Friday, November 15, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയിൽ ക്യാമ്പസ്‌ ജനാധിപത്യത്തിനായി പോരാട്ടം

കൊൽക്കത്തയിൽ ക്യാമ്പസ്‌ ജനാധിപത്യത്തിനായി പോരാട്ടം

ഷുവജിത്ത്‌ സർക്കാർ

മുഖ്യധാരാ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന്‌ താൽപര്യമുള്ള വിദ്യാർഥികൾക്ക്‌ ആദ്യ കാൽവെപ്പ്‌ എന്ന നിലയിൽ ഇന്ത്യൻ വിദ്യാഭ്യാസ ഭൂമികയിൽ വിദ്യാർഥി യൂണിയനുകൾ പരിവർത്തനപരമായ പങ്കുവഹിക്കുന്നു. വിദ്യാർഥി പ്രവർത്തനം ജനാധിപത്യമൂല്യങ്ങളെ പരിപോഷിപ്പിക്കുകയും യുവജനങ്ങളിൽ പൗരരെന്ന നിലയിലുള്ള ഉത്തരവാദിത്തവും സാമൂഹ്യ ഇടപെടലിനുള്ള കഴിവും വളർത്തിയെടുക്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത്‌ ഇവരുടെ പങ്ക്‌ സൃഷ്ടിപരമായ സംവാദത്തിനും സാമൂഹ്യപുരോഗതിക്കും, വ്യത്യസ്‌ത അഭപ്രായങ്ങളുടേതും കാഴ്‌ചപ്പാടുകളുടേതുമായ ഒരന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലും നിർണായകമാണ്‌. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാലയിൽ എസ്‌എഫ്‌ഐ നടത്തുന്ന പോരാട്ടം വിദ്യാർഥി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ അടിവരയിടുകയും ഇത്തരം ഇടങ്ങളിൽ രാഷ്‌ട്രീയമായ ഇടപെടൽ വർധിച്ചുവരുന്നതായുള്ള പ്രവണതയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

പശ്ചിമബംഗാളിൽ ഇടതുമുന്നണിയുടെ കാലത്ത്‌ എല്ലാവർഷവും മുടങ്ങാതെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്‌ നടക്കാറുണ്ടായിരുന്നു എന്നത്‌ ചരിത്രമാണ്‌. എന്നാൽ 2019ൽ തൃണമൂൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നതിനുശേഷം ഈ സമീപനത്തിൽ പ്രകടമായ മാറ്റമുണ്ടായി. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിൽ ഒരുകാലത്ത്‌ വിദ്യാർഥികൾക്ക്‌ പ്രോത്സാഹനമായിരുന്ന തിരഞ്ഞെടുപ്പ്‌ ഇന്ന്‌ വിരളമായിത്തീർന്നത്‌ വിദ്യാർഥികളും ക്യാന്പസ്‌ രാഷ്‌ട്രീയവും തമ്മിലുള്ള വിച്ഛേദത്തിലേക്ക്‌ നയിച്ചിരിക്കുന്നു. ഇന്ന്‌ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാർഥിപ്രവർത്തനമെന്ന ആശയത്തെ വിദേശീയവും അസ്വാഭാവികവുമായ ഒന്നായാണ്‌ കാണുന്നത്‌. എന്തെന്നാൽ, ആശയപ്രകാശനത്തിനോ കൂട്ടായ വിദ്യാർഥി പ്രവർത്തനത്തിനോ അൽപവും ഇടം അവശേഷിപ്പിക്കാത്തവിധമാണ്‌ അധികൃതർ ഇന്ന്‌ ക്യാന്പസുകളെ നിയന്ത്രിക്കുന്നത്‌. പശ്ചിമബംഗാളിലെ ക്യാന്പസുകളിലെ ജനാധിപത്യ ഇടം തൃണമൂൽ സർക്കാർ പൂർണമായും തകർത്തത്‌, ക്യാന്പസുകളെ കൂടുതൽ നിഷ്‌ക്രിയവും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം നിയന്ത്രിതമാക്കുകയും ചെയ്‌തു.

ഈ പ്രവണത വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകളെ മാത്രമല്ല, ക്യാന്പസ്‌ സംസ്‌കാരത്തെതന്നെ ബാധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളെ ബോധപൂർവം അരാഷ്‌ട്രീയവൽക്കരിക്കുകയാണെന്ന വികാരം വിദ്യാർഥികൾക്കിടയിലും വിദ്യാർഥി പ്രവർത്തകർക്കിടയിലും ശക്തമായി നിലനിൽക്കുന്നുണ്ട്‌. വിദ്യാർഥികൾ തങ്ങളുടെ ചുറ്റുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ തുറന്നുകാട്ടാതെ അക്കാദമിക്‌ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ജനാധിപത്യം, ഭരണനിർവഹണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയിൽ സ്വന്തം കാഴ്‌ചപ്പാടുകൾ വളർത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടാനിടയാക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ക്യാന്പസുകളിൽ അടച്ചുപൂട്ടപ്പെട്ട അന്തരീക്ഷമാണുള്ളത്‌. പുറത്തുനിന്നുള്ള രാഷ്‌ട്രീയ സ്വാധീനം പ്രത്യേകിച്ച്‌ ഭരിക്കുന്ന കക്ഷിയായ തൃണമൂലുമായി ബന്ധമുള്ള സംഘങ്ങൾ ചില സ്ഥാപനങ്ങളെ ബൗദ്ധികവും സാമൂഹികവുമായ വികാസത്തിനുള്ള കേന്ദ്രങ്ങളാക്കുന്നതിനു പകരം അവയെ വ്യക്തിപരവും സാന്പത്തികവുമായ നേട്ടത്തിനായുള്ള വേദികളാക്കി മാറ്റി. ഉന്നത ഉദ്യോഗസ്ഥർക്കുവരെ പങ്കുള്ള സമീപകാലത്തു നടന്ന അഴിമതിയുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന റിപ്പോർട്ടുകൾ വിദ്യാഭ്യാസമേഖലയിലെ അഴിമതിയെക്കുറിച്ചുള്ള ആശങ്കകളെ ശക്തിപ്പെടുത്തുന്നു.

പശ്ചിമബംഗാളിലെ സർവകലാശാലകളിലെ വിദ്യാർഥി ജനാധിപത്യത്തിന്റെ ശോഷണം വിദ്യാർഥികളോടുള്ള അവഗണനയുടെ വെറുമൊരു ഉപോൽപ്പന്നം മാത്രമല്ല, ഇത്‌ ക്യാന്പസുകളിലെ രാഷ്‌ട്രീയമായ ഇടപെടലുകളെ തുരങ്കംവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗംകൂടിയാണ്‌. തിരഞ്ഞെടുപ്പ്‌ ക്രമേണ ഇല്ലാതാക്കി വിദ്യാർഥി യൂണിയനുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിലൂടെ ഭരിക്കുന്ന പാർട്ടിക്ക്‌ ഈ സ്ഥാപനങ്ങൾക്കു മേൽ വലിയ നിയന്ത്രണം കൊണ്ടുവരാനാകും. ഇതുവഴി, യൂണിയൻ തിരഞ്ഞെടുപ്പുകൾ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്ന നേതൃത്വപരിചയം, കൂട്ടായ പ്രശ്‌നപരിഹാരം, പൊതുസമൂഹവുമായുള്ള ഇടപെടൽ എന്നിങ്ങനെ വിദ്യാർഥികൾക്ക്‌ ലഭിക്കേണ്ടതായ സ്വഭാവഗുണങ്ങൾ ഇല്ലാതാക്കുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്‌. പശ്ചിമബംഗാളിൽ ഏറ്റവും ഒടുവിലായി സംസ്ഥാനമൊട്ടാകെ വിദ്യാർഥി തിരഞ്ഞെടുപ്പ്‌ നടന്നത്‌ 2017ലാണ്‌. തൃണമൂലുമായി ബന്ധമുള്ള ഗ്രൂപ്പുകൾ നടത്തിയ തിരഞ്ഞെടുപ്പ്‌ ക്രമക്കേട്‌ സംബന്ധിച്ച്‌ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പ്‌ നടന്നത്‌ സുതാര്യമായിട്ടാണെങ്കിലും ‘‘രാഷ്‌ട്രീയമായ ഭീഷണിപ്പെടുത്തൽ’’ നിരവധി വിദ്യാർഥികളെ തിരഞ്ഞെടുപ്പിൽ പങ്കാളികളാവുന്നതിൽനിന്ന്‌ അകറ്റിനിർത്തി.

ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന്റേതായ ചുരുക്കം ചില സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്‌. 2019 ഒടുവിലും 2020ന്റെ തുടക്കത്തിലും രണ്ട്‌ ക്യന്പസുകളിൽ‐ പ്രസിഡൻസി സർവകലാശാലയിലും ജാദവ്‌പൂർ സർവകലാശാലയിലും‐ ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ വിജയം നേടി. ഈ വിജയം അതിന്റെ സുതാര്യതകൊണ്ടും നിയമസാധുതകൊണ്ടും ശ്രദ്ധേയമായി. ഈ തിരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ നേടിയ വിജയം വിദ്യാർഥികൾക്കിടയിൽ അവർക്കുള്ള ശക്തമായ പിന്തുണയുടെയും പുറത്തുനിന്നുള്ള ഇടപെടലുകളില്ലാതെ പ്രവർത്തിക്കാനനുവദിച്ചാൽ ക്യാന്പസ്‌ യൂണിയനുകൾക്ക്‌ ജനാധിപത്യപരവും ക്രിയാത്മകവുമായി പ്രവർത്തിക്കാനുള്ള സാധ്യതയെയും അടിവരയിടുന്നതാണ്‌. എങ്കിലും ജനാധിപത്യ പ്രയോഗത്തിന്റെ ഈ പരിമിതമായ പുനഃസ്ഥാപിക്കൽ പോലും ഹ്രസ്വകാലത്തേക്ക്‌ മാത്രമാണ്‌.

പ്രസിഡൻസി സർവകലാശാലയിൽ, തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അവരുടെ അക്കാദമിക്‌ കോഴ്‌സുകൾ പൂർത്തിയാക്കിയപ്പോൾ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി യുണിയൻ പിരിച്ചുവിട്ടു. സംഘടനാപരമായ താൽപര്യങ്ങളെക്കാൾ ജനാധിപത്യതത്വങ്ങക്ക്‌ മുൻണന നൽകുന്ന എസ്‌എഫ്‌ഐയുടെ അഭ്യർഥനപ്രകാരമാണ്‌ ഇങ്ങനെ ചെയ്‌തത്‌. ഇത്തരത്തിൽ സ്വമേധയാ സ്ഥാനമൊഴിയുന്നതിലൂടെ, മുൻ വിദ്യാർഥികളെന്ന നിലയിൽ ക്യാന്പസിനുള്ളിൽ അനാവശ്യ സ്വാധീനം ചെലുത്താതെ, ക്യാന്പസ്‌ നേതൃത്വം എല്ലാവർക്കും അഭിഗമ്യവും വിശ്വസനീയവുമാക്കി നിലനിർത്താനുള്ള പ്രതിബദ്ധത എസ്‌എഫ്‌ഐ പ്രകടമാക്കി ഈ ഔചിത്യം പരക്കെ പ്രശംസിക്കപ്പെട്ടു. നിലവിൽ ക്യാന്പസിലെ വിദ്യാർഥികളായിരിക്കുന്നവർ മാത്രമേ സ്ഥാനാർഥിയാകാവൂ എന്ന‐ ജനാധിപത്യ ഉദ്‌ഗ്രഥനത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു തത്വമാണിത്‌‐ എസ്‌എഫ്‌ഐ നിലപാടിനെ ഇത്‌ ശക്തിപ്പെടുത്തുകയും ചെയ്‌തു.

എസ്‌എഫ്‌ഐയുടെ അഭ്യർഥന മാനിക്കാതെ, കഴിഞ്ഞ ഒന്നുരണ്ട്‌ വർഷമായി എസ്‌എഫ്‌ഐ പ്രസിഡൻസി സർവകലാശാല യൂണിറ്റ്‌ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ്‌ നടത്താൻ സർവകലാശാല ഭരണസമിതി വിമുഖത കാട്ടുകയാണ്‌. എസ്‌എഫ്‌ഐയുടെ അഭിപ്രായത്തിൽ, ക്യന്പസ്‌ ജനാധിപത്യം മൗലികാവകാശമാണെന്നും രാഷ്‌ട്രീയമായും സാമൂഹികവുമായും അവബോധമുള്ള ഒരു വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുന്നതിന്‌ വിദ്യാർഥി തിരഞ്ഞെടുപ്പ്‌ അനിവാര്യമാണ്‌.

ചലനാത്മകവും ജനാധിപത്യപരവുമായ ക്യാന്പസ്‌ അന്തരീക്ഷം ഭാവിയിലെ രാഷ്‌ട്രീയ ജീവിതത്തിനു മാത്രമല്ല, സമൂഹത്തിന്‌ വിവിധ മേഖലകളിൽ വിപുലമായ സംഭാവനകൾ നൽകാനും വിദ്യാർഥികളെ പരിപോഷിപ്പിക്കുന്നു. തുറന്ന സംവാദങ്ങൾക്കും ചർച്ചകൾക്കും വിയോജിക്കാനുമുള്ള ഇടമില്ലാതെ വിദ്യാർഥികളുടെ സമഗ്രമായ പുരോഗതി സാധ്യമല്ല.

പ്രസിഡൻസി സർവകലാശാലാ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തോടുള്ള പ്രതികരണമെന്ന നിലയിൽ എസ്‌എഫ്‌ഐ വിദ്യാർഥി തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ ഒരു വലിയ റാലി സംഘടിപ്പിച്ചു. പ്രതിനിധികളെ തിരഞ്ഞെടുക്കാനും അഭിപ്രായം പറയാനുമുള്ള തങ്ങളുടെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ ക്യാന്പസ്‌ ഗ്രൗണ്ടിൽ മാർച്ച്‌ നടത്തി. ഇത്‌ ഒറ്റപ്പെട്ട ഒരു മുന്നേറ്റമല്ല. മറിച്ച്‌ പശ്ചിമബംഗാളിലൊട്ടാകെ വിദ്യാർഥികൾക്കിടയിൽ ഉയർന്നുവരുന്ന ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്‌. തങ്ങളുടെ ക്യാന്പസുകളിൽ ജനാധിപത്യം പുനരുജ്ജീവിപ്പിക്കപ്പെടണമെന്ന്‌ അവർ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ്‌ അടിച്ചമർത്തുന്നതിലൂടെ സംസ്ഥാന സർക്കാർ അക്കാദമിക്‌ സ്ഥാപനങ്ങൾക്കു മേൽ സ്വേച്ഛാധിപത്യപരമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ്‌. ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങൾക്ക്‌ അടിസ്ഥാനപരമായും എതിരായ ഒരു നീക്കമാണിത്‌.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തൃണമൂൽ സർക്കാരിന്റെ നിലപാട്‌ ചൂടേറിയ ചർച്ചാവിഷയമായിരിക്കുകയണ്‌. എല്ലാ തലങ്ങളിലുമുള്ള എതിർപ്പുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണരീതിയുടെ പ്രതിഫലനമാണ്‌ സർക്കാരിന്റെ സമീപനത്തിലുള്ളതെന്ന്‌ വിദ്യാർഥികൾ പറയുന്നു. ഗവൺമെന്റിന്റെ നയങ്ങളെയും തീരുമാനങ്ങളെയും വെല്ലുവിളികളെയും ചോദ്യംചെയ്യുകയും ചെയ്യുന്ന സംഘടനകൾ രൂപീകരിക്കുന്നത്‌ തടയാൻ വിദ്യാർഥി തിരഞ്ഞെടുപ്പ്‌ ഇല്ലാതാക്കുന്നതിലൂടെ കഴിയും; എന്നാൽ വിദ്യാർഥികൾക്കിടയിൽ ഉയർന്നുവരുന്ന അവബോധവും എസഎഫ്‌ഐയെപോലുള്ള സംഘടനകളിൽനിന്നുള്ള വർധിച്ചുവരുന്ന സമ്മർദവും മൂലം വിദ്യാർഥി തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച ഗവൺമെന്റ്‌ നിലപാട്‌ പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്‌.

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത്‌ കേവലം ക്യാമ്പസ്‌ രഷ്ര്‌ട്രീയത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച്‌ പൗരർ എന്ന നിലയിലുള്ള വിദ്യാർഥികളുടെ അവകാശങ്ങളെ സംബന്ധിച്ച അടിസ്ഥാന ചോദ്യമാണ്‌. രാഷ്‌ട്രീയത്തിന്റെ ജനാധിപത്യ സങ്കൽപങ്ങളെ പ്രതിഫലിപ്പിക്കുന്ന ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാനുള്ള അവസരത്തിനായാണവർ വാദിക്കുന്നത്‌. യൂണിയൻ തിരഞ്ഞെടുപ്പ്‌ പ്രവർത്തനാനുഭവങ്ങളിലൂടെ വിദ്യാർഥികൾ നേതൃത്വപരവും ഭരണപരവുമായ കാര്യങ്ങളിലും കൂടിയാലോചനകൾ നടത്തുന്നതിലും പ്രായോഗിക പരിജ്ഞാനം നേടുന്നു. അതിലൂടെ രാഷ്‌ട്രീയജീവിതത്തിൽ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രാപ്‌തി നേടുന്നു. ഇത്തരം അനുഭവങ്ങൾ കർമോത്സുകമായ പൗരത്വബോധത്തിന്‌ അടിത്തറയിടുന്നു. വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിട്ട്‌ കാലങ്ങൾ കഴിഞ്ഞാലും ഇന്ത്യയുടെ ജനാധിപത്യത്തിന്‌ അർഥവത്തായ സംഭാവനകൾ നൽകൻ കഴിയുംവിധം വിദ്യാർഥി രാഷ്‌ട്രീയം അവരെ പ്രാപ്‌തരാക്കുന്നു.

വിദ്യാർഥി തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള, പ്രസിഡൻസി സർവകലാശാലയിലെ വിദ്യാർഥികളുടെ പോരാട്ടം ഇന്ത്യൻ അക്കാദമിക രംഗത്തെ ജനാധിപത്യതത്വങ്ങൾ സംരക്ഷിക്കുന്നതിനായുള്ള വിപുലമായ പോരാട്ടത്തെ അടയാളപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ്‌ നടത്തണമെന്നു മാത്രമല്ല പശ്ചിമബംഗാളിലെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത്‌; അവരുടെ ശബ്ദങ്ങളെയും തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെയും അവരുടെ സംഘടനകളെയും ബഹുമാനിക്കാനും അവർ ആവശ്യപ്പെടുന്നു. ക്യാമ്പസ്‌ ജനാധിപത്യം, വ്യക്തികളെ അതിന്റെ നാല്‌ ചുവരുകൾക്കപ്പുറത്തേക്ക്‌ പടരാൻ തക്കവിധത്തിൽ രൂപപ്പെടുത്തുന്നു. വിദ്യാർഥികൾക്ക്‌ നയിക്കാനുള്ള അവസരം നൽകപ്പെടുമ്പോൾ അവർ ഉത്തരവാദിത്തം, പ്രതിബദ്ധത, സംഘശക്തി എന്നിവ പഠിക്കുന്നു. ഇതാണ്‌ ജനാധിപത്യത്തിന്റെ സത്ത. ഒരു ജനാധിപത്യ സമൂഹത്തിലെ മറ്റേതൊരു സ്ഥാപനത്തിലുമെന്നപോലെ ക്യാന്പസുകളിലും ജനാധിപത്യം ഉണ്ടായിരിക്കുകയെന്നത്‌ വളരെ നിർണായകമാണ്‌. പ്രസിഡൻസി സർവകലാശാലയിൽ എസ്‌എഫ്‌ഐ നടത്തിയ പോരാട്ടം, വിദ്യാർഥി യൂണിയന്റെ പ്രാധാന്യത്തെയും ഇത്തരം ഇടങ്ങളെ സ്വേച്ഛാധിപത്യ ഇടപെടലുകളിൽ നിന്നു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും ഓർമിപ്പിക്കുന്നു. തീവ്രമായ എതിർപ്പുകൾക്കിടയിലും വിദ്യാർഥികൾ നടത്തുന്ന നിരന്തര പോരാട്ടങ്ങൾ ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനത്തിന്റെ ഈടുറ്റ ആവേശത്തിന്റെ പ്രചോദാത്മകമായ ഒസ്യത്താണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 3 =

Most Popular