കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അംബേദ്കറെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിൽ വിവാദപരമായി ചർച്ചചെയ്യപ്പെടുകയാണ്. മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന അമിത്ഷാമാർക്ക് ഒരിക്കലും അംബേദ്കറെ അംഗീകരിക്കാനോ ആദരിക്കാനോ കഴിഞ്ഞെന്നുവരില്ല. അംബേദ്കർ മനുസ്മൃതിക്ക് തീകൊടുക്കുകയും ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രങ്ങളെ വലിച്ചുകീറി തുറന്നുകാട്ടുകയും ചെയ്ത ധിഷണാശാലിയായ നമ്മുടെ ഭരണഘടനാശിൽപിയായിരുന്നു. മനുസ്മൃതിയിലധിഷ്ഠിതമായ സമാജപുരുഷ സങ്കൽപവുമായി നടക്കുന്ന ഹിന്ദുത്വവാദികൾ അംബേദ്കറെയും സർവ്വസാമൂഹ്യഉച്ചനീചത്വങ്ങളെയും ഉൻമൂലനം ചെയ്യണമെന്ന് വാദിക്കുന്ന സാമൂഹ്യനീതിയുടെയും തുല്യതയുടെയും ആശയാദർശങ്ങളെ പിൻപറ്റുന്നവരെയും ഒരിക്കലും അംഗീകരിക്കില്ല. ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമായിരിക്കുന്നത് മനുസ്മൃതിയാണ്. സംഘപരിവാർ മനുസ്മൃതിയെ നിയമമാക്കാനും ഭരണഘടനയെത്തതന്നെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളാണ് തങ്ങൾക്ക് ലഭിച്ച കേന്ദ്രാധികാരമുപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് അംബേദ്കറും അദ്ദേഹത്തിന്റെ ചാതുർവർണ്യാധിഷ്ഠിത ഹിന്ദുമതത്തെയും അതിന്റെ ധർമ്മശാസ്ത്രങ്ങളെയും സംബന്ധിച്ച പഠനങ്ങളും ജാതി ഉന്മൂലനത്തിനായുള്ള ഇടപെടലുകളും മുമ്പെന്നത്തെക്കാളും പ്രസക്തമാവുന്നത്. അംബേദ്കറും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള മൗലികമായ യോജിപ്പിന്റെ മണ്ഡലവും ജാതിനിർമ്മാർജ്ജനത്തെ സംബന്ധിച്ചുള്ളതായിരുന്നു. ജാതിയുടെ സാമൂഹ്യസാമ്പത്തിക അടിസ്ഥാനമായിരിക്കുന്ന ഭൂബന്ധങ്ങളിലെ മാറ്റവും പ്രത്യുൽപാദനബന്ധങ്ങളിൽ, ജാതിയാതീത സ്ത്രീപുരുഷ ബന്ധങ്ങൾ വളർത്തിയെടുത്തുകൊണ്ടേ ജാതി ഇല്ലാതാക്കാനാവൂ എന്ന നിലപാടാണ് അംബേദ്കറും കമ്യൂണിസ്റ്റുകാരും വെച്ചുപുലർത്തിയത്.
1936ൽ അംബേദ്കർ എഴുതിയ ജാതി നിർമ്മൂലനം എന്ന കൃതിയിൽ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു. അദ്ദേഹം സാമൂഹ്യപരിഷ്‌കാരവും രാഷ്ട്രീയ പരിഷ്‌കാരവും തമ്മിലുള്ള പരസ്പരബന്ധത്തെ അടിവരയിട്ട് പരിശോധിക്കുന്നു. സ്വർഗത്തിലേക്കുള്ള പാതയെന്നപോലെതന്നെ സാമൂഹ്യപരിഷ്‌കരണത്തിലേക്കുള്ള പാതയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ വൈഷമ്യങ്ങളുള്ളതാണെന്ന് അടിവരയിട്ട് പറയുന്നുണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യത്തെക്കുറച്ച് സംസാരിക്കുന്ന പലരും സാമൂഹ്യമർദ്ദനങ്ങളെയും അടിമത്വത്തെയും സംബന്ധിച്ച് മൗനം പാലിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുന്നു.
1892ൽ അലഹബാദിൽ നടന്ന കോൺഗ്രസിന്റെ 8‐-ാം സമ്മേളനത്തിലെ ഡബ്ല്യു.സി.ബാനർജി നടത്തിയ അധ്യക്ഷപ്രസംഗം അദ്ദേഹം ജാതിനിർമ്മൂലനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ‘‘നമ്മുടെ സാമൂഹ്യസ്ഥിതികൾ പരിഷ്‌കരിക്കുന്നതുവരെ നാം രാഷ്ട്രീയപരിഷ്‌ക്കാരത്തിന് അർഹരല്ല എന്നു വാദിക്കുന്നവരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവരോട് ലേശവും എനിക്ക് യോജിപ്പില്ല. ഇവയ്ക്കു രണ്ടിനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി എനിക്കു കാണാൻ സാധിക്കുന്നില്ല. നമ്മുടെ വിധവമാർ അവിവാഹിതരായി തുടരുന്നുതുകൊണ്ട് ഇതാനാട്ടുകാരെ അപേക്ഷിച്ച് നമ്മുടെ പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തുകൊടുക്കുന്നതുകൊണ്ടും നാം രാഷ്ട്രീയ പരിഷ്‌ക്കാരത്തിന് അർഹരല്ലാതെ വരുമോ? നമ്മുടെ ഭാര്യമാരും പുത്രിമാരും നമ്മോടൊപ്പം ചുറ്റിയടിച്ചു സവാരി ചെയ്തു സുഹൃത്തുക്കളെ സന്ദർശിക്കാത്ത കാരണത്താൽ നാം അതിനു അർഹരല്ലാതാകുന്നോ?…” ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിൽ പിടിമുറുക്കിയ യാഥാസ്ഥിതികബോധം എത്ര കടുപ്പമേറിയതായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ ഈ പ്രസംഗം കാണിക്കുന്നത്.
സഹസ്രാബ്ദങ്ങളായി ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ചാതുർവർണ്യമൂല്യങ്ങൾ ഇന്ത്യൻ സമൂഹത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ‘ചാതുർവർണ്യം മയാസൃഷ്ടം’ എന്ന് ഭഗവാൻ കൃഷ്ണനെക്കൊണ്ട് ഗീതയിൽ പറയിപ്പിച്ചുകൊണ്ട് ജാതി ഉച്ചനീചത്വങ്ങളെ ദൈവഹിതമെന്ന നിലയിൽ സാധൂകരിച്ചെടുത്തത് ഇന്ത്യൻ വൈദികമേധാവിത്വമാണ്. ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രവും അതിന്റെ പ്രയോഗരൂപമായ ജാതിവ്യവസ്ഥയും സ്വാർത്ഥതൽപരരായ വൈദികരുടെ സൃഷ്ടിയാണെന്ന് സ്വാമിവിവേകാനന്ദനെപ്പോലൊരു ഹിന്ദുസന്ന്യാസിപോലും സമ്മതിക്കുന്നുണ്ട്. ശൂദ്രരെയും പഞ്ചമരെയും സ്ത്രീകളെയുമെല്ലാം നീചജന്മങ്ങളായ് അവതരിപ്പിച്ചുകൊണ്ടാണ് ബ്രാഹ്മണാധികാരം മർദ്ദിതജനതയെ വേർതിരിച്ച് എന്നും അടിമകളാക്കിനിർത്തിയിട്ടുള്ളത്.
നാടുവാഴിത്തത്തിന്റെ പ്രത്യയശാസ്ത്രം എന്നതിലുപരി ചാതുർവർണ്യത്തെ ഇന്ത്യൻ ഭരണവർഗങ്ങളുടെ അധീശത്വഘടനയെ നിർണയിക്കുന്ന നിർണായകസത്തയായി കൊളോണിയൽ ശക്തികൾ പരിവർത്തനപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണമൂല്യങ്ങളെ ഒരു ഏകോപനശക്തിയായി ഉപയോഗപ്പെടുത്തി ഹിന്ദുമതത്തിനകത്തെ ജാതിവൈവിധ്യങ്ങളെ മറികടക്കാനാണ് എല്ലാകാലത്തും ഇന്ത്യൻ ഭരണവർഗങ്ങൾ ശ്രമിച്ചിട്ടുള്ളത്. അതിനെതിരായ ശൂദ്രകലാപങ്ങളെയെല്ലാം അതിനിഷ്ഠുരമായി അടിച്ചമർത്തിക്കൊണ്ടാണ് ബ്രാഹ്മണമൂല്യങ്ങളിലധിഷ്ഠിതമായ ഹൈന്ദവതയുടെ ഏകോപനം അതാത് കാലഘട്ടങ്ങളിലെ ഇന്ത്യൻ ഭരണവർഗങ്ങൾ സാധിച്ചെടുത്തിട്ടുള്ളത്. ബുദ്ധ, ജൈന ദർശനങ്ങളെയും ജാതിഹിംസക്കെതിരായ ദളിത് മുന്നേറ്റങ്ങളെയും എല്ലാകാലത്തും ഹിംസാത്മകമായി മർദ്ദിച്ചൊതുക്കിയ ചരിത്രമാണ് ഇന്ത്യൻ ഭരണവർഗങ്ങൾക്കുള്ളത്. ഇപ്പോൾ ഇന്ത്യൻ ഭരണവർഗങ്ങൾ സമ്പൂർണമായി ഹിന്ദുത്വവുമായി വിലയിച്ച് കഴിഞ്ഞിരിക്കുകയാണ്.
ചരിത്രത്തെയും മധ്യകാലിക ബ്രാഹ്മണാധികാരത്തെയും തങ്ങൾക്കാവശ്യമായ രീതിയിൽ ദുർവ്യാഖ്യാനിക്കാനും സാധൂകരിക്കാനുമാണ് ഭരണവർഗ ബുദ്ധിജീവികൾ മിനക്കെട്ടിട്ടുള്ളത്. സംവരണത്തെയും ഭരണഘടനയിലെ ദളിത് പരിരക്ഷാവ്യവസ്ഥകളെയുമെല്ലാം ഇന്ത്യൻ ജനതയുടെ വിഭജനത്തിനുള്ള വർഗീയതയായിട്ടാണ് വിചാരധാരയിൽ ഗോൾവാൾക്കർ വിമർശിച്ചിട്ടുള്ളത്. ന്യൂനപക്ഷാവകാശങ്ങളെപോലെ ദളിതർക്ക് ഭരണഘടന നൽകുന്ന പരിരക്ഷാവ്യവസ്ഥകളെയും എന്നും സംഘപരിവാർ എതിർത്തുപോന്നിട്ടുണ്ട്. ഇന്നിപ്പോൾ ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷവോട്ട് ബാങ്കിലേക്ക് പിന്നോക്കക്കാരെയും പട്ടികജാതി പട്ടികവർഗക്കാരെയും ഏകോപിപ്പിച്ചെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളായ സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
സുരേഷ്‌സോണിയെ പോലുള്ള ബി.ജെ.പി നേതാക്കളും ഭയ്യാജി ജോഷിയെപോലുള്ള ആർ.എസ്.എസ് തലവന്മാരും ജാതിവ്യവസ്ഥയെ സംബന്ധിച്ചും അതിന്റെ ഉത്ഭവത്തെ സംബന്ധിച്ചും പുതിയ ചരിത്രവ്യാഖ്യാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേതുമായ ജാതിവ്യവസ്ഥക്ക് തുടക്കമിട്ടത് മുഗൾ ഭരണവും മാംസഭുക്കുകളായ മുസ്ലീങ്ങളുമാണെന്നാണ് ഈ ഫാസിസ്റ്റ് പണ്ഡിതർ എഴുതിവിടുന്നത്. ഗോമാംസപ്രിയരായ മുസ്ലീങ്ങളാണുപോലും ഹിന്ദുസമുദായത്തിൽ നിന്ന് പശുക്കളുടെ വധത്തിനും തൊലിയുരിക്കാനും അവശിഷ്ടങ്ങൾ മറവുചെയ്യാനും ആളുകളെ നിർബന്ധിച്ചത്. ഹിന്ദുസംസ്‌കാരം അശുദ്ധമായി കരുതുന്ന ‘ചർമ്മകർമ്മവൃത്തി’ ചെയ്യുന്നവർ അങ്ങനെ അയിത്തജാതിക്കാരായി മാറി എന്നാണ് ചരിത്രവിരുദ്ധമായി ആർ.എസ്.എസ് പണ്ഡിതന്മാർ വാദിക്കുന്നത്.
മുഗളഭരണത്തിന് സഹസ്രാബ്ധങ്ങൾക്കുമുമ്പുതന്നെ ഇന്ത്യയിൽ ജാതിവ്യവസ്ഥയും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുർവർണ്യവുമെല്ലാം നിലനിന്നിരുന്നുവല്ലോ. ഒരു ജനതയുടെ ചരിത്രബോധത്തെയാകെ വെല്ലുവിളിച്ചുകൊണ്ടാണ് ജാതിവ്യവസ്ഥ മുഗളഭരണസൃഷ്ടിയാണെന്ന് വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ എഴുതിവിടുന്നത്. ഇന്ത്യൻ സമൂഹത്തെയാകെ അടിമപ്പെടുത്തിയത് ചാതുർവർണ്യമൂല്യങ്ങളും കൊളോണിയൽ മൂല്യങ്ങളും സംയോജിച്ചുണ്ടായ ബ്രാഹ്മണജാതിരാഷ്ട്രീയമാണ്. ഇന്ത്യൻ ജന്മിത്വത്തിന്റെ ഒരു ഘടനാവിശേഷം എന്ന നിലയിലാണ് ജാതിവ്യവസ്ഥ ഉത്ഭവിച്ചതും നിലനിന്നുപോന്നതുമെന്ന ചരിത്രപരവും വസ്തുനിഷ്ഠവുമായ യാഥാർത്ഥ്യത്തെയാണ് ഹിന്ദുത്വവും മറ്റ് സ്വത്വരാഷ്ട്രീയവാദികളും ഒരേപോലെ കാണാൻ വിസമ്മതിക്കുന്നത്.
ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ ശൂദ്രന് മനുസ്മൃതി അനുവാദം നൽകുന്നില്ല. സവർണസേവ മാത്രമാണ് അവന്റെ ഏക തൊഴിൽ. ദ്വിജനെ ആക്ഷേപിച്ചാൽ ശൂദ്രന്റെ നാവ് പിഴുതെടുക്കണമെന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ദ്വിജന്റെ ജാതിയോ പേരോ ധിക്കാരപൂർവം പറയുന്ന ഏതൊരു ശൂദ്രന്റെയും തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാടി കുത്തിയിറക്കണം. തീർന്നില്ല ഉയർന്ന ജാതിക്കാരനെ ക്ഷതപ്പെടുത്തുന്ന ഏത് പ്രവൃത്തിക്കും അവയവം ഛേദിച്ചുകളയുന്ന ശിക്ഷയാണ് മനു കൽപിച്ചിട്ടുള്ളത്. മനുസ്മൃതിയുടെ ആധിപത്യ അധികാരവർഗ താൽപര്യങ്ങളെ പൊട്ടിപ്പൊളിച്ച് അനാവരണം ചെയ്യുകയാണ് അംബേദ്കർ ചെയ്തത്. മനുസ്മൃതി അനുശാസിക്കുന്ന ധർമ്മശാസ്ത്രമാണ് ജാതിയെ ദൃഢീകരിച്ച് നിർത്തുന്നതെന്നും ദളിത് വിരുദ്ധ ധർമ്മശാസ്ത്രമാണ് ആർ.എസ്.എസിന്റെ സൈദ്ധാന്തിക അടിസ്ഥാനമെന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിരോധങ്ങൾക്ക് ഇന്ധനം പകരുന്നത് അംബേദ്കറുടെ ചിന്തകളാണ്. അതുകൊണ്ടുതന്നെയാണ് അമിത്ഷാമാർ അംബേദ്കറെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്.
ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നൽകുമ്പോൾ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അത്യന്തം അസന്തുഷ്ടി പ്രകടിപ്പിക്കുകയും മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഇങ്ങനെ എഴുതുകയും ചെയ്തു; ‘നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. സ്പാർട്ടയിലെ ലിക്കർഹസിനും പേർഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാൽ, നമ്മുടെ ഭരണഘടനാപണ്ഡിതന്മാർക്ക് അത് തികച്ചും നിരർത്ഥകമാണ്.’ ഇതൊക്കെക്കൊണ്ടുതന്നെയാണ് അംബേദ്കറെ സംഘപരിവാർ നേതാക്കൾ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത്. l