Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിആൺരൂപാന്തരങ്ങളിലെ 
മലയാള സിനിമ

ആൺരൂപാന്തരങ്ങളിലെ 
മലയാള സിനിമ

ജിതിൻ കെ സി

ലയാള സിനിമയിൽ ‘ആണത്തം’ എന്ന താരസ്വരൂപത്തിന് ഏകമാനമായ അടയാളമല്ല ഉള്ളത്. അഥവാ പല രൂപത്തിൽ അത് താരശരീരങ്ങളിലൂടെ പ്രസരിച്ചിട്ടുണ്ട്. ആ പ്രസരിപ്പിന്റെ രണ്ട് ധ്രുവങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രൂപപരമായ പൗരുഷധാരണകളാണ് മമ്മൂട്ടിയിലൂടെ മലയാള സിനിമ വിറ്റെടുത്തതെങ്കിൽ മോഹൻ ലാലിൽ അത് കുറച്ചു കൂടി സങ്കീർണമാണ്. ഒരു ജനതയുടെ, വിശേഷിച്ചും അധീശ വിഭാഗത്തിന്റെയാകെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാൻ കെല്പുള്ള, ഗ്രാംഷി നിർവചിക്കുന്ന, നാട്ടാചാരത്തിന്റെ പോലും രൂപത്തിലുള്ള ഒരു ആണത്ത നായകത്വമാണ് മോഹൻ ലാലിൽ എക്കാലവും പരികല്പിക്കപ്പെട്ടിട്ടുള്ളത്. ഉന്നതകുലജാതനായ ഒരു താര/ജാതി ശരീരമായി നിലനിന്നുകൊണ്ട് മുടങ്ങിപ്പോയ ഉത്സവങ്ങൾ നടത്തുന്ന, പ്രതികാരദാഹിയായ, മലയാളിയുടെ ഫ്യൂഡൽ ഗൃഹാതുരതകളെ തിരികെ കൊണ്ടുവരുന്ന ഒരു ആണത്ത പരിവേഷമാണ് മോഹൻലാലിനുള്ളത്. ഉറച്ച ശരീരത്തിന്റെയും ശബ്ദഗാംഭീര്യത്തിന്റെയും ഒപ്പം ജാതിമേൽക്കോയ്മയുടെയും സാമൂഹിക പരിഗണനകളുടെയും ആണത്തക്കുപ്പായങ്ങൾ മമ്മൂട്ടി എടുത്തണിഞ്ഞതാണ് നരസിംഹ മന്നാഡിയാരായും ജോസഫ് അലക്സുമായും നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ടത്.

മലയാള സിനിമയിലെ ഈ സ്റ്റാർ വാൾട്ട് ചിത്രങ്ങൾ പരിശോധിച്ചാൽ നായകന് ഒത്ത ഒരു പ്രതിനായകനെ നമുക്ക് കാണാനാവും. ‘കയ്യൂക്കിലും’ ‘ചങ്കൂറ്റത്തി’ലും ഇവർ നായകരെക്കാൾ ഒരു ഗ്രേഡ് കുറഞ്ഞ ആണത്ത പ്രതിനിധാനങ്ങളാകയാൽ ക്ലൈമാക്സിൽ നായകന്റെ ഇടി യഥേഷ്ടം ലഭിക്കുകയും അയാളുടെ വാള്/തോക്ക്/ കത്തി/ തൂക്കു കയർ ഇത്യാദികളാൽ കൊല്ലപ്പെടുകയും ചെയ്യും. ചില ഘട്ടങ്ങളിൽ ജീവൻ ബാക്കി വെച്ച്, കൈവെട്ടിയെടുക്കുന്ന മാതിരിയുള്ള ആക്ടുകളും കാണാം. പൂവള്ളി ഇന്ദുചൂഡന് മണപ്പള്ളി പവിത്രൻ എന്ന പോലെ, നരസിംഹ മന്നാഡിയാർക്ക് ഹൈദർ മരക്കാർ എന്ന പോലെ, മംഗലശേരി നീലകണ്ഠന് മുണ്ടക്കൽ ശേഖരൻ എന്ന മാതിരി നായകത്വ- – പ്രതിനായകത്വങ്ങളുടെ ആണത്ത ഏറ്റുമുട്ടലുകളായിരുന്നു വാണിജ്യ വിജയ ചിത്രങ്ങളുടെ ഫോർമുല.

എന്നാൽ മൃദുലമായ പുരുഷാഖ്യാനങ്ങളിൽ നായക- – പ്രതിനായക ദ്വന്ദ്വങ്ങളെ മറ്റൊരു രീതിയിലാണ് പുതിയ മലയാള സിനിമ പ്രതിനിധീകരിക്കുന്നത്. അവയിലെല്ലാം ഉള്ളടങ്ങിയതാകട്ടെ ആണഹന്ത(Male ego) കളുടെ വ്യത്യസ്ത രൂപാന്തരങ്ങളും. മാതൃഭൂമിയുടെ ഓൺലൈൻ പേജിൽ നീലിമ മേനോൻ ‘Calibrating male ego in Malayalam cinema’ എന്ന കുറിപ്പിൽ മഹേഷിന്റെ പ്രതികാരം മുതൽ തല്ലുമാല വരെയുള്ള ആൺപോരിമാ സിനിമകളുടെ കണക്കെടുക്കുന്നുണ്ട്(2022 സെപ്തംബറിലാണ് കുറിപ്പ് വന്നത്). തല്ലുമാലയ്ക്കു ശേഷം ഒരു തെക്കൻ തല്ലു കേസു കൂടി ആ ലിസ്റ്റിൽ ചേരുന്നു. അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ്, കള തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്.

കൗതുകമുള്ള ഒരു കാര്യം 2017 ലാണ് ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിളള വെട്ടുകേസ് എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. അമ്മിണിപ്പിള്ളയും പൊടിയനും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് അമ്മിണിപ്പിള്ള വെട്ടു കേസ്. ആൺപോരിമയുടെ കഥാതന്തുവുമായി ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലുകേസ് (സംവിധാനം: ശ്രീജിത്ത് എൻ) എന്ന ചിത്രത്തിനാധാരം ഇന്ദുഗോപന്റെ കഥയാണ്.

ജി ആർ ഇന്ദുഗോപന്റെ തന്നെ നോവലായ വിലായത്ത് ബുദ്ധയുടെ ആദ്യ പതിപ്പിറങ്ങുന്നത് 2020 ലാണ്. വിലായത്ത് ബുദ്ധയുടെ നാലാം പതിപ്പിൽ ആമുഖത്തിനും പഠനത്തിനും മുന്നെ സമർപ്പണം എന്ന ഒരു ഭാഗമുണ്ട്. ഈ നോവൽ അന്തരിച്ച സംവിധായകൻ സച്ചിക്കാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. തീട്ടത്തിൽ വീണ് തീട്ടം ഭാസ്കരനായ ഭാസ്കരൻ മാഷ് മരിച്ചെരിയുമ്പോൾ ചന്ദനം മണക്കാൻ വിലായത്ത് ബുദ്ധ എന്ന അപൂർവ ചന്ദനമരം തന്റെ പറമ്പിൽ വളർത്തുന്നു. അത് വെട്ടാനായി ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരൻ തീരുമാനിക്കുന്നു. ഒരുപക്ഷേ അവർക്ക് അയ്യപ്പനെന്നും കോശിയെന്നും പേരിട്ടാലും നമുക്ക് ആസ്വാദ്യകരമായി ഒരു സിനിമ പോലെ നോവൽ വായിച്ചു തീർക്കാം. വിലായത്ത് ബുദ്ധ ഉടൻ സിനിമയാവുന്നുമുണ്ട്. ഈ പുസ്തകത്തിലെ സമർപ്പണ ഭാഗം മലയാള സിനിമയുടെ മാറിയ ഗതിവിഗതികളെയും നായക- -– പ്രതിനായക ആൺപോരിമകളെയും കൃത്യമായി അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്നുണ്ട്.

അമ്മിണിപ്പിള്ള വെട്ടുകേസ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ സച്ചി ആ ചിത്രം സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു. വിലായത്ത് ബുദ്ധ ആഴ്ചപ്പതിപ്പിൽ വന്നപ്പോൾ ആ ആഗ്രഹം വിലായത്ത് ബുദ്ധ സിനിമയാക്കാൻ തീരുമാനിച്ചു എന്ന സ്നേഹാധികാരത്തിലേക്കും ഉറപ്പിലേക്കും വളർന്നുവെന്ന് ഇന്ദുഗോപൻ രേഖപ്പെടുത്തുന്നുണ്ട്. സച്ചിയെ സംബന്ധിച്ചിടത്തോളം അമ്മിണിപ്പിള്ള വെട്ടു കേസിന്റെ വായന, അദ്ദേഹത്തിന്റെ പാത്രനിർമിതികളെ കാര്യമായി സ്വാധീനിച്ചു എന്നു വേണം കരുതാൻ. മലയാള വാണിജ്യ സിനിമയിൽ ഇന്ന് സ്വീകാര്യത ലഭിക്കുന്ന ആൺപോരുകളിലേക്കുള്ള ഒരു പാലമായിരുന്നു അമ്മിണിപ്പിള്ള വെട്ടുകേസ്. ആ പാലത്തിലൂടെ നടന്നപ്പോഴാണ് ഇക്കരയിൽ ഒരു അയ്യപ്പൻ നായരും കോശിയും ഉണ്ടാവുന്നത്. സച്ചിക്ക് ടെക്സ്റ്റിൽ ലഭിച്ച മൂലധനമാണത്.

മലയാള സിനിമയുടെ, വിശേഷിച്ചും വാണിജ്യ സിനിമയുടെ കാതലായി എക്കാലവും നിലനിന്നത് നായക- – പ്രതിനായക പ്രതികാര ദ്വന്ദ്വങ്ങളാന്ന്. 1980 കളുടെ പകുതിയിൽ മമ്മൂട്ടി പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോൾ ഒരു വലിയ സിനിമയിലൂടെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണമെന്ന് സംവിധായകൻ ജോഷിയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും നിർമാതാവ് ജോയ് മാത്യുവും (ജൂബിലി പ്രൊഡക്ഷൻസ്) തീരുമാനിക്കുന്നതായി ‘ചരിത്രം എന്നിലൂടെ’ എന്ന സഫാരി ചാനലിലെ പരിപാടിയിലൂടെ ഡെന്നിസ് ജോസഫ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പല കഥകൾ ആലോചിക്കുകയും ഒടുവിൽ ന്യൂഡൽഹിയുടെ കഥാതന്തുവിൽ എത്തുകയും ചെയ്യുന്നു. ന്യൂഡൽഹിയുടെ കഥാതന്തുവിനെ അതിന്റെ രചയിതാവുതന്നെ വിശേഷിപ്പിക്കുന്നത് കൗതുകകരമായിട്ടാണ്. “തന്നെ നശിപ്പിച്ചവനെ താനും നശിപ്പിക്കും എന്ന ചർവ്വിത ചർവണമായ കഥയാണ് ന്യൂഡൽഹിയുടേത്’. എന്നാണ്. അക്കാലത്ത് അതിനു വാണിജ്യ സാധ്യതകളുണ്ടാവുകയും മേക്കിങ്ങിലെ പുതുമ കൂടിചേർന്നപ്പോൾ ന്യൂഡൽഹി ഒരു വൻ വിജയമാവുകയും ചെയ്തു.

മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം ഡെന്നീസ് ജോസഫിന്റെ ഏതാണ്ട് തുല്യമായ നിലയിൽ നിൽക്കുന്ന സച്ചി എന്ന തിരക്കഥാകൃത്ത്/സംവിധായകൻ ഇന്ദുഗോപനോട് ഇങ്ങനെ പറയുന്നു; ” കലയും രാഷ്ട്രീയവും സമൂഹവുമൊക്കെയുള്ള നല്ല സിനിമകൾ ഉണ്ടാക്കാൻ ഇപ്പോൾ പറ്റും. വിജയം (അയ്യപ്പനും കോശിയും) കൊണ്ടുള്ള ചെറിയൊരു ഗുണം അതാണ്’. എന്ന്. നായകനും പ്രതിനായകനും എന്ന, കൃത്യമായ വേർതിരിവുണ്ടായിരുന്ന ഒരു കാലത്തെ തിരിച്ചിടുകയായിരുന്നു വാസ്തവത്തിൽ സച്ചി, അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ചെയ്തത്. മറ്റൊരർത്ഥത്തിൽ ഇതിൽ കൃത്യമായൊരു നായകനില്ലെന്നും അത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കുന്നു എന്നും പറയാവുന്ന ഒരു ചലച്ചിത്ര കൗശലവും ഈ ആഖ്യാനത്തിലൂടെ സാധ്യമാവുന്നു.

നിയതമായ നായക –- പ്രതിനായക ദ്വന്ദ്വങ്ങളില്ലാതെ, എന്നാൽ അത്തരമൊരു അനുഭൂതി പരിസരം സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്രാഖ്യാനം നടത്തുന്ന പുതിയ രീതികളിലേക്കുള്ള പാലമായിരുന്നു അയ്യപ്പനും കോശിയും. അത്തരം ആഖ്യാനങ്ങളുടെ അകമേയുള്ള കാതലാകട്ടെ ആൺപോരിമ (Male ego)യും. മലയാള വാണിജ്യ സിനിമയുടെ ചരിത്രത്തിൽ രണ്ട് തരം ‘അടിപ്പട’ങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, മുഖ്യധാരാ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ ആക്ഷൻ ജോണറിലുള്ള സിനിമകൾ. ഒരു താരസാധ്യതകളുമില്ലാതെ ‘അടിപ്പട’ങ്ങളെടുക്കുകയും അവയെല്ലാം വാണിജ്യവിജയങ്ങളുമായി മാറിയ ബാബു ആന്റണിയുടെ ‘ചന്ത'(സംവി: സുനിൽ) പോലുള്ള ചിത്രങ്ങളും. അയഞ്ഞ ആണത്തത്തിന്റെയും ആണഹന്തയുടെ പ്രതിനിധാനങ്ങളുടെയും പുത്തൻകാല അടിപ്പടങ്ങളുടെ മാനിഫെസ്റ്റോ ആകുന്നുണ്ട് അയ്യപ്പനും കോശിയും.

ആൺ പ്രതികാരത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച ചിത്രമായിരുന്നു 2016 ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. മെയിൽ ഈഗോയുടെ രസകരമായ അവതരണമാണ് ഈ ചിത്രം. ഈ ചിത്രത്തിൽ മഹേഷ് ഭാവന(ഫഹദ് ഫാസിൽ) തന്റെ ആണഭിമാനത്തിനേറ്റ പ്രഹരത്തിന് പകരം ചോദിക്കും വരെ ചെരിപ്പിടില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു. മഹേഷിനെ ജിംസൺ(സുജിത് ശങ്കർ) കവലയിലിട്ട് അവശനാക്കിയ ശേഷം ജിംസന്റെ ഒരു ലോ ആംഗിൾ ഷോട്ട് സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ജനപ്രിയ സിനിമകളിൽ വീര്യത്തെയും ഹീറോയിസത്തെയും കാണിക്കാനുപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തിരിച്ച് മഹേഷ് ജിംസനെ അടിക്കുമ്പോൾ ക്യാമറയ്ക്ക് അത്തരം പക്ഷങ്ങളില്ല. മഹേഷിന് തല്ലു കിട്ടുന്ന രാത്രി മഹേഷിന്റെ കൂട്ടുകാർ അയാളോട് പറയുന്നുണ്ട്, അധികമാരും കണ്ടിട്ടില്ല നീ ചെരിപ്പിട്ടോ എന്ന്. അതിന് മഹേഷിന്റെ മറുപടി ” എന്റപ്പന്റെ പേര് വിൻസന്റ് ഭാവന എന്നാണെങ്കിൽ അവനെ തിരിച്ച് തല്ലിയിരിക്കും’ എന്നാണ്.

“ഒറ്റ തന്തയ്ക്കു പിറന്നവനാണെങ്കിൽ’, “ആണാണെങ്കിൽ’, “ഞരമ്പിലൂടെ ഓടുന്ന ചോരയ്ക്ക് കലർപ്പില്ലെങ്കിൽ’ തുടങ്ങിയ ലിംഗാധിഷ്ഠിതവും ലൈംഗികതാധിഷ്ഠിതവുമായ ആണത്ത വെല്ലുവിളികൾ മലയാള സിനിമയുടെ സൃഷ്ടിയാണ്.

ജിംസണും മഹേഷും ഏറ്റുമുട്ടുന്നതാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ക്ലൈമാക്സ്. അത്തരമൊരു പ്രധാനപ്പെട്ട രംഗത്തിൽ നിന്ന് സംവിധായകൻ രണ്ടു സ്ത്രീകളുടെ നെടുവീർപ്പിലേക്ക് സീൻ കട്ടു ചെയ്യുന്നുണ്ട്. ജിംസന്റെ സഹോദരിയും മഹേഷിന്റെ കാമുകിയുമായ ജിംസി (അപർണ ബാലമുരളി) അവരുടെ അമ്മയോട്, ” ഈ ആണുങ്ങൾക്കെല്ലാം തലയ്ക്ക് വട്ടാണല്ലേ’ എന്ന് പറയുന്ന രംഗത്തിലേക്ക് കട്ടു ചെയ്യുകയും രണ്ട് ആണുങ്ങളുടെ സംഘട്ടനം തുടരുകയും ചെയ്യുന്നു.
ആണുങ്ങളുടെ ഈ വട്ടൻകളിയാണ് വാസ്തവത്തിൽ മലയാള വാണിജ്യ സിനിമയുടെ ഹെർബേറിയം. ആ കളിയുടെ അയഞ്ഞും മുറുകിയുമുള്ള രൂപാന്തരങ്ങളാണ് മഹേഷിന്റെ പ്രതികാരം മുതൽ തല്ലുമാലയിലും രോമാഞ്ചത്തിലും ഒടുവിൽ ആവേശത്തിൽ വരെ എത്തിനിൽക്കുന്നതും.

പുതുതലമുറ വാണിജ്യ സിനിമകളുടെ രചനാ ഘട്ടത്തിൽ ഏറ്റവും പ്രധാനം മുറുക്കമുള്ള സന്ദർഭങ്ങളുടെ അടുക്കിവെക്കലുകളാണ്. ബോബി – സഞ്ജയ്, സച്ചി എന്നിവർ രചിച്ച സിനിമകൾ സൂക്ഷ്മമായി നോക്കിയാൽ നമുക്ക് സന്ദർഭങ്ങളുടെ ഈ മുറുക്കം മനസ്സിലാകും. ത്രില്ലർ ജോണർ അല്ലെങ്കിൽ കൂടിയും അലസമായ ഒരു രംഗം ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് പുതുതലമുറ എഴുത്തുകാർ ചെയ്യാത്ത ഒരു കാര്യമാണ്. 2010 ന് മുമ്പ് ആക്ഷൻ ജോണറിൽ വന്നിരുന്ന ചിത്രങ്ങളുടെ പൊതുവിലുള്ള ആക്ട് വിന്യാസം, മുറുകിയ ഒരു തുടക്കം മുറുകിയ ഒരു ഇന്റർവെൽ ബ്ലോക്ക് മുറുകിയ ഒരു ക്ലൈമാക്സ് എന്ന നിലയ്ക്കായിരുന്നു. മുറുക്കമുള്ള സന്ദർഭങ്ങൾ മതിയായിരുന്നു. അതിനിടയിൽ നായക കഥാപാത്രത്തിന്റെ പ്രണയം, കുടുംബ പശ്ചാത്തലം തുടങ്ങിയ അലസമായ സന്ദർഭങ്ങളായിരിക്കും ഉണ്ടായിരിക്കുക.

എന്നാൽ അത്തരം സന്ദർഭങ്ങളെ പാടേ നിഷേധിക്കുകയും ആൺ തിരസമയം(Screen Space) പരമാവധി നീട്ടിയെടുക്കപ്പെടുകയും ചെയ്യുന്ന ഘടനയാണ് ആവേശം അടക്കമുള്ള ചിത്രങ്ങളിൽ കാണാനാവുക. രംഗ എന്ന നായകത്വത്തിന്റെ /പ്രതിനായകത്വത്തിന്റെ അയഞ്ഞും മുറുകിയുമുള്ള തിരസമയമാണ് പ്രേക്ഷകരിൽ ‘ഫഹദ് അഴിഞ്ഞാട്ടം’ എന്ന അഭിപ്രായ രൂപീകരണത്തിലേക്ക് എത്തുന്നത്.
ഈ ആൺ രൂപാന്തരങ്ങളുടെ നൈരന്തര്യം തുടർന്നും പല തലത്തിൽ മലയാള സിനിമയിൽ പ്രതീക്ഷിക്കാവുന്നതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular