Monday, November 25, 2024

ad

Homeവിശകലനംപല മൗദൂദിമാര്‍: 
മൗദൂദിസം 
മൂപ്പെത്തിയ കഥ

പല മൗദൂദിമാര്‍: 
മൗദൂദിസം 
മൂപ്പെത്തിയ കഥ

എ എം ഷിനാസ്

1941 ആഗസ്റ്റ് 26ന് ലാഹോറില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിക്കപ്പെട്ടത് അബുല്‍ അഅ്ലാ മൗദൂദി പത്രാധിപരായ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ എന്ന ഉറുദു മാസികയില്‍ വന്ന പരസ്യത്തെത്തുടര്‍ന്നാണ്. ലാഹോറിലെ ഇസ്ലാമിയ പാര്‍ക്കില്‍ അന്ന് 75 പേര്‍ ഒത്തുചേര്‍ന്നു. ആ യോഗത്തില്‍ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മൗദൂദി പ്രഖ്യാപിച്ചു: മറ്റെല്ലാ മുസ്ലിം പ്രസ്ഥാനങ്ങളും ഇസ്ലാമിന്റെ ചില ഭാഗങ്ങളും ഏതാനും ചില ലക്ഷ്യങ്ങളും മാത്രം താന്താങ്ങളുടെ സംഘടനാ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തി തൃപ്തിയടയുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം, ഇസ്ലാമിനെ അതിന്റെ സമഗ്രതയിലും സമ്പൂര്‍ണതയിലും സ്ഥാപിക്കുക എന്നതത്രെ. ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്നും അതിനാല്‍ രാഷ്ട്രീയം അതിന്റെ അവിച്ഛിന്ന ഭാഗമാണെന്നും പരമ്പരാഗത ഇസ്ലാം പരിശുദ്ധമല്ലെന്നും അന്ന് മൗദൂദി വിളംബരം ചെയ്തു. ശുദ്ധ ഇസ്ലാമിനെ വീണ്ടെടുക്കുകയും സാമ്പ്രദായിക മുസ്ലിങ്ങളെ നവ മുസ്ലിങ്ങളായി മാറ്റുകയുമാണ് ജമാഅത്ത് അംഗങ്ങളുടെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്ന്. ജമാഅത്തെ ഇസ്ലാമിയില്‍ അംഗമാകുന്നതോടെ ഒരാള്‍ നവ മുസ്ലിമായി മാറുന്നു. രണ്ടാമതായി, അവിഭക്ത ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രം ജമാഅത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുന്നില്ല. ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കിടയിലും നവ മുസ്ലിമിന്റെ വിചാരധാരയുടെ വശ്യത പ്രസരിപ്പിക്കണം. ‘അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം’ എന്ന ദൈവിക പരമാധികാര വ്യവസ്ഥയ്ക്കു വേണ്ടിയാണ് നവ മുസ്ലിങ്ങള്‍ തീവ്രയത്ന പരിപാടിയില്‍ ഏര്‍പ്പെടേണ്ടത്. ലോകത്തില്‍ വ്യാപകമായ ബഹുവിധ തിന്മകളുടെയും ദുഷ്-കൃത്യങ്ങളുടെയും ദുര്‍മാര്‍ഗങ്ങളുടെയും മൂലകാരണം ‘മനുഷ്യന്റെ പരമാധികാരം’ എന്ന അനിസ്ലാമിക വ്യവസ്ഥയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

വിഭജനം ആസന്ന യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയുന്നതുവരെ ഇന്ത്യയെ ദാറുല്‍ ഇസ്ലാം (ഇസ്ലാമിന്റെ ഭവനം) ആക്കി മാറ്റുക എന്നതായിരുന്നു മൗദൂദിയുടെ മഹത്തായ ലക്ഷ്യം. 1923 ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന മാസികയുടെ പത്രാധിപത്യം ഏറ്റെടുത്ത മൗദൂദി, 1927 ല്‍ തന്റെ ആദ്യ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘അല്‍þജിഹാദ് ഫില്‍ ഇസ്ലാം’, ‘ദൗലത്ത് അറഫിയ വ ഹുകുമത്ത് ഇ ബര്‍തന്‍വ’ എന്നിവ. 1933 ല്‍ ‘റ്റുവേര്‍ഡ്സ് അണ്‍ഡര്‍സ്റ്റാന്‍ഡിങ് ഇസ്ലാം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ദൈവശാസ്ത്ര പണ്ഡിതരുടെ മുന്‍നിരയില്‍ മൗദൂദി സ്ഥാനമുറപ്പിച്ചു.

മൗദൂദിയുടെ ചരിത്ര സങ്കല്‍പ്പനം വൈരുധ്യാത്മകമായിരുന്നു. ‘ഹെഗലിന്റെയും മാര്‍ക്സിന്റെയും ചരിത്ര ദര്‍ശനം’ എന്ന തലക്കെട്ടില്‍ 1939ല്‍ അദ്ദേഹം എഴുതിയ നീണ്ട ലേഖനത്തില്‍, മാനവസമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം ഹഖും (ശരിയും) ബാത്തിലും (തെറ്റും) തമ്മിലുള്ള സംഘര്‍ഷമായാണ് വിഭാവനം ചെയ്യുന്നത്. മൗദൂദി പലപാട് പറഞ്ഞ ഭാഷയില്‍, മാനവചരിത്രം ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാമിക വ്യവസ്ഥ) തമ്മിലുള്ള പോരാട്ടമായാണ് മൗദൂദി കണ്ടത്. മേല്‍ ലേഖനത്തില്‍, ഹെഗലിന്റെയും മാര്‍ക്സിന്റെയും ചരിത്രദര്‍ശനത്തെ തന്റെ ഭാവനയിലുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മൂശയിലേക്ക് വെട്ടിയും വക്രീകരിച്ചും ഒതുക്കുന്ന മൗദൂദി, മാര്‍ക്സിന്റെ ശൈലിയും രൂപകവും ആവശ്യാനുസൃതം ഉപയോഗിക്കുന്നുമുണ്ട്. നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം, മര്‍ദ്ദകനും മര്‍ദ്ദിതനും, ചൂഷകനും ചൂഷിതനും തമ്മിലുള്ള വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുമ്പോള്‍, മൗദൂദി ഇസ്ലാമിനെയും ജാഹിലിയ്യത്തിനെയും വിരുദ്ധ ശക്തികളായ അവ തമ്മിലുള്ള സുദീര്‍ഘ സമരമായി ചരിത്രത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു.

അറിവും പഠിപ്പും ദൈവഭക്തിയുമുള്ള, തിരഞ്ഞെടുക്കപ്പെട്ട മുന്നണിപ്പോരാളികള്‍ നയിക്കുന്ന, ലെനിനിസ്റ്റ് മാതൃകയിലുള്ള ഒരു സംഘടനയായാണ് ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടത്. അതിന്റെ ആത്യന്തിക ലക്ഷ്യം, ആധുനികകാല ജാഹിലിയ്യകളായ സോഷ്യലിസം, കമ്യൂണിസം, ജനാധിപത്യം, ദേശീയവാദം, മതനിരപേക്ഷത, പരിശുദ്ധമല്ലാത്ത പരമ്പരാഗത ഇസ്ലാം എന്നിവയെ ഇല്ലായ്മചെയ്ത് ദൈവാധികാരത്തില്‍ അധിഷ്ഠിതവും ഇസ്ലാമിക വ്യവസ്ഥ പുലരുന്നതുമായ ഒരു മതരാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു.

മൗദൂദി (1927)

1941 മുതല്‍ 1947 വരെ അവിഭക്ത ഇന്ത്യയിലും വിഭജനാനന്തരം പാകിസ്താനിലും മൗദൂദി വ്യത്യസ്ത ഘട്ടങ്ങളില്‍ എടുത്ത നിലപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വൈരുധ്യങ്ങളുടെയും വിട്ടുവീഴ്ചകളുടെയും അവസരവാദത്തിന്റെയും വികടനാടകങ്ങളുടെയും ഘോഷയാത്രയാണ് കാണാന്‍ കഴിയുക. തന്റെ ഇസ്ലാമിസ്റ്റ് പ്രമാണങ്ങളും യാഥാര്‍ഥ്യവും മുഖാമുഖം വന്നപ്പോള്‍ മനം നിറയെ ഇസ്ലാമികരാഷ്ട്രസംസ്ഥാപനമോഹം കാത്തുസൂക്ഷിക്കവേതന്നെ, മൗദൂദിക്ക് താന്‍ മെനഞ്ഞെടുത്ത പുതുദൈവശാസ്ത്ര പരികല്പനകളില്‍ വെള്ളം ചേര്‍ക്കേണ്ടിവന്നതിന്റെയും അവസരവാദപരമായ നിലപാടുകള്‍ തന്ത്രപരമായി കൈക്കൊള്ളേണ്ടിവന്നതിന്റെയും കഥയാണത്. അതിലേക്ക് കടക്കുന്നതിനുമുമ്പ് ആദ്യകാല മൗദൂദിയില്‍നിന്ന് പില്‍ക്കാല ഇസ്ലാമിസ്റ്റ് മൗദൂദിയിലേക്കുള്ള ബൗദ്ധികപ്രയാണത്തിന്റെ ചരിത്രമറിയുന്നത് കൗതുകകരമാണ്. അപ്പോള്‍, ഇസ്ലാമിസത്തിന്റെ ഏറ്റവും സുഘടിതമായ പ്രത്യയശാസ്ത്രരൂപമെന്ന് വിശേഷിപ്പിക്കാവുന്ന മൗദൂദിസം, പൗരസ്ത്യം എന്നതിലേറെ പാശ്ചാത്യമാണെന്ന പരമാര്‍ഥമാണ് തെളിഞ്ഞുവരിക.

മൗദൂദിസം വാസ്തവത്തിൽ ‘ശുദ്ധ ഇസ്ലാമിക’ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല.മറിച്ച്, അത് തികച്ചും ആധുനികമായ പ്രത്യയശാസ്ത്രമാണെന്ന് നിരവധി പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജർമൻ ആശയവാദവും വിപ്ലവകാല ഫ്രാൻ‌സിൽ ഉരുത്തിരിഞ്ഞ ഭരണകൂടവും പൗരരും തമ്മിലുള്ള ബന്ധവും ഭരണകൂട പരമാധികാരം സംബന്ധിച്ച ആശയങ്ങളും, പതിനേഴാം നൂറ്റാണ്ടിൽ, ശാസ്ത്രീയ വിപ്ലവത്തിന്റെ തുടക്കത്തിൽ, പ്രകൃതിനിയമങ്ങളെല്ലാം ദൈവികശക്തിയാൽ നിയന്ത്രിക്കപ്പെടുന്നവയാണെന്ന സങ്കല്പവും, മാർക്സിയൻ പരികൽപനകളുമെല്ലാം ഇസ്ലാമിന്റെ മൗദൂദിയൻ രാഷ്ട്രീയഭാഷ്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം.അവയൊക്കെ തന്റെ മതരാഷ്ട്ര സങ്കല്പത്തിന് അനുസൃതമായി പരിഷ്കരിക്കുകയും ഇസ്ലാമിക പദാവലികളിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു മൗദൂദി.വിസ്‌താരഭയത്താലും ഇതേക്കുറിച്ച് മറ്റൊരു ദീർഘലേഖനം തന്നെ ആവശ്യമായതിനാലും ഇപ്പോൾ ഇത്രമാത്രം പറഞ്ഞുവെക്കുന്നു.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഇർഫാൻ അഹമദ് എഴുതിയ ‘ഇസ്ലാമിസം ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യ’ (2009) എന്ന പുസ്തകത്തിലും ‘പ്രിൻസ്റ്റൺ എൻസെെക്ലോപീഡിയ ഓഫ് ഇസ്ലാമിക് പൊളിറ്റിക്കൽ നോട്ട്’ (2012) എന്ന സർവവിജ്ഞാന ഗ്രന്ഥത്തിൽ വന്ന ഇർ–ഫാൻ അഹമദിന്റെ പ്രബന്ധത്തിലും പാകിസ്താനിലെ ‘ഡോൺ’ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അബുൽ അഅ്ലാ മൗദൂദി: ആൻ എക്സിസ്റ്റൻഷ്യലിസ്റ്റ് ഹിസ്റ്ററി’ (ജനുവരി 1, 2015) പോലുള്ള നിരവധി ലേഖനങ്ങളിലും ‘പരമ്പരാഗത മുസ്ലി’മായിരുന്ന മൗദൂദി എങ്ങനെയാണ് ഇസ്ലാമിസത്തിന്റെ ധ്വജവാഹകനായി മാറിയതെന്ന ചരിത്രം വിശദീകരിക്കുന്നുണ്ട്.

വിഭജനാനന്തരം വിളംബമില്ലാതെ പാകിസ്താനിലേക്ക് പലായനം ചെയ്ത മൗദൂദി, അക്കാലത്തെയും ഇക്കാലത്തെയും പല ഇസ്ലാമിക പണ്ഡിതരെയും പോലെ പൂർണമായും യാഥാസ്ഥിതിക ചിന്താഗതിയുള്ള കുടുംബത്തിലല്ല ജനിച്ചത്. ‘മൗദൂദി: ആൻ എക്സിസ്റ്റൻഷ്യലിസ്റ്റ് ഹിസ്റ്ററി’ എന്ന ലേഖനത്തിൽ നദീം എഫ് പരച്ച എഴുതുന്നു: ‘‘മൗദൂദിയുടെ വ്യക്തിഗത ചരിത്രം ആരിലും താൽപര്യമുണർത്തുന്നതാണ്. അസ്തിത്വപരമായ ചില പ്രതിസന്ധികൾക്കുശേഷം തന്റെ ധർമസങ്കടങ്ങളെ അഭിസംബോധന ചെയ്യാനാണ് ഇസ്ലാമിനെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി അദ്ദേഹം വ്യാഖ്യാനിക്കാൻ പ്രയത്നിച്ചത്’’. സാമ്പ്രദായിക മദ്രസാ പഠനത്തിലൂടെ കടന്നുവന്ന വ്യക്തിയല്ല മൗദൂദി. കൊളോണിയൽ ഇന്ത്യയിലെ ഔറംഗബാദിൽ 1903ൽ ജനിച്ച മൗദൂദിയുടെ കുടുംബത്തിന് മുസ്ലിം പരിഷ്കർത്താവും മുസ്ലിം ദേശീയതാവാദത്തിന്റെ ആദ്യകാല ശിൽപികളിലൊരാളുമായ സർ സയ്യിദ് അഹമ്മദ്ഖാനുമായി ബന്ധമുണ്ടായിരുന്നു. മൗദൂദിയുടെ പിതാവായ അഹമദ് ഹസനെ 1875ൽ അഹമ്മദ് ഖാൻ സ്ഥാപിച്ച ‘മുഹമ്മദൻ ആംഗ്ലോ – ഓറിയന്റൽ കോളേജിൽ ചേരാൻ അഹമദ് ഖാൻ പ്രേരിപ്പിച്ചു. എന്നാൽ അഹമദ് ഹസ്സന്റെ പിതാവ് യാഥാസ്ഥിതികനായിരുന്നു. പിതാവിന്റെ എതിർപ്പിനെ വകവെയ്ക്കാതെയാണ് പിന്നീട് അലിഗഡ് സർവകലാശാലയായി മാറിയ മുഹമ്മദൻ ആംഗ്ലോ –ഓറിയന്റ് കോളേജിൽ മകൻ ചേർന്നത്. അവിടെയെത്തിയതോടെ അഹമ്മദ് ഹസൻ ‘പാശ്ചാത്യവസ്ത്രം’ ധരിക്കാനും ക്രിക്കറ്റ് കളിയിൽ വ്യാപൃതനാകാനും തുടങ്ങി. ഇതിൽ കോപാകുലനായ ഹസന്റെ പിതാവ്, സയ്യിദ് അഹമ്മദ് ഖാന്റെ കോളേജിലുള്ള മകന്റെ പഠനം അവസാനിപ്പിച്ചു. തുടർന്ന് ഹസനെ യഥാസ്ഥിതിക വീക്ഷണമുള്ള വ്യത്യസ്ത മതപുരോഹിതരുടെയും ഉലമാക്കളുടെയും ക്ലാസുകളും പ്രഭാഷണങ്ങളും കേട്ടുപഠിക്കാൻ പിതാവ് അയച്ചു. അതോടെ ഹസൻ അലിഗഡിൽ നിന്ന് സ്വാംശീകരിച്ച ‘പാശ്ചാത്യ ജീവിതശെെലി’ പരിത്യജിക്കുകയും തീവ്ര യാഥാസ്ഥിതികതയും കടുത്ത മതനിഷ്ഠയുമുള്ള ആളായിത്തീരുകയും ചെയ്തു. 1903ൽ മൗദൂദി ജനിച്ചപ്പോൾ മകന് പാശ്ചാത്യവിദ്യാഭ്യാസം നൽകില്ലെന്ന് ഹസൻ പ്രതിജ്ഞയെടുത്തിരുന്നു.

വീട്ടിൽ, സ്വകാര്യ ട്യൂഷൻ വഴിയാണ് ഒൻപതുവയസ്സുവരെ മൗദൂദി ഉറുദുവും അറബിയും പേർഷ്യനും പഠിച്ചത്. പന്ത്രണ്ടാം വയസ്സിൽ മൗദൂദിയെ ഓറിയന്റൽ ഹെെസ്കൂളിൽ ചേർത്തു. ഇസ്-ലാമിക പണ്ഡിതനായ ഷിബ്-ലി നൊമാനി രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതിയാണ് അവിടെയുണ്ടായിരുന്നത്. ഇസ്-ലാമിക നിയമസംഹിതയും ഇസ്-ലാമിക പാരമ്പര്യവും കൂടാതെ ഗണിതശാസ്ത്രവും ഇംഗ്ലീഷ് ഭാഷയും പാഠ്യക്രമത്തിൽ ഉണ്ടായിരുന്നു. പിന്നീട് മൗദൂദി ഹെെദരാബാദിലെ ഇസ്-ലാമിക് കോളേജായ ദാറുൽ ഉലൂമിൽ ചേർന്നു. പിതാവിന്റെ അസുഖത്തെ തുടർന്ന് ഹെെദരാബാദിലെ പഠനം ഉപേക്ഷിച്ച് പിതാവിനെ കാണാൻ മൗദൂദി ഭോപ്പാലിലെത്തി.

ഭോപ്പാലിൽവച്ചാണ് യുവാവായ മൗദൂദി, ഉറുദു കവിയും എഴുത്തുകാരനുമായ നിയാസ് ഫത്തേഹ്പൂരിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഫത്തേഹ്പൂരിയുടെ കവിതകളും മറ്റ് രചനകളും യാഥാസ്ഥിതിക മുസ്ലീങ്ങളെയും മാമൂൽപ്രിയരായ മുസ്ലീം പുരോഹിതഗണത്തെയും നിശിതമായി വിമർശിക്കുന്നവയായിരുന്നു. മുസ്ലീം ഉലമാക്കളിൽ മിക്കവാറും ഫത്തേഹ്പുരിയെ ‘ദെെവനിഷേധി’യായി പ്രഖ്യാപിച്ചിരുന്നു. മൗദൂദി ഫത്തേഹ്പുരിയെ കണ്ടുമുട്ടുമ്പോൾ കവി ഉറുദു സാഹിത്യമണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഫത്തേഹ്പുരിയുടെ രചനാശെെലിയിൽ പ്രചോദിതനായ മൗദൂദി, എഴുത്തുകാരനാകാൻ തീരുമാനിച്ചു. 1919ൽ, 17 വയസ്സുള്ള മൗദൂദി ഡൽഹിയിലേക്ക് താമസം മാറ്റി. അവിടെ വച്ചാണ് സർ സയ്യിദ് അഹമ്മദ് ഖാന്റെ കൃതികൾ മുഴുവൻ മൗദൂദി വായിക്കുന്നത്. ഈ വായന യൂറോപ്യൻ ധെെഷണികരുടെയും എഴുത്തുകാരുടെയും തത്ത്വചിന്തയിലേക്കും സാമൂഹികശാസ്ത്രത്തിലേക്കും ചരിത്ര വിജ്ഞാനീയത്തിലേക്കും രാഷ്ട്രമീമാംസയിലേക്കും മൗദൂദിയെ എത്തിച്ചു.

യൂറോപ്യൻ തത്ത്വചിന്തകരുടെയും രാഷ്ട്രമീമാംസകരുടെയും ചരിത്രകാരരുടെയും പുസ്തകങ്ങളും പ്രബന്ധങ്ങളും വായിക്കാൻ അഞ്ച് കൊല്ലം മൗദൂദി വിനിയോഗിച്ചു എന്നാണ് ഇർഫാൻ അഹമ്മദ് എഴുതുന്നത്. ഈ ഉൗർജസ്വലമായ വായനാവ്യായാമമാണ് പാശ്ചാത്യലോകത്തിന്റെ മുന്നേറ്റത്തിന്റെയും മുസ്ലീം സാമ്രാജ്യങ്ങളുടെ പതനത്തിന്റെയും കാരണങ്ങളിലേക്ക് തന്റെ കണ്ണുതുറപ്പിച്ചതെന്ന് മൗദൂദി അവകാശപ്പെട്ടു. ഇക്കാലത്താണ് ഉറുദു പത്രങ്ങളിൽ പംക്തികളെഴുതാൻ മൗദൂദി തുടങ്ങിയത്. അവയിലൊരു ലേഖനത്തിൽ യൂറോപ്യൻ നാഗരികതയുടെ അഭിവൃദ്ധിക്ക് വെള്ളവും വളവും നൽകിയ യൂറോപ്യൽ പണ്ഡിതരുടെ പട്ടിക മൗദൂദി നിരത്തുന്നുണ്ട്. ഹെഗൽ, ആഡംസ്മിത്ത്, റൂസ്സോ, വോൾട്ടയർ, ചാൾസ് ഡാർവിൻ തുടങ്ങിയവരതിലുണ്ട്. ഈ ലേഖനത്തോടെ അദ്ദേഹത്തിന്റെ പംക്തികളിൽ, മുസ്ലീങ്ങൾ യൂറോപ്യൻ രാഷ്ട്രീയ ചിന്തയും തത്ത്വചിന്തയും വായിച്ചു പഠിച്ച്, അവയിൽ അതികുശലരാകേണ്ടതിന്റെ ആവശ്യകത മൗദൂദി ഊന്നിപ്പറഞ്ഞു. ഒരാൾക്ക് മനസ്സിലാകാത്ത ഒന്നിനെ വെല്ലുവിളിക്കാൻ കഴിയില്ല എന്നാണ് മൗദൂദി പറഞ്ഞത്.

ഇക്കാലത്തുതന്നെയാണ് മൗദൂദി മാർക്സിസത്തിൽ താൽപ്പര്യം കാണിക്കുന്നത്. ഡൽഹിയിലെ ധെെഷണികവൃത്തത്തിൽ പ്രമുഖനും മാർക്സിസ്റ്റ് ചിന്തകനുമായ അബ്ദുൽ സത്താർ വെെറിയെയും പുരോഗമനവാദിയായ ഉറുദു കവി ജോഷ് മാലിഹാബാദിയെയും മൗദൂദി പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. 1930കളുടെ തുടക്കം വരെ യുവ പത്രപ്രവർത്തകനായ മൗദൂദി, സിനിമ കാണുന്നതിലും സംഗീത –ഗാന പരിപാടികൾക്ക് പോകുന്നതിലും അതീവതാൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് മൗദൂദി താടി വളർത്തിയിരുന്നില്ല. കോട്ടും സൂട്ടും ‘‘ടെെ’’യും ധരിച്ചിരുന്നു താനും. (ഇസ്-ലാമിസം ആവേശിച്ചതോടെ സിനിമ കാണുന്നതും സംഗീതം കേൾക്കുന്നതും ടെെ ധരിക്കുന്നതും മറ്റും അനിസ്-ലാമികമാണെന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു!) മൗദൂദി വിവാഹം കഴിച്ചത് ഡൽഹിയിലെ മിഷനറി സ്ഥാപനമായ ക്യൂൻ മേരി സ്കൂളിൽ പഠിച്ച, സ്വതന്ത്ര ചിന്താഗതി പുലർത്തിയ മഹ്-മൂദാ ബീഗത്തെയാണ്. സെെക്കിളിൽ യാത്ര ചെയ്യുകയും പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരുന്ന മഹ്-മൂദാ ബീഗം, ഒരിക്കലും പർദ ധരിച്ചിരുന്നില്ല. (പിൽക്കാല ഇസ്ലാമിസ്റ്റ് മൗദൂദി, സ്ത്രീകളുടെ ലോകം വീടിന്റെ നാലു ചുമരുകൾക്കകത്താണെന്നും അവർക്ക് പർദ അനുപേക്ഷണീയമാണെന്നും സമർഥിച്ചുകൊണ്ട് ‘പർദ’ എന്ന ശീർഷകത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇതേ സമയത്തുതന്നെ ഗാന്ധിയോടും മദൻമോഹൻ മാളവ്യയോടും ആദരവുമുണ്ടായിരുന്നു മൗദൂദിക്ക്. ഇരുവരുടെയും ജീവചരിത്രമെഴുതുകയും ചെയ്തു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മൗദൂദി ചേർന്നില്ലെങ്കിലും മുസ്ലീങ്ങളോട് ദേശീയ പ്രസ്ഥാനങ്ങളിലൊന്നായ ഐഎൻസിയിൽ ചേർന്നു പ്രവർത്തിക്കാൻ തന്റെ പത്രലേഖനങ്ങളിലൂടെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മൗദൂദി പക്ഷേ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിൽ വ്യഥിതനും നിരാശനുമായിരുന്നു. തുർക്കി ദേശീയവാദികളെയാണ് ഇതിന് കാരണക്കാരായി മൗദൂദി കണ്ടത്. ഇന്ത്യൻ ദേശീയവാദത്തോട് വിപ്രതിപത്തിയും അമർഷവും അദ്ദേഹത്തിൽ വളർന്നുവരാൻ തുടങ്ങി. തുർക്കി ദേശീയവാദത്തിന്റെ കുതിപ്പാണ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കും അഖില ഇസ്-ലാമികവാദത്തിനേറ്റ തിരിച്ചടിക്കും വഴിവച്ച മൂലകാരണങ്ങളിലൊന്നെന്ന് വിലയിരുത്തിയ മൗദൂദി, ആധുനികമായ ദേശീയവാദത്തിന്റെ ശക്തിയെ താൻ വിലകുറച്ചു മതിക്കുകയായിരുന്നുവെന്ന ബോധ്യത്തിലെത്തി. കോൺഗ്രസിന്റെ ‘ഇന്ത്യൻ ദേശീയവാദ’വുമായി ‘ദിയോബന്ദി ഉലമ’ ദേശീയവാദികളോടൊപ്പം നിന്നതും മൗദൂദിയിൽ മോഹഭംഗമുണ്ടാക്കി. അതോടെ അദ്ദേഹം കൂടുതൽ സമയം കുടുംബത്തോടും പുസ്തകങ്ങളോടുമൊപ്പം ചെലവഴിച്ചു തുടങ്ങി. അപ്പോഴും വല്ലപ്പോഴുമുള്ള സിനിമ കാണലും ക്ലാസിക്കൽ –സെമി ക്ലാസ്സിക്കൽ ഗാനപരിപാടികൾക്ക് പോകുന്നതും നിർത്തിയില്ല.

1938ലാണ് പ്രമുഖ ഇസ്-ലാമിക പണ്ഡിതനായ മൻസൂർ നൊമാനിയെ യാദൃച്ഛികമായി മൗദൂദി കണ്ടുമുട്ടുന്നത്. പിതാവിന്റെ പെെതൃകത്തിൽ നിന്ന് അകലം പാലിച്ചതിനും താടി വളർത്താത്തതിനും നിയന്ത്രണമില്ലാത്ത മുസ്ലീമായി ജീവിതം നയിക്കുന്നതിനും മൗദൂദിയെ മൻസൂർ നൊമാനി ഗുണദോഷിച്ചു. അവിഭക്ത ഇന്ത്യയിലെ ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ദേശീയവാദം വേരിറക്കുന്നതിൽ ഹതാശനും അസ്വസ്ഥനുമായ മൗദൂദി, തന്റെ ഗ്രന്ഥപ്പുരയിലേക്ക് പിൻവാങ്ങി; ഇത്തവണ പക്ഷേ, ഇസ്-ലാമിനെ ആമൂലാഗ്രം പഠിക്കാനായിരുന്നു വായനയിലേക്കുള്ള തിരിച്ചുപോക്ക്. അങ്ങനെ മൗദൂദി പാശ്ചാത്യനാഗരികതയുടെ ഉന്നമനത്തിനും മുസ്ലീം അധികാരസ്വരൂപങ്ങളുടെ അപചയത്തിനും കാരണമായ ഒരു സിദ്ധാന്തവുമായി പ്രത്യക്ഷപ്പെട്ടു; യൂറോപ്യൻ രാഷ്ട്രീയാധികാരത്തിന്റെ വളർച്ചയുടെ അടിസ്ഥാനം പൂർണമായും ആധുനിക പാശ്ചാത്യചിന്താസരണികളല്ല. പരിശുദ്ധ ഇസ്-ലാമിൽ നിന്ന് മുസ്ലീം സമൂഹം വ്യതിചലിച്ചപ്പോൾ ഇസ്ലാം അധോഗതിയിലാവുകയും ആ ഇടത്തിലേക്ക് യൂറോപ്യൻ ശക്തികൾ കടന്നുകയറുകയുമായിരുന്നു. ശുദ്ധ ഇസ്ലാമിനെ വീണ്ടെടുക്കുകയും നാമാവശേഷമായ ഇസ്ലാമിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയുമാണ് മുസ്ലിങ്ങളുടെ അടിയന്തര കർത്തവ്യം. ദെെവാധികാരത്തിലധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയാണത്. മുസ്ലീം ലീഗിന്റെ മുസ്ലീം ദേശീയവാദത്തിന്റെ നിശിത വിമർശകനായി മൗദൂദി മാറി. മുസ്ലിംലീഗിനെ ‘വിഗ്രഹാരാധകരുടെ പാർട്ടി’യെന്നും ‘ഭൂമിശാസ്ത്ര മുസ്ലിങ്ങളുടെ പാർട്ടി’യെന്നും ‘കാനേഷുമാരി മുസ്ലിങ്ങളുടെ പാർട്ടി’ എന്നുമൊക്കെയാണ് മൗദൂദി വിശേഷിപ്പിച്ചിരുന്നത്. മുസ്ലിംലീഗുകാരെ ‘നാമമാത്ര മുസ്ലിങ്ങൾ’ എന്നും വിളിച്ചു. ലീഗുകാർക്ക് ജിന്ന, ‘ഖായിദെ അഅ്സം’ (മഹാനായ നേതാവ്) ആയിരുന്നപ്പോൾ മൗദൂദി ജിന്നയെ ‘കാഫിറെ അഅ്സം’ (മഹാനായ ഇസ്ലാം നിഷേധി) എന്നു വിളിച്ച് അപഹസിച്ചു. കാരണം, മുസ്ലിം രാഷ്ട്രത്തിനുവേണ്ടി മതത്തെ ജിന്ന സമർഥമായി ഉപയോഗിച്ചെങ്കിലും മൗദൂദിയുടെ ‘ഹുകൂമത്തെ ഇലാഹി’ എന്ന ഇസ്ലാമിക രാഷ്ട്രം മുസ്ലിം ലീഗിന്റെ പരമോന്നത നേതാവിന്റെ മനസ്സിലുണ്ടായിരുന്നില്ല. മതേതരത്വം നിലനിൽക്കുന്ന ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായിരുന്നു ജിന്ന വിഭാവനം ചെയ്തിരുന്നത്. ‘ജാമിഅത്ത് ഉലേമ – ഇ – ഇസ്ലാം’ മൗദൂദിയെ വിശേഷിപ്പിച്ചത് ‘‘മൗദൂദിയത്ത്’’ എന്ന പ്രത്യേക മുസ്ലിം സെക്ടറിന്റെ സൃഷ്ടാവായാണ്. ഇസ്ലാമിനെ ഒരു പ്രസ്ഥാനവും മുസ്ലിങ്ങളെ ഒരു പാർട്ടിയുമായി മൗദൂദി അവതരിപ്പിക്കുകയും ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാം) തമ്മിലുള്ള നിരന്തര സമരത്തിന്റെ ആഖ്യാനമായി ചരിത്രത്തെ വിലയിരുത്തുകയും ചെയ്തു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × four =

Most Popular