Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിട്രംപിന്റെ വിജയത്തെക്കുറിച്ചൊരു വിശകലനം

ട്രംപിന്റെ വിജയത്തെക്കുറിച്ചൊരു വിശകലനം

സി ജെ അത്കിൻസ് (അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി 
മുഖപത്രമായ പീപ്പിൾസ് വേൾഡിന്റെ മാനേജിങ് എഡിറ്റർ)

പിറ്റേന്ന് വെളുപ്പിനെ, എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് കോർപറേറ്റ് മാധ്യമരംഗത്തെ വിശിഷ്ടരായ പണ്ഡിതരെല്ലാവരും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ വിളമ്പുകയാണ്, വരും ദിവസങ്ങളിൽ അന്തമില്ലാത്തത്ര ചൂടൻ പ്രക്ഷേപണ പരിപാടികളും രാഷ്ട്രീയ കപട കഥകളും വന്നുകൊണ്ടേയിരിക്കും.

ആളുകളെ പ്രകമ്പനം കൊള്ളിക്കുന്ന തലക്കെട്ടുകൾ ഇങ്ങനെയാണ്: കമല ഹാരിസിനെ ട്രംപ് നിലംപരിശാക്കി, ചുവപ്പൻ തരംഗം സെനറ്റ് വീണ്ടും പിടിച്ചെടുത്തു. ചിലർ ശക്തിയായി പ്രചരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായൊരു നിഗമനം ഇതാണ്; അതായത് രാജ്യം മൊത്തത്തിൽ വലത്തേക്കു തിരിഞ്ഞുവെന്നും ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ച പുരോഗമനവാദികളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ, മിക്ക അമേരിക്കക്കാരും നിരാകരിച്ചുവെന്നുമാണ് ഇവർ പറയുന്നത്.

പക്ഷേ, അതായിരുന്നോ നമ്മളിപ്പോൾ യഥാർഥത്തിൽ കണ്ടത്? 2018 മുതലിങ്ങോട്ടുള്ള എല്ലാ ദേശീയ തിരഞ്ഞെടുപ്പിലും വിശാലമായ മാഗ (MAGA) വിരുദ്ധ സഖ്യം വിജയിച്ചിട്ടുണ്ട്; അപ്പോൾ ആ വിജയങ്ങളൊക്കെയും സാധ്യമാക്കിയ പ്രചോദനങ്ങളും വെെകാരികതകളും ആവിയായിപ്പോയോ?

മുൻ തിരഞ്ഞെടുപ്പുകളിലെ വലതുപക്ഷ വിജയങ്ങൾ– റീഗനെയോ ബുഷ് ഒന്നാമനെയോ ബുഷ് രണ്ടാമനെയോ പോലുള്ളവരുടെ വിജയങ്ങൾ–പിന്തിരിപ്പൻ കാഴ്ചപ്പാടിലേക്കുള്ള അമേരിക്കൻ ജനതയുടെ വ്യാപകമായ തോതിലുള്ള പ്രത്യയശാസ്ത്ര പുനഃക്രമീകരണത്തിന്റെ സൂചനകളായിരുന്നോ? അതോ ആ തിരഞ്ഞെടുപ്പുകളിലെപ്പോലെതന്നെ ഇത്തവണയും മറ്റെന്തെങ്കിലും നടന്നിരുന്നോ?

ഈ ഫലങ്ങൾ ശരിയായി വിശകലനം ചെയ്യുന്നതിനും മൊത്തത്തിലുള്ളൊരു ചിത്രം തയ്യാറാക്കുന്നതിനും കുറച്ചു സമയമെടുക്കും എന്നതാണ് വാസ്തവം. ശാസ്ത്രീയ വിശകലനത്തിന് സമയമെടുക്കുമെന്നും, എല്ലാ കാര്യങ്ങളും ആദ്യ കാഴ്ചയിൽ കാണുന്നതുപോലെ സ്പഷ്ടമായിരിക്കില്ലെന്നും നാമോർക്കണം. കാറൽ മാർക്സ് പറഞ്ഞതുപോലെ, ‘‘പുറമേയുള്ള കാഴ്ചയും കാര്യങ്ങളുടെ സത്തയും പ്രകടമായി ഒരുപോലെയായാൽ എല്ലാ ശാസ്ത്രവും വ്യർത്ഥമാകും.’’

മാർക്സിസ്റ്റുകൾ–അതായത് യഥാർഥ മാർക്സിസ്റ്റുകൾ, അല്ലാതെ ഒരിക്കൽ ട്രംപ് ആരോപിച്ചതുപോലെ രാജ്യം പിടിച്ചെടുക്കാൻ ഗൂ-ഢാലോചന നടത്തുന്ന ഫാന്റങ്ങളല്ല–എപ്പോഴും പുറംകാഴ്ചയിൽ പ്രകടമാകുന്നതിനെയോ, കാര്യങ്ങളുടെ യഥാർഥ സത്ത മറച്ചുവയ്ക്കുന്നതിനോ വളച്ചൊടിക്കുന്നതിനോ ഭരണവർഗം ഉപയോഗിക്കുന്ന പരസ്പര ബന്ധമില്ലാത്ത ആശയങ്ങളെയോ അതേപടി എടുക്കുന്നത് ഒഴിവാക്കുന്നു.

ഫാസിസ്റ്റുവിരുദ്ധ ശക്തികൾ വീണ്ടും സജീവമാകണമെന്നിരിക്കെ, ഇനി വരുന്ന ആഴ്ചകളിലും മാസങ്ങളിലും, മുന്നോട്ടുള്ള കാലത്തെ നമ്മുടെ അടവും തന്ത്രവും രൂപപ്പെടുത്തുന്നതിന് ഒട്ടേറെ ചിന്തയും വിമർശനപരമായ വിലയിരുത്തലും ആവശ്യമായി വരും. എന്തെങ്കിലും തരത്തിലുള്ള കൃത്യമായ നിഗമനങ്ങളിലെത്തുന്നത് വളരെ നേരത്തെയായിപ്പോകും; പക്ഷേ കൃത്യമായ ഉറപ്പോടുകൂടി നമുക്കിപ്പോൾ പറയാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്.

1. അമേരിക്ക ശക്തമായ വർഗസമരത്തിന്റെ 
കാലഘട്ടത്തിലേക്ക് കടക്കുകയാണ്
രാജ്യത്തെ ഏതാണ്ടെല്ലാ വലതുപക്ഷ മുതലാളിമാരുടെയും വാഹനമാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയിലെ മാഗ (MAGA) വിഭാഗവും. തൊഴിലാളിവിരുദ്ധ കോർപറേഷനുകളും കൊള്ളയടിക്കപ്പെട്ട ഹെഡ്-ജ് ഫണ്ടുകളും ഫിനാൻസ് മൂലധനവും കൂട്ടായി കോടാനുകോടിക്കണക്കിന് രൂപയാണ് ട്രംപിനെ തിരഞ്ഞെടുക്കുന്നതിനും സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടാക്കുന്നതിനുംവേണ്ടി ചെലവഴിച്ചത്. അവരുടെ പേരുകൾ നമുക്ക് പരിചിതമാണ്: സുസ്-കെ-്വഹന്ന ഗ്രൂപ്പ്, കോച്ച് ഇൻഡസ്ട്രീസ്, ബ്ലാക്ക‍് സ്റ്റോൺ, വാൾമാർട്ട്, ടി ഡി അമെരിട്രേഡ്, വിൻ റിസോർട്സ്, ഹോം ഡിപ്പോട്ട്, എനർജി ട്രാൻസ്ഫർ പാർട്ണേഴ്സ്, സെകേ-്വായ കാപ്പിറ്റൽ, ജോൺസൻ ആൻഡ് ജോൺസൻ തുടങ്ങിയ അനേകം കോർപറേഷനുകൾ. അവർ തങ്ങളുടെ ശിങ്കിടിയെ അധികാരത്തിൽ തിരിച്ചെത്തിച്ചു; അവരുടെ കൂലിക്കാരായ രാഷ്ട്രീയക്കാരായിരിക്കും കോൺഗ്രസ് ഭരിക്കുക. തങ്ങളായിട്ട് സൃഷ്ടിച്ചെടുത്ത അവസരം പരമാവധി, അതായത് പൂർണമായി പ്രയോജനപ്പെടുത്തേണ്ട എന്നവർ ചിന്തിക്കില്ലല്ലോ.

അതിനുമപ്പുറം, 2016ൽ ജയിച്ചപ്പോൾ പാലിച്ച നേരിയൊരു മിതത്വംപോലും ട്രംപ് ഇത്തവണ കാണിക്കുകയില്ലായെന്നതാണ് ഏറ്റവും ഭീകരമായ കാര്യം. പൂർണമായും തയ്യാറാക്കിയെടുത്ത, ശതകോടീശ്വരന്മാരുടെ അജൻഡയുമായി – പ്രൊജക്ട് 2025– അദ്ദേഹം ജനുവരിയിൽ വെെറ്റ് ഹൗസിൽ പ്രവേശിക്കും; പ്രൊജക്ട് 2025 എന്ന ശതകോടീശ്വരന്മാരുടെ ഈ അജൻഡ തൊഴിലാളിവർഗത്തെയും യൂണിയനുകളെയും വർണത്തെ അടിസ്ഥാനമാക്കി ജനങ്ങളെയും, കുടിയേറ്റക്കാരെയും സ്ത്രീകളെയും എൽജിബിടിക്യു വിഭാഗങ്ങളെയും രാജ്യത്തെ മെഡികെയർ, സാമൂഹിക സുരക്ഷ, മെഡിക്കെയ്ഡ്, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ തുടങ്ങിയെല്ലാത്തിനെയും ലക്ഷ്യം വയ്ക്കും, കടന്നാക്രമിക്കും. അതിൽ നിന്നൊഴിവാക്കുക സമ്പന്നർക്കുള്ള നികുതിയിളവും നമ്മളെ പോലെയുള്ള മറ്റു വിഭാഗം ജനങ്ങൾക്കുള്ള പൊതുസേവനങ്ങളുടെ വെട്ടിക്കുറയ്ക്കലും മാത്രമായിരിക്കും.

കൂടാതെ, ഇത്തവണത്തെ വോട്ടിങ് പാറ്റേണുകളിൽ സുപ്രധാനമായ വെെരുദ്ധ്യങ്ങൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്; ഇത് വർഗ വിഭജനം മൂർച്ഛിച്ചുവരുന്നതിന്റെ സൂചന കൂടിയാണ്. ഇതിൽ പറയുന്ന വോട്ടർമാർ ബാലറ്റിൽ എവിടെയായിരുന്നാലും ഗർഭച്ഛിദ്ര ഭേദഗതികൾക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചിരിക്കുകയാണ്. ജനാധിപത്യവിരുദ്ധ നിയമങ്ങൾക്ക് ഉയർന്ന ഭൂരിപക്ഷം ആവശ്യമുള്ള ഫ്ളോറിഡയിൽ മാത്രമാണ് ഗർഭച്ഛിദ്ര ഭേദഗതിക്ക് അനുകൂലമായ ഹിതപരിശോധന പരാജയപ്പെട്ടത്.

പ്രത്യക്ഷത്തിൽ തന്നെ പരസ്പരവിരുദ്ധമായ ഇത്തരം ഫലങ്ങൾ കാണിക്കുന്നത്-, നമ്മൾ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സംഘർഷത്തിന്റെ, സാമ്പത്തികശാസ്ത്രത്തിന്റെയും ആശയങ്ങളുടെയും യുദ്ധത്തിന്റെ കാലത്താണ് ജീവിക്കുന്നത് എന്നാണ്.

2. ഒട്ടേറെ ജനങ്ങൾ വീടുകളിലിരുന്നു
നമുക്ക് ഈ തിരഞ്ഞെടുപ്പിനെ ശരിക്കും വർഗപരമായ പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട് വിശകലനം ചെയ്യണമെങ്കിൽ നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരം തേടേണ്ടതുണ്ട്: ആരാണ് വോട്ടുചെയ്തത്, അവർ എങ്ങനെ വോട്ടുചെയ്തു? അവർ എന്തുകൊണ്ട് ഇങ്ങനെ വോട്ടുചെയ്തു? ആരാണ് വോട്ടുചെയ്യാതിരുന്നത്, എന്തുകൊണ്ട്?

തൊഴിലാളിവർഗത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം പ്രസ്താവനകളും ആഞ്ഞുതുപ്പുകയാണ് കോർപറേറ്റ് മാധ്യമങ്ങളും അതിന്റെ വക്താക്കളും. ലാറ്റിനോകൾ ട്രംപിനെതിരായി തിരിഞ്ഞില്ല എന്നവർ പറയുന്നു; കറുത്ത വർഗക്കാരിൽ ഒട്ടേറെപ്പേർ ട്രംപിനോടൊപ്പം നിന്നു എന്നവർ പറയുന്നു; സ്ത്രീകൾ ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ വോട്ടുചെയ്തുവെങ്കിലും അവരിലും ഒരു വിഭാഗം ട്രംപിന് വോട്ടുചെയ്തൂവെന്നും ഗാസയുടെ കാര്യത്തിൽ അറബ് അമേരിക്കക്കാർ ഒരേ മനസ്സോടെ നിന്നുവെന്നും അവർ ആവർത്തിച്ചുപറയുന്നു.

നേരത്തെ കിട്ടിയിട്ടുള്ള ഡാറ്റ കാണിക്കുന്നത്, ഈ വർത്തമാനങ്ങളിൽ ചിലതെല്ലാം കേവലം വർത്തമാനം മാത്രമാണെന്നാണ്. അവയെല്ലാം തന്നെ വോട്ടർമാരെ കുറ്റപ്പെടുത്തുന്ന ചിന്താഗതിയുടെ വകഭേദങ്ങളാണ്; അവയൊന്നുംതന്നെ ഭൗതികമായ വിശകലനത്തിനു പകരമാവില്ല. തീർച്ചയായും ഇനിയുമേറെ വിശകലനം ചെയ്യേണ്ടതുണ്ട്.

നമുക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള ഒരു പ്രധാന ഡാറ്റ, 2020 ലേതുവെച്ചുനോക്കുമ്പോൾ ഈ രണ്ടു പാർട്ടികൾക്കും ലഭിക്കുന്ന മൊത്തം വോട്ട് കുറവായിരിക്കാനാണ് സാധ്യതയെന്നാണ്. നമ്മുടെ കെെയിൽ ഇപ്പോഴുള്ള കണക്കുകൾ വളരെ നേരത്തെ ലഭ്യമായിട്ടുള്ളതാണ്. ഇൗ ലേഖനമെഴുതുമ്പോഴും കാലിഫോർണിയയും അരിസോണയും പോലെയുള്ളിടങ്ങളിൽ ബാലറ്റുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ അന്തിമഫലം എന്തായിരിക്കുമെന്ന് നമ്മൾ നോക്കിക്കാണേണ്ടതുണ്ട്.

കമല ഹാരിസ്

പ്രസ് ടെെം നൽകുന്ന വിവരങ്ങളനുസരിച്ച്, ട്രംപ് മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയാൾ തോറ്റപ്പോൾ ലഭിച്ച വോട്ടിനേക്കാൾ ഏതാണ്ട് ഇരുപത് ലക്ഷം വോട്ടിന്റെ കുറവുണ്ടാകാനാണ് സാധ്യത. എന്നിരുന്നാലും ഏറ്റവും വലിയ വിടവുണ്ടാവുക ഡെമോക്രാറ്റിക് പക്ഷത്താണ്. 2020ൽ ബെെഡൻ നേടിയ മൊത്തം വോട്ടിനേക്കാൾ 12 മുതൽ 13 ദശലക്ഷം വോട്ടുകൾ വരെ ഹാരിസിന് കുറയുവാനാണ് സാധ്യത. നീല സംസ്ഥാനങ്ങളിൽപോലും (ഡെമോക്രാറ്റിക്കിന് മുൻതൂക്കമുള്ള സംസ്ഥാനങ്ങൾ) ഡെമോക്രാറ്റിക്കിന്റെ വോട്ടിന്റെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്; ചില സംസ്ഥാനങ്ങളിൽ ഈ കുറവ് ഇരട്ട അക്കങ്ങളിലാണ്.

പക്ഷേ, ട്രംപും 2020ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താഴെത്തന്നെ നിൽക്കുമ്പോൾ, വോട്ടർമാരുടെ പക്ഷത്തുനിന്ന് വലത്തോട്ടുള്ളൊരു വിപുലമായ മാറ്റത്തിന്റെ സാധ്യത വളരെ നേർത്തതാണ്. നേരെമറിച്ച്, കഴിഞ്ഞ തവണ ബെെഡന് വോട്ടു ചെയ്ത ദശലക്ഷക്കണക്കിനാളുകൾ 2024ലെ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു. അതെന്തുകൊണ്ടെന്ന് നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

നവലിബറൽ മുതലാളിത്തത്തിനുകീഴിൽ നമ്മുടെ സമൂഹത്തിന്റെ ശിഥിലീകരണവും ഒന്നിനൊന്നായി ജനങ്ങളുടെ അരികുവൽക്കരണവും വ്യാപകമായി ശക്തിപ്പെട്ടിരിക്കുന്നു. ഈ വ്യവസ്ഥിതി അതിന്റെ രൂപകൽപനകൊണ്ടുതന്നെ, നമ്മളെ ഒന്നിൽ നിന്നൊന്നായി – അത് തൊഴിലിന്റെ കാര്യത്തിലായാലും സാമൂഹിക ജീവിതത്തിന്റെ കാര്യത്തിലായാലും – വേർപെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പാർട്ടികളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും ജനങ്ങൾ അകന്നുനിൽക്കുന്നത് വർധിക്കാനിടയാക്കിയിരിക്കുന്നു. ഈ സംഭവവികാസത്തെ നമ്മൾ കൂടുതൽ സൂക്ഷ്മമായി കാണേണ്ടതുണ്ട്.

3. പലവ്യഞ്ജന കടയിലും 
ഗ്യാസ് സ്റ്റേഷനിലും 
അവസാനിക്കുന്നതാണ് 
ഈ തിരഞ്ഞെടുപ്പ്
ഡെമോക്രാറ്റുകൾക്ക് ഉപദേശം നൽകുന്ന അവർക്കിടയിലെ തന്ത്രജ്ഞരും ലിബറൽ ആശയഗതിക്കാരും തങ്ങളല്ല പ്രശ്നമെന്നും തങ്ങൾ വളരെ കൃത്യമായൊരു ക്യാമ്പയിനാണ് നടത്തുന്നതെന്നും നമ്മെ ബോധ്യപ്പെടുത്താൻ കഠിനാധ്വാനത്തിലേർപ്പെട്ടിരിക്കുകയാണ്. എന്നാൽ അവരെന്താണ് പറയുന്നതെന്ന് നാം ശ്രദ്ധിക്കുകയാണെങ്കിൽ ഈ തിരഞ്ഞെടുപ്പിന്റെ വർഗസമരവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാഠങ്ങൾ നമുക്ക് നഷ്ടപ്പെട്ടേക്കും.

ഉദാഹരണത്തിന്, റേഡിയോ ഹോസ്റ്റായ മെെക്കലാഞ്ചലോ സിഗ്-നോറിൻ എക്സിൽ ഇങ്ങനെ ഒരു പോസ്റ്റിട്ടു, ‘‘ഇത് മോശം ക്യാമ്പയിന്റെയോ,മോശം സ്ഥാനാർഥിയുടെയോ കാര്യമല്ല. ട്രംപിന്റെ വെറുപ്പിനെയും സ്ത്രീവിരുദ്ധതയെയും വംശീയതയെയും ക്രൂരതയെയും കണ്ടില്ലെന്നു നടിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്നവരാണ് വോട്ടർമാരിൽ അമ്പതു ശതമാനത്തോളവും എന്നതാണ്’’.

അന്തിമഫലം പുറത്തുവരുന്നതിനു മുൻപുതന്നെ എംഎസ്എൻബിസി കോളമിസ്റ്റായ മെെക്കൾ എ കോഹൻ ഇങ്ങനെയെഴുതി, ‘‘ഹാരിസ് പരാജയപ്പെടുകയാണെങ്കിൽ, ഒട്ടേറെ കുറ്റപ്പെടുത്തലുകൾ അവർക്കു നേരെ ഉയരും; എന്നാൽ, അവരെന്തെങ്കിലും തെറ്റു ചെയ്തതായി വ്യക്തമായി പറയാവുന്ന ഒരു കാര്യവുമില്ല. അവർ നല്ല നിലയിൽതന്നെ ക്യാമ്പയിൻ നടത്തിയിട്ടുണ്ട്’’.

യുഎസ്എ ടുഡെ മാഗസിനിലെ പംക്തി എഴുത്തുകാരൻ മെെക്കിൾ ജെ സ്റ്റേൺ ചുവടെ ചേർക്കുന്ന വിധത്തിൽ ശക്തമായ താക്കീത് നൽകിയിരിക്കുന്നു. ‘‘തൊഴിലാളിവർഗത്തിൽപെട്ട വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റുകൾ തങ്ങളുടെ നയങ്ങൾ നന്നായി വിറ്റഴിക്കണമെന്ന് പറയുന്ന ഈ പണ്ഡിറ്റുമാർ ഉടൻ തന്നെ വാചകമടി അവസാനിപ്പിക്കുകയാണ് വേണ്ടത്. ട്രംപിന് വോട്ടുചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ തങ്ങളുടെ വംശീയഭ്രാന്തിലും വിദേ-്വഷത്തിലും അഭിരമിക്കാനാണ് ആഗ്രഹിക്കുന്നത്; ട്രംപ് അതിനവരെ അനുവദിക്കുന്നുമുണ്ട്’’.

ഈയാളുകളുടെയെല്ലാം നിഗമനം വോട്ടർമാരെല്ലാം വെറും വംശീയവാദികളും ലെെംഗിക വിദേ-്വഷമനോഭാവക്കാരുമാണെന്നാണ് തോന്നുന്നത്; അവരെ സംബന്ധിച്ചിടത്തോളം കഥ ഇവിടെ അവസാനിക്കുന്നു. ഇക്കാലമത്രയും ട്രംപിനെ നിരീക്ഷിച്ചശേഷം, ഷാർലോട്ടെവില്ലേയ്ക്കുശേഷം, മാഡിസൺ സ്ക്വയർ ഗാർഡനുശേഷം വെള്ള മേധാവിത്വവാദത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും വിഷലിപ്തമായ പങ്കുകൊണ്ടുമാത്രമേ ട്രംപിന് വോട്ടർമാരിൽ വലിയൊരു വിഭാഗത്തെയും അണിനിരത്താനാകൂവെന്ന് വ്യക്തമായിരിക്കുന്നു; എന്നാൽ ഇവ മാത്രമാണോ പ്രവർത്തനക്ഷമമായ ഒരേയൊരു ഘടകം?

ഇവയെല്ലാം തന്നെ വളരെക്കാലമായി തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കാൻ ഭരണവർഗം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്; തന്റെ ചുരുക്കം ചില മുൻഗാമികളെ പോലെ തന്നെ ട്രംപും ഇത് ഉപയോഗിക്കുന്നതിൽ വെെദഗ്ദ്ധ്യം നേടിയിരിക്കുന്നു. എന്നാൽ ഈ തരത്തിലുള്ള സന്ദേശങ്ങൾക്ക് ജനങ്ങൾ എളുപ്പത്തിൽ സ്വാധീനിക്കാവുന്നവരാക്കിയ ഭൗതിക ഘടകങ്ങൾ എന്തെല്ലാമാണ്; അഥവാ ട്രംപിന്റെ ഈ ഭ്രാന്തുകളെക്കുറിച്ചെല്ലാം എന്തെങ്കിലും ആശങ്കയുള്ള ഉന്നതരുടെ ഉത്കണ്ഠകൾ ഇത്തരം നിഗമനങ്ങളിലേക്ക് ഇവരെ നയിക്കുകയാണോ?

സമ്പദ്ഘടനയുടെ കാര്യത്തിലേക്ക് വരുമ്പോൾ ശ്രദ്ധേയമായ ഒരുദാഹരണം നോക്കാം, ഈ പ്രചാരകർ വല്ലാതെ വികാരം കൊള്ളാൻമാത്രം തൊഴിലാളിവർഗത്തിനും ദരിദ്രർക്കും ഒരുപാടൊന്നും നൽകുന്നതേയില്ലല്ലോ.

ട്രംപ് നന്നായി തയ്യാറാക്കിയ ഒരു പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത് – ശതകോടീശ്വരന്മാർക്ക് നികുതി ഇളവുകളും ചെെനയ്ക്കെതിരെ വ്യാപാരയുദ്ധം നടത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പൊള്ള വാഗ്ദാനവുമാണത്. എന്നാൽ സമ്പദ്ഘടനയാകെ മോശമാണെന്ന അവകാശവാദം അനന്തമായി ആവർത്തിക്കുകയെന്നത് മാത്രമാണ് ട്രംപിന്റെ മുഖ്യ തന്ത്രം. അധ്വാനിക്കുന്ന ഒട്ടേറെ ജനങ്ങൾക്ക് ഇത് നിഷേധിക്കാനും കഴിയുന്നില്ല.

ഡെമോക്രാറ്റിക് പാർട്ടിയുടെ കേന്ദ്രീകൃത പ്രചാരണത്തെ നിയന്ത്രിച്ചിരുന്നത് പാർട്ടിയുടെ കോർപ്പറേറ്റ് വിഭാഗമാണ്; അതിൽ സാമ്പത്തികനയങ്ങളെക്കുറിച്ച് വളരെ കുറച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ; മിക്കവാറും എല്ലാ അഭിപ്രായ സർവെകളിലും ട്രംപിനു മുൻതൂക്കം നൽകിയ വിഷയത്തെ സംബന്ധിച്ച് അധികമൊന്നും പറയാനും തയ്യാറായില്ല. കമല ഹാരിസിന്റെ സാമ്പത്തിക പ്ലാറ്റ്ഫോമിന്റെ കേന്ദ്ര കാഴ്ചപ്പാടിനനുസരിച്ച് കുട്ടികൾക്കുള്ള ടാക്സ് ക്രെഡിറ്റ് ആറായിരം ഡോളർ ആക്കുമെന്നും വീടുവാങ്ങുന്നതിന് വായ്പയെടുക്കുമ്പോൾ തുടക്കത്തിൽ അടയ്ക്കുന്നതിന് 25,000 ഡോളർ വരെ സഹായധനം നൽകുമെന്നും പറയുന്നതിനപ്പുറമൊന്നും അതിൽ പറയുന്നില്ല.

ഇതു രണ്ടും നടപ്പാക്കുമെങ്കിൽ നല്ലതുതന്നെ; എന്നാൽ ദശലക്ഷക്കണക്കിനാളുകൾ വേതനം മരവിപ്പിക്കലിന്റെയും തൊഴിലവസര വളർച്ച മന്ദഗതിയിലായിരിക്കുന്നതിന്റെയും വിലവർധനവിന്റെയും കെടുതി അനുഭവിക്കുമ്പോൾ ശരിക്കും വേണ്ട സാമ്പത്തികനയത്തെക്കുറിച്ച് ഒന്നും തന്നെ ഇതിൽ പറയുന്നില്ല.

വാസ്തവത്തിൽ, ഡെമോക്രാറ്റിക് പ്ലാറ്റ്ഫോം മുന്നോട്ടുവയ്ക്കുന്നത് കാപ്പിറ്റൽ ഗെയിൻസ് ടാക്സ് നിരക്ക് (ഷെയറുകളും മറ്റും വിറ്റു കിട്ടുന്ന ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന നികുതിയുടെ നിരക്ക്) വെട്ടിക്കുറയ്ക്കുമെന്നും ആദ്യം ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഉണ്ടായിരുന്നതിലും കുറവായി കോർപ്പറേറ്റ് നികുതി നിശ്ചയിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾപോലെയുള്ള നയങ്ങളാണ്. തൊഴിലാളിവർഗത്തിനായുള്ള ഒരു സാമ്പത്തികപരിപാടി ഇതിൽനിന്ന് കണ്ടെത്താൻ ഏറെയൊന്നുമില്ല.

വിലകൾ കുതിച്ചുയരുന്നതിനു പിന്നിൽ കോർപ്പറേറ്റുകൾ വില നിശ്ചയിക്കുന്ന രീതി വഹിക്കുന്ന പങ്കിനെകുറിച്ച് അധികമൊന്നും പറയാതിരുന്നത് ഒരവസരം നഷ്ടപ്പെടുത്തലായി; ഗോൾഡ്മാൻ സാച്ചസിനെയും മാർക് ക്യൂബനെയുംപോലെയുള്ള വാൾസ്ട്രീറ്റിലെ ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള വൻകിട ബാങ്കുകളുടെ പൊങ്ങച്ചങ്ങളെ നേട്ടങ്ങളായി വിലയിരുത്തുന്ന ഡെമോക്രാറ്റുകളുടെ പരിപാടി പിന്തുണയ്ക്കപ്പെടേണ്ടവയാണെന്ന് തൊഴിലാളികൾക്ക് തോന്നില്ല.

വിലക്കയറ്റമെന്ന യാഥാർഥ്യത്തെ ജനങ്ങൾ ഓരോ ആഴ്ചയിലും പല തവണ നേരിടുകയാണ്; ഓരോ പ്രാവശ്യം അവർ പലവ്യഞ്ജനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുമ്പോഴും വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോഴുമെല്ലാം ജനങ്ങളുടെ നിത്യജീവിതപ്രശ്നമായി അത് വരുന്നു. നാണയപ്പെരുപ്പം ‘‘കുറയുകയാണ്’’ എന്നോ ‘‘വളരുന്ന സമ്പദ്ഘടന’’ എന്നോ ഉള്ള സന്ദേശങ്ങൾ സാധാരണ ജനങ്ങ‍ളുടെ അനുഭവവുമായി യോജിച്ചു പോകുന്നതല്ല. നേരെ മറിച്ച്, ട്രംപ് പറയുന്നത് രാജ്യം സാമ്പത്തികമായി തെറ്റായ പാതയിലാണ് നീങ്ങുന്നതെന്നാണ്. അതെങ്ങനെ കെെകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അയാൾക്ക് തെറ്റായ കുറിപ്പടികൾ നൽകാനും കഴിയുന്നു; എന്നാൽ, വസ്തുതൾ അംഗീകരിക്കുന്നുവെന്നത്, പല വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന കാര്യമല്ല.

പെയിന്റേഴ്സ് (ഐയുപിഎടി) പ്രസിഡന്റ് ജിമ്മി വില്യംസിനെപ്പോലെയുള്ള പ്രസ്ഥാന നായകർ പറയുന്നതിനും ചെവികൊടുക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം രാവിലെ അവർ പറഞ്ഞത്, ‘‘തൊഴിലാളികൾ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യുന്നതിനുവേണ്ട കാര്യങ്ങൾ അവർ വ്യക്തമായി അവതരിപ്പിക്കുന്നില്ല; ഏറ്റവും ചുരുങ്ങിയത് തങ്ങൾ മറ്റൊരു ഡൊണാൾഡ് ട്രംപല്ല എന്നെങ്കിലും അവർ വ്യക്തമാക്കേണ്ടതല്ലേ’’ എന്നാണ്.

4. യുദ്ധംകൊണ്ട് 
പൊറുതിമുട്ടിയ ജനത
തുടക്കത്തിൽ നടന്ന പല എക്സിറ്റ്പോളുകളും വ്യക്തമാക്കുന്നത് ‘‘വിദേശനയം’’ എന്ന പൊതുസംവർഗം പല വോട്ടർമാരുടെയും മനസ്സിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതല്ലയെന്നാണ്; പക്ഷേ, അമേരിക്കൻ സാമ്രാജ്യത്വം ഇപ്പോൾ ഇടപെടുന്ന യുദ്ധങ്ങൾ തീർച്ചയായും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാണ്. എല്ലാ രാഷ്ട്രീയ വിശ്വാസക്കാരായ ആളുകളും ഇപ്പോൾ യുദ്ധംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ദിവസവും കഴിഞ്ഞ കുറേ ആഴ്ചകളിലുമായി പല മാധ്യമസ്ഥാപനങ്ങളും ട്രംപിന് വോട്ടുചെയ്ത ആളുകളുമായി നടത്തിയ അഭിമുഖങ്ങൾ വെളിപ്പെടുത്തുന്നത് ലോകം ശിഥിലമാവുകയാണ് എന്ന ധാരണയിലാണവർ എന്നാണ്; ഉക്രൈന്റെ കാര്യത്തിൽ റഷ്യയുമായുള്ള ബെെഡൻ സർക്കാരിന്റെ ഏറ്റുമുട്ടൽ നയം ആണവയുദ്ധത്തിനിടയാക്കുമെന്നും അവർ കരുതുന്നു. വലതുപക്ഷത്തിന്റെ സന്ദേശങ്ങളും ട്രംപ് മുന്നോട്ടുവയ്ക്കുന്ന ഒറ്റപ്പെട്ടുനിൽക്കൽ മനോഭാവവും അവരെ സ്വാധീനിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല; പക്ഷേ കിഴക്കൻ യൂറോപ്പിൽ നാറ്റോയെ എന്തിന് താങ്ങി നിർത്തുന്നുവെന്ന് ഒട്ടേറെയാളുകൾ ചോദിച്ചുതുടങ്ങി. ഇതേ കാര്യം തന്നെയാണ് വർഷങ്ങളായി സമാധാനപ്രവർത്തകർ (Peace Activists) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പിന് മുൻപുതന്നെ പുരോഗമനവാദികളായ പലരും താക്കീത് ചെയ്തതുപോലെ, ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം ഗാസ തിരിച്ചടികൾക്കിടയാക്കുന്ന ഒരു വിഷയമാണ്– പ്രത്യേകിച്ചും മിഷിഗണിലെ പല പ്രമുഖ അറബ്– അമേരിക്കൻ പാർപ്പിടപ്രദേശങ്ങളിലും നിരവധി കോളേജ് കാംപസുകളിലും ഡെമോക്രാറ്റുകൾക്ക് ഇത് ഗുരുതരമായ അനന്തരഫലങ്ങൾക്കിടയാക്കി.

മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നവർ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി, ഈ വോട്ടർമാർക്ക് ഡെമോക്രാറ്റിക് പാർട്ടിയെ ഉപേക്ഷിക്കാൻ പറ്റിയ ഒരു കാര്യമെന്നതിലുപരി പലസ്തീനിലെ വംശഹത്യക്ക് പണം നൽകുന്നതിൽ ഉറച്ചുനിൽക്കുന്ന പ്രസിഡന്റിനെയാണ് ഈ വോട്ടർമാർ കെെവെടിയുന്നത്; താൻ അധികാരത്തിൽ വന്നാലും ഇക്കാര്യങ്ങളിലൊന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയെക്കുറിച്ചും വോട്ടർമാർക്ക് അൽപ്പവും മതിപ്പില്ലെന്നതും വസ്തുതയാണ്.

5. വിദ്വേഷവും ഭയവുംകൊണ്ടു
മാത്രമല്ല, യഥാർഥ ആവശ്യങ്ങൾ 
ഉന്നയിച്ചും ഫാസിസം വിജയിക്കുന്നു
മുതലാളി വർഗത്തിന്റെ ഏറ്റവും പിന്തിരിപ്പനും തീവ്രവലതുപക്ഷവുമായ വിഭാഗങ്ങൾ പമ്പരവിഡ്ഢിയായ ഒരു സ്വേച്ഛാധിപതിയെ പിന്താങ്ങാനായി ഒത്തുകൂടിയിരിക്കുകയാണ്; അയാളാകട്ടെ തനിക്കു പിന്നിൽ പരസ്പര വിരുദ്ധശക്തികൾ അടങ്ങിയ വലിയൊരു ആൾക്കൂട്ടത്തെ സമാഹരിച്ചിട്ടുമുണ്ട്. തനി വംശീയവാദികളും സ്ത്രീവിരുദ്ധരുമായ ഒരു കൂട്ടത്തിനൊപ്പം അസംതൃപ്തരും ആശയക്കുഴപ്പത്തിൽ അകപ്പെട്ടവരുമായ ദശലക്ഷക്കണക്കിന് തൊഴിലാളി വിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്. ഫാസിസത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ക്ലാസിക് ഫോർമുലയാണ്.

വംശവിദ്വേഷത്തിനുമപ്പുറം കുടിയേറ്റക്കാർക്കെതിരായ ശത്രുത, സ്ത്രീ വിദ്വേഷം, സ്വവർഗാനുരാഗികളെയും ഭിന്നലിംഗക്കാരെയും ആക്രമിക്കൽ എന്നിങ്ങനെ ഫാസിസ്റ്റു പക്ഷത്തേക്ക് വോട്ടർമാരുടെ വിഭാഗങ്ങളെ എത്തിക്കുന്നതിന് അവശ്യംവേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്.

1930കളിലെ സുപ്രസിദ്ധ ഫാസിസ്റ്റുവിരുദ്ധ നേതാക്കളിൽ ഒരാളായ ജോർജി ദ്വിമിത്രോവ് ഇക്കാര്യത്തിനുള്ള ഒരു ഉത്തരത്തിന് തുടക്കം നൽകുന്നുണ്ട്. ‘‘ബഹുജനങ്ങൾക്കുമേൽ ഫാസിസത്തിന്റെ സ്വാധീനത്തിന് സഹായിക്കുന്ന സ്രോതസ്സ് എന്താണ്? ഫാസിസത്തിന് ബഹുജനങ്ങളെ ആകർഷിക്കാൻ കഴിയുന്നത്, ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യങ്ങളും ഡിമാന്റുകളും മുന്നോട്ടുവച്ച് ജനവികാരം ഇളക്കിവിടുന്ന അഭ്യർഥന നടത്തുന്നതുമൂലമാണ്. ബഹുജനങ്ങളിൽ ആഴത്തിൽ ഉറഞ്ഞുകൂടിക്കിടക്കുന്ന മുൻവിധികളെ ആളിക്കത്തിക്കുക മാത്രമല്ല, ജനങ്ങളുടെ നല്ല വികാരങ്ങളെയും നീതി ബോധത്തെയും, ചിലപ്പോഴൊക്കെ അവരുടെ വിപ്ലവ പാരമ്പര്യങ്ങളെപ്പോലും ഉത്തേജിപ്പിക്കാൻ ഫാസിസം ശ്രമിക്കുന്നു. പൊതുജനങ്ങളെ അനിയന്ത്രിതമായി വലിയ തോതിൽ ചൂഷണം നടത്താനാണ് ഫാസിസം ലക്ഷ്യമിടുന്നത്; എന്നാൽ ഇതേ ബഹുജനങ്ങളെത്തന്നെ ഏറ്റവും കലാപരമായ വിധത്തിലുള്ള മുതലാളിത്തവിരുദ്ധ വാഗ്ധോരണിയുമായി സമീപിക്കുകയും ചെയ്യും. തങ്ങളെ കൊള്ളയടിക്കുന്ന ബൂർഷ്വാസിയോടും ബാങ്കുകളോടും ട്രസ്റ്റുകളോടും ഫെെനാൻഷ്യൽ മാഗ്നറ്റുകളോടും അധ്വാനിക്കുന്ന ജനങ്ങൾക്കുള്ള കടുത്ത വെറുപ്പ് ഇവർ മുതലെടുക്കുകയാണ് ചെയ്യുന്നത്.’’

വ്യാവസായികാനന്തര സമ്പദ്ഘടന പുറന്തള്ളുന്നവരുടെ കാവൽമാലാഖയായി സ്വയം ചിത്രീകരിക്കാനാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ തൊഴിലുകൾ ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതായും തങ്ങളുടെ സമൂഹത്തെയാകെതന്നെ തകർക്കുന്നതായും കണ്ടുകൊണ്ടിരിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ശബ്ദമാണ് ട്രംപിന്റേതെന്ന പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ ചുരുക്കം ചിലരൊഴികെ ഉന്നതരായ മിക്ക ഡെമോക്രാറ്റിക് നേതാക്കളും തൊഴിലാളിവർഗം നടത്തുന്ന സാമ്പത്തികാവശ്യങ്ങളുന്നയിച്ചുള്ള സമരങ്ങൾക്ക് ഉത്തരവാദികളായ ‘പ്രമാണി’കളാരാണെന്ന് ഇഷ്ടംപോലെ നിർവചിക്കാൻ ട്രംപിന് സർവസ്വാതന്ത്ര്യവും നൽകിയിരിക്കുകയാണ്; സജീവ നഗരവാസികൾ, കറുത്തവരായ രാഷ്ട്രീയ നേതാക്കൾ (സ്ത്രീകൾ ഉൾപ്പെടെ), കുടിയേറ്റക്കാർ (നിയമവിധേയരും അല്ലാത്തവരും), എല്ലാമറിയുന്ന വിദ്യാസമ്പന്നർ സോഷ്യലിസ്റ്റുനേതാക്കൾ, ഇങ്ങനെയുള്ള എല്ലാവരും.

ഫാസിസത്തിൽനിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന പൊതുവായ വാചകമടികൾക്കപ്പുറം, പെൻസിൽവാനിയയിൽനിന്നുള്ള പോളിങ് ഡാറ്റ വെളിപ്പെടുത്തുന്നത്, ഡെമോക്രാറ്റുകൾ യഥാർഥ പ്രമാണി വർഗങ്ങൾക്കുനേരെയും – കോർപ്പറേറ്റു സിഇഒമാർ, ബിസിനസ് ലോബിയിസ്റ്റുകൾ, ബാങ്ക് മുതലാളിമാർ തുടങ്ങിയവർ – രാഷ്ട്രീയപാർട്ടികൾക്ക് വൻതോതിൽ സംഭാവന നൽകുന്ന വലിയ ബിസിനസ്സുകാർക്കു നേരെയും കൃത്യമായി തിരിയണമായിരുന്നു എന്നാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിലെ വൻതോക്കുകൾത്തന്നെ ഇതേ ശക്തികളുമായി ചങ്ങാത്തത്തിൽ കഴിയുന്നതിനാൽ ആ വിഭാഗങ്ങൾക്കുനേരെ കടുത്ത വിമർശനം നടത്തുന്നത് അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി (പണപരമായും) ബുദ്ധിമുട്ടായിരിക്കും.

6. പ്രസ്ഥാനങ്ങൾ അതിജീവിക്കും;
ചെറുത്തുനിൽപ്പുകൾ 
ഇവിടെ ആരംഭിക്കുന്നു
ആഫ്രിക്കൻ – അമേരിക്കൻ സമൂഹത്തിന്റെയും സ്ത്രീകളുടെയും ലാറ്റിനോകളുടെയും മാഗാവിരുദ്ധ വോട്ടർമാരെ (Make America Great Again– MAGA) അണിനിരത്തുന്നതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന മറ്റെല്ലാ വിഭാഗങ്ങളുടെയും സംഘടിതശക്തികളും യൂണിയനുകളുമാണ് ട്രംപിനെതിരെ കമല ഹാരിസിനായി വോട്ടുചെയ്തത്. ആദ്യ കണക്കുകൾ പ്രകാരം 2020ൽ ബെെഡന് ലഭിച്ചതിലും അധികമാണ് അവർക്ക് ലഭിച്ച പോപ്പുലർ വോട്ട് വിഹിതത്തിന്റെ ശതമാനം.

തൊഴിലാളികൾക്കിടയിൽ ഉശിരൻ സംഘടനകളും പ്രക്ഷോഭങ്ങളും ഉയർന്നുവരുന്നത്, ബ്ലാക് ലെെവ്സ് ദേശീയ പ്രക്ഷോഭം, വിമൻസ് മാർച്ചുകൾ, കഴിഞ്ഞ കുറേയെറെ കാലമായി നടന്നുവരുന്ന ട്രംപ് ശെെലിയിലും ബെെഡൻ ശെെലിയിലുമുള്ള അതിർത്തി കടന്നുവരുന്നവർക്കെതിരായ ഏറ്റുമുട്ടലുകൾ എന്നിവയെല്ലാം വലിയ തോതിൽ വർധിച്ചുവരുന്നതായി കാണുന്നതിൽ തെല്ലും അത്ഭുതമില്ല. കമ്യൂണിസ്റ്റ് പാർട്ടിയെപോലെയുള്ള ഇടതുപക്ഷ ഗ്രൂപ്പുകൾ ട്രംപിനെ പരാജയപ്പെടുത്താനും ഫാസിസത്തിന്റെ വഴി തടയാനും സർവശക്തിയുമെടുത്ത് പ്രവർത്തിച്ചു.

ഈ തിരഞ്ഞെടുപ്പ് ഭരണകൂടത്തിന്റെ നിയന്ത്രണം കെെക്കലാക്കാൻ പരസ്പരം മത്സരിക്കുന്ന രണ്ട് ബഹുജനപ്രസ്ഥാനങ്ങൾ തമ്മിലാണ്. ഒന്ന് വലതുപക്ഷവും മറ്റൊന്ന് മധ്യ ഇടതുപക്ഷവും. അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കൽ (MAGA) വാദക്കാരായ റിപ്പബ്ലിക്കൻമാർ ട്രംപിനുപിന്നിൽ ഒന്നിച്ച് അണിനിരന്നേക്കാം; എന്നാൽ ഫാസിസ്റ്റ് വിരുദ്ധമുന്നണി കെട്ടിപ്പടുക്കാൻ കഠിനമായി പ്രവർത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ആ വഴിക്കല്ല നീങ്ങുന്നത്.

ഈ ഘടകങ്ങൾ അടിത്തറയായി വർത്തിക്കുന്ന പോരാട്ടത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് നാം കടക്കാൻ പോകുന്നത്; രണ്ടാം ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിനായുള്ള അടിത്തറയാണവ.

മുൻപുണ്ടായ നഷ്ടങ്ങളിൽനിന്ന് തൊഴിലാളിവർഗം തിരിച്ചുവരികയാണ്; തൊഴിലാളിവർഗം സ്വന്തം ഐക്യം വിപുലമാക്കുകയും ചെയ്യുന്നു; നാമത് വീണ്ടും ചെയ്യും. നിരാശപ്പെടേണ്ട സമയമല്ല ഇത്; എന്നാൽ അതിലുപരി എന്താണ് ശരിക്കും സംഭവിച്ചത് എന്ന് കൂട്ടായി ആലോചിക്കേണ്ട സമയമാണിത്; നാം പഠിച്ച കാര്യങ്ങളെ ഇനി അടുത്തുവരാൻപോകുന്ന കാര്യങ്ങൾക്ക് രൂപംനൽകാൻ ഉപയോഗിക്കുകയാണ് വേണ്ടത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular