Monday, November 25, 2024

ad

Homeനിരീക്ഷണംസുപ്രീംകോടതിയുടെ താക്കീതും
ഹിന്ദുത്വത്തിന്റെ 
ധ്രുവീകരണ അജൻഡയും

സുപ്രീംകോടതിയുടെ താക്കീതും
ഹിന്ദുത്വത്തിന്റെ 
ധ്രുവീകരണ അജൻഡയും

കെ ടി കുഞ്ഞിക്കണ്ണൻ

മോദി സർക്കാരിന്റെ വർഗീയ അജൻഡപ്രകാരമുള്ള മുസ്ലീംവിരുദ്ധമായ നടപടികൾക്കുള്ള ശക്തമായ താക്കീതാണ് ഈ നവംബറിലെ മൂന്ന് വിധികളിലൂടെ നമ്മുടെ പരമോന്നത നീതിപീഠം നടത്തിയിട്ടുള്ളത്. അതിലേറ്റവും പ്രധാനമാണ് ബുൾഡോസർ രാജിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വിശ്വനാഥൻ എന്നിവർ ബുൾഡോസർരാജ് എന്ന ഭരണകൂട ഭീകരതക്കെതിരെ വിധിപ്രസ്താവനയിലൂടെ തുറന്നടിക്കുകയായിരുന്നു. അധികാരദുർവിനിയോഗത്തിന്റെയും ദുരധികാരപ്രയോഗത്തിന്റെയും ഭീകരതയാണ് ബുൾഡോസർരാജിലൂടെ രാജ്യത്ത് നടപ്പാക്കുന്നതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജഹാംഗീർപൂരിൽ ന്യൂനപക്ഷവിഭാഗങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കാനായി നീങ്ങുന്ന ബുൾഡോസറുകൾക്കുനേരെ കൈചൂണ്ടി നിർത്താനാവശ്യപ്പെട്ട പ്രതിരോധങ്ങളുടെ വിജയം കൂടിയാണ് പരമോന്നത കോടതിയുടെ ഈ വിധിയെന്ന് നാം കാണണം.

മോദി–-അമിത്ഷാ നേതൃത്വത്തിൽ സമഗ്രാധിപത്യവും വ്യക്തിസ്വാതന്ത്ര്യനിഷേധവും മൗലികാവകാശധ്വംസനങ്ങളും തുടർച്ചയായ ന്യൂനപക്ഷവേട്ടയുമാണ് കഴിഞ്ഞ 10 വർഷത്തിലേറെക്കാലമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഗീയ സ്വേച്ഛാധിപത്യനീക്കങ്ങളെ തടയാൻ സുപ്രീംകോടതി കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. മാത്രമല്ല പലപ്പോഴും ഈ സ്വേച്ഛാധിപത്യ വർഗീയ നീക്കങ്ങളെ സഹായിക്കുന്ന വിധികളാണ് കോടതികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നതും ഒരു യാഥാർത്ഥ്യമാണ്.

എന്നാൽ കഴിഞ്ഞ നവംബർ 5-ന് അലഹബാദ് ഹൈക്കോടതിയുടെ മദ്രസനിയമത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. അതുവഴി യു.പി മദ്രസാവിദ്യാഭ്യാസനയത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഈ വിധിപ്രസ്താവന നടത്തിയത് ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. ബെഞ്ചിലെ മറ്റംഗങ്ങൾ ജസ്റ്റിസ് ജെ.ബി.പർദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ്.

അലഹബാദ് ഹൈക്കോടതി നേരത്തെ ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷത ലംഘിക്കുന്നതാണെന്ന് ആരോപിച്ചാണ് യു.പി മദ്രസവിദ്യാഭ്യാസനിയമം (2004) റദ്ദുചെയ്തത്. കഴിഞ്ഞ മാർച്ച് 22- നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ വിവാദ ഉത്തരവ്. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ മതനിരപേക്ഷതയ്ക്ക് വിരുദ്ധമായതിനാൽ മദ്രസവിദ്യാഭ്യാസനിയമം റദ്ദാക്കുന്നുവെന്ന ഹൈക്കോടതിയുടെ വിധി ഭരണഘടനാവിരുദ്ധമാണെന്ന കണ്ടെത്തലാണ് സുപ്രീംകോടതി ഇപ്പോൾ നടത്തിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ യുക്തിരാഹിത്യത്തെ സുപ്രീംകോടതി അതിന്റെ വിധിപ്രസ്താവനയിൽ ചോദ്യംചെയ്യുന്നു.

ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരാണെന്ന ഒറ്റ ആരോപണത്തിന്റെ പേരിൽ നിയമനിർമാണങ്ങൾ റദ്ദാക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒരു നിയമം മതനിരപേക്ഷതയ്ക്കെതിരാണെന്ന് പറയുമ്പോൾ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഭരണഘടനാവ്യവസ്ഥകൾ എങ്ങനെയാണ്, ഏതുരീതിയിലാണ് ആ നിയമം ലംഘിച്ചതെന്ന വസ്തുത കൃത്യമായി പരിശോധിച്ച് വിധിയിൽ സ്ഥാപിക്കാൻ കഴിയണം എന്നാണ് സുപ്രീംകോടതി വിധിപ്രസ്താവനയിൽ നിരീക്ഷിക്കുന്നത്. ഭരണഘടനയുടെ മൗലികാവകാശം വ്യവസ്ഥചെയ്യുന്ന വിശ്വാസസ്വാതന്ത്ര്യത്തിന് എതിരാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ആർട്ടിക്കിൾ 25 രാജ്യത്തെ പൗരർക്ക് ഏത് മതത്തിലും വിശ്വസിക്കാനും ആ വിശ്വാസങ്ങൾ ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്നു.

മതനിരപേക്ഷതയെന്നത് വ്യക്തികളുടെ മതവിശ്വാസത്തെയും അത് പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യത്തേയോ നിഷേധിക്കുന്നതല്ല എന്ന കേന്ദ്രപ്രശ്‌നത്തെയാണ് അലഹബാദ് ഹൈക്കോടതി മദ്രസാനിയമം റദ്ദുചെയ്തുകൊണ്ടുള്ള വിധിയിൽ കാണാതെപോയത്. വ്യക്തികൾക്ക് മതമാകാമെന്നും ആ മതവിശ്വാസമനുസരിച്ച് ജീവിക്കാമെന്നും അത് പ്രചരിപ്പിക്കാമെന്നുമുള്ളത് ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. എന്നാൽ രാഷ്ട്രത്തിന്, സർക്കാരിന് മതം പാടില്ലെന്നും ഏതെങ്കിലുമൊരു മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളുമാകാൻ പാടില്ലെന്നതുമാണ് മതനിരപേക്ഷത കർശനമായി നിർദ്ദേശിക്കുന്നത്. യു.പി മദ്രസനിയമത്തെ പരിശോധിച്ചുകൊണ്ട് മദ്രസാബോർഡിന് ഉന്നത ബിരുദങ്ങൾ നൽകാൻ അധികാരമുണ്ടെന്ന വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദുചെയ്യുകയാണുണ്ടായത്. അത്തരം വ്യവസ്ഥകൾ യു.ജി.സി നിയമത്തിന് എതിരായതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ അധികാരം വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പിക്കാനുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക് മുകളിലാവാൻ പാടില്ലെന്ന നിരീക്ഷണവും സുപ്രീംകോടതി ഈ വിധിയിൽ നടത്തിയിട്ടുണ്ട്. യു.പി മദ്രസ നിയമം ഒറ്റയടിക്ക് റദ്ദാക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികളും ആയിരക്കണക്കിന് അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. യു.പി മദ്രസാ നിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയെ അനുകൂലിച്ച് നേരത്തെ ദേശീയ ബാലാവകാശ കമ്മീഷൻ എടുത്ത നിലപാടിനെ സുപ്രീംകോടതി വിധിപ്രസ്താവനയിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനയുടെ മൗലികതത്വങ്ങളിൽ നിന്നും ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷാവ്യവസ്ഥകളിൽ നിന്നും യു.പി മദ്രസാനിയമത്തിന് സാധൂകരണം നൽകുകയാണ് സുപ്രീംകോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയിൽ നിന്നാണ് യോഗി ആദിത്യനാഥ് സർക്കാർ കഴിഞ്ഞ കുറേക്കാലമായി 2004-ലെ മദ്രസാനിയമത്തിനെതിരായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയിലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് മദ്രസാനിയമം റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നത്. രാജ്യത്തെ മതനിരപേക്ഷശക്തികൾ ഹൈക്കോടതി വിധിക്കെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്തുവന്നിരുന്നു. ഇപ്പോൾ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുമുണ്ടായ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തുകൊണ്ടുള്ള നടപടി മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിജയം കൂടിയാണ്.

മറ്റൊരു സുപ്രധാനമായ വിധി സുപ്രീംകോടിയിൽ നിന്നുമുണ്ടായത് കഴിഞ്ഞ നവംബർ 6-നാണ്. അത് ബിജെപി സർക്കാരുകളുടെ ബുൾഡോസർരാജിനെതിരായ വിധിയായിരുന്നു. റോഡ് വീതികൂട്ടാനെന്ന പേരിൽ മഹാരാജാഗഞ്ച് ജില്ലയിലെ മനോജ് തിബർവാൾ ആകാശിന്റെ വീട് അനധികൃതമായി പൊളിച്ചുമാറ്റിയെന്ന പരാതി പരിഗണിച്ച ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണത്തിനുകീഴിലെ ബുൾഡോസർരാജിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

രായ്ക്കുരാമാനം ബുൾഡോസറുമായി കയറി വന്ന് എല്ലാം ഇടിച്ചുനിരത്താൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനെ സുപ്രീംകോടതി കർശനമായ താക്കീത് നൽകുകയായിരുന്നു ഈ വിധിയിലൂടെ. നോട്ടീസ് നൽകാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും അനധികൃതമായി വീട് പൊളിച്ചുമാറ്റിയതിന് യു.പി സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒരു നോട്ടീസുപോലും നൽകാതെ സ്ഥലത്തെത്തി ലൗഡ്‌സ്പീക്കറിലൂടെ വീട് പൊളിക്കുകയാണെന്ന് വിളംബരം ചെയ്യുക, പിന്നാലെ ബുൾഡോസർ കയറ്റി വീട് പൊളിക്കുക ഇതൊക്കെ നിയമവ്യവസ്ഥ നിലനിൽക്കുന്ന ഏതെങ്കിലുമൊരു സമൂഹത്തിന് അനുവദിക്കാനാവുമോ? തികച്ചും ഏകപക്ഷീയമായ ഇത്തരം നടപടികൾ പൂർണമായും നിയമരാഹിത്യമാണെന്നാണ് ജെ.ബി.പർദ്ദീവാല വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. രാജ്യമെമ്പാടും ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർരാജ് നടപ്പാക്കുകയാണ് മോദിഭരണത്തിനുകീഴിൽ. ദുസ്സഹമായ ഇത്തരമൊരു സാഹചര്യത്തെ തടയുകയെന്ന ഉദ്ദേശ്യത്തോടെ സുപ്രീംകോടതി നടത്തിയ ഈ വിധിപ്രസ്താവന ന്യൂനപക്ഷങ്ങൾക്കും ഭരണകൂടങ്ങളുടെ നിയമവിരുദ്ധകയ്യേറ്റങ്ങൾക്കും ഇരയാകുന്നവർക്ക് ആശ്വാസകരമാണ്.

നവംബർ 26-ന്റെ സുപ്രീംകോടതി വിധി ബുൾഡോസർരാജിനെതിരായ ശക്തമായ വിമർശനമായിരുന്നു. ഏതെങ്കിലും കേസുകളിൽ പ്രതികളോ ശിക്ഷിക്കപ്പെട്ടവരോ ആയ വ്യക്തികളുടെ വീടുകൾ അനധികൃത നിർമാണമെന്ന പേരിൽ ഇടിച്ചുനിരത്തുന്നത് ഭരണകൂട ഭീകരതയെന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അത് ലംഘിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങൾ സ്വാഭാവികനീതിയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊക്കെ നിയമലംഘനപ്രവർത്തനം നടത്തുന്ന ഭരണാധികാരികൾക്കുനേരെ ശക്തമായ നടപടി വേണമെന്നും വിധി പ്രസ്താവനയിൽ പറയുന്നു. അധികാര ദുർവിനിയോഗത്തിലൂടെ നടത്തുന്ന ഇടിച്ചുനിരത്തലിന് ഉത്തരവുനൽകുന്ന ഉദേ-്യാഗസ്ഥരിൽ നിന്ന് പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു. പാർപ്പിടം പൗരരുടെ മൗലികാവകാശമാണെന്നും പ്രതിയോ കുറ്റവാളിയോ ആയ വ്യക്തി മാത്രമല്ല അവരുടെ കുടുംബം മുഴുവനും ഇടിച്ചുനിരത്തലിന്റെ ഇരകളാകുമെന്നും കോടതി വിധിയിൽ പറയുന്നു.

രാജ്യത്തൊട്ടൊകെ മോദിസർക്കാർ മൂന്നാം തവണയും ഭരണത്തിൽവന്നതിനുശേഷം വർഗീയധ്രുവീകരണം ലക്ഷ്യംവെച്ചുള്ള അക്രമോത്സുക നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ലീംവിരുദ്ധ പ്രവർത്തനങ്ങൾ ഹിന്ദുത്വശക്തികൾ ശക്തമാക്കിയിട്ടുണ്ട്. കൻവാർ യാത്ര നടത്തുന്ന വീഥിയുടെ ഇരുവശത്തുമുള്ള കച്ചവടക്കാർ തങ്ങളുടെ കടകൾക്കുമുമ്പിൽ പേരെഴുതി പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്– ഉത്തരാഖണ്ഡ് സർക്കാരുകൾ ഉത്തരവിറക്കിയിരുന്നു. മുസ്ലീങ്ങളായ കടയുടമസ്ഥരെ ലക്ഷ്യമിട്ട ഈ ഉത്തരവുകൾ സുപ്രീംകോടതി സ്റ്റേ ചെയ്യുകയാണുണ്ടായത്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഹരിയാനയിലും ഗോരക്ഷയുടെ പേരിൽ ഹിന്ദുത്വശക്തികൾ നരഹത്യകൾ നടത്തുകയായിരുന്നു. ഹിമാചൽപ്രദേശിലെ ഷിംലയിലെ ഒരു പള്ളി അനധികൃത നിർമാണമാണെന്ന പേരിൽ ഹിന്ദുത്വശക്തികൾ പ്രചാരണം നടത്തുകയും കടുത്ത വർഗീയവിദേ-്വഷം പടർത്തുകയും ചെയ്തു. ഇത് ഷിംലയിൽ അപകടകരമായൊരു സ്ഥിതിവിശേഷം രൂപപ്പെടുത്തി. രാജ്യത്തൊട്ടാകെ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ വർഗീയവിഭജനത്തിനായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഉത്തരാഖണ്ഡിൽ മുസ്ലീങ്ങളായ കച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം നടക്കുന്നു. ചില ഗ്രാമങ്ങളിൽ പൊതുവഴിയിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന ബോർഡുകൾ വെക്കുന്നു. ഉത്തർപ്രദേശ് ഗവൺമെന്റ് നിയമവിരുദ്ധ മതപരിവർത്തന (ഭേദഗതി) നിയമം 2024 കൊണ്ടുവരികയും വ്യത്യസ്ത മതക്കാർ തമ്മിലുള്ള വിവാഹങ്ങളെ എതിർക്കുകയും അതിനുള്ള ശിക്ഷാകാലാവധി 10 വർഷം എന്നതിൽ നിന്ന് ജീവപര്യന്തത്തിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആസാമിൽ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ഭൂമി കച്ചവടം നടത്തുന്നതിനെ തടയുന്ന നിയമം കൊണ്ടുവരാൻ നോക്കുന്നു. ലാൻഡ്- ജിഹാദ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിയമമാണ് കൊണ്ടുവരാൻ പോകുന്നത്. ആസാം മുഖ്യമന്ത്രി ഹേമന്ത്ബിശ്വശർമ്മ യു.പിയിലെ പോലെ മിശ്രവിവാഹത്തിനെ ലൗജിഹാദ് എന്ന് പേരിട്ട് നിരോധിക്കുന്നതിനും അങ്ങനെ വിവാഹം ചെയ്യുന്നവരെ ജയിലിലടയ്-ക്കുന്നതിനുമുള്ള നിയമം കൊണ്ടുവരാനാണ് നോക്കുന്നത്. ഹേമന്ത് ബിശ്വശർമ എല്ലാ പരിധികളും ലംഘിക്കുകയും മുസ്ലീങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ‘വിദേശികൾ’ എന്ന പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. മതപരമായ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തുകയെന്ന ആർ.എസ്.എസ്-–ബി.ജെ.പി തന്ത്രം എല്ലായിടങ്ങളിലും പരീക്ഷിക്കപ്പെടുകയാണ്.

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ഷേത്രത്തിലെ ലഡുനിർമാണത്തിൽ നെയ്ക്കുപകരം മൃഗക്കൊഴുപ്പ് മായംചേർത്ത് ഉപയോഗിച്ചു എന്നത് ഒരു വർഗീയവിഷയമാക്കി മാറ്റാനാണ് ബിജെപിയും എൻ.ഡി.എ കക്ഷികളും ശ്രമിച്ചത്. അങ്ങേയറ്റം അപലപനീയമായ നീക്കമാണ് ബി.ജെ.പി, ടി.ഡി.പി, ജനസേവ എന്നീ എൻ.ഡി.എ പാർട്ടികൾ നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രശ്‌നത്തെ കടുത്ത വർഗീയവൽക്കരണത്തിനും അതുവഴി ഭൂരിപക്ഷ സാമുദായികധ്രുവീകരണത്തിനും ഉപയോഗിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 9 =

Most Popular