Wednesday, January 8, 2025

ad

Homeസിനിമഫെമിനിച്ചി ഫാത്തിമ: സ്ത്രീപക്ഷ വായനയുടെ നൂതനാഖ്യാനങ്ങൾ

ഫെമിനിച്ചി ഫാത്തിമ: സ്ത്രീപക്ഷ വായനയുടെ നൂതനാഖ്യാനങ്ങൾ

നക്ഷത്ര മനോജ്‌

ഫെമിനിസം എന്ന പദത്തിന്റെ പ്രാദേശികമാനമായാണ് ഫെമിനിച്ചി എന്ന പദം പൊതുവെ കണ്ടുവരുന്നത്. സാമ്പ്രദായികമായ കെട്ടുറപ്പുകൾ ഭേദിച്ച്‌ പുറത്തുകടക്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളെയും, ഫെമിനിച്ചി എന്ന ഒറ്റപദംകൊണ്ട് അവഹേളിക്കുന്ന ഒരു രീതി സമൂഹത്തിൽ പൊതുവേ കണ്ടുവരുന്നു. ഇത്തരമൊരു പദത്തെ അതിന്റെ വിപ്ലവാത്മകമായ ഒരുവശം തുന്നിചേർത്തുകൊണ്ട് സിനിമയ്ക്ക് ടൈറ്റിലാക്കുകയാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. ഒരുതരത്തിൽ ഇതൊരു മാറ്റമാണ്. പുരുഷാധിപത്യം ചിത്രീകരിച്ചുവെച്ച, സ്ത്രീകളെ അപമാനിക്കാൻ പ്രാപ്തിയുള്ള ഒരു പ്രയോഗം എന്ന അർത്ഥത്തിലാണ് ഫെമിനിച്ചി എന്ന വാക്ക് സമൂഹത്തിൽ ഇടം നേടുന്നത്. ഫെമിനിസം എന്ന കാഴ്ചപ്പാടിനെത്തന്നെ വളരെ മോശമായി ചിത്രീകരിക്കുകയും അതിന്റെ ഭാഗമാകുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന് അടിവരയിട്ട് അവഹേളിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഒരു സിനിമ അതിന്റെ ടൈറ്റിലിനെ രാഷ്ട്രീയവൽക്കരിക്കുന്നത്. അവിടെയാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ ആദ്യത്തെ വിജയം.

സാമ്പ്രദായിക കെട്ടുകൾ ഏതുമില്ലാതെ വളരെ സ്വതന്ത്രമായ ഒരു സിനിമ സംഭവിക്കുന്നു. അടിമുടി പൊന്നാനിക്കാരന്റേതായ ഒരു സിനിമ. അതായിരുന്നു ഫാസിൽ മുഹമ്മദ് എന്ന സംവിധായകനിലൂടെ പുറത്തുവന്ന ഫെമിനിച്ചി ഫാത്തിമ. പൊന്നാനിയുടെ തീരപ്രദേശമാണ് കഥയുടെ വഴിത്താര. ഒരു സാധാരണ നാട്ടുമ്പുറത്തിന്റെ, മലയാള സിനിമയിൽ അത്രയേറെ നിസ്സംഗതയോടെ മുൻപ് അവതരിപ്പിച്ചു കണ്ടിട്ടില്ലാത്തൊരു തട്ടകം ആയിരുന്നു പൊന്നാനിയുടെ കടലോര മേഖലയിലെ കാഴ്ചകൾ. സിനിമ സിനിമയായി മുന്നോട്ടുനീങ്ങുമ്പോഴൊക്കെ ഫാത്തിമ എന്ന കേന്ദ്ര കഥാപാത്രം അതിന്റെ വളർച്ച കൈവരിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിലെ സാമ്പ്രദായികമായ കെട്ടുറപ്പുകളോടുകൂടി ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നാണ് ഫാത്തിമയുടെ കഥ ആരംഭിക്കുന്നത്. ഭർത്താവും ഭർതൃമാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. സ്നേഹത്തിന്റെയും കടപ്പാടിന്റെയും ഉത്തരവാദിത്വത്തിന്റെയും പേരിൽ മറ്റ് വ്യക്തിഗത ബന്ധങ്ങളോ ഇഷ്ടങ്ങളോ ഇല്ലാതെ കേരളത്തിൽ എത്രയോ വീട്ടകങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളുടെ പ്രതീകമായാണ് ഫാത്തിമ എന്ന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ഫാത്തിമ ഒരു സമുദായത്തിന്റെയും പ്രതീകമല്ല. ഒരുപാട് വീട്ടകങ്ങളിലും പുറത്തുമായി പല കാലങ്ങളായി ഏതെങ്കിലും രീതിയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളുടെയാകെ പേരാണത്. അല്ലെങ്കിൽ സ്ത്രീവിരുദ്ധ പൊതുബോധത്തിനുനേരെ തിരിച്ചുവച്ച ക്യാമറക്കകത്ത് കുടുങ്ങിയ മനുഷ്യരാണ്, അവരുടെ കഥയാണ് ഫാത്തിമക്ക് ചുറ്റുമുള്ളവരും ഫാത്തിമയും ചേർന്ന് പറഞ്ഞുവയ്ക്കുന്നത്. ഒരു കിടക്കയാണ് കഥാതന്തു. കേൾക്കുമ്പോൾ ഒരു കിടക്ക എങ്ങനെയാണ് ഒരു കഥയെ മുന്നോട്ടുനയിക്കാൻ പ്രാപ്തിയുള്ള ഒബ്ജക്ട് ആവുന്നത് എന്ന് തോന്നാം. മൂത്തകുട്ടി കിടക്കയിൽ മൂത്രമൊഴിക്കുന്നതും തുടർന്ന് ആ കിടക്ക അമ്മയുടെ മാത്രം ഉത്തരവാദിത്വത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്നതുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്ന ആദ്യത്തെ വിഷയം. മലപ്പുറത്തിന്റെ തീരപ്രദേശത്തെ ഒരു ലോവർ മിഡിൽ ക്ലാസ് വീട്ടമ്മയാണ് ഫാത്തിമ. ഫാത്തിമയായി അഭിനയിച്ചത്‌ ഷംല ഹംസ എന്ന നടിയാണ്‌. വളരെ കൈയൊതുക്കത്തോടെ, ഫാത്തിമയെ പ്രേക്ഷകനിലേക്ക്‌ എത്തിക്കാൻ അവർക്ക്‌ കഴിഞ്ഞു എന്നത്‌ പ്രശംസനീയമാണ്‌. ഫെമിനിച്ചി ഫാത്തിമയുടെ വിജയം ഫാത്തിമയുടേത്‌ മാത്രമല്ല. ഭർത്താവായി അഭിനയിച്ച കുമാർ സുനിലിന്റേത്‌ കൂടിയാണ്‌. അഭിനയസാധ്യതകളിൽ അയാളൊരു പൊന്നാനിക്കാരൻ ഉസ്‌താദ്‌ ആവുകയാണ്‌. അത്രയേറെ തഴക്കംവന്നൊരു അഭിനേതാവിന്റെ വളർച്ചകൂടി എടുത്തുപറയേണ്ടതുണ്ട്‌.

കഥാപരിസരം നമുക്ക് സുപരിചിതമാണെങ്കിലും വളരെ യാഥാസ്ഥിതികമായി കഥ പറയുന്ന രീതിയിലാണ് സിനിമ ചിത്രീകരിക്കുന്നത്. മുസ്ലിം സമുദായത്തിന് ഇടയ്ക്ക് ഇന്നും നിലനിൽക്കുന്ന ചില വിശ്വാസങ്ങൾ സാമ്പത്തികമായി പിന്നോട്ടുനിൽക്കുന്ന ഫാത്തിമയെ പോലൊരു പെൺകുട്ടിക്ക്/സ്ത്രീക്ക് ഏതൊക്കെ തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നത് വളരെ സ്വാഭാവികമായി പറഞ്ഞുവെക്കുന്നതിൽ ഫാസിൽ മുഹമ്മദ് വിജയിക്കുന്നു. ക്യാമറ തിരിച്ച് ഫാത്തിമയുടെ വീട്ടിലേക്ക് വച്ചത് പോലെ റിയലിസ്റ്റിക് ആണ് സിനിമ. ആ വീട് ഫാത്തിമയിലൂടെയാണ് ചലിക്കുന്നത്. ഫാൻ മുതൽ ചെരുപ്പ് വരെ അതിന്റെ പ്രവർത്തനത്തെ സാധൂകരിക്കുന്നത് ഫാത്തിമയുടെ കൈ തൊടുമ്പോഴാണ്. ഇത്തരത്തിൽ ചില ബിംബങ്ങളിലൂടെയാണ്‌ കഥാപശ്ചാത്തലം ശക്തമാകുന്നത്‌. തിരക്കഥയുടെ സ്വാഭാവികമായ ഒഴുക്ക്‌ സിനിമയുടെ ആഖ്യാനത്തിലുടനീളം പ്രകടമാണ്‌. ഫാത്തിമയും അവർക്കു ചുറ്റുമുള്ള സ്‌ത്രീ കഥാപാത്രങ്ങളും സിനിമയ്‌ക്ക്‌ അകത്തും പുറത്തും സുപരിചിതമാണ്‌.

“അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികൾ” എന്ന് കുമാരനാശാൻ എഴുതുന്നുണ്ട്. സ്ത്രീകൾ എല്ലാകാലത്തും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. അതിൽനിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന് പറയുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെയാണ് സിനിമ പിറക്കുന്നത്. സ്വന്തമായി അഭിപ്രായമുള്ള, സ്ത്രീകളെയാകെ കെട്ടിയിടുന്ന ഒരു പ്രയോഗം ആയിട്ടായിരുന്നു ഇതുവരെയും ഫെമിനിച്ചി എന്ന പദം അവതരിപ്പിക്കപ്പെട്ടത്. ഫെമിനിസത്തിന്റെ അർത്ഥസാധ്യതകൾക്ക് പുറത്തുനിന്നുകൊണ്ട് ആളുകൾ ഫെമിനിച്ചി എന്ന പദത്തെ ആഘോഷമാക്കി. തന്റേതായ ഇടം നിർമ്മിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെയാകെ ഫെമിനിച്ചിയാക്കി മുദ്രകുത്തി. ഇത്തരത്തിൽ യാഥാസ്ഥിതികനായ ഭർത്താവിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ടുതന്നെ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ഫാത്തിമ എന്ന സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് ഈ ചിത്രവും ഫെമിനിച്ചി എന്ന പ്രയോഗവും. ഫെമിനിസം എന്നാൽ എന്താണെന്നുപോലും അറിയാത്ത പൊന്നാനിക്കാരിയായ ഒരു സാധാരണ സ്ത്രീയാണ് ഫാത്തിമ. ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ് നടത്തുന്നതെന്ന യാതൊരു മുന്നൊരുക്കവുമില്ലാതെ വളരെ സ്വാഭാവികമായിട്ടൊഴുകുന്ന, സിനിമയാണ് ഫാത്തിമ. ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യാൻ സിനിമയ്‌ക്ക് കഴിയുന്നുണ്ട്. ഫാത്തിമയുടെ സാഹചര്യങ്ങളും അവസ്ഥകളും ആ വീട്ടിൽ മറ്റാർക്കും ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. എല്ലാവരുടെയും ജീവിതം പഴയപടി സുഗമമായി മുന്നോട്ടുനീങ്ങുന്നു. ഫാത്തിമ മാത്രം മുറ്റത്ത് മാറ്റിയിടപ്പെട്ട കിടക്കക്കൊപ്പം അരികുവൽക്കരിക്കപ്പെടുന്നു. അതിലേക്ക് ഒരു ആൺനോട്ടവും കടന്നുചെല്ലുന്നില്ല. കയ്യിൽ ഒരു ഫോൺ ഉണ്ടാവുന്നതിന്റെ, ഒരു ഫോൺ ഉണ്ടാക്കുന്ന വിപ്ലവകരമായ മാറ്റത്തിന്റെ അടയാളപ്പെടുത്തൽ, വളരെ രസകരമായി തന്നെ, കഥയുടെ സ്വാഭാവികത ചോർന്നുപോകാതെ പറഞ്ഞുവെക്കാൻ ഫാസിൽ മുഹമ്മദിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്രമേള കഴിയുമ്പോൾ അഞ്ചോളം അവാർഡുകൾ നേടി ജനപ്രിയ ചിത്രത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടാണ്‌ ഫെമിനിച്ചി ഫാത്തിമ പുറത്തുകടക്കുന്നത്‌. നവയുഗ സിനിമാഖ്യാനങ്ങളിൽ വളരെ പ്രതീക്ഷയുള്ള അവതരണരീതിയും കഥപറച്ചിലും ഈ സിനിമയെ വ്യത്യസ്‌തമാക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular