2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 42 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആദ്യഘട്ടവും പിന്നീട് തെക്കൻ ഭാഗത്തുമായി തുടർന്ന് ജൂൺ ഒന്നിന് അവസാനിക്കും. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള, രാജ്യംതന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ജാദവ്‌പൂർ. ഈ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥിയായി മത്സരിക്കുന്നത് ശ്രീജൻ ഭട്ടാചാര്യയാണ്. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് ശ്രീജൻ ഭട്ടാചാര്യ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വമ്പിച്ച പിന്തുണയാണ് ഇദ്ദേഹത്തിന്റെ പ്രചരണത്തിനു ലഭിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ശക്തമായ അടിത്തറയുള്ള ഈ മണ്ഡലം ഇടതുപക്ഷം നേടുമെന്നുതന്നെയാണ് പൊതു അഭിപ്രായം. ശ്രീജൻ ഭട്ടാചാര്യക്കായി സംഘടിപ്പിക്കപ്പെട്ട റാലിയിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും ജെഎൻയു വിദ്യാർഥി യൂണിയന്റെ മുൻ പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ ഐഷി ഘോഷും പങ്കെടുത്തു. രാത്രി 10.20ന് ജാദവ്‌പൂരിൽ എത്തിച്ചേർന്ന റാലിയിൽ വൻ ജനാവലി പങ്കെടുത്തു. അക്ഷരാർഥത്തിൽ ജാദവ്‌പൂർ ചെങ്കടലായി മാറി. ശ്രീജൻ ഭട്ടാചാര്യയെ പിന്തുണച്ചുകൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ചേർന്ന് ഒരു വമ്പിച്ച ബഹുജന റാലിയായി അത് മാറുകയായിരുന്നു. സ്ഥാനാർഥിയെയും ബൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ള മറ്റ് ഇടതുനേതാക്കളെയും കാണാൻ വൻ ജനക്കൂട്ടം റോഡിനിരുവശത്തുമായി കാത്തുനിന്നു. പ്രദേശത്തെ വീടുകളിൽനിന്നും ആളുകൾ പുറത്തിറങ്ങി കൈവീശി. ഇങ്ങനെ ആളുകളിൽനിന്നും നല്ല പ്രതികരണമാണുണ്ടായത്.
തൃണമൂൽ ഭരണത്തിൻ കീഴിലും കേന്ദ്രത്തിലെ ഫാസിസ്റ്റ് ബിജെപി ഭരണത്തിനു കീഴിലും, പശ്ചിമബംഗാളിൽ അടുത്തകാലത്തായി നടന്ന അഴിമതികളും ജനങ്ങളെ വീണ്ടും ഇടതുപക്ഷത്തോട് ചായാൻ ഇടയാക്കിയിരിക്കുകയാണ്. എപ്പോഴും ഇടതുപക്ഷത്തെ തള്ളിപ്പറയുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾപോലും ഇടതുപക്ഷമാണ് യാദവ്‌പൂരിലെ മുഖ്യ മത്സരാർഥി എന്നും ഈ സീറ്റ് ഇടതുപക്ഷത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു.
യാദവ്‌പൂരിലെ റാലിക്ക് മുമ്പായി സൗത്ത് കൊൽക്കത്ത ലോക്‌സഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി സൈറ ഷാ ഹലീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ റാലിയിലും ബൃന്ദാ കാരാട്ടും ഐഷി ഘോഷും പങ്കെടുത്തിരുന്നു. ആ റാലിയിലും വലിയ ജനക്കൂട്ടം ദൃശ്യമായി. സംസ്ഥാനത്ത് തൃണമൂലിനെതിരായി മുഖ്യ പ്രതിപക്ഷമായി ഇടതുപക്ഷം മാറുകയാണെന്ന് ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പുകൾ വെളിവാക്കുന്നതിനാൽ തന്നെ ഈ മണ്ഡലത്തിന് തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമുണ്ട്. ഇടതുപക്ഷ സ്ഥാനാർഥികൾക്ക് വോട്ടുചെയ്യണമെന്ന് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൃന്ദാ കാരാട്ട് അഭ്യർഥിച്ചു. നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിൽനിന്ന് പുറത്താക്കണം. ബംഗാളിൽ ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുത്ത പാർട്ടിയാണ് തൃണമൂൽ അതിനാൽ തിരഞ്ഞെടുപ്പിൽ അവരെയും പരാജയപ്പെടുത്തണം. ♦