രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ബി.ജെ.പി അവകാശപ്പെട്ടിരുന്നത് 400 ലധികം സീറ്റുകള്‍ നേടി തങ്ങൾ അധികാരത്തില്‍ വരുമെന്നായിരുന്നു.അവരുടെ ഇത്തരം അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയെന്നതായിരുന്നു രാജ്യത്തെ കുത്തക മാധ്യമങ്ങള്‍ ചെയ്തിരുന്നത്. അതിനെ പിന്‍പറ്റി അവ പ്രചരിപ്പിക്കുന്നതിന് മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പറ്റില്ലയെന്ന ബോധമുണ്ടാക്കി മന:ശാസ്ത്ര യുദ്ധത്തില്‍ വിജയം നേടുകയെന്ന സമീപനമായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിയെ പരാജയപ്പെടുത്താനാകില്ലെന്ന ഒരു പ്രതീതി ഇത്തരത്തില്‍ രൂപപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു.
ബിജെപിയുടെ കണക്കുകൂട്ടലുകൾ പാളുന്നു
ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കരുത്തുറ്റ രീതിയില്‍ ഇന്ത്യ വേദി ഓരോ സംസ്ഥാനത്തേയും ബി.ജെ.പി വിരുദ്ധ വോട്ടുകളെ സമാഹരിച്ച് മുന്നോട്ടുപോകുന്നതിനുള്ള അടിത്തറ രൂപപ്പെടുത്തുകയുണ്ടായി. ബി.ജെ.പിക്ക് കഴിഞ്ഞ തവണ എതിരാളികളില്ലാത്ത തരത്തില്‍ വിജയം നേടാനായ ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷത്തിന്റെ പൊതുവേദി രൂപപ്പെടുകയും, അവ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ മാധ്യമ പ്രചരണങ്ങള്‍ക്കപ്പുറത്ത് ബി.ജെ.പിയുടെ ദുര്‍ബലതകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി.
രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഹിന്ദുത്വ ബോധം സൃഷ്ടിച്ച് വിജയം നേടാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയിലെ സാധാരണ ഗ്രാമീണ ജനത നടത്തിയ പ്രതികരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിയും, മോദിയും രംഗത്തുവരുന്നതിന് എത്രയോ കാലം മുമ്പ് രാമനും, തങ്ങളുടെ വിശ്വാസങ്ങളും നിലനിന്നിരുന്നുവെന്നും, ഇവരാരുമല്ല അതിന്റെ വക്താക്കളെന്നുമാണ് അവർ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും, തൊഴിലും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയുമെല്ലാം നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറിപ്പോകുന്ന കാര്യങ്ങളാണ് ഗ്രാമീണ ജനത ഓര്‍മ്മപ്പെടുത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ വ്യക്തമാക്കുന്നു.
മോദിയുടെ ഗ്യാരന്റി എന്നു പറഞ്ഞ് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നും ബി.ജെ.പി കരുതി. ഇത്തരം പ്രചരണത്തെ നേരിട്ടുകൊണ്ട് ഇന്ത്യയിലെ സാധാരണ മനുഷ്യര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പെട്രോളിന്റേയും ഗ്യാസിന്റേയും കാര്യത്തിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്ന കാര്യത്തിലുമെല്ലാം മോദി നല്‍കിയ ഗ്യാരന്റി എവിടെ എത്തിനില്‍ക്കുന്നുവെന്ന മറു ചോദ്യവും ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മോദിയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സാധാരണ മനുഷ്യര്‍ പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ജനങ്ങളുടെ യുക്തിയേയും ചിന്തയേയും മയക്കി കിടത്താമെന്നായിരുന്നു സംഘപരിവാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കീഴടങ്ങാതെ നിന്ന മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിരോധം തുടര്‍ന്നുകൊണ്ടേയിരുന്നു. അതോടൊപ്പം നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കുന്നതിന് തയ്യാറായ ഒരു വലിയ വിഭാഗം, മോദിയുടേയും ബി.ജെ.പിയുടേയും കപട മുഖത്തെ തുടര്‍ച്ചയായി തുറന്നുകാട്ടിക്കൊണ്ടേയിരുന്നു. ഇന്ത്യ വേദിയുടെ ശക്തമായ പ്രചരണം കൂടി മുന്നോട്ടുവന്നതോടെ ബി.ജെ.പിയുടെ ഏക ശബ്ദം മാറി ബഹുശബ്ദങ്ങളുടെ നടുവില്‍ ഇന്ത്യന്‍ ജനത എത്തിച്ചേരുന്ന നിലയുമുണ്ടായി. ഏകപക്ഷീയമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയും, യഥാര്‍ത്ഥ ചിത്രം അനുഭവങ്ങളിലൂടെ മനസ്സിലാക്കാനും അവര്‍ക്ക് കഴിഞ്ഞുവെന്നതും പ്രധാനമായി.
ബി.ജെ.പിയുടെ പ്രചരണങ്ങളേയും, അതുവഴി അവര്‍ സൃഷ്ടിച്ച വലയങ്ങളേയും തകര്‍ക്കുന്നതിനുള്ള ശക്തമായ ഇടപെടല്‍ വന്നത് ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കോടതി വിധിയോടു കൂടിയാണ്. ഇലക്ട്രല്‍ ബോണ്ടിന് എന്നും എതിരായിരുന്ന സിപിഐ എം ഇതിനെതിരെ കോടതിയില്‍ പൊരുതി. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ കേസിലൂടെ ഇലക്ട്രല്‍ ബോണ്ടിന്റെ അഴിമതി മുഖം പൊലിഞ്ഞുവീഴുകയായിരുന്നു. ബി.ജെ.പി അഴിമതിരഹിതമായ രാഷ്ട്രീയ കക്ഷിയാണെന്ന അവരുടെ കുഴലൂത്തുകാരുടെ പ്രചരണങ്ങള്‍ ഒറ്റ ദിവസം കൊണ്ടാണ് പൂര്‍ണ്ണമായും നിലംപറ്റിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വ്യവസായികളേയും മറ്റും ഭീഷണിപ്പെടുത്തി പണം സ്വരൂപിച്ച് സ്വന്തം പോക്കറ്റിലേക്ക് എത്തിക്കുന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയെന്ന് ലോകസമക്ഷം തുറന്നുകാട്ടപ്പെട്ടു. മറ്റ് അഴിമതികള്‍ക്കൊപ്പം ഇലക്ട്രല്‍ ബോണ്ട് പ്രശ്നം ഉയര്‍ന്നുവന്നതോടെ ബി.ജെ.പിയുടെ പ്രചരണവും, യാഥാര്‍ത്ഥ്യവും വ്യത്യസ്തമാണെന്ന ബോധത്തിലേക്ക് രാജ്യത്തെ ജനത ചിന്തിക്കുന്നതിന് ഇടയാക്കി.
ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെടുകയും ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ബി.ജെ.പി വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശക്തമായ ഇടപെടല്‍ നടത്താന്‍ തുടങ്ങി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇതിന് നേതൃത്വം കൊടുക്കുന്ന നിലയുണ്ടായി. മുസ്ലീം ജനവിഭാഗത്തിനെതിരെ പ്രധാനമന്ത്രി ചൊരിഞ്ഞ ആക്ഷേപങ്ങള്‍ ജര്‍മ്മനിയില്‍ ജൂതര്‍ക്കെതിരായി ഹിറ്റ്ലര്‍ നടത്തിയ കലാപാഹ്വാനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നവിധമായിരുന്നു. ഇത്തരം ചര്‍ച്ചകളിലൂടെ രാജ്യത്തെ ജനതയെ വര്‍ഗ്ഗീയമായി ധ്രുവീകരിച്ച് നേട്ടം കൊയ്യാമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ച് രംഗത്തുവന്നു. ഈ രാജ്യം ഏതെങ്കിലും ഒരു മതക്കാരുടേതല്ലെന്നും, എല്ലാ മതവിശ്വാസത്തിലും പെട്ട ഇന്ത്യക്കാരുടേതാണെന്നുമുള്ള ആഹ്വാനം രാജ്യത്തെമ്പാടും പ്രചരിക്കുന്ന നിലയാണ് നാം കണ്ടത്. വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ജനത ഉറച്ചുനിന്ന ദിനങ്ങളായിരുന്നു കടന്നുപോയത്. ഭരണാധികാരിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ ചിന്തകളെ ജനങ്ങള്‍ തന്നെ തള്ളിക്കളയുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്.
ജയിലിലടയ്ക്കപ്പെടാതിരിക്കാൻ
ബിജെപിയിൽ ചേരുന്നവർ
ഇന്ന് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളിൽ വലിയ ശതമാനവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിൽ പ്രവർത്തിക്കുന്നവരായിരുന്നു. എം.പിമാരും, എം.എല്‍.എമാരുമായി 400 ഓളം കോണ്‍ഗ്രസുകാരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്റെ ഒരു മുന്‍ മുഖ്യമന്ത്രി പറഞ്ഞത് ജയിലില്‍ പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് താൻ ബി.ജെ.പിയില്‍ ചേരുന്നുവെന്നാണ്. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ആളുകളെ വരുതിയിലാക്കുകയെന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദ് കേജ്രിവാളിനേയും ജയിലിലടച്ചത്. യാതൊരു യുക്തിക്കും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു ഇതിന് ആധാരമായ വിഷയം.
ശരത്ചന്ദ്ര റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 6 മാസം ഇദ്ദേഹത്തെ ജയിലിലടച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 5 ദിവസത്തിനുശേഷം 5 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് ഇദ്ദേഹത്തിന്റെ കമ്പനിയില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചു. ശരത് ചന്ദ്ര റെഡ്ഡിയില്‍ നിന്നും 34.5 കോടി രൂപ തുടര്‍ന്നും ഇലക്ട്രല്‍ ബോണ്ടിലൂടെ ബി.ജെ.പി വാങ്ങിയെടുത്തു. അതോടൊപ്പം നേരത്തെ അരവിന്ദ് കേജ്രിവാളിനെ കണ്ടില്ലെന്ന് നല്‍കിയ റെഡ്ഡിയുടെ മൊഴി തിരുത്തി കണ്ടുവെന്ന മൊഴി നേടിയെടുക്കുകയും ചെയ്തു. ഇതു പറഞ്ഞുകൊണ്ടാണ് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു പറഞ്ഞ് അരവിന്ദ് കേജ്രിവാളിനെ യാതൊരു തെളിവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്തത്.
അരവിന്ദ് കേജ്രിവാളിനെ ജയിലിലിരുത്തി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പുള്‍പ്പെടെ തങ്ങളുടെ വരുതിയിലാക്കാമെന്നായിരുന്നു ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍ എല്ലാ കണക്കുകളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് സുപ്രീം കോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രചരണവുമായി അരവിന്ദ് കേജ്രിവാള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ ഇവിടെയും അസ്ഥാനത്തായിരിക്കുന്നു.
സുപ്രീംകോടതിയുടെ
ശക്തമായ നിലപാട്
ഇലക്ട്രല്‍ ബോണ്ടിന്റെ കാര്യത്തിലും, അരവിന്ദ് കേജ്രിവാളിന്റെ കാര്യത്തിലുമെല്ലാം സുപ്രീം കോടതി നിലപാട് സ്വീകരിക്കുകയുണ്ടായി. എന്നാല്‍ തിരഞ്ഞെടുപ്പിലെ എല്ലാ മാനദണ്ഡങ്ങളേയും ലംഘിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ കക്ഷികള്‍ പരാതി നല്‍കുകയുണ്ടായി. എന്നാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നവിധം മതത്തെ പ്രചരണോപാധിയാക്കുന്ന പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ നിലപാടെടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ വന്നുചേര്‍ന്നിട്ടുള്ള ഏറ്റവും വലിയ കളങ്കമായി മാറിയിരിക്കുകയാണ്.
പ്രബീര്‍ പുർകായസ്തയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ജനാധിപത്യവിരുദ്ധമാണെന്ന കാര്യം സുപ്രീം കേടതിക്ക് പ്രഖ്യാപിക്കേണ്ടി വന്നിരിക്കുകയാണ്. 2023 ഒക്ടോബര്‍ 3 ന് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ മോദി സര്‍ക്കാര്‍ വേട്ട നടത്തുകയും, എഡിറ്റര്‍മാരുടേയും, ജീവനക്കാരുടേയും വീടുകളില്‍ റെയ്ഡ് നടത്തി പ്രബീര്‍ പുർകായസ്തയെ 7 മാസത്തിലധികം ജയിലിലടയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ഒരു ചട്ടവും പാലിക്കാതെയാണ് അറസ്റ്റും, റിമാന്റും എന്ന ശക്തമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. യു.എ.പി.എക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പുർകായസ്തയുടെ അറസ്റ്റ്. ന്യൂസ് ക്ലിക്ക് ജീവനക്കാര്‍ താമസിച്ചെന്നാരോപിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീടും ഇവര്‍ പരിശോധിച്ചിരുന്നു. ന്യൂസ് ക്ലിക്ക് ലേഖികയുടെ പത്തനംതിട്ടയിലെ വീട്ടിലും റെയ്ഡ് നടത്തി. ഈ സംഭവത്തിലാണ് യാതൊരു ചട്ടവും പാലിക്കാതെയാണ് അറസ്റ്റുണ്ടായത് എന്ന കാര്യം സുപ്രീംകോടതി എടുത്തുപറഞ്ഞിട്ടുള്ളത്.
യുഡിഎഫിന്റെ സ്ത്രീവിരുദ്ധവും
വർഗീയവുമായ പ്രചാരണം
കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ആ ഘട്ടത്തില്‍ യു.ഡി.എഫ് നടത്തിയ സ്ത്രീവിരുദ്ധവും വര്‍ഗ്ഗീയവുമായ പ്രചരണ രീതികള്‍ ഇപ്പോഴും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വടകരയില്‍ ആര്‍.എം.പി നേതാവ് കെ എസ് ഹരിഹരൻ നടത്തിയ പ്രസ്താവന സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, കേരളത്തിലേറെ ജനകീയ അംഗീകാരവുമുള്ള കെ കെ ശൈലജ ടീച്ചര്‍ മതവിരുദ്ധയാണെന്ന് സ്ഥാപിക്കാനുള്ള പ്രചരണങ്ങളാണ് നവമാധ്യമങ്ങളിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയത്. വ്യാജ പ്രചരണത്തിന്റെ പേരില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇത്തരം പ്രചരണങ്ങളെല്ലാം ബോധപൂര്‍വ്വം നടത്തിയ ശേഷം തങ്ങളിതില്‍ പങ്കാളികളല്ലെന്ന് പ്രഖ്യാപിച്ച് കൈകഴുകാനായിരുന്നു യു.ഡി.എഫ് നേതാക്കളുടെ ശ്രമം.
യു.ഡി.എഫ് നേതാക്കളുടെ സത്രീവിരുദ്ധ മുഖമാണ് വടകരയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പുറത്തുവന്നത്. ആര്‍.എം.പി നേതാവ് ശൈലജ ടീച്ചര്‍ക്കും, മഞ്ജു വാര്യര്‍ക്കുമെതിരെ അശ്ലീല പ്രസംഗം നടത്തുമ്പോള്‍ കൈയടിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നു യു.ഡി.എഫ് നേതാക്കള്‍. വടകരയില്‍ നടന്നതിന്റെയെല്ലാം പിന്നില്‍ ആരൊക്കെ അണിചേര്‍ന്നിരുന്നുവെന്നതിന്റെ തെളിവാണ് ഇതിലൂടെ പുറത്തുവന്നത്. എന്നാല്‍ ഇത്തരം പ്രഖ്യാപനത്തിനെതിരെ കേരള ജനത പ്രതികരിച്ചപ്പോഴാണ് കൈയടിച്ചവരും, പ്രോത്സാഹിപ്പിച്ചവരും തങ്ങളിതിലൊന്നും ഭാഗഭാക്കല്ലയെന്ന മട്ടില്‍ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരുടെയെല്ലാം യഥാര്‍ത്ഥ മുഖം കേരള ജനത കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും കനത്ത തിരിച്ചടിയേല്‍ക്കുന്ന ബി.ജെ.പിയുടെ ചിത്രമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വ്യക്തമായ പ്രചരണങ്ങളും പരിപാടികളുമൊന്നും ജനങ്ങളുടെ മുന്നില്‍ വെക്കാനില്ലാതെ വര്‍ഗ്ഗീയ പ്രചരണങ്ങളുമായി ഇരുട്ടില്‍ തപ്പുന്ന ബി.ജെ.പിയെയാണ് നമുക്കു കാണാനാവുന്നത്. ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇതുവരെ ബി.ജെ.പിക്കുവേണ്ടി കുഴലൂതിയ രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങള്‍ സൂക്ഷ്മ തലത്തിലാണെങ്കിലും ചുവടുമാറ്റുന്നുവെന്നത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രംഗം എങ്ങോട്ടേക്ക് നീങ്ങുന്നുവെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്. കാര്‍ഷിക – വ്യാവസായിക മേഖലകളിലുള്‍പ്പെടെയുള്ള പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് ഇടതുപക്ഷം കൂടി ഇടപെട്ട് നടത്തിയ സമരങ്ങളാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറയ്ക്ക് ഇളക്കംതട്ടുന്നവിധം വികസിക്കുന്നതെന്നുകൂടി കാണേണ്ടതുണ്ട്. ♦