Friday, December 13, 2024

ad

Homeമുഖപ്രസംഗംപ്രതിക്കൂട്ടിൽ 
കേന്ദ്ര സർക്കാർ

പ്രതിക്കൂട്ടിൽ 
കേന്ദ്ര സർക്കാർ

ന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെ ചെറിയൊരു സംസ്ഥാനമാണ്, കേവലം രണ്ട് ലോക്-സഭാ സീറ്റുകൾ മാത്രമുള്ള സംസ്ഥാനമാണ് മണിപ്പൂർ. ആ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി വർഗീയ സംഘർഷത്തിന്റെ തീ ആളിക്കത്തുകയാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ബിരേൻസിങ് ഗവൺമെന്റ് ഭൂരിപക്ഷ വർഗീയസംഘങ്ങളെ യാതൊരു മറയുമില്ലാതെ നിർലജ്ജം പിന്തുണയ്ക്കുകയാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോദി സർക്കാരും മണിപ്പൂർ സർക്കാരിന് ഒത്താശ ചെയ്യുന്ന സമീപനമാണ് തുടരുന്നത്. ഭരണാധികാരികളുടെ പിന്തുണയും പരിലാളനയുമില്ലാതെ ഏതാനും ദിവസങ്ങൾക്കപ്പുറം സാധാരണഗതിയിൽ ഒരു കലാപവും നിലനിൽക്കില്ല. ഭൂരിപക്ഷ വിഭാഗത്തിന് (മെയ്-ത്തികൾക്ക്) ഭരണാധികാരികളിൽനിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നതിന്റെ ആശങ്കയിലകപ്പെട്ട ന്യൂനപക്ഷ വിഭാഗവും (കുക്കികൾ) ഭീകരമായി പ്രത്യാക്രമണം നടത്താൻ തുടങ്ങിയതായാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒന്നരവർഷത്തിലേറെയായി രാജ്യത്തെ ഒരു സംസ്ഥാനം കലാപത്തിൽപ്പെട്ട് അതീവ ഗുരുതരമായ അന്തരീക്ഷത്തിലായിട്ടും ഒരിക്കൽ പോലും അവിടേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങളോടു മാത്രമല്ല രാജ്യത്തോടാകെ സമാധാനം പറയേണ്ടതുണ്ട്. 2023ൽ മണിപ്പൂർ കത്തിയെരിയാൻ തുടങ്ങിയപ്പോഴെന്നപോലെ ഇപ്പോഴും അദ്ദേഹം വിദേശങ്ങളിൽ ഊരുചുറ്റാൻ പോയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ, ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്കുപോലും മറുപടി പറയാതെ ഒളിച്ചോടുന്ന പ്രധാനമന്ത്രി തന്നെയാണ് മണിപ്പൂരിൽ നടക്കുന്ന മനുഷ്യക്കുരുതികൾക്ക്, കൂട്ടബലാത്സംഗങ്ങൾക്ക്, കൊള്ളകൾക്കും കൊള്ളിവയ്പുകൾക്കും ഉത്തരവാദി. മണിപ്പൂരിലെ ഭരണസംവിധാനത്തെയാകെ സംഘപരിവാർ നിയന്ത്രിതമായ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങൾക്ക് കൂട്ടുനിൽക്കാൻ പരുവപ്പെടുത്തിയ, ഇപ്പോഴും കലാപകാരികൾക്ക് പരസ്യമായി ഒത്താശ ചെയ്തുകൊണ്ടിരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പോലും തയ്യാറാകാത്ത മോദി സർക്കാരും ബിജെപിയും തന്നെയാണ് ഈ കലാപത്തിനും അതിപ്പോഴും തുടരുന്നതിനും കാരണക്കാർ. കാരണം മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്നത് സംശയരഹിതമായ വസ്തുതയാണ്.

ഇപ്പോൾ വീണ്ടും കലാപം ആളിപ്പടരാൻ തുടങ്ങിയതിന്റെ കാരണങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ തന്നെ സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തം പകൽപോലെ തെളിഞ്ഞുവരും. നവംബർ ഏഴിന് ഒരു ഗോത്ര വിഭാഗത്തിൽപ്പെട്ട 31 കാരിയായ അധ്യാപികയെ അക്രമികൾ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്ന സംഭവത്തോടെയാണ് ഇപ്പോൾ ഈ കലാപം തിരികൊളുത്തപ്പെട്ടത്. ഈ നിഷ്ഠുര സംഭവത്തിലെ കുറ്റവാളികൾ പൊലീസ് സംരക്ഷണയിൽ ഒളിവിൽ കഴിയുകയാണെന്ന ആരോപണം ഉന്നയിച്ച്, അവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കുക്കി ജനവിഭാഗത്തിൽപ്പെ ട്ടവർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനു നേരെ സിആർപിഎഫ് നടത്തിയ വെടിവെയ്പിൽ 11 കുക്കികൾ കൊല്ലപ്പെട്ടു. അതിന്റെ തിരിച്ചടിയെന്നോണം അവർ മെയ്-ത്തി വംശത്തിലെ 6 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇതോടെയാണ് വീണ്ടും കലാപം ആളിപ്പടർന്നത്. ജിരിബാമെന്ന സ്ഥലത്ത് നടന്ന ഈ അക്രമസംഭവത്തെ തുടർന്ന് സമീപ സ്ഥലങ്ങളിലെ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങളും വീടുകളും തകർക്കപ്പെട്ടു. ഇപ്പോൾ മന്ത്രിമാർക്കും എംഎൽഎമാർക്കുമടക്കം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പലരും ഭൂഗർഭ അറകളിൽ ഒളിച്ചുകഴിയുന്നതായും റിപ്പോർട്ടുണ്ട്.

അയൽസംസ്ഥാനമായ മേഘാലയാ മുഖ്യമന്ത്രി മണിപ്പൂർ സംഭവത്തെ തുടർന്ന് നടത്തിയ പ്രതികരണവും ബിരേൻസിങ് സർക്കാരിന് പിന്തുണ നൽകിയിരുന്ന എൻപിപിയുടെ 11 എംഎൽഎമാരും ആ പിന്തുണ പിൻവലിച്ചതും കലാപത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. വിവിധ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒരു ചെറുതീപ്പൊരി വീണാൽ കാട്ടുതീയായി ആളിപ്പടരാൻ സാധ്യതയുള്ള മേഖലയാണ്. അതിനു ശ്രമിക്കുന്ന ശക്തികളുടെ സാന്നിധ്യമുള്ള പ്രദേശവുമാണ്. മാത്രമല്ല അതിർത്തി സംസ്ഥാനങ്ങൾ കൂടിയാണിവ. ഇവിടങ്ങളിൽ കലാപം പടരുമ്പോൾ മാത്രമല്ല, കലാപാന്തരീക്ഷം നിലനിൽക്കുമ്പോൾ തന്നെ ആ തീയണയ്ക്കാൻ നോക്കാതെ കെെയും കെട്ടി കണ്ണുമടച്ച് കഴിയുന്ന ഭരണാധികാരികൾ രാജ്യത്തിനുതന്നെ ശാപമാണ്.

കേന്ദ്ര സേനയെയും പട്ടാളത്തെയും ഇറക്കുകയും അവയ്ക്ക് സർവ അധികാരങ്ങളും നൽകുന്ന അഫ്സ്പ പ്രഖ്യാപിക്കുകയും ചെയ്ത് കണ്ണടച്ചിരിക്കുകയല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. മറിച്ച് മണിപ്പൂരിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി അനുരഞ്ജന ചർച്ച നടത്തുകയും പൊതുവിൽ സ്വീകാര്യമായ കാര്യങ്ങൾ നടപ്പാക്കുകയും ഭരണകൂടം എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കുകയുമാണ് വേണ്ടത്. കുറ്റകൃത്യങ്ങൾ ഉത്തരവാദികളായവർക്കെല്ലാമെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നുവെന്ന് എല്ലാ വിഭാഗം ആളുകളെയും ബോധ്യപ്പെടുത്താനും സർക്കാരിനു കഴിയണം. അങ്ങനെ ജനാധിപത്യപരമായി കലാപത്തിന്റെ തീയണയ്ക്കാൻ സത്വര നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ബിജെപി/ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽനിന്ന് അത് പ്രതീക്ഷിക്കാനാവില്ലയെന്നതാണ് രാജ്യം നേരിടുന്ന ദൗർഭാഗ്യകരമായ സ്ഥിതി. l

കേരളത്തോട് എന്തിനീ ക്രൂരത?

യനാട്ടിലെ മുണ്ടക്കെെ – ചൂരൽമല ദുരന്തമുണ്ടായിട്ട് നാല് മാസത്തോളമാകുന്നു. സംസ്ഥാന സർക്കാരും ജനകീയ പ്രസ്ഥാനങ്ങളും കെെകോർത്ത് നടത്തിയത് സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനമാണ്. കേരളത്തിലെ ജനങ്ങൾ, പ്രതിപക്ഷ കക്ഷികളുടെ ഇടങ്കോലിടലുകൾ ഉണ്ടായിട്ടും, സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിനു കെെയയച്ച് പിന്തുണ നൽകിയതും അവിസ്മരണീയമാണ്.

കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് കണ്ണിൽ ചോരയില്ലാത്ത, നിഷ്ഠൂരമായ നടപടികളാണ്. ചില കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ള സംഘപരിവാർ ശക്തികൾ, സംസ്ഥാന സർക്കാർ സംവിധാനങ്ങളാകെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാരിനെയും വയനാട്ടിലെ ജനങ്ങളെയും പഴി ചാരാനുള്ള ജുഗുപ്സാവഹമായ നീക്കങ്ങളാണ് നടത്തിയത്. ദുരന്തത്തിന്റെ ആഴവും പരപ്പും എത്രയെന്ന് പ്രധാനമന്ത്രി നേരിട്ടുവന്ന് കണ്ടതാണ്. വിവിധ കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. സംസ്ഥാന സർക്കാർ ഈ ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകുകയും അടിയന്തര ധനസഹായം നൽകണമെന്നഭ്യർഥിക്കുന്ന കത്ത് കേന്ദ്ര സർക്കാരിന് നൽകുകയും ചെയ്തിട്ടുണ്ട്.

മുണ്ടക്കെെ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക ദുരിതാശ്വാസ പാക്കേജ് നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നിയമസഭ ഏകകണ്ഠമായി ഇതിനു പിന്തുണ നൽകിയിട്ടും മോദി സർക്കാരിൽനിന്ന് അനുകൂലമായ പ്രതികരണമൊന്നുമുണ്ടായില്ല.

രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലും ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ ദുരന്തവുമായിട്ടും അടിയന്തര ധനസഹായത്തിനുപോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. കേരളം ആവശ്യപ്പെട്ടപോലെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ കേരളത്തിന്റെ മറ്റാവശ്യങ്ങൾ അംഗീകരിക്കാനോ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ എന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചാൽ കൂടുതൽ തുക അന്തർദേശീയ, ബഹുരാഷ്ട്ര ഏജൻസികളിൽനിന്ന് സമാഹരിക്കാനും അതുപയോഗിച്ച് പുനർ നിർമാണ പ്രവർത്തനങ്ങൾ നന്നായി വേഗത്തിൽ നടത്താനും കഴിയുമായിരുന്നു. ഇതിനാണിപ്പോൾ കേന്ദ്ര സർക്കാർ ഇടങ്കോലിട്ടിരിക്കുന്നത്.

മറ്റു പല സംസ്ഥാനങ്ങൾക്കും പ്രത്യേക റിപ്പോർട്ടും പരിശോധനയുമൊന്നും കൂടാതെ തന്നെ ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഉടൻ തന്നെ അടിയന്തര സഹായം നൽകിയപ്പോഴാണ് കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത വിവേചനം സ്വീകരിച്ചിരിക്കുന്നത്. വയനാട് ജനതയുടെ ഇക്കാര്യത്തിലെ ഒറ്റക്കെട്ടായ പ്രതിഷേധം ഹർത്താലിലൂടെ പ്രകടമാക്കിയിട്ടും മോദി സർക്കാർ കണ്ണു തുറക്കാൻ തയ്യാറായില്ല. കേരള ജനതയെ തന്നെ മോദി സർക്കാർ വെല്ലുവിളിക്കുകയാണ്. ഇനിയും ശക്തമായ പ്രതിഷേധം കേരള ജനത ഒന്നടങ്കം ഉയർത്തിക്കൊണ്ടു മാത്രമേ തെറ്റായ ഈ നയം തിരുത്തിക്കാൻ കഴിയൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 15 =

Most Popular