ക്രൊയേഷ്യയിൽ കഴിഞ്ഞ എട്ടുവർഷമായി ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (എച്ച്‌ഡിഇസഡ്) അഴിമതിയിൽ മുങ്ങിയ ദുർഭരണത്തിനെതിരെ ‘‘നീതിയുടെ തരംഗം’’ ആസന്നമായിരിക്കുന്നുവെന്നാണ് 2024 ഏപ്രിൽ 17ന് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനംപ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സോറാൻ പ്രസ്താവിച്ചത്. എന്നാൽ തരംഗത്തിനു പകരം ചെറിയ തിരമാലകളായതേയുള്ളൂ. പാർലമെന്റിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൂടുതൽ സീറ്റും വോട്ടും ലഭിച്ച ഒറ്റക്കക്ഷിയായി.
ഭരണകക്ഷിയായ എച്ച്‌ഡിഇസഡിന് 61 സീറ്റ് ലഭിച്ചപ്പോൾ പ്രതിപക്ഷത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ക്രൊയേഷ്യയ്‌ക്ക് (എസ്‌ഡിപി) 42 സീറ്റ് ലഭിച്ചു. തീവ്ര വലതുപക്ഷകക്ഷിയായ ഹോംലാൻഡ് മൂവ്‌മെന്റിന് (ഡിപി) 14 സീറ്റും മറ്റൊരു യാഥാസ്ഥിതിക പാർട്ടിയായ ‘മോസ്റ്റി’ന് 11 സീറ്റും ഗ്രീൻസ് പാർട്ടിയായ (പരിസ്ഥിതിവാദികൾ) മെസെമോളിന് 10 സീറ്റുമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിൽ പലവിധ ക്രമേക്കടുകൾ നടന്നതായി ആരോപിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഒട്ടേറെ വോട്ടർമാർ ഏപ്രിൽ 17‐ാം തീയതി പോളിങ് സ്‌റ്റേഷനിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേരില്ലെന്ന് പറഞ്ഞ് വോട്ട് നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. വോട്ടർ രജിസ്‌ട്രേഷനിൽ സംഭവിച്ച പാകപ്പിഴയാണ് കാരണമെന്നാണ് നാഷണൽ ഇലക്ടറൽ കമ്മീഷൻ പറയുന്നത്.
നിലവിലെ വോട്ടർപട്ടിക പ്രകാരമുള്ള വോട്ടർമാരിൽ 62.3% പേർ വോട്ടു രേഖപ്പെടുത്തി. 2020ൽ 50 ശതമാനത്തിൽ താഴെയായിരുന്നു വോട്ട് ചെയ്‌തത്. വോട്ടിങ് ശതമാനം വർധിച്ചിട്ടും ജനവിധി സോഷ്യൽ ഡെമോക്രാറ്റുകളുടെയും ഗ്രീൻസ് പാർട്ടിയുടെയും പ്രതീക്ഷയ്‌ക്കൊത്തവിധമായിരുന്നില്ല. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ തന്നെയുള്ള പ്രശ്‌നങ്ങളാണ് ഭരണകക്ഷിയുടെ തുടർച്ചയായ വിജയത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.
ഒരുദാഹരണം നോക്കാം. എച്ച്‌സിഇസഡിനു ലഭിച്ചത് 6,87,800 വോട്ടാണെങ്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾക്കും ഗ്രീൻസിനും കൂടി ലഭിച്ചത് 7,21,500 വോട്ടാണ്. എന്നിട്ടും സീറ്റുകളുടെ എണ്ണം നോക്കിയാൽ എച്ച്‌ഡിഇസഡിനു ലഭിച്ചതിനേക്കാൾ കുറവാണ് സോഷ്യൽ ഡെമോക്രാറ്റുകൾക്കും ഗ്രീൻസിനും കൂടി ലഭിച്ച സീറ്റ്. 2011‐16 കാലത്ത് അധികാരത്തിലിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണം എച്ച്‌ഡിഇസഡിന്റെ ഭരണത്തിൽനിന്നും ഗുണപരമായി വ്യത്യസ്‌തമായിരുന്നില്ല. അന്ന് പ്രധാനമന്ത്രിയായിരുന്നത് സോറൻ മിലനോവിക്കായിരുന്നു. അങ്ങനെയാണ് 2016ൽ വീണ്ടും എച്ച്‌ഡിഇസഡിലേക്ക് അധികാരം ചെന്നെത്തിയത്. 2011‐16 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് സോറൻ മിലനോവിക് പ്രസിഡന്റ് പദവിക്കൊപ്പമോ അതൊഴിഞ്ഞോ പ്രധാനമന്ത്രിയാവാനുള്ള നീക്കമാണ് നടത്തുന്നത്. അതിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് ജനവിധി സോഷ്യൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമാകാതിരിക്കാനുള്ള മുഖ്യകാരണം.
എന്തായാലും ഒരു കക്ഷിക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ എച്ച്‌ഡിഇസഡും തീവ്രവലതുപക്ഷമായ ഹോംലാൻഡ് മൂവ്‌മെന്റും ചേർന്ന കൂട്ടായ്‌മയാണ് ഇപ്പോൾ അധികാരത്തിലെത്തിയത്. ♦