Friday, December 13, 2024

ad

Homeചിത്രകലദാർശനികതലമുള്ള കാർട്ടൂണുകൾ

ദാർശനികതലമുള്ള കാർട്ടൂണുകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയും മനുഷ്യനും ചേരുന്ന പൂർണതയാണ്‌ എല്ലാ കലാരൂപങ്ങളിലും ക്രിയാത്മക രചനകളിലും തെളിയുന്നത്‌. കാഴ്‌ചയിൽ ദുർഗ്രഹതകളില്ലാത്ത യഥാതഥമായ രചനകളും നവീനമായ അർഥതലങ്ങൾ സമ്മാനിക്കുന്നതുമായ കലാവിഷ്‌കാരങ്ങളും നാം കാണുന്നു, ആസ്വദിക്കുന്നു. ഏതു വിഭാഗം കലാരൂപമാണെങ്കിലും ആശയം ആസ്വാദകരിലേക്കെത്തപ്പെടുക അല്ലെങ്കിൽ അവരുമായി സംവദിക്കാൻ ഇടമുണ്ടാക്കുക എന്നതാണ്‌ പ്രധാനം. ഇവിടെ ചിത്രകലയുമായി നേർബന്ധമുള്ള കാർട്ടൂണുകളെക്കുറിച്ചാണ്‌ പരാമർശിക്കുന്നത്‌.

നവരസങ്ങളിൽ ഹാസ്യത്തിനാണ്‌ ഏറെ പ്രാധാന്യമുള്ളത്‌. സംവേദന മുഹൂർത്തങ്ങളിലെ പ്രയോഗപരതയും ഹാസ്യാത്മകമായ രൂപമാതൃകകളും പഠനാർഹമായ പ്രാധാന്യത്തോടെ ഗവേഷണങ്ങളും വിലയിരുത്തലുകളും നടക്കുന്ന കാലഘട്ടമാണിത്‌. ആസ്വാദനതലത്തിലെ വ്യത്യസ്‌തതകളും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്‌. മികച്ച കാർട്ടൂണിന്റെ ഘടകങ്ങൾ പരിശോധിക്കുമ്പോൾ ചടുലതയും ചലനവുമുണ്ടാകണം, വൈകാരിക ഭാവം വേണം, ഹാസ്യത്തിനാധാരമായ വിഷയവും രൂപകൽപനയും ഇഴചേർന്നിരിക്കണം, കാർട്ടൂണിന്റെ സന്ദേശം ആസ്വാദകരിലേക്കെത്തുന്നതാവണം. സമൂഹത്തിലേക്ക്‌ തുറക്കുന്ന കണ്ണുകളിലെ സൂക്ഷ്‌മനിരീക്ഷണവും വിഷയങ്ങളെ സത്യസന്ധമായി വിലയിരുത്തുന്നതും ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള നർമബോധവും നല്ല കാർട്ടൂണുകളുടെ സവിശേഷതയാകുന്നു. രാഷ്‌ട്രീയ‐സാമൂഹ്യ‐സാംസ്‌കാരിക രംഗത്തുനിന്നുള്ള സങ്കീർണമായ വിഷയങ്ങളെ അവതരിപ്പിക്കുമ്പോൾ വിഷയത്തെക്കുറിച്ച്‌ വേണ്ടത്ര അപഗ്രഥനം, വിമർശനം എന്നിവയും ഇഴചേർന്നു നിൽക്കേണ്ടതാണ്‌.

സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ അനായാസം പ്രതികരിക്കാൻ കഴിയുന്നത്‌ കാർട്ടൂണുകൾക്കാണ്‌. ഹാസ്യത്തിന്റെ മേമ്പൊടിയോടെ പരിവർത്തനത്തിലേക്കുള്ള വഴിതുറക്കുന്ന ഉന്നതവ്യക്തിത്വമാണ്‌ മികച്ച കാർട്ടൂണിസ്റ്റിന്റേത്‌. അങ്ങനെയൊരാളാണ്‌ നാമുക്കൊപ്പമുള്ള പ്രമുഖ കാർട്ടൂണിസ്റ്റ്‌ പി വി കൃഷ്‌ണൻ. സമകാലിക രാഷ്‌ട്രീയ വിമർശനമുൾപ്പെടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും പി വി കൃഷ്‌ണന്റെ രചനകൾ സജീവമായി ഇടപെടുന്നു. സാമാന്യജനങ്ങളുടെ നിത്യജീവിത മുഹൂർത്തങ്ങളെയും സമത്വപൂർണമായ ജീവിതസങ്കൽപങ്ങളെയും സാംസ്‌കാരികരംഗങ്ങളിലെ കാലികചിന്തകളേയും തന്റെ വരകളിലൂടെ ആവിഷ്‌കരിക്കുന്ന കാർട്ടൂണിസ്റ്റാണ്‌ പി വി കൃഷ്‌ണൻ എന്ന ആസ്വാദകരുടെയും സൗഹൃദങ്ങളുടെയും പ്രിയപ്പെട്ട കൃഷ്‌ണൻ മാഷ്‌. കുറഞ്ഞ വരകളിൽ നർമം ഒളിപ്പിച്ചിരിക്കുന്ന ചിന്തോദ്ദീപകങ്ങളായ കാർട്ടൂണുകൾ കേരളത്തിനകത്തും പുറത്തും പലതവണ ആനുകാലികങ്ങളിലല്ലാതെ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുണ്ട്‌; ആസ്വാദകർ അത്‌ നെഞ്ചേറ്റുകയും ചെയ്‌തിട്ടുണ്ട്‌. നാലഞ്ചു വർഷങ്ങൾക്കു മുമ്പാണ്‌ കൃഷ്‌ണൻ മാഷിന്റെ ഏകാംഗ കാർട്ടൂൺ പ്രദർശനം കേരള ലളിതകലാ അക്കാദമി ഗ്യാലറിയിൽ (വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ) സംഘടിപ്പിച്ചിരുന്നത്‌. മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപിന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട്‌ സുഗതകുമാരി ടീച്ചറായിരുന്നു പ്രദർശനം ഉദ്‌ഘാടനം ചെയ്‌തത്‌. കൃഷ്‌ണൻ മാഷിന്റെ മനസ്സറിയുന്ന വരയും വരിയുമായി ചിത്രകാരരും കാർട്ടൂണിസ്റ്റുകളും ഒപ്പം ചേർന്ന ഓർമ ഈയിടെ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയപ്പോൾ മനസ്സിൽ നിറഞ്ഞുനിന്നു. ചെറിയൊരു വീഴ്‌ചയും പ്രായവുമൊക്കെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും നർമബോധമുള്ള മനസ്സ്‌ വരയുടെ വഴിയിൽതന്നെയാണ്‌.

1973 കാലത്ത്‌ ആദ്യ കാർട്ടൂൺ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്നതുമുതൽ പി വി കൃഷ്‌ണൻ ചിത്രകലയിൽ തന്റെ തട്ടകം കാർട്ടൂണുകളാണെന്ന്‌ തിരിച്ചറിയുകയും ആ വഴിയിൽ സജീവമാകുകയും ചെയ്യുകയായിരുന്നു. തുടർന്ന്‌ അദ്ദേഹത്തിന്റെ കാർട്ടൂൺ രചനകൾ‐ കുറിപ്പുകൾ ഇവ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ആസ്വാദകരിലേക്കെത്തിക്കൊണ്ടിരുന്നു‐ രാഷ്‌ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വിഷയങ്ങളിലൂടെ. ഏതു ഭാഷ സംസാരിക്കുന്നവർക്കും വിദ്യാഭ്യാസത്തിന്റെ ഏതു നിലവാരത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്നു കൃഷ്‌ണൻ മാഷിന്റെ കാർട്ടൂണുകൾ. ആസ്വാദകനെ ചിരിപ്പിക്കുന്നതിലപ്പുറം ചിന്തിപ്പിക്കുകയും കാലിക വിഷയങ്ങളിൽ തികഞ്ഞ ഉൾക്കാഴ്‌ചയുണ്ടാക്കുവാനും കഴിയുന്നു എന്നതാണ്‌ കൃഷ്‌ണൻ മാഷിന്റെ കാർട്ടൂണുകളുടെ മറ്റൊരു പ്രത്യേകത. അവയിൽ ഒളിഞ്ഞിരിക്കുന്ന വിമർശനശരങ്ങൾ സമൂഹത്തിലും ഭരണതലത്തിലും ഉണ്ടാക്കിയിട്ടുള്ള ചലനങ്ങളും നിരവധി.

എൻ വി കൃഷ്‌ണവാര്യരുടെ താൽപര്യപ്രകാരം കുങ്കുമം വാരികയിൽ 1977 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ‘സാക്ഷി’ ഇതിനുദാഹരണമാണ്‌. വിവിധ തലങ്ങളിലുള്ള ആസ്വാദകർ മുപ്പതു വർഷങ്ങളോളം തുടർന്നുവന്ന സാക്ഷിയെ വിലയിരുത്തിയിട്ടുണ്ട്‌. പ്രമുഖ നിരൂപകൻ കെ പി അപ്പന്റെ വാക്കുകൾ ഇങ്ങനെ‐ ‘‘കൃഷ്‌ണനിൽ ഒരു വേദാന്തിയുണ്ട്‌. അതുപോലെ തന്നെ ഒരു നാടോടി കലാകാരനുണ്ട്‌. വേദാന്തിയിൽനിന്ന്‌ കാർട്ടൂണിന്‌ ഒരു ദാർശനികതലം കിട്ടുന്നു. നാടോടി കലാകാരനിൽനിന്ന്‌ സാമാന്യജനങ്ങളുടെ ഹൃദ്യമായ നർമം ഭാവനയിലൂടെ കിട്ടുന്നു. ഈ നർമം വളരെ സരസവും നിർമലവുമാണ്‌. ഇതാണ്‌ രേഖകളുടെ ലാളിത്യമായി മാറുന്നത്‌. രേഖകളുടെ ഒഴുക്ക്‌ സാധാരണ കാർട്ടൂണുകൾ നൽകാത്ത സംഗീതം കണ്ണുകൾക്ക്‌ നൽകുന്നു. തെയ്യത്തിന്റെ നാട്ടുകാരനായ (കണ്ണൂർ) കൃഷ്‌ണൻ മാഷിന്റെ ഓരോ കാർട്ടൂണും നൽകുന്ന ഹാസ്യാത്മകമായ പുരാവൃത്തം നമ്മോട്‌ സംവദിക്കുന്നതും ഇതുപോലുള്ള അഭിപ്രായസമന്വയങ്ങളാണ്‌.

തന്റെ ചുറ്റിലുമുള്ള കാഴ്‌ചകളെ പുതിയൊരു കാഴ്‌ചയായി‐ ഹാസ്യാത്മകമായി നമ്മെ കാട്ടിത്തരുകയാണ്‌ കൃഷ്‌ണൻ മാഷ്‌ തന്റെ രചനകളിലൂടെ. അദ്ദേഹത്തിന്റെ വരകൾ ലാളിത്യമാർന്നവയെങ്കിലും ആശയം ഉൾക്കരുത്തോടെ നമ്മെ കുലുക്കിവിളിച്ചുകൊണ്ട്‌ ചിരിപടർത്തുന്നു. മറ്റൊരർഥത്തിൽ പ്രതിരോധിക്കുകയും പ്രതികരിക്കുകയും ജനമധ്യത്തിൽ അവയെ തുറന്നുകാട്ടുകയും ചെയ്യുന്ന മൂർച്ചയുള്ള കാർട്ടൂണുകളാണവ.

സർക്കാർ സർവീസിൽ അദ്ദേഹം ജോലിചെയ്യുമ്പോൾ ഡിപ്പാർട്ട്‌മെന്റ്‌ ആവശ്യങ്ങൾക്കും അല്ലതെയും പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു. മറക്കാനാവാത്ത പോസ്റ്ററുകൾ നിരവധിയുണ്ട്‌. അവയിലൊന്നാണ്‌ ‘പ്രകൃതിയുടെ കണ്ണീർ’ എന്ന പേരിലുള്ള പോസ്റ്റർ. കേരളത്തിലെ കാടും മരങ്ങളും നിഷ്‌കരുണം നശിപ്പിക്കുന്നതിനെതിരെയുള്ള ഉൾക്കനമുള്ള വരയും വർണവുമായിരുന്നു പെയിന്റിങ്ങ്‌ പോലെ മനോഹരമായ ആ ചിത്രം. നിഷ്‌കളങ്കമായ ഒരു കുട്ടിയുടെ മനസ്സോടെ‐ ഉള്ളിന്റെ കനലിന്റെ വെളിച്ചവും കൂടി ചേർത്താണ്‌ ഇത്തരം രചനകൾ അദ്ദേഹം രൂപകൽപന ചെയ്‌തിട്ടുള്ളത്‌. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം തേടിയെത്തിയിരുന്നു.

കണ്ണൂർ ജില്ലയിൽ ജനിച്ച പി വി കൃഷ്‌ണൻ സ്‌കൂൾ വിദ്യാഭ്യാസം, ചിത്രകലാപഠനം ഇവയ്‌ക്കുശേഷം 1967ൽ കാസർകോട്‌ ജില്ലയിൽ കലാധ്യാപകനായി ചേർന്നു. 1977ൽ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ ചിത്രകാരനായി തിരുവനന്തപുരത്തെത്തുകയും അങ്ങനെ തിരുവനന്തപുരത്തുകാരനായി മാറുകയും ‘ബിന്ദു’വും ‘രേഖ’യുമായ രണ്ട്‌ പെൺമക്കളും ഭാര്യ മേഴ്‌സിയുമായി കരിയത്ത്‌ താമസമാക്കുകയുമായിരുന്നു. ഈയടുത്താണാ്‌ ഭാര്യയുടെ വേർപാട്‌ കൃഷ്‌ണൻ മാഷിന്റെ മനസ്സിലെ നർമത്തിന്‌ നിഴൽവീഴ്‌ത്തിയെങ്കിലും വരയ്‌ക്കാനിരിക്കുമ്പോൾ വരകളിലും വരിയിലും ഹ്യേം ഇഴചേർന്നെത്തുന്നു എന്നു പറയുന്നതാകും ശരി. നർമബോധമുള്ള വരവഴികളിൽ ആസ്വാദകവൃന്ദം ഇപ്പോഴുമുണ്ട്‌‐ വിടർന്ന കണ്ണുകളുമായി കൃഷ്‌ണൻ മാഷിന്റെ കാർട്ടൂണുകൾക്ക്‌ സാക്ഷിയാകാൻ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 17 =

Most Popular