Thursday, November 21, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്എന്റർടൈൻമെന്റ്‌ ഇൻഡസ്‌ട്രിയും ടെയിലർ സ്വിഫ്‌റ്റും

എന്റർടൈൻമെന്റ്‌ ഇൻഡസ്‌ട്രിയും ടെയിലർ സ്വിഫ്‌റ്റും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 39

സംസ്കാരം ഒരു വ്യവസായമായി പരിണമിക്കുന്നതിന്റെ പ്രാഥമിക ദശയിലാണ്, ഈ പ്രതിഭാസത്തെ സൈദ്ധാന്തികമായി വിലയിരുത്താനുള്ള ശ്രമങ്ങൾ നവ മാർക്സിസ്റ്റ് ചിന്തകർ ആരംഭിക്കുന്നത്. സാംസ്കാരിക ഉല്പന്നങ്ങളുടെ വൻതോതിലുള്ള ചരക്കുവൽക്കരണവും വിഗ്രഹവൽക്കരണവും, മുതലാളിത്ത വ്യവസ്ഥയ്ക്കനുകൂലമായി നിൽക്കുന്ന കർത്തൃത്വങ്ങളുടെ നിർമിതിക്കായി സാംസ്കാരികമണ്ഡലത്തെ ഉപയോഗിക്കലും എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകർ വിശകലനം ചെയ്യാൻ ശ്രമിച്ചത്. സാംസ്കാരിക പ്രതിഭാസങ്ങളെ അർത്ഥശാസ്ത്ര മണ്ഡലത്തിൽനിന്നും അടർത്തിമാറ്റിക്കാണുന്ന പ്രവണതയെ ചോദ്യം ചെയ്തതോടൊപ്പം തന്നെ സാംസ്കാരിക പ്രതീകങ്ങൾ മുതലാളിത്ത വ്യവസ്ഥയെ നിലനിർത്താൻ എങ്ങിനെ സഹായകമാകുന്നു എന്ന ചോദ്യവും അവർ ഉയർത്തി. പ്രധാനമായും മാക്സ് ഹൊക്കൈമർ (1895‐-1973), തിയോഡോർ അഡോർണോ (1903‐-1969), ഹെർബർട്ട് മാർകുസ് (1898‐-1979), വാൾട്ടർ ബെഞ്ചമിൻ ((1892-‐1940), ലിയോ ലോവെന്താൽ (1900-‐1993) തുടങ്ങിയവർ നടത്തിയ ഇത്തരം സൈദ്ധാന്തിക ശ്രമങ്ങൾ ‘ക്രിട്ടിക്കൽ തിയറി’ എന്നാണ് അറിയപ്പെടുന്നത്. പാശ്ചാത്യലോകം സമ്പൽ സമൃദ്ധിയുടെയും സ്ഥിരമായ മുന്നേറ്റങ്ങളുടെയും നാളുകളിലൂടെ കടന്നുപോയ രണ്ടാംലോക യുദ്ധാനന്തര ദശകങ്ങളിലാണ് ഫ്രാങ്ക്ഫർട്ട് സ്കൂൾ നവ മാർക്സിസ്റ്റ് സൈദ്ധാന്തികർ ‘സംസ്കാര വ്യവസായ’ത്തെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾക്ക് രൂപം നൽകുന്നത് . ആധുനിക മുതലാളിത്തം സാംസ്കാരിക ഉത്പന്നങ്ങളിലൂടെ എങ്ങിനെയാണ് ഭരണകൂടത്തിന് സമ്മതിയേകുന്ന പ്രജകളെ സൃഷ്ടിക്കുന്നത് എന്നതായിരുന്നു ഇവരുടെ പ്രധാന അന്വേഷണ വിഷയം.

ഫ്രാങ്ക്ഫർട്ട് ചിന്തകർ രൂപപ്പെടുത്തിയ ഈ പരികല്പനകൾ , ആഗോള മാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും സാംസ്കാരിക ലോകത്ത് അധീശത്വം പുലർത്തുന്ന സമകാലിക സാംസ്കാരികലോകത്തെ മനസ്സിലാക്കാൻ സഹായകമാകും. വൻകിട നൃത്ത സംഗീത പരിപാടികൾ, ഐപിഎൽ പോലുള്ള മെഗാ കായികമാമാങ്കങ്ങൾ, ആധുനിക മുതലാളിത്തത്തിന്റ കെട്ടുകാഴ്ചകളിലൊന്നായ ഷോപ്പിംഗ് മാളുകൾ (ഇത് കാണാൻ ദരിദ്രനാരായണന്മാർ പോലും വിദൂര ഗ്രാമങ്ങളിൽ നിന്നും വാഹനം പിടിച്ചെത്തുന്ന കാഴ്ചകൾ) എന്നിവ വികസ്വരരാജ്യങ്ങളിൽ പോലും ലഭ്യമായിത്തുടങ്ങിയിരിക്കുന്ന ഈ വേളയിൽ ഇവർ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങൾ സാംസ്കാരിക പ്രതിഭാസങ്ങളെ മനസിലാക്കുന്നതിൽ വളരെ പ്രധാനമാണ്. ലോകത്തെവിടെ നിർമിക്കപ്പെടുന്ന സാംസ്കാരികോല്പന്നങ്ങളും ഡിജിറ്റൽ രൂപത്തിൽ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്ന ഈ കാലത്ത് കലാരൂപങ്ങളുടെയും പ്രകടനങ്ങളുടെയും യാന്ത്രികമായ പുനരുല്പാദനത്തെയും കുറിച്ച് വാൾട്ടർ ബെഞ്ചമിന്റെ പഠനങ്ങൾ (Work of art in the age of mechanical reproduction) ഏറെ സംഗതമാകുന്നു.

1930കളിലാണ് വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള (interdisciplinary approach) പഠനസമ്പ്രദായം സാംസ്കാരിക മേഖലയുടെ തലത്തിലേക്ക് ഫ്രാങ്ക്ഫർട് ചിന്തകർ കൊണ്ടുവരുന്നത്. മാധ്യമങ്ങളുടെ അർത്ഥശാസ്ത്രം, പാഠങ്ങളുടെ വിശകലനം, സാംസ്കാരിക ഉല്പന്നങ്ങളുടെ ശ്രോതാക്കളുടെയും വായനക്കാരുടെയും കാഴ്ചക്കാരുടെയും സാമൂഹികശാസ്ത്രപരവും പ്രത്യശാസ്ത്രപരവുമായ പാഠങ്ങൾ എന്നിവയാണ് ഇവർ പൊതുവെ പഠനവിധേയമാക്കിയത്. കച്ചവടലക്ഷ്യം മാത്രം മുൻനിർത്തി വൻതോതിൽ ഉല്പാദിപ്പിക്കപ്പെടുന്ന സാംസ്കാരികോല്പന്നങ്ങളുടെ വിശകലനമാണ് ഇവർ നടത്തിയ പഠനങ്ങളിലെ ഒരു പ്രധാന ഭാഗം. ചന്തകളിൽ വിൽക്കപ്പെടുന്ന മറ്റു ചരക്കുകളുടെ സ്വഭാവത്തിലേക്ക് സാംസ്കാരികോൽപ്പന്നങ്ങൾ മാറിത്തീർന്നതായിരുന്നു അവർ പ്രധാനമായും നിരീക്ഷണ വിധേയമാക്കിയത്. പുനരുല്പാദിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ള മാനകീകരണവും ചരക്കുവൽക്കരണവും സാംസ്കാരിക വ്യവസായത്തിന്റെ പൊതുസ്വഭാവമായി വാൾട്ടർ ബെഞ്ചമിനെപ്പോലുള്ളവർ കണ്ടു. ഇവർ നടത്തിയ പ്രത്യയശാസ്ത്ര വിമർശനമായിരുന്നു ഏറ്റവും ശ്രദ്ധേയം. മുതലാളിത്ത വ്യവസ്ഥയുടെ പുനരുല്പാദനത്തിൽ സാംസ്കാരികോല്പന്നങ്ങൾ വഹിക്കുന്ന പങ്ക്, വ്യവസ്ഥയോട് വിധേയത്വമുള്ള കർതൃത്വങ്ങളെ വാർത്തെടുക്കുന്നതിൽ അത് വഹിക്കുന്ന പങ്ക് എന്നീ പുതിയ വിഷയങ്ങൾ ഇവരുടെ ചിന്തകൾ അവതരിപ്പിച്ചു.

പോപ്പുലർ സംഗീതത്തെക്കുറിച്ചുള്ള അഡോർണോയുടെ വിശകലനങ്ങൾ, പോപ്പുലർ സാഹിത്യത്തെക്കുറിച്ചും വാരികകളെക്കുറിച്ചും, സോപ്പ് ഓപ്പറകളെക്കുറിച്ചുമുള്ള ഹെർസോഗിന്റെ പഠനങ്ങൾ, സാംസ്കാര വ്യവസായത്തെകുറിച്ചുള്ള ഹൊക്കൈമറുടെയും അഡോർണോയുടെയും പ്രബന്ധങ്ങൾ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. വളർന്നു വരുന്ന ഉപഭോഗ സംസ്കാരത്തെക്കുറിച്ചുള്ള മാർക്സിയൻ നിരീക്ഷണങ്ങളുടെ ഗണത്തിൽ ഇവയെ പൊതുവെ പെടുത്താം. സാംസ്കാരിക സംഘാടനത്തിൽ സാങ്കേതിക വിദ്യയ്‌ക്കുള്ള പ്രാമുഖ്യം ഇവരെ അലട്ടിയ മുഖ്യ പ്രമേയങ്ങളിൽ ഒന്നായിരുന്നു.

നാസി കാലഘട്ടത്തെ പല രീതിയിൽ അനുഭവിച്ചവരായിരുന്നു ഇവരിൽ പലരും. ഇവരിൽ പലരുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇത് വലിയ സ്വാധീനം ചെലുത്തി. രാഷ്ട്രീയ പദ്ധതികൾക്കനുസൃതമായി കലയും സംസ്കാരവും ഉപയോഗപ്പെടുത്തുന്നതിന്റെ നേരിട്ടുള്ള ഈ അനുഭവങ്ങൾ ഇവരെ കാര്യമായി സ്വാധീനിച്ചു. നാസി വേട്ടയിൽ നിന്നും രക്ഷതേടി ഇവരിൽ പലരും അഭയം തേടിയത് അമേരിക്കയിലായിരുന്നു. മുതലാളിത്തത്തിന്റെ താല്പര്യങ്ങൾക്കനുസൃതമായി പോപ്പുലർ സംസ്കാരം ഉപയോഗിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങളുടെ നിരീക്ഷണം ഇവർ നടത്തുന്നത് ഈ കാലത്താണ്. ജനകീയ അഭിരുചികളെ വൻതോതിൽ വാർത്തെടുക്കുന്നതിന്റെ നേരിട്ടുള്ള അനുഭവം ഇവിടെ നിന്നുമാണ് ഇവർ കണ്ടെത്തുന്നത്. ഒരേ വികാരവും ഒരേ ചിന്തയും ഒരേ സ്വഭാവവുമുള്ളവരായി ജനതയിൽ ഭൂരിപക്ഷവും വാർത്തെടുക്കപ്പെടുന്ന കാലത്തിന്റെ തുടക്കമായിരുന്നു അത്. മുഖ്യമായും റേഡിയോയും ടെലിവിഷനും വഴി പ്രചരിക്കപ്പെടുന്ന സോപ്പ് ഓപെറകൾ, ഹോളിവുഡ് സിനിമകൾ എന്നിവയായിരുന്നു അതിന്റെ സ്രോതസ്സുകൾ.

ഇത്തരം ശ്രമങ്ങൾ ആരംഭിക്കുന്ന 1940കളിൽ ചിന്തിക്കാൻ പറ്റുന്നതിന്റെ പതിന്മടങ്ങ് പ്രത്യാഘാതങ്ങളാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലായി എന്റർടൈൻമെന്റ് ഇൻഡസ്ട്രയിൽ അരങ്ങേറുന്നത്. ഫ്രാങ്ക്ഫർട്ട് ചിന്തകർ രൂപപ്പെടുത്തിയ സൈദ്ധാന്തിക പദ്ധതികളിലൂന്നിനിന്നുകൊണ്ട് സമകാലിക ലോകത്തെ പോപ്പുലർ കലയെയും സാംസ്കാരിക ഉല്പന്നങ്ങളെയും പഠനവിധേയമാക്കാവുന്നവയാണ്. പോപ്പ് സംഗീതരംഗത്ത് പുതിയ പ്രതിഭാസമായ ടെയ്ലർ സ്വിഫ്റ്റ് എന്ന ഗായിക സൃഷ്ടിക്കുന്ന ചലനങ്ങളെ ഇത്തരത്തിൽ നിരീക്ഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

സമകാലിക ലോകത്തെ ഏറ്റവും പ്രശസ്തയായ പോപ്പ് ഗായികയാണ് ടെയ്ലർ സ്വിഫ്റ്റ്. ഇതിനകം 14 ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയിരിക്കുന്ന ഈ യുവ അമേരിക്കൻ പോപ്പ് ഗായികയുടെ എറാസ് എന്ന പേരിലുള്ള സംഗീത പര്യടനപരമ്പര പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക തരംഗമാണ്. 42 രാജ്യങ്ങളുടെ പ്രതിവർഷ സാമ്പത്തിക വരുമാനത്തേക്കാൾ വലിയ സമ്പാദ്യമാണ് സംഗീതപരിപാടികളിലൂടെയും ആൽബങ്ങളുടെ വിറ്റഴിക്കലിലൂടെയും ടെയ്ലർ സ്വിഫ്റ്റ് ആർജിച്ചിരിക്കുന്നത്. 50 ലക്ഷം ജനങ്ങളുള്ള ലൈബീരിയയുടെ വാർഷിക വരുമാനത്തേക്കാൾ അധികമാണ് ടെയ്ലർ സ്വിഫ്റ്റിന്റെ സമ്പാദ്യം. ഇവരുടെ കോടിക്കണക്കിന് മ്യൂസിക് ആൽബങ്ങളാണ് പ്രതിവർഷം വിറ്റഴിക്കപ്പെടുന്നത്. 2019ൽ മാത്രം 20 കോടി ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടു. സംഗീതത്തിൽനിന്നുമുള്ള വരുമാനത്തിൽനിന്നുമാത്രം ശത കോടീശ്വരിയായി മാറിയ ആദ്യത്തെ വ്യക്തിയാണ് ടെയ്ലർ സ്വിഫ്റ്റ്. ഇവരുടെ ഓരോ സംഗീതപരിപാടികൾ സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന ചലനം വളരെ വലുതാണ്. ശരാശരി ഒരു ലക്ഷം പേരാണ് ടെയ്ലർ സ്വിഫ്റ്റിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഇതിന്റെ ടിക്കറ്റ് മാസങ്ങൾക്ക് മുൻപേ തന്നെ വിറ്റഴിക്കപ്പെടും. ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ ചെലവഴിക്കുന്ന തുക ഏതാണ്ട് 100 ദശലക്ഷം ഡോളറിനടുത്ത് വരുമെന്നാണ് കണക്ക്. ടിക്കറ്റ്, യാത്ര, താമസം, ഭക്ഷണം. എന്നിങ്ങനെ വിവിധ ഇനങ്ങളിലായിട്ടാണ് ഈ സാമ്പത്തിക പ്രവർത്തനം നടക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവഴി 570 കോടി ഡോളറിന്റെ ഉത്തേജനമാണ് ഇതുവഴി ഉണ്ടായത് എന്നാണ് കണക്ക്. ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടി പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾക്ക് നൽകുന്ന ഊർജം ചില്ലറയല്ല.

ടെയ്ലർ സ്വിഫ്റ്റ് സൃഷ്ടിക്കുന്ന ഇക്കണോമിക് അത്ഭുതത്തെ വിളിക്കുന്ന പേരാണ് ‘സ്വിഫ്ട്ണോമിക്സ്’.

ടെയ്ലർ സ്വിഫ്റ്റിന്റെ ജനകീയതയ്ക്കു പിന്നിലെന്താണ്? കോടിക്കണക്കിനു വരുന്ന ആരാധകരെ ലോകത്തെല്ലായിടത്തും സൃഷ്ടിക്കാൻ കഴിയുന്ന മാസ്മരികത ഇവർക്ക് എങ്ങിനെ കൈവന്നു. ഇവർ സ്വന്തമായെഴുതി ആലപിക്കുന്ന ഗാനങ്ങളുടെ മേന്മയാണോ ഇതിനു പിന്നിൽ. സമാനമായ തരംഗങ്ങൾ മഡോണയും മൈക്കിൾ ജാക്സണുമൊക്കെ ഇതിനു മുൻപും പോപ്പ് സംഗീതത്തിന്റെ മേഖലയിൽ ഉണ്ടാക്കിയിട്ടുണ്ട്. പല രീതിയിലുള്ള പഠനങ്ങൾ ഇത് സംബന്ധിച്ച് നടന്നിട്ടുണ്ട്.

വ്യവസ്ഥക്കെതിരായ വിമർശനങ്ങളോ രാഷ്ട്രീയ നിരീക്ഷണങ്ങളോ ഒന്നും പ്രത്യക്ഷത്തിൽ ഇവയിലൊന്നും കാണാൻ കഴിയില്ല. ടെയ്ലർ സ്വിഫ്റ്റിന്റെ ആരാധകവൃന്ദത്തിന്റെ ഡെമോഗ്രാഫി വളരെ പ്രധാനമാണ്. ഗണ്യമായ വിഭാഗം ചെറുപ്പക്കാരാണ്, വിശേഷിച്ചും കൗമാരപ്രായക്കാരായ പെൺകുട്ടികൾ. അവരുടെ മൃദുവികാരങ്ങളോട് സംവദിക്കാൻ കഴിയുന്നു എന്നതാണ് ടെയ്ലർ സ്വിഫ്റ്റിന്റെ ജനകീയതയുടെ പ്രധാന അടിത്തറ. യുവ തലമുറയ്ക്കിടയിൽ പുനർ നിർവചിക്കപ്പെടുന്ന സ്ത്രീ പുരുഷ ബന്ധങ്ങളും, മാറിവരുന്ന പ്രണയ സങ്കല്പങ്ങളുമെല്ലാം ടെയ്ലർ സ്വിഫ്റ്റിന്റെ വ്യാപകമായ സ്വീകാര്യതയ്ക്ക് അടിസ്ഥാനമാകുന്നു .ഏതാണ്ട് ഏകമാനമായി മാറുന്ന, ഒരേ അച്ചിൽ വാർത്തെടുത്തവരായി മാറുന്ന, സ്വന്തം അനുഭവ ലോകത്തിനപ്പുറം ഒന്നുമില്ലാത്ത വ്യവസ്ഥയുടെ കുഞ്ഞാടുകൾക്ക് ടെയ്ലർ സ്വിഫ്റ്റ് വളരെ പെട്ടെന്ന് സ്വീകാര്യമായി മാറുന്നു.

പുസ്തക പ്രസാധനരംഗത്തും സമാന സംഭവങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ അരങ്ങേറിയിട്ടുണ്ട്. ജെ കെ റൗളിങ്ങിന്റെ ഹാരിപോർട്ടർ സീരീസ് ഇത്തരത്തിലൊന്നായിരുന്നു. 60 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഈ സീരീസ് വഴി ഉണ്ടായ കച്ചവടം 800 കോടി ഡോളറാണ്. മാന്ത്രികവിദ്യകൾ പഠിപ്പിക്കുന്ന ഒരു വിചിത്ര സ്കൂളിന്റെ മായക്കാഴ്ചകളുടെ അത്ഭുതലോകത്തേക്ക് ആരെയും ആകർഷിക്കാൻ റൗളിങ്ങിന്റെ എഴുത്തുകൾക്കായി. ഹാരി പോർട്ടറുടെ മാന്ത്രികലോകത്തെക്കുറിച്ച് അറിയാത്ത ഒരു കൊച്ചു കുട്ടി പോലും ഒരുപക്ഷേ ഇന്നത്തെ ലോകത്തുണ്ടാകില്ല. 85 ലോകഭാഷകളിലേക്ക് ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടു. ഈ അളവിലില്ലെങ്കിലും സമാനമായ പ്രതിഭാസങ്ങൾ ഇന്ത്യയിലും സമീപകാലത്ത് അരങ്ങേറിയിട്ടുണ്ട്. ഹാരി പോർട്ടർ സീരീസിൽ നിന്നും വ്യത്യസ്തമായി, ശുദ്ധ പൈങ്കിളി എന്ന് വിളിക്കാവുന്ന ചേതൻ ഭഗത്തിന്റെ പുസ്തകങ്ങൾക്ക് ചെറുപ്പക്കാർക്കിടയിലുണ്ടായ സ്വാധീനമാണ് ശ്രദ്ധേയമായ ഇത്തരത്തിലൊരു പ്രതിഭാസം. ചേതൻ ഭഗത്തിന്റെ പുസ്തകങ്ങൾ വായിക്കാത്ത യുവ തലമുറയിൽപ്പെട്ടവർ നമ്മുടെ നാട്ടിലുണ്ടാവില്ല. ചേതൻ ഭാഗത്തിന്റെ ആദ്യനോവൽ ഫൈവ് പോയിന്റ് സംവൺ 40 ലക്ഷം കോപ്പികളാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്.

അഖിൽ പി ധർമ്മജൻ എഴുതിയ ‘റാം കെയർ ഓഫ് ആനന്ദിയിലൂടെ’ സമാനമായ ഒന്ന് മലയാളം നോവൽ ഇൻഡസ്ട്രിയിലും സമീപകാലത്തു സംഭവിച്ചു. രണ്ടുവർഷത്തിനിടയിൽ ഈ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികളാണ് കേരളത്തിൽ വിറ്റഴിച്ചത്. ഇത് വായിക്കാത്ത മലയാളികളായ ചെറുപ്പക്കാർ ഇല്ലെന്നു തന്നെ പറയാം. ഈ പുസ്തകങ്ങളുടെ സ്വീകാര്യതയും അവയുടെ കഥാതന്തുവും ഉള്ളടക്കവും തമ്മിൽ വളരെയധികം ബന്ധമുണ്ട് വളരെ വിശദമായി പരിശോധിക്കേണ്ട ഒരു പ്രതിഭാസമാണിത്. ഇത് സംബന്ധിച്ച് ഒരു നിരീക്ഷണം മാത്രമേ ഇവിടെ നടത്തുന്നുള്ളൂ. ഒരേ അച്ചിൽ വാർത്തവരായി നമ്മുടെ യുവതലമുറ മാറുകയാണോ? സ്വന്തം അനുഭവ മണ്ഡലത്തിനും വികാര പ്രപഞ്ചത്തിനുമപ്പുറം മറ്റ് സാമൂഹിക പ്രശ്നങ്ങളിൽ നിന്നും അവർ വഴുതിമാറുകയാണോ? രാഷ്ട്രീയ പ്രശ്നങ്ങൾ അവർക്ക് അന്യമാവുകയാണോ? അതോ സാംസ്കാര വ്യവസായത്തിന്റെ ഇരകളായി ഇവർ ബോധപൂർവം മാറ്റപ്പെടുകയാണോ? ആത്യന്തികമായി അത് മുതലാളിത്തത്തിന്റെ പുനരുൽപാദനത്തിന് കാരണമായി മാറുന്നുണ്ടോ? ടെയ്ലർ സ്വിഫ്റ്റും മറ്റ് പോപ്പുലർ സാംസ്കാരിക പ്രതിഭാസങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തികാത്ഭുതങ്ങൾക്കപ്പുറത്ത് ഇത്തരം ചില ചോദ്യങ്ങൾ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − three =

Most Popular