Tuesday, June 18, 2024

ad

Homeസിനിമനൊസ്റ്റാൾജിയയുടെ വാർപ്പ്‌ മാതൃക

നൊസ്റ്റാൾജിയയുടെ വാർപ്പ്‌ മാതൃക

കെ എ നിധിൻനാഥ്‌

ലയാളത്തിലെ വലിയ വിജയങ്ങളിൽ ഒന്നായി വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്‌ത മൾട്ടിസ്റ്റാർ ചിത്രം ‘വർഷങ്ങൾക്ക്‌ ശേഷം’ മാറിക്കഴിഞ്ഞു. വിനീതിന്റെ സ്ഥിരം ശൈലി സിനിമകളുടെ അതേ ട്രാക്കിലുള്ള ചിത്രം പുതുമയൊന്നും സമ്മാനിക്കുന്നില്ലെങ്കിലും ഈ ശ്രേണി സിനിമകൾ ഒരുക്കുന്നതിലുള്ള സംവിധായക മികവിന്റെ പിൻബലത്തിൽ ആളുകളെ രസിപ്പിക്കുന്നുണ്ട്‌. വിജയമാകുമ്പോൾ തന്നെയും മലയാള സിനിമയുടെ വളർച്ചാഘട്ടത്തിൽ ‘വർഷങ്ങൾക്ക്‌ ശേഷം’ എന്താണ്‌ സംഭവന ചെയ്യുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്‌. ‘ഓൾഡ്‌ സ്‌കൂൾ’ ശൈലിയിൽ നൊസ്റ്റാൾജിയയെ ചുറ്റിപ്പറ്റിയുള്ള സിനിമ രീതി ഇനിയെത്രനാൾ എന്നതിലേക്കാണ്‌ ഈ ചർച്ചകൾ വഴിതുറക്കുന്നത്‌. സമീപകാലത്തുണ്ടായ മറ്റു സിനിമകൾ സൃഷ്ടിച്ചെടുത്ത ആസ്വാദന പരിസരം വർഷങ്ങൾക്ക്‌ ശേഷത്തിന്‌ അപ്രായോഗികമാണ്‌. ഈ കുറവുകൾ നിലനിൽക്കെത്തന്നെ വർഷങ്ങൾക്ക്‌ ശേഷം വിജയിപ്പിച്ചെടുക്കുന്ന സംവിധായകന്റെ മികവിന്‌ കയ്യടിച്ചേ മതിയാകു.

തിര ഒഴികെയുള്ള വിനീത്‌ ശ്രീനിവാസൻ സിനിമകളുടെ സ്വഭാവമാണ്‌ ഇവിടെയും തുടരുന്നത്‌. മലർവാടി ആർട്‌സ്‌ ക്ലബ്‌ മുതൽ ഹൃദയം വരെയുള്ളവയുടെ തുടർച്ച. കൂട്ടുകാർ, സൗഹൃദം, പ്രണയം, നൊസ്റ്റാൾജിയ– ഇതെല്ലാം ചേർത്തുവെച്ച് സൃഷ്ടിക്കുന്ന രസകരമായ മുഹൂർത്തങ്ങൾ. വിനീത് ശ്രീനിവാസന്റെ ഈ സ്ഥിരം പാറ്റേണിൽ മറ്റൊരു സിനിമയാണ്‌ ‘വർഷങ്ങൾക്ക് ശേഷം’. ക്ലീഷേ എന്ന ഒറ്റവാക്കിൽ പറയുന്ന കഥാ–-സംഭവപരിസരത്തെ ആളുകൾക്ക്‌ ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതിൽ മാസ്റ്ററാണ്‌ വിനീത്‌. അത്‌ വീണ്ടും തെളിയിക്കുന്നുണ്ട്‌ സിനിമ. 70കളിൽ തുടങ്ങി ഇപ്പോൾ വരെ എത്തിനിൽക്കുന്നതാണ്‌ സിനിമയുടെ കഥാകാലം. സിനിമ എന്ന സ്വപ്‌നവുമായി കോടമ്പാക്കത്തേക്ക്‌ വണ്ടികയറുന്ന രണ്ട്‌ കൂട്ടുകാർ. പ്രണവ്‌ മോഹൻലാൽ അവതരിപ്പിക്കുന്ന മുരളിയും ധ്യാൻ ശ്രീനിവാസന്റെ വേണുവും സിനിമാ സ്വപ്‌നവും പേറി മദ്രാസിലെത്തിയ അനേകായിരം മലയാളികളുടെ പ്രതിനിധികളാണ്‌. അവരുടെ സൗഹൃദവും വിജയ–- പരാജയങ്ങളും സ്വപ്‌നങ്ങളുടെ വീണ്ടെടുപ്പുമാണ്‌ സിനിമ പറയുന്നത്‌.

എഴുത്തിലെ പുതുമയോ കഥയിലെ മികവോ അവകാശപ്പെടാനില്ല. എന്നാൽ കൃത്യമായി പ്ലേസ്‌ ചെയ്യുന്ന നിമിഷങ്ങളും ക്യത്യമായ ഇടവേളകളിൽ കടന്നുവരുന്ന കഥാപാത്രങ്ങളെയും ഉപയോഗിച്ചാണ്‌ വിനീത്‌ സിനിമകൾ മുന്നോട്ട്‌ പോയിട്ടുള്ളത്‌. അതേരീതി തന്നെയാണ്‌ ‘വർഷങ്ങൾക്ക്‌ ശേഷത്തിലും’ പിൻതുടരുന്നത്‌. വിനീതിലും ധ്യാനിലും തുടങ്ങി പിന്നീട്‌ സ്വാമീസ്‌ ലോഡ്‌ജും കോടമ്പാക്ക കാഴ്‌ചകളുമെത്തുന്നു. അജു വർഗീസിന്റെ നിർമാതാവ്‌ കേശവദേവ്‌, ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ്‌ ഡയറക്ടർ പ്രദീപ്‌, നിവിന്റെ സൂപ്പർ സ്റ്റാർ നിതിൻ മോളി–- കഥാഗതിയിൽ ഇനിയെന്ത്‌ എന്ന്‌ തോന്നിപ്പിക്കുന്ന ഇടങ്ങളിൽ കൃത്യമായി പുതിയ കഥാപാത്രങ്ങളിലൂടെ നടത്തുന്ന ഇടപെടലിലൂടെയാണ്‌ സിനിമ പിടിച്ചുനിൽക്കുന്നത്‌.

പതിവ്‌ വിനീത്‌ സിനിമകളിൽ നിന്ന്‌ വ്യത്യസ്‌തമായ തുടക്കമാണ്‌ സിനിമയുടേത്‌. വിനീത്‌ സിനിമകളുടെ നടപ്പുരീതി മാറിയോ എന്ന്‌ തോന്നിപ്പിക്കുന്നതാണ്‌ ആദ്യ പകുതി. നാടകീയത നിറഞ്ഞ ആദ്യഘട്ടത്തിൽ നിന്ന്‌ രണ്ടാം പകുതിയിൽ സിനിമയുടെ സ്വഭാവം പൂർണമായും മാറുന്നുണ്ട്‌. രണ്ടാം പകുതി സ്ഥിരം രീതിയിലേക്ക്‌ ചുവടുമാറ്റുന്നതാണ്‌. നിവിൻ പോളിയുടെ കഥാപാത്രത്തെ കൊണ്ട്‌ വന്ന്‌ ആ ഷിഫ്‌റ്റ്‌ കൃത്യമായി സന്നിവേശിപ്പിച്ച്‌ എടുക്കുന്ന സംവിധായകന്റെ മിടുക്ക്‌ ഇവിടെ കാണാം. രണ്ട്‌ പേരുടെ സൗഹൃദത്തിനിടയിൽ സിനിമ ചെയ്യാൻ താണ്ടേണ്ടി വരുന്ന വഴികളും സിനിമയ്‌ക്കായുള്ള പ്രവർത്തനങ്ങളെല്ലാം ഇതിനിടയിലൂടെ കടന്നു പോകുന്നുണ്ട്‌.

സമീപകാലത്ത്‌ മലയാളത്തിൽ ഏറ്റവും വിമർശനം കേട്ട അഭിനേതാവാണ്‌ നിവിൻ. തന്റെ ശരീരം മുതൽ തെരഞ്ഞെടുപ്പുകളെല്ലാം വലിയ രീതിയിൽ അധിക്ഷേപിക്കപ്പെടുന്ന സാഹചര്യം വരെയുണ്ടായി. ഇതിനെയെല്ലാം നിവിന്റെ കഥാപാത്രത്തിലൂടെ കണക്കറ്റ്‌ പരിഹസിക്കുന്നുണ്ട്‌ പടം. തന്റെ കംഫർട്ട്‌ സോണിൽ നിന്ന്‌ അയാൾ കഥാപാത്രത്തെ മികവുറ്റതാക്കുന്നുണ്ട്‌. പടത്തിൽ ഏറ്റവും കയ്യടി അർഹിക്കുന്നതും നേടുന്നതും നിവിനാണ്‌. നിതിൻ മോളി എന്ന സൂപ്പർ സ്റ്റാറിനെ മറ്റൊരാളെ ആലോചിക്കാൻ കഴിയാത്ത തരത്തിൽ നിവിൻ അവതരിപ്പിച്ചിട്ടുണ്ട്‌. ധ്യാൻ ശ്രീനിവാസൻ എന്ന നടൻ ഈ സിനിമയുടെ മേന്മയാണ്‌. പല കാലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ കഥാപരിസരം ആവശ്യപ്പെടുന്ന മിതത്വത്തോടെ അവതരിപ്പിച്ചു.

വിനീതിന്റെ സിനിമയുടെ പ്രധാനസവിശേഷതയാണ്‌ പാട്ടുകൾ. പാട്ടുകൾ രംഗങ്ങളോട്‌ കൃത്യമായി വിളക്കിച്ചേർത്തിട്ടുണ്ട്‌. അമൃത് രാംനാഥ്‌ കൈകാര്യം ചെയ്‌ത സംഗീതം രസകരമാണ്‌. ‘ന്യാപകം’ എന്ന പാട്ട്‌ പല സമയങ്ങളിൽ പ്ലേസ്‌ ചെയ്‌ത്‌ സിനിമയെ ലിഫ്‌റ്റ്‌ ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്‌. എന്നാൽ ഹൃദയമടക്കമുള്ള വിനീത്‌ സിനിമകളെ ലിഫ്റ്റ്‌ ചെയ്‌ത സംഗീതം ഇവിടെയില്ല എന്നത്‌ പോരായ്‌മയാണ്‌. ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ്‌ നിർമാണം.

സന്തോഷിപ്പിക്കുകയും ചിലയിടങ്ങളിൽ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന പടം അതിന്റെ ദൈർഘ്യത്തിൽ മുഷിപ്പിക്കുന്നുണ്ട്‌. നന്നായി ഒന്ന്‌ ഒതുക്കിയിരുന്നുവെങ്കിൽ ഒഴിവായി പോകുമായിരുന്ന രംഗങ്ങൾ പടത്തിലുണ്ട്‌. പരമാവധി എല്ലാം കാണിക്കുക എന്നതിൽ നിന്ന്‌ ഏറ്റവും ആവശ്യമായത്‌ കാണിക്കുക എന്നതിലേക്ക്‌ മാറിയാൽ കുറച്ചുകൂടി നന്നാവുമെന്ന്‌ കൂടി ഓർമിപ്പിക്കുന്നുണ്ട്‌ ‘വർഷങ്ങൾക്ക്‌ ശേഷം’. ക്ലീഷേയായി നിൽക്കുമ്പോഴും ആ ജോണർ സിനിമകൾ ഇഷ്ടമാകുന്നുവർക്ക്‌ ‘വർഷങ്ങൾക്ക്‌ ശേഷം’ ഇഷ്ടമാകും. മലയാളത്തിലെ ഐകൊണിക്‌ കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവയൊക്കെ വച്ചുള്ള മൊമെന്റ്സ്‌ ചിലയിടളിൽ നന്നായി വർക്കാവുന്നുണ്ട്‌. എന്നാൽ പലയിടത്തും അഴഞ്ഞ്‌ പോകുന്ന, മുറുക്കം ഉണ്ടായിരുന്നുവെങ്കിൽ എന്ന്‌ ആഗ്രഹിക്കുന്ന പടമാണ്‌. അതേസമയം കഥാപരിസരം മാത്രം മാറുമ്പോൾ ടെംപ്ലേറ്റിൽ നിന്ന്‌ എടുക്കുന്ന സിനിമ എന്ന പോരായ്‌മയെ ക്രാഫ്‌റ്റ്‌ കൊണ്ട്‌ മറികടക്കുന്നിടത്താണ്‌ വിനീത്‌ ശ്രീനിവാസന്റെ മിടുക്ക്‌. എന്നാൽ ഈ മിടുക്കിന്റെ പുറത്തുള്ള ഗിമ്മിക്ക്‌ മലയാള സിനിമയിൽ അധികം വാഴില്ല. നമ്മുടെ സിനിമാ ചരിത്രവും അതാണ്‌.

‘ദിലീപ്‌ സ്‌കൂൾ തമാശ’കൾ ഒരുകാലത്തെ ഹിറ്റ്‌ ഫോർമുലയായിരുന്നു. അത്തരം സിനിമകൾക്ക്‌ ഇപ്പോൾ പ്രേക്ഷകരില്ലാതെയായി. അതുപോലെ ഈ ശ്രേണി സിനിമകൾക്കും സംഭവിക്കും. അല്ലാത്തപക്ഷം പ്രേമലുവിലൊക്കെ ഉണ്ടായ പോലെ അവതരണത്തിലും കഥാപാത്ര പ്രകടനങ്ങളും പുതുമ സൃഷ്ടിക്കണം. ഈ പോരായ്‌മയിലാണ്‌ വലിയ താരകഥാപാത്രങ്ങളുള്ള, കുറേയധികം നിമിഷങ്ങളുണ്ടായിട്ടും സിനിമ പുർണത കൈവരിക്കാൻ കഴിയാതെ പോയത്‌. തിയറ്റർ വിട്ടിറങ്ങുമ്പോൾ നിവിൻ പോളിയുടെ അസാധ്യ പ്രകടനത്തിന്റെ പേരിൽ മാത്രമാണ്‌ വർഷങ്ങൾക്ക്‌ ശേഷം ഓർത്തുവെക്കപ്പെടുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular