Saturday, November 9, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍എൻ ഇ ബലറാം: മാർക്‌സിസ്റ്റ്‌ ചിന്തകനായ ആദ്യകാല നേതാവ്‌

എൻ ഇ ബലറാം: മാർക്‌സിസ്റ്റ്‌ ചിന്തകനായ ആദ്യകാല നേതാവ്‌

കെ ബാലകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ ‐ 32

സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ സംസ്കൃതത്തിലും വേദേതിഹാസങ്ങളിലും അസാമാന്യമായ അറിവ്. എട്ടാം ക്ലാസ് പാസായശേഷം സമീപത്തെ ഒരു വിദ്യാലയത്തിൽ കുറച്ചുമാസം അധ്യാപകനായി പ്രവർത്തിച്ച ബാലരാമന് വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം വീർപ്പുമുട്ടിക്കുന്നതായാണനുഭവപ്പെട്ടത്. യാഥാസ്ഥിതികത്വത്തിന്റെ അങ്ങേയറ്റം. വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും ആദർശങ്ങൾ വായിച്ചുമനസ്സിലാക്കിയ ആ ബാലന് നാട്ടിൽ അടങ്ങിയൊതുങ്ങിനിൽക്കുക അസാധ്യമായിരുന്നു. നാടുവിട്ട അവൻ ആദ്യം തൃശൂർ രാമകൃഷ്ണാശ്രമത്തിലും പിന്നീട് ബേലൂർ മഠത്തിലും കുറച്ചുനാൾ ചെലവഴിച്ചു. പിന്നെ കൊൽക്കത്തയിലേക്ക്. കൊൽക്കത്തയിലെ രാമകൃഷ്ണാശ്രമത്തിൽ ഉപരിപഠനം. സന്ന്യാസത്തിൽ ആകൃഷ്ടനായി ബാലരാമൻ കൊൽക്കത്തയിലേക്ക് വണ്ടികയറുന്നത് പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴാണ്. മാസങ്ങളോളം ആശ്രമത്തിൽ താമസിച്ച് സംസ്കൃതത്തിലും വേദേതിഹാസങ്ങളിലും അപാരമായ പാണ്ഡിത്യംനേടിയ ബാലരാമൻ അവിടടെനിന്നുതന്നെ പാലിയും ബംഗാളിയും പഠിച്ചു. കൂടുതൽക്കൂടുതൽ പഠിക്കുന്തോറും ബാലരാമന്റെ മനസ്സ് കൂടുതൽക്കൂടുതൽ അകത്തേക്കല്ല, പുറത്തേക്ക് നോക്കാൻ തുടങ്ങുകയായിരുന്നു. മനുഷ്യസങ്കടങ്ങൾക്ക് പരിഹാരം കാണാനുള്ള മാർഗം ഭൗതികവാദത്തിന്റേതാണെന്ന ബോധത്തിലേക്ക്. കാഷായ വസ്ത്രമല്ല തനിക്ക് ചേരുകയെന്നതും അതല്ല കാമ്യമെന്നുമുള്ള തിരിച്ചറിവോടെ ആശ്രമത്തിൽനിന്ന് പുറത്തുകടക്കുകയാണ് ബാലരാമൻ. മോക്ഷം വ്യക്തിപരമായി സാധ്യമോ കാമ്യമോ അല്ല, സാമൂഹ്യമോക്ഷമാണ് വേണ്ടത്് അതിന് നിസ്വാർഥമായ സാമൂഹ്യസേവനമൊന്നേ മാർഗമുള്ളൂ എന്ന ബോധോദയത്തോടെയാണ് ബാലരാമൻ നാട്ടിൽ തിരിച്ചെത്തുന്നത്. പതിനാറോ പതിനേഴോ വയസ്സാണന്ന് പ്രായം.

ഞാലിൽ ഇടവലത്തു നാരായണമാരാരുടെയും ലക്ഷ്മിയുടെയും മൂത്ത മകനായി പിണറായിയിൽ 2019 നവംബർ 20‐നാണ് ബാലരാമൻ ജനിച്ചത്. ബാലരാമൻ എന്ന പേര് ബാലറാം എന്നായി രേഖകളിൽ. അച്ഛന്റെ അമ്മ ശ്രീദേവിയാണ് ബാലരാമനെ സംസ്കൃതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. വാഗ്ഭടാനന്ദ ഗുരുവിനെ വേദം അഭ്യസിപ്പിച്ച വിദുഷിയായിരുന്നു ശ്രീദേവി. പിണറായിയിലെ അക്കാലത്തെ മറ്റൊരു സംസ്കൃതപണ്ഡിതനായ വെണ്ടാട്ടേരി ശങ്കരൻ മുൻഷി എന്ന വി എസ് മുൻഷിയാണ് ബാലരാമന്റെ മറ്റൊരു ഗുരു.

കൊൽക്കത്തയിൽനിന്ന് തിരിച്ചെത്തിയ ബാലറാം ജാതിക്കെതിരായും മതവിദ്വേഷത്തിനെതിരായുമുള്ള പ്രവർത്തനത്തിലാണ് ആദ്യം മുഴുകിയത്. തലശ്ശേരിയിൽ ശ്രീനാരായണധർമപരിപാലനയോഗത്തിന്റെ പ്രധാന പ്രവർത്തകനായി മാറി. യോഗത്തിന്റെ തലശ്ശേരി ശാഖ രൂപവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വി.ആർ. കൃഷ്ണയ്യർ പ്രസിഡന്റും ബാലറാം സെക്രട്ടറിയുമായാണ് ശാഖ രൂപവൽക്കരിച്ചത്. അക്കാലത്ത് ജാതിവിരുദ്ധ പ്രസ്ഥാനമെന്ന നിലയിൽ എസ്. എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ജാതികളിൽപ്പെട്ടവർ ഉൾപ്പെട്ടിരുന്നു. സ്വാമി ആനന്ദ തീർഥർ യോഗത്തിന്റെ പൊതുകാര്യദർശിയായി അല്പകാലം പ്രവർത്തിച്ചത് അക്കാലത്താണ്.

സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുമ്പോൾത്തന്നെ ബാലറാം ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായി. കോട്ടയം താലൂക്കിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രധാനപ്രവർത്തകനായി മാറിയ ബാലറാം ആദ്യമായി അറസ്റ്റിലാകുമ്പോൾ പ്രായം 18. പതിനെട്ടാം വയസ്സിൽ ആദ്യത്തെ ജയിൽവാസം.. പിന്നീടുള്ള 14 വർഷത്തിനിടയിൽ പലതവണയായി ആറുവർഷത്തോളം ജയിലിൽ. ദീർഘകാലം ഒളിവിൽ.

1937‐കാലത്തുതന്നെ പി.കൃഷ്ണപിള്ള, കെ.ദാമോദരൻ, ഇ.എം.എസ്. അടക്കമുള്ള സി.എസ്.പി. നേതാക്കളുമായി അടുത്തുപരിചയപ്പെടാൻ കഴിഞ്ഞത് സംഘടനാരംഗത്ത് സക്രിയമാകുന്നതിന് ഏറെ സഹായകമായി. ബാലരാമനിൽ കൃഷ്ണപിള്ള മികച്ച ഒരു കാഡറിനെ കണ്ടെത്തുകയായിരുന്നു. 1938‐ൽ ഗുജറാത്തിലെ ഹരിപുരയിൽനടന്ന കോൺഗ്രസ് സമ്മേളനത്തിൽ ബാലറാം പങ്കെടുത്തു. ആ സമ്മേളനത്തിൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗം സ്വന്തം നയപരിപടികൾ ശക്തിയായും സ്വത്ന്ത്രമായും അവതരിപ്പിക്കുകയുണ്ടായി. രഹസ്യമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ്് പാർട്ടിയുടെയും പരസ്യമായി പ്രവർത്തിക്കുന്ന സി.എസ്.പി.യുടെയും പ്രമുഖ നേതാക്കളായ പി.സി.ജോഷി, ഭരദ്വാജ്, സോമനാഥ് ലാഹിരി തുടങ്ങിയവരെ കേരളത്തിൽനിന്നുള്ള പ്രതിനിധികളിൽ ബാലറാമടക്കമുള്ളവർ പരിചയപ്പെടുന്നത് ആ സമ്മേളനത്തിൽവെച്ചാണ്. കേരളപ്രതിനിധികളുടെ ക്യാമ്പിൽ നേതാക്കൾ എത്തി ആശയവിനിമയം നടത്തി. നിരോധനത്തിലായിരുന്ന സി.പി.ഐ.യുടെ മുഖപത്രമായ നാഷണൽ ഫ്രണ്ടിന്റെ കോപ്പികൾ അവരിൽനിന്നാണ് ബാലറാമടക്കമുള്ളവർ സംഘടിപ്പിച്ചത്. കമ്യൂണിസ്റ്റ്്് വിജ്ഞാപനം, ഭരണകൂടവും വിപ്ലവവും, സ്റ്റാലിൻ എഴുതിയ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്നീ ഗ്രന്ഥങ്ങളുടെ കോപ്പിയും ബാലറാം അവരിൽനിന്ന് സംഘടിപ്പിച്ചു.

ഹരിപുര കോൺഗ്രസ് കഴിഞ്ഞ് പുതിയ ആവേശത്തോടെ തിരിച്ചെത്തിയ ബാലറാം സി.എസ്.പി.യുടെ പുതുതായി രൂപപ്പെടാൻ പോകുന്ന വിപ്ലവ പാർട്ടിയുടെ താത്വികാധ്യാപനത്തിലാണ് പിന്നീട് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1939 ജൂൺ 16 മുതൽ 18 വരെയായി തലശ്ശേരിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ്്് പാർട്ടിയുടെ ആറാം സംസ്ഥാനസമ്മേളനം നടന്നു. സി.എസ്.പി. കമ്മ്യൂണിസ്റ്റ്്് പാർട്ടിയായി മാറുന്നതിനുള്ള പ്രവർത്തനഘട്ടങ്ങളിൽ സുപ്രധാന സ്ഥാനമാണ് തലശ്ശേരി സമ്മേളനത്തിന്റേത്. സമ്മേളനത്തിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു ബാലറാം. തലശ്ശേരി സമ്മേളനത്തിന് തൊട്ടുമുമ്പായി (1939 മെയ് എട്ടുമുതൽ ജൂൺ അഞ്ച് വരെ) മങ്കട‐പള്ളിപ്രത്ത് 28 ദിവസംനീണ്ടുനിന്ന സമ്മർ സ്കൂൾ സംഘടിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ആ ക്യാമ്പിൽ ബാലറാം പങ്കെടുത്തു. ഇ.എം.എസ്., കെ.ദാമോദരൻ, സുബ്രഹ്മണ്യശർമ, കെ.കെ.വാസു, ടി.ജെ.ജോർജ്്് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്കൂളിൽ ലോകചരിത്രം, ഇന്ത്യാ ചരിത്രം, രാഷ്ട്രീയവിജ്ഞാനം, സാമ്പത്തികശാസ്ത്രം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്. ആറുമണിക്കൂർ ക്ലാസും ഒരു മണിക്കൂർ ചർച്ചയും എന്ന നിലയിലായിരുന്നു സമ്മർ സ്കൂൾ. സമ്മർ സ്കൂൾ പാർട്ടിയുടെ രാഷ്ട്രീയനിലവാരമുയർത്താൻ വളരെയേറെ സഹായിക്കുകയുണ്ടായെന്ന്് ബാലറാം അനുസ്മരിക്കുകയുണ്ടായി. മാർക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളും ഐക്യമുന്നണിയുടെ താത്വികവും പ്രായോഗികവുമായ വശങ്ങളും പഠിക്കാൻ സ്കൂൾ പ്രയോജനപ്പെട്ടു. സമ്മർ സ്കൂളിൽ വിദ്യാർഥികളായിരുന്ന 79 പേരാണ് പിന്നീട് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച വോളന്റിയർ ക്യാമ്പുകളിൽ താത്വിക ക്ലാസുകൾ നയിച്ചത്.

1939 ഡിസംബർ അവസാനം കേരളത്തിലെ സി.എസ്.പി. ഘടകമപ്പാടെ കമ്മ്യൂണിസ്റ്റ് പാർട്ടിയാകാൻ തീരുമാനിക്കുന്നത് പിണറായി പാറപ്രത്ത് നടന്ന സമ്മേളനത്തിലാണല്ലോ. അതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് തലശ്ശേരിയിൽ സി.എസ്.പി.യുടെ ആറാം സമ്മേളനം പ്രയോജനപ്പെടുത്തിയത്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘത്തിന്റെ നേതാക്കളിലൊരാളായിരുന്നു ബാലറാം. പാറപ്രം സമ്മേളനത്തിന്റെ പ്രദേശത്തെ സംഘാടകർ ബാലറാമും കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാഷും പാണ്ട്യാല ഗോപാലൻ മാഷുമടക്കമുള്ളവരാണ്. കർഷകകാരണവരായ വടവതി അപ്പുക്കുട്ടിയുടെ മേൽനോട്ടത്തിലാണ് സമ്മേളനനടത്തിപ്പിന്റെ പുറംകാര്യങ്ങളെല്ലാം നടന്നത്. പാറപ്രത്തെ കർഷകസംഘം പ്രവർത്തകർ സഹായികൾ. മൂന്നുഭാഗവും പുഴ. അടുത്തൊന്നും റോഡില്ല. പൊലീസുകാർക്കോ ഒറ്റുകാർക്കോ എത്തിപ്പെടാൻ പ്രയാസമായ സ്ഥലം. ഏതെങ്കിലും വിധത്തിൽ പൊലീസ് വരികയാണെങ്കിൽ പ്രവർത്തകർക്ക് ധർമടത്തേക്കോ പെരളശ്ശേരിയിലേക്കോ മാവിലായിയിലേക്കോ രക്ഷപ്പെടാനാവും. അങ്ങനെ എല്ലാ തരത്തിലും സുരക്ഷിതമാണെന്ന് മനസ്സിലാക്കിയാണ് പാറപ്രം വിവേകാനന്ദ വായനശാലാ പരിസരത്ത് സമ്മേളനം നിശ്ചയിച്ചത്. വായനശാലയിൽ രാത്രിയിലാണ് പ്രതിനിധികൾ എത്തിയത്. വടവതി അപ്പുക്കുട്ടിയുടെ വീട്ടുമുറ്റത്താണ് യോഗം. സമ്മേളനത്തിന്റെ സ്വാഗതസംഘത്തിലെ പ്രധാനിയായ പാണ്ട്യാല ഗോപാലൻ മാഷുടെ നേതൃത്വത്തിൽ ഇതേ ദിവസം മറ്റൊരു സമ്മേളനവുമുണ്ടായിരുന്നു, പിണറായി ആർ.സി. അമല യു.പി. സ്കൂളിലെ അധ്യാപകസമ്മേളനം. അധ്യാപകസംഘടനയുടെ നേതാവായ പാണ്ട്യാലയുടെ നേതൃത്വത്തിൽ അത്തരമൊരു സമ്മേളനം നടത്തുന്നതിൽ എന്തുകൊണ്ടും ഔചിത്യമുണ്ട്. സംശയത്തിന് സാധ്യതയില്ല. സി.എസ്.പി. നേതൃത്വമപ്പാടെ നിരോധിത കമ്യൂണിസ്റ്റ് പാർട്ടിയായി മാറുന്ന സമ്മേളനത്തിന്റെ മറയായിരുന്നു അധ്യാപകസമ്മേളനം.

പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഓർമയിലുളളവരെന്നനിലയിൽ ബാലറാം പിൽക്കാലത്ത് രേഖപ്പെടുത്തിയ പേരുകൾ ഇതാണ്‐ “നമ്പൂതിരിപ്പാട്, കൃഷ്ണപിള്ള, കെ.ദാമോദരൻ, പി.നാരായണൻനായർ, കെ.കെ.വാര്യർ, എ.കെ.ഗോപാലൻ, സുബ്രഹ്മണ്യശർമ, ഇ.പി.ഗോപാലൻ, പി.എസ്. നമ്പൂതിരി, സി.എച്ച്് കണാരൻ, കേരളീയൻ, തിരുമുമ്പ്്, കെ.പി.ഗോപാലൻ, വി.വി.കുഞ്ഞമ്പു, ചന്ദ്രോത്ത് കുഞ്ഞിരാമൻനായർ, എം.കെ.കേളു, സുബ്രഹ്മണ്യഷേണായി, വില്യം സ്നെലക്സ്, എ.വി.കുഞ്ഞമ്പു, കെ.കുഞ്ഞിരാമൻ, പി.എം.കൃഷ്ണമേനോൻ, കെ.കൃഷ്ണൻനായർ, വടവതി കൃഷ്‌ണൻ, എൻ.ഇ.ബാലറാം, പിണറായി കൃഷ്‌ണൻനായർ, കെ.എൻ.ചാത്തുക്കുട്ടി, മഞ്ചുനാഥറാവു, കൊങ്ങാശ്ശേരി കൃഷ്ണൻ തുടങ്ങിയ മിക്ക നേതാക്കളും പ്രവർത്തകരും അന്നവിടെ സന്നിഹിതരായിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ചത് കെ.പി.ഗോപാലനായിരുന്നു. “കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യനാളുകൾ എന്ന ചെറുതെങ്കിലും ഏറ്റവും ആധികാരികമായ ചരിത്രഗ്രന്ഥത്തിലേതാണ് ഈ വിവരണം. യോഗത്തിലെ ചർച്ചകളെക്കുറിച്ചും രണ്ടാഴ്ചക്കുശേഷം പറശ്ശിനിയിൽ പതിനഞ്ചംഗ കമ്മിറ്റി ചേർന്നതും കൃഷ്ണപിള്ളയെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതുമടക്കമുള്ള കാര്യങ്ങൾ ബാലറാം ആ പുസ്തകത്തിൽ കാച്ചിക്കുറുക്കി വിവരിക്കുന്നുണ്ട്. പാറപ്രം സമ്മേളനത്തിന്റെ വിവരങ്ങളൊന്നും പിറ്റേന്ന് വൈകീട്ടുവരെ പൊലീസിന് ലഭിച്ചില്ല. രാത്രി രണ്ടുമണിയോടെ യോഗം തീർത്ത് നേതാക്കൾ മടങ്ങിയിരുന്നു. പിറ്റേന്ന് വൈകിട്ട് സ്ഥലത്തെത്തിയ പൊലീസിന് വിവേകാനന്ദ വായനശാല കേന്ദ്രീകരിച്ച് നടന്ന യോഗം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരണ കൺവെൻഷനാണെന്നൊന്നും മനസ്സിലായില്ല. കോൺഗ്രസിലെ ഇടതുപക്ഷക്കാരുടെ എന്തോ ഗൂഢ യോഗം എന്നേ മനസ്സിലായുള്ളൂ. യോഗം നടത്തിയതിന്റെ പേരിൽ പിണറായിയിൽവെച്ച് എൻ.ഇ.ബാലറാം, മന്നത്തു കൃഷ്ണൻനായർ, ആർ. കുഞ്ഞമ്പു, പി.കൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം കഴിഞ്ഞാണ് ബാലറാമടക്കമുള്ളവരെ വിട്ടയച്ചത്.

1940ൽ പാർട്ടി പ്രവർത്തനമാരംഭിച്ചതോടെ കോട്ടയം അഥവാ തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായി ബാലറാം നിയോഗിക്കപ്പെട്ടു. ടി.കെ.രാജു (ചിറക്കൽ), എം.കണാരൻ (കുറുമ്പ്രനാട്), എൻ.ശങ്കരൻ മാസ്റ്റർ (കോഴിക്കോട്), ടി.കുഞ്ഞുണ്ണി (ഏറനാട്), കോങ്ങശ്ശേരി കൃഷ്ണൻ (വള്ളുവനാട്), ടി.കെ.രാമൻ (പൊന്നാനി), പി.കുഞ്ഞിരാമൻ മാസ്റ്റർ (പാലക്കാട്) എന്നിവരാണ് മലബാറിലെ മറ്റ് താലൂക്ക് സെക്രട്ടറിമാർ. ബാലറാമിന്റെ പ്രവർത്തനം ജില്ലാതലത്തിലേക്ക് മാറ്റിയതിനാൽ പിന്നീട് ടി.വി.അച്യുതൻനായരെ കോട്ടയം താലൂക്ക് സെക്രട്ടറിയാക്കി. കുറുമ്പ്രനാട് സെക്രട്ടറിയായ എം.കണാരനെ പിന്നീട് കോഴിക്കോട് താലൂക്ക് സെക്രട്ടറിയാക്കി. കുറുമ്പ്രനാട്ട് പകരം വിജയരാഘവൻ സെക്രട്ടറിയായി.

കോട്ടയം താലൂക്ക് കർണാടക അതിർത്തി മുതൽ മയ്യഴിവരെയുള്ള അതിവിശാലമായ മേഖലയാണ്. വയനാട്ടിന്റെ പല ഭാഗങ്ങളും അതിൽപ്പെടും. ഈ മേഖലയിലാകെ ബാലറാം രാപകൽ പ്രവർത്തിച്ച് കാഡർമാരെ കണ്ടെത്തി. പായത്തും മട്ടന്നൂരിലും പഴശ്ശിയിലും തില്ലങ്കേരിയിലുമെല്ലാം കരുത്തുറ്റ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ധീരോദാത്തമായ നേതൃത്വംനൽകി. 1940 സെപ്റ്റംബർ 15ന്റെ മർദനപ്രതിഷേധ‐വിലക്കയറ്റവിരുദ്ധദിനാചരണം വിജയിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. മലബാറിലാകെ 16 കേന്ദ്രങ്ങളിൽ നിരോധനം ലംഘിച്ച് റാലി നടത്തി. തലശ്ശേരി ജവാഹർഘട്ടിൽ നടന്ന റാലിയിലേക്ക് പിണറായിയിൽനിന്ന് പ്രകടനം നയിച്ചത് ബാലറാമും സി.എൻ.ബാലനും പാണ്ട്യാല ഗോപാലനുമടക്കമുള്ളവർ ചേർന്നാണ്. തലശ്ശേരിയിലെ ചെറുത്തുനിൽപ്പിന് പി.കെ.മാധവനടക്കമുള്ള നേതാക്കൾക്കൊപ്പം ബാലറാമും നേതൃത്വം നൽകി. സപ്തംബർ 15 സംഭവത്തിന്റെ പ്രാധാന്യത്തെപ്പറ്റി കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യനാളുകൾ എന്ന പുസ്തകത്തിൽ ബാലറാം ഇങ്ങനെ അനുസ്മരിച്ചു.‐ “തലശ്ശേരി, മൊറാഴ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നീ നാലുദിക്കിലെ സംഭവങ്ങളെ മാത്രം ആധാരമാക്കി ചാർജ് ചെയ്ത കേസുകളിൽ ആകെ 210ത്തോളം പേർ പ്രതികളായിരുന്നു. ഇതിൽ മൂല പൊക്കേട്ടൻ എന്ന് വിളിക്കുന്ന കാരണവർ മുതൽ വി.അനന്തനെപ്പോലുള്ള ബാലന്മാർവരെ പെട്ടിരുന്നു. കയ്യാമംവെച്ച് ഈ പ്രതികളെ അങ്ങോട്ടുമിങ്ങോട്ടും വെയിലത്ത് നടത്തിക്കുന്നത് പൊലീസുകാർക്ക് ഒരു വിനോദമായിരുന്നു. ഒരുഭാഗത്ത് പൊലീസിന്റെ കിരാതമർദനം, മറുഭാഗത്ത് വലതുപക്ഷ കോൺഗ്രസ്സുകാരുടെ അക്രമപ്രചരണം. കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നത് യഥാർഥത്തിൽ തീച്ചൂളയിൽക്കൂടിത്തന്നെയായിരുന്നു. വലതുപക്ഷത്തിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാതെ, തൊഴിലാളിവർഗ പാർട്ടിയുടെ രാഷ്ട്രീയനയം സ്വതന്ത്രമായി നടപ്പിൽവരുത്തിയ ആദ്യത്തെ സംഭവമായിരുന്നു 1940 സെപ്തംബർ 15ന് നടന്ന പ്രതിഷേധദിനം. കോൺഗ്രസ് നേതൃത്വത്തിന് ഇത് ഇഷ്ടമായില്ലെങ്കിലും കേരളത്തിലെ സാമ്രാജ്യവിരോധപ്രസ്ഥാനത്തെ ഈ സംഭവം വളരെയേറെ മുമ്പോട്ടുതള്ളി.’

നാല്പതുകളുടെ മധ്യത്തിൽ കുറച്ചുകാലം ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായി ബാലറാമിനെ നിയോഗിക്കുകയുണ്ടായി. 1948‐ൽ പാർട്ടിയെ നിരോധിച്ച ഘട്ടത്തിൽ കൃഷ്ണപിള്ളയും ഇ.എം.എസും കെ.സി.ജോർജും ചേർന്നാണ് കേരളത്തിലെ പാർട്ടി പ്രവർത്തനം രഹസ്യകേന്ദ്രങ്ങളിലിരുന്ന് നയിച്ചത്. കൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് 1948 ഓഗസ്റ്റ് അവസാനംമുതൽ ഇ.എം.എസ്., കെ.സി.ജോർജ് എന്നിവർക്കൊപ്പം എൻ.സി.ശേഖറും സി.അച്യുതമേനോനും എൻ.ഇ.ബാലറാമും സ്റ്റേറ്റ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചു. 1948‐ൽ ബാലറാമിനെ പിടികൂടാൻ നടത്തിയ ശ്രമം വിഫലമായപ്പോൾ പൊലീസ് ചെയ്തത് അദ്ദേഹത്തിന്റെ വീട് തകർക്കലാണ്.
പലതവണയായി ആറു വർഷത്തോളം ജയിലിലായിരുന്നു ബാലറാം എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ജയിൽ ജീവിതം ബാലറാമിലെ വിജ്ഞാനദാഹിക്ക് വലിയ സഹായമായി ഭവിച്ചു. ഭാഷകൾ പഠിക്കാനും തത്വചിന്ത ആഴത്തിൽ മനസ്സിലാക്കാനും പിൽക്കാലത്ത്് പുസ്തകരചനനടത്തുന്നതിനുള്ള വിഭവശേഖരണത്തിനുമെല്ലാം. ജയിലിൽ കോൺഗ്രസ്സിന്റെ പ്രമുഖ നേതാക്കളായ പട്ടാഭി സീതാരാമയ്യ, ആന്ധ്ര കേസരി ടി.പ്രകാശം തുടങ്ങിയവർ ബാലറാമിന്റെ സഹതടവുകാരായിരുന്നു. വിജയനഗരസാമ്ര്ാജ്യവുമായി ബന്ധപ്പെട്ട ചരിത്രാവശിഷ്ടങ്ങൾ ഖനനംചെയ്തപ്പോൾ ലഭിച്ച പാലി ലിഖിതങ്ങൾ വായിച്ച് നിഗമനങ്ങളിലൊത്തുന്നതിന് ആന്ധ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിൽ അംഗമായിരുന്നു ബാലറാം. തന്റെ സഹതടവുകാരനായിരുന്ന ബാലറാമിന്റെ പാണ്ഡിത്യവും വൈദഗ്ധ്യവും നേരിട്ടറിയാവുന്ന മുഖ്യമന്ത്രി ടി.പ്രകാശം ബാലറാമിനെ നിർബന്ധബുദ്ധിയോടെ വിദഗ്ധ സമിതി അംഗമാക്കുകയായിരുന്നു. ഭാരതീയ പൈതൃകം, ഇന്ത്യയുടെ പിറവി, എന്നിവയടക്കമുളള ബാലറാമിന്റെ കൃതികൾ ഏറെ പ്രസിദ്ധമാണ്. സാഹിത്യനിരൂപകനെന്നനിലയിലും ശ്രദ്ധേയനായിരുന്നു. സാഹിത്യനിരൂപണവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് സൗന്ദര്യോത്സവം. ബാലറാമിന്റെ കൃതികൾ 10 വാള്യങ്ങളിലായി പ്രഭാത് ബുക് ഹൗസ് സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular