Monday, November 25, 2024

ad

Homeവിശകലനംപുതുകായിക ചരിത്രമായി 
കൊച്ചി കാർണിവൽ

പുതുകായിക ചരിത്രമായി 
കൊച്ചി കാർണിവൽ

വി ശിവൻകുട്ടി

ളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലേക്കും പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചത്. കൗമാര കായികതാരങ്ങളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായിക സംഗമവേദികളിലൊന്നായി ഇതു മാറി. കേരളപ്പിറവി മുതൽ ആരംഭിച്ച ഈ മഹത്തായ സംരംഭം ഓരോ അക്കാദമിക വർഷവും വളരെ കൃത്യതയോടെയാണ് നടന്നുവരുന്നത്. മുൻവർഷം വരെ വ്യത്യസ്ത കാലയളവുകളിൽ ഇതര മത്സര വേദികളിൽ നടന്നിരുന്ന സ്കൂൾ കായികമേള ഒരേ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കേന്ദ്രീകരിച്ചുകൊണ്ട് നടന്നു എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രധാന പ്രത്യേകത.ഓരോ വർഷവും സംസ്ഥാനത്തൊട്ടാകെ 5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കായികമേളയുടെ ഭാഗമാകുന്നുണ്ട്.2016 ൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് കായികമേളയെ ‘കായികോത്സവം’ എന്ന നിലയിലേക്ക് പരിവർത്തനപ്പെടുത്തിയത്. ഇത്തവണ മുതൽ ഒളിമ്പിക്സ് മാതൃകയിൽ ഒരു ജില്ല കേന്ദ്രീകരിച്ച് ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് മാതൃകയിൽ ദേശീയനിലവാരത്തോടെ വളരെ സമഗ്രവും വിശാലവുമായ രീതിയിൽ കായികമേള സംഘടിപ്പിച്ചത്. 14,17,19 പ്രായത്തിലുള്ള കാറ്റഗറികളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടന്ന വിവിധ മത്സരങ്ങളിൽ ആകെ 24,860 താരങ്ങളാണ് കൗമാരകായികപ്പോരാട്ടത്തിൽ അണിനിരന്നത്.കേരള സ്കൂൾ സ്പോർട്സ് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുള്ള 39 കായിക ഇനങ്ങളിൽ നിന്നും 1578 മത്സരങ്ങളാണ് അത്ലറ്റിക്സ്,അക്വാട്ടിക്സ്,ഗെയിംസ് എന്നിങ്ങനെ വിവിധ ഇവന്റുകളായി നടന്നത്. പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളോടുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്പോർട്സും മേളയുടെ സർവ്വപ്രധാനഭാഗമായി. സ്കൂൾ കായികമേളയുടെ മത്സര ചരിത്രത്തിൽ ആദ്യമായി ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന ആറു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 50 യുവകായികപ്രതിഭകൾ മേളയുടെ ഭാഗമായി. മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക്, കടവന്ത്ര രാജീവ് ഗാന്ധി റീജിയണൽ സ്പോർട്സ് സെന്റർ എന്നിവ ഉൾപ്പെടെ ദേശീയ,അന്തർദേശീയ നിലവാരമുള്ള 17 കായിക വേദികളിലാണ് മത്സരങ്ങൾ നടന്നത്.

ഒളിമ്പിക്സിൽ ഏറ്റവും ആകർഷകമായി നടക്കുന്നത് ഉദ്ഘാടന, -സമാപന ചടങ്ങുകളാണ്.സമാനമായി കൊച്ചിയുടെ കലാസാംസ്കാരിക സമ്പന്നതയുടെ മികവുറ്റ അവതരണമായിരുന്നു കേരള സ്കൂൾ കായികമേളയുടെയും ഉദ്ഘാടന-, സമാപന ചടങ്ങുകളിൽ ഉണ്ടായിരുന്നത്. കായികമേളയുടെ ഉദ്ഘാടന-, സമാപന വേദി മഹാരാജാസ് കോളേജ് സ്റ്റേഡിയമായിരുന്നു. പതിനായിരത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത മെഗാ ഡിസ്പ്പ്ലേ, മ്യൂസിക് ബാൻഡ്, കേരളത്തിന്റെ തനത് കലാസാംസ്കാരിക രൂപങ്ങളുടെ അവതരണം എന്നിവയുൾപ്പെടെയുള്ളവ മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ മികച്ച കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. ഒളിമ്പിക്സിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് സമാനമായ നിലയിൽ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രമോ വീഡിയോ,ബ്രാൻഡ് അംബാസിഡർ തുടങ്ങിയവ കേരള സ്കൂൾ കായികമേളയിലും ഉണ്ടായിരുന്നു.ഒളിമ്പിക്സ് മാതൃകയിൽ സ്‌കൂൾ കായികമേള സംഘടിപ്പിച്ചതിലൂടെ പ്രതിഭാധനരായ താരങ്ങൾക്ക് കൂടുതൽ ആവേശത്തോടെയും അർപ്പണബോധത്തോടെയും കായികരംഗത്ത് തുടരുവാൻ ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പുനൽകുവാൻ കഴിഞ്ഞു .കേരളത്തിന്റെ മഹത്തായ കായിക സംസ്കാരം, അടിസ്ഥാന സൗകര്യ വികസനം, പ്രതിഭാ വികസനം, സാമൂഹിക ഇടപെടൽ എന്നിവയ്ക്ക് വിശാലമായ മാനം നൽകുന്നതിന് ഈ നൂതന സമീപന രീതി വഴിത്തിരിവായിട്ടുണ്ടെന്നാണ് കായിക വിദഗ്ധരുടെയും നിരീക്ഷകരുടെയും അഭിപ്രായം.പകൽ സമയത്തെ അതികഠിനമായ ചൂടുകാരണം മത്സരങ്ങൾ രാവിലെയും രാത്രിയുമായി ഫ്ലഡ്‌ലൈറ്റിലാണ് സംഘടിപ്പിച്ചത്.പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഇതിഹാസതാരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ആണ് ബ്രാൻഡ് അംബാസിഡർ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും പ്രചോദനം പകരുന്ന വാക്കുകളും ഉദ്ഘാടന ചടങ്ങിന് കൂടുതൽ മികവേകി. സവിശേഷതകളാൽ സമ്പന്നമായ മാർച്ച് പാസ്റ്റിലും ദീപശിഖാ പ്രയാണത്തിലും മറ്റുതാരങ്ങളോടൊപ്പം ഭിന്നശേഷി കുട്ടികൾ അവരുടെ പരിമിതികളെയെല്ലാം മറികടന്നുകൊണ്ട് പങ്കെടുത്തത് വേറിട്ട കാഴ്ചയായി. കേരളത്തിന്റെ കായിക സംസ്കാരത്തിന് കരുത്തുപകരുന്ന നിലയിലാണ് ചരിത്രമേളയിൽ ദീപശിഖ തെളിയിച്ചത്.മേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കുമൊപ്പം ഭിന്നശേഷി വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മിയും ചേർന്ന് കായിക ദീപത്തിലേക്ക് തിരിതെളിയിച്ചപ്പോൾ അത് പുത്തൻ കായിക സംസ്കാരത്തിനും വിവേചനരഹിതമായ ലോകകാഴ്ചപ്പാടിനും വെളിച്ചം പകർന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള കായികോത്സവമാന്വൽ പ്രകാരമാണ് മത്സരങ്ങളുടെ സംഘാടനം നടന്നത്. മത്സരം നടന്ന എല്ലാ വേദികളിലും ഡിജിറ്റൽ ബോർഡുകളും പ്രത്യേക വീഡിയോ സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്ത് എവിടെയുമുള്ള കായിക പ്രേമികൾക്ക് മത്സരങ്ങൾ വീക്ഷിക്കുന്നതിനുവേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു.

നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ മത്സരവിധി നിർണയത്തിനും മത്സരഫലങ്ങളുടെ കൃത്യതയ്ക്കുംവേണ്ടി മേള നടന്ന 17 വേദികളിലും ഉറപ്പാക്കിയിരുന്നു. കേരള സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കാസർകോട്ട് നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണവും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പിന്റെ യാത്രയും തൃപ്പൂണിത്തുറയിൽ ഒരുമിച്ച് സംഗമിച്ചശേഷമാണ് ഉദ്ഘാടന വേദിയായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.

ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികമേളകളിൽ കായിക താരങ്ങൾക്കും കാണികൾക്കും സംഘാടകർക്കും ഊർജ്ജസ്വലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനാണ് ഭാഗ്യചിഹ്നങ്ങളെ പൊതുവായി ഉപയോഗപ്പെടുത്തുന്നത്. സൗഹൃദം,സ്ഥിരോൽസാഹം, ബഹുമാനം,സമാധാനം, ഐക്യം, പ്രത്യാശ തുടങ്ങിയ സാർവ്വലൗകിക വിഷയങ്ങളും ഇതിന്റെ അവതരണത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്.1972 ൽ ജർമനിയിലെ മ്യൂണിക്കിൽ വച്ച് നടന്ന ഒളിമ്പിക്സിൽ ഇന്റർ നാഷണൽ ഒളിമ്പിക്സ് കമ്മിറ്റി അംഗീകരിച്ച ആദ്യ ഔദ്യോഗിക ഭാഗ്യചിഹ്നമായ വാൽഡി അവതരിപ്പിക്കപ്പെട്ടു. കേരള സ്കൂൾ കായികമേളയുടെ ഭാഗമായി ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനെയാണ് ഭാഗ്യചിഹ്നമായി കേരള സർക്കാർ അവതരിപ്പിച്ചത്. സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത്. സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അണ്ണാൻ കേരളത്തിൽ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു ജീവി കൂടിയാണ്. ഓർമ, പ്രശ്നപരിഹാരശേഷി തുടങ്ങിയ ഗുണങ്ങൾ ഏറെയുള്ള ഒരു ജീവി കൂടിയാണിത്. കേരളത്തിൽ മനുഷ്യ വാസകേന്ദ്രങ്ങളോടൊപ്പം ഇഴുകിച്ചേർന്ന് ജീവിക്കുന്ന പ്രകൃതമാണിതിനുള്ളത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ജീവി എന്ന നിലയിൽ സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനെ കേരളം ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു. ഏറ്റവും ആകർഷകമായ നിലയിൽ തക്കുടുവിന്റെ വലിയ രൂപം പ്രധാന വേദിയിൽ സ്ഥാപിച്ചിരുന്നു.
പ്രാദേശിക തലം മുതൽ അന്തർദേശീയതലം വരെയുള്ള വ്യത്യസ്ത തരം കായിക മത്സരങ്ങളിൽ വിവിധ സവിശേഷതകളോടുകൂടിയ ലോഗോകൾ അവതരിപ്പിക്കാറുണ്ട്. ഒളിമ്പിക് റിംഗ് എന്നറിയപ്പെടുന്ന വ്യത്യസ്ത നിറങ്ങളിലുള്ള 5 വളയങ്ങളാണ് ഒളിമ്പിക്സിന്റെ ലോഗോ. ലോകത്തിലെ അഞ്ച് പ്രധാന ഭൂഖണ്ഡങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.ഒരു കായിക മത്സരവേദിയുടെ അടിസ്ഥാന തത്വങ്ങളുടെ ചിഹ്നമാണിത്.കായിക മേഖലയുടെ ആത്യന്തികവും സാർവത്രികവുമായ ആശയങ്ങളെയാണ് ഇത് പ്രതീകവത്കരിക്കുന്നത്.

ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ഒലിവ് ഇലകൊണ്ട് നിർമിച്ച കിരീടമണിയിക്കുന്ന പാരമ്പര്യം ഗ്രീസിലെ ഒളിമ്പ്യയിൽ ബി.സി 776ൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിലാണ് ആരംഭിച്ചത്.ഗ്രീക്ക് ജനത ഈ സാമ്പ്രദായിക രീതിയെ പരമോന്നത ബഹുമതിയായിട്ടാണ് പ്രതീകവത്കരിക്കുന്നത്.1896ൽ ഗ്രീസിലെ ഏതൻസിൽ നടന്ന ആദ്യ ആധുനിക ഒളിമ്പിക്സിലും 2004 ൽ ഏതൻസിൽ നടന്ന ഒളിമ്പിക്സിലും ഒലിവ് ഇല കൊണ്ടു നിർമിച്ച കിരീടധാരണം മത്സരവിജയികളുടെ വിക്ടറി സെറിമണിയുടെ ഭാഗമായിരുന്നു.ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയികളാകുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് സമ്മാനവിതരണ രീതിയിൽ വിക്ടറി സെറിമണി സമയത്ത് കിരീടധാരണം കൂടി സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വർക്ക് എഡ്യൂക്കേഷൻ പ്രൊഡക്ഷൻ യൂണിറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്സും ചേർന്നാണ് കിരീടത്തിന്റെ മാതൃക രൂപകൽപ്പന ചെയ്തത്.ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ കിരീടവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം നീല,ഓറഞ്ച് കിരീടവുമാണ് നൽകുന്നത്. കേരള സ്കൂൾ കായികമേളയുടെ ഭാഗമായി 5,700 കിരീടങ്ങൾ മത്സരവിജയികൾക്ക് വിതരണം ചെയ്തു.

ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയിൽ ഔദ്യോഗികമായി ആദ്യം നടന്ന കായിക പോരാട്ടം സവിശേഷ പരിഗണന ആവശ്യമായ കുട്ടികൾ പങ്കെടുത്ത ഇൻക്ലൂസീവ് സ്പോർട്സ് ആയിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ പരിമിതിയുടെ തലത്തിൽ നിന്നുകൊണ്ടുതന്നെ കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത് കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ്. ഇത് സാധ്യമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ സവിശേഷപരിഗണന ആവശ്യമുള്ള കുട്ടികൾക്കും കായികപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഇൻക്ലൂസീവ് സ്പോർട്‌സ് മാന്വൽ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഇന്ത്യയിൽ ആദ്യമായി കേരളമാണ് സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക മാന്വൽ തയ്യാറാക്കി നടപ്പിലാക്കിയത്. സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്‌സിൽ 14 ജില്ലകളുടെ പ്രതിനിധികളായി 1369 കായികതാരങ്ങൾ പങ്കെടുത്തു . സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് സുരക്ഷിതരായി പങ്കെടുക്കാൻ കഴിയുന്നരീതിയിൽ എല്ലാ കായികവേദികളും ഭിന്നശേഷി സൗഹൃദമായനിലയിലാണ് സജ്ജീകരിച്ചത്.സവിശേഷ പരിഗണന അന്ന്യമായ കുട്ടികൾക്ക് മത്സരശേഷം കൊച്ചിയുടെ നഗരക്കാഴ്ചകൾ കാണാനും അനുഭവിച്ചറിയാനുമുള്ള അവസരംകൂടി സംഘാടകർ ഒരുക്കി.ഇതിനായി കൊച്ചി മെട്രോയിലും കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിലും ഉൾപ്പെടെ പ്രത്യേക യാത്രകൾ സംഘടിപ്പിച്ചു.ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി വിക്ടറി സെറിമണി ചടങ്ങും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കായിക മേഖലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ മികച്ച ഫലമാണ് കേരള സ്കൂൾ കായിക മേള സമ്മാനിച്ചത്. അത്ലറ്റിക്സ്,അക്വാട്ടിക്സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിംഗ് സ്വർണക്കപ്പ് സ്വന്തമാക്കിയത്. കോതമംഗലം എം.എ കോളേജിൽ വച്ച് നടന്ന അക്വാട്ടിക് മത്സരത്തിൽ തലസ്ഥാന ജില്ല ഓവറോൾ കിരീടം നേടി. 35 മീറ്റ് റെക്കോർഡുകൾ ആണ് നീന്തൽക്കുളത്തിൽ നിന്നും പിറവിയെടുത്തത്.മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ നിന്നും 9 പുതിയ മീറ്റ് റെക്കോർഡുകൾ കുറിക്കപ്പെട്ടു. എറണാകുളവും പാലക്കാടും കാലങ്ങളായി അടക്കി വച്ചിരുന്ന മെഡൽ മേഖലകളിലേക്ക് ആഞ്ഞടിച്ചുകൊണ്ടാണ് അത്‌ലറ്റിക്സിൽ മലപ്പുറം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയത്. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യം പുലർത്തിയ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻ പട്ടം മൂന്നാം തവണയും സ്വന്തമാക്കി.സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഗവ. ജി.വി രാജ സ്പോർട്സ് സ്കൂൾ മികച്ച രണ്ടാമത്തെ കായിക വിദ്യാലയമായി മാറി.

സംസ്ഥാന സർക്കാർ ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള നടത്തുവാൻ നിലപാട് സ്വീകരിച്ച തീരുമാനത്തെ നിരവധിപേർ വിമർശിച്ചിരുന്നു. എറണാകുളം പോലുള്ള തിരക്കേറിയ നഗരത്തിൽ കാൽലക്ഷത്തോളം കായിക താരങ്ങളെയും അധ്യാപകരെയും ഒഫീഷ്യൽസിനെയും ഉൾക്കൊള്ളുവാനും പരിഗണിക്കുവാനും കഴിയുമോ എന്ന വിമർശകരുടെ ആശങ്കയെ പൂർണമായും അതിജീവിച്ചുകൊണ്ടാണ് യാതൊരു പിഴവുമില്ലാതെ പൊതു വിദ്യാഭ്യാസ വകുപ്പ് കായികമേള വിജയകരമായി പൂർത്തീകരിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടർ,സ്പോർട്സ് ഓർഗനൈസർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം രണ്ടുമാസത്തോളം എറണാകുളം കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ കഠിനാധ്വാനത്തിന്റെയും നിരന്തരമായ ഏകോപനത്തിന്റെയും ഫലമായാണ് കായികമേള വൻ വിജയമായിത്തീർന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുമായുള്ള ഏകോപനം സമയബന്ധിതമായി ഫലപ്രദമാക്കുവാൻ കഴിഞ്ഞതും വിജയത്തിന് കരുത്തുപകർന്നു. 12 പ്രധാന കേന്ദ്രങ്ങളിലാണ് താരങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്തത്. ഓരോ കേന്ദ്രത്തിനും കൊച്ചിയുടെ തനതായ രീതിയിലുള്ള പേരുകളും നൽകിയിരുന്നു.കഠിനമായ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് അനുഗുണമാകുന്ന നിലയിലുള്ള സ്പോർട്സ് ന്യൂട്രീഷൻ മെനു പ്രകാരമുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്. ഭാഗ്യചിഹ്നമായ തക്കുടുവിനെ എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വൻജനപങ്കാളിത്തത്തോടെ പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെ കായികമേളയുടെ പ്രചാരണവും വിപുലമാക്കി. എല്ലാ മത്സരവേദികളിലും വോളണ്ടിയേഴ്സിനെയും കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരായ പ്രതിജ്ഞ സംഘടിപ്പിച്ചു. നേത്രദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹമാകെ വ്യാപിപ്പിക്കുക എന്നുള്ള ലക്ഷ്യത്തെ മുൻനിർത്തി ‘ഒരു ലക്ഷം-ഒരു ലക്ഷ്യം’ എന്ന പേരിലുള്ള നേത്രദാന ക്യാമ്പയിനും നടന്നു. മത്സരം നടക്കുന്ന മുഴുവൻ വേദികളിലും വിവിധ മെഡിക്കൽ ടീമുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.സ്പോർട്സ് മെഡിസിൻ,സ്പോർട്സ് ആയുർവേദ,ഹോമിയോപ്പതി ഉൾപ്പെടെയുള്ള വിവിധ വിങ്ങുകൾ പ്രവർത്തിച്ചിരുന്നു. യോഗ്യരും അനുഭവ സമ്പത്തുള്ളവരുമായ ഡോക്ടർമാർ മറ്റു സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെ മുഴുവൻ സമയ സേവനം ലഭ്യമായിരുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്പിലൂടെയായിരുന്നു മേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളുടെയും രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കിയത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട 52 വിദ്യാലയങ്ങളിലാണ് കുട്ടികൾക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ക്രമീകരിച്ചിരുന്നത്. താമസസ്ഥലം,മത്സരവേദി,ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുവേണ്ടി കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകളുടെ ലഭ്യതയും ഉറപ്പാക്കിയിരുന്നു.

കായിക മത്സരങ്ങൾ ആരോഗ്യകരമായ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് എതിരാളിയെ പൂർണമായും ഉൾക്കൊള്ളുകയും അവരുടെ കഴിവുകളെയും പരിശ്രമത്തെയും മത്സരിക്കുവാനുള്ള അവകാശത്തെയും അംഗീകരിക്കുന്നതും ഏറ്റവും പ്രധാനമാണ്.ഏതൊരു കായിക മത്സരത്തിന്റെയും കാതലായ അംശം ഫെയർ പ്ലേ എന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ്. ഇവിടെ അത്ലറ്റുകൾ ഒരു കൂട്ടം നിയമങ്ങൾക്കുള്ളിൽ മത്സരിക്കുകയും കളിയുടെ ഉന്നതമായ നിലവാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും പ്രകടിപ്പിക്കേണ്ട ധാർമികവും മാന്യവുമായ പെരുമാറ്റവുമാണിത്.മത്സരങ്ങൾ സമഗ്രതയോടും ബഹുമാനത്തോടും സമത്വത്തോടും കൂടി നടത്തപ്പെടുന്നുവെന്നും നിയമങ്ങൾ പാലിക്കൽ,എതിരാളികളോടുള്ള ബഹുമാനം തുടങ്ങിയവ പാലിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു.മത്സരത്തിനിടയിൽ ഉണ്ടാകുന്ന തെറ്റുകൾ സമ്മതിക്കുക,അനാവശ്യമായ നേട്ടങ്ങൾ ഉണ്ടാക്കുവാൻ തന്ത്രങ്ങൾ മെനയാതിരിക്കുക തുടങ്ങിയവ സ്പോർട്സിലെ സത്യസന്ധതയുടെയും സുതാര്യതയുടെയും നേർസാക്ഷ്യമാണ്. മത്സര വിജയത്തിൽ അമിതമായി ആഹ്‌ളാദിക്കുകയോ എതിർ കളിക്കാരെ ഇകഴ്ത്തുകയോ തോൽവിയിൽ നിരാശപ്പെടുകയോ ചെയ്യാതിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ടീമിന്റെ പരിപൂർണമായ ചലനാത്മകതയ്ക്ക് സംഭാവന നൽകിക്കൊണ്ട് ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ യും ബോധം വളർത്തുന്ന ടീം വർക്കാണ് പൊതുവിൽ രൂപപ്പെടേണ്ടത്. സ്പോർട്സ് എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാണ് ലോകത്തിനു കാട്ടിത്തരുന്നത്.

ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ കായികമേള സംഘടിപ്പിച്ചതിലൂടെ കേരളത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ കാഴ്ചപ്പാടുകൾക്ക് കായിക മേഖലയിലൂടെ കൂടുതൽ മാനം നൽകാമെന്ന ആശയമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.കേരളത്തിന്റെ കായിക മികവിന്റെ പ്രകാശഗോപുരമായി എന്നും നിലകൊള്ളുന്ന മഹത് സംരംഭമാണ് കേരള സ്കൂൾ കായികമേള. കേരളത്തിന്റെ ശക്തമായ കായിക പൈതൃകം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. സ്‌കൂൾ കായികമേളയിൽനിന്നും പിറവികൊണ്ട നിരവധി ദേശീയ, അന്തർദേശീയ പ്രതിഭകൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലെ മികച്ച കായിക പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന അഭിമാനകര മത്സര സംഗമ വേദി കൂടിയായി കൊച്ചിയിലെ ഓരോ കായികവേദിയും മാറി.താരങ്ങൾ തമ്മിലുള്ള ഒരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും മികവിന്റെയും പരമോന്നത പോരാട്ട ഭൂമി കൂടിയായി ഇത് മാറപ്പെട്ടു.ആയിരക്കണക്കിന് താരങ്ങളുടെ കായിക ശക്തിയും സംസ്ഥാനത്തിന്റെ ഐക്യവും ഒത്തുചേർന്ന കേന്ദ്രമായിമാറാൻ കൊച്ചിയ്ക്ക് സാധിച്ചു.പുതു കാഴ്ചപ്പാടോടെയും വ്യക്തമായ ലക്ഷ്യത്തോടെയും ഒത്തുചേരുന്ന താരങ്ങൾക്ക് പ്രതീക്ഷയ്ക്കതീതമായ നേട്ടങ്ങൾ കൈവരിക്കുവാനും സാധിച്ചു. ജനങ്ങൾ പരിപൂർണമായി ഏറ്റെടുത്ത ഈ മഹാമേള വരുംവർഷങ്ങളിലും സമാന മാതൃകയിൽ നടത്തുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അടുത്ത വർഷം കേരള സ്കൂൾ കായികമേളയുടെ സംഘാടനത്തിന് തലസ്ഥാന ജില്ല ആതിഥ്യം വഹിക്കുവാനൊരുങ്ങുമ്പോൾ കൊച്ചിയിലുണ്ടാക്കിയ മികവിനെ കൂടുതൽ പ്രൗഢിയിലേക്കുയർത്തുവാൻ കഴിയുമെന്നുറപ്പാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − five =

Most Popular