Sunday, November 17, 2024

ad

Homeകവര്‍സ്റ്റോറിതിരയിലേക്ക് 
നോട്ടമിട്ട ഫാസിസം 
മലയാളിക്ക് നല്കുന്ന 
വിപൽസൂചനകൾ

തിരയിലേക്ക് 
നോട്ടമിട്ട ഫാസിസം 
മലയാളിക്ക് നല്കുന്ന 
വിപൽസൂചനകൾ

ഹരിനാരായണൻ എസ്

സിനിമയെ ഫാസിസ്റ്റുകളേക്കാൾ നന്നായി ഉപയോഗിക്കാനറിയാവുന്നവർ ചുരുക്കമാണ്. ഹിറ്റ്ലർക്കായി സൃഷ്ടിച്ച Triumph of the Will മുതൽ ‘കേരളാ സ്റ്റോറി’ വരെ ചരിത്രത്തിൽ ഇതിനുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. പോപ്പുലർ മാധ്യമമായതിനാൽ അതിവേഗം ജനങ്ങളുടെ ബോധമണ്ഡലത്തിലേക്ക് വിവിധതരം ആശയങ്ങൾ എത്തിക്കാമെന്നതാണ് സിനിമയുടെ പ്രത്യേകത. സിനിമയെന്ന സാംസ്കാരിക മാധ്യമം ഫാസിസ്റ്റുകൾക്ക് എളുപ്പത്തിലുപയോഗിക്കാവുന്ന ഒരു ടൂളായി മാറുന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ യാഥാർഥ്യം. ലോകത്തെ ആദ്യത്തെ ശ്രദ്ധേയമായ ചലച്ചിത്രോൽസവമായ വെനീസ് ചലച്ചിത്രോൽസവം ഫാസിസ്റ്റ് ഭരണാധികാരിയായ മുസ്സോളിനിയുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണെന്നത് വെറുമൊരു വിരോധാഭാസമല്ല. ഇന്ത്യൻ സാംസ്കാരിക മണ്ഡലത്തെ സംഘപരിവാർ പൂർണമായും കയ്യടക്കിയ കാലത്തെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവമായ ‘ഇഫി’യുടെ രൂപമാറ്റവും ശ്രദ്ധേയമാണ്. കശ്മീർ ഫയൽസും, കേരളാ സ്റ്റോറിയും, മാളികപ്പുറവുമൊക്കെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അവസ്ഥയിലേക്ക്, ഒരുകാലത്ത് ലോകം ശ്രദ്ധിച്ച ചലച്ചിത്രോൽസവം അധഃപതിക്കുന്നത് യാദൃച്ഛികമല്ലെന്നും, മറിച്ച് സിനിമയെന്ന മാധ്യമത്തിന്റെ അനിതരസാധാരണമായ സാധ്യതകളെക്കുറിച്ച് നന്നായി അറിയാവുന്ന ഹിന്ദുത്വവാദികൾ അതിനെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നതാണെന്നുമുള്ള തിരിച്ചറിവ് പ്രധാനമാണ്. ബോളിവുഡ് ഏറെക്കുറെ പൂർണമായും വലത് ഹൈന്ദവശക്തികളുടെ കൈപ്പിടിയിലായിക്കഴിഞ്ഞു. അഭിനവ ബാഹുബലി-ആർ.ആർ.ആർ അവതാരങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലേക്കും ഈ ആശയസംഹിതകൾ നുഴഞ്ഞു കയറിത്തുടങ്ങി. ഈ നിർണായക ഘട്ടത്തിൽ എന്താണ് മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. ചില സമീപകാല കാഴ്ചകളുടെ/സംഭവങ്ങളുടെ വിശകലത്തിലൂടെ ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്താനുള്ള ശ്രമമാണ് ഈ ലേഖനം.

കലങ്ങി മറിഞ്ഞ പതിറ്റാണ്ടുകൾ
വലത്-ഹിന്ദുത്വ ആശയങ്ങളോടു ചേർന്നുനിൽക്കുന്ന സിനിമകൾ മലയാളത്തിൽ നിരന്തരമായി ഉല്പാദിപ്പിക്കപ്പെടാനുള്ള കാരണങ്ങളുടെ അന്വേഷണം ചെന്നെത്തുക എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ രാഷ്ട്രീയ-, സാമൂഹിക ഭൂമികയെ ഇളക്കിമറിച്ച ചില വിഷയങ്ങളിലാണ്. മണ്ഡൽ കമ്മീഷൻ മുതൽ ബാബറി മസ്ജിദ് വരെയുള്ള വിഷയങ്ങൾ ഇന്ത്യൻ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളെ പൂർണമായും സ്വാധീനിച്ച കാലം. മണ്ഡൽ രാഷ്ട്രീയ വ്യവഹാരങ്ങളോടുള്ള മലയാള സിനിമയുടെ പ്രതികരണത്തെ വിശകലനം ചെയ്തു കൊണ്ട് ‘ജാതി വ്യവസ്ഥയും മലയാള സിനിമയും’ എന്ന പുസ്തകത്തിൽ കെ. പി ജയകുമാർ നിരീക്ഷിക്കുന്നതിങ്ങനെയാണ്:

“ കാർഷികവും പരമ്പരാഗതവുമായ സാമ്പത്തിക/തൊഴിൽ മേഖലകളിലുണ്ടായ തകർച്ചയോടൊപ്പം പെരുകിവന്ന തൊഴിലില്ലായ്മ സൃഷ്ടിച്ച സന്ദിഗ്ധതകളെ അഭിസംബോധന ചെയ്യുന്നതായി നടിച്ചുകൊണ്ടാണ് മലയാള സിനിമയുടെ ആഖ്യാനമണ്ഡലം ‘വരേണ്യ ജാതി ആശങ്കകൾ’ ആന്തരവൽക്കരിച്ചത്. വിദ്യാസമ്പന്നൻ മാത്രമല്ല മിക്കവാറും സവർണ്ണൻ കൂടിയായ യുവാവിന് മാറി വരുന്ന രാഷ്ട്രീയ, -സാമൂഹ്യ-, സാമ്പത്തിക പരിസ്ഥിതിയിൽ ജീവിക്കാൻ വന്നുപെടുന്ന കഷ്ടപ്പാടുകളായിരുന്നു ഇക്കാലത്ത് പുറത്തു വന്ന സിനിമകളുടെ പ്രമേയ കേന്ദ്രം. സംവരണം മൂലം അർഹതപ്പെട്ട സർക്കാർ ജോലി ലഭിക്കാതെ പോവുന്ന സവർണ്ണ യുവാക്കളുടെ ആത്മസംഘർഷങ്ങളായിരുന്നു പ്രമേയങ്ങളുടെ അന്തർധാര”.

ഇത്തരം സവർണ്ണ യുവാക്കളുടെ അരക്ഷിതാവസ്ഥ ചിത്രീകരിക്കുന്ന ഒരുപറ്റം സിനിമകളാണ് ഈ കാലത്ത് പുറത്തു വന്നതെന്ന് കാണാം. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, ആര്യൻ, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹൻലാലിന്റെ സവർണ്ണ താരശരീരത്തെ സംവരണവിരോധികൾ തങ്ങൾക്കനുകൂലമായി ഉപയോഗിച്ചു. ഇതിന്റെ തുടർച്ചയായാണ് തൊണ്ണൂറുകളിൽ സവർണ്ണ തമ്പുരാൻ വാഴ്ചയെ പ്രകീർത്തിക്കുന്ന ഒരു പറ്റം സിനിമകൾ സൃഷ്ടിക്കപ്പെട്ടത്. ധ്രുവം, ദേവാസുരം, ആറാം തമ്പുരാൻ തുടങ്ങി ഒരുപറ്റം തമ്പുരാൻ സിനിമകൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയോട് പൂർണമായ പുച്ഛവും അവിശ്വാസവും, സവർണ്ണ ഹിംസയുടെ അങ്ങേയറ്റത്തെ ന്യായീകരണവും പ്രകടമാക്കി. ഇത്തരം ചിത്രങ്ങളിലൂടെ എങ്ങനെയാണ് തീവ്ര ഹിന്ദുത്വ ആശയങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ച് ചലച്ചിത്ര നിരൂപകരായ ജി. പി രാമചന്ദ്രനും, വി. കെ ജോസഫും പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം മലയാള സിനിമയുടെ ഗതിവിഗതികളെ നിർണയിച്ച ഈ തീവ്ര ഹിന്ദുത്വ ‘തമ്പുരാൻ തരംഗം’ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവസാനിക്കുന്നതായി കാണാം.

*

പുതിയ നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ട് മലയാള സിനിമാചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഏടായാണ് അടയാളപ്പെടുത്തപ്പെടുന്നത്. മലയാള സിനിമയിൽ ഒരു നവതരംഗം സംഭവിച്ച കാലമാണിത്. ഒരുകൂട്ടം യുവസംവിധായകർ പരമ്പരാഗത സിനിമാ രീതിശാസ്ത്രത്തോട് കലഹിച്ചുകൊണ്ട് നടത്തിയ പുതുവഴിവെട്ടലാണ് ഈ കാലഘട്ടത്തിൽ സംഭവിച്ചത്. സിനിമയിലെ അവസാന വാക്കായ സൂപ്പർ-സ്റ്റാർ സംസ്കാരത്തെ വെല്ലുവിളിച്ച ഈ നവമുന്നേറ്റം, തൊണ്ണൂറുകളിൽ മലയാളത്തിൽ ആഴത്തിൽ വേരാഴ്ത്തിയ ഹിന്ദുത്വ ആശയസ്ഥലികളെയും കടപുഴക്കുന്നുണ്ട്. അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് കീഴാള ജീവിതങ്ങളോട് ചേർന്നുനിൽക്കുന്ന ഒരുകൂട്ടം ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ സംഭവിച്ചു. അധികാരത്തോടും അധീശ പ്രത്യയശാസ്ത്രത്തോടുമുള്ള കലഹം ഈ സിനിമകളുടെ പ്രത്യേകതയായിരുന്നു. ഉദാഹരണത്തിന് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ ആഷിക് അബു അവതരിപ്പിച്ച ഹൈദർ എന്ന കഥാപാത്രം മുസ്ലിം ആയതിനാൽ മാത്രം നാട്ടിലെ പൊലീസുകാർക്കുണ്ടായ അടിസ്ഥാനരഹിതവും ഇസ്ലാമോഫോബിയയിൽ നിന്നുണ്ടായതുമായ ചില സന്ദേഹങ്ങളാൽ ജീവിതം വഴിമുട്ടിയ ആളാണ്. അയാളുടെ പാസ്പോർട്ട് വെരിഫിക്കേഷൻ തടഞ്ഞുവെയ്ക്കാൻ പോലീസ് പറയുന്ന കാരണം പ്രായപൂർത്തിയാവുന്നതിനും മുൻപ് അയാൾ ചെയ്ത ഒരു നിസ്സാര കുറ്റമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ വ്യാപകമായി പടർന്നു പന്തലിച്ച മുസ്ലിം വിരോധത്തോടുള്ള പുതിയ തലമുറയുടെ പ്രതികരണം കൂടിയായിരുന്നു ഇത്തരം ചിത്രങ്ങൾ. സവർണ്ണ ഫാസിസ്റ്റ് അധികാരത്തിന്റെ വീക്ഷണ കോണിനെ നവതരംഗ സംവിധായകർ മാറ്റിയെടുക്കുകയും, അതിനെ കീഴാള/ദളിത്/മുസ്ലിം വീക്ഷണ കോണുകളാൽ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ഫാസിസത്തിന്റെ രണ്ടാം വരവ്
മോദിഭരണം രാജ്യത്തെ കലാസാംസ്കാരിക മേഖലയെ ഏതാണ്ട് പൂർണമായും സംഘപരിവാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു. ബോളിവുഡ് തീവ്ര വലത് ആശയങ്ങളുടെ പ്രചരണം നടത്താൻ മത്സരിക്കുന്നതും(ചരിത്ര സിനിമകളിലൂടെ സൃഷ്ടിക്കുന്ന പഴമയുടെ ഹൈന്ദവവൽക്കരണം), നടീനടൻമാർ ഭാജപയുടെ ബ്രാൻഡ് അംബാസഡറാവുന്നതും രാജ്യം കണ്ടു. ഈ ഘട്ടത്തിലാണ് പുരോഗമന ആശയങ്ങളിലൂന്നിയ നവതരംഗത്തിനു ബദലായി മലയാളത്തിൽ ചില അനക്കങ്ങൾ സംഭവിക്കുന്നത്. സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനവും ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഒരു കൂട്ടം യുവ സിനിമാക്കാർ മുൻകൈയെടുത്ത്, സിനിമയിലെ തലമുതിർന്ന സംഘപരിവാർ അനുയായികളുടെ അനുഗ്രഹത്തോടെയാണ് ഈ ധാരയുടെ പ്രവർത്തനം. ഉണ്ണി മുകുന്ദനെപ്പോലെയൊരു യുവനടൻ സോഷ്യൽ മീഡിയയിലെ അഭിപ്രായനങ്ങൾക്കപ്പുറം പരസ്യമായി സംഘപരിവാർ വേദികളിൽ പ്രത്യക്ഷപ്പെടുന്നതും, സിനിമാ സംവിധായകരും സാങ്കേതിക പ്രവർത്തകരുമുൾപ്പടെ ഒരു ടീം രൂപീകരിക്കപ്പെടുന്നതും മതനിരപേക്ഷ മലയാളിയെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു prototypical മുസ്ലിം കഥാപാത്രത്തെ ക്രൂരനായ വില്ലനായി അവതരിപ്പിച്ച (ധ്രുവത്തിലെ ഹൈദർ മരയ്ക്കാരുടെ ന്യൂ ജൻ അവതാരം) മേപ്പടിയാനും, ശബരിമല സമരത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനായി പടച്ച മാളികപ്പുറവും, വിശ്വ ഹിന്ദു പരിഷത്തിന്റെ വേദിയിൽ വച്ച് പ്രഖ്യാപിച്ച ജയ് ഗണേഷുമുൾപ്പടെയുള്ള ചിത്രങ്ങളെ വലതു ഹിന്ദുത്വത്തിന്റെ രണ്ടാം വരവിന്റെ സൂചനകളായി വേണം കണക്കാക്കാൻ. ഇതേ ഫോർമുലയിലുള്ള ഒരുപിടി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നു എന്ന വാർത്തകളും വരുന്നുണ്ട്. കേരളത്തെ അവഹേളിക്കാനുള്ള സംഘി പ്രൊപ്പഗാൻഡ ചിത്രമായ കേരള സ്റ്റോറിയെ പരസ്യമായി പിന്തുണച്ച മുതിർന്ന നിർമാതാവ് സുരേഷ് കുമാറിനെയും ഭാര്യയായ നടി മേനകയെയും കണ്ടു ഞെട്ടിയ മലയാളിയുടെ മുന്നിലേക്കാണ് ബിജെപി അനുകൂലിയായ കൃഷ്ണപ്രസാദ് എന്ന നടനെ സംസ്ഥാന സർക്കാരിന്റെ നയങ്ങളാൽ ബുദ്ധിമുട്ടിയ ഒരു കർഷകൻ എന്ന മട്ടിൽ നടൻ ജയസൂര്യ അവതരിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ ഭയന്നു ജീവിച്ച ഹിന്ദുവിനുണ്ടായ നവോർജത്തെക്കുറിച്ച് മലയാളിയുടെ പ്രിയപ്പെട്ട നടി രേവതി പോസ്റ്റിട്ടതും മറ്റൊരു നടിയായ നിത്യ മേനോൻ അതിന് അനുകൂല കമന്റ് എഴുതിയതും നാം കണ്ടു. മലയാള സിനിമയുടെ അഭിമാനമായി കണ്ടിരുന്ന നടിയും നർത്തകിയുമായ ശോഭന പരസ്യമായി ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടതും മോദിയെ വാഴ്ത്തിയതും മലയാളിയെ അമ്പരിപ്പിച്ചു കാണണം. ഇനിയും ഏതൊക്കെ മുഖം മൂടികൾ അഴിഞ്ഞുവീഴാനുണ്ട് എന്നതാണ് മില്യൺ ഡോളർ ചോദ്യം.

എന്തുകൊണ്ടാണ് ഈ കാലത്ത് വലത്/സംഘി ആശയങ്ങളോട് പ്രതിപത്തിയുള്ള ഒരു തലമുറ കേരളത്തിലും ഉണ്ടായിവരുന്നതെന്ന ചോദ്യം ഇവിടെ സുപ്രധാനമാണ്. അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ക്യാമ്പസുകൾ മുതൽ സോഷ്യൽ മീഡിയ സ്പേസുകൾ വരെ ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. തികഞ്ഞ ഹിന്ദുത്വ ഫാസിസ്റ്റ് അനുകൂല സിനിമയായ അനിമൽ പോലൊരു ചിത്രം കേരളത്തിലുൾപ്പടെ പ്രേക്ഷകരെയാകർഷിച്ചത് നിസ്സാരമല്ല. ആൺ വയലൻസിന്റെ ആഘോഷം ഫാസിസത്തിന്റെ ഒന്നാം പടിയാണ്. ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നതിനിടയിലും കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാവുന്നതും, വയലൻസിനെ ജൈവികമായ ശരിയായി പ്രതിഷ്ഠിക്കുന്ന നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതും ശുഭലക്ഷണമല്ല. ഫാസിസം പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടും. മുഖ്യധാരയെ, സംസ്കാരത്തെ, കലയെ കൈപ്പിടിയിലാക്കാൻ പല ചെപ്പടിവിദ്യകളുമിറക്കും. ഇത് മനസ്സിലാക്കി അതിനെ ചെറുത്തുതോൽപ്പിക്കേണ്ടത് മതനിരപേക്ഷ മലയാളിയുടെ ഉത്തരവാദിത്വമാണ്.
(അദ്ധ്യാപകനും സിനിമാ 
നിരൂപകനുമാണ് ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + 9 =

Most Popular