അതിവേഗം പാഞ്ഞുപോകുന്ന ഒരു തീവണ്ടിയുടെ ജനലിലൂടെ പല കാഴ്ചകൾ മിന്നിമറഞ്ഞു പോകും. അവയിലേറെയും കാഴ്ചക്കാരെ ആകർഷിച്ച് മറവിയിലേക്ക് മാഞ്ഞുപോകുമ്പോൾ ചിലതുമാത്രം കാലത്തിന്റെ അടയാളമായി കാഴ്ചക്കാരിൽ അവശേഷിക്കും. അത്തരമൊരു വേഗത്തിലോടുന്ന തീവണ്ടിയാണ് സമകാലിക മലയാള സിനിമ. കോവിഡ് കാലത്ത് തുടങ്ങി വെച്ച മാറ്റങ്ങൾ പുതിയ ദിശകളിലേക്ക് വളരുകയും ആഖ്യാനത്തിലും, പരിചരണത്തിലും പുതുമാതൃകകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ബോളിവുഡ് തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ മറുപുറത്ത് 100 കോടി കടക്കുന്ന തുടർ വിജയങ്ങളുമായി മലയാള സിനിമ അതിന്റെ എക്കാലത്തെയും വലിയ വസന്തത്തിലൂടെ കടന്നുപോകുന്നു. ഇത് ഒരു ദശാസന്ധിയാണ്, മാറ്റത്തിന്റെ ഘട്ടം. ഈ ജംഗ്ഷനിൽ നിന്ന് യാത്ര എങ്ങോട്ടായിരിക്കും വഴിതിരിയുക എന്ന് പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണ്. ഈ ഘട്ടത്തിൽ മലയാള സിനിമയിലെ സ്ത്രീ പ്രതിനിധാനത്തിന് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്ന പരിശോധന പ്രാധാന്യമർഹിക്കുന്നു.
കാണാതായ പെൺകുട്ടികൾ
കഴിഞ്ഞ രണ്ടുവർഷങ്ങളിലായി മലയാളത്തിൽ ഏറ്റവും നേട്ടം കൊയ്ത ചിത്രങ്ങളാണ് രോമാഞ്ചം, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയവ. ഈ ചിത്രങ്ങൾ വേറിട്ടുനിൽക്കുന്നത് ഇവയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം കൊണ്ടുകൂടിയാണ്. അതായത് ബെക്ഡൽ ടെസ്റ്റ് പാസാകാത്ത മലയാള സിനിമകൾ. വ്യത്യസ്തമായ പ്രമേയങ്ങൾ സ്വീകരിക്കുമ്പോൾ അവയിൽ പ്രാതിനിധ്യത്തിനായി സ്ത്രീ കഥാപാത്രങ്ങളെ കുത്തിത്തിരുകേണ്ടതുണ്ടോ എന്ന മറുചോദ്യം ഈ നിരീക്ഷണത്തിനൊപ്പം തന്നെ ഉയരാറുണ്ട്. തീർച്ചയായും കഥയ്ക്ക് അനുയോജ്യമല്ലാത്ത രീതിയിൽ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. അങ്ങനെ കുത്തിത്തിരുകുന്നത് എത്രമാത്രം അരോചകമാകും എന്നതിന് ആടുജീവിതത്തിലെ ഗാനരംഗം തന്നെ നല്ല ഉദാഹരണം. കഥയില്ലാത്ത സ്ത്രീകഥാപാത്രങ്ങൾ കഥയിൽ അനിവാര്യമല്ല എന്നിരിക്കിലും, വൻ വിജയം നേടുന്ന സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം ഒരു ട്രെൻഡ് ആയി മാറുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത പുരുഷ ജീവിതവും അതിന്റെ ആഘോഷങ്ങളും മാത്രം തിരശ്ശീലയിൽ നിറയുന്നത് സാമൂഹികമായ പൊതുവിടങ്ങൾ സ്ത്രീക്ക് അന്യമാക്കപ്പെടുന്നതിന്റെ തുടർച്ചയായിത്തന്നെ കാണേണ്ടതുണ്ട്.
രോമാഞ്ചം, ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ വിദ്യാഭ്യാസകാലത്തും ബാച്ചിലർ ലൈഫ് ഘട്ടത്തിലും ആണുങ്ങൾ മാത്രം ഉൾപ്പെട്ട കൂട്ടങ്ങൾ നടത്തുന്ന ആഘോഷങ്ങളും അതിന്റെ ഭാഗമായിത്തന്നെ അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ആവിഷ്കരിക്കപ്പെടുന്നത്. ഇവിടെ പ്രതിസന്ധികളും ആഘോഷങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളിലായി നിൽക്കുന്നു. ഒന്ന് തിരിച്ചിട്ടാൽ മറ്റേതിലേക്ക് ജീവിതം തിരിഞ്ഞുമറിയുന്നു. ഈ സിനിമകളിൽ പ്രണയിനികളായ സ്ത്രീകൾ പോലുമില്ല. അതേസമയം ഒരു സ്പൂഫ് മൂവി എന്ന നിലയ്ക്ക് ആവേശം പ്രത്യേകമായ വിശകലനം അർഹിക്കുന്നുണ്ട് – മദർ ഫിക്സേഷൻ. ആവേശത്തിലെ നായകൻ രംഗയുടെ, പ്രണയം ലൈംഗികത എന്നിവയുടെ നിഴൽ പോലുമില്ലാത്ത ബ്രോമാൻസ് ജീവിതത്തിൽ മദർ ഫിക്സേഷന്റെ സൂചനകളുണ്ട്. ലൈംഗികതയെ മറികടന്ന, പുറമേ കോപാകുലനായ നായകനുള്ളിൽ സ്ത്രീ സാന്നിധ്യത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ഇരുണ്ട മേഖലകളുണ്ടാകാം എന്ന സൂചന സിനിമ നല്കുന്നുണ്ട്.
അതേസമയം മലയാള സിനിമ ജൻഡർ ന്യൂട്രൽ ആയ ആഖ്യാനത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനയായാണ് നിലവിലെ അപ്രത്യക്ഷമാകലുകളെ ചിലർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിനുശേഷം പരമ്പരാഗത ജൻഡർ ധാരണകൾ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും എന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഈ പ്രതീക്ഷകളെ ന്യായീകരിക്കുന്ന സൂചനകൾ നിലവിൽ ദൃശ്യമല്ല. അതേസമയം സിനിമയെ രാഷ്ട്രീയമായി വിലയിരുത്തുന്നതിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സമീപനം അടുത്തകാലത്തായി പുരോഗമന പക്ഷത്ത് നിൽക്കുന്നവരിൽ നിന്നുതന്നെ ഉണ്ടാകുന്നതായി കാണാം. ജാതി, ജൻഡർ തുടങ്ങിയവയെ ആവിഷ്കരിക്കുന്നതിന്റെ വിശദാംശങ്ങളിലേക്ക് നോക്കാതെ സിനിമയെ സിനിമയായി മാത്രം കാണൂ എന്ന മുറവിളി പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ്. പുതിയകാല മുതലാളിത്തത്തിന്റെയും, ഡിജിറ്റൽ പ്രചാരണോപാധികളുടെയും പിന്തുണ കൂടി അതിനുണ്ട് എന്ന വ്യത്യാസം മാത്രം.
പുതിയ ആഖ്യാന രീതികൾ കടന്നുവരുമ്പോഴും പ്രമേയത്തിൽ പരമ്പരാഗത കാഴ്ചപ്പാടുകൾ തന്നെ ആധിപത്യം പുലർത്തുന്നത് മലൈക്കോട്ടൈ വാലിബനിലും അഞ്ചക്കള്ള കോക്കാനിലും കാണാം. ഈ രണ്ട് സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾ പരമ്പരാഗത ജൻഡർ ധാരണകളെ കോപ്പിബുക്ക് ശൈലിയിൽ പുനരാവിഷ്കരിക്കപ്പെടുന്നവയാണ്. ആവേശത്തിനൊപ്പം തന്നെ വൻ വിജയം കൊയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ കാമുകി അവരുടെ സഹോദരിയുടെ ഭർത്താവിൽ നിന്ന് നേരിടുന്ന ലൈംഗികാക്രമണത്തെ നായകനായ മുരളി മനസ്സിലാക്കുന്നതും അങ്ങേയറ്റം യാഥാസ്ഥിതികമായ രീതിയിലാണ്. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുരമനോഹര മോഹത്തിൽ സഹോദരിയുടെ പ്രണയങ്ങളാണ് അവളുടെ കല്യാണം നടത്താൻ ശ്രമിക്കുന്ന സഹോദരന്റെയും അമ്മയുടേയും ഉറക്കം കെടുത്തുന്നത്. ഇങ്ങനെ പുതുമയുടെ പുതു പാത്രത്തിനകത്തുതന്നെ പഴമയുടെ വേരുകൾ സംരക്ഷിച്ച് നിർത്തപ്പെടുന്നു.
മാറുന്ന അമ്മമാർ
സ്വന്തം ജീവിതത്തിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ നടത്തുന്ന, പഴമയെ നിരാകരിച്ച് പുതുവഴികൾ തേടുന്ന അമ്മയെ ഹാസ്യകഥാപാത്രമായി മലയാള സിനിമയിൽ അവതരിപ്പിച്ചത് ഒരു വനിത തന്നെയാണ്, അഞ്ജലി മേനോൻ എന്ന സംവിധായിക. അതേ സിനിമയിൽ തന്നെ കുടുംബത്തിന്റെയും, പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളുടെയും പ്രാധാന്യം ഊട്ടി ഉറപ്പിക്കുന്നുണ്ട്. ഉദ്ദേശ്യം എന്തുതന്നെയായാലും, മക്കളുടെ നന്മയ്ക്കായി നോമ്പ് നോറ്റിരിക്കുന്ന കരയാൻ മാത്രം അറിയുന്ന സ്റ്റീരിയോ ടൈപ്പ് അമ്മമാരിൽ നിന്നൊരു മോചനം അതോടെ സാധ്യമായി എന്നതിൽ സംവിധായികയോട് നാം നന്ദി പറയേണ്ടതുണ്ട്. പുതിയ കാലത്ത് കുടുംബങ്ങളുടെ കഥയിൽ നിന്ന് ചില പ്രത്യേക ജീവിത ഘട്ടങ്ങളുടെ ആവിഷ്കാരം എന്ന നിലയിലേക്ക് മലയാള സിനിമയുടെ പ്രമേയം മാറിയതുകൊണ്ടുതന്നെ അമ്മ, അച്ഛൻ, സഹോദരിമാർ തുടങ്ങിയ സ്ഥിരം സഹകഥാപാത്രങ്ങൾ അപ്രത്യക്ഷരായിക്കഴിഞ്ഞു. അമ്മ ജീവിതത്തിന് പുറത്തും സ്ത്രീക്ക് ജീവിതമുണ്ടായിരുന്നു എന്ന് നമ്മുടെ സിനിമ അംഗീകരിച്ചുതുടങ്ങുന്നു. പ്രണയവിലാസത്തിൽ അമ്മയുടെ കൗമാര പ്രണയത്തെ മകൻ തന്നെയാണ് തേടിപ്പോകുന്നത്. വിവാഹിതയാകാതെ ലിവിൻ റിലേഷൻഷിപ്പിൽ അമ്മയാകുകയും അത് മടിയേതുമില്ലാതെ പറയുകയും ചെയ്യുന്ന കഥപാത്രത്തെ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ കാണാം. അവിഹിത ഗർഭം എന്ന നീലക്കുയിൽ തൊട്ടുള്ള സിനിമകളിലെ വലിയ പ്രശ്നത്തെ അത് പ്രശ്നമേ അല്ലാതാക്കുന്നു.
കാതൽ ദ കോറിൽ അമ്മ എന്ന സ്ഥാനത്തെ നിരാകരിക്കാതെ തന്നെ പുതിയൊരു ജീവിതം കണ്ടെത്താൻ ഓമന തയ്യാറാവുന്നു. മകളുടെ പിന്തുണ കൂടി അതിന് ലഭിക്കുന്നുമുണ്ട്. അമ്മ എന്നാൽ തന്റേതായ ഭാവിയുള്ള സ്വതന്ത്ര വ്യക്തിയാണെന്ന് ഇങ്ങനെ സിനിമ പറഞ്ഞു വെക്കുന്നു. കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതത്തിൽ ദേവകി രാജേന്ദ്രൻ അവതരിപ്പിച്ച സുജാത എന്ന കഥാപാത്രവും മകനോടൊപ്പം കാമുകന്റെ ജീവിതത്തിലേക്ക് കൂടുമാറുന്നുണ്ട്. ആവേശത്തിലെ ബിബിന്റെ അമ്മയുടെ കഥാപാത്രം പരമ്പരാഗത ധാരണകളെ ലംഘിക്കുന്നതാണ്. കഥാഗതിയിൽ ആ കഥാപാത്രത്തിന്റെ സാന്നിധ്യത്തിന് നിർണായക പ്രാധാന്യവുമുണ്ട്. അമ്മത്തത്തിന്റെ അപനിർമ്മാണം അങ്ങനെ മാറിയ ലോകവീക്ഷണങ്ങളുടെ പ്രത്യക്ഷമായി മാറുന്നു.
പരമ്പരാഗത സ്ത്രീ മാതൃകകളെ നിരാകരിക്കുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങൾ കോവിഡ് അനന്തര മലയാള സിനിമയിൽ കാണാം. കാതൽ ദ കോറിൽ ഓമനയാണ് ഭർത്താവിന്റെ സ്വയം വെളിപ്പെടുത്തലിന് കാരണവും പിന്തുണയുമാകുന്നത്. ലൈംഗികത എന്നത് സ്ത്രീയുടേയും ആവശ്യമാണ് എന്നും അത് നിഷേധിക്കുന്ന ബന്ധങ്ങളിൽ തുടരേണ്ടതില്ല എന്നും മറ്റൊരു മലയാള സിനിമയും മുൻപ് പറഞ്ഞിട്ടില്ല. ലൈംഗികമായ അതൃപ്തി അനുഭവിക്കുന്ന സ്ത്രീകളെ വഴിയിൽ കാണുന്നവരെയെല്ലാം വശീകരിക്കാൻ ശ്രമിക്കുന്ന മദാലസകളായാണ് മുൻകാല മലയാള സിനിമകളിൽ ഏറെയും കണ്ടിട്ടുള്ളത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ, മുല എന്ന സ്ത്രീ ശരീരത്തിലെ അവയവത്തെ ചുറ്റിപ്പറ്റി സമൂഹം നിർമ്മിച്ചുവെച്ചിരിക്കുന്ന ധാരണകളെ തുറന്നുകാട്ടുന്നു. അത് ഒരു പരിമിതിയും ഭീഷണിയും സാധ്യതയും ഭാരവും ഒക്കെയായി മാറുന്നത് സിനിമയിൽ കാണാം. അവയവങ്ങൾക്കുള്ളിൽ സ്ത്രീ എന്ന മനുഷ്യനുണ്ട് എന്ന് തിരിച്ചറിയുകയും അവരെ പല കോണിൽ നിന്ന് ആവിഷ്കരിക്കുകയുമാണ് സിനിമ ചെയ്യുന്നത്. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്ത്രീശരീരത്തെ മുൻനിർത്തിയുള്ള പൊതുധാരണകളെ വിചാരണ ചെയ്യുന്നു. ശരീരവുമായി കൂട്ടിക്കെട്ടി സ്ത്രീയെ നല്ലവളും ചീത്തയുമാക്കുന്ന സമീപനത്തെ, ചൂഷണത്തിനായി പുരുഷാധികാരം മുന്നോട്ടുവെക്കുന്ന വികല ന്യായങ്ങളെ ഒക്കെ സിനിമ ചോദ്യം ചെയ്യുന്നു. പക്ഷേ ഇതിനെ ഒക്കെ മറികടന്ന് നിങ്ങൾക്ക് വിജയിച്ചുകൂടേ, ദുരനുഭവങ്ങളെ അവഗണിച്ചുകൂടേ എന്ന പുരുഷാദർശം സിനിമയുടെ ക്ലൈമാക്സിൽ കാണാം. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖയിൽ കായിക ശേഷി ഉപയോഗിച്ചാണ് നായിക പ്രതികാരം ചെയ്യുന്നത്. മൃദുലമായ സ്ത്രീശരീരം എന്ന ആൺനോട്ടത്തെ സിനിമ നിരാകരിക്കുന്നു. ശാരീരികമായി ഉപയോഗിക്കപ്പെട്ടതിനല്ല അച്ഛന്റെ മരണത്തിനാണ് പ്രതികാരം ചെയ്യുന്നത് എന്നതും പ്രധാനമാണ്. മറ്റ് സ്ത്രീകളോടുള്ള ചതിയുടെ കണക്കുകൾ കൂടി രേഖ തീർക്കുന്നുണ്ട്.
ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവിൽ’ വിമോചന നാട്യങ്ങളുടെ ഭാരമില്ലാതെ തന്നെ സ്ത്രീജീവിതത്തിലെ പ്രതിസന്ധികൾ അവതരിപ്പിച്ചിരിക്കുന്നു. മാനസികാരോഗ്യം എത്രമാത്രം പ്രധാനമാണ് എന്നും സിനിമ സൂചിപ്പിക്കുന്നുണ്ട്. ലിംഗഭേദമില്ലാതെ എന്തിലും കൂടെനിൽക്കുന്ന സൗഹൃദത്തിന്റെ ആവിഷ്കാരവും സിനിമയിൽ കാണാം. വിവാഹിതയും മദ്ധ്യവയസ്കയുമായ സാധാരണക്കാരിയായ സ്ത്രീക്ക് സൗഹൃദങ്ങൾ അന്യമാണെന്ന പൊതുധാരണയെ സിനിമ പൊളിച്ചെഴുതുന്നു.
ഈ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നായ പ്രേമലുവിലും ഗിരീഷ് എ ഡി തന്റെ മുൻസിനിമകളിൽ എന്ന പോലെ മിടുക്കിയായ പെൺകുട്ടിയുടേയും അവളെ പ്രേമിക്കുന്ന അത്ര മിടുക്കനല്ലാത്ത ആൺകുട്ടിയുടേയും കഥയാണ് പറയുന്നത്. അവിവാഹിതയായ പെൺകുട്ടികളുടെ വസ്ത്രം, പെരുമാറ്റ രീതികൾ, സൗഹൃദം, ജീവിതശൈലി എന്നിവയെപ്പറ്റിയെല്ലാമുള്ള പൊതുബോധങ്ങളെ സിനിമ പൊളിച്ചെഴുതുന്നു. അടുക്കളപ്പണിയും അടുക്കിപ്പെറുക്കലുകളുമില്ലാത്ത സ്വതന്ത്രമായ പെൺ ബാച്ചിലർ ലൈഫ്. സൂപ്പർ ശരണ്യയിൽ ഹോസ്റ്റൽ ആണെങ്കിൽ ഇവിടെ പേയിംഗ് ഗസ്റ്റ് മുറിയാണെന്നു മാത്രം. ഏതായാലും അവിടെ സൗഹൃദങ്ങളും ലഹരികളുമുണ്ട്. പെൺ സൗഹൃദങ്ങളും ആൺ സൗഹൃദങ്ങളും പ്രേമലുവിൽ ഒരേപോലെ ശക്തവുമാണ്. ബെസ്റ്റിയും കാമുകനും ഒന്നല്ലെന്നും എല്ലാ അടുപ്പങ്ങളും പ്രണയങ്ങളായി തെറ്റിദ്ധരിക്കെണ്ടതില്ലെന്നും സിനിമ പറയുന്നു. വാഗ്ദാനങ്ങളില്ലാതെ നമുക്ക് നോക്കാം എന്നു മാത്രം പറയുന്ന ഒരു ലോംഗ് ഡിസ്റ്റൻസ് ബന്ധത്തിലാണ് സിനിമ അവസാനിക്കുന്നത്.
എടുത്തുപറയേണ്ട മറ്റൊരുകാര്യം സ്ത്രീ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ സർക്കാർ സഹായം നല്കുന്ന പദ്ധതിയാണ്. ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമായ ഈ പദ്ധതിയിലൂടെ നാല് സിനിമകൾ പുറത്തുവന്നു കഴിഞ്ഞു. പ്രമേയത്തിലും ആഖ്യാനത്തിലും വൈവിധ്യം പുലർത്തുന്ന ഇവ പെൺജീവിതത്തെക്കുറിച്ചുള്ള വേറിട്ട കാഴ്ചകൾ മുന്നോട്ടുവെക്കുന്നു.
സമകാലിക മലയാള സിനിമയുടെ ഏറ്റവും വലിയ സവിശേഷത ട്രെൻഡുകളുടെ അഭാവമാണ്. ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. തീയേറ്റർ, ഒ ടി ടി കാഴ്ചകൾ തമ്മിൽ വ്യക്തമായ അതിരുകൾ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തീയേറ്റർ ഹിറ്റുകൾക്കായി പ്രമേയത്തിലും ആഖ്യാനത്തിലും നടത്തുന്ന ഒത്തുതീർപ്പുകൾ ഭാവിയിൽ സിനിമയെ എങ്ങനെ മാറ്റും എന്ന് കണ്ടറിയേണ്ടതുണ്ട്. ♦