Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിട്രംപ് ഭാവി ഹിറ്റ്ലറോ?

ട്രംപ് ഭാവി ഹിറ്റ്ലറോ?

എം എ ബേബി

റ്റനോട്ടത്തിൽ തന്നെ ജനാധിപത്യവിരുദ്ധനും വംശീയവാദിയും അതിസമ്പന്നപക്ഷപാതിയും പരിസ്ഥിതി വിരുദ്ധനും ആണധികാരപ്രമത്തനും ഗാസയിലേയും ലെബനണിലേയും അതിഭീകരമായ സയണിസ്റ്റ് കുറ്റകൃത്യങ്ങളുടെ അനുകൂലിയുമായ ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് യു എസ് പ്രസിഡന്റായി നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നത്‌ സംബന്ധിച്ച്‌ ഇപ്പോഴും വിശകലനങ്ങൾ തുടരുകയാണ്. അത് തുടരട്ടെ. ഇവിടെ നാം പരിശോധിയ്ക്കുന്നത് മറ്റൊരു കാര്യമാണ്. ട്രംപ് പ്രസിഡന്റ് ചുമതലയേറ്റെടുക്കുന്നതോടെ എന്തൊക്കെ നടപടികളാണ് കെെക്കൊള്ളാൻ ഇടയുള്ളത്, അവ ലോകത്തേയും ഇന്ത്യയേയും എങ്ങനെയെല്ലാം ബാധിയ്ക്കാം. തൊഴിലാളികൾ, കൃഷിക്കാർ, തൊഴിലില്ലാത്ത യുവാക്കൾ, അരികുവൽക്കരിക്കപ്പെട്ടവർ തുടങ്ങി സമൂഹത്തിൽ താഴെത്തട്ടിൽപ്പെട്ടവരെ ‘ട്രപിസം’ എപ്രകാരം ബാധിയ്ക്കും?

ഇവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ജോ ബെെഡൻ നാലുവർഷം മുമ്പ് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിനുമുമ്പ് ട്രംപ് എങ്ങനെയായിരുന്നു തന്റെ പ്രസിഡന്റ് പദവി ഉപയോഗിച്ചത് എന്നോർമ്മിയ്ക്കുന്നത് ചില നിഗമനങ്ങൾക്ക് സഹായിക്കും.

അതിസമ്പന്നർക്ക് നികുതി ഇളവുകൾ എന്ന നയമാണ് ട്രംപിന്റെ കുപ്രസിദ്ധമായ സാമ്പത്തിക സിദ്ധാന്തം. അതോടൊപ്പം ‘ഒബാമ കെയർ’ എന്നറിയപ്പെട്ടിരുന്ന (Affordable Care Act) താങ്ങാവുന്ന ആരോഗ്യ പരിരക്ഷാ നിയമം പൊളിച്ചുമാറ്റും എന്ന് ട്രംപ് നിർലജ്ജം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അതു ഭാഗികമായി മാത്രമേ നടപ്പിലാക്കാൻ ട്രംപിന് സാധിച്ചുള്ളു. അതിന് ട്രംപ് ശ്രമിക്കാഞ്ഞിട്ടല്ല. പല പരിമിതികളുമുണ്ടായിരുന്നെങ്കിലും സാമ്പത്തികശേഷി ഇല്ലാത്തവർക്ക് ആരോഗ്യ പരിരക്ഷ ലഭിയ്ക്കുന്നതിന് കുറച്ചൊക്കെ പ്രയോജനകരമായിരുന്നു ഒബാമയുടെ ഡെമോക്രാറ്റിക് ഗവൺമെന്റ് നടപ്പാക്കിയ പ്രസ്തുത ആരോഗ്യ പദ്ധതി. അതുകൊണ്ടാണ് അത് പാടെ പൊളിച്ചുനീക്കാൻ അസാമാന്യ തൊലിക്കട്ടിയോടെ മുൻകാല ട്രംപ് ഭരണകൂടം നടത്തിയ നീക്കത്തെ ട്രംപിന്റെ തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമാർ ഉൾപ്പെടെ ഒരു പ്രബല വിഭാഗം രംഗത്തിറങ്ങിയത്. ആ സാഹചര്യത്തിലാണ്‌ ഒബാമ കെയർ പാടെ അവസാനിപ്പിയ്ക്കുന്നതിനുപകരം കുറേ ഭേദഗതികൾ കൊണ്ടുവന്ന്‌ ആ പദ്ധതി ഭാഗികമായി നിലനിർത്താൻ ട്രംപ് അന്ന് നിർബന്ധിതനായത്.

ഇത് ഒരു പാഠമായി ട്രംപിന്റെ രണ്ടാം വരവിന്റെ കാലത്ത് അമേരിക്കയിലെ ജനാധിപത്യ പ്രതിപക്ഷത്തിന് മുമ്പിലുണ്ടെങ്കിലും അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങൾ തമ്മിൽ കാര്യമായ അന്തരമുണ്ട് എന്നത് പ്രധാനമാണ്. അതിലേറ്റവും പ്രധാനം കഴിഞ്ഞ തവണ ഇലക്ട്രൽ കോളേജിൽ വിജയിച്ച ട്രംപിന് ജനങ്ങളുടെ വോട്ടാകെ കൂട്ടിനോക്കിയാൽ ഭൂരിപക്ഷമുണ്ടായിരുന്നില്ല എന്നതാണ്. അമേരിക്കയിലെ പ്രത്യേക തരം തിരഞ്ഞെടുപ്പ് സമ്പ്രദായ പ്രകാരം ഇലക്ട്രൽ കോളേജിലെ ഭൂരിപക്ഷം ആണ് ഫലം നിർണയിക്കുന്ന ഘടകം. ഇത്തവണയാകട്ടെ ജനങ്ങളുടെ വോട്ടിലും ഇലക്ട്രൽ കോളേജ് വോട്ടിലും ട്രംപ് മികച്ച വിജയം നേടി. ഒപ്പം സെനറ്റിലും ജനപ്രതിനിധി സഭയിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. കൂടുതൽ ഏകാധിപത്യപരമായി പെരുമാറാൻ ഇത് ട്രംപിനെ കെട്ടഴിച്ചുവിടാനാണ് സാധ്യത. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ട്രംപിനെ തിരുത്തുവാൻ ശേഷിയുള്ള വിഭാഗങ്ങൾ പാടേ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണെന്നതാണ് അവസ്ഥ.

വിദേശനയ കാര്യത്തിൽ ക്യൂബയ്ക്കും എല്ലാ ഭൂഖണ്ഡങ്ങളിലേയും വിമോചന പ്രസ്ഥാനങ്ങൾക്കും എതിരായ ആക്രമണോത്സുകമായ സമീപനം ട്രംപിൽനിന്ന് ഉണ്ടാവാനാണ് സാധ്യത. കിഴക്കൻ ജറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം എന്ന സമീപനം പൊതുവെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ട്രംപിന്റെ നിലപാട് മറ്റൊന്നാണ്. കഴിഞ്ഞ തവണ ട്രംപ്‌ പ്രസിഡന്റായിരുന്നപ്പോഴാണ്‌ ഇസ്രായേലിലെ അമേരിക്കൻ എംബസി ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് മാറ്റി ജറുസലേമിൽ സ്ഥാപിച്ചത്. പലസ്തീനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാൻ സയണിസ്റ്റ് ഇസ്രായേൽ നടത്തുന്ന അധിനിവേശപരവും നിയമവിരുദ്ധവുമായ ആഗോളഭീകര യുദ്ധത്തെ അടിമുടി ന്യായീകരിക്കുന്ന നിലപാടാണ് ട്രംപിന്റേത്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഈ ഭൂമിയുടെ നിലനിൽപ്പും ഭാവിയുമായി ബന്ധപ്പെട്ട മാനവരാശിയുടെ മുന്നിലെ ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. ഇങ്ങനെ ഒരു പ്രശ്നമേ ഇല്ല എന്ന ശാസ്ത്രവിരുദ്ധമായ ആഗോള വിഡ്ഢിത്തമാണ് ട്രംപിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം. കഴിഞ്ഞ ട്രംപ് പ്രസിഡൻസി ഈ വിഷയത്തിൽ അത്യന്തം അപകടകരമായ ഒരു പ്രായോഗിക നിലപാട് സ്വീകരിച്ചത് മറക്കാനാവില്ല. പരിസ്ഥിതി സന്തുലനം സംബന്ധിച്ച (പരിമിതികൾ ഉണ്ടായിരുന്നെങ്കിലും) സുപ്രധാനമായ ‘‘പാരീസ് കരാറി’’ൽ നിന്നും അമേരിക്ക പിന്മാറുന്നു എന്ന പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിന്റെ പ്രഖ്യാപനമായിരുന്നു. ബെെഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഗവൺമെന്റ് പിന്നീട് അത് തിരുത്തി എന്നത് മറ്റൊരു കാര്യം.

ട്രംപിസത്തിന്റെ ഭാഗമായി അതിസമ്പന്ന നികുതികൾ കുറയ്‌ക്കുന്നത് തൊഴിലാളികളും ഇടത്തരക്കാരും ഉൾപ്പെടുന്ന 99 ശതമാനത്തിന്റെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ വൻ തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കിയാൽ അതും വിലക്കയറ്റത്തിനു വഴിവയ്ക്കും എന്ന് വ്യക്തമാണ്. അമേരിക്കയിലെ വ്യവസായങ്ങളെ വളർത്താനെന്ന പേരിലാണ് ഇറക്കുമതി തീരുവ ഉയർത്തുന്നത്. എന്നാൽ അതിന്റെ പല തലങ്ങളിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ട്രംപിന്റെ നിയന്ത്രണത്തിൽ നിൽക്കുകയില്ല.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻമാരിൽ ഒരാളായ ഇലോൺമസ്ക് ആണ് ട്രംപിന്റെ ‘‘ഗൗതം അദാനി’’. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി എന്ന യുവവ്യവസായിയാണ് ട്രംപിന്റെ മറ്റൊരു ശിങ്കിടി മുതലാളി. ഇവരെയാണ് ഗവൺമെന്റിന്റെ പ്രവർത്തന മികവ് മെച്ചപ്പെടുത്താൻ വേണ്ടി രൂപവൽക്കരിക്കുന്ന പുതിയ വകുപ്പിനെ (DOGE– Department of Government Efficiency) നയിക്കാൻ ട്രംപ് നിയോഗിക്കാൻ പോകുന്നതെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ശമ്പളമോ പ്രത്യേക പദവിയോ കൂടാതെയാവും ഇവർ ഈ പുതിയ വകുപ്പിന്റെ മേൽനോട്ടം വഹിക്കുക എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ അതിസമ്പന്നന്മാരും ശിങ്കിടി മുതലാളിമാരും ട്രംപിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് ജനാധിപത്യയുക്തിക്ക് നിരക്കാത്ത പ്രവർത്തന പരിപാടികളുമായി മുന്നോട്ടു പോകുന്ന കാഴ്ചയാവും നമ്മെ കാത്തിരിക്കുന്നത്. അതിസമ്പന്നരൊഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കുമെതിരെ പ്രത്യക്ഷവും പരോക്ഷവുമായ ബഹുമുഖ ആക്രമണങ്ങളുമുണ്ടാവാം.

ഡൊണാൾഡ്‌ ട്രംപ്‌ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ നടപ്പാക്കണമെന്ന് നിർദേശിക്കുന്ന നയം കുപ്രസിദ്ധമാണ്. കാർഷിക‐വ്യാവസായിക മേഖലകളിൽ അതിസമ്പന്നരുടെയും ആഗോള ഫിനാൻസ്‌ മൂലധനത്തിന്റെയും കൊള്ളലാഭ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയങ്ങൾ മടികൂടാതെ നടപ്പിലാക്കിക്കുന്നതിനാണ്‌ ശ്രമിച്ചിരുന്നത്‌. നരേന്ദ്രമോദി ഗവൺമെന്റ്‌ കൊണ്ടുവന്നതും, ഇന്ത്യയിലെ കർഷകർ സംയുക്തമായി നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ ഫലമായി പിൻവലിക്കാൻ നിർബന്ധിതമായതുമായ, മൂന്ന്‌ കർഷകവിരുദ്ധ നിയമങ്ങൾ അതിസമ്പന്നരുടെയും ആഗോള ഫിനാൻസ്‌ മൂലധനത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ളവയാണ്‌. ഈ സ്വഭാവത്തിലുള്ള നയങ്ങൾ നമ്മുടെ രാജ്യത്തെ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള ജനസാമാന്യത്തിന്റെ ജീവിതത്തെ ദുരിതം നിറഞ്ഞതാക്കും. ഈ രണ്ടാം വരവിന്റെ കാലത്തും ജനവിരുദ്ധമായ ഇതേ നയങ്ങൾ തന്നെ നടപ്പാക്കിക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നാണ്‌ പ്രചരണകാലത്തെ ട്രംപിന്റെ വാക്കുകളിൽ നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ കഴിയുന്നത്‌.

ആർഎസ്എസ്സും ബിജെപിയും നരേന്ദ്രമോദിയും വർഗീയ വിഭജനം ലക്ഷ്യമാക്കി ഹിന്ദുമത രാഷ്ട്രവാദം ഉന്നയിക്കുന്നതുപോലെയല്ലെങ്കിലും ക്രിസ്തുമത വികാരം ഇളക്കിവിടാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ നൽകുന്ന ആപത് സൂചനകളും അവഗണിക്കാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ സെെനികശക്തിയാണ് അമേരിക്ക. ലോകത്തിലെമ്പാടും സ്വന്തം സെെനികത്താവളങ്ങൾ വിന്യസിച്ചുകൊണ്ട് ആണവായുധ ഭീഷണി ഉയർത്തുന്ന സാമ്രാജ്യത്വശക്തി കൂടിയാണത്. ലോക നേതാവായി അമേരിക്കയെ സമ്പൂർണമായി ഉയർത്തിക്കൊണ്ടുവരുമെന്ന് നിരന്തരം ജല്പനം നടത്തുന്ന അഹങ്കാരോന്മാദനായ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് തന്റെ രണ്ടാമതും അവസാനത്തേതുമായ തവണ വൻവിജയത്തോടെ എത്തിച്ചേർന്നിരിക്കുകയാണ്. ലോകത്തെമ്പാടും സായുധ സംഘർഷങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നു നമുക്കറിയാം. യുദ്ധോപകരണ നിർമാണവ്യവസായവും ആയുധ കയറ്റുമതിയുമാണല്ലോ അമേരിക്കൻ സമ്പദ്ഘടനയുടെ മുഖ്യ ആശ്രയം. മിലിറ്ററി–ഇൻഡസ്ട്രിയൽ – മീഡിയാ ഒത്തുകച്ചവടമാണ് അവരുടെ ലോകാധിപത്യതന്ത്രത്തിന്റെ മുഖ്യകർമപരിപാടി. താൻ അധികാരത്തിലെത്തിയാൽ യുദ്ധങ്ങൾ ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വീമ്പുപറച്ചിൽ വെറും പൊള്ളയായ ചപ്പടാച്ചിയാണെന്ന് തെളിയുമെന്നതിൽ സംശയമില്ല. പുറം പൂച്ചിന് ചില പൊടിക്കെെകൾ ഉണ്ടാവും. എന്നാൽ ആയുധപന്തയത്തിലേക്കും സെെനികവിന്യാസ വ്യാപനത്തിലേക്കും പുതിയ സംഘർഷങ്ങളിലേക്കുമാവും ലോകം ട്രംപിന്റെ യുഎസ് പ്രസിഡൻസിക്കുകീഴിൽ സഞ്ചരിക്കുക. ഒരു നവ ഹിറ്റ്-ലറായി മാറാൻ ട്രംപ് പരിശ്രമിക്കുമോ? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular