Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിരണ്ടു തിരഞ്ഞെടുപ്പുകളും 
ആഗോള രാഷ്ട്രീയത്തിലെ 
മാറ്റങ്ങളും

രണ്ടു തിരഞ്ഞെടുപ്പുകളും 
ആഗോള രാഷ്ട്രീയത്തിലെ 
മാറ്റങ്ങളും

കെ എൻ ഗണേശ്

ണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളിലെ പാർലമെന്ററി തിരഞ്ഞെടുപ്പുകൾ അടുത്തകാലത്ത് നടക്കുകയുണ്ടായി. ഒന്ന്, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പും മറ്റേത് ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പും. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് വിജയിച്ചിരിക്കുകയാണ്. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരുമുന (ജെവിപി)യുടെ നേതൃത്വത്തിലുള്ള എൻപിപി പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയിരിക്കുന്നു.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലുള്ള പ്രസിഡന്റുമായ ജോ ബെെഡൻ ആരോഗ്യ കാരണങ്ങളാൽ പിൻവാങ്ങിയതിനെ തുടർന്ന് വെെസ് പ്രസിഡന്റായ കമല ഹാരിസാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. കടുത്ത മൽസരം പ്രതീക്ഷിച്ചുവെങ്കിലും ട്രംപ് ഏറെക്കുറെ എളുപ്പത്തിൽ വിജയം കെെവരിച്ചു. എൻപിപി സ്ഥാനാർഥി അനുരകുമര ദിസ്സനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘‘ശക്തമായ പ്രകടനം’’ കാഴ്ചവെയ്ക്കുമെന്നു മാത്രമെ എൻപിപിയും അവകാശപ്പെട്ടിരുന്നുള്ളൂ. എന്നാൽ പ്രതീക്ഷകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് എൻപിപി നടത്തിയത്.

ഈ രണ്ടു തിരഞ്ഞെടുപ്പ് വിജയങ്ങളും തമ്മിലുള്ള വെെരുദ്ധ്യമാണ് നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത്. വർഗപരമായി അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ അന്തരമില്ല. ജോർജ് ഡബ്ല്യു ബുഷിനുശേഷം ഏറെ ആരവങ്ങളോടെ അധികാരത്തിൽവന്ന ബരാക് ഒബാമ സാമ്രാജ്യത്വനയങ്ങൾ തന്നെയാണ് പിന്തുടർന്നത്. ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഉൗഴത്തിനുശേഷം അധികാരത്തിൽ വന്ന ജോ ബെെഡൻ ട്രംപിന്റെ നയങ്ങൾ പിന്തുടർന്നു എന്നു മാത്രമല്ല, അവയെ കൂടുതൽ കർക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ രീതികളിൽ നടപ്പിലാക്കുകയാണ് ചെയ്തത്. ട്രംപ് തുടങ്ങിവെച്ച, സെെനിക – സാമ്പത്തിക സഖ്യങ്ങളിലൂടെ ചെെനയെ വലയം ചെയ്യുക എന്ന തന്ത്രം, ബെെഡൻ തുടർന്നു. തെക്കു കിഴക്കെ ഏഷ്യയിലെ ക്വാഡ് സഖ്യവും ഇന്ത്യ – യുഎഇ – ഇസ്രയേൽ സാമ്പത്തിക ഇടനാഴിയും ഫലപ്രദമായി പ്രവർത്തിപ്പിച്ചു. യൂറോപ്പിലെ നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്തി എന്നു മാത്രമല്ല, മുൻ സോവിയറ്റ് രാഷ്ട്രങ്ങളായ ഉക്രൈനിനെയും ജോർജിയയെയും നാറ്റോ സഖ്യത്തിൽ അംഗങ്ങളാകാൻ പ്രേരിപ്പിച്ചു. ഇതാണ് ഇപ്പോഴും തുടർന്നുപോരുന്ന ഉക്രൈൻ – റഷ്യ യുദ്ധത്തിലേക്കു നയിച്ചത്. റഷ്യൻ വംശജർ താമസിക്കുന്ന ഡോണട്സ്ക് – ലുഹാൻസ്ക് പ്രദേശങ്ങൾ സ്വയം റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചതും അവയെ റഷ്യ പിന്തുണച്ചതുമാണ് യുദ്ധത്തിന് കാരണമെങ്കിലും ഉക്രൈൻ, നാറ്റോ സഖ്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടെയും പിന്തുണ തേടിയത് യുദ്ധത്തിന്റെ മാനം പൂർണമായി മാറ്റി.മറ്റൊരു ശീതസമരത്തിന്റെ ഭാഗമായി നടക്കുന്ന യുദ്ധമായി ഉക്രൈൻ യുദ്ധം വിലയിരുത്തപ്പെട്ടു.റഷ്യ സ്വന്തം സാമ്പത്തികവും സെെനികവുമായ പ്രതിരോധം ശക്തിപ്പെടുത്തിയതോടെ അമേരിക്ക റഷ്യക്കെതിരായി ശക്തമായ മുന്നേറ്റം ആരംഭിച്ചു. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന് പശ്ചിമേഷ്യയടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന് ബെെഡൻ തന്നെ മുൻകയ്യെടുത്തു. റഷ്യൻ ഉൽപന്നങ്ങളുടെ കയറ്റിറക്കുമതിക്കെതിരെ നാറ്റോ സഖ്യം ഏർപ്പെടുത്തിയ ഉപരോധം വലിയ വിതരണ പ്രതിസന്ധിയിലേക്ക് യൂറോപ്പിനെയാകെ കൊണ്ടുവന്നു.

