Tuesday, June 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെലൈംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥിപ്രക്ഷോഭം

ലൈംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥിപ്രക്ഷോഭം

കെ ആർ മായ

ക്കാദമിക്‌ മികവിലെന്നപോലെ വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളിലും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നും മുന്നിലാണ്‌. അർധരാത്രിവരെ നീളുന്ന ചർച്ചകളും സംവാദങ്ങളും ക്യാമ്പസിനെ എപ്പോഴും സജീവമാക്കുന്നു. ഇതിൽ ആൺ‐പെൺ ഭേദമില്ല. എന്നാൽ ഇപ്പോൾ പെൺകുട്ടികൾ പത്തുമണിയാകുമ്പോഴേക്കും അവരുടെ താമസസ്ഥലങ്ങളിലേക്കെത്താൻ നിർബന്ധിതമാക്കപ്പെട്ടിരിക്കുകയാണ്‌. ഇക്കഴിഞ്ഞ മാർച്ച്‌ 31ന്‌ സെന്റർ ഫോർ ചൈനീസ്‌ ആന്റ്‌ സൗത്ത്‌ ഏഷ്യൻ സ്റ്റഡീസിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായത്‌ ക്യാമ്പസിനെയാകെ ഞെട്ടിച്ചു. കഴിഞ്ഞ കുറച്ചുനാളായി അക്കാദമിക്‌ ആവശ്യങ്ങൾക്കുപോലും പുറത്തേക്കിറങ്ങാൻ ഇരുട്ടുവീണാൽ പെൺകുട്ടികൾ ഭയപ്പെടേണ്ട സാഹചര്യമാണുള്ളത്‌.

സംഭവത്തെത്തുടർന്ന്‌ ക്യാമ്പസിനുള്ളിൽ പെൺകുട്ടികൾക്ക്‌ സുരക്ഷ വേണമെന്നും കുറ്റകൃത്യം നടത്തിയവർക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുകൊണ്ട്‌ ജെഎൻയു സ്റ്റുഡന്റ്‌സ്‌ യൂണിയൻ (JNUSU) ഉൾപ്പെടെ നിരവധി വിദ്യാർഥികളും അതിജീവിതയ്‌ക്കൊപ്പം ചേർന്ന്‌ അനിശ്ചിതകാല സമരം ആരംഭിച്ചു.

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയവർ ജെഎൻയുവിലെ മുൻ വിദ്യാർഥികളാണ്‌. അവരുടെ പേരും മറ്റു വിവരങ്ങളും ആവശ്യപ്പെട്ടിട്ടും അതു നൽകാൻ സർവകലാശാലാ അധികൃതർ തയ്യാറായില്ല. പൊലീസ്‌ എഫ്‌ഐആർ ഫയൽ ചെയ്‌തില്ല. ഇങ്ങനെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും തികച്ചും അവഗണനാപരമായ സമീപനമാണുണ്ടായത്‌. ഇതിൽ പ്രതിഷേധിച്ചാണ്‌ അതിജീവിതയ്‌ക്കൊപ്പം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്‌. കുറ്റക്കാരായവരെ ഉടൻ അറസറ്റ്‌ ചെയ്യുക, ഇതുവരെയുള്ള ഐസിസി (ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്ന ഇന്റേണൽ കംപ്ലെയിന്റ്‌സ്‌ കമ്മിറ്റി) റിപ്പോർട്ടുകൾ പൂർണമായും പുറത്തുവിടുക, ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾക്ക്‌ സുരക്ഷ ഉറപ്പാക്കുക, സുരക്ഷാ ഗാർഡുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച വ്യക്തത വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ വിദ്യാർഥികൾ ഉന്നയിക്കുന്നത്‌.

സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അരക്ഷിതമായ ലോകത്തിലെതന്നെ നഗരങ്ങളിലൊന്നാണ്‌ ഡൽഹി. എന്നാൽ ജെഎൻയു ക്യാമ്പസ്‌ ഇതിൽനിന്നും വ്യത്യസ്‌തമായിരുന്നു. പെൺകുട്ടികൾക്ക്‌ രാത്രി വൈകുവോളവും പുലർച്ചെയ്‌ക്കുമൊക്കെ ലൈബ്രറി ആവശ്യങ്ങൾക്കും മറ്റുമായി ക്യാമ്പസിനുള്ളിൽ ഏതുസമയത്തും സഞ്ചരിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഈയടുത്തിടെ പെൺകുട്ടികൾ ക്യാമ്പസിനുള്ളിൽ ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്‌. ഇത്തരം സംഭവങ്ങളിൽ അടിയന്തരമായി ഇടപെട്ട്‌ നടപടി കൈക്കൊള്ളേണ്ട സർവകലാശാലാ അധികൃതരും പൊലീസും ഇത്തരം സംഭവങ്ങളെ തീർത്തും അവഗണിക്കുന്നതായാണ്‌ കാണുന്നത്‌. മുമ്പ്‌ ക്യാമ്പസിനുള്ളിൽ പെൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടാൽ ശക്തമായ നടപടി സ്വീകരിക്കാൻ പര്യാപ്‌തമായ നിയമസംവിധാനം ഉണ്ടായിരുന്നു. യുജിസി ചട്ടങ്ങൾ അനുസരിച്ച്‌ ലൈംഗികാതിക്രമത്തിനെതിരായ ജെഎൻയു നയം ജെഎൻയു എക്‌സിക്യുട്ടീവ്‌ കൗൺസിലിന്റെ അംഗീകാരത്തോടെ 1999ൽ സർക്കുലറിൽ പ്രഖ്യാപിക്കുകയുണ്ടായി. അതനുസരിച്ച്‌ ലൈംഗികാതിക്രമങ്ങൾക്കെതിരായ ജെൻഡർ സെൻസിറ്റേഷൻ കമ്മിറ്റി (Gender sensitation committee against sexual harasment)‐ GSCASH രൂപീകരിക്കുകയുണ്ടായി. എന്നാൽ 2017ൽ ജെഎൻയു ഭരണസമിതി ഇത്‌ പിരിച്ചുവിട്ട്‌ പകരം ഇന്റേണൽ കംപ്ലെയിൻസ്‌ കമ്മിറ്റി കൊണ്ടുവന്നു. നിലവിലിരുന്ന ശക്തമായ സംവിധാനത്തിനു പകരം കൊണ്ടുവന്ന ദുർബലമായ സംവിധാനം കുറ്റവാളികൾക്ക്‌ ശിക്ഷാഭയമേതുമില്ലാതെ സ്വൈരവിഹാരത്തിന്‌ അവസരമൊരുക്കിയതാണ്‌ ഇങ്ങനെ നിരന്തരം പെൺകുട്ടികൾ ക്യാമ്പിസിനുള്ളിൽ ലൈംഗികാതിക്രമത്തിനിരയാകുവാനുള്ള സാഹചര്യമെരുക്കിക്കൊടുക്കുന്നത്‌. മുമ്പ്‌ നിലവിലിരുന്ന GSCASH തിരിച്ചുകൊണ്ടുവരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുംവരെ സമരം ശക്തമാക്കാനാണ്‌ വിദ്യാർഥികളുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × five =

Most Popular