Tuesday, November 26, 2024

ad

Homeനിരീക്ഷണംശ്രീലങ്കയിൽ 
ചുവപ്പൻ സൂര്യോദയം

ശ്രീലങ്കയിൽ 
ചുവപ്പൻ സൂര്യോദയം

ആര്യ ജിനദേവൻ

2024 നവംബർ 14ന് നടന്ന ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയായ ജതിക ജന ബാലവേഗയ (Jathika Jana Balawegaya) അഥവാ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യം മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷം നേടി വിജയം ഉറപ്പിച്ചു. ഈ സഖ്യത്തിനു രൂപം നൽകിയതും അതിനെ നയിക്കുന്നതും ജനത വിമുക്തി പെരമുന (ജെവിപി) എന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടിയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെവിപി നേതാവ് അനുര കുമാര ദിസനായകെ നേടിയ വിജയത്തിന് മാറ്റുകൂട്ടുന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മത്സരിച്ച സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടാനായ ഈ ചരിത്ര വിജയം. ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ശ്രീലങ്കയിൽ ചരിത്രത്തിലാദ്യമായാണ് ഒരു പാർട്ടിക്കോ ഒരു മുന്നണിക്കോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്. 2024 സെപ്തംബറിലാണ് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനനുകൂലമായ വ്യക്തമായ ഈ ജനവിധി, ജെവിപിയും എൻപിപി സഖ്യവും മുന്നോട്ടുവെച്ച നയപരിപാടികൾ തടസ്സമില്ലാതെ നടപ്പാക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

ശ്രീലങ്കൻ പാർലമെന്റിൽ മൊത്തം 225 സീറ്റുള്ളതിൽ 159 സീറ്റാണ് എൻപിപി സഖ്യം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബാലവേഗയ (എസ്ജെബി) എന്ന സെൻട്രിസ്റ്റ് പാർട്ടിക്ക് 40 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടതായിവന്നു. അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ജെപിക്ക് ലഭിച്ചതിലും 14 സീറ്റ് ഇത്തവണ കുറഞ്ഞിരിക്കുന്നു. മൊത്തം 1.7 കോടി വോട്ടർമാരുള്ളതിൽ 68.93 ശതമാനം പേരാണ് ശ്രീലങ്കയിൽ വോട്ടു രേഖപ്പെടുത്തിയത്. അതിൽ 68.63 ലക്ഷം വോട്ടർമാർ, അതായത് വോട്ട് രേഖപ്പെടുത്തിയവരിൽ 62 ശതമാനം പേർ എൻപിപിക്ക് വോട്ടു ചെയ്തു. 2020ൽ കേവലം 3 സീറ്റും 3.84 ശതമാനം മാത്രം വോട്ടും ഉണ്ടായിരുന്നിടത്തുനിന്നാണ് എൻപിപി ഇങ്ങനെ കുതിച്ചുയർന്നത്. ഇടതുപക്ഷത്തിനനുകൂലമായ ഒരു മഹാതരംഗമായിരുന്നു ഈ ജനവിധിയിൽ ദൃശ്യമായത്.

മൂന്നാം സ്ഥാനത്ത് തമിഴ് ന്യൂനപക്ഷകക്ഷിയായ ഇലങ്കെെ തമിൾ അരശുകച്ചി (ITAK) യാണ്. 8 സീറ്റാണ് ഈ കക്ഷിക്ക് ലഭിച്ചത്. 2020ൽ 10 സീറ്റുണ്ടായിരുന്ന ഈ കക്ഷിക്ക് ഇത്തവണ 2 സീറ്റ് കുറഞ്ഞു. താരതമ്യേന വലിയ തകർച്ചയുണ്ടാകാത്ത ഏക പാർട്ടിയാണിത്. ബാറ്റിക്കലോവ (Batticaloa) ജില്ലയാണ് ഈ പാർട്ടിയുടെ ശക്തി കേന്ദ്രം. അവിടെ എൻപിപിക്ക് ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. ഐടിഎകെ ഇത്തവണ മറ്റു തമിഴ് സ്വത്വ രാഷ്ട്രീയ പാർട്ടികളിൽനിന്നും മാറി ഒറ്റയ്ക്കാണ് (തമിഴ് നാഷണൽ അലയൻസിൽനിന്ന് ഐടിഎകെ വിട്ടുനിന്നു) മത്സരിച്ചത്. തമിഴ് ദേശീയതയുടെ പ്രശ്നത്തിൽ കേന്ദ്രീകരിച്ചു നിൽക്കാതെ ജനങ്ങൾ നേരിടുന്ന കടുത്ത വിലക്കയറ്റം, അവശ്യ സാധനങ്ങളുടെ ക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയ ജീവൽ പ്രശ്നങ്ങളുന്നയിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റെല്ലാ വംശീയ – മത രാഷ്ട്രീയ കക്ഷികളും തകർന്നടിഞ്ഞപ്പോൾ ഈ പാർട്ടിക്ക് പിടിച്ചുനിൽക്കാനായത് ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചതുകൊണ്ടുമാത്രമാണ്.

ശ്രീലങ്കൻ പാർലമെന്റിൽ മൊത്തം 225 സീറ്റുള്ളതിൽ 196 സീറ്റിലാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന 29 സീറ്റുകൾ നാഷണൽ ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. അതായത് തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ട് വിഹിതത്തിന് ആനുപാതികമായി ഈ സീറ്റുകൾ വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഈ നാഷണൽ ലിസ്റ്റിലേക്കുള്ള 29 പേരുടെ ലിസ്റ്റു കൂടി ഓരോ പാർട്ടിയും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുശേഷം ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ടിന് ആനുപാതികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സീറ്റുകൾ വീതിച്ച് നേരത്തെ പാർട്ടികൾ നൽകിയ ലിസ്റ്റിൽനിന്നും അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. എൻപിപിക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ 141 സീറ്റാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ നാഷണൽ ലിസ്റ്റിലെ 29 സീറ്റിൽ 18 എണ്ണവും എൻപിപിക്ക് ലഭിച്ചു. നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ 35 സീറ്റ് ലഭിച്ച എസ്ജെബിക്ക് നാഷണൽ ലിസ്റ്റിൽനിന്ന് 5 സീറ്റു മാത്രമാണ് ലഭിച്ചത്.

2020ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മുൻ പ്രസിഡന്റ് മഹിന്ദ രജപക്-സെയുടെ ശ്രീലങ്ക പൊതുജന പെരമുനയ്ക്ക് (SLPP) അന്ന് 145 സീറ്റും 59 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്. എന്നാൽ, ഇത്തവണ വെറും രണ്ട് സീറ്റും 3.50 ലക്ഷം വോട്ടും മാത്രമാണ് എസ്എൽപിപിക്ക് ലഭിച്ചത് – 3.14 ശതമാനം വോട്ട്. രാജ്യത്തെ മറ്റൊരു പ്രധാന പാർട്ടിയായ റനിൽ വിക്രമസിംഗെയുടെ യുണെെറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതൃത്വം നൽകുന്ന എൻഡിഎഫ് മുന്നണിക്ക് 5 സീറ്റും 4.49 ശതമാനം വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവർക്ക് ഒരു സീറ്റും ഉണ്ടായിരുന്നില്ല. ആ നിലയിൽ 5 സീറ്റിന്റെ നേട്ടമുണ്ടാക്കിയെന്ന് പറയാം.

2020ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഹിന്ദ രജപക്സെയുടെ എസ്എൽപിപിക്കായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. മുൻ പ്രസിഡന്റും മഹിന്ദ രജപക്സെയുടെ സഹോദരനുമായ ഗോതബയ രജപക്സെയുടെ ഭരണത്തിനെതിരായ ജനരോഷത്തെത്തുടർന്ന് 2022ൽ അയാൾക്ക് രാജിവെച്ച് നാടുവിട്ടോടിപോകേണ്ടതായി വന്നു. അതിനെ തുടർന്ന് രൂപംകൊണ്ട രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനിടയാക്കിയത്. 2022 ജൂലെെയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റാവുകയാണുണ്ടായത്. എന്നാൽ 2024 സെപ്തംബർ 21ന് നടന്ന തിരഞ്ഞെടുപ്പിൽ എൻപിപിയുടെ അനുര കുമാര ദിസനായകെ തന്റെ മുഖ്യ എതിരാളിയായ എസ്ജെബിയിലെ സജിത് പ്രേമദാസയെ പിന്തള്ളി 52 ശതമാനം വോട്ടു നേടി വിജയിച്ചതിനെ തുടർന്ന് നിലവിലെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെയ്ക്കുകയും 2024 ആഗസ്തു വരെ കാലാവധിയുണ്ടായിരുന്ന പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തതോടെയാണ് ഇപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ശ്രീലങ്കയുടെ പാർലമെന്ററി രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റു നേടിയാണ് (159 സീറ്റുകൾ) പ്രസിഡന്റ് ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി അധികാരത്തിലെത്തുന്നത്. വോട്ടു വിഹിതത്തിന്റെ കാര്യത്തിൽ ചരിത്രത്തിൽ രണ്ടാം സ്ഥാനമാണ് ഇപ്പോൾ എൻപിപിക്കുള്ളത്. ഐടിഎകെ ശക്തികേന്ദ്രമായ ബാറ്റിക്കലോവ ഒഴികെയുള്ള എല്ലാ ജില്ലകളിലും എൻപിപിക്ക് ഭൂരിപക്ഷം നേടാനായി. തമിഴ് ഭൂരിപക്ഷ ജില്ലയായ ബാറ്റിക്കലോവയിലും ഒരു സീറ്റ് എൻപിപിക്ക് ലഭിച്ചിരുന്നു. 1977ലെ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലുമൊരു പാർട്ടിയ്ക്ക് ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം ലഭിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ, തമിഴ് ന്യൂനപക്ഷ ജനത തിങ്ങിപ്പാർക്കുന്ന ജാഫ്നയിൽ ചരിത്രത്തിലാദ്യമായാണ് തമിഴ് സ്വത്വ രാഷ്ട്രീയ കക്ഷിയല്ലാത്ത ഒരു കക്ഷിക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 150ൽ അധികം എംപിമാരും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നതും അവരിൽ ഏറെയും ചെറുപ്പക്കാരാണെന്നതും ഈ ജനവിധിയുടെ സവിശേഷതയാണ്. വനിതാപ്രാതിനിധ്യത്തിലും റിക്കാർഡുനേടിയ തിരഞ്ഞെടുപ്പാണിത്. 21 വനിതകളാണ് ഇത്തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരും എൻപിപിയുടെ സ്ഥാനാർഥികളായി മത്സരിച്ചവരുമാണ്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻപിപിക്ക് ലഭിച്ച തകർപ്പൻ വിജയം വളരെ നിർണായകമാണ്. ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് രണ്ടാം വോട്ടെണ്ണലിനെ തുടർന്നാണ്. ആദ്യ വോട്ടെണ്ണലിൽ ആർക്കും 50 ശതമാനത്തിലധികം വോട്ടു ലഭിക്കാത്തതിനെതുടർന്ന് ബാലറ്റിൽ വോട്ടർമാർ വേഖപ്പെടുത്തിയിട്ടുള്ള രണ്ടാം പ്രിഫറൻസ് വോട്ടുകൂടി എണ്ണിയപ്പോഴാണ് ദിസനായകെ 55 ശതമാനം വോട്ടൊടെ ജയം ഉറപ്പിച്ചത്. ആ പശ്ചാത്തലത്തിൽ നോക്കുമ്പോഴും എൻപിപിക്ക് ഇപ്പോൾ 68 ശതമാനം വോട്ടൊടെ മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷം ലഭിച്ചത് അഭിമാനകരമാണ്.

ഈ ജനവിധിയിലെ മറ്റൊരു സവിശേഷത, മതത്തിന്റെയും വംശീയതയുടെയും പേരിൽ കളം നിറഞ്ഞുനിന്നിരുന്ന എല്ലാ സ്വത്വ രാഷ്ട്രീയ കക്ഷികളെയും, ദശകങ്ങളോളം ശ്രീലങ്കയെ ആഭ്യന്തര യുദ്ധത്തിലകപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ച ശിഥിലീകരണ രാഷ്ട്രീയത്തെയുമാകെ പരാജയപ്പെടുത്തിയാണ് ജെവിപി ശ്രീലങ്കയിൽ ചെങ്കൊടി ഉയർത്തിയിരിക്കുന്നത് എന്നതാണ്. പാർലമെന്റിൽ ആധിപത്യമുറപ്പിച്ചിരുന്ന എല്ലാ പ്രമാണിമാരെയും തുടച്ചുനീക്കി പാർലമെന്റിനെ ശുദ്ധീകരിക്കാനാണ് ദിസനായകെ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. സിംഹള ദേശീയവാദികളും തമിഴ് വിരുദ്ധരുമാണ് ജെവിപിയെന്ന കുപ്രചരണത്തെ നേരിട്ടാണ് ദിസനായകെയുടെ നേതൃത്വത്തിൽ എൻപിപി മുന്നേറ്റമുണ്ടാക്കിയത്. തമിഴ് വിഭാഗത്തിനും മുസ്ലീങ്ങൾക്കും ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും എൻപിപി ആധിപത്യമുറപ്പിച്ചു.

മതത്തിന്റെയും വംശീയതയുടെയും പേരിൽ പ്രവർത്തിക്കുന്ന കക്ഷികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് തങ്ങൾക്ക് എന്ന പ്രഖ്യാപനമാണ് ഈ മേഖലകളിലെ വോട്ടർമാർ നടത്തിയിരിക്കുന്നത്. ട്രിങ്കോമാലിയും അൻപാറയും കാൻഡിയും ജാ-ഫ്-നയും ഉൾപ്പെടെ വടക്കും കിഴക്കുമുള്ള ജില്ലകളിലാകെ നടത്തിയ തേരോട്ടത്തിലൂടെ വിഘടന രാഷ്ട്രീയത്തെ പൊളിച്ചടുക്കിയാണ് ജെവിപിയുടെ നേതൃത്വത്തിലുള്ള മുന്നണി ശ്രീലങ്കയെ ചുവപ്പിച്ചത്. ‘‘സമുദായങ്ങളെ തമ്മിലടിപ്പിച്ചും ഒരു സമുദായത്തെ മറ്റൊന്നിനെതിരെ തിരിച്ചും നടത്തുന്ന പരമ്പരാഗത വംശീയ ചേരിതിരിവിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായിനിന്ന് രാഷ്ട്രീയം കെട്ടിപ്പടുക്കണ’’മെന്നുമുള്ള ദിസനായകെയുടെ ആഹ്വാനമാണ് ശ്രീലങ്കയിലെ എല്ലാ വിഭാഗം ജനങ്ങളും ചെവിക്കൊണ്ടത്.

വടക്കൻ ശ്രീലങ്കയിലെ തോട്ടം തൊഴിലാളി മേഖലയിലും വമ്പിച്ച വിജയമാണ് എൻപിപി നേടിയത്. തോട്ടം തൊഴിലാളികളെ തങ്ങളുടെ വോട്ടുബാങ്കായി മാത്രം കണക്കായിരുന്ന സിലോൺ വർക്കേഴ്സ് കോൺഗ്രസിനെയും തമിൾ പ്രോഗ്രസീവ് അലയൻസിനെയും തറപറ്റിച്ചാണ് എൻപിപി ഈ വിജയം നേടിയത്. തോട്ടം മേഖലയിലെ നുവാര എലിയ ജില്ലയിൽ എൻപിപി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച കൃഷ്ണൻ കലെെ ശെൽവി പറയുന്നത്, എൻപിപി തോട്ടം തൊഴിലാളികളെ സമീപിച്ചത് മനുഷ്യർ എന്ന നിലയിലാണെന്നാണ്. അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സമരങ്ങളിലൂടെയാണ് ആ മേഖലയിൽ എൻപിപി വേരുറപ്പിച്ചത്.

അതുപോലെ തന്നെ, മലയഹ (Malaiyaha) തമിഴ് ജനതയുടെ പ്രാതിനിധ്യം ആദ്യമായി പാർലമെന്റിൽ എത്തിച്ചത് എൻപിപി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച അംബിക സാമുവൽ എന്ന വനിതയാണ്. തോട്ടം മേഖലയിലും ഗോത്ര വർഗ മേഖലയിലുമെല്ലാം ഇടത്തട്ടുകാരുടെ ചൂഷണത്തിന് അറുതിയായിരിക്കുന്നു. കാഴ്ച പരിമിതിയുള്ള ഒരാളെ പാർലമെന്റിലേക്ക് തങ്ങളുടെ നാഷണൽ ലിസ്റ്റിൽ നിന്ന് ഉൾപ്പെടുത്തിയ ചെയ്ത എൻപിപി ഈ ഗവൺമെന്റ് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുകയാണ്.

നവംബർ 18ന് എൻപിപിയുടെ പുതിയ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഡോ. ഹരിണി അമരസൂര്യ തന്നെയാണ് പ്രധാനമന്ത്രി. ഡൽഹിയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. ഹരിണി കൃത്യമായ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് നിലപാടുയർത്തിപ്പിടിക്കുന്ന വ്യക്തിയാണ്. ഡിഫെൻസ്, ഫിനാൻസ് പ്ലാനിങ്, ഡിജിറ്റൽ ഇക്കണോമി എന്നീ സുപ്രധാന വകുപ്പുകളാണ് ഡോ. ഹരിണി നിർവഹിക്കുക. ഇടക്കാല മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന വിനിത ഹേരത് തന്നെയാണ് പുതിയ മന്ത്രിസഭയിലും ഈ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.

യഥാർഥത്തിൽ, വിവിധ പേരുകളിൽ ദശകങ്ങളായി ശ്രീലങ്കയെ അടക്കിഭരിച്ചിരുന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടികളെയാകെ, ബൂർഷ്വാ ഭരണവർഗ പാർട്ടികളെയാകെ ശ്രീലങ്കൻ ജനത തകർത്തെറിയുകയാണുണ്ടായത്. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധി പുറത്തുവന്നയുടൻ ദിസനായകെ, ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു ‘‘നവോത്ഥാന’’മാണെന്ന് പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാൻ ശ്രീലങ്കൻ ഭരണവർഗവും അന്താരാഷ്ട്ര മൂലധന ശക്തികളും സാമ്രാജ്യത്വവും സമസ്ത നീക്കങ്ങളും നടത്തിയിട്ടും ഒടുവിൽ ഇടതുപക്ഷത്തിന്റെ വിജയം യാഥാർഥ്യമായിരിക്കുകയാണ്. കടുത്ത അടിച്ചമർത്തലുകളെയും വ്യാജപ്രചാരണങ്ങളെയും അതിജീവിച്ചാണ് ദിസനായകെയുടെ നേതൃത്വത്തിൽ ഇടതുപക്ഷം ചരിത്രനേട്ടം കെെവരിച്ചത്. ഇടതുപക്ഷത്തിനുള്ളിലെ അവസരവാദ പ്രവണതകളെയും ചാഞ്ചാട്ടങ്ങളെയും അതിജീവിച്ച ജെവിപി ദിസനായകെയുടെ നേതൃത്വത്തിൽ ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് ചുവന്ന സൂര്യോദയത്തിനാണ് കളമൊരുക്കിയത്. തീർച്ചയായും ഇതൊരു ചരിത്ര നിമിഷം തന്നെയാണ്. l.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 13 =

Most Popular