Tuesday, June 18, 2024

ad

Homeലേഖനങ്ങൾഗാസക്കുവേണ്ടി സമരരംഗത്തിറങ്ങി യുഎസ് ക്യാമ്പസുകൾ

ഗാസക്കുവേണ്ടി സമരരംഗത്തിറങ്ങി യുഎസ് ക്യാമ്പസുകൾ

അഡ്വ. ജി സുഗുണൻ

ലസ്തീൻ ‐ ഇസ്രയേൽ സംഘർഷങ്ങൾക്കും അതിന്റെ ഭാഗമായ കൂട്ടക്കുരുതികൾക്കും ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണുളളത്. എക്കാലവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വംശീയതയേയും വർഗ്ഗീയതയേയും എതിർക്കുന്ന ജനകോടികൾ പലസ്തീനോടൊപ്പം തന്നെ നിലയുറപ്പിച്ചിട്ടുള്ളതുമാണ്. നിർഭാഗ്യവശാൽ സാമ്രാജ്യത്വ ശക്തികൾ അമേരിക്കയുടെ നേതൃത്വത്തിൽ പലസ്തീനും, ഗാസക്കുമെതിരായി ഇസ്രയേലിനോടൊപ്പം ഉറച്ചു നിൽക്കുന്ന ചിത്രമാണ് ഈ കാലങ്ങളിലെല്ലാം കാണാൻ കഴിഞ്ഞിട്ടുള്ളത്. ഐക്യരാഷ്ട്രസഭയ്ക്കോ, അതുപോലുള്ള ലോകവേദികൾക്കോ ഒന്നും ഈ സംഘർഷം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്നുള്ളതാണ് വസ്തുത. സാമ്രാജ്യത്വ ശക്തികളുടെ നിലപാട് ഇപ്പോഴും പഴയപടി അനുസ്യൂതം തുടരുകയും ചെയ്യുകയാണ്. ഈ സാമ്രാജ്യത്വ സമീപനത്തിന്റെ ദുരന്തഫലമാണ് ഗാസയിലെ ജനതയും, അവിടുത്തെ ആയിരക്കണക്കിന് കുഞ്ഞുകുട്ടികളും കഴിഞ്ഞ ആറേഴുമാസക്കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗാസയിൽ ഇതുവരെയായി 42000‐ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സയണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് ഇസ്രയേൽ കൂട്ടക്കൊലകളുമായി മുന്നോട്ട് പോകുന്നത്. അറബ് മേഖലയിൽ ഈ കൂട്ടക്കുരുതിയിൽകൂടി തങ്ങൾക്ക് അധീശാധിപത്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. പലസ്തീൻ പ്രദേശത്ത് നടന്ന ജൂതകുടിയേറ്റത്തിനും, ഒടുവിൽ രണ്ടാംലോക യുദ്ധാനന്തരം പലസ്തീൻ വിഭജിച്ച് അതിലെ ഭൂരിപക്ഷം വരുന്ന പ്രദേശത്ത്‌ ഇസ്രയേൽ സ്ഥാപിച്ചതിന്റെയും പിന്നിൽ സാമ്രാജ്യത്വത്തിന്റെ അജൻഡതന്നെയായിരുന്നു. ആരംഭത്തിൽ ഇത് ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നെങ്കിൽ രണ്ടാംലോക യുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വം ഏറ്റെടുക്കുകയാണുണ്ടായത്. സയണിസ്റ്റുകളുടെ ഭീകരാക്രമണങ്ങൾക്കും, ക്രൂരതകൾക്കുമെല്ലാം അമേരിക്കയും മറ്റു സമ്രാജ്യത്വ ശക്തികളും സംരക്ഷണം നൽകുന്നതിൽ നിന്നുതന്നെ ഇതിനുപിന്നിൽ സാമ്രാജ്യത്വ താൽപര്യമുണ്ടെന്ന് പകൽപോലെ വ്യക്തവുമാണ്.

ഗാസയിൽ ഏറ്റവും ക്രൂരവും പൈശാചികവുമായ വംശഹത്യ തുടരുകയാണ്. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ വംശഹത്യയാണിതെന്നുള്ളതിൽ സംശയമില്ല. 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിങ്ങിത്താമസിക്കുന്ന 22 ലക്ഷം ജനങ്ങൾക്ക് നേരെ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ കെട്ടഴിച്ചുവിട്ട യുദ്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യഹത്യയാണ്. അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും സ്കൂളുകളും ഇസ്രയേലിന്റെ കൂട്ടസംഹാരത്തിന് വിധേയമാകുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നിർദ്ദയം അവിടെ കൊല്ലപ്പെടുകയാണ്. ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നതിന് മുൻപേ കൊടുംക്രൂരതയ്ക്ക് പാത്രമായി ജീവൻവെടിയേണ്ടിവന്ന ഗാസയിലെ കുരുന്നുകളുടെ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ചിത്രങ്ങളാണ് ആറേഴുമാസക്കാലമായി നമ്മുടെയെല്ലാം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. കൗതുകത്തോടെ ലോകത്തെ നോക്കിക്കാണേണ്ട പ്രായത്തിൽ ശവപ്പറമ്പുകളിലേക്ക് ഭീതിയോടെ നോക്കിനിൽക്കേണ്ടിവരുന്ന കുരുന്നു മുഖങ്ങളാണ് ലോകജനതയുടെ മനസ്സാക്ഷിക്ക് മുന്നിൽ ചോദ്യചിഹ്നമായി ഇപ്പോൾ നിൽക്കുന്നത്.

ദശാബ്ദങ്ങളായി ഇസ്രയേലിന് ആയുധവും, വൻസമ്പത്തും എല്ലാ നിലയിലും മറ്റ് സഹായവും ചെയ്തുകൊണ്ടിരിക്കുന്നത് അമേരിക്കയാണ്. ഈ രാജ്യം പലസ്തീനെതിരായ നിലപാട് മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടാണ് യു.എസ് സർവ്വകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ വൻ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗാസ, ഹമാസ്‐ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ യു.എസ് സർവ്വകലാശാലകളിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബ്രൂക്കിലിനിലടക്കം വിവിധ പ്രതിഷേധ റാലികളിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റുചെയ്തു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നുള്ളതാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മുഖ്യസമരകേന്ദ്രമായി കൊളംബിയ സർവ്വകാലശാലയുടെ സിറ്റിക്യാമ്പസിൽ വിദ്യാർത്ഥികൾ ഉയർത്തിയ സമരപ്പന്തലുകൾ പൊളിച്ചുമാറ്റണമെന്ന് പോലീസ് അന്ത്യശാസനം നൽകിയിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഡസൻകണക്കിന് വിദ്യാർത്ഥികൾ അറസ്റ്റിലായി. യെയ്ൽ, മിനസോഡ് സർവ്വകാലാശാലകളിലും 50 വിദ്യാർത്ഥികളെ അറസ്റ്റ്ചെയ്തു. ഹാർവഡ്, മാസ് ചൂസിറ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ സമരം കലുഷിതമായി. ഇസ്രയേലിന് സഹായം നൽകുന്നത് യു.എസ് നിർത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയാണ് ഈ സംഘടന നയിക്കുന്നത്. യു.എസ് സെനറ്റിലെ ഇസ്രയേൽ പക്ഷനേതാവ് ചക്ഷൂമറുടെ ബ്രൂക്ക്ലിനിലെ വസതിക്ക് സമീപം രണ്ടായിരത്തിൽ പരം പ്രതിഷേധക്കാർ ധർണ്ണനടത്തി. സിറ്റി കാമ്പസിൽ നൂറിലേറെ വിദ്യാർത്ഥികളെ അറസ്റ്റ്ചെയ്തതിനെതുടർന്നാണ് സമരം മറ്റ് സർവ്വകലാശാലകളിലേക്ക് വ്യാപിച്ചത്.

വിദ്യാർത്ഥികളുടെ സമരത്തിന് ഒരു വിഭാഗം അധ്യാപകരും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് സമരം കൂടുതൽ ശക്തമാകാൻ ഇടവരുത്തിയിട്ടുണ്ട്. അമേരിക്കൻ സർവ്വകലാശാലകളിലെ കൂടാരങ്ങളിൽ താമസിച്ച് പലസ്തീൻ അനുകൂലസമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഇസ്രയേലുമായുള്ള എല്ലാ ബിസിനസ്സ് ഇടപാടുകളും യൂണിവേഴ്സിറ്റികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഗവേഷണത്തിനായി ഇസ്രയേലിന്റെ സഹായം സ്വീകരിക്കാതിരിക്കുക, അവിടെ നടത്തുന്ന കമ്പനികൾ അവിടെ നിന്നുള്ള കരാറുകൾ വഴി ലാഭമുണ്ടാക്കുന്ന അമേരിക്കക്കാരിൽ നിന്ന് സഹായം സ്വീകരിക്കരുത്, ഇസ്രയേലിൽ നിന്നുള്ള സഹായം എന്തിനുപയോഗിക്കുന്നു എന്നതിൽ കൂടുതൽ സുതാര്യത പുലർത്തുക തുടങ്ങിയവയാണ് സർവ്വകലാശാലകളോട്‌ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്‌. കൊളംബിയ ഹാർവാഡ് ലോ സ്കൂൾ, റെട്ജേഴ്സ്, അമേരിക്കൻ സർവ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥി സംഘടനകൾ ഇത് സംബന്ധിച്ചുള്ള പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്.

അമേരിക്കൻ സർവ്വകലാശാലകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. കാലിഫോർണിയയിലേയും ടെക്സാസിലേയും അനേകം വിദ്യാർത്ഥികളെ ഇതിനകം പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. സതേൺ കാലിഫോർണിയ സർവ്വകലാശാലയുടെ ലോസ്ഏഞ്ചൽസ് കാമ്പസിലെ പ്രതിഷേധത്തിനിടെ നൂറോളം വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. വോസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയിലെ 34 പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. കാമ്പസ് അടച്ചുപൂട്ടുമെന്ന് അധികൃതർ ഭീഷണി മുഴക്കിയിട്ടുണ്ട്. കാമ്പസിനുള്ളിൽ കടന്ന പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്.

അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഒരു അധ്യാപികയ്ക്കും പോലീസ് മർദ്ദനമേറ്റിരുന്നു. ഇവരെ നിലത്തുവീഴ്ത്തി വിലങ്ങുവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന് 2600 കോടി ബില്ല്യൻ ഡോളർ സഹായമനുവദിക്കുന്ന ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥിസംഘടനകളുടെ തീരുമാനം. കൊളംബിയ, യേൽ, ബ്രൗൺ, ന്യൂയോർക്ക് യൂണിവേഴ്സിറ്റികളിലെ പ്രതിഷേധം ശക്തിപ്പെടുകയാണ്. ഹാർവാഡ്, ബ്രൗൺ തുടങ്ങിയ സർവ്വകലാശാലകളിലും ഗാസസോളിഡാരിറ്റി ക്യാമ്പ്മെന്റ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യുദ്ധവിരുദ്ധപ്രതിഷേധങ്ങളുടെ പേരിൽ 600 ന് പുറത്ത് ആളുകൾ അമേരിക്കയിൽ അറസ്റ്റിലായതായാണ് റിപ്പോർട്ട്.

കൊളംബിയ യൂണിവേഴ്സിറ്റി അപ്പാർത്തീഡ് ഡൈവെസ്റ്റ്, സ്റ്റുഡന്റ് ഫോർ ജസ്റ്റീസ് ഇൻ പലസ്തീൻ, ജൂവിഷ് വോയ്സ്ഫോർപീസ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ക്യാമ്പ്മെന്റ് എന്ന സംഖ്യമാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ നിന്നും ലാഭംകൊയ്യുന്ന കോർപ്പറേറ്റുകളുമായുള്ള കൂട്ടുകെട്ടിൽ നിന്ന് യു.എസ് സർവ്വകലാശാലകൾ പിന്മാറണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം. കൊളംബിയ സർവ്വകലാശാലയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വെബ്സൈറ്റിലെ വിവരങ്ങൾ സുതാര്യമാക്കണമെന്നും, ഇസ്രയേൽ സർവ്വകലാശാലകളുമായും, പ്രോഗ്രാമുകളുമായും, അക്കാദമിക് ബന്ധങ്ങളും സഹകരണവും വിച്ഛേദിക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നു. ഗാസയിൽ സമ്പൂർണ്ണ വെടിനിർത്തലിനും ഈ സംഘടനകൾ ആഹ്വാനം നൽകിയിട്ടുണ്ട്.

പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്ത ഇന്ത്യൻ വിദ്യാർത്ഥിയായ പ്രിന്റൺ സർവ്വകലാശാലയിലെ അചിന്ത്യാശിവലിംഗം അറസ്റ്റിലായി. ഇവരെ കാമ്പസിൽ നിന്ന് സസ്പെന്റ് ചെയ്‌തതായും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും സർവ്വകലാശാല വക്താവ് അറിയിച്ചു. അടിച്ചമർത്താൻ ശ്രമിക്കുംതോറും അമേരിക്കയിലെ കൂടുതൽ ക്യാമ്പസുകളിലേക്ക് പലസ്തീൻ അനുകൂല പ്രക്ഷോഭം പടരുകയാണ്. ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം 20ലധികം യൂണിവേഴ്സിറ്റി കാമ്പസുകളിലേക്ക് ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ അധിനിവേശത്തെ രൂക്ഷമായി വിമർശിച്ചും, അമേരിക്കയുടെ ഇസ്രയേൽ അനുകൂല നയത്തിൽ പ്രതിഷേധിച്ചുമാണ് വിദ്യാർത്ഥികളുടെ ഈ സമരം. ഗാസാ ആക്രമണത്തിൽനിന്ന്‌ ലാഭം കൊയ്യുന്ന കമ്പനികളുടെ ഗവേഷണ പരിപാടികളിൽ നിന്ന് പിന്മാറാൻ സർവ്വകലാശാല വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പലസ്തീനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയിലേയും, ഓസ്ട്രേലിയയിലേയും കാമ്പസുകളിൽ പടർന്ന പ്രതിഷേധം ഫ്രാൻസിലേക്കും വ്യാപിച്ചു. പാരീസിലെ പ്രമുഖമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസ് വിദ്യാർത്ഥികൾ വലിയ ഉപരോധസമരമാണ് സംഘടിപ്പിച്ചത്. ഇസ്രയേൽ ആക്രമണത്തെ ഈ സ്ഥാപനം അപലപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും പലസ്തീൻ പതാക കാമ്പസിൽ സ്ഥാപിച്ചും. വിദ്യാർത്ഥികൾ അവരുടെ പിന്തുണ അറിയിച്ചു. ഗാസയ്ക്കുള്ള ഐക്യദാർഢ്യപ്രഖ്യാപനത്തിന്റെ ചിഹ്നമായി മാറിയ കറുപ്പും വെളുപ്പും നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികൾ അണിനിരന്നത്.

ഫ്രാൻസിലെ കാമ്പസുകളിലും പലസ്തീനുവേണ്ടി വിദ്യാർത്ഥികൾ അണിനിരക്കുകയാണെന്നും, അക്കാദമിക് മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണിതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുംവരെ പ്രതിഷേധം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ധർണ്ണയ്ക്ക് തുടക്കമിട്ട വിദ്യാർത്ഥികളെ പോലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു. ഈ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഫ്രാൻസിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

നമ്മുടെ ലോകത്തിലെ ഏറ്റവും സജീവമായ രാഷ്ട്രീയ പ്രശ്നങ്ങളിലെല്ലാം വിദ്യാർത്ഥി സമൂഹത്തിന്റെ ഇടപെടൽ പുത്തരിയൊന്നുമല്ല. ഏറ്റവുമധികം പ്രതികരണശേഷിയും, സമരാവേശവും ഉള്ള വിഭാഗമാണ് യുവതയും, വിദ്യാർത്ഥിയും. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ക്രൂരതയും പൈശാചികതയുമാണ് ഗാസയിൽ കുറേമാസങ്ങളായി അരങ്ങേറുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇസ്രയേലിനനുകൂലമായ നിലപാടാണ് ഗാസയിലെ കൂട്ടക്കുരുതിക്ക് അടിസ്ഥാനകാരണം. ഈ തെറ്റായ യു.എസ് നിലപാട് തിരുത്തണമെന്നാണ് അവിടുത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അവരുടെ സമരത്തിൽകൂടി ആവശ്യപ്പെടുന്നത്. സമരം യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കുമെല്ലാം വ്യാപിക്കാനും തുടങ്ങിയിരിക്കുകയാണ്. വളരെ ശക്തമായി അലയടിച്ചുയരുന്ന അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളുടെ രോഷത്തിനു മുന്നിൽ പ്രസിഡന്റ് ബൈഡനും, അമേരിക്കൻ സാമ്രാജ്യത്വശക്തികൾക്കും മുട്ടുമടക്കേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 14 =

Most Popular