മനുഷ്യരുടെ ജീവിതപ്രശ്നങ്ങളോടൊപ്പം തന്നെ വൈകാരികതയും അതിന്റെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമെല്ലാം എല്ലാ കാലത്തും സാഹിത്യത്തിന്റെയും കലയുടെയും വിഷയമായിട്ടുണ്ട്. പ്രണയം, വിരഹം, വിഷാദം, ഉന്‍മാദം, ഭ്രാന്ത് എന്നിങ്ങനെ സകലതിന്റെയും ആവിഷ്കാരങ്ങള്‍ അനതിസാധാരണമായ അനുഭൂതിതലങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. മനുഷ്യരുടെ രതികാമനകളുടെ ആവിഷ്കാരചരിത്രവും മറ്റൊന്നല്ല പറയുന്നത്. കേവലമായൊരു ജൈവിക-പ്രത്യുല്‍പ്പാദന പ്രക്രിയ എന്നതിലുപരിയായി വ്യക്തികള്‍ തമ്മിലുള്ള ഉദാത്തമായ പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ ഏറ്റവും സര്‍ഗാത്മകമായ സാക്ഷാത്കാരമായി രതിയെ മാറ്റിത്തീര്‍ക്കുന്നതില്‍ സാഹിത്യാദികലകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ പിറവിയെടുത്ത ദൃശ്യസംവേദിയായ സിനിമയും അതിന്റെ തനതുസങ്കേതങ്ങളിലൂടെ രതിയെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂജെനറേഷൻ സിനിമകളെന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമകൾ എപ്രകാരമാണ് ലൈംഗികതയെ ഭാവന ചെയ്തത് എന്ന് അന്വേഷിക്കാനാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്.
2010 നു ശേഷം നിർമ്മിക്കപ്പെട്ട സിനിമകളാണ് പൊതുവെ ‘ന്യൂജനറേഷൻ സിനിമകളെ’ന്ന് വിശേഷിപ്പിക്കപ്പെടുന്നത്. താരങ്ങളുടെ അപ്രമാദിത്വവും അധീശത്വ, ‘വിജിലാന്റെ’ ആണത്തങ്ങളുടെ ആഘോഷങ്ങളും ആഖ്യാനത്തിലെ ബ്രാഹ്മണികാശയങ്ങളുടെ ആധിപത്യവും പ്രേക്ഷകരുടെ മനസ്സുമടുപ്പിക്കുകയും മലയാളസിനിമ ‘ഫാൻക്ലബാ’യിമാറുകയും തിയേറ്ററുകൾ ഫാൻസിന്റേതു മാത്രമായിത്തീരുകയും ചെയ്ത മലയാളസിനിമ, കലയെന്ന നിലയിലും ഇൻഡസ്ട്രി എന്ന നിലയിലും വലിയ തകർച്ച നേരിട്ട കാലമാണ് 1990കൾ. അതിൽനിന്നു വ്യത്യസ്തമായി, കേരളീയസമൂഹത്തിന്റെ, ജീവിതത്തിന്റെ പല അടരുകളെ, വൈവിധ്യങ്ങളെ, സങ്കീർണതകളെ മലയാളസിനിമയുടെ ആഖ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് പുതിയൊരു ദൃശ്യഭാഷയും സൗന്ദര്യശാസ്ത്രവും സൃഷ്ടിച്ചു എന്നതുകൊണ്ടാണ് ഈ കാലത്തെ സിനിമകളെ ന്യൂജനറേഷൻ സിനിമകളെന്ന് ഗവേഷകർ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യമായ പരിസരങ്ങളിൽ നിന്ന് ജാതീയമായും സാമ്പത്തികമായും ലിംഗ, ലൈംഗികപരമായും അരികുവൽക്കരിക്കപ്പെട്ടവരിലേക്കും വരിക്കാശ്ശേരിമനകളിൽനിന്ന് കേരളത്തിന്റെ വിവിധ പ്രാന്തപ്രദേശങ്ങളിലേക്കും വള്ളുവനാടൻഭാഷയിൽനിന്ന് പ്രാദേശികമായ ഡയലക്ടുകളിലേക്കും മലയാളസിനിമ സഞ്ചരിച്ചുതുടങ്ങി.
ന്യൂജനറേഷൻ സിനിമകളിലെ ലൈംഗികഭാവന
കുടുംബം, പ്രണയം, ലൈംഗികത തുടങ്ങിയവയെ സംബന്ധിച്ച് പുതിയ ആശയങ്ങളും ചർച്ചകളും കേരളീയസമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ന്യൂജനറേഷൻ സിനിമകൾ ഉണ്ടാകുന്നത്. ആണധികാരകുടുംബഘടനയെ പ്രശ്നവൽക്കരിച്ചുകൊണ്ടുള്ള ആലോചനകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ആ ഘടനയെ തള്ളിക്കളഞ്ഞുകൊണ്ട് സഹജീവനം, ഹെറ്റിറോകുടുംബങ്ങൾക്കു പകരമായി ആണും ആണും ചേർന്നും പെണ്ണും പെണ്ണും ചേർന്നും ഉണ്ടാകുന്ന കുടുംബങ്ങളും പരസ്പരം രക്തബന്ധമില്ലാത്തവർ ഒന്നിച്ചുജീവിച്ചുണ്ടാക്കുന്ന കുടുംബവും പ്രായോഗികതലത്തിൽ സാധ്യമായിട്ട് (വലിയ തോതിലില്ലെങ്കിലും) അധികമായിട്ടില്ല. സ്ത്രീയുടെ കുടുംബത്തിലെ, പൊതുഇടത്തെ സ്ഥാനം,അവകാശം, അധികാരം, സ്ത്രീശരീരത്തിന്റെ കർതൃത്വം, ഓട്ടോണമി എന്നിവ സംബന്ധിച്ച ചർച്ചകളും ഇക്കാലത്ത് സജീവമാകുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സ്ത്രീ,ദളിത്, ക്വിയർ എന്നിവരുടെ പ്രതിനിധാനം, സിനിമ ഇൻഡസ്ട്രിയിൽ തൊഴിലാളികളെന്ന രീതിയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള വിമർശനങ്ങളും ആലോചനകളും സിനിമാമേഖലയിൽ നിന്നുള്ളവരിൽ നിന്നുതന്നെ ഉയർന്നുവരാൻ തുടങ്ങി. സ്ത്രീ, ദളിത്, ക്വിയർ വിരുദ്ധ ദൃശ്യങ്ങളും ഡയലോഗുകളും സിനിമയിൽ കടന്നുവരാതിരിക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ നടത്തിയിട്ടുള്ളതായി ഈ കാലഘട്ടത്തിലെ സിനിമകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. ന്യൂജനറേഷൻ സിനിമകളുടെ വലിയ പ്രത്യേകത ഈ രാഷ്ട്രീയാവബോധമാണ്.
കൊളോണിയൽ ആധുനികതയും ദേശീയതയും രൂപീകരിച്ചെടുത്ത ആധുനികലൈംഗിക സദാചാരപ്രത്യയശാസ്ത്രത്തെ ഊട്ടിയുറപ്പിക്കുകയാണ് മലയാളസിനിമ (ഇന്ത്യൻസിനിമയും) ലൈംഗികതയെ സംബന്ധിച്ച് ഉയർത്തിപ്പിടിച്ച കാഴ്ചപ്പാട്. ലൈംഗികതയുടെ കമ്പോളവൽക്കരണവും അതു സാധ്യമാക്കി. ഏകദാമ്പത്യത്തിലധിഷ്ഠിതവും പ്രത്യുല്പാദനം ലക്ഷ്യം വെച്ചുള്ളതും ആണുംപെണ്ണും തമ്മിൽ മാത്രമുള്ളതുമായ ലൈംഗികതയാണ് ‘സാധാരണ’മെന്നും ‘നിയമാനുസൃത’മെന്നുമാണ് ആധുനിക ലൈംഗികസദാചാരത്തിന്റെ ആശയസംഹിത. അത് ആഹ്ലാദത്തിനുവേണ്ടിയുള്ള ലൈംഗികതയെയും വിവാഹപൂർവലൈംഗികതയെയും സ്വവർഗലൈംഗികതയെയും പാപമായും നിയമവിരുദ്ധമായും കണ്ടു. ലൈംഗികതയെ കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് മലയാളസിനിമയിൽ ഏറെക്കാലം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നത്. അതിനോടൊപ്പം, സ്ത്രീശരീരത്തെ ലൈംഗികവസ്തുവാക്കി അവതരിപ്പിച്ചുകൊണ്ട് കച്ചവടച്ചരക്കാക്കുകയും ചെയ്തു. കിടപ്പറരംഗങ്ങൾ, ബലാത്സംഗരംഗങ്ങൾ, ക്യാബറെ നൃത്തങ്ങൾ, സെമിപോൺ സിനിമകൾ, അശ്ലീലഡയലോഗുകൾ എന്നിവയെല്ലാം സിനിമ ഇതിനായി കണ്ടെത്തിയ സങ്കേതങ്ങളാണ്.
ന്യൂജനറേഷൻസിനിമകളിലെ ലൈംഗികകാഴ്ചപ്പാടിനെ വിശകലനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രവണതകൾ കാണാവുന്നതാണ്. ലൈംഗികതയെ സംബന്ധിച്ച് മേൽസൂചിപ്പിച്ച അധീശത്വ കാഴ്ചപ്പാടിനെ തള്ളിക്കളഞ്ഞുകൊണ്ട് കുറേക്കൂടി ഗൗരവത്തോടെയും സർഗാത്മകതയോടെയും ജനാധിപത്യത്തോടെയുമുള്ള സമീപനം സ്വീകരിക്കുന്നു എന്നതാണ് ഒരു പ്രവണത. ചുംബനരംഗങ്ങൾ (ലിപ് ലോക്ക്, ഫ്രഞ്ച് കിസ്സ്), ഇന്റിമേറ്റ് സീനുകൾ, വിവാഹപൂർവലൈംഗികത, പ്രത്യുൽപ്പാദനത്തിനു വേണ്ടിയല്ലാതെ ആഹ്ലാദത്തിനുവേണ്ടിയുള്ള ലൈംഗികത, ലൈംഗികബന്ധത്തിലെ ആഹ്ലാദം, സമ്മതം അഥവാ കൺസെന്റ്, കന്യകാത്വസങ്കൽപത്തിന്റെ നിരാസം, സ്ത്രീയുടെയും ക്വിയർജനതയുടേയും ലൈംഗികതൃഷ്ണകൾ എന്നിങ്ങനെ ലൈംഗികതയെ കുറിച്ചുള്ള മാറിവരുന്ന ബോധ്യങ്ങളെ പിന്തുടരാൻ മലയാളസിനിമ ശ്രമിക്കുന്നുണ്ട്.
സമൂഹത്തിൽ രൂഢമൂലമായിരിക്കുന്ന ആധുനിക ലൈംഗിക–ലൈംഗിക സങ്കൽപത്തെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സെൻസർബോർഡുകളെയും കണക്കിലെടുത്തുകൊണ്ടു മാത്രമേ ലൈംഗികതയുടെ ചിത്രീകരണം സാധ്യമാവുമായിരുന്നുള്ളു. അതിലെ ഗുരുതരമായ പ്രശ്നം, വ്യക്തികൾക്കിടയിലെ സ്വാഭാവികമായ സ്നേഹപ്രകടനങ്ങളുടെ ആവിഷ്കാരത്തെ ശക്തമായി വിലക്കുകയും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികഅതിക്രമങ്ങളുടെ ചിത്രീകരണത്തിന് അംഗീകാരം നൽകുകയും ചെയ്യുന്നു എന്നതാണ്. ലൈംഗികാതിക്രമണങ്ങളുടെ സ്വാഭാവികവൽക്കരണവും ലൈംഗികബന്ധത്തെ കുറിച്ചുള്ള വികലമായ സങ്കൽപങ്ങളുടെ നിർമ്മിതിയുമാണ് ഇതിലൂടെ സംഭവിച്ചത്. 1920 കളിലെയും – 1930 കളിലെയും ഇന്ത്യന്‍സിനിമയില്‍ ധാരാളം ചുംബനരംഗങ്ങളും സെക്സ് സീനുകളുമുണ്ടായിരുന്നു. കര്‍മ്മ (1933) എന്ന സിനിമയില്‍ 4 മിനുട്ട് നീളുന്ന ചുംബനരംഗമുണ്ട്. എന്നാല്‍, 1940 കളോടെ പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തരം സെന്‍സര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാകുന്നുണ്ട്. ചുംബനരംഗങ്ങള്‍ ഏറെക്കുറെ സമ്പൂര്‍ണമായി സിനിമകളില്‍നിന്ന് അപ്രത്യക്ഷമാകുന്നത് ഇക്കാലത്താണ്. അതു പക്ഷേ, പ്രധാനമായും സംഭവിച്ചത് സെന്‍സര്‍ നിയമങ്ങള്‍ കാരണമല്ല. ‘ഇന്ത്യന്‍ മൂല്യ’ങ്ങളിലേക്കും സദാചാരബോധത്തിലേക്കുമുള്ള സമൂഹത്തിന്റെ മാറ്റം കാരണമാണ്. ചുംബനരംഗങ്ങള്‍ ഇന്ത്യന്‍ സ്ക്രീനില്‍ നിന്ന് ഇല്ലാതാകുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ വിധിപ്രകാരമല്ല. മറിച്ച്, സാമൂഹ്യ-മത സംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ് എന്ന് വിഖ്യാത സിനിമാ നിരൂപകനായ ബി ഡി ഗാര്‍ഗ നിരീക്ഷിക്കുന്നുണ്ട്. മലയാളസിനിമയിലെ ആദ്യഅധരചുംബനരംഗം ഞാൻ ഗന്ധർവനിലേതാണെന്ന് തോന്നുന്നു. ന്യൂജനറേഷൻ സിനിമകളിൽ ധാരാളമായി ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും ചിത്രീകരിക്കപ്പെടുന്നുണ്ട്. എന്നാൽ, പഴയകാല സിനിമകളിൽനിന്ന് വ്യത്യസ്തമായി, സ്ത്രീശരീരത്തെ ലൈംഗികവസ്തുവാക്കി ഒളിഞ്ഞുനോട്ടത്തിന്റെ ആഹ്ലാദം ജനിപ്പിക്കുന്ന തരത്തിലല്ല ഇവ ചിത്രീകരിക്കപ്പെടുന്നത് എന്നതാണ്. രണ്ടുവ്യക്തികൾക്കിടയിലുള്ള സ്നേഹത്തിന്റെ സ്വാഭാവികമായ പരസ്പരപ്രകടനം എന്ന നിലയ്ക്കുമാണ് ചുംബന രംഗങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. 1980 കളുടെ അവസാനം വരെ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന കിടപ്പറരംഗങ്ങൾ കൃത്യമായി കമ്പോളതാൽപ്പര്യത്തെ മുൻനിർത്തി ചെയ്യുന്നതാണെങ്കിൽ, സമകാലികസിനിമകളിൽ പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ചുമാത്രമേ ഇത്തരം രംഗങ്ങൾ കടന്നുവരുന്നുള്ളൂ. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്കലേസ്, കുമ്പളങ്ങി നൈറ്റ്സ്, മായാനദി, ഭീഷ്മ , കെട്ടിയോളാണ് മാലാഖ തുടങ്ങി ധാരാളം സിനിമകൾ ഉദാഹരണങ്ങളാണ്.
ആരുടെ ലൈംഗികാഹ്ലാദത്തെയാണ് മലയാളസിനിമ ഇക്കാലമത്രയും പരിഗണിച്ചത് എന്നു ചോദിച്ചാൽ, നിശ്ചയമായും ആണിന്റേത് എന്ന് പറയാവുന്നതാണ്. സ്ത്രീ വിവാഹിതയോ അവിവാഹിതയോ ആകട്ടെ, ആഹ്ലാദത്തിനു വേണ്ടിയുള്ള ലൈംഗികബന്ധം നിഷിദ്ധവും പാപവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റവുമായാണ് മലയാളസിനിമ അവതരിപ്പിച്ചത്. ലൈംഗികതൃഷ്ണകൾ പ്രകടിപ്പിക്കുന്ന സ്ത്രീകൾ അമിതലൈംഗികാസക്തിയുള്ളവളും കുടുംബത്തിന് യോജിക്കാത്തവളുമായിരുന്നു. ആഹ്ലാദത്തിനുവേണ്ടിയുള്ള ലൈംഗികതയും ലൈംഗികതയിലെ ആഹ്ലാദവും പ്രത്യേകിച്ച് സ്ത്രീയുടെ, മലയാളസിനിമയിൽ ഇക്കാലത്ത് ഇടംനേടുന്നുണ്ട്. സെക്സ് ഈസ് നോട്ട് എ പ്രോമിസ്, മാത്തൻ (Sex is not a promise, Mathan) എന്ന് മായാനദിയിലെ അപർണ പറയുന്നുണ്ട്. വിവാഹമോ, കുടുംബജീവിതമോ ലക്ഷ്യംവയ്ക്കുകയോ വാഗ്ദാനം നൽകുകയോ ചെയ്യുന്നില്ല, എന്തിന് പ്രണയമാണ് എന്നുപോലും അപർണ അവകാശപ്പെടുന്നില്ല. അതൊന്നുംകൂടാതെയും ലൈംഗികത സാധ്യമാണ് എന്ന കാഴ്ചപ്പാടാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളില്ലെങ്കിലും അപർണയെപ്പോലുള്ള സ്ത്രീ കഥാപാത്രങ്ങളെ ചാപ്പാ കുരിശിലും അന്നയും റസൂലിലും ആമേനിലും കുമ്പളങ്ങി നൈറ്റ്സിലും ഭീഷ്മയിലും നാലു വർഷത്തിലും തുടങ്ങി ധാരാളം സിനിമകളിൽ കാണാവുന്നതാണ്. യഥാർത്ഥത്തിൽ, ന്യൂജനറേഷൻ എന്നു വിളിക്കപ്പെടുന്ന ഈ സിനിമകൾ, സമൂഹത്തിലെ വ്യവസ്ഥാപിത ലൈംഗികസങ്കൽപത്തെ മാത്രമല്ല ചോദ്യം ചെയ്യുകയും പൊളിച്ചെഴുതുകയും ചെയ്യുന്നത്. മറിച്ച്, മലയാളസിനിമ തന്നെ നിർമ്മിച്ചിട്ടുള്ള സദാചാരബദ്ധവും കച്ചവടകേന്ദ്രിതവുമായ ലൈംഗികസങ്കൽപ്പത്തെയും ആഖ്യാനരീതിയെയും വിഷ്വൽ ഈസ്തെറ്റിക്സിനെയുമാണ്.
ഒരു വഴിക്ക് പ്രതിലോമകരമായ ആശയങ്ങളെയും ബോധ്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, വേറൊരു വഴിയ്ക്ക് അവയെ മുഴുവൻ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏറ്റവും അപകടരമായ സംഗതി വലിയ പുരോഗമനമാണ്, വിപ്ലവമാണ് എന്ന നിലയ്ക്കാണ് അവ അവതരിപ്പിക്കപ്പെടുന്നത് എന്നതാണ്. ന്യൂ ജനറേഷൻ സിനിമകളിലെ മറ്റൊരു പ്രവണതയായി ഇതിനെ കണക്കാക്കാവുന്നതാണ്. സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, രഞ്ജിത്ത്, രഞ്ജിത് ശങ്കർ തുടങ്ങിയ സംവിധായകരുടെ സിനിമകളെ ഈ കാറ്റഗറിയിൽ പൊതുവെ ഉൾപ്പെടുത്താവുന്നതാണ്. സത്യൻ അന്തിക്കാടും ഉണ്ണിക്കൃഷ്ണനും രഞ്ജിത്തുമെല്ലാം അവർ മുൻപ് പിന്തുടരുന്ന പാത അതേപടി തുടരുന്നു എന്നേയുള്ളൂ. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, അനൂപ് മേനോൻമാരുടെ അവസ്ഥ അതല്ല. ലൈംഗികതയെ കുറിച്ചും പൊതുവെ സ്ത്രീ–പുരുഷബന്ധങ്ങളെ കുറിച്ചും വലിയ പുരോഗമന ചിന്താഗതി വച്ചുപുലർത്തുന്ന ആളാണെന്ന, സിനിമാമേഖലയിലെ ബുദ്ധിജീവിയാണ് എന്ന തരത്തിലുള്ള ഇമേജ് ഉണ്ടാക്കിയെടുത്ത ആളാണ് അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങൾ, കോക്ടെയിൽ, ട്രിവാൻഡ്രം ലോഡ്-ജ്, ഹോട്ടൽ കാലിഫോർണിയ, പദ്മ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. മലയാളിയുടെ കപടലൈംഗികസദാചാരത്തെ ചോദ്യം ചെയ്യുന്ന സിനിമകളെന്ന നിലയിലും സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന സിനിമകളെന്ന നിലയിലുമൊക്കെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, സൂക്ഷ്മ വിശകലനത്തിൽ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പകർന്നതു മാത്രമാണ് അവയെന്ന് മനസ്സിലാകും. ട്രിവാൻഡ്രം ലോഡ്-ജ് എന്ന സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ്. പുരുഷൻമാർ മാത്രം താമസിക്കുന്ന ഒരു ഹോട്ടലിലേക്ക് ഒരു സ്ത്രീ താമസത്തിനായി വരുന്നതാണ് പ്രധാന പ്രമേയം. പല നിലയ്ക്ക് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു കൂട്ടം പുരുഷൻമാരുടെ കൂട്ടത്തിലേക്കാണ് ധ്വനി എന്ന സ്ത്രീ നോവലെഴുതാനായി കടന്നുവരുന്നത്. വിവാഹമോചിതയാണ്, സ്വതന്ത്രയാവണം, ധാരാളമായി ഭക്ഷണം കഴിക്കണം പിന്നെ ഫർണിക്കേറ്റ് വിത് അബാൻഡൻ (വ്യഭിചാരം എന്നും മനസ്സിലാക്കാം) എന്നിവയൊക്കെയാണ് ലക്ഷ്യം. സ്വന്തമായ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമൊക്കെയുള്ള ഒരു സ്ത്രീ എന്നൊക്കെ നമുക്ക് തോന്നും.
പക്ഷേ, 1980- കളിലെയും 90 കളിലെയും സിനിമകളിൽ നമ്മൾ കണ്ട, സ്വന്തം ശരീരം ഉപയോഗിച്ച് പുരുഷനെ പ്രലോഭിപ്പിക്കുന്ന ക്യാബറെ നർത്തകികളുടെയും വാമ്പു (vamp)കളുടെയും സമകാലിക വേർഷനാണ് യഥാർത്ഥത്തിൽ ഈ കഥാപാത്രം. മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെ കളിയാക്കുന്നു എന്ന മട്ടിൽ, ഈ കഥാപാത്രത്തെക്കൊണ്ട് സ്വന്തം ശരീരത്തെ പലനിലയ്ക്ക് പുരുഷനെ പ്രലോഭിപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റിക്കുകയാണ് ചെയ്യുന്നത്. ആ നിലയ്ക്ക്, സ്ത്രീ ശരീരത്തെ ലൈംഗികവസ്തുവാക്കി ആൺകാണികൾക്ക് ഒളിഞ്ഞുനോട്ടത്തിലൂടെ ലഭിക്കുന്ന ലൈംഗികാഹ്ലാദത്തിനുള്ള സാധ്യതയൊരുക്കുകയാണ് പുരോഗമനമെന്ന മട്ടിൽ ഈ സിനിമ ചെയ്യുന്നത്. സിനിമയിലെ നായക കഥാപാത്രമായി വരുന്നത് അപ്പർക്ലാസ്, അപ്പർകാസ്റ്റ് സർവോപരി സമ്പന്നനായ രവിശങ്കർ എന്ന അനൂപ് മേനോൻ തന്നെ അവതരിപ്പിച്ച കഥാപാത്രമാണ്. രവിശങ്കർ വിഭാര്യനും മരിച്ചുപോയ ഭാര്യയോട് ഇപ്പോഴും ഒടുങ്ങാത്ത, ഉപാധികളില്ലാത്ത പ്രണയം സൂക്ഷിക്കുന്നയാളുമാണ്. അതുകൊണ്ടുതന്നെ, വേറൊരു സ്ത്രീയുമായും ലൈംഗികബന്ധം താൽപര്യപ്പെടാത്ത, മോണോഗമിക്കലായ പുരുഷനാണ്. ‘ഫർണിക്കേറ്റ് ചെയ്യൽ’ ഒരു ലക്ഷ്യമായി, സ്വാതന്ത്ര്യമായി കണ്ട ധ്വനി പിന്നീട് ഈ പുരുഷനെയാണ് ആരാധ്യനായി കാണുന്നത് എന്നതാണ് തമാശ. ഇതിലെ മറ്റൊരു പ്രശ്നം, ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന ലോഡ്-ജിലെ പുരുഷൻമാർ മുഴുവൻ അരികുവൽക്കരിക്കപ്പെട്ട, ലോവർക്ലാസും ലോവർകാസ്റ്റുമായ പുരുഷൻമാരാണ് എന്നതാണ്. എല്ലാ അർത്ഥത്തിലും സമ്പന്നനായ രവിശങ്കറിന് ഈ ദാരിദ്ര്യം ഇല്ല, അല്ലെങ്കിൽ ഉണ്ടാവില്ല. കൗമാരപ്രണയത്തെ ഒരു സബ്പ്ലോട്ടായി സിനിമ അവതരിപ്പിക്കുന്നുണ്ട്. രവിശങ്കറിന്റെ മകനായ അർജുനും ക്ലാസ്മേറ്റായ പെൺകുട്ടിയും തമ്മിലുള്ള പ്രണയം. ഈ സിനിമയിലെ ഏറ്റവും വലിയ അശ്ലീലം അർജുൻ എന്ന കൗമാരക്കാരനെഴെക്കാണ്ട് നരസിംഹത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ‘ഭാര്യയെ തൊഴിക്കാൻ ആഗ്രഹിക്കുന്നു’ എന്ന ആ ഡയലോഗ് പറയിപ്പിക്കുന്നതാണ്. മലയാളിയുടെ കപടലൈംഗികസദാചാരത്തെ ചൊടിപ്പിക്കാൻ ഉപയോഗിച്ച മറ്റൊരു പുരോഗമനമാർഗം ലൈംഗികചുവയുള്ള തെറി പറയുക എന്നതാണ്. ബീപ് സൗണ്ടുകൾ ധാരാളമായി ഉപയോഗിക്കുക എന്നത് ഒരു വിപ്ലവകരമായ മാറ്റമായി അവതരിപ്പിക്കപ്പെട്ടു. യഥാർത്ഥത്തിൽ ഈ തെറികളെല്ലാം സ്ത്രീയെ, അവളുടെ ലൈംഗികതയെ കേന്ദ്രീകരിച്ചുള്ളവയാണ് എന്നതാണ്. തെറി പറയലാണ് ലൈംഗികത എന്ന വികലസങ്കൽപവും ഇത്തരം സിനിമകൾ അവതരിപ്പിക്കുന്നുണ്ട്.
ക്യാബറെ നൃത്തങ്ങളുടെ തിരിച്ചുവരവും താരാധിപത്യ കേന്ദ്രിതമായ മാസ് സിനിമകളുടെ തിരിച്ചുവരവും ഇക്കാലത്ത് സംഭവിക്കുന്നുണ്ട്. പുലി മുരുഗൻ, മധുരരാജ, ലൂസിഫർ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. സ്ത്രീ ശരീരത്തെ ലൈംഗികവസ്തുവും കച്ചവടച്ചരക്കുമാക്കുന്ന, ന്യൂ ജനറേഷൻ സിനിമ വലിയ തോതിൽ പ്രതിരോധിക്കാൻ ശ്രമിച്ച പ്രവണതയുടെ പുനരാഗമനമാണ് അതിലൂടെ സംഭവിക്കുന്നത്.
ന്യൂ ജനറേഷൻ സിനിമകളിലെ ലൈംഗികഭാവനയെ സംബന്ധിച്ച് മേൽ സൂചിപ്പിച്ച പ്രവണതകളെല്ലാം അതേപോലെ വാട്ടർ ടൈറ്റായി നിൽക്കുന്നവയാണ് എന്ന് കരുതേണ്ട. സൂക്ഷ്മവിശകലനത്തിൽ, ആദ്യപ്രവണതയായി സൂചിപ്പിച്ച സിനിമകളിലും വിമർശിക്കപ്പെടേണ്ട എലമെൻസ് ഉണ്ട് എന്ന് മനസ്സിലാവും. എന്നാൽ, ലൈംഗികതയെ സംബന്ധിച്ച് സിനിമയിൽ നിലനിന്നിരുന്ന കാഴ്ചപ്പാടുകളെ പ്രതിരോധിക്കാനും പുതിയ ദൃശ്യസംസ്കാരത്തെ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളും ഇത്തരം സിനിമകളുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ അവബോധവും ആശാവഹമാണ്. ♦