ആഗോളതലത്തിൽതന്നെ ഇപ്പോൾ അഞ്ചാംപനി (മീസിൽസ്) പടർന്നുപിടിക്കുകയാണ്, പ്രത്യേകിച്ചും അമേരിക്കയിൽ. 2024 ഏപ്രിൽ 26ലെ സ്ഥിതിയനുസരിച്ച് അമേരിക്കയിൽ 128 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുകയാണ്. ചിക്കാഗോ സിറ്റിയിൽ മൊത്തം 64 പേർക്ക് അഞ്ചാംപനി കണ്ടെത്തിയതിൽ 31 എണ്ണവും പ്രവാസികൾ പാർക്കുന്ന പ്രദേശത്താണ്. ഇതിനെ മറയാക്കി അമേരിക്കയിലെ വംശീയവാദികൾ പ്രവാസികളാണ് അഞ്ചാംപനി പടർത്തുന്നതെന്ന വാദമുയർത്തുകയും അമേരിക്കയുടെ മെക്‌സിക്കോയുമായുള്ള അതിർത്തി അടയ്‌ക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാൽ ചിക്കാഗോയിൽ കണ്ടെത്തിയ ആദ്യ അഞ്ചാംപനിക്കാരൻ പ്രവാസികൾക്കിടയിലുള്ളയാളല്ല എന്നതാണ് വസ്‌തുത. പക്ഷേ, പ്രവാസികൾക്കിടയിൽ ഇത് പടർന്നുപിടിക്കാൻ കാരണം അവർക്ക് വാക്‌സിനേഷൻ ലഭിക്കുന്നില്ലയെന്നതാണ്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽനിന്നാണ് അമേരിക്കയിൽ അഞ്ചാംപനി എത്തുന്നതെന്നാണ് അതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്.
അഞ്ചാംപനി മാത്രമല്ല, കോളറ, പോളിയോ, ടുബോണിക് പ്ലേഗ്, എയ്‌ഡ്‌സ് തുടങ്ങിയ എല്ലാ പകർച്ചവ്യാധികളും കൊണ്ടുവരുന്ന വിദേശികളാണ്, അയർലണ്ടുകാരും ഇറ്റിലിക്കാരും ചൈനക്കാരും അമേരിക്കയിൽ തന്നെയുള്ള ആഫ്രിക്കൻ വംശജരുമാണെന്നാണ് അമേരിക്കയിലെ വംശീയവിദ്വേഷ പ്രചാരകർ പറഞ്ഞുപരത്തുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രന്പ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. കോവിഡ് എന്നാൽ ഒരു ചൈനീസ് രോഗമാണെന്ന് പറയാൻ പോലും അയാൾ മടിച്ചില്ല. പകർച്ചവ്യാധികളെ വംശീയവിദ്വേഷത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് അമേരിക്കയിലെ വംശീയവാദികൾ.
2015ൽ തന്നെ അഞ്ചാംപനി അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നുതന്നെ തുടച്ചുനീക്കിക്കഴിഞ്ഞുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. എന്നാൽ 2017‐2020 കാലത്ത് വെനസ്വേലയിൽ ഈ രോഗം വീണ്ടും കണ്ടു. 2014 മുതൽ തുടരുന്ന അമേരിക്കയുടെ കടുത്ത സാന്പത്തിക ഉപരോധം വെനസ്വേലയുടെ സന്പദ്‌ഘടനയെയും ആരോഗ്യമേഖലയെയും പാടെ തകർത്തിരുന്നു. തന്മൂലം ചികിത്സയ്‌ക്കായുള്ള മരുന്നുകളും രോഗപ്രതിരോധ മരുന്നുകളുമൊന്നും വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആ രാജ്യമെത്തി. എന്നാലും 2017ൽ വെനസ്വേലയിൽ അഞ്ചാംപനി വന്നത് എവിടെനിന്നെന്ന് ഇപ്പോഴും അവ്യക്തമാണ്. ചിക്കാഗോയിൽ അഞ്ചാംപനി പടരുന്നത് പ്രവാസികൾമൂലമാണെന്ന വിദ്വേഷണപ്രചരണത്തിനപ്പുറം അവർക്ക് വാക്‌സിൻ നൽകാനും അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനും ഭരണാധികാരികൾ ഒന്നും ചെയ്യുന്നില്ല. ♦