2025 ജനുവരിയിൽ അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. 2024 നവംബറിൽ, ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ, പോളിങ് ഡാറ്റയിൽനിന്ന് നമുക്ക് അറിയാൻ കഴിഞ്ഞിരുന്നത്, ജയിക്കുന്നയാളിന് ചെറിയ ഭൂരിപക്ഷമേ ഉണ്ടാകൂവെന്നാണ്. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ട്രംപ് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു; പ്രതേ-്യകിച്ചും വിലക്കയറ്റം കൊണ്ടും വേതനം മരവിപ്പിക്കൽ കൊണ്ടും ജനങ്ങൾ കൊടിയ ദുരിതം അനുഭവിച്ച സംസ്ഥാനങ്ങളിൽ. ഈ തിരഞ്ഞെടുപ്പിൽ കണ്ട പ്രതേ-്യകതകളിൽ ഒന്ന്, വോട്ടിങ് ശതമാനം വളരെ കുറവായിരുന്നുവെന്നതാണ്. ജനങ്ങളിൽ വലിയൊരു വിഭാഗം വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനിൽ എത്തിയില്ല. അതിന്റെ കാരണം ഒന്നുകിൽ ലോകത്താകെ നിലനിൽക്കുന്ന പൊതു സാഹചര്യത്തിന്റെ ഫലമായുള്ള ആവേശമില്ലായ്മമൂലമാകാം, അല്ലെങ്കിൽ അത് അവർക്ക് തെരഞ്ഞെടുക്കാനായി മുന്നിലുള്ളവരിൽ ഒരാളിനോടും താൽപര്യമില്ലാത്തതുമൂലവുമാകാം. ട്രംപിന് ജനകീയ വോട്ടിൽ ഭൂരിപക്ഷം ലഭിച്ചു. പക്ഷേ അദ്ദേഹത്തിന് 2020ൽ ജോ ബെെഡനുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ലഭിച്ച അത്ര വോട്ട് ഇപ്പോൾ ലഭിച്ചില്ല; 2020ൽ ബെെഡന് ലഭിച്ചതിനേക്കാൾ 14 ദശലക്ഷം വോട്ട് കുറച്ചു മാത്രമേ ഇപ്പോൾ കമല ഹാരിസിന് ലഭിച്ചുള്ളൂ. ആഗോള വടക്കൻ രാജ്യങ്ങളിലുടനീളമുള്ള വോട്ടർമാരിൽ വോട്ടു ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്നവരുടെ നിരക്ക് വർധിച്ചുവരികയാണ്. ഇപ്പോൾ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്, വളരെ ചെറിയൊരു വിഭാഗം ആളുകളിൽനിന്നാണ്. ഈ തിരഞ്ഞെടുപ്പ് ഫലത്തെ ഒരു ജനവിധിയായാണ് ട്രംപ് കണക്കാക്കുന്നത്; തനിക്കനുകൂലമായ ജനവിധിയുണ്ടെന്നതുപോലെയായിരിക്കും ഇനിമേൽ ട്രംപ് ഭരണം നടത്തുക; എന്നാൽ, ലിബറൽ ജനാധിപത്യത്തിന്റെ വീഴ്ചകൾ കാരണം ജനങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ആവേശം നഷ്ടപ്പെടുന്നത് വർധിച്ചുവരുന്ന എന്നതാണ് യാഥാർത്ഥ്യം.
ലിബറലിസവും യാഥാസ്ഥിതികത്വവും പിന്തുടരുന്ന പഴയ പാർട്ടികൾ, അത് ഡെമോക്രാറ്റിക് പാർട്ടിയായാലും റിപ്പബ്ലിക്കൻ പാർട്ടിയായാലും, നവലിബറലിസത്തിന്റെയും യുദ്ധത്തിന്റെയും നയങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ്. രണ്ട് പാർട്ടികളും ബിസിനസുകാർക്കുള്ള നിയമപരമായ നിയന്ത്രണങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കിയിരുന്ന സംരക്ഷണ നടപടികളും നീക്കം ചെയ്യുന്നതിന്റെയും യുദ്ധത്തെയും വംശഹത്യയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും അടിസ്ഥാനപരമായ ചട്ടക്കൂടിൽ മാറ്റം വരുത്താൻ സന്നദ്ധമല്ല. പ്രമാണി വർഗത്തിന്റെ പാർട്ടികളെല്ലാം തന്നെ, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിലകൾ കുതിച്ചുയരുന്നതിന്റെയും കൂലി വളരെ കുറവായിരിക്കുന്നതിന്റെയും ഓഹരി വിപണി കുതിച്ചുയരുന്നതിന്റെയും യുദ്ധയന്ത്രം സജീവമായിരിക്കുന്നതിന്റെയും പിന്നിലുള്ള വസ്തുതകളോട് പ്രതിബദ്ധതയുള്ളവരാണ്. യുദ്ധ കുറ്റവാളികളുടെ കുട്ടികളാൽ (ഡിക്ചെനി) ചുറ്റപ്പെട്ടാണ് കമല ഹാരിസ് നിൽക്കുന്നത്; ഇപ്പോൾ പലസ്തീൻ ജനതയ്ക്കെതിരെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധയന്ത്രത്തോട് വേറിട്ട് നിൽക്കുമെന്ന് അവർ ഒരിക്കലും സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. വെെസ് പ്രസിഡന്റെന്ന നിലയിൽ അമേരിക്കയിൽനിന്ന് ഇസ്രയേലിലേക്ക് ആയുധങ്ങൾ കെെമാറുന്നതിനോട് അവർക്ക് ഒരു വിയോജിപ്പുമുണ്ടായിരുന്നില്ലയെന്നാണ് കരുതേണ്ടത്; അമേരിക്കയിൽനിന്നു ലഭിച്ച ആയുധങ്ങളാണ് ഗാസയിലെ ജനങ്ങൾക്കുമേൽ സങ്കൽപിക്കാൻപോലും കഴിയാത്തവിധത്തിലുള്ള ദുരിതങ്ങളും വേദനയും അടിച്ചേൽപിക്കാൻ ഉപയോഗിക്കപ്പെട്ടത്. സ്ഥാനാർഥിയെന്ന നിലയിൽ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരെ അവർ പരിഹസിക്കുകയും അടിച്ചിരുത്തുകയുമായിരുന്നു. ഈ നിഷ്ഠൂരതയ്ക്കു പുറമേയാണ്, ബെെഡൻ – ഹാരിസ് ഭരണത്തിന്റെ ഒത്താശയിൽ നടക്കുന്ന ഉക്രൈൻ യുദ്ധംകൂടി കാരണമായ വിലക്കയറ്റം അമേരിക്കയിലെ തൊഴിലാളിവർഗത്തെ ദുരിതത്തിന്റെ ചുഴിയിൽ അകപ്പെടുത്തിയത്.
2021ൽ ജോ ബെെഡനും കമല ഹാരിസും അധികാരമേറ്റെടുത്തപ്പോൾ അവരുടെ പാർട്ടിക്ക് ലഭിച്ചത് വെെറ്റ് ഹൗസിന്റെ നിയന്ത്രണം മാത്രമായിരുന്നില്ല, സെനറ്റിന്റെയും പ്രതിനിധിസഭയുടെയും നിയന്ത്രണകൂടിയായിരുന്നു. സാമൂഹിക ക്ഷേമപരിപാടികൾ വർധിപ്പിക്കുന്നതിനും അമേരിക്കയിലെ ദശലക്ഷക്കണക്കിനാളുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള നിയമനിർമാണങ്ങൾക്ക് അവർക്ക് വേണ്ടത്ര രാഷ്ട്രീയമായ കരുത്തുണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനോ ജനക്ഷേമം ഉറപ്പാക്കുന്നതിനോ ഉള്ള ഒരജൻഡയും അവർ മുന്നോട്ടുവച്ചില്ല. പകരം അവർ ചെയ്തത് ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾകൂടി വെട്ടിക്കുറയ്ക്കുകയായിരുന്നു; ഇത് അമേരിക്കയിൽ കുട്ടികളിലെ ദാരിദ്ര്യനിരക്ക് വർധിപ്പിക്കുന്നതിനിടയാക്കി. ദുരിതത്തിലായ തൊഴിലാളികൾക്കും ജീവിതാവസ്ഥയിൽ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നവർക്കും ഒരു പിന്തുണയും ബെെഡൻ – ഹാരിസ് ഭരണം നൽകിയില്ല; കോവിഡ് 19 ലോക്ഡൗൺ ദുരിതങ്ങളിൽനിന്നും പുറത്തുകടക്കാൻ പൊരുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഈ വിഭാഗങ്ങൾ; കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി കുറച്ചു മാത്രം ഭക്ഷണം കഴിച്ച് വിലവർധനയെ അതിജീവിക്കാൻ ഇവർ പെടാപ്പാടുപെടുകയാണ്. എന്നാൽ ഈ വിഷയങ്ങളിൽ ഒന്നിനുപോലും ട്രംപിന് പരിഹാരം കാണാൻ കഴിയുമെന്നതിന് തെളിവൊന്നുമില്ല; പക്ഷേ, ബെെഡൻ – ഹാരിസ് ഭരണം ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് ഒന്നും ചെയ്തില്ലെന്നതിന് നിശ്ചയമായും ഇത് ന്യായീകരണമാകുന്നില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയ ഡെമോക്രാറ്റുകളെ ശിക്ഷിക്കുന്നതിനുള്ള എളുപ്പവഴിയായാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതിനെയും ട്രംപിന് വോട്ടു ചെയ്തതിനെയും ജനങ്ങൾ കണ്ടതെന്ന് തോന്നുന്നു.
ഈ രണ്ടു കക്ഷികളും വ്യത്യസ്തരാണെന്ന് തോന്നുന്ന മേഖലകളിലേക്ക് വരുമ്പോൾ പോലും, കുടിയേറ്റക്കാരുടെ അവകാശങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും കാര്യങ്ങളിലടക്കം പഴയ ലിബറൽ പാർട്ടികൾക്ക് നേരിയ വ്യത്യാസം മാത്രമേയുള്ളൂ; പ്രത്യേക തരത്തിലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിൽനിന്നും ഒട്ടും കുറഞ്ഞ തോതിലല്ല ഇവർ പിന്തുടരുന്ന നിലപാടുകളും. ജോ ബെെഡന്റെ ഭരണകാലത്ത്, യാതൊരു ഗതിയുമില്ലാതെയെത്തുന്ന കുടിയേറ്റക്കാർക്കെതിരായി കർക്കശമായ നയമാണ് നടപ്പാക്കിയത്. അവരെ അതിർത്തിയിൽ തടഞ്ഞുവയ്ക്കുക, രക്ഷിതാക്കളിൽനിന്ന് കുട്ടികളെ വേർതിരിക്കുക, കൂട്ടത്തോടെ രാജ്യത്തുനിന്ന് പുറത്താക്കുക എന്നിങ്ങനെ; സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചാണെങ്കിൽ, പഴയ ലിബറൽ പാർട്ടി സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ സ്ത്രീകളുടെ ആരോഗ്യത്തെ നിർവചിക്കുന്നതിനോ നിയമം കൊണ്ടുവരാനുള്ള ഒരു നീക്കവും നടത്തിയില്ല; മതയാഥാസ്ഥിതികർ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കോടതിയിൽ പൊരുതാനും ബെെഡൻ – ഹാരിസ് ഭരണം തയ്യാറായില്ല. പ്രത്യക്ഷത്തിൽ വ്യത്യാസമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഈ മേഖലകളിലേക്ക് വരുമ്പോൾ യഥാർഥ നയങ്ങളിൽ രണ്ടു കൂട്ടരും തമ്മിൽ ശ്രദ്ധേയമായ ഒരു വ്യത്യാസവും കാണുന്നില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് വിജയിച്ച പത്ത് സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികൾ വേണമെന്നത് തിരഞ്ഞെടുപ്പ് വിഷയമായിരുന്നു; അതിൽ എട്ട് സംസ്ഥാനങ്ങളിലും ജനങ്ങൾ വിധിയെഴുതിയത് ആ അവകാശം സംരക്ഷിക്കണമെന്നാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നത് ട്രംപിന് വോട്ടു ചെയ്തവരെല്ലാം ഗർഭഛിദ്രാവകാശത്തിന് എതിരല്ല എന്നാണ്; അതുപോലെതന്നെ, അവരാകെ സാമൂഹ്യപുരോഗതിയെ സംബന്ധിച്ച വിലയിരുത്തലിൽ പിന്തിരിപ്പൻ നിലപാടുകാരുമല്ല എന്നുമാണ്. അവർ ട്രംപിന് വോട്ടു ചെയ്തത്, അവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ഡെമോക്രാറ്റുകൾ പരാജയപ്പെട്ടതിലുള്ള രോഷംമൂലമാണ്.
അമേരിക്കയിൽനിന്നാകെ ഇടതുപക്ഷക്കാരായ മൂന്ന് സ്ഥാനാർഥികൾ (ഗ്രീൻ പാർട്ടിയിലെ ജിൽ സ്റ്റെയ്നും പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷന്റെ ക്ളൗദിയ ഡി ലക്രൂസും കോർണെൽ വെസ്റ്റും) ലക്ഷക്കണക്കിന് വോട്ടാണ് നേടിയത്. പലസ്തീൻകാരെ വംശഹത്യ ചെയ്യുന്നതിനെതിരായവരുടെയും അമേരിക്കൻ ജനതയ്ക്കെതിരെയുള്ള ക്രൂരമായ നയങ്ങൾക്കെതിരായവരുടെയും വോട്ടാണ് അവർ നേടിയത്. മറ്റൊരു രാഷ്ട്രീയ സാധ്യതയ്ക്കായി പൊരുതാൻ തയ്യാറുള്ള ഈ ലക്ഷക്കണക്കിനാളുകൾ – ഒരുപക്ഷേ ദശലക്ഷക്കണക്കിനാളുകൾ വേറെയുമുണ്ടാകും – ചെറുതായെങ്കിലും പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. നാളെയോ അതിനടുത്ത ദിവസമോ അവർ വിജയിക്കുമെന്നല്ല ഇതിനർഥം. എന്നാൽ, അവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, അമേരിക്കയിൽ പുതിയൊരു രാഷ്ട്രീയ സാധ്യതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിനായി ഭൂരിപക്ഷം ജനങ്ങളെ അണിനിരത്താൻ അവർക്കു കഴിയും. l