കൂടിയാട്ട കലാകാരൻ വേണുജിയുമായി ചെം പാർവതി നടത്തിയ സംഭാഷണം
പ്രശസ്ത കൂടിയാട്ടം കലാകാരനും അഭിനയ പരിശീലകനുമായ ജി വേണു തന്റെ നവരസ സാധന എന്ന അഭിനയ പരിശീലനത്തെക്കുറിച്ചും കൂടിയാട്ടം എന്ന കലാപ്രവർത്തന മേഖലയിൽ എത്തിച്ചേർന്ന യാത്രകളെക്കുറിച്ചും സംസാരിക്കുന്നു. അഭിനയ മികവിന്റെ അനുഭൂതികൾ വന്നെത്തിയ നാൾവഴികളെ സ്വന്തം കലാസഞ്ചാരജീവിതത്തിൽ നിന്നും നർത്തകി ചെം
പാർവതിയുമൊത്തുള്ള അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
താങ്കൾ കൂടിയാട്ടത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യം വിശദീകരിക്കാമോ?
കൂടിയാട്ടത്തിലേക്ക് എത്തിച്ചേരുന്നത് ദീർഘകാലമായ ഒരു അന്വേഷണത്തിന്റെ ഭാഗമായാണ്. അതിന് എന്റെ കലാജീവിതത്തിന്റെ തന്നെ ആരംഭകാലം മുതൽ പ്രസക്തിയുണ്ട്.
എന്റെ പതിനൊന്നാം വയസ്സിലാണ് കഥകളി അഭ്യസിച്ചുതുടങ്ങിയത്. കീരികാട്ട് ശങ്കരൻപിള്ള ആശാന്റെ കീഴിൽ മൂന്നുവർഷവും ഗുരു ഗോപിനാഥിന്റെ കീഴിൽ അഞ്ചു വർഷവും കഥകളി പരിശീലിച്ചു.
അക്കാലത്താണ് മുദ്രകൾ എങ്ങനെയാണ് രേഖപ്പെടുത്തുക എന്ന് ചിന്തിച്ചുതുടങ്ങുന്നത്. അതെനിക്ക് ഡാൻസ് നൊട്ടേഷൻ എന്ന മാധ്യമം കണ്ടെത്താനുള്ള വഴിയായി. വിഡിയോ മുഖാന്തരം അവ രേഖപ്പെടുത്തുക സാധ്യമായിരുന്നില്ല. കാലഘട്ടത്തിന്റെ സാങ്കേതിക പരിമിതി മാത്രമായിരുന്നില്ല തടസം. ഓരോ കലാകാരനും ഓരോ ശേഷിയാണുള്ളത്. അതിലുണ്ടാകുന്ന വൈവിധ്യങ്ങൾക്കും വ്യത്യാസങ്ങൾക്കും അപ്പുറമായിരിക്കണം ഡാൻസ് നൊട്ടേഷൻ എന്ന തിരിച്ചറിവു കൂടിയാണ് മറ്റൊരു മാധ്യമം കണ്ടെത്താനുള്ള പ്രചോദനമായതും.
പ്രഗത്ഭരായ കലാകാരരെ നേരിൽ കണ്ടും അറിഞ്ഞും അത് കണ്ടെത്തുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. അങ്ങനെയാണ് ഗുരു ചെങ്ങന്നൂർ രാമൻപിള്ള , കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയവരെ അറിയുന്നതും പ്രധാനമായും കഥകളിയിലെ തെക്കൻ ശൈലി കേന്ദ്രീകരിച്ചുകൊണ്ട് എന്റെ കണ്ടെത്തലുകൾ കുറിച്ചുതുടങ്ങിയതും.
അവയുടെ വലുപ്പം വർധിച്ചു വന്നതോടെ എന്നിലെ അറിവിന്റെ പരിമിതികൾ എനിക്ക് മനസ്സിലായി. ഇന്ത്യയിലുള്ള എല്ലാ കലയും പഠിക്കണം എന്ന ആഗ്രഹത്തിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. ഉത്തരേന്ത്യയിലെ മധ്യപ്രദേശ് കലാ പരിഷത്തിൽ കഥക് മണിപ്പൂരി തുടങ്ങിയ നാനാവിധ കലാരൂപങ്ങളെ അറിയാൻ ശ്രമിച്ചു. ഉറുദു ഹിന്ദി തുടങ്ങിയ ഭാഷകൾ അറിയാതെ എങ്ങനെയാണ് കഥക് പഠിക്കുക എന്ന തിരിച്ചറിവും അക്കാലത്തുണ്ടായി.
വിവിധ കലാരൂപങ്ങൾ അറിയുവാനുള്ള ശ്രമം കൂടിയാട്ടത്തെ അറിയുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകുമല്ലോ. അത്തരം സ്വാധീനങ്ങൾ എങ്ങനെയാണ് ഒരു കലാരൂപത്തിലേക്ക് മാത്രമായി സ്വാംശീകരിച്ചത്?
പ്രത്യേകമായ ഒരു പങ്കു വഹിച്ചത് എന്നിലെ സംഗീതാസ്വാദകനാണ്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിലെ പണ്ഡിറ്റ് രവിശങ്കറുടെ സംഗീതം എന്നെ വല്ലാതെ ആകർഷിച്ചു. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞർ സൃഷ്ടിച്ച അതുല്യ കലാകാരനായ ഉസ്താദ് അലാവുദീൻ ഖാൻ ശ്രീ രവിശങ്കറിന്റെയും ഗുരുവായിരുന്നു. സംഗീതം പഠിക്കാൻ ഞാൻ അദ്ദേഹത്തെ കണ്ടെത്തി. ഒരു ഗ്രാമത്തിൽ യാതൊരു സാങ്കേതിക വിദ്യയുടെയോ അടിസ്ഥന സൗകര്യങ്ങളുടെയോ സംരംഭ സഹായമില്ലാതെ അദ്ദേഹം സൃഷ്ടിച്ച ശിഷ്യപരമ്പരകളെയോർത്തപ്പോൾ അത്ഭുതമായി. ആ സാധനയുടെയും ആത്മവിശ്വാസത്തിന്റെയും മികവ് നേരിൽ കണ്ടനുഭവിച്ചുകൊണ്ട് ഞാൻ എന്റെ കലാന്വേഷണത്തിന്റെ ദിശ വീണ്ടും കേരളത്തിലേക്ക് തിരിച്ചു.
നാട്യത്തിന്റെ പല ശൈലികളും പഠിക്കാൻ ഞാനെന്റെ ഗവേഷണത്തെ തെക്കു കാക്കാരശ്ശി നാടകത്തിലേക്ക് കേന്ദ്രീകരിച്ചു. പിന്നെ കൃഷ്ണനാട്ടത്തിൽ ആദ്യത്തെ വിദേശയാത്രയുണ്ടായി. അങ്ങനെയിരിക്കെ തൃശ്ശൂരിൽ ഇരിങ്ങാലക്കുട മാധവ ചാക്യാരുടെ കൂടിയാട്ടം കണ്ടു. അദ്ദേഹത്തിന്റെ രാവണകഥാപാത്രം അത്യത്ഭുതമായിരുന്നു. എന്നെ ആശ്ചര്യപ്പെടുത്തിയ ആ അഭിനയ കുലപതിയുടെ അടുത്തേക്ക് കൂടിയാട്ടം പഠിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.
ഞാൻ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി മാറി. പക്ഷേ ശിക്ഷണം മാത്രം അനുഭവിക്കാൻ സാധിച്ചില്ല. കൂടിയാട്ടം മറ്റു ജാതിയിലുള്ളവർക്ക് പകർന്നുകൊടുത്തിരുന്നില്ല. അദ്ദേഹം എനിക്കും അത് നിഷേധിച്ചു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ജോലി ചെയ്തിരുന്ന ഞാൻ ചാക്യാർക്കുവേണ്ടി കൂടുതൽ പ്രവർത്തിത്തിക്കാൻ തുടങ്ങി. കൂടിയാട്ടത്തെ എങ്ങനെ ലോകസമക്ഷം പ്രദർശിപ്പിക്കാം എന്ന ചിന്തയിലായിരിക്കുന്നു ഞാൻ. ഇന്ത്യൻ ക്ലാസിക്കൽ കലകളുടെ അംബാസിഡർ എന്നറിയപ്പെടുന്ന ഡോക്ടർ കപില വാത്സ്യായനെപോലുള്ളവർ അക്കാലഘട്ടത്തിലാണ് എന്റെ സുഹൃത്തുക്കളായത്. കൂടിയാട്ടത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ അവാർഡ് പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങൾ മാധവ ചാക്യാരെ തേടിയെത്തി. കൂടിയാട്ടം അറിയപ്പെടാൻ തുടങ്ങി. അന്നദ്ദേഹം എന്നെ ശിഷ്യനായി സ്വീകരിക്കാം എന്ന വിപ്ലവകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. അതൊരു മാറ്റമായി. മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും രാജിവച്ചു.
വിപ്ലവകരമായി പകർന്നുകിട്ടിയ ഒരു ക്ഷേത്രകലയെ അറിയാനും അറിയിക്കാനും ഒരു നിത്യസഞ്ചാരിയായി ജീവിച്ചുവല്ലോ. അറിവ് പകർത്തുന്നതിലും പകർന്നു കിട്ടുന്നതിലും അതിന്റെ സ്വാധീനം പ്രസക്തമാണല്ലോ. എങ്ങനെയാണ് ദീർഘമായ ഈ സഞ്ചാര ജീവിതം കലയിൽ കാത്തുസൂക്ഷിച്ചത്?
ഞാൻ ഇരിങ്ങാലക്കുടയിൽ ഗുരുവിന്റെ കലാപാഠശാലയിൽ തന്നെ നിലയുറപ്പിച്ചു. അവിടം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയിട്ട് ഇപ്പോൾ നാല്പത്തിയഞ്ചു വർഷങ്ങളായി. കഠിന പരിശീലനത്തിലൂടെ ഞാൻ എന്റെ കലാപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് തുടങ്ങിയ കാലഘട്ടമാണത്.
ഓപൻഹേഗനിൽ വച്ചു നടന്ന ഓൾഡ് തിയേറ്റർ പ്രൊജക്ട് മീറ്റിങ്ങിലെ എന്റെ പ്രകടനം എനിക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് സ്വീഡനിൽ അവതരിപ്പിക്കുവാൻ അവസരമൊരുക്കി.
ലോകമെമ്പാടുമുള്ള തിയേറ്റർ സംബന്ധിച്ച പ്രാചീന രേഖകൾ കണ്ടെത്തുവാൻ ആ യാത്ര എന്നെ സഹായിച്ചു. അരിസ്റ്റോട്ടലിന്റെ പോയേറ്റിക്‌സാണ് ഏറ്റവും പുരാതനമായത്. അങ്ങനെയാണ് ഇന്ത്യയിൽ നൂറ്റാണ്ടുകൾകൊണ്ട് തിരിച്ചറിയാൻ പറ്റാത്ത അത്രയും രേഖകളുണ്ടെന്ന തിരിച്ചറിവ് എന്നിലുണ്ടാകുന്നത്.
നാട്യശാസത്രത്തിൽ തന്നെ ആറായിരത്തില്പരം ശ്ലോകങ്ങൾ. അതിനെ ചുവടുപിടിച്ച് വേറെയും നാട്യശാസ്ത്രങ്ങൾ. പ്രാദേശിക ഭാഷകളിൽ വേറെയും! ഇന്ത്യയിലാണ് ഭീമമായ ചരിത്രരേഖകൾ തീയറ്ററുമായി ബന്ധപ്പെട്ടുകിടക്കുന്നത് എന്നറിഞ്ഞു.
കൂടിയാട്ടത്തിനും അതീതമായി വേറെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന ചിന്ത എന്നെ പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചു.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പാശ്ചാത്യ കൊളോണിയൽ സമ്പ്രദായങ്ങളുടെ ബാക്കിപത്രങ്ങൾ കാണാമായിരുന്നു. എന്തുകൊണ്ടും നാം ഇന്ത്യൻ സിസ്റ്റം ഓഫ് ആക്‌ടേഴ്‌സ് ട്രെയിനിങ് അർഹിക്കുന്നു എന്ന തിരിച്ചറിവും എന്നെ ഉത്സാഹിപ്പിച്ചു. നമ്മൾ ചെയ്യുന്നതിന് പ്രാധാന്യം നമ്മൾ കല്പിച്ചാൽ മതി. മറ്റാരും ആ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ല എന്നതാണ് ഇന്നും എന്റെ ആത്മവിശ്വാസത്തിന്റെ കാതൽ.
സ്വരവായുവും നവരസസാധനയും
പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ആക്ടർ ട്രെയിനിങ് സ്കൂൾ വിജ്ഞാനങ്ങളുടെ കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂർ കോവിലകത്ത് നിലനിന്നിരുന്നു. നവരസങ്ങളുടെ പരിശീലനം കഥകളിയോ ശാസ്ത്രീയ കലകളോ പഠിച്ച ശിഷ്യർക്ക് നൽകി വന്ന ഒരു സമ്പ്രദായമാണത്.
ഇരുപതാം നൂറ്റാണ്ടിലെ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാനാണ് അവസാനത്തെ ശിഷ്യപരമ്പരയിൽപെട്ടൊരാൾ. എട്ടുവർഷങ്ങൾ അവിടെ പഠിപ്പിച്ചു. അവർ കഥകളിക്കാരുമല്ല കൂടിയാട്ടക്കാരുമല്ല എന്നതായിരുന്നു മറ്റൊരു പ്രത്യേകത. എന്റെ ഗുരു അമ്മന്നൂർ മാധവ ചാക്യാർ അവിടെ പഠിച്ചിരുന്നു.
കൊടുങ്ങല്ലൂരിലെ അഭിനയ പരിശീലന സമ്പ്രദായം എന്നെ സകല കണ്ടെത്തലുകൾക്കുമപ്പുറം ആശ്ചര്യപ്പെടുത്തി.
നവോത്ഥാന കാലഘട്ടത്തോടെ കോവിലകത്തെ സമ്പ്രദായം നിലച്ചു. കഥകളി കേരള കലാമണ്ഡലത്തിൽ അരങ്ങേറിത്തുടങ്ങി. കലാ ചരിത്രത്തിൽ നിന്നുതന്നെ സ്വരവായൂ അപ്രത്യക്ഷമായി. എന്റെ അഭിമുഖങ്ങളുടെ ഫലമായി സ്വരവായൂ എന്ന സമ്പ്രദായത്തെ ആദ്യമായി ഞാനറിഞ്ഞു.
സ്വരവായു – ശ്വാസത്തിന്റെ ശബ്ദം ആണ് സ്വരം. അതായത് വികാരവുമായി ബന്ധപ്പെട്ട ശബ്ദം. വായു എന്നാൽ ശ്വസന വായു. ഇതിനെ ആസ്പദമാക്കി ലോകത്തെങ്ങും ഒരു അഭിനയ പരിശീലനം ഉണ്ടായിട്ടില്ല.
സ്റ്റാൻസിലാവ്സ്കിയിലോ ഗ്രോട്ടോവ്സ്കിയിലോ ശ്വാസത്തിനെ അടിസ്ഥാനമാക്കി ഒരു ആക്ടർ ട്രെയിനിങ് സിസ്റ്റം നിലനിന്നിരുന്നില്ല. ഈ അറിവുകളെല്ലാം എനിക്ക് വിലപ്പെട്ടതായി. സിങ്കപ്പൂർ ഇന്റർ കൾച്ചറൽ തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻ തീയേറ്ററിന് വേണ്ടി തനതായ ഒരു അഭിനയ സമ്പ്രദായം അവതരിപ്പിക്കുവാൻ അവസരം വന്നു. എന്റെ കണ്ടെത്തലുകളും അനുഭവങ്ങളും ചേർത്ത് നവരസ സാധന എന്ന അഭിനയ പരിശീലന ശൈലിക്ക് രൂപം നൽകി.
ഇത്രയും നാളത്തെ അനുഭവങ്ങൾ ചേർത്തുകൊണ്ട് പതിനേഴ് വർഷങ്ങൾ സിംഗപ്പൂരിലും പതിനഞ്ചു വർഷങ്ങൾ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിപ്പിച്ചു. ഇപ്പോൾ ഇരിഞ്ഞാലക്കുടയിലെ സ്വന്തം സ്ഥാപനമായ നടന കൈരളിയിൽ നവരസ സാധന എന്ന ആക്ടർ ട്രെയിനിങ് പഠിപ്പിക്കുന്നു.
കൂടിയാട്ടത്തിനു ദി മദർ ഓഫ് അഭിനയ എന്ന വിശേഷണമുