Monday, November 25, 2024

ad

Homeപ്രതികരണംശാസ്ത്രരംഗത്ത് കേരളം പുത്തൻകുതിപ്പിൽ

ശാസ്ത്രരംഗത്ത് കേരളം പുത്തൻകുതിപ്പിൽ

പിണറായി വിജയൻ

നുഷ്യന് ഇന്ന് ശാസ്ത്രം കൂടുതലും അനുഭവവേദ്യമാകുന്നത് സാങ്കേതികവിദ്യകളിലൂടെയാണ്. അതായത്, ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളായി പരിണമിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, ആർജ്ജിക്കുന്ന വിജ്ഞാനത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിത്തീർക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള ആലോചനകൾ നമ്മുടെ ശാസ്ത്ര പ്രതിഭകൾക്ക് ഉണ്ടാകണം. പൊതുസമൂഹത്തിന്റെ ഉത്കർഷത്തിൽ പങ്കുവഹിക്കാൻ ശാസ്ത്രത്തിനു കഴിയണം. പ്രത്യേകിച്ച്, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അശാസ്ത്രീയതയ്ക്കും മേൽക്കൈ ഉണ്ടാക്കാൻ ചില ശക്തികൾ കിണഞ്ഞു പരിശ്രമിക്കുന്ന ഇക്കാലത്ത് അക്കാര്യം വളരെ പ്രധാനമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പ്രകാരം ശാസ്ത്രാവബോധം വളർത്തുക എന്നത് രാജ്യത്തെ പൗരരുടെ കടമയാണ്. എന്നാൽ, സയന്റിഫിക് ടെമ്പർ വർദ്ധിപ്പിക്കുന്ന രീതിയിലല്ല പലപ്പോഴും ഇവിടെ കാര്യങ്ങൾ നീങ്ങുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനായി ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെ ശ്രമിക്കുന്ന കാഴ്ച നമുക്കു കാണാൻ കഴിയും. ആ ശ്രമങ്ങൾക്ക് നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണ്.

ഒരുവശത്ത്, അശാസ്ത്രീയതകളെ ശാസ്ത്രീയ സത്യങ്ങളായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയാണ്. മറുവശത്ത്, പരിണാമസിദ്ധാന്തം അടക്കമുള്ള ശാസ്ത്ര വിജ്ഞാനങ്ങളെ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ ശാസ്ത്രാവബോധം വളർത്തുന്നതിലും അങ്ങനെ സാമൂഹിക പുരോഗതി ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കുവഹിക്കാൻ ശാസ്ത്രമേഖലയ്ക്ക് കഴിയേണ്ടതുണ്ട്. നമ്മുടെ വിദ്യാലയങ്ങൾ തന്നെ അതിനുള്ള വേദികളായി മാറണം. ഇക്കാര്യത്തിൽ അദ്ധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണം. ശാസ്ത്രവിദ്യാഭ്യാസം കേവലം മാർക്കു നേടുന്നതിനുള്ള ഉപാധി മാത്രമല്ല; കാര്യങ്ങളെ യുക്തിസഹമായി സമീപിക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കാനുള്ള ഉപാധികൂടിയാണ്. അത് മനസ്സിൽവെച്ച് പ്രവർത്തിക്കാൻ അദ്ധ്യാപകർ തയ്യാറാകണം.

ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും തെല്ലുപോലും ഇടമില്ലാതിരുന്ന ഒരു ഇരുണ്ട കാലം നമ്മുടെ നാടിനുണ്ടായിരുന്നു. അവിടെ നിന്നും നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് വിദ്യാലയങ്ങൾ സ്ഥാപിച്ചും വിദ്യാഭ്യാസം സാർവ്വത്രികമാക്കിയും ഒക്കെ നമ്മെ ശാസ്ത്രീയ ചിന്തയിലേക്കു കൈപിടിച്ചുയർത്തിയത്. നമ്മുടെ നാടിന്റെ പുരോഗമനപരമായ ആ മുന്നോട്ടുപോക്കിന്റെ തുടർച്ച ഉറപ്പാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതിന്റെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സജ്ജമാക്കിയതും ന്യൂട്രാസ്യൂട്ടിക്കൽസ്, മൈക്രോ ബയോംസ് തുടങ്ങിയ വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കുന്നതും. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പോലെയുള്ള പരിപാടികൾക്ക് കേരളം വേദിയാവുന്നതും ഇതിന്റെയൊക്കെ തുടർച്ചയായാണ്.

ഇത്തരത്തിൽ മുന്നോട്ടുപോകുമ്പോഴും ശാസ്ത്രബോധത്തിന് അനുസൃതമല്ലാത്ത പല പ്രവണതകളും നമ്മുടെ നാട്ടിൽ ഉയർന്നുവരുന്നുണ്ട്. ഈ ആധുനിക കാലത്തുപോലും നരബലി പോലെയുള്ള നീചകൃത്യങ്ങൾ നടന്ന നാടാണ് നമ്മുടേത്. പുരോഗമനചിന്ത ഇത്രയേറെ വേരൂന്നിയ സമൂഹത്തിൽ എങ്ങനെയാണ് ഇത്തരം പ്രതിലോമചിന്തകൾ കടന്നു വരുന്നത് എന്നത് പരിശോധിക്കപ്പെടണം. അവയെ തടുക്കാനുതകുന്ന വിധത്തിൽ സാമൂഹികമായ ശാസ്ത്രാവബോധം വളർത്താൻ നമുക്കു കഴിയണം. അതിനുള്ള ഉപാധികളായി നമ്മുടെ പാഠ്യപദ്ധതികളും വിദ്യാലയങ്ങളും സർവ്വകലാശാലകളും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കണം.

നാടിന്റെ പുരോഗതിയിലും സുസ്ഥിരവികസനത്തിലും ശാസ്ത്രമേഖലയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. ശാശ്വതവും പ്രകൃതിസൗഹൃദപരവുമായ വികസനമാണ് സുസ്ഥിര വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ശാസ്ത്രമുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്. എന്നാൽ, ലോകത്ത് നിലവിലുള്ള സ്ഥിതി അതല്ല. ലോകത്തുണ്ടാകുന്ന ശാസ്ത്രമുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ എത്തിച്ചേരുന്നത് ആകെ ജനസംഖ്യയുടെ 20 ശതമാനത്തിലേക്കു മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, 80 ശതമാനത്തോളം ജനങ്ങൾക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല.

ശാസ്ത്രരംഗത്തെ കിടമത്സരങ്ങളും കുത്തകവത്കരണവും മാനവികതയ്ക്കു പകരം ലാഭേച്ഛയ്ക്കു മാത്രം ഊന്നൽ നൽകുന്ന ശാസ്ത്ര ഗവേഷണങ്ങളും ഇതിനു കാരണമാണ്. ഇവ മറികടക്കാൻ എന്തു ചെയ്യാൻ കഴിയും എന്നത് നാം ചിന്തിക്കേണ്ടതുണ്ട്. ലാഭേച്ഛയ്ക്ക് ഉപരിയായി മാനവികമായ സമീപനത്തെ ശാസ്ത്രരംഗത്ത് പ്രചരിപ്പിക്കാൻ കഴിയണം. അതിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ശാസ്ത്ര രംഗത്തുള്ള എല്ലാവരും മുൻകൈ എടുക്കണം. സർക്കാർ അവർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ലഭ്യമാക്കും.

ശാസ്ത്രമുൾപ്പെടെ ഏതു മേഖലയിലും മുന്നോട്ടു പോകണമെങ്കിൽ മികച്ച ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്; അവയ്ക്കു പിന്തുണ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ, ഗവേഷണത്തിന് അത്രകണ്ട് പ്രോത്സാഹനം ലഭ്യമാക്കുന്ന രാജ്യമല്ല നമ്മുടേത്. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയിൽ ഗവേഷണത്തിന് ഏറ്റവും കുറവ് തുക ചെലവഴിക്കുന്ന രാജ്യമാണ് നമ്മുടേത് എന്നാണ് ഈയിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് മേഖലയ്ക്കായി ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് നമ്മൾ ചെലവഴിക്കുന്നത്. ലോക ശരാശരി 1.8 ശതമാനമാണ് എന്നോർക്കണം. നമ്മുടെ രാജ്യത്ത് ഗവേഷണത്തിന് ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമാകട്ടെ തികച്ചും അശാസ്ത്രീയമായ കാര്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ, കേരളം ഇക്കാലത്തിൽ വേറിട്ടു നിൽക്കുന്നു. സംസ്ഥാന ബജറ്റിൽ 3,500 കോടി രൂപയുടെ പ്രത്യേക റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ബജറ്റ് നമ്മൾ മുന്നോട്ടുവെക്കുകയുണ്ടായി. വിവിധ മേഖലകൾക്ക് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വേണ്ടിവരുന്ന തുക എത്ര, ഓരോ മേഖലയും അതീവ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഗവേഷണങ്ങൾ ഏതെല്ലാം, എന്നിവയൊക്കെ അതിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഗവേഷണങ്ങൾ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യപ്പെടുന്നതിനായാണ് ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾക്ക് സർക്കാർ രൂപം നൽകുന്നത്. 10 സർവ്വകലാശാലകളിലായി 200 കോടി രൂപ മുതൽമുടക്കിലാണ് അവ ഒരുക്കുന്നത്.

ലോകത്തുണ്ടാകുന്ന ഏതു വിജ്ഞാനത്തെയും ഈ കേരളത്തിൽ നിന്നുകൊണ്ടുതന്നെ സ്വാംശീകരിക്കാൻ നമുക്കു കഴിയും. എന്നാൽ, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റും, പേറ്റന്റും വ്യാപകമാകുന്ന ഇക്കാലത്ത് അത്തരം വിജ്ഞാനങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് നമുക്കു മുന്നേറാനാവില്ല. ആ പ്രതിസന്ധി മറികടക്കാൻ തദ്ദേശീയമായ ജ്ഞാനോത്പാദനം കൂടിയേ തീരൂ. അതിനു സഹായകമാകുന്ന വിധത്തിലാണ് സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ – ഗവേഷണ മേഖലകളിൽ ഇത്ര വലിയ മുതൽമുടക്ക് നടത്തുന്നത്.

ഗവേഷണമേഖലയിലേക്ക് എത്തുമ്പോൾ മാത്രമല്ല പ്രതിഭകളെ സർക്കാർ പിന്തുണയ്ക്കുന്നത്. തുടർച്ചയായി മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് അണ്ടർ ഗ്രാജുവേറ്റ് തലം മുതൽ ബിരുദാനന്തര പഠനം വരെ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് നൽകിക്കൊണ്ട് അവരെ ഗവേഷണത്തിലേക്കു നയിക്കുക കൂടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇത്രയധികം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭ്യമാക്കുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനവുമില്ല.

ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മൾ ഏർപ്പെടുത്തിയിട്ടുള്ള കൈരളി അവാർഡുകൾക്കു സമാനമായ മറ്റൊന്ന് മറ്റൊരു സംസ്ഥാനത്തുമില്ല. കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ഗ്ലോബൽ പ്രൈസ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് നാഷണൽ അവാർഡ്, ഗവേഷണ പുരസ്‌കാരം എന്നിങ്ങനെയുള്ള അവാർഡുകളും നൽകിവരുന്നുണ്ട്. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മികവിന്റെ 30 കേന്ദ്രങ്ങൾ സംസ്ഥാനത്താകെ ഒരുക്കുകയാണ്. അവയിൽ പത്തെണ്ണം ഇതിനോടകം തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ശാസ്ത്ര മുന്നേറ്റങ്ങൾ മാനവരാശിക്കു നൽകിയ സംഭാവനകൾ വളരെ വലുതാണ്. ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിൽ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ, വാർത്താവിനിമയ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ എല്ലാം നമ്മൾ മുന്നേറിയത് ശാസ്ത്രനേട്ടങ്ങളിൽ ഊന്നിയാണ്. എന്നാലവ പ്രകൃതിക്കുമേൽ ഏൽപ്പിക്കുന്ന ആഘാതത്തെ നാം കാണാതെ പോകരുത്, പ്രത്യേകിച്ച് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം നേരിട്ടനുഭവിക്കുന്ന ഒരു നാട് എന്ന നിലയിൽ.

ശാസ്ത്ര ഗവേഷണങ്ങൾ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീൻ ഫ്യൂച്ചർ കൂടി ലക്ഷ്യംവെച്ചുള്ളവ ആയിരിക്കണം. അതിനുതകുന്ന നിലയിൽ ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താൻ നമുക്കു കഴിയണം. അതിനുതകുന്ന ചർച്ചകൾ കൂടി സമൂഹത്തിൽ ഉയർന്നു വരണം. ശാസ്ത്രബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതോടൊപ്പം ശാസ്ത്രത്തിന്റെ ചിറകിലേറി പുരോഗതിയിലേയ്ക്ക് കുതിക്കാനും കേരളത്തിനു സാധിക്കണം. ആ ദിശയിലുള്ള പ്രവർത്തനങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോകുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 8 =

Most Popular