Tuesday, June 18, 2024

ad

Homeനിരീക്ഷണംഅമേരിക്കയിലെ 
വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭം 
ഓർമ പുതുക്കൽ

അമേരിക്കയിലെ 
വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭം 
ഓർമ പുതുക്കൽ

എം എ ബേബി

ധുനിക ലോകത്തിൽ ഒരു ജനതയോട് ഏറ്റവും ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണം വിയറ്റ്നാം വിപ്ലവമാണ്. രണ്ടാം ലോകയുദ്ധത്തിന്റെ പരിസമാപ്തിയെ തുടർന്ന് ദേശീയ വിമോചന പ്രസ്ഥാനങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ശക്തി പ്രാപിച്ചപ്പോൾ സാമ്രാജ്യത്വശക്തികൾ പുതിയ രൂപത്തിൽ അവരുടെ ആധിപത്യം നിലനിർത്താൻ പദ്ധതികൾ തയ്യാറാക്കുകയും അടിച്ചമർത്തൽ നയം തുടരുകയും ചെയ്തു. കമ്യൂണിസ്റ്റ്‌ നേതാവ് ഹോച്ചിമിന്റെ നേതൃത്വത്തിൽ വിയറ്റ്നാം സ്വാതന്ത്ര്യം നേടുന്നത് തടയാൻ ഫ്രഞ്ച് സാമ്രാജ്യത്വവും അമേരിക്കൻ സാമ്രാജ്യത്വവും ഒന്നിനുപിറകേ ഒന്നായി സെെനിക ഇടപെടലുകൾ നടത്തി.

വിയറ്റ്നാമിൽ ഇടപെടാനായി യൂറോപ്പിൽനിന്നുള്ള സെെനികരെ കൊണ്ടുപോകുവാൻ അമേരിക്കൻ ഗവൺമെന്റിന്റെ വാണിജ്യ നൗകകളെ ഉപയോഗിക്കുന്നതിനെതിരായി 1945ൽ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ വിയറ്റ്നാം അനുകൂല പ്രകടനങ്ങൾ പിന്നീട് ഉയർന്നുവന്നത് 1954ലാണ്. ‘ദിയൻ ബിയൻ ഫൂവിൽ ഫ്രഞ്ച് കൊളോണിയൽ സെെന്യത്തെ ജനറൽ വൊ എൻഗുയൻഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പോരാളികൾ തോൽപിച്ച ചരിത്ര സംഭവം അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ യുദ്ധത്തിനു വഴിവെച്ചതിനെത്തുടർന്നാണ് അമേരിക്കയിലെ വിദ്യാർഥികളും വിവിധ വിഭാഗം ജനങ്ങളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി ‘വിയറ്റ്നാമി’നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തിൽപെട്ടവരും വിയറ്റ്നാമിന് അനുകൂലവും, യുദ്ധത്തിനെതിരുമായ നിലപാട് സ്വീകരിച്ചു. 1963 സെപ്തംബർ 21ന് ന്യൂയോർക്ക് നഗരത്തിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിൽ അമേരിക്കൻ മിഷനു മുമ്പിൽ യുദ്ധവിരുദ്ധ ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 1964 മെയ് 2ന് ന്യൂയോർക്ക് ടെെംസ് ചത്വരത്തിൽനിന്ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തേക്ക് ഉശിരൻ വിദ്യാർഥി പ്രകടനം സംഘടിപ്പിക്കപ്പെട്ടു. സാൻഫ്രാൻസിസ്കോ, ബോസ്ടൺ, മാഡിസൺ, വിസ്‌കോൺസിൻ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലും വിയറ്റ്നാം അനുകൂല -– യുഎസ് യുദ്ധവിരുദ്ധ വിദ്യാർഥി – യുവജന പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ‘‘പുരോഗമന തൊഴിലാളി പാർട്ടി’’, ‘‘യുവ സോഷ്യലിസ്റ്റ് കൂട്ടായ്മ’’ എന്നിവയാണ് ഈ പ്രകടനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻകെെ എടുത്തത്.

നിർബന്ധിത സെെനിക സേവനത്തിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ് കാർഡുകൾ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി പരസ്യമായി കത്തിച്ചുകളയുന്ന പ്രതീകാത്മക പ്രതിഷേധവും വിപുലമായ ജനശ്രദ്ധ ആകർഷിച്ചു. 1963 ഡിസംബർ മാസത്തിലെ ക്രിസ്-മസ് ദിനത്തിലാണ് ജീൻ കേയ്സ് എന്ന വിദ്യാർഥി തന്റെ ഡ്രാ-ഫ്റ്റ് കാർഡ് ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ഇല്ലിനോയ്സിൽ വെച്ച് കത്തിച്ചത്. ഇത് അമേരിക്കയിലും ആസ്ട്രേലിയ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും വലിയ തോതിൽ ആവർത്തിക്കപ്പെട്ടു. ബർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഇതേ ലക്ഷ്യത്തോടുകൂടി സ്വതന്ത്ര പ്രഭാഷണ പ്രസ്ഥാനം (ഫ്രീ സ്പീച്ച് മൂവ്മെന്റ് )1964 ഡിസംബർ 19ന് വിവിധ സംഘടനകൾ ഏകോപിപ്പിച്ച് സംഘടിപ്പിക്കപ്പെട്ടു. ഐക്യദാർഢ്യ പ്രകടനങ്ങൾ ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ, മിനിയോപ്പോളിസ്, മിയാമി, ഓസ്റ്റിൻ, സാക്രമന്റോ, ഫിലാഡെൽഫിയ, ചിക്കാഗോ, വാഷിങ്ടൺ ഡിസി, ബോസ്റ്റൻ, ക്ലീവ്ലാന്റ് തുടങ്ങി മിക്കവാറും എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും വിയറ്റ്നാം അനുകൂല പ്രകടനം സംഘടിപ്പിക്കപ്പെട്ടു. ഇതിനെത്തുടർന്നാണ് 1965 ഫെബ്രുവരി 12 മുതൽ 16 വരെ ആഗോളതലത്തിൽ സമാനമായ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 15ന് വാഷിങ്ടൺ ഡിസിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി – ‘‘വിയറ്റ്നാമിനെ കുറിച്ച് വാദം കേൾക്കാനുള്ള അന്തർ സർവകലാശാല കമ്മിറ്റി – അമേരിക്കയിലൊട്ടൊകെ റേഡിയോ ടെലിവിഷൻ സംപ്രേഷണത്തിലൂടെയും വ്യാപകമായി ശ്രദ്ധിയ്ക്കപ്പെട്ടു.

അതേവർഷം മാർച്ച് 16ന് ലോകത്തെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ഡെട്രോയിറ്റിൽ ആലീസ് ഹെർഡ് എന്ന മുത്തശ്ശി യുദ്ധവിരുദ്ധ പ്രസ്താവന നൽകിയിട്ട് സ്വയം അഗ്നിയ്ക്കിരയായി. പത്തു ദിവസങ്ങൾക്കുശേഷമാണ് ആ 89 വയസ്സുകാരി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. അമേരിക്കൻ സാമ്രാജ്യത്വം വിയറ്റ്നാമിൽ നടത്തിയ അധിനിവേശ യുദ്ധത്തിൽ പ്രതിഷേധിച്ച് വിയറ്റ്നാമിൽ ഒരു ബുദ്ധ ഭിക്ഷു ആത്മാഹുതി ചെയ്തത് ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു.

1966 മാർച്ച് 25, 26 എന്നീ തീയതികളിൽ രണ്ടാമതൊരു തവണ കൂടി ലോകത്തിലെ നൂറുകണക്കിനു പട്ടണങ്ങളിൽ വിദ്യാർഥികളും യുവാക്കളും വനിതകളും തൊഴിലാളികളും കലാകാരരും ഉൾപ്പെടെയുള്ള വിയറ്റ്നാം ജനതയോട് സാഹോദര്യവും യുദ്ധമവസാനിപ്പിയ്ക്കണമെന്ന ആവശ്യവും പ്രകടിപ്പിച്ചുകൊണ്ട് പ്രകടനങ്ങൾ സംഘടിപ്പിച്ചു. പതിനായിരങ്ങൾ ആണ് അവയിൽ അണിനിരന്നത്. അമേരിക്കയിലെ വൻനഗരങ്ങൾക്കും പട്ടണങ്ങൾക്കുമൊപ്പം ഒട്ടാവ, ലണ്ടൻ, ഓസ്ലോ, സ്റ്റോക്ഹോം, ലിയോൺ, കൽക്കത്ത, ടോക്കിയോ തുടങ്ങി അസംഖ്യം ലോകനഗരങ്ങളിൽ വിയറ്റ്നാം ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. മുഹമ്മദലി എന്ന കേഷ്യസ് ക്ലേ നിർബന്ധിത സെെനിക സേവനത്തിന് വിസമ്മതിച്ചത് അമേരിക്കയിൽ കോളിളക്കമുണ്ടാക്കി.

‘‘എനിക്ക് വിയറ്റ്കോങ്ങുകാരുമായി ഒരു വഴക്കുമില്ല. വിയറ്റ്കോങ്ങുകാർ എന്നെ ഒരിയ്ക്കലും കുറ്റപ്പേരു വിളിച്ചാക്ഷേപിച്ചിട്ടില്ല. പതിനായിരം മെെലുകൾ അകലെ പോയി മനുഷ്യനെ കൊല്ലാനും ചുട്ടുകരിയ്ക്കാനും ഞാനില്ല. ഇരുണ്ട മനുഷ്യരുടെ മേൽ വെള്ള മേലാളരുടെ ആധിപത്യവും അടിമത്വ വ്യവസ്ഥയും സംരക്ഷിയ്ക്കുന്ന ജോലി എനിയ്ക്കു വയ്യ’’. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലെ വിദ്യാർഥികളെയും യുവാക്കളെയും ഹരം പിടിപ്പിച്ച വാക്കുകളായിരുന്നു കായിക ലോകത്തിലെ സർവ്വകാല ജീനിയസ്സുകളിലൊരാളായ മുഹമ്മദലിയിൽ നിന്നുമുണ്ടായത്. അഞ്ചുവർഷത്തെ ജയിൽശിക്ഷയായിരുന്നു അമേരിക്കൻ ഭരണകൂടം ഈ നിലപാടിനു ശിക്ഷയായി നൽകിയത്. പിന്നീട് അമേരിക്കൻ സുപ്രീം കോടതി അപ്പീൽ കേട്ട് അദ്ദേഹത്തെ ജയിൽവിമോചിതനാക്കി.

1967 ഏപ്രിൽ 27ന് മിനസോട്ട സർവ്വകലാശാലയിൽ മാർട്ടിൻ ലൂതർകിങ് ജൂനിയർ വിയറ്റ്നാം ഐക്യദാർഢ്യ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റിയിൽ തടിച്ചുകൂടിയ വൻ വിദ്യാർഥി റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു, ‘‘എങ്ങനെയെങ്കിലും ഈ ഭ്രാന്തിനു വിരാമമിടണം. നാമിതു നിർത്തണം. ഞാനിതു പറയുന്നത് ദെെവത്തിന്റെ ഒരു കുഞ്ഞായും വിയറ്റ്നാമിൽ നരകയാതന അനുഭവിയ്ക്കുന്ന പാവങ്ങളുടെ സഹോദരനായുമാണ്’’.

ഏപ്രിൽ 15ന് ന്യൂയോർക്ക് നഗരത്തിൽ സെൻട്രൽ പാർക്കിൽ നിന്നാരംഭിച്ച നാലുലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത വൻ പ്രകടനത്തിൽ വിയറ്റ്നാം വിമോചന സമരത്തിനനുകൂലമായും അമേരിക്കൻ ഇടപെടൽ യുദ്ധത്തിനെതിരായും പ്ലക്കാർഡുകളുയർത്തിപ്പിടിച്ചിരുന്നു. മാർട്ടിൻ ലൂതർ കിങ്ങിനു പുറമെ അതിപ്രശസ്തഗായകനും അഭിനേതാവുമായ ഹാരി ബലഫൊണ്ടേ തുടങ്ങിയവരും ഈ മഹാ പ്രതിരോധറാലിയിൽ സംബന്ധിയ്ക്കുകയുണ്ടായി. (ഹാരി ബലഫൊണ്ടെ കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് 96–ാം വയസ്സിൽ അന്തരിച്ചത്.)

1968 ഏപ്രിൽ നാലിന് മാർട്ടിൻ ലൂതർ കിങ് വധിയ്ക്കപ്പെട്ടത് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ഒരു പ്രഹരമായിരുന്നു.

വിയറ്റ്നാം അനുകൂല വിദ്യർഥി പ്രക്ഷോഭത്തിന് മാൻഹട്ടനിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയിൽ ഒരു പൊതു സ്വഭാവം കെെവന്നത് 1968 ഏപ്രിൽ മെയ് മാസങ്ങളിലായിരുന്നു. അവർ യൂണിവേഴ്സിറ്റിയുടെ അഞ്ചു കെട്ടിടങ്ങൾ കെെവശപ്പെടുത്തി. ഈ സമ്പ്രദായം ഇപ്പോൾ നടക്കുന്ന പാലസ്തീൻ ഐക്യദാർ-ഢ്യ പ്രക്ഷോഭ പരിപാടിയിലും പുതിയ തരത്തിൽ ആവർത്തിയ്ക്കുന്നത് കാണാൻ കഴിയും. യുദ്ധവിരുദ്ധ പ്രസ്ഥാനത്തോട് ഒരു പരിധിവരെ അനുഭാവം പുലർത്തിയിരുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി കൂടിയായിരുന്ന റോബർട്ട് എഫ് കെന്നഡി ജൂൺ നാലിന് വെടിയേറ്റ് ജൂൺ ആറിന് മരണമടഞ്ഞു. അമേരിക്കയിലെ തീവ്ര വലതുപക്ഷത്തിന്റെയും യുദ്ധോപകരണ വ്യവസായ ലോബിയുടെയും കരാളകരങ്ങൾ മാർട്ടിൻ ലൂതർ ജൂനിയറിന്റെയും റോബർട്ട്‌ കെന്നഡിയുടെയും വധത്തിനു പിന്നിൽ ഉണ്ടെന്നതിൽ സംശയമില്ല.

1969ൽ അമേരിക്കയിലെ കാമ്പസുകൾ മുഴുവൻ വിയറ്റ്നാം ഐക്യദാർഢ്യ പ്രകടനങ്ങളാൽ ഇരമ്പി മറിഞ്ഞ കാലമായിരുന്നു.

ഇന്ത്യയിൽ യുവാക്കളും വിദ്യാർഥികളും അക്കാലത്ത് ഉയർത്തിയ ഒരു അസാധാരണ മുദ്രാവാക്യമുണ്ട്: ‘‘അമര നാം തുമാര നാം വിയറ്റ്നാം, വിയറ്റ്നാം’’ (എന്റെ പേരും നിന്റെ പേരും വിയത്-നാം വിയറ്റ്നാം).

ദക്ഷിണാഫ്രിക്കയിലെ അപ്പാർതീഡ് എന്ന ഹീനമായ വർണ്ണ വിവേചനത്തിനെതിരായും കാൽനൂറ്റാണ്ടിലധികം കാലം ജയിലിൽ കഴിയേണ്ടിവന്ന വിപ്ലവ വിമോചകൻ നെൽസൺ മണ്ടേലയുടെ മോചനത്തിനായും ലോകമെമ്പാടും ഉശിരൻ ഐക്യദാർഢ്യ പ്രസ്ഥാനം ഉയർന്നുവന്നതും അവിസ്മരണീയം. ഇന്നത് പലസ്തീന് അനുകൂലമാണ്. ക്യൂബയാണ് സാമ്രാജ്യത്വ ഉപരോധത്തിനെതിരെ പൊരുതി നമ്മുടെ താരതമ്യമില്ലാത്ത ഐക്യദാർഢ്യം നേടുന്ന മറ്റൊരു ഇതിഹാസ രാഷ്ട്രം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × one =

Most Popular