാക്കൾ സ്വയം അടിയറ വച്ചിരിക്കുകയാണെ”ന്നു മാർക്സ് പറഞ്ഞതിന് ഇന്റർനാഷനലിന്റെ ഫെഡറൽ കൗൺസിലിൽ ഹെയിൽസ് വലിയ ബഹളം കൂട്ടിയെന്നും മാർക്സിനെ താക്കീതു ചെയ്തുകൊണ്ടുള്ള ഒരു തീരുമാനമെടുപ്പിച്ചെന്നും എംഗൽസ് 1872 സെപ്തംബർ 21-ന് എഴുതിയ കത്തിൽ സോർഗെയെ അറിയിക്കുന്നു. 1874 ആഗസ്ത് 4-–ന് മാർക്സ് സോർഗെക്കും ഇപ്രകാരമെഴുതി: ‘‘ഇവിടത്തെ (ഇംഗ്ലണ്ടിലെ) നഗരത്തൊഴിലാളികളെ സംബന്ധിച്ചാണെങ്കിൽ, നേതാക്കന്മാരുടെ പറ്റം മുഴുവൻ പാർലമെന്റിൽ കയറാത്തതു കഷ്ടമായിപ്പോയി. അക്കൂട്ടരെ അതേപടി ഒഴിച്ചുവിടാനുള്ള ഏറ്റവും പറ്റിയ മാർഗമതാണ്’’. 1881 ആഗസ്ത് 11- നു മാർക്സിനെഴുതിയ ഒരു കത്തിൽ, ‘‘ബൂർഷ്വാസിക്ക് സ്വയം അടിയറ വയ്ക്കുകയോ അല്ലെങ്കിൽ ചുരുങ്ങിയത് അവരിൽനിന്നും വേതനം പറ്റുകയോ ചെയ്യുന്ന ആളുകൾ തങ്ങളെ നയിക്കാൻ അനുവദിച്ചുകൊടുക്കുന്ന അങ്ങേയറ്റം അധഃപതിച്ച ഇംഗ്ലീഷ് ട്രേഡ്‌യൂണിയനുകളെ ‘ ‘ക്കുറിച്ച് എംഗൽസ് പറയുന്നുണ്ട്. 1882 സെപ്തംബർ 12-–നു കൗട്സ്കിക്കയച്ച കത്തിൽ എംഗൽസ് ഇങ്ങനെയെഴുതി: ‘‘കൊളോണിയൽ നയത്തെക്കുറിച്ച് ഇംഗ്ലീഷ് തൊഴിലാളികൾ ചിന്തിക്കുന്നതെന്താണെന്നു നിങ്ങൾ ചോദിക്കുന്നു. പൊതുവിൽ രാഷ്ട്രീയത്തെക്കുറിച്ച് അവർ ചിന്തിക്കുന്ന അതേ കാര്യംതന്നെ. തൊഴിലാളിപ്പാർട്ടി എന്നൊന്ന് ഇവിടെയില്ല. യാഥാസ്ഥിതികപക്ഷക്കാരും ലിബറൽ – -റാഡിക്കൽ പക്ഷക്കാരും മാത്രമേ ഇവിടെയുള്ളൂ. ലോകവിപണിയുടെയും കോളനികളുടെയും കുത്തക കരസ്ഥമാക്കിക്കൊണ്ടുള്ള ഇംഗ്ലണ്ടിന്റെ ഉത്സവസദ്യയിൽ തൊഴിലാളികളും സന്തോഷസമന്വിതം പങ്കുചേരുന്നു’’.

1889 ഡിസംബർ 7- ന് എംഗൽസ് സോർഗെക്കെഴുതി: ‘‘തൊഴിലാളികളുടെ അസ്ഥിവരെ ബാധിച്ചിരിക്കുന്ന ബൂർഷ്വാ ‘മാന്യത’യാണ് ഇവിടെ (ഇംഗ്ലണ്ടിൽ) തീരെ അസഹ്യമായിട്ടുള്ള സംഗതി….എന്റെ അഭിപ്രായത്തിൽ അക്കൂട്ടത്തിൽ ഏറ്റവും കൊള്ളാവുന്ന ടോം മാനുപോലും മേയർ പ്രഭുവിന്റെ കൂടെ ലഞ്ചുകഴിക്കുന്ന കാര്യം പറയാൻ കൗതുകമാണ്. ഫ്രഞ്ചുകാരുമായി ഇതൊന്നു തട്ടിച്ചുനോക്കിയാൽ ഒരു വിപ്ലവംകൊണ്ട് എന്തെല്ലാം മെച്ചങ്ങളാണുള്ളതെന്നു ബോദ്ധ്യപ്പെടും’’. 1890 ഏപ്രിൽ 19-–ാം തീയതിയിലെ കത്തിൽ പറയു ന്നതിതാണ് : ‘‘എന്നാൽ മുകൾപ്പരപ്പിനു കീഴിൽ പ്രസ്ഥാനം (ഇംഗ്ലണ്ടിലെ തൊഴിലാളിവർഗപ്രസ്ഥാനം) പുരോഗമിക്കുകയാണ്. കൂടുതൽ വിപുലമായ വിഭാഗങ്ങളിലേക്ക്, അതുതന്നെ മുഖ്യമായും നാളിതു വരെ നിശ്ചലമായിക്കഴിഞ്ഞിരുന്ന, ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന (ഉൗന്നൽ എംഗൽസിന്റേത്) വിഭാഗങ്ങൾക്കിടയിലേക്ക് വ്യാപിക്കുകയാണ്. ഈ സമൂഹം പെട്ടെന്ന് സ്വയം കണ്ടെത്തുന്ന ദിവസം, ചലിച്ചുകൊണ്ടിരിക്കുന്ന ഈ ബൃഹത്തായ സമൂഹം തങ്ങൾതന്നെയാണെന്ന ബോധം അവരിൽ ഉദയം ചെയ്യുന്ന ദിവസം, ഇനി വളരെ വിദൂരമല്ല’’. 1891 മാർച്ച് 4- ന് എഴുതിയത് : ‘‘പൊളിഞ്ഞുപോയ ഡോക്കു തൊഴിലാളിയൂണിയന്റെ പരാജയം; സമ്പന്നവും അതേ കാരണത്താൽ ഭീരുത്വപൂർണ്ണവുമായ ‘പഴയ’ യാഥാസ്ഥിതികയൂണിയനുകൾ രംഗത്ത് ഒറ്റപ്പെട്ടു നില്ക്കുകയാണ്’’. 1891 സെപ്തംബർ 14-ന് എഴു തിയത് : എട്ടുമണിക്കൂർ ദിവസത്തിന്റെ എതിരാളികളായ പഴയ യൂണിയൻ പ്രവർത്തകർ ന്യൂകാസിൽ ട്രേഡ്‌യൂണിയൻ കോൺഗ്രസ്സിൽ വെച്ച് പരാജയപ്പെട്ടു. ‘‘ബൂർഷ്വാ തൊഴിലാളിപ്പാർട്ടിക്കു നേരിട്ട ആ പരാജയം ബൂർഷ്വാപത്രങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്’’. (ഉൗന്നൽ ആദ്യന്തം എംഗൽസിന്റേത്).

അനേകദശാബ്ദക്കാലത്തേക്ക് എംഗൽസ് ആവർത്തിച്ചു പ്രകാശിപ്പിച്ച ഈ ആശയങ്ങൾ അദ്ദേഹം പരസ്യമായിട്ടുകൂടി അച്ചടിയിൽ – വെളിപ്പെടുത്തുകയുണ്ടായിയെന്നതിന്റെ തെളിവാണ‍് ‘‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി” (1892) എന്ന കൃതിയുടെ രണ്ടാം പതിപ്പിന് അദ്ദേഹമെഴുതിയ മുഖവുര. ‘‘തൊഴിലാളിബഹുജനങ്ങളുടെ വമ്പിച്ച സമൂഹ’’ത്തിൽനിന്നും വിഭിന്നമായി ‘‘തൊഴിലാളിവർഗത്തിനിടയിലുള്ള പ്രമാണിവിഭാഗ’’ത്തെക്കുറിച്ചും ‘‘തൊഴിലാളികൾക്കിടയിൽ പ്രത്യേകാനുകൂല്യങ്ങളനുഭവിക്കുന്ന ന്യൂനപക്ഷ”ത്തെക്കുറിച്ചും അദ്ദേഹം അതിൽ പറയുന്നുണ്ട്. 1848-–68 കാലഘട്ടത്തിൽ പ്രത്യേകാനുകൂല്യങ്ങളോടുകൂടിയ പദവി ഇംഗ്ലണ്ടിനുണ്ടായിരുന്നുവെന്നതുകൊണ്ട് ‘‘സ്ഥിരമായ പ്രയോജന’’മുണ്ടായത് തൊഴിലാളികൾക്കിടയിൽ ‘‘പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന, സുരക്ഷിതരായ ഒരു ചെറിയ ന്യൂനപക്ഷ’ ‘ത്തിനുമാത്രമാണ്. അതേസമയം, ‘‘അവരിൽ ബഹുഭൂരിപക്ഷത്തിനും ഏറിവന്നാൽ ഒരു താല്ക്കാലിക മെച്ചമാണുണ്ടായത്….’’. ‘‘ആ കുത്തക (ഇംഗ്ലണ്ടിന്റെ വ്യാവസായികക്കുത്തക) പൊളിയുന്നതോടെ, പ്രത്യേകാനുകൂല്യങ്ങളോടുകൂടിയ ആ പദവി ഇംഗ്ലീഷ് തൊഴിലാളിവർഗത്തിനു നഷ്ടപ്പെടും….’’ ‘പുതിയ’ യൂണിയനുകളിലെ, അതായത് അവിദഗ്ദ്ധതൊഴിലാളികളുടെ യൂണിയനുകളിലെ, അംഗങ്ങൾക്കു ”ഗണ്യമായ ഒരു മെച്ചമുണ്ട്: ഒസ്യത്തായിക്കിട്ടുകയും, കൂടുതൽ ഭേദപ്പെട്ട നിലയിൽ കഴിയുന്ന ‘പഴയ’ യൂണിയൻ പ്രവർത്തകരുടെ ചിന്താശക്തിക്കു വിഘാതമായിനില്ക്കുകയും ചെയ്യുന്ന ‘മാന്യമായ’ ബൂർഷ്വാമുൻവിധികൾ ലേശവും തീണ്ടാത്ത പുതുമണ്ണാണ് അവരുടെ മനസ്സ്’’. ‘‘തങ്ങൾ തൊഴിലാളിവർഗ്ഗത്തിൽപ്പെട്ടവരാണെന്ന വസ്തുത മിതവാദമാകുന്ന കടലിൽ കഴുകിക്കളയാൻ അവർതന്നെ അഭിലഷിക്കുന്നുവെന്നതുകൊണ്ട് അക്കാര്യത്തിൽ മാപ്പുനൽകപ്പെട്ടിരിക്കുന്നയാളുക” ളാണ് ഇംഗ്ലണ്ടിലെ ‘‘തൊഴിലാളിപ്രതിനിധികളെന്നു പറയപ്പെടുന്നവർ…’’

മാർക്സിന്റെയും എംഗൽസിന്റെയും നേരിട്ടുള്ള പ്രസ്താവനകൾ ഏതാണ്ട് സവിസ്തരമായിത്തന്നെ ഞങ്ങളുദ്ധരിച്ചത് വായനക്കാർ അവ മൊത്തത്തിൽ പഠിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയാണ്. അവ പഠിക്കുക തന്നെ വേണം, കൂലങ്കഷമായ പരിചിന്തനത്തിനുള്ള വക അവ നൽകുന്നുണ്ട്. കാരണം, സാമ്രാജ്യത്വയുഗത്തിലെ വസ്തുനിഷ്ഠമായ സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന, തൊഴിലാളിപ്രസ്ഥാനത്തിലെ അടവു കൾ അവയെ ആലംബമാക്കിയാണു നിലകൊള്ളുന്നത്.

ഇവിടെയും ‘‘പ്രശ്നം കൂട്ടിക്കുഴയ്ക്കാ”നും മാർക്സിസത്തിന്റെ സ്ഥാനത്ത് അവസരവാദികളുമായുള്ള വൈകാരികമായ അനുരഞ്ജനത്തെ അവരോധിക്കാനും കൗട്‌സ്കി ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കുത്തക നശി പ്പിക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയ്ക്ക് ജർമ്മനി യുദ്ധത്തിൽ പങ്കെടുത്തതിനെ ന്യായീകരിക്കുന്ന, ശുദ്ധഗതിക്കാരായ തുറന്ന സാമൂഹ്യ–-സാമ്രാജ്യവാദികളെ (ലെൻഷിനെപ്പോലുള്ളവരെ) എതിർത്തുകൊണ്ട്, ആ പച്ചക്കള്ളത്തെ അതുപോലെതന്നെയുള്ള മറ്റൊരു പച്ചക്കള്ളം കൊണ്ടു ‘‘തിരുത്തുക”യാണു കൗട്‌സ്കി ചെയ്യുന്നത്. യാതൊരു മറയുമില്ലാത്ത ഒരു കള്ളത്തിനു പകരം മയത്തിലുള്ള ഒരു കള്ളം അദ്ദേഹം പ്രയോഗിക്കുന്നു ! ഇംഗ്ലണ്ടിന്റെ വ്യവസായക്കുത്തക എന്നേ തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു, എന്നേ നശിച്ചിരിക്കുന്നു, എന്നാണദ്ദേഹം പറയുന്നത്. ഇനി നശിപ്പിക്കാൻ യാതൊന്നുമില്ലത്രേ.

ഈ വാദം എന്തുകൊണ്ടാണു തെറ്റാകുന്നത്?

കാരണം, ഒന്നാമതായി, ഇംഗ്ലണ്ടിന്റെ കൊളോണിയൽ കുത്തക അത് അവഗണിക്കുന്നു. അതേസമയം നാം നേരത്തെ കണ്ടതുപോലെ, ഇക്കാര്യം 1882-ൽത്തന്നെ-–അതായതു മുപ്പത്തിനാലു വർഷങ്ങൾക്കുമുമ്പ് – എംഗൽസ് വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട് ! ഇംഗ്ലണ്ടിന്റെ വ്യവസായക്കുത്തക തകർക്കപ്പെട്ടിരിക്കാമെങ്കിലും അതിന്റെ കൊളോണിയൽ കുത്തക നിലനില്ക്കുന്നുണ്ടെന്നുമാത്രമല്ല അങ്ങേയറ്റം മൂർഛിച്ചിരിക്കുകയുമാണ്. കാരണം ലോകം മുഴുവൻ വിഭജിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു ! ഇങ്ങനെ മയത്തിലൊരു കള്ളം പറയുന്നതിൽക്കൂടി ‘‘സമരം ചെയ്യേണ്ടതായിട്ടു യാതൊന്നുമില്ല” എന്ന ബൂർഷ്വാ-–പസിഫിസ്റ്റും അവസരവാദപരവും ഫിലിസ്റ്റൈന്മാർക്കനുയോജ്യവുമായ ആശയഗതി കടത്തിവിടുകയാണ് കൗട്സ്കി ചെയ്യു ന്നത്. എന്നാൽ നേരേമറിച്ച് മുതലാളിമാർക്ക് ഇപ്പോൾ സമരം ചെയ്യാനുള്ള കാര്യമുണ്ടെന്നുമാത്രമല്ല, മുതലാളിത്തം നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു സമരം ചെയ്യാതെ ഗത്യന്തരമില്ല. കാരണം, ബലം പ്രയോഗിച്ച് കോളനികളുടെ പുനർവിഭജനം നടത്താതെ തങ്ങളേക്കാൾ പഴയ (ബലഹീനവും കൂടിയായ) സാമ്രാജ്യത്വശക്തികൾ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ പുതിയ സാമ്രാജ്യത്വരാഷ്ട്രങ്ങൾക്കു ലഭ്യമാകുകയില്ല. രണ്ടാമതായി, ഇംഗ്ലണ്ടിൽ അവസരവാദം (താല്ക്കാലികമായി) വിജയംവരിച്ചിരിക്കുന്നുവെന്ന വസ്തുത ഇംഗ്ലണ്ടിന്റെ കുത്തകസ്ഥിതിയിൽനിന്നും വ്യക്തമാകുന്നതെന്തുകൊണ്ടാണ് ? കാരണം, കുത്തക കൊള്ളലാഭം നൽകുന്നു, അതായത്, ലോകത്തെവിടെയും സർവസാധാരണമായിട്ടുള്ള മുതലാളിത്തലാഭത്തിനുമുപരി ഒരു മിച്ചലാഭം. ഈ കൊള്ളലാഭത്തിന്റെ ഒരോഹരി (അതും ചെറിയ ഓഹരിയൊന്നുമല്ല) തങ്ങളുടെ സ്വന്തം തൊഴിലാളികൾക്ക് കോഴയായി കൊടുക്കാനും മറ്റു രാജ്യങ്ങൾക്കെതിരായി അതാതു രാജ്യത്തെ തൊഴിലാളികളും മുതലാളിമാരും തമ്മിൽ സഖ്യം പോലെ ഒരേർപ്പാടുണ്ടാക്കാനും വേണ്ടി (ഇംഗ്ലീഷ് ട്രേഡ്‌യൂണിയനുകളും മുതലാളിമാരും തമ്മിലുണ്ടാക്കിയ കുപ്രസിദ്ധ ‘‘സഖ്യങ്ങളെ”ക്കുറിച്ച് വെബ്ബ് ദമ്പതിമാർ വിവരിച്ചിട്ടുള്ളത് ഓർക്കുക) വിനിയോഗിക്കാൻ മുതലാളിമാർക്ക് സാധിക്കുന്നതാണ്. പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തോടു കൂടിത്തന്നെ ഇംഗ്ലണ്ടിന്റെ വ്യവസായക്കുത്തക തകർന്നുകഴിഞ്ഞിരുന്നു. അക്കാര്യത്തിൽ തർക്കമില്ല. പക്ഷേ ഈ തകർച്ച എങ്ങനെ സംഭവിച്ചു? കുത്തക മുഴുവനും അപ്രത്യക്ഷമായോ ?

അങ്ങനെയായിരുന്നെങ്കിൽ, (അവസരവാദികളുമായി) രഞ്ജിപ്പുണ്ടാകണമെന്ന കൗട്സ്കിയുടെ സിദ്ധാന്തം ഒരതിരുവരെ ന്യായീകരിക്കാമായിരുന്നു. പക്ഷേ അങ്ങനെയല്ല സംഭവിച്ചത് എന്നതാണു വാസ്തവം. അതുതന്നെയാണ് പ്രശ്നവും. സാമ്രാജ്യത്വം കുത്തകമുതലാളിത്തം തന്നെയാണ്. ഓരോ കാർട്ടലും ട്രസ്റ്റും സിൻഡിക്കേറ്റും ഓരോ പടുകൂറ്റൻ ബാങ്കും ഓരോ കുത്തകതന്നെയാണ്. അമിതാദായം അപ്രത്യക്ഷമായിട്ടില്ല; അതിപ്പോഴും നിലനില്ക്കുന്നു. പ്രത്യേകാനുകൂല്യങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന, സമ്പൽസമൃദ്ധമായ ഒരു രാഷ്ട്രം മറ്റെല്ലാ രാജ്യങ്ങളേയും ചൂഷണം ചെയ്യുകയെന്നത് ഇന്നും നിലനില്ക്കുന്നു, അത് കൂടുതൽ ഗുരുതരമാവുകയും ചെയ്തിട്ടുണ്ട്. ഒരുപിടി സമ്പന്നരാഷ്ട്രങ്ങൾ – സ്വതന്ത്രവും യഥാർത്ഥത്തിൽ ഭീമവുമായ ‘‘ആധുനിക’’ സമ്പത്തിനെയാണു നാം വിവക്ഷിക്കുന്നതെങ്കിൽ അത്തരം രാഷ്ട്രങ്ങൾ നാലേയുള്ളൂ – ഇംഗ്ലണ്ട്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി – – വമ്പിച്ച തോതിൽ കുത്തക വികസിപ്പിച്ചിരിക്കുകയാണ് , കോടിക്കണക്കിന് അമിത ലാഭം അവർ നേടുന്നു. അവർ മറ്റു രാജ്യങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ‘“മുതുകിൽ കയറി ഇരിക്കുന്നു’’, വിശേഷിച്ചും എളുപ്പത്തിൽ തട്ടിയെടുക്കാവുന്ന, കൊഴുപ്പും സമ്പുഷ്ടിയുമുള്ള കൊള്ളമുതൽ വിഭജിച്ചെടുക്കാൻ അവർ പരസ്പരം പൊരുതുന്നു.

സാമ്രാജ്യത്വത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സത്ത യഥാർത്ഥത്തിൽ ഇതാണ്. അതിലടങ്ങിയിട്ടുള്ള ആഴമേറിയ വൈരുദ്ധ്യങ്ങളെയാണ്, അവയെ തുറന്നുകാട്ടുന്നതിനുപകരം, കൗട്സ്കി മറച്ചുപിടിക്കുന്നത്.

തങ്ങളുടെ അമിതലാഭം ഒരാണ്ടിൽ മിക്കവാറും നൂറുകോടി ഫ്രാങ്കോളം വരുമെന്നതുകൊണ്ട്, പത്തുകോടി ഫ്രാങ്കോ മറ്റോ ചെലവു ചെയ്തും “”തങ്ങളുടെ” തൊഴിലാളികളിൽ ഉപരിതലത്തിൽ നില്ക്കുന്നവർക്കു കൈക്കൂലി കൊടുക്കാൻ ഒരു ‘‘വൻകിട’’ സാമ്രാജ്യത്വശക്തിയിലെ ബൂർഷ്വാസിക്കു സാമ്പത്തികമായി സാധിക്കും. തൊഴിലാളിമന്ത്രിമാരും ‘‘തൊഴിലാളി പ്രതിനിധിക”ളും (ഈ പ്രയോഗത്തെക്കുറിച്ചുള്ള എംഗൽസിന്റെ ഉജ്ജ്വലമായ വിശകലനം ഓർക്കുക) യുദ്ധവ്യവസായക്കമ്മിറ്റികളിലെ തൊഴിലാളി അംഗങ്ങളും തൊഴിലാളിഉദ്യോഗഭാരവാഹികളും സങ്കുചിതമായ കൈത്തൊഴിൽ യൂണിയനുകളിൽപ്പെട്ട തൊഴിലാളികളും ഓഫീസ് ജീവനക്കാരും മറ്റും മറ്റും ഈ നക്കാപ്പിച്ച പങ്കിട്ടെടുക്കുന്നതെങ്ങനെയാണെന്നത് അപ്രധാനമായ പ്രശ്നമാണ്.

1848-നും 1868-നുമിടയ്ക്ക് ഒരു പരിധിവരെ അതിനുശേഷവും ഇംഗ്ലണ്ടുമാത്രമാണ് ഒരു കുത്തകയെന്ന നില അനുഭവിച്ചുകൊണ്ടിരുന്നത്: അതുകൊണ്ടാണ് അവസരവാദത്തിന് ദശാബ്ദങ്ങളോളം കാലം അവിടെ വിജയിക്കാൻ കഴിഞ്ഞത്. വളരെയേറെ സമ്പന്നമായ കോളനികളോ വ്യവസായക്കുത്തകയോ വേറെ ഒരൊറ്റ രാജ്യത്തിനുമുണ്ടായിരുന്നില്ല.

പത്തൊമ്പതാം ശതകത്തിന്റെ തൃതീയപക്ഷത്തിലാണ് പുതിയ, സാമ്രാജ്യത്വയുഗത്തിലേക്കുള്ള പരിവർത്തനമുണ്ടായത്. ഒരു വൻകിട ശക്തിയുടെയല്ല. ഏതാനും വൻകിടശക്തികളുടെ (അവ വളരെക്കുറച്ചേ ഉള്ളുവെങ്കിൽപ്പോലും) ഫിനാൻസ് മൂലധനത്തിനും കുത്തകയുടെ നില കൈവന്നിരിക്കുന്നു. (ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, സൈനികശക്തി, വിശാലമായ ഭൂപ്രദേശങ്ങൾ, അല്ലെങ്കിൽ ന്യൂനപക്ഷജനവിഭാഗങ്ങളേയും ചൈനയേയും മറ്റും കൊള്ളയടിക്കാനുള്ള പ്രത്യേകസൗകര്യങ്ങൾ, ഇവയുടെയെല്ലാം മേലുള്ള കുത്തക ഭാഗികമായി ഇന്നത്തെ ആധുനികഫിനാൻസ് മൂലധനത്തിന്റെ കുത്തകയ്ക്ക് അനുബന്ധമായും ഭാഗികമായി അതിനു പകരമായും വർത്തിക്കുന്നു.) ഇംഗ്ലണ്ടിന്റെ കുത്തകസ്ഥിതിക്ക് യാതൊരു വെല്ലുവിളിയും നേരിടാതെ ദശാബ്ദങ്ങളോളം നിലനില്ക്കാൻ സാധിച്ചത് എന്തുകൊണ്ടാണെന്നും ഈ വ്യത്യാസം വ്യക്തമാക്കുന്നു. ആധുനിക ഫിനാൻസ് മൂലധനത്തിന്റെ കുത്തക വെകിളിപിടിച്ച് വെല്ലുവിളിക്കപ്പെടുകയാണ്; സാമ്രാജ്യത്വയുദ്ധങ്ങളുടെ യുഗം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഏതെങ്കിലുമൊരു രാജ്യത്തെ തൊഴിലാളിവർഗത്തെ അനേകദശാബ്ദക്കാലത്തേക്കു കോഴകൊടുത്ത് ദുഷിപ്പിക്കാൻ അക്കാലത്ത് സാദ്ധ്യമായിരുന്നു. ഇന്ന് അത് അഥവാ അസാദ്ധ്യമല്ലെങ്കിൽക്കൂടി അസംഭാവ്യമാണ് . എന്നാൽ, അതേ സമയം “”തൊഴിലാളിപ്രമാണിവർഗ്ഗ’ ‘ത്തിന്റെ (1848–-68-ലെ ഇംഗ്ലണ്ടിനെ അപേക്ഷിച്ച്) കുറേക്കൂടി ചെറിയ വിഭാഗത്തിനും കോഴ കൊടുക്കാൻ ഓരോ ‘‘വൻകിട” സാമ്രാജ്യത്വശക്തിക്കും കഴിയുന്നതാണ്, അതവ ചെയ്യുന്നുമുണ്ട്. മുമ്പാണെങ്കിൽ, എംഗൽസിന്റെ അങ്ങേയറ്റം ഗഹനമായ വാക്കുകളിൽ പറഞ്ഞാൽ ഒരു ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടി’’ ഒരു രാജ്യത്തു മാത്രമേ രൂപപ്പെടാൻ സാധിക്കുമായിരുന്നു. കാരണം കുത്തക ആ രാജ്യത്തിനു മാത്രമാണുണ്ടായിരുന്നത്. അതേസമയം അതിന് വളരെക്കാലം നിലനില്ക്കാൻ കഴിയുമായിരുന്നു. ഇന്നാണെങ്കിൽ ഒരു ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടി” എല്ലാ സാമ്രാജ്യത്വരാ ഷ്ട്രങ്ങളിലും രൂപംകൊള്ളുകയെന്നത് അനിവാര്യവും സ്വാഭാവികവുമാണ്. എന്നാൽ കൊള്ളമുതൽ പങ്കിട്ടെടുക്കാൻ വേണ്ടി അവ നടത്തുന്ന ഉഗ്രസമരം കാരണം അത്തരമൊരു പാർട്ടി അനേകം രാജ്യങ്ങളിൽ വളരെക്കാലം നിലനില്ക്കുകയെന്നത് അസംഭാവ്യമാണ്. എന്തുകൊണ്ടെന്നാൽ, ട്രസ്റ്റുകളും ഫിനാൻസ് പ്രഭുത്വവും വിലക്കൂടുതലുമെല്ലാം തലപ്പത്തിരിക്കുന്ന ഒരുപിടിയാളുകൾക്ക് കോഴകൊടുക്കാനുള്ള സാദ്ധ്യതയുളവാക്കുമെങ്കിലും അവ തൊഴിലാളികളും അർദ്ധതൊഴിലാളികളുമായ ബഹുജനങ്ങളെ അധികമധികം അടിച്ചമർത്തുകയും ഞെരിക്കുകയും പാപ്പരാക്കുകയും ക്രൂരമായി ദണ്ഡനമേല്പിക്കുകയും ചെയ്യുന്നു.

ഒരുവശത്ത്, വളരെയേറെ സമ്പത്തും പ്രത്യേകാനുകൂല്യങ്ങളും അനുഭവിക്കുന്ന ഒരുപിടി രാജ്യങ്ങളെ അവയൊഴിച്ചുള്ള മനുഷ്യരാശിയുടെ ശരീരത്തിലെ ‘‘എക്കാലത്തെയും’’ ഇത്തിക്കണ്ണികളാക്കി മാറ്റാനും ആധുനികസൈനികവല്ക്കരണം പ്രദാനം ചെയ്തിട്ടുള്ള ഒന്നാംതരം നശീകരണായുധങ്ങളുടെ സഹായത്തോടെ നീഗ്രോകളേയും ഇന്ത്യാക്കാരേയും മറ്റും അടിമപ്പെടുത്തിവച്ചു അവരെ ചൂഷണം ചെയ്യുന്നതുകൊണ്ട് ‘‘തൃപ്തിപ്പെട്ടിരിക്കാനും” ബൂർഷ്വാസിയും അവസരവാദികളും പ്രവണത കാണിക്കുന്നുണ്ട്. മറുവശത്തും മുമ്പെന്നത്തേക്കാളും മർദ്ദനമനുഭവിക്കുകയും സാമ്രാജ്യത്വയുദ്ധങ്ങളുടെ മുഴുവൻ ഭാരവും താങ്ങുകയും ചെയ്യുന്ന ബഹുജനങ്ങൾ ഈ നുകം വലിച്ചെറിയാനും ബൂർഷ്വാസിയെ മറിച്ചിടാനുമുള്ള പ്രവണതയാണ് പ്രകടിപ്പിക്കുന്നത്. ഈ രണ്ടു പ്രവണതകൾതമ്മിലുള്ള സമരത്തിൽക്കൂടിയായിരിക്കും ഇനി തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രം അനിവാര്യമായും മുന്നോട്ടു നീങ്ങുന്നത്. കാരണം, ആദ്യത്തെ പ്രവണത യാദൃച്ഛികമല്ല; അതു സാമ്പത്തികമായി ‘‘സമർത്ഥിക്കപ്പെട്ടിരിക്കുന്നു.” എല്ലാ രാജ്യങ്ങളിലും ബൂർഷ്വാസി സാമൂഹ്യസങ്കുചിതവാദികളടങ്ങുന്ന ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടികൾ’’ രൂപീകരിക്കുകയും വളർത്തുകയും സ്വായത്തമാക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. വ്യക്തമായി രൂപം കൊണ്ടിട്ടുള്ള ഒരു പാർട്ടിയും (ഉദാ: തികച്ചും സാമൂഹ്യ-–സാമ്രാജ്യവാദിയായ, ഇറ്റലിയിലെ ബിസ്സോലാത്തിയുടെ പാർട്ടി) അർദ്ധരൂപീകൃതമായ ഒരു ഏകദേശപാർട്ടിയും-–അങ്ങനെ പറയാമെങ്കിൽ – (ഉദാ: പൊത്രേസ്സൊവ്മാരും ഗ്വൊസ്കോവ്മാരും ബൂൽക്കിന്മാരും സെയിദ്സെമാരും സ്നോബെലെവ്മാരും പ്രഭൃതികളും ചേർന്നുണ്ടാക്കിയിട്ടുള്ളത്) തമ്മിലുള്ള വ്യത്യാസം നിസ്സാരമാണ്. സാമ്പത്തികമായി നോക്കിയാൽ, തൊഴിലാളിപ്രമാണിവർഗ്ഗമെന്ന ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തേക്കു കാലുമാറുകയെന്നത് പൂർത്തിയാവുകയും പ്രയോഗത്തിൽ വന്നുകഴിഞ്ഞിട്ടുള്ള ഒരു പരമാർത്ഥമായിത്തീരുകയും ചെയ്തിരിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട സംഗതി; ഈ സാമ്പത്തിക പരമാർത്ഥം, വർഗ്ഗബന്ധങ്ങളിൽ വന്നിട്ടുള്ള ഈ മാറ്റം, യാതൊരു പ്രത്യേക ‘‘വൈഷമ്യ”വുമില്ലാതെ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ രാഷ്ട്രീയരൂപം കൈക്കൊള്ളുകയും ചെയ്യും.

മേൽ പ്രസ്താവിച്ചിട്ടുള്ള സാമ്പത്തികാടിസ്ഥാനത്തിൽ, ആധുനിക മുതലാളിത്തത്തിന്റെ രാഷ്ട്രീയസ്ഥാപനങ്ങൾ – പ്രസ്സ്, പാർലമെന്റ്, അസോസിയേഷനുകൾ, കോൺഗ്രസ്സുകൾ മുതലായവ – ആദരവും വിനയവും മിതവാദവും രാജ്യസ്നേഹവും പ്രകടിപ്പിക്കുന്ന ഓഫീസ് ജീവനക്കാർക്കും തൊഴിലാളികൾക്കുംവേണ്ടി, സാമ്പത്തികമായ ആനുകൂല്യങ്ങൾക്കും നക്കാപ്പിച്ചകൾക്കും അനുരൂപമായി രാഷ്ട്രീയാനുകൂല്യങ്ങളും നക്കാപ്പിച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. ഗവണ്മെന്റ്, യുദ്ധവ്യവസായക്കമ്മിറ്റികൾ, പാർലമെന്റ്, വിവിധകമ്മിറ്റികൾ, നിയമവിധേയമായി പ്രസിദ്ധീകരിച്ചുവരുന്ന ‘‘മാന്യമായ” പത്രങ്ങളുടെ പത്രാധിപ സമിതികൾ, അത്രയും തന്നെ മാന്യമായ ‘‘ബൂർഷ്വാ-–വിധേയ” ട്രേഡ് യൂണിയനുകളുടെ ഭരണസമിതികൾ, ഇവയിലെവിടെയെങ്കിലും ആദായകരവും അനായാസവുമായ ജോലി – ഈ ഇര എറിഞ്ഞുകൊടുത്താണ് സാമ്രാജ്യത്വ ബൂർഷ്വാസി ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടി” കളുടെ പ്രതിനിധികളേയും അനുഭാവികളേയും വശീകരിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നത്.

രാഷ്ട്രീയ ജനാധിപത്യത്തിന്റെ മെക്കാനിക്സും ഇതേവഴിക്കാണു പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പു കൂടാതെ ഇക്കാലത്ത് യാതൊന്നും സാദ്ധ്യമല്ല; ബഹുജനങ്ങളെക്കൂടാതെ യാതൊന്നും സാദ്ധ്യമല്ല. മുഖസ്തുതി, കളവ്, വഞ്ചന, ജനങ്ങൾക്കിടയിൽ ഫാഷനായിത്തീരുകയും അവർക്കിടയിൽ പ്രചാരം സിദ്ധിക്കുകയും ചെയ്തിട്ടുള്ള മുദ്രാവാക്യങ്ങളെക്കൊണ്ടു പന്താടൽ, ബൂർഷ്വാസിയെ മറിച്ചിടാനുള്ള വിപ്ലവസമരം അവർ ഉപേക്ഷിക്കുന്നിടത്തോളം കാലം തൊഴിലാളികളോട് ഇടംവലം നോക്കാതെ സർവ്വവിധ പരിഷ്കാരങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യൽ – ഇതിന്റെയെല്ലാം ശാഖോപശാഖവും സുസംഘടിതവും സുസജ്ജവുമായ ഒരു ഏർപ്പാടില്ലാതെ അച്ചടിയുടേയും പാർലമെന്ററിസത്തിന്റെയും ഈ യുഗത്തിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ലഭിക്കാൻ സാദ്ധ്യമല്ല. ‘‘ബൂർഷ്വാ തൊഴിലാളിപ്പാർട്ടി”യുടെ ജന്മനാട്ടിൽ ഈ ഏർപ്പാടിന്റെ സമർത്ഥരായ പ്രമുഖ പ്രതിനിധികളിലൊരാളായ ഇംഗ്ലീഷ് മന്ത്രി ലോയ്ഡ് ജോർജിന്റെ പേരിനെത്തുടർന്നു ഞാൻ ഈ ഏർപ്പാടിനെ ലോയ്ഡ് ജോർജിസം എന്നു വിളിക്കുകയാണ്. ഒരു ഒന്നാന്തരം ബൂർഷ്വാ ബിസിനസ്സുകാരനും രാഷ്ട്രീയത്തിൽ ഒരു പഴക്കം ചെന്ന കൗശലക്കാരനും നിങ്ങൾക്കിഷ്ടമുള്ള ഏതു പ്രസംഗവും (ഒരു തൊഴിലാളി സദസ്സിന്റെ മുമ്പിൽ വിപ്ലവപ്രസംഗം പോലും) ചെയ്യാൻ സന്നദ്ധനായ, ജനസമ്മതി നേടിയ ഒരു പ്രാസംഗികനും, സാമൂഹ്യപരിഷ്കാരങ്ങളുടെ (ഇൻഷ്വറൻസ് തുട ങ്ങിയവ) രൂപത്തിൽ ഗണ്യമായ നക്കാപ്പിച്ചകൾ ചൊല്പടിയിൽ നില്ക്കുന്ന തൊഴിലാളികൾക്കും നേടിക്കൊടുക്കാൻ സമർത്ഥനും ആയ ലോയ്ഡ് ജോർജ് ബൂർഷ്വാസിയെ ഭംഗിയായി സേവിക്കുന്നു ; (‘‘ലോയ്ഡ് ജോർജ് – ഒരു ടോറിയുടെ ദൃഷ്ടിയിൽ” എന്ന ശീർഷകത്തിൽ ലോയ്ഡ് ജോർജിന്റെ രാഷ്ട്രീയവെെരിയായ ഒരു ടോറി ഒരു ഇംഗ്ലീഷ് മാസികയിലെഴുതിയ ലേഖനം ഞാൻ ഈയിടെ വായിക്കുകയുണ്ടായി. യുദ്ധം ഈ പ്രതിയോഗിയുടെ കണ്ണുകൾ തുറക്കുകയും ലോയ്‌ഡ് ജോർജ് എന്ന മനുഷ്യൻ ബൂർഷ്വാസിയുടെ എത്ര നല്ല സേവകനാണെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരി ക്കുന്നു! ടോറികൾ ലോയ്‌ഡ് ജോർജുമായി രഞ്ജിപ്പിലെത്തിയിരിക്കുന്നു!) അതും തൊഴി ലാളിമദ്ധ്യത്തിൽനിന്നുമാണ് സേവിക്കുന്നത്. അതിന്റെ സ്വാധീനം തൊഴിലാളിവർഗത്തിലേക്കുതന്നെ അദ്ദേഹം എത്തിക്കുന്നു. ബൂർഷ്വാസിക്കു തങ്ങളുടെ സ്വാധീനം ഏറ്റവും കൂടുതലാവശ്യമായിട്ടുള്ളതും അവി ടെയാണ്. ബഹുജനങ്ങളെ തങ്ങളുടെ ധാർമ്മികാധീനതയിൽ കൊണ്ടുവരാൻ ബൂർഷ്വാസി ഏറ്റവും ബുദ്ധിമുട്ടുന്നതും അവിടെത്തന്നെയാണ്.

ലോയ്ഡ് ജോർജും ഷൈഡെമൻ-–ലേഗീൻ–-ഹെൻഡേഴ്സൺ -– ഹൈൻഡ് മാൻ-– പ്ലെഖനോവ്- – റെനൊഡേൽ പ്രഭൃതികളും തമ്മിൽ ഇത്ര വലിയ വ്യത്യാസമെന്തെങ്കിലുമുണ്ടോ ? രണ്ടാമതു പറഞ്ഞവരിൽ ചിലർ മാർക്സിന്റെ വിപ്ലവസോഷ്യലിസത്തിലേക്ക് തിരിച്ചുവരുമെന്നു മറിച്ചു വാദിക്കുമായിരിക്കാം. അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ പ്രശ്നത്തെ അതിന്റെ രാഷ്ട്രീയപ്രാധാന്യം വെച്ചുകൊണ്ട്, അതായത് ബഹുജനപ്രാധാന്യം വെച്ചുകൊണ്ടു പരിശോധിച്ചാൽ, ഈ വ്യ ത്യാസം ഡിഗ്രിയിലുള്ള ഒരു നിസ്സാരവ്യത്യാസം മാത്രമാണെന്നു കാണാം. ഇന്നത്തെ സാമൂഹ്യസങ്കുചിതവാദികളായ നേതാക്കന്മാരിൽ ഏതാനും വ്യക്തികൾ തൊഴിലാളിവർഗത്തിലേക്കു മടങ്ങിവരുമായിരിക്കും. എന്നാൽ സാമൂഹ്യസങ്കുചിതവാദത്തിന്റെ, അഥവാ അവസരവാദത്തിന്റെ (രണ്ടും ഒന്നുതന്നെ) പ്രവണതയ്ക്ക് അപ്രത്യക്ഷമാകാനോ വിപ്ലവകാരിയായ തൊഴിലാളിവർഗത്തിലേക്കു ‘‘തിരിച്ചുവരാ” നോ സാദ്ധ്യമല്ല. എവിടെയെല്ലാം മാർക്സിസത്തിന് തൊഴിലാളികൾക്കിടയിൽ പ്രചാരം സിദ്ധിച്ചിട്ടുണ്ടോ അവിടെയെല്ലാം ഈ രാഷ്ട്രീയപ്രവണത, ഈ ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടി’’, മാർക്സിന്റെ പേരിൽ ആണയിടും. ഏതെങ്കിലുമൊരു പ്രത്യേക ലേബലോ അടയാളമോ പരസ്യമോ ഉപയോഗിക്കരുതെന്നും കച്ചവടക്കമ്പനിയെ വിലക്കാൻ വയ്യാത്തതുപോലെ ഈ ആണയിടൽ പാടില്ലെന്നു വിലക്കാനും നിർവാഹമില്ല. മർദ്ദിതവർഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിരുന്ന വിപ്ലവനേതാക്കളുടെ മരണാനന്തരം അവരുടെ ശത്രുക്കൾ മർദിതവർഗങ്ങളെ കബളിപ്പിക്കാൻവേണ്ടി അവരുടെ പേരുപയോഗിക്കാൻ ശ്രമിക്കുകയെന്നത് ചരിത്രത്തിൽ എന്നും നടന്നിട്ടുള്ളതാണ്.

ഒരു രാഷ്ട്രീയപ്രതിഭാസമെന്ന നിലയ്ക്ക് ‘‘ബൂർഷ്വാ തൊഴിലാളിപ്പാർട്ടികൾ” എല്ലാ പ്രമുഖമുതലാളിത്തരാഷ്ട്രങ്ങളിലും രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതാണു നേര്. ഈ പാർട്ടികൾക്കെതിരായി അഥവാ ഗ്രൂപ്പുകൾക്കും പ്രവണതകൾക്കും മറ്റും എതിരായി (എല്ലാം ഒന്നു തന്നെ) ദൃഢനിശ്ചയത്തോടും വിട്ടുവീഴ്ചയില്ലാതെയും അടിമുടി സമരം ചെയ്തില്ലെങ്കിൽ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെയോ മാർക്സിസത്തിന്റെയോ സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെയോ പ്രശ്നം പോലും ഉദിക്കുന്നില്ല. റഷ്യയിലെ ഛെയിദ്സെ ഫാക്ഷനും ‘നാഷെ ദെ-്യലൊ’യും “ഗോലൊസ്ത്രുദാ’യും വിദേശത്തെ സംഘടനാക്കമ്മിറ്റി അനുഭാവികളും അത്തരം ഒരു പാർട്ടിയുടെ രൂപഭേദങ്ങളല്ലാതെ മറ്റൊന്നുമല്ല. സാമൂഹ്യവിപ്ലവത്തിനുമുമ്പു തന്നെ ഈ പാർട്ടികൾ അന്തർദ്ധാനം ചെയ്യുമെന്നു കരുതുന്നതിനും യാതൊരു കാരണവുമില്ല. നേരേമറിച്ച്, വിപ്ലവം എത്രകണ്ട് അടുത്തുവരികയും ഊക്കോടെ ആളിക്കത്തുകയും ചെയ്യുന്നുവോ, അതിന്റെ പ്രയാ ണത്തിനിടയിൽ സംഭവിക്കുന്ന പരിവർത്തനങ്ങളും കുതിച്ചുചാട്ടങ്ങളും എത്രകണ്ട് പൊടുന്നനെയും ഉഗ്രവുമാകുന്നുവോ, അത്രകണ്ട് തൊഴിലാളി പ്രസ്ഥാനത്തിൽ പെറ്റി ബൂർഷ്വാ അവസരവാദപ്രവാഹത്തിനെതിരെ വിപ്ലവബഹുജനപ്രവാഹം നടത്തുന്ന സമരത്തിന്റെ പങ്ക് വർദ്ധിക്കുന്നതാണ്. കൗട്സ്കിയിസം ഒരു സ്വതന്ത്രപ്രവണതയല്ല. എന്തുകൊണ്ടെന്നാൽ, ബഹുജനങ്ങൾക്കിടയിലോ ബൂർഷ്വാസിയുടെ ഭാഗത്തേക്കു കാലുമാറിയിട്ടുള്ള, പ്രത്യേകാനുകൂല്യങ്ങളനുഭവിക്കുന്ന വിഭാഗത്തിനിടയിലോ അതു വേരൂന്നിയിട്ടില്ല. എന്നാൽ, മുമ്പു നിലനിന്നിരുന്ന പ്രത്യയശാസ്ത്രം ഉപയോഗിച്ചുകൊണ്ടു തൊഴിലാളിവർഗത്തെ ‘‘ബൂർ ഷ്വാതൊഴിലാളിപ്പാർട്ടി”യുമായി രഞ്ജിപ്പിക്കാനും അതുമായുള്ള തൊഴിലാളിവർഗത്തിന്റെ ഐക്യം നിലനിർത്താനും അങ്ങനെ പ്രസ്തുതപാർട്ടിയുടെ അന്തസ്സ് വർദ്ധിപ്പിക്കാനും ശ്രമിക്കുന്നുവെന്നതിലാണ് കൗട്സ്കിയിസത്തിന്റെ വിപത്തും സ്ഥിതിചെയ്യുന്നത്. പ്രത്യക്ഷത്തിൽ സാമൂഹ്യ–സങ്കുചിതവാദികളായവരെ ബഹുജനങ്ങൾ അനുഗമിക്കാതെയായി: ഇംഗ്ലണ്ടിലെ തൊഴിലാളിയോഗങ്ങളിൽവച്ച് ലോയ്ഡ് ജോർജിനെ കൂവിയിരുത്തിയിട്ടുണ്ട് ; ഹൈൻഡ്മാൻ പാർട്ടി ഉപേക്ഷിച്ചു; റെനൊഡേൽമാരും ഷൈഡെമൻമാരും, പൊത്രേ സൊവ്മാരും ഗെ-്വസ്ദ്യോവ്മാരും പൊലീസ് സംരക്ഷണയിൽ കഴിയുന്നു. കൗട്സ്കി പക്ഷക്കാർ കപടമായ വിധത്തിൽ സാമൂഹ്യ–സങ്കുചിതവാദികളുടെ വക്കാ ലത്തുപിടിക്കുന്നതാണ് കൂടുതൽ ആപല്ക്കരമായിട്ടുള്ളത്.

കൗട്സ്കിയിസത്തിന്റെ അങ്ങേയറ്റം സർവസാധാരണമായ വാദം ‘ബഹുജനങ്ങ’ളെച്ചൊല്ലിയുള്ളതാണ്. ബഹുജനങ്ങളിൽനിന്നും ബഹുജനസംഘടനകളിൽനിന്നും ഭിന്നിച്ചുപോകാൻ ഞങ്ങളാഗ്രഹിക്കുന്നില്ല ! ഇതാണവർ പറയുന്നത്. പക്ഷേ എംഗൽസ് ഈ പ്രശ്നം കണ്ടത് ഏതു വിധത്തിലാണെന്ന് ഒന്നാലോചിച്ചുനോക്കൂ. പത്തൊമ്പതാം ശതകത്തിൽ ഇംഗ്ലീഷ് ട്രേഡ്‌യൂണിയനുകളുടെ ‘‘ബഹുജന സംഘടനകൾ” ബൂർഷ്വാതൊഴിലാളിപ്പാർട്ടിയുടെ പക്ഷത്തായിരുന്നു. എന്നാൽ അക്കാരണത്താൽ അതുമായി രമ്യതയിൽ വർത്തിക്കാൻ മാർക്സും എംഗൽസും സന്നദ്ധരായില്ല. അവരത് തുറന്നുകാട്ടുകയാണുണ്ടായത്. ഒന്നാമതായി, തൊഴിലാളിവർഗ്ഗത്തിന്റെ ഒരു ന്യൂനപക്ഷത്തെയാണ് ട്രേഡ് യൂണിയൻ സംഘടനകൾ നേരിട്ട് ഉൾക്കൊണ്ടിട്ടുള്ളതെന്ന വസ്തുത അവർ വിസ്മരിച്ചില്ല. ഇന്നും ജർമ്മനിയിലുള്ളതുപോലെ അന്നു ഇംഗ്ലണ്ടിൽ തൊഴിലാളിവർഗ്ഗത്തിന്റെ അഞ്ചിലൊരുഭാഗത്തിലധികം സംഘടിതരായിരുന്നില്ല. മുതലാളിത്തത്തിൻകീഴിൽ തൊഴിലാളിവർഗത്തിന്റെ ഭൂരിപക്ഷത്തെ സംഘടിപ്പിക്കാൻ സാദ്ധ്യമാണെന്നും കാര്യമായി ആർക്കും കരുതാനാവില്ല. രണ്ടാമത് – -ഇതാണ് മുഖ്യസംഗതി-– സംഘടനയുടെ വലിപ്പത്തേക്കാൾ അതിന്റെ നയം യഥാർത്ഥത്തിൽ, വസ്തുനിഷ്ഠമായി ഏതു രീതിയിൽ പ്രാധാന്യമർഹിക്കുന്നുവെന്നതാണ് പ്രശ്നം : അതിന്റെ നയം ബഹുജനങ്ങളെയാണോ പ്രതിനിധാനം ചെയ്യുന്നത്, അവരെയാണോ സേവിക്കുന്നത്, അതായത്, മുതലാളിത്തത്തിൽനിന്നും അവരെ മോചിപ്പിക്കുകയെന്നതാണോ അതിന്റെ ലക്ഷ്യം, അതോ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങളെ, മുതലാളിത്തവുമായുള്ള ന്യൂനപക്ഷത്തിന്റെ അനുരഞ്ജനത്തിന്റെ താല്പര്യങ്ങളെ, ആണോ അതു പ്രതിനിധീകരിക്കുന്നത്? രണ്ടാമതു പറഞ്ഞത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം ശതാബ്ദത്തിൽ വാസ്തവമായിരുന്നു. ജർമ്മനിയേയും മറ്റും സംബന്ധിച്ചിടത്തോളം അത് ഇന്നു വാസ്തവമാണ്.

പഴയ ട്രേഡ് യൂണിയനുകളുടെ ‘‘ബൂർഷ്വാതൊഴിലാളിപ്പാർട്ടി ” യേയും-– അതായത്, പ്രത്യേകാനുകൂല്യങ്ങളനുഭവിച്ചുവന്ന ന്യൂനപക്ഷത്തേയും – യഥാർത്ഥത്തിൽ ഭൂരിപക്ഷം വരുന്ന, ‘‘ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ബഹുജനങ്ങളേയും’’ എംഗൽസ് വേർതിരിച്ചു കാണുന്നുണ്ട്. ‘‘ബൂർഷ്വാ മാന്യത” തീണ്ടിയിട്ടില്ലാത്ത രണ്ടാമത്തെകൂട്ടരോടാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. മാർക്സിസ്റ്റ് അടവിന്റെ സത്ത എന്നു പറയുന്നതിതാണ്!

തൊഴിലാളിവർഗത്തിന്റെ എത്ര അംശം സാമൂഹ്യ–സങ്കുചിതവാദികളേയും അവസരവാദികളേയും ഇന്നു പിന്തുടരുന്നുണ്ടെന്നും മേലിൽ പിന്തുടരുമെന്നും കൃത്യമായി കണക്കുകൂട്ടിപ്പറയാൻ ഞങ്ങൾക്കോ മറ്റാളു കൾക്കോ സാധിക്കുന്ന കാര്യമല്ല. സമരത്തിൽക്കൂടി മാത്രമേ അതു പ്രകടമാകൂ. സോഷ്യലിസ്റ്റ് വിപ്ലവം മാത്രമേ അക്കാര്യം ഖണ്ഡിതമായി തീരുമാനിക്കുകയുള്ളൂ. എന്നാൽ സാമ്രാജ്യത്വയുദ്ധവേളയിൽ ‘‘പിതൃഭൂമി യുടെ പരിരക്ഷ ”യ്ക്കായി മുന്നോട്ടുവരുന്നവർ ഒരു ന്യൂനപക്ഷത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളുവെന്ന് ഞങ്ങൾക്ക് തീർച്ചയായുമറിയാം. അതുകൊണ്ട്, സോഷ്യലിസ്റ്റുകാരായിത്തുടരാൻ നാമാഗ്രഹിക്കുന്നുണ്ടെങ്കിൽ, യഥാർത്ഥ ബഹുജനങ്ങളുടെയിടയിലേക്ക് ആണ്ടിറങ്ങുകയെന്നതാണ് നമ്മുടെ കടമ: അവസരവാദത്തിനെതിരായ സമരത്തിന്റെ മുഴുവൻ അർത്ഥവും ഉദ്ദേശ്യവുമിതാണ്. അവസരവാദികളും സാമൂഹ്യ–സങ്കുചിതവാദികളും യഥാർത്ഥത്തിൽ ബഹുജനതാല്പര്യങ്ങളെ വഞ്ചിക്കുകയും അടിയറവയ്ക്കുകയുമാണു ചെയ്യുന്നതെന്നും തൊഴിലാളികളിൽ ഒരു ന്യൂനപക്ഷം താല്ക്കാലികമായി അനുഭവിക്കുന്ന പ്രത്യേകാനുകൂല്യങ്ങളെ അവർ പിന്താങ്ങുന്നുവെന്നും ബൂർഷ്വാ ആശയഗതികളുടേയും സ്വാധീന ശക്തിയുടേയും പ്രചാരകരായി അവർ വർത്തിക്കുന്നുവെന്നും അവർ പരമാർത്ഥത്തിൽ ബൂർഷ്വാസിയുടെ ബന്ധുക്കളും ഏജന്റുമാരുമാണെന്നുമുള്ള വസ്തുത തുറന്നുകാട്ടുന്നതിൽക്കൂടി, തങ്ങളുടെ യഥാർത്ഥ രാഷ്ട്രീയതാല്പര്യങ്ങൾ എന്തെന്നു ഗ്രഹിക്കാനും സാമ്രാജ്യത്വയുദ്ധങ്ങളുടേയും സാമ്രാജ്യത്വയുദ്ധവിരാമങ്ങളുടേയും സുദീർഘവും ക്ലേശകരവുമായ അവസ്ഥാന്തരങ്ങളിൽക്കൂടി സോഷ്യലിസത്തിനും വിപ്ലവത്തിനുംവേണ്ടി പൊരുതാനും ബഹുജനങ്ങളെ പഠിപ്പിക്കുകയാണു നാം ചെയ്യുന്നത്. അവസരവാദവുമായി വിടപറയേണ്ടതിന്റെ അനിവാര്യതയും ആവശ്യകതയും ബഹുജനങ്ങളോടു വിശദീകരിക്കുക, അവസരവാദത്തിനെതിരായി നിർദ്ദാക്ഷിണ്യം സമരം ചെയ്തുകൊണ്ട് അവരെ വിപ്ലവത്തിനുവേണ്ടി പരിശീലിപ്പിക്കുക, ദേശീയ-മിതവാദ തൊഴിലാളിരാഷ്ട്രീയത്തിന്റെ കൊടും നീചത്വം മറച്ചുവയ്ക്കാനല്ല, അതു തുറന്നുകാട്ടാൻ, യുദ്ധാനുഭവങ്ങൾ ഉപയോഗപ്പെടുത്തുക – -ഇതാണ് ലോകതൊഴിലാളിപ്രസ്ഥാനത്തിനുള്ളിലെ ഏക മാർക്സിസ്റ്റ് നയം.
(1916 ഒക്ടോബറിൽ എഴുതിയത്. ‘‘സ്ബോർനിക് സൊറ്റ്സിയാൽ ദെമൊക്രാറ്റ”യുടെ രണ്ടാം ലക്കത്തിൽ 1916 ഡിസംബറിൽ പ്രസിദ്ധീകരിച്ചത്.)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + fourteen =

Most Popular