Friday, October 18, 2024

ad

Homeവിശകലനംമോദിയുടെ ജനസംഖ്യാ ജിഹാദ്

മോദിയുടെ ജനസംഖ്യാ ജിഹാദ്

ഡോ. ടി എം തോമസ് ഐസക്‌

മോദിയുടെ ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്. 1950-ൽ ഹിന്ദുക്കൾ ഇന്ത്യയുടെ ജനസംഖ്യയിൽ 84.68 ശതമാനം ആയിരുന്നത് 2015 ആയപ്പോഴേക്കും 78.06 ശതമാനമായി കുറഞ്ഞു. അതായത് 6.62 ശതമാന പോയിന്റ് കുറഞ്ഞു. അതേസമയം ഇതേകാലയളവിൽ മുസ്ലിങ്ങൾ ഇന്ത്യയുടെ ജനസംഖ്യയിൽ 9.84 ശതമാനം ആയിരുന്നത് 14.09 ശതമാനമായി ഉയർന്നു. 4.25 ശതമാന പോയിന്റ് വർദ്ധന.

ഇത്രയും കേട്ടാൽ ഒരുപക്ഷേ ഞെട്ടിയില്ലെങ്കിലോ? അതുകൊണ്ട് ചെറിയൊരു ട്രിക്ക്. ജനസംഖ്യയിൽ സമുദായങ്ങളുടെ തോതിലുണ്ടായ മാറ്റത്തെ ശതമാന കണക്കിലാക്കി. 6.62-നെ 84.68 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു. അപ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ 7.8 ശതമാനം കുറഞ്ഞുവെന്ന കണക്ക് കിട്ടി. ഇതു തന്നെ മുസ്ലിം ജനസംഖ്യാ വർദ്ധനവിനെ കണക്കാക്കാനായി ഉപയോഗിക്കുമ്പോഴോ? 4.25-നെ 9.84 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു. അപ്പോൾ മുസ്ലിംങ്ങളുടെ ജനസംഖ്യ 43.2 ശതമാനം വർദ്ധിച്ചതായുള്ള നിഗമനത്തിലെത്തും. തോതുകളിൽ ഉണ്ടാകുന്ന മാറ്റത്തെ ശതമാന കണക്കുകളിൽ പെരുപ്പിച്ച് മനുഷ്യരെ വിരട്ടുന്ന ഏർപ്പാടാണ് മോദി ചെയ്യുന്നത്. ശതമാനത്തിലുണ്ടാകുന്ന മാറ്റത്തിന്റെ ശതമാനം കണ്ടുപിടിക്കുന്നത് വിചിത്രമായൊരു കണക്കുകൂട്ടൽ രീതിയാണ്.

തീർന്നില്ല. ഇങ്ങനെ മുസ്ലിങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയും ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്താൽ ഇന്ത്യാ രാജ്യം ഏതാനും പതിറ്റാണ്ടുകൾ കഴിയുമ്പോൾ ഇസ്ലാമിക രാജ്യമായിത്തീരും എന്നതാണു ബിജെപിയുടെ പ്രചാരണം. ഇതാണ് ജനസംഖ്യാ ജിഹാദ്.

ഏഷ്യാനെറ്റിന്റെ വർഗ്ഗീയ പ്രചാരണം
“മുസ്ലിം സമുദായം മാത്രം മറ്റ് സമുദായങ്ങളെ മറികടക്കുകയും ജനസംഖ്യാശാസ്ത്രം മാറ്റുകയും ചെയ്യുന്ന പ്രവണത വളരെ ഗുരുതരമായ പ്രശ്നമാണെന്ന്” തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും അഭിപ്രായപ്പെട്ടെങ്കിൽ വടക്കേ ഇന്ത്യയിൽ ഇതിനെ എങ്ങനെയാണ് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ കന്നഡ ചാനലിലെ ചർച്ചയിൽ, തോതിലുണ്ടായ മാറ്റത്തെ ശതമാനമായി നൽകിയിരിക്കുന്ന ചിത്രത്തിലെ ബാർ ഡയഗ്രത്തിൽ ഹിന്ദുക്കളെ അടയാളപ്പെടുത്താൻ ദേശീയ പതാകയും മുസ്ലിങ്ങളെ അടയാളപ്പെടുത്താൻ പാകിസ്താൻ പതാകയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്ര ലജ്ജാവഹമായ വ്യാഖ്യാനം നൽകുന്നതിന് ഈ കേന്ദ്രമന്ത്രിക്കോ അദ്ദേഹത്തിന്റെ ചാനലിനോ ഒരു ഉളുപ്പുമില്ല.

ഈ ദുഷ്പ്രചാരണം ആർഎസ്എസ്സിന്റെ ദീർഘകാല പദ്ധതിയാണ്. 2003-ൽ അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ മുഖവുരയോടുകൂടി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹായത്തോടെ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ നിഗമനം ഇന്നത്തേതുപോലെ ജനസംഖ്യ വളർന്നാൽ 2061 ആകുമ്പോഴേക്കും ഇന്ത്യയിൽ മുസ്ലിങ്ങളുടെ എണ്ണം ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കുമെന്നാണ്. അതുളവാക്കിയ ഞെട്ടൽ ചെറുതല്ല.

ഈ പുസ്തകത്തെ പൊളിച്ചടുക്കിയത് സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫസർ ആയിരുന്ന മാരി ഭട്ട് ആയിരുന്നു. വളരെ വിശദമായ ശാസ്ത്രീയ രീതികൾ അവലംബിച്ചുകൊണ്ട് അദ്ദേഹം എത്തിച്ചേർന്ന നിഗമനം ഇതാണ്: ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യാ നിരക്ക് കുറഞ്ഞു വരികയാണ്. 2061 ആകുമ്പോഴേക്കും ഹിന്ദുക്കളുടെയും 2101 ആകുമ്പോഴേക്കും മുസ്ലിങ്ങളുടെയും ജനസംഖ്യാ വർദ്ധന നിലയ്ക്കും. അന്ന് രാജ്യത്തെ ജനസംഖ്യയിൽ ഹിന്ദുക്കൾ 74.7 ശതമാനവും മുസ്ലിങ്ങൾ 18.8 ശതമാനവും ആയിരിക്കും. അപ്പോൾ ജനസംഖ്യാ ജിഹാദിന് ഒരടിസ്ഥാനവുമില്ല എന്നർഥം.

ജനസംഖ്യാ പരിണാമ സിദ്ധാന്തം
ജനസംഖ്യാ പരിണാമം ചില സാമൂഹ്യനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ശാസ്ത്രമാണ് വർഗീയവാദികൾ തമസ്കരിക്കുന്നത്. ജനസംഖ്യാ ശാസ്ത്രത്തിലെ ബാലപാഠമാണിത്. പരമ്പരാഗത കാർഷിക സമ്പദ് വ്യവസ്ഥയിൽ നിന്ന് ആധുനിക വ്യവസായ വ്യവസ്ഥയിലേക്കുള്ള പരിണാമം ജനസംഖ്യാ വളർച്ചയേയും ഗാഢമായി സ്വാധീനിക്കും.

ജനസംഖ്യാ പരിണാമത്തെ നാലു ഘട്ടങ്ങളായി തിരിക്കാം. ആദ്യത്തെ ഘട്ടം പരമ്പരാഗത കാർഷിക കാലമാണ്. ഈ കാലത്തെ ജനസംഖ്യ വളരെ പതുക്കെ മാത്രമേ ഉയരുകയുള്ളൂ. എന്നാൽ വ്യവസായ യുഗത്തിലേക്കുള്ള പരിവർത്തനത്തോടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. ഇത് ജനസംഖ്യാ വിസ്ഫോടനത്തിന്റെ കാലമാണ്. എന്നാൽ മൂന്നാംഘട്ടം ആകുമ്പോൾ ജനസംഖ്യാ വർദ്ധനയുടെ നിരക്ക് പതുക്കെപ്പതുക്കെ കുറയാൻ തുടങ്ങുന്നു. നാലാംഘട്ടത്തിൽ ഒന്നാംഘട്ടത്തിലെന്നപോലെ ജനസംഖ്യാ വളർച്ച വളരെ കുറയുകയോ നിശ്ചലമാവുകയോ ചെയ്യും. ഈ നാല് ഘട്ടങ്ങളെ ചിത്രം 1-ൽ ചിത്രീകരിച്ചിട്ടുണ്ട്.

അന്തിമ വിശകലനത്തിൽ ജനസംഖ്യാ വർദ്ധനയെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങളാണ്: ജനനവും മരണവും. ഒരു കാലയളവിലെ ജനസംഖ്യാ വർദ്ധനയെന്നു പറയുന്നത് അതിനിടയ്ക്കു നടക്കുന്ന മൊത്തം ജനനവും മരണവും തമ്മിലുള്ള വ്യത്യാസമാണ്. ആയിരം ജനങ്ങളുള്ളതിൽ എത്ര മരണം നടന്നു എന്നതിനെ മരണ നിരക്ക് എന്നു വിളിക്കുന്നു. ആയിരം ജനനങ്ങൾക്ക് എത്ര ജനനം നടന്നു എന്നതിനെ ജനന നിരക്കെന്നും വിളിക്കുന്നു.

ചിത്രം 1
ജനസംഖ്യാ പരിണാമ മാതൃക

സ്രോതസ്: മണ്ണും മനുഷ്യനും

ജനനനിരക്ക് മരണനിരക്കിനേക്കാൾ ഉയർന്നാൽ ജനസംഖ്യ വർദ്ധിക്കും. ജനനനിരക്ക് മരണനിരക്കിനേക്കാൾ താഴ്ന്നാൽ ജനസംഖ്യ കുറയും. ജനനനിരക്കും മരണനിരക്കും ഒരേപോലെ നിൽക്കുകയാണെങ്കിൽ ജനസംഖ്യാ വർദ്ധന നാമമാത്രമായിരിക്കും. അവസാനം പറഞ്ഞ നിലയായിരുന്നു കാർഷിക സമൂഹങ്ങളിൽ നിലവിലുണ്ടായിരുന്നത്. വളരെ ഉയർന്ന ജനനനിരക്കും മരണനിരക്കും (ആയിരത്തിനു 40നടുത്ത്) ഈ സമൂഹങ്ങളിൽ സഹവർത്തിച്ചു. ഫലമോ? വളരെ പതുക്കെ, നൂറ്റാണ്ടുകൊണ്ടേ ജനസംഖ്യയിൽ അനുഭവപ്പെടത്തക്ക വർദ്ധന ഉണ്ടാകുമായിരുന്നുള്ളൂ.

ജനന–മരണനിരക്ക് താഴുന്നു
ആധുനിക കാലഘട്ടത്തിന്റെ ആരംഭത്തോടെ മരണ നിരക്ക് കുത്തനെ കുറയാനാരംഭിക്കുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണം പ്ലേഗ്, കോളറ, ടൈഫോയിഡ്, വസൂരി തുടങ്ങി മുൻകാലങ്ങളിൽ പലപ്പോഴും ജനസമൂഹങ്ങളെത്തന്നെ ഉന്മൂലനം ചെയ്തിരുന്ന പകർച്ചവ്യാധികളെ നിയന്ത്രണാധീനമാക്കാൻ കഴിഞ്ഞതാണ്. പുതിയ ആരോഗ്യശീലങ്ങളും പ്രതിരോധ മരുന്നുകളും മരണനിരക്കു കുറയുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ജനനനിരക്ക് അതേസമയം പഴയതുപോലെതന്നെ തുടരുന്നു.

മൂന്നാംഘട്ടത്തിലും മരണനിരക്ക് മന്ദഗതിയിൽ താഴ്ന്നുകൊണ്ടുതന്നെയിരിക്കും. പക്ഷേ, ജനനനിരക്ക് കൂടുതൽ വേഗത്തിൽ താഴ്ന്നു തുടങ്ങുന്നു. ഒട്ടേറെ ഘടകങ്ങൾ ജനനനിരക്കിന്റെ ഈ പുതിയ പ്രവണതയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് മരണനിരക്കിൽ ഇതിനു മുമ്പുതന്നെ അനുഭവവേദ്യമായ ഇടിവാണ്. ജനിക്കുന്ന കുട്ടികളിൽ കൂടുതൽ കൂടുതൽ പേർ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരിക്കുമെന്ന ധാരണ സൃഷ്ടിക്കുന്നു. നഗരവൽക്കരണം, ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനം തുടങ്ങിയവ കുടുംബത്തെക്കുറിച്ച് പുതിയ സങ്കൽപ്പനങ്ങൾക്ക് രൂപം നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിരക്ഷയ്ക്കും വേണ്ടിയുള്ള ചെലവ് നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. അതേസമയം കുട്ടികളുടെ തൊഴിൽ സാധ്യതകളും നേടാവുന്ന വരുമാനവും ചുരുങ്ങുന്നു. ഇങ്ങനെ പലതുകൊണ്ടും ജനസംഖ്യാവർദ്ധനയുടെ തോത് സാവധാനത്തിലായിത്തീരുന്നു.

നാലാംഘട്ടത്തിൽ മരണനിരക്ക് ആയിരത്തിന് പത്തിൽ താഴെ എന്ന നിരക്കിൽ എത്തിനിൽക്കുന്നു. മരണനിരക്ക് ഇതിലും താഴ്ത്തുന്നത് ശ്രമകരമായിത്തീരുന്നു. പഴയരോഗങ്ങളിൽ പലതും നിർമ്മാർജ്ജനം ചെയ്യപ്പെട്ടുവെങ്കിലും ആധുനിക വ്യവസായയുഗത്തിന്റേതായ ക്യാൻസർ തുടങ്ങിയ പുതിയ പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നു. കാലം മാറുന്നതനുസരിച്ച് രോഗങ്ങൾ പോലും മാറുന്നു! പിന്നെ എത്ര വന്നാലും വയസ്സായ കുറച്ചുപേരെങ്കിലും സ്വാഭാവികമായി മരണമടഞ്ഞല്ലേ തീരൂ. ജനനനിരക്കാവട്ടെ താഴ്ന്ന മരണനിരക്കിന്റെ തോതിനടുത്തുവന്ന് നിൽക്കുന്നു. ‘ചെറിയ കുടുംബം സംതൃപ്ത കുടുംബം’ എന്ന ആശയം പരപ്രേരണയൊന്നും കൂടാതെ തന്നെ സാർവത്രികമായി അംഗീകരിക്കപ്പെടുന്നു. ജനസംഖ്യയുടെ വളർച്ച നാമമാത്രമായിത്തീരുന്നു.

കേരളത്തിന്റെ അനുഭവം
മേൽവിവരിച്ച ജനസംഖ്യാ പരിണാമം എല്ലാ രാജ്യങ്ങൾക്കും സമുദായങ്ങൾക്കും ബാധകമാണ്. പക്ഷേ, എല്ലായിടത്തും ഒരേ വേഗതയിൽ ജനന-–മരണ നിരക്കുകൾ താഴണമെന്നില്ല. കേരളത്തിന്റെ കാര്യമെടുക്കൂ. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലൊന്നാണ് കേരളം. 1971 വരെ കേരളത്തിലെ ജനസംഖ്യാ വർദ്ധന ഇന്ത്യയിലെ ശരാശരിയേക്കാൾ ഗണ്യമായി ഉയർന്ന നിരക്കിലായിരുന്നു. എന്നാൽ 1971-–81 കാലയളവിൽ ഇന്ത്യയിലെ പൊതു പ്രവണതയിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ ജനസംഖ്യാ വളർച്ച നിരക്ക് 1.92 ശതമാനമായി താഴ്ന്നു. 1961-–71 കാലത്ത് കേരളത്തിലെ ജനസംഖ്യ പ്രതിവർഷം 2.6 ശതമാനം വീതം ഉയർന്നിരുന്നു. 1981-–91 കാലത്ത് ഇത് 1.43 ശതമാനമായും 1991-–2001 കാലത്ത് 0.94 ശതമാനമായും 2001-–2011 കാലത്ത് 0.49 ശതമാനമായും താഴ്ന്നു. അതേസമയം 2001-–2011 കാലത്ത് രാജ്യത്തെ ശരാശരി ജനസംഖ്യാ വളർച്ച 1.77 ശതമാനം ആയിരുന്നു.

വളരെ ഉയർന്ന സാമ്പത്തിക വളർച്ച കൂടാതെ തന്നെ കേരളത്തിലെ ജനസംഖ്യാ വളർച്ചയിലുണ്ടായ ഇടിവ് ഒട്ടനവധി പഠനങ്ങൾക്ക് വിഷയമായിട്ടുണ്ട്. ജനസംഖ്യയെ സ്വാധീനിക്കുന്ന അടിസ്ഥാനഘടകങ്ങൾ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും പാർപ്പിടവും തുടങ്ങിയ ഘടകങ്ങളാണെന്നാണ് പ്രമുഖർ അഭിപ്രായപ്പെടുന്നത്. എന്താണ് ജനന നിരക്കിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ? മതവിശ്വാസമല്ല. വിദ്യാഭ്യാസവും ആരോഗ്യനിലയുമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ എന്നാണ് എല്ലാ പ്രാമാണിക സാമൂഹ്യശാസ്ത്രജ്ഞരുടെയും നിഗമനം. ഇതാണ് കേരളത്തിന്റെ അനുഭവം.

ഉയർന്ന മരണനിരക്കുമൂലം കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലേ ഒന്നോ രണ്ടോ പേർ പ്രായപൂർത്തിയിലെത്തൂ. ഇതായിരുന്നു വലിയ കുടുംബ സങ്കൽപ്പം സംബന്ധിച്ച മൂല്യബോധത്തിന്റെ അടിസ്ഥാനം. ആധുനിക കാലഘട്ടത്തിൽ മരണനിരക്ക് കുറഞ്ഞു തുടങ്ങിയിട്ടും ഈ കുടുംബസങ്കല്പത്തിൽ പെട്ടെന്നു മാറ്റം വന്നില്ല. അങ്ങനെ ഇടിയുന്ന മരണനിരക്കും ഉയർന്നു തുടരുന്ന ജനനനിരക്കും എന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുന്നു. ജനപ്പെരുപ്പവും ഉണ്ടാകുന്നു.

എപ്പോഴാണ് കുടുംബ സങ്കല്പത്തിൽ മാറ്റം വരാനും ജനനനിരക്ക് കുറയാനും തുടങ്ങുന്നത്? വിദ്യാഭ്യാസ–-ആരോഗ്യ സൗകര്യങ്ങളുടെ വ്യാപനത്തോടെയാണ് പുതിയ കുടുംബ സങ്കല്പങ്ങൾ രൂപംകൊള്ളുക. കുറച്ചു കുട്ടികൾ മാത്രം ഉണ്ടെങ്കിലും കുടുംബം നിലനിർത്താനാകുമെന്നത് അനുഭവബോധ്യമായി മാറുന്നു. അപ്പോഴാണ് ജനന നിരക്ക് കുറയുക. ഇതിന്റെ ഫലമായി ജനസംഖ്യാ വർദ്ധനവിന്റെ തോത് കുറയാൻ തുടങ്ങും.

വിദ്യാഭ്യാസ-–ആരോഗ്യ മേഖലകളിൽ വളരെ മുന്നിട്ടു നിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ ജനസംഖ്യാ പരിണാമത്തിന്റെ നാലാംഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. എന്നാൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വടക്കേ ഇന്ത്യയിലെ ഹിന്ദി സംസ്ഥാനങ്ങളിൽ ഇപ്പോഴും ജനസംഖ്യാ പരിണാമത്തിന്റെ രണ്ടാംഘട്ടത്തിലാണ്.

ജനസംഖ്യാ വളർച്ചയിലെ 
സാമുദായിക അന്തരം
ജനസംഖ്യാ മാറ്റത്തിൽ വിവിധ പ്രദേശങ്ങൾ തമ്മിൽ അന്തരമുള്ളതുപോലെ സമുദായങ്ങൾ തമ്മിലും അന്തരമുണ്ടാകാം. 1961 മുതൽ 2011 വരെയുള്ള ഹിന്ദു–-മുസ്ലിം ദശാബ്ദ ജനസംഖ്യാ വളർച്ചാനിരക്കിനെക്കുറിച്ച്:

1961-ൽ 10 വർഷംകൊണ്ട് ഹിന്ദു ജനസംഖ്യ 25.6 ശതമാനം ഉയർന്നപ്പോൾ മുസ്ലിം ജനസംഖ്യ 20.3 ശതമാനമേ ഉയർന്നുള്ളൂ. 2001 വരെ ഈ രണ്ട് സമുദായങ്ങളുടെയും ജനസംഖ്യാ വളർച്ചയുടെ തോതിലുള്ള അന്തരം വർദ്ധിച്ചുവരുന്നതായി കാണാം. 2001-ൽ ഇത് യഥാക്രമം ഏതാണ്ട് 20-ഉം 35-ഉം ആയിരുന്നു. എന്നാൽ 2001-നുശേഷം മുസ്ലിം ജനസംഖ്യാ വളർച്ചയുടെ വേഗത ഗണ്യമായി കുറഞ്ഞു. 2011-ൽ മുസ്ലിങ്ങളുടെ ജനസംഖ്യ ദശാബ്ദ വളർച്ച 25-ഉം ഹിന്ദുക്കളുടേത് 17-ഉം ആണ്. 2021-ലെ സെൻസസ് മോദി നടത്തിയിട്ടില്ല. നടത്തിയിരുന്നെങ്കിൽ ഇരു സമുദായങ്ങളുടെയും ദശാബ്ദ വളർച്ചാ നിരക്കിലുള്ള വ്യത്യാസം ഇനിയും ഗണ്യമായി കുറഞ്ഞതായി മനസ്സിലാക്കാൻ കഴിയുമായിരുന്നു.

1991 മുതൽ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച നിരക്ക് കുറഞ്ഞു തുടങ്ങി. 2001 മുതൽ മുസ്ലിങ്ങളുടേതും. ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ചാ നിരക്കിലുണ്ടാക്കുന്ന കുറവിനേക്കാൾ കൂടുതൽ വേഗതയിലാണ് മുസ്ലിം ജനസംഖ്യാ വളർച്ച കുറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഏതാനും ദശാബ്ദങ്ങൾ കഴിയുമ്പോൾ ഇരുസമുദായങ്ങളുടെയും ജനസംഖ്യാ വളർച്ചാനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിൽ എത്തിച്ചേരുമെന്നു നിസ്സംശയം പറയാം.

മേൽപ്പറഞ്ഞ നിഗമനത്തെ സാധൂകരിക്കുന്നതാണ് ഹിന്ദു-–മുസ്ലിം സമുദായങ്ങളിലെ പ്രജനനനിരക്ക് സംബന്ധിച്ചാണ് ചിത്രം 2ൽ സൂചിപ്പിക്കുന്നത്. പ്രജനന നിരക്ക് എന്നാൽ ഗർഭധാരണശേഷിയുള്ള പ്രായത്തിലെ സ്ത്രീകൾക്ക് എത്ര കുട്ടികൾ വീതം ശരാശരി ഉണ്ടാകും എന്നതാണ്. വേണമെങ്കിൽ ഒരോ ദമ്പതികൾക്കും ഉണ്ടാകുന്ന കുട്ടികളുടെ ശരാശരിയെന്നും വിശേഷിപ്പിക്കാം.

ചിത്രം 2
1992–1993 മുതൽ 2019–2021 വരെ ഹിന്ദു–മുസ്ലിം 
സമുദായങ്ങളിലെ പ്രജനനനിരക്ക്

കടപ്പാട്: scroll.in

1992-–93-ൽ ഹിന്ദുക്കളുടെ പ്രജനന നിരക്ക് 3.3-ഉം മുസ്ലിംങ്ങളുടേത് 4.4- ഉം ആയിരുന്നു. എന്നാൽ 2019-–21-ൽ ഹിന്ദുക്കളുടേത് 1.9- ഉം മുസ്ലിങ്ങളുടേത് 2.36-ഉം ആയിരുന്നു. മുസ്ലിങ്ങളുടെ നിരക്കിലെ ഇടിവ് ഹിന്ദുക്കളുടേതിനേക്കാൾ വേഗതയിലാണ്. അതുകൊണ്ട് അധികം താമസിയാതെ രണ്ടും ഒരേനിരക്കിൽ എത്തിച്ചേരും.

വിവിധ പ്രദേശങ്ങളുടെ പരിണാമത്തിന്റെ ഘട്ടങ്ങൾ വ്യത്യസ്തമായിരിക്കുന്നതുപോലെ തന്നെ സമുദായാടിസ്ഥാനത്തിൽ പരിശോധിച്ചാലും വ്യത്യസ്തതകൾ കാണാം. ഇതിന്റെ അടിസ്ഥാനം മതവിശ്വാസമല്ല. മറിച്ച്, ആ സമുദായങ്ങളുടെ വിദ്യാഭ്യാസ, -ആരോഗ്യ-, സാമൂഹ്യ സാഹചര്യങ്ങളാണ്. കേരളത്തിലെ മുസ്ലിങ്ങളുടെ പ്രജനന നിരക്ക് ബീഹാറിലെ ഹിന്ദുക്കളേക്കാൾ താഴെയാണ്. കേരളത്തിൽ തന്നെ കുടുംബാസൂത്രണത്തെ ഏറ്റവും ശക്തമായി എതിർക്കുന്ന കത്തോലിക്ക വിഭാഗങ്ങളിലാണ് ഏറ്റവും താഴ്ന്ന പ്രജനന നിരക്ക്.

ക്രീമിലെയർ ഉണ്ടെങ്കിലും ഇന്ത്യയിലെ മുസ്ലിം സമുദായം പൊതുവേ എടുത്താൽ പട്ടികജാതിക്കാരേക്കാൾ പല കാര്യങ്ങളിലും താഴ്ന്ന നിലയിലാണവർ എന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമൂലമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളിൽ മുസ്ലിം ജനസംഖ്യയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവുണ്ടായത്. എന്നാൽ ഈ സ്ഥിതിവിശേഷം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു നിഗമനത്തിലെത്തിയാൽ ജനസംഖ്യാ ജിഹാദ് എന്ന ആഖയാനം പൊളിയും. അതുകൊണ്ട് മോദിയുടെ ഉപദേശകസംഘം കണ്ടെത്തിയ ഒരു കസർത്താണ് ഹിന്ദു-–മുസ്ലിം ജനസംഖ്യകളുടെ വളർച്ചാ നിരക്കുകളെ ഘട്ടങ്ങളായി വേർതിരിച്ച് പരിശോധിക്കുന്നതിനു പകരം 2005 മുതൽ 2015 വരെ ഒറ്റ ഘട്ടമായി കണക്കാക്കി ശരാശരി വളർച്ചാ വർദ്ധനവ് കണക്കാക്കുക എന്ന അടവ്. അതുതന്നെ തെറ്റായ സ്ഥിതിവിവര കണക്ക് രീതി ഉപയോഗപ്പെടുത്തി ഊതിവീർപ്പിച്ച് സമുദായ സ്പർധ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 16 =

Most Popular