കെ രാജേന്ദ്രൻ രചിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം എന്ന പുസ്തകത്തെപ്പറ്റി
ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ അഭിഭാജ്യ ഘടകമാണ് തിരഞ്ഞെടുപ്പ്.ഭരണ ഘടനയുടെ സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലൂടെക്കൂടിയാണ് നടക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ ഭരണ സംവിധാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. കാലാ കാലങ്ങളിൽ അതിനുണ്ടായ അപജയങ്ങളും, പരിമിതികളും അത് നേരിടേണ്ടി വരുന്ന പ്രതിരോധങ്ങളും പഠന വിധേയമാണ്. കെ രാജേന്ദ്രൻ എഴുതിയ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം എന്ന ഈ പുസ്തകം ഇന്ത്യയിൽ നടന്ന ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രം വസ്തു നിഷ്ഠമായി പറഞ്ഞു പോകുന്നു. വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നില്ല എങ്കിലും ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ പ്രാഥമിക ഉൾക്കാഴ്ച്ച ഇതിലൂടെ ലഭിക്കും. ജനാധിപത്യ രാഷ്ട്രത്തിലെ തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ ശ്രമിച്ച ഭരണവർഗം തന്നെയാണ് കഴിഞ്ഞ എല്ലാ കാലത്തും ഇന്ത്യൻ ജനാധിപത്യ സംവിധാനം അനുഭവിച്ച ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയിലെ വലതു പക്ഷ രാഷ്ട്രീയ ശക്തികൾ എക്കാലവും ഭരണ ഘടനയുടെ ദൗർബല്യങ്ങളെ മുതലെടുത്താണ് അവരുടെ അധികാര പദ്ധതികൾ ആസൂത്രണം ചെയ്തത്. അതിനവർ വർഗീയതയും, കോർപ്പറേറ്റ് പ്രീണനവും അടക്കം പലതും പയറ്റി നോക്കി. സത്യത്തിൽ കോൺഗ്രസ്സ് സർക്കാറുകൾ അധികാരത്തിനുവേണ്ടി നടത്തിയ നീക്കങ്ങൾ നമ്മുടെ ജനാധിപത്യ സങ്കല്പത്തെ തുരങ്കം വെയ്ക്കുന്നതായിരുന്നു. ഈ പുസ്തകം പരിശോധിക്കുമ്പോൾ അവരുടെ ഇത്തരത്തിലുള്ള അടവ് നയങ്ങൾ എങ്ങനെയാണ് മൃദു ഹിന്ദുത്വനിലപാടുകളായി പരിണമിക്കുകയും അത് സംഘപരിവാർ രാഷ്ട്രീയത്തിന് ഇടമുണ്ടാക്കി കൊടുക്കുകയും ചെയ്തതെന്ന് കാണാനാകും. ഭരണഘടനാ ശില്പിയെ തന്നെ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഹിന്ദുത്വ ശക്തികളെ കൂട്ടുപിടിച്ചതിന്റെ കഥ അംബേദ്കറെ തോൽപിച്ച ജനാധിപത്യം എന്ന ഒന്നാം അദ്ധ്യായത്തിൽ വായിക്കാം. കോൺഗ്രസ് എങ്ങനെയാണ് സമർത്ഥമായി വർഗ്ഗീയ കാർഡ് ഇറക്കി പാൽ വിൽപ്പനക്കാരൻ മാത്രമായിരുന്ന കജ്‌ററോൽക്കറെ വിജയിപ്പിച്ചത് എന്ന് മനസ്സിലാക്കാനും പിന്നീടുള്ള ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഇതിന്റ ആവർത്തനങ്ങൾ ഉണ്ടാക്കിയത് എന്നും കാണാം.1952 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ ലഘുവിവരണങ്ങൾ 21 അധ്യായങ്ങളിലായാണ് പറഞ്ഞുപോകുന്നത്. അടിയന്തരാവസ്‌ഥ, അതിനുള്ള കാരണങ്ങൾ, തുടർന്നുള്ള ബിജെപി യുടെ വളർച്ച, കോൺഗ്രസിന്റെ അപജയം തുടങ്ങിയ എല്ലാ രാഷ്ട്രീയ ഘട്ടങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്ര വിജയങ്ങൾ പാർലമെന്റ് ഇടപെടലുകൾ എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകുന്ന തരത്തിൽ ഇടതു പാർട്ടികളുടെ പ്രവർത്തനങ്ങളെ നന്നായി അവതരിപ്പിക്കാൻ പുസ്തകത്തിന് കഴിഞ്ഞു. മാത്രമല്ല കേരളത്തിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയതിനാൽ അതിലെ കേരളത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ശാസ്ത്രീയ അപഗ്രഥനത്തിന് സാധിക്കുന്ന തരത്തിൽ അതിനൊരു സാധ്യതയും നിലനിൽക്കുന്നു. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ 240 രൂപ വിലയുള്ള ഈ പുസ്തകം വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും രാഷ്ട്രീയ വിഷയങ്ങളിൽ തുടക്കക്കാർക്കും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ♦