പലസ്തീനെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യാപരമായ നീക്കങ്ങളെ പിന്തുണച്ചതും അമേരിക്കയായിരുന്നു. ഇസ്രയേൽ ആക്രമണത്തിനെതിരെ ഐക്യ രാഷ്ട്ര സഭയിലും അന്താരാഷ്ട്ര കോടതിയിലും ലോകരാഷ്ട്രങ്ങൾ നടത്തിയ നീക്കങ്ങളെ ചെറുത്തുനിൽക്കാൻ ഇസ്രയേലിനെ സഹായിച്ചതും അമേരിക്കയായിരുന്നു. അമേരിക്കയുടെ പ്രധാന ധനാഗമമാർഗമായ ആയുധ വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ഇസ്രയേലുമായുള്ള ആയുധ വാണിജ്യമാണ്. ഗാസാ മുനമ്പിനുമേൽ ഇസ്രയേൽ നടത്തിയ ഇടതടവില്ലാത്ത ബോംബിങ്ങിനുവേണ്ടി ഉപയോഗിച്ചത് 2000 ടൺ വീതം ഭാരമുള്ളതും ഏതാണ്ട് അര കിലോമീറ്റർ ചുറ്റളവുള്ള പ്രദേശത്തെ മുഴുവൻ തകർക്കാൻ ശേഷിയുള്ളതുമായ അമേരിക്കൻ നിർമ്മിതി MK – 84 ബോംബുകളാണ്. അത്തരത്തിലുള്ള 6,500 ബോംബുകൾ ഗാസാ മുനമ്പിൽ വർഷിക്കപ്പെട്ടുവെന്നാണ് കണക്ക്. ഉക്രൈൻ യുദ്ധത്തിനാവശ്യമായ മുഴുവൻ ആയുധ സഹായവും ഉക്രൈനിലെത്തിക്കുന്നത് അമേരിക്കയും നാറ്റോ സഖ്യവുമാണ്. തെക്കൻ പെസഫിക് പ്രദേശങ്ങളിൽ അമേരിക്കൻ നാവികപ്പടയും ഇതുപോലെ ഭീഷണിയുയർത്തുന്നുണ്ട്. തായ്-പെയും തെക്കൻ കൊറിയയും ഹോങ്-കോങ്ങും പ്രയോജനപ്പെടുത്തി കിഴക്കേ ഏഷ്യയെയും യുദ്ധത്താവളമാക്കാനുള്ള നീക്കങ്ങളും തുടരുന്നു. ഇവിടെയെല്ലാം ട്രംപും ബെെഡനും ഒരേ നിലപാടുകൾതന്നെയാണ് സ്വീകരിച്ചത്.
ഇത്തരം യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും യാദൃച്ഛികമാണെന്ന് പറഞ്ഞുകൂട. സോവിയറ്റ് യൂണിയന്റെ തകർച്ചയും ആഗോളവൽക്കരണ അന്താരാഷ്ട്ര കരാറുകളും മുതലാളിത്തം ഒരു ആഗോള വ്യവസ്ഥയായി വീണ്ടും കുതിച്ചുയരുകയാണെന്ന പ്രതീതി ജനിപ്പിച്ചു. സാമ്പത്തിക ഉദാരീകരണ നയങ്ങൾ, ‘‘ശീതസമര’’ത്തിന്റെ അന്ത്യം, ലിബറൽ ജനാധിപത്യത്തിന്റെയും കമ്പോള വ്യവസ്ഥയുടെയും പുതുയുഗം എന്നിവയാണ് ‘‘21–ാം നൂറ്റാണ്ടിലെ’’ ലോകവ്യവസ്ഥയുടെ സ്വഭാവം നിർണയിക്കുന്നത് എന്ന വാദം പൊതുവിൽ വ്യാപകമായി. 20–ാം നൂറ്റാണ്ടിന്റെ അന്ത്യദശകമായ ‘‘അലറുന്ന തൊണ്ണൂറുകൾ’’ (ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്-ലിറ്റ്സിന്റെ പദപ്രയോഗം) ഈ ആവേശത്തെ വർദ്ധിപ്പിച്ചു. ബൗദ്ധിക സ്വത്തവകാശം, വിവരസാങ്കേതികവിദ്യ, സ്വതന്ത്ര വിപണി തുടങ്ങിയവയെയെല്ലാം സംബന്ധിച്ച അന്താരാഷ്ട്ര കരാറുകളും ലോക വ്യാപാര സംഘടനയും ഉണ്ടായത് ഈ ദശകത്തിലായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഈ ദിശാമാറ്റത്തെ ലോകരാഷ്ട്രങ്ങൾ അനുകൂലിക്കുന്ന ‘‘വാഷിങ്ടൺ സമവായ’’വും ഇക്കാലത്തുണ്ടായി. ലോകവ്യാപാര സംഘടനയിൽ ചെെന ചേർന്നത് മുതലാളിത്തത്തിന്റെ സർവാധിപത്യത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം വർദ്ധിപ്പിച്ചു. സോഷ്യലിസ്റ്റ് ബദലിനെക്കുറിച്ച് സംസാരിക്കുന്നതുപോലും തികഞ്ഞ മണ്ടത്തരമായി വിശേഷിപ്പിക്കപ്പെട്ടു. ചെെനയെ ഒരു മുതലാളിത്ത രാജ്യമായി വിശേഷിപ്പിക്കാൻ ഇടതുപക്ഷ നിരീക്ഷകർപോലും മറന്നില്ല.

21–ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്ഥിതിഗതികളിൽ വ്യത്യാസം വന്നു. സാമ്പത്തിക ഉദാരവത്കരണത്തെ നിലനിർത്തുന്ന ഘടകം ധനമൂലധനമാണ്. വിവരസാങ്കേതികവിദ്യയുടെയും (ഇപ്പോൾ നിർമിത ബുദ്ധിയുടെയും) സഹായത്തോടെ ലോകമാസകലമുള്ള ഉൽപാദന സംരംഭങ്ങളെയും വിപണികളെയും നിയന്ത്രിക്കാനുള്ള ധനമൂലധനത്തിന്റെ ശേഷിയാണ് മുതലാളിത്ത ആധിപത്യത്തിന്റെ പ്രധാന ഘടകം. എന്നാൽ 21–ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽതന്നെ, സംഭവിച്ച ധനമൂലധനത്തിന്റെ ഉയർച്ച താഴ്ചകൾ (‘കുമിളകൾ’ (bubbles) എന്നാണ് ഇവ അറിയപ്പെടുന്നത്) ഈ ആത്മവിശ്വാസത്തിന് പോറലുകളേൽപിച്ചു. 2008ൽ ചില വൻ അമേരിക്കൻ ബാങ്കുകൾ തകർന്നതിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ലോകമുതലാളിത്തത്തിന് വർഷങ്ങൾ വേണ്ടിവന്നു. അപ്പോഴാണ് കോവിഡ് മഹാമാരി വീണ്ടും സമ്പദ് ഘടനയെ മുരടിപ്പിലേക്കും മാന്ദ്യത്തിലേക്കും തള്ളിയിട്ടത്.

മുതലാളിത്തത്തിന്റെ പ്രശ്നം ഇതുമാത്രമായിരുന്നില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്ക് പൂർണാധിപത്യം ലഭിക്കുന്ന ഏകധ്രുവലോകം ആഗോളവത്കരണത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെട്ടു. ധനമൂലധനത്തിന്റെയും വിവരവിനിമയ സാങ്കേതികവിദ്യയുടെയും ആധിപത്യം ഇതുറപ്പാക്കുമെന്നും കരുതപ്പെട്ടു. എന്നാൽ യഥാർത്ഥ സ്ഥിതി അത്ര ലളിതമായിരുന്നില്ല. യൂറോപ്യൻരാജ്യങ്ങൾ ചേർന്ന് യൂറോപ്യൻ യൂണിയനുണ്ടാക്കുകയും ഒറ്റ കറൻസിയിലേക്കു നീങ്ങുകയും ചെയ്തത് അമേരിക്കൻ ആധിപത്യത്തിന് ആദ്യത്തെ വെല്ലുവിളിയായി. തകർന്നുപോയെന്നു കരുതപ്പെട്ട മുൻ സോവിയറ്റ് രാജ്യങ്ങൾ സോഷ്യലിസ്റ്റ് കാലത്ത് സൃഷ്ടിക്കപ്പെട്ട സാമൂഹ്യ സാമ്പത്തികാടിത്തറയിൽ ഊന്നിനിന്ന് വീണ്ടും വളരാൻ ശ്രമിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പലതും സാമ്പത്തിക വിപണിയിൽ ഇടപെട്ടുതുടങ്ങി. സാമ്രാജ്യത്വം ഈ രാഷ്ട്രങ്ങളെ കയ്യടക്കാൻ ശ്രമിച്ചുവെങ്കിലും എണ്ണയുടെയും ഖനിജ വിഭവങ്ങളുടെയും നിയന്ത്രണം ഇവരെ വിലപേശൽ ശക്തികളാക്കി. സദ്ദാം ഹുസെെന്റെ നേതൃത്വത്തിൽ ഇറാഖിന്റെ വളർച്ചയും പിന്നീട് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നരഹത്യാ താണ്ഡവത്തിൽ അതിന്റെ തകർച്ചയും നല്ലൊരുദാഹരമാണ്.

ഏറ്റവും പ്രധാനമായി ചെെനയുടെ വളർച്ചയാണ് സാമ്രാജ്യത്വത്തിന് വെല്ലുവിളിയുയർത്തിയത്. ലോകവ്യാപാര സംഘടനയിൽ അംഗത്വമെടുക്കുകയും ഷാങ്ഹായിലും ക്വാങ്തുങ് പ്രവിശ്യയിലും പ്രത്യേക വ്യാപാര മേഖലകൾ തുറക്കുകയും ചെയ്തപ്പോൾ ചെെനയിൽ മുതലാളിത്ത പരിവർത്തനം നടക്കുകയാണെന്ന ധാരണ പരന്നിരുന്നു. എന്നാൽ, ശക്തമായ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെയും പ്രാദേശിക വിഭവസമാഹരണത്തിന്റെയും മനുഷ്യശക്തി വികാസത്തിന്റെയും എല്ലാ സാധ്യതകളുമുപയോഗിച്ച് തദ്ദേശാനുസൃതമായ വികസന പാത സൃഷ്ടിക്കുകയാണ് ചെെന ചെയ്തത്. ഈ വികസനതന്ത്രമാണ് സാമ്രാജ്യത്വ പ്രതിസന്ധികളെ മറികടക്കാൻ ചെെനയ്ക്ക് ബലം നൽകിയത്. കോവിഡ് മഹാമാരി ആദ്യം ബാധിച്ച രാഷ്ട്രമായിട്ടുപോലും അതിനെ അതിവേഗത്തിൽ മറികടക്കാനും ജനങ്ങളുടെ ജീവിതനിലവാരത്തെയും സാമ്പത്തിക വളർച്ചയെയും പുനഃസ്ഥാപിക്കാനും ചെെനയ്ക്കു കഴിഞ്ഞതും ഇതുകൊണ്ടായിരുന്നു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവിലൂടെ ചെെനയുടെ വികാസത്തെ ആഗോളതലത്തിലെത്തിക്കാനും ശ്രമിക്കുന്നു. ഈ വളർച്ച അമേരിക്കൻ സാമ്രാജ്യത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ ചെെനീസ് വിപണിയിലേക്ക് കടന്നുകയറാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അമേരിക്ക രണ്ടും കൽപിച്ച് ചെെനയെ നേരിടാൻ ഒരുങ്ങുകയാണ്. ട്രംപ് ഒരു ഘട്ടത്തിൽ ‘‘വാണിജ്യയുദ്ധം’’ എന്നു വിളിച്ച ഈ സംഘർഷം ഇപ്പോൾ അതും കടന്ന് സെെനികതലത്തിലേക്ക് മാറുന്നു.

ഇതിന്റെ ഭാഗമായാണ് തെക്കൻ പെസഫിക്കിലെ ഇപ്പോഴത്തെ യുദ്ധസന്നാഹങ്ങൾ നടക്കുന്നത്; ഹോങ്-കോങ്ങിലെയും സിൻജിയാങ്ങിലെ ഉയ്-ഗർ ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ മനുഷ്യാവകാശലംഘനങ്ങളായി അവതരിപ്പിക്കപ്പെടുന്നത്; ചെെനീസ് സർവാധിപത്യത്തെക്കുറിച്ചുള്ള (ഷി ജിൻ പിങ്ങിനെ ചുവപ്പൻ ചക്രവർത്തി എന്നു വിശേഷിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്) അക്കാദമിക് പ്രബന്ധങ്ങളും പ്രചാരണങ്ങളും തുടർച്ചയായി അവതരിപ്പിക്കപ്പെടുന്നത്; ഒരു കാലത്ത് സോവിയറ്റ് യൂണിയനെതിരെ നടന്ന പ്രചാരണത്തെ ഇതോർമിപ്പിക്കുന്നുവെങ്കിൽ അത്ഭുതപ്പെടാനില്ല.

സാമ്പത്തികാധിപത്യവും സെെനികാധിപത്യവും ഇല്ലാതെ സാമ്രാജ്യത്വത്തിന് നിലനിൽക്കാനാവില്ല. സാമ്പത്തിക കരുനീക്കങ്ങൾ വിലപ്പോകുന്നില്ലെങ്കിൽ സെെനികഭീഷണിയിലേക്കും അട്ടിമറി രാഷ്ട്രീയത്തിലേക്കും നരഹത്യയിലേക്കും നീങ്ങും. അതിനെതിരെ ശബ്ദമുയർന്നാൽ പിൻവാങ്ങി സ്വതന്ത്ര വിപണിയുടെയും ലിബറൽ ജനാധിപത്യത്തിന്റെയും മുദ്രാവാക്യങ്ങൾ കൊണ്ടുവരും. ഇവയെ മാനവിക സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സങ്കൽപ്പങ്ങളുമായി ബന്ധപ്പെടുത്തും. ഇത്തരം വിദ്യകൾക്ക് ഇപ്പോൾ പുതിയ മുഖംകൂടി കെെവന്നിട്ടുണ്ട്. സ്വത്വരാഷ്ട്രീയവും വംശീയതയുമാണത്. മുതലാളിത്ത വികാസത്തിന്റെ ആദ്യഘട്ടത്തിൽതന്നെ വെള്ളക്കാരുടെ കോയ്മയെയും മറ്റു ജനവിഭാഗങ്ങളുടെ പ്രാകൃതാവസ്ഥയെയും സംബന്ധിച്ച അവകാശവാദങ്ങളുണ്ടായിരുന്നു. ഏഷ്യൻ–ആഫ്രിക്കൻ പ്രദേശങ്ങളുടെ വിഭവ കൊള്ളയിലേക്കും അടിമക്കച്ചവടത്തിലേക്കും നയിച്ചത് ഈ സങ്കൽപ്പങ്ങൾ കൂടിയായിരുന്നു. ഇപ്പോൾ മുൻ കോളനി രാഷ്ട്രങ്ങൾ ശക്തിപ്പെടുകയും സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തെത്തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പഴയ വെള്ളക്കാരുടെ കോയ്മയും വംശീയ വേർതിരിവുകളും പുനരാവിഷ്-കരിക്കപ്പെടുകയാണ്. യൂറോപ്പിലെ മറീൻ ലെ പെന്നിനെയും ജോർജിയ മലോണിയെയും പോലുള്ളവരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷവും അമേരിക്കയിൽ ‘‘ട്രംപിസ’’വും ശക്തിപ്പെടുന്നത് വംശീയവെറി കൂടി ഉപയോഗിച്ചാണ്. ചില പ്രദേശങ്ങളിൽ അത് ആഫ്രിക്കൻ വിരുദ്ധതയും മറ്റു ചിലയിടങ്ങളിൽ അത് ഇസ്ലാമിക വിരുദ്ധതയുമായി മാറുന്നു. സാമ്രാജ്യത്വം സ്വന്തം സർവാധിപത്യം നിലനിർത്തുന്നതിനുവേണ്ടി ഈ വംശീയവെറിയെ പ്രോത്സാഹിപ്പിക്കുന്നു. പലസ്തീനിലെ വംശഹത്യയെ ഇസ്രയേലും ഹമാസും തമ്മിലുള്ള ജൂത–മുസ്ലീം സംഘർഷമായി ചിത്രീകരിക്കുന്നതും ഗാസയിലെ കൂട്ടക്കൊലയെ തമസ്കരിച്ച് ഒരു ഇസ്രയേൽ സെെനികൻ കൊല്ലപ്പെട്ടത് പർവതീകരിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ട്രംപിന്റെ വിജയം സാമ്രാജ്യത്വത്തിന്റെ പുതുരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ധനമൂലധനത്തിന്റെ ആധിപത്യവും വിഭവങ്ങളുടെയും മനുഷ്യാധ്വാനത്തിന്റെയുംമേൽ പുതിയ സാങ്കേതികവിദ്യകളുടെ കൂടി അടിസ്ഥാനത്തിലുള്ള നവകൊളോണിയൽ അധിനിവേശ പ്രക്രിയ, അതിനെ നിലനിർത്താനുള്ള സെെനികവൽക്കരണവും വംശഹത്യയടക്കമുള്ള മർദ്ദനരൂപങ്ങളും, അവയെ സഹായിക്കുന്ന വിധത്തിൽ വംശീയതയുടെയും ജാതിമത സങ്കുചിതവാദ വെറികളുടെയും രൂപത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ വളർച്ച തുടങ്ങിയവയടങ്ങുന്ന തീവ്രവലതുപക്ഷ രൂപങ്ങളെയാണ് ട്രംപിന്റെ വിജയം സൂചിപ്പിക്കുന്നത്. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകസ്വപ്നങ്ങൾ തകർന്നടിയുകയും ബഹുധ്രുവ ലോകത്തിന്റെ സാഹചര്യങ്ങൾ വളർന്നുവരികയും ചെയ്യുന്നതോടെ ഏതുവിധേനയും മേൽക്കോയ്മ നേടാനുള്ള ശ്രമം കൂടുതൽ സെെനികവൽക്കരണത്തിലേക്കും നവകൊളോണിയൽ സാമ്പത്തികമുറകളിലേക്കും വംശീയ – വർഗീയ പ്രവണതകളിലേക്കും നയിക്കുമെന്നു തീർച്ചയാണ്. ഇന്ത്യയിലെ കോർപറേറ്റ്–ഹിന്ദുത്വ വർഗീയ കൂട്ടുകെട്ടും ഇതേ ആധിപത്യരൂപങ്ങളുടെ വക്താക്കളാണ്.

സാമ്രാജ്യത്വ വലതുപക്ഷവൽക്കരണത്തോടുള്ള ചെറുത്തുനിൽപ്പാണ് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് പുറത്തുകൊണ്ടുവരുന്നത്. ലാറ്റിനമേരിക്കയിലെ, ബ്രസീലിലേയും കൊളംബിയയിലെയും ഇടതുപക്ഷ വിജയവും യൂറോപ്പിൽ സ്പെയിനിലെ സോഷ്യലിസ്റ്റ് കക്ഷിയുടെ വിജയവുമെല്ലാം ഇൗ പ്രവണതയെ സൂചിപ്പിച്ചിരുന്നു. എന്നാൽ ശ്രീലങ്കയിൽ മാർക്സിസ്റ്റ് –ലെനിനിസ്റ്റ് പാർട്ടിയായ ജെവിപിയുടെ നേതൃത്വത്തിലുള്ള 27 കക്ഷികളുടെ ഐക്യത്തിന്റെ വിജയം ശ്രീലങ്കയെ കടക്കെണിയിലേക്കും സാമ്പത്തികദുരിതങ്ങളിലേക്കും വലിച്ചിഴച്ച ഐഎംഎഫ് വായ്പയ്ക്കും അതിനുകൂട്ടുനിന്ന് സാമ്രാജ്യത്വത്തിന് ദാസ്യപ്പണി ചെയ്ത രാജപക്സെ കുടുംബാധിപത്യത്തിനും മുമ്പു ശക്തരായിരുന്ന ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അനുരഞ്ജന നയങ്ങൾക്കും എതിരായ ജനങ്ങളുടെ രോഷപ്രകടനമായിരുന്നു. ഒരു കാലഘട്ടത്തിൽ തീവ്ര ഇടതുപക്ഷ–സിംഹള സങ്കുചിതവാദ നിലപാടുകൾ കെെക്കൊണ്ടിരുന്ന ജെവിപി സാമ്രാജ്യത്വത്തിനും വലതുപക്ഷവൽക്കരണത്തിനുമെതിരെ പുതിയ നിലപാടുകൾ കെെക്കൊള്ളാൻ തയ്യാറായി എന്നതും ശ്രദ്ധേയമാണ്. അതിലേറ്റവും പ്രധാനം തമിഴ് വംശജരുമായി രാഷ്ട്രീയ ഏകോപനം നടത്തി മുന്നേറാനുള്ള അവരുടെ സന്നദ്ധതയാണ്. രണ്ടാമത്തേത് രാജ്യത്തെ കടക്കെണിയിൽപ്പെടുത്തി നശിപ്പിക്കുന്ന അന്താരാഷ്ട്ര നാണയനിധിയുമായി പുതിയ സംവാദത്തിൽ ഏർപ്പെടാനും അതുവഴി ശ്രീലങ്കയെ പുതിയ വികസനയുഗത്തിലേക്കു നയിക്കാനുമുള്ള ശ്രമമാണ്. ഇതിനായി ശ്രീലങ്കയുടെ സ്വയം നിർണയാവകാശവും പരമാധികാരവും, പ്രത്യേകിച്ച്, അടിസ്ഥാന വർഗങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ഒരു കാരണവശാലും ബലി കഴിക്കുകയില്ലെന്നുള്ള നിലപാടാണ്. ഇത്തരം നിലപാടുകൾക്ക് ജനങ്ങൾ ഒന്നടങ്കം പിന്തുണ നൽകുന്നുവെന്നതാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. തോട്ട മേഖലയായ നുവര ഏലിയയിലെ മലയ്ക തമിഴ് തൊഴിലാളികൾ ജെവിപി സഖ്യത്തെ പൊതുവിൽ പിന്തുണച്ചത് ഈ ദിശാമാറ്റത്തിന്റെ നല്ലൊരുദാഹരണമാണ്.

സാമ്രാജ്യത്വവും വലതുപക്ഷ ശക്തികളും അവരുടെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ച് നിലയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടങ്ങളും ശക്തിപ്പെടുന്നു എന്നാണ് ഈയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങൾ കാണിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ പോരാടുന്ന കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളിലും മാറ്റം വന്നിരിക്കുന്നു. പുതിയ ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമായി മാർക്സിസത്തെയും ലെനിനിസ്റ്റ് തത്വങ്ങളെയും ഉപയോഗിക്കുകയും അതിനോടൊപ്പം നാടിന്റെ സർവതോമുഖമായ അഭിവൃദ്ധി സാമ്രാജ്യത്വത്തിൽനിന്നുള്ള മോചനത്തിന്റെ അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനുയോജ്യമായ വികസനതന്ത്രങ്ങൾ ആവിഷ്കരിക്കുകയുമാണ് ഈ രാഷ്ട്രങ്ങളെല്ലാം ചെയ്യുന്നത്. ഇതിനുവേണ്ടി സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും എല്ലാ രാഷ്ട്രങ്ങളിലും ഒരുപോലെയാകണമെന്നില്ല. പക്ഷേ, സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇപ്പോഴും കരകയറാനാകാത്ത സാമ്രാജ്യത്വരാഷ്ട്രങ്ങൾ ആഗോളവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ കെട്ടിയുയർത്തിയ സ്വപ്നങ്ങൾ നിലനിൽക്കുന്നില്ലെന്നത് ഉറപ്പാണ്. സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റമടക്കമുള്ള സാധ്യതകൾ എത്രമാത്രം വളർന്നുവരുമെന്നത് ഇപ്പോഴത്തെ ചെറുത്തുനിൽപ്പ് മുന്നേറ്റങ്ങൾ എത്രമാത്രം ശക്തിപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും. ലോകത്തിന്റെ ഭാവി സോഷ്യലിസമാണോ സാമ്രാജ്യത്വം സൃഷ്ടിക്കുന്ന യന്ത്രനിർമിതമായ കാടത്തമാണോ എന്ന ചോദ്യം ഇവിടെ പ്രധാനമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 16 =

Most Popular