Saturday, January 18, 2025

ad

Homeപുസ്തകംഅനുഭവസാക്ഷ്യങ്ങളിലെ ജീവിതപാഠങ്ങള്‍

അനുഭവസാക്ഷ്യങ്ങളിലെ ജീവിതപാഠങ്ങള്‍

ജയന്‍ ശിവപുരം

നുഭവകഥനം വായനക്കാര്‍ക്ക് പ്രചോദനമായി മാറുന്നതിന്റെ അപൂര്‍വതയാണ് അഴല്‍ മൂടിയ കന്യാവനങ്ങള്‍ എന്ന പുസ്തകം. 12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതമാണ് കെ.വി.മോഹന്‍കുമാര്‍ ഈ പുസ്തകത്തില്‍ വാക്യങ്ങളിലൂടെ വീണ്ടെടുക്കുന്നത്. അനുഭവങ്ങള്‍ രേഖപ്പെടുത്തുക മാത്രമല്ല, ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്തു ചെയ്തു എന്നതിന്റെ സാക്ഷ്യങ്ങളും അനുബന്ധമായുണ്ട്. ഇതു നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാകുന്നതിനു പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഒരു ശരാശരി കുടുംബത്തില്‍ ജനിച്ച എഴുത്തുകാരന്‍ വിദ്യാര്‍ഥിജീവിതം മുതല്‍ തന്റെ ഇഷ്ടമേഖലയില്‍ പ്രവര്‍ത്തിക്കാനായി സ്ഥിരോത്സാഹത്തോടെ നടത്തുന്ന പരിശ്രമങ്ങള്‍ പകരുന്ന ജീവിതപാഠമാണ്. ഒഴുക്കുള്ള ഭാഷയും അനുഭവത്തിന്റെ തീവ്രതയും അനന്യതയും ഈ അനുഭവാഖ്യാനത്തിനു മിഴിവേകുന്നുമുണ്ട്.

തികച്ചും സാധാരണമായ ഗ്രാമജീവിതപരിസരങ്ങളില്‍ നിന്ന് കഷ്ടപ്പാടുകള്‍ സഹിച്ച് വളര്‍ന്ന ഒരാള്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് എങ്ങനെ സൃഷ്ട്യുന്മുഖമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതിന്റെ സാക്ഷ്യമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ഒരു പത്രപ്രവര്‍ത്തകനാകാന്‍ ഞാന്‍ പെട്ട പാട് എന്നതാണ് ആമുഖത്തിന്റെ തലക്കെട്ടുതന്നെ. എക്കാലത്തും പിന്തുടരുന്ന അതേ എളിമയോടെയാണ് മോഹന്‍കുമാര്‍ പുസ്തകവും ആരംഭിക്കുന്നത്. താന്‍ എവിടെയും എത്തിച്ചേരേണ്ട ഒരാളായിരുന്നില്ലെന്നും എവിടെയെങ്കിലും എത്തിച്ചേര്‍ന്നു എന്ന ധാരണയില്ലെന്നുമാണ് ആദ്യ രണ്ടു വാക്യങ്ങള്‍. തുടര്‍ന്നുള്ള താളുകളിലെ സംഭവബഹുലമായ വിവരണങ്ങള്‍ അതിതീക്ഷ്ണങ്ങളുമാണ്. ഒരു വ്യാഴവട്ടം മാത്രം നീണ്ടുനിന്ന പത്രപ്രവര്‍ത്തന ജീവിതം എത്രമാത്രം അര്‍ത്ഥവത്തായാണ് വിനിയോഗിക്കപ്പെട്ടതെന്ന് പത്രത്തിനു വേണ്ടി എഴുതിയ പരമ്പരകളും അതിലേക്ക് എത്തിച്ചേര്‍ന്ന വഴികളും വ്യക്തമാക്കുന്നുണ്ട്.

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാകാന്‍ കൊതിച്ച് കേരളകൗമുദിയിലും മലയാള മനോരമയിലും എത്തിയതിന്റെ വിവരണമാണ് ഇതിന്റെ ആമുഖഭാഗം. പത്രപ്രവര്‍ത്തകനായിത്തീരുകയെന്നത് തന്റെ ജീവിതാഭിലാഷമായിരുന്നുവെന്ന് എഴുത്തുകാരന്‍ പറയാതെ പറയുന്നുണ്ട്. എന്നാല്‍ പത്രപ്രവര്‍ത്തന ജീവിതമാണ് മോഹന്‍കുമാറിനെ നോവലിസ്റ്റും കഥാകൃത്തുമാക്കി മാറ്റിയത് എന്നു പറയാന്‍ കഴിയില്ല. ഒരുപക്ഷേ ഉള്ളിലിരുന്ന കഥാകൃത്താവണം അദ്ദേഹത്തെ പത്രപ്രവര്‍ത്തനമേഖലയിലേക്കു തള്ളിവിട്ടത്. അല്‍ബേര്‍ കാമുവിന്റെ റെബല്‍, പാബ്ലോ നെരൂദയുടെ തിരഞ്ഞെടുത്ത കവിതകള്‍, കാഫ്കയുടെ ട്രയല്‍ തുടങ്ങിയ പുസ്തകങ്ങളും കയ്യില്‍ കരുതിയാണ് ആദ്യമായി കേരളകൗമുദിയിലെ ജോലിക്കായി കൊച്ചിയിലേക്കു വന്നതെന്ന് അദ്ദേഹം തന്നെ പറയുന്നു. പുസ്തകങ്ങളെ അത്രമേല്‍ പ്രണയിച്ചിരുന്ന ഒരാള്‍ പത്രപ്രവര്‍ത്തകനാകുമ്പോള്‍ സംഭവിക്കുന്ന അനന്യസര്‍ഗസഞ്ചാരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങളില്‍ തെളിയുന്നത്.

നിലമ്പൂര്‍ വനത്തില്‍ ചോലനായ്ക്കരുടെ ജീവിതനിഗൂഢതകള്‍ അനാവരണം ചെയ്യുന്ന പരമ്പരയ്ക്കായി ഫോട്ടോഗ്രാഫര്‍ പി.മുസ്തഫയ്‌ക്കൊപ്പം പോയപ്പോഴാണ് ആദ്യ നോവലിന്റെ കഥാതന്തു ലഭിക്കുന്നത്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ വസ്തുതാകഥനവും സാമൂഹിക പ്രതിബദ്ധതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാവനാലോകങ്ങളിലൂടെയുള്ള സര്‍ഗസഞ്ചാരങ്ങളും നടത്താന്‍ മോഹന്‍കുമാറിനു കഴിയുന്നുണ്ട്.

അഴല്‍മൂടിയ കന്യാവനങ്ങള്‍ എന്ന കാവ്യാത്മകമായ പേര് മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പരമ്പരയുടേതാണ്. തലക്കെട്ടിലെന്ന പോലെ എഴുത്തിലും കാവ്യാത്മകഭാഷ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. പതിമൂന്നു വയസ്സുകാരിയായ ഇരുള പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയാണ് ആദിവാസി സ്ത്രീകളുടെ ദുരിതപൂര്‍ണമായ ജീവിതത്തിലേക്കു വാതില്‍ തുറക്കുന്നത്. ദൈനംദിനം വരുന്ന വാര്‍ത്തകളെ വെറും വാര്‍ത്തകളായി എഴുതിത്തള്ളുന്നതിനു പകരം അതിന്റെ പിന്നാമ്പുറങ്ങളന്വേഷിക്കുന്ന യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെയാണ് ഇവിടെ കാണുന്നത്. പൂതിവഴി ഊരിലെ ശ്രീധരനെന്ന പുരോഗമനവാദിയായ യുവാവാണ് ആദിവാസികളുടെ മണ്ണും മാനവും കവരുന്നവരെപ്പറ്റി മോഹന്‍കുമാറിന് ആദ്യം വിവരങ്ങള്‍ നല്‍കുന്നത്. അട്ടപ്പാടിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് പരമ്പര തയാറാക്കല്‍ അന്ന് എത്രമാത്രം ശ്രമകരമായിരുന്നുവെന്നത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തില്‍. ആദിവാസികളുടെ ദുരിതത്തെപ്പറ്റി പിന്നീട് ഏറെ പരമ്പരകളും വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം വന്നെങ്കിലും മാനുഷികതയിലും സാമൂഹികപ്രതിബദ്ധതയിലും ഊന്നിനിന്നുകൊണ്ടുള്ള അദ്യശ്രമങ്ങളില്‍ ഒന്നാണ് അഴല്‍മൂടിയ കന്യാവനങ്ങള്‍ എന്ന ലേഖനപരമ്പര. രണ്ടും മൂന്നും മണിക്കൂര്‍ ദിവസവും ബൈക്കില്‍ സഞ്ചരിച്ചാണ് ആദിവാസി ഊരുകളിലെത്തി മോഹന്‍കുമാര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

ആനക്കട്ടിയില്‍ നിന്ന് കോയമ്പത്തൂര്‍ വഴി തിരികെവരുമ്പോള്‍ സംഭവിച്ച അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതുകൂടി വായിക്കുമ്പോഴാണ് ജീവന്‍ പണയംവച്ചായിരുന്നു അന്നത്തെ ജോലിയെന്നു ബോധ്യപ്പെടുക. വാളയാറില്‍ വച്ച് ഒരു വശത്തു നിര്‍ത്തിയിട്ടിരുന്ന ലോറി പെട്ടെന്നു ലൈറ്റ് തെളിയിച്ച് മോഹന്‍കുമാറിന്റെ ബൈക്കിനു നേരെ വന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഈ സംഭവത്തിന്റെ വിവരണം ഞെട്ടലോടെ മാത്രമേ വായിക്കാന്‍ കഴിയൂ. അപകടശേഷം എപ്പോഴോ ബോധം തെളിഞ്ഞ് തൊട്ടടുത്തുള്ള പെട്രോളിയം കമ്പനിയുടെ ഫില്ലിങ് സ്റ്റേഷനിലേക്ക് ഇഴഞ്ഞുനീങ്ങി മരണത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ കൊലപാതക ശ്രമമായിരുന്നു ഇതെന്നു സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടായിരുന്നുവെന്നാണ് തുടര്‍ന്ന് പറയുന്നത്. നേരത്തെ ആലത്തൂരില്‍ വച്ച് പോലീസ് സംഘം സ്പിരിറ്റ് ലോറി പിടികൂടുകയും എക്‌സൈസിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ലോറിയില്‍ ബെന്‍സൈന്‍ ആയിരുന്നുവെന്ന് എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതു സംബന്ധിച്ച എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ബൈലൈനോടു കൂടി റിപ്പോർട്ട്‌ ചെയ്തത് മോഹന്‍കുമാറാണ്. സ്വാഭാവികമായും സ്പിരിറ്റ് ലോബിക്ക് അദ്ദേഹത്തോടു ശത്രുതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അപകടം ആസൂത്രിതമായിരുന്നുവോ എന്ന സംശയം ഉന്നയിക്കപ്പെട്ടത്.

ആദിവാസിജീവിതത്തിലെ ദുരിതപര്‍വങ്ങള്‍ ഏറ്റവും തീവ്രമായ ഭാഷയില്‍ ആവിഷ്‌കരിച്ച പരമ്പര പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഇത് പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദവുമാണ്. മറ്റൊരാളുടെ ജീവിതത്തിലും സംഭവിക്കാത്ത അപൂര്‍വത പിന്നീട് മോഹന്‍കുമാറിന്റെ ജീവിതത്തിലുണ്ടായി. ഒരിക്കല്‍ പത്രപ്രവര്‍ത്തകനായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു വേണ്ടി തൂലിക ചലിപ്പിച്ചയാള്‍ പിന്നീട് ജില്ലാ കലക്ടറായി അതേ ഊരുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്തു ചുമതലയേല്‍ക്കുക.

തെരുവുകളില്‍ അട്ടപ്പാടിയുടെ പെണ്‍കിടാങ്ങള്‍ കടിച്ചുകീറപ്പെടുന്നു. പട്ടിണി മരണങ്ങള്‍ വാര്‍ത്തയാകുന്നു.നീതിയുടെ സംരക്ഷകരെ പേറിയ ചൂഷകരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും മുക്രയിട്ടോടുന്നു- എന്ന് പരമ്പരയില്‍ എഴുതിയ ആള്‍ അട്ടപ്പാടി ഉള്‍പ്പെടുന്ന ജില്ലയുടെ അധികാരിയായി. അങ്ങനെ അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പത്രപ്രവര്‍ത്തകരില്‍ നിന്ന് സിവില്‍ സര്‍വീസിലേക്കു മാറിയവര്‍ അധികമുണ്ടാകാന്‍ സാധ്യതയില്ല. ഈ അപൂര്‍വത കൂടിയാണ് അഴല്‍മൂടിയ കന്യാവനങ്ങള്‍ എന്ന പുസ്തകത്തെ വേറിട്ടതാക്കുന്നത്.

പുസ്തകത്തിലെ ഏറ്റവും സംഭ്രമജനകമായ ഭാഗം തമിഴ് പുലികളുടെ കേന്ദ്രമായ വേദാരണ്യത്തിലേക്കുള്ള യാത്രയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലാകെ തമിഴ്പുലി ഭീതി നിറഞ്ഞുനില്‍ക്കുന്ന കാലം. മലയാള മനോരമയില്‍ അന്നു കോട്ടയത്ത് ചീഫ് ന്യൂസ് എഡിറ്ററായിരുന്ന തോമസ് ജേക്കബിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാലക്കാട്ട്‌ ജില്ലാ ലേഖകനായിരുന്ന മോഹന്‍കുമാര്‍ വേദാരണ്യത്തിലെ പുലിമടയിലേക്ക് ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടിക്കൊപ്പം യാത്രതിരിക്കുന്നത്. 1991 ജൂലൈ 21 ഞായറാഴ്ച. പുലികളുടെ നേതാവായിരുന്ന ഷണ്മുഖം സിബിഐ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടിയായിരുന്നു യാത്ര. മലയാളത്തില്‍ അധികം പത്രപ്രവര്‍ത്തകര്‍ നേരിട്ടിട്ടില്ലാത്ത ഭീകരതയിലൂടെയാണ് അന്നു മോഹന്‍കുമാര്‍ കടന്നുപോയത്. സംഭവകഥയെങ്കിലും ശ്വാസമടക്കിപ്പിടിച്ചു വായിക്കാവുന്ന ത്രില്ലര്‍ പോലെയാണ് ഈ ഭാഗം എഴുതപ്പെട്ടിരിക്കുന്നത്.

കൊച്ചിയില്‍ കേരളകൗമുദിയില്‍ ജോലിചെയ്യുന്ന കാലത്ത് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളെ പാര്‍പ്പിച്ച റെസ്‌ക്യു ഹോമില്‍ കണ്ടുമുട്ടിയ സ്ത്രീയെപ്പറ്റി എഴുതിയ വാര്‍ത്തയുടെ പിന്നാമ്പുറക്കഥയും ശ്രദ്ധേയമാണ്. കമലയുടെ കഥ, രാധയുടെയും എന്ന അധ്യായത്തില്‍ ഇതു വിശദമായി വിവരിക്കുന്നുണ്ട്.

പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താപരമ്പര പിന്നീട് നോവലായി മാറിയ കഥയാണ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ സ്റ്റോറി ഓഫ് എ ഷിപ്പ്‌റെക്ക്ഡ് സെയിലറിന്റേത്. (കപ്പല്‍ച്ചേതം വന്ന നാവികന്റെ കഥ) തകര്‍ന്ന കപ്പലില്‍ പത്തു ദിവസത്തോളം തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട ലൂയി അലിജാന്‍ഡ്രോ വെലാസ്‌കോയുടെ ജീവിതം അതേപടി പത്രത്തിനു വേണ്ടി പകര്‍ത്തുകയായിരുന്നു ആദ്യം മാര്‍ക്കേസ്. രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതേ സംഭവമാണ് പിന്നീട് അദ്ദേഹം നോവലായി പുനരാവിഷ്‌കരിച്ചത്. മോഹന്‍കുമാറിന്റെ വാര്‍ത്താ പരമ്പരകളിലും ഇതുപോലെ യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്ണതയും സംഭ്രമിപ്പിക്കുന്ന കഥാംശങ്ങളുമുണ്ട്. വായനയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഈ പുസ്തകം സമ്മാനിച്ചിരിക്കുന്നത് അഴിമുഖം ബുക്‌സാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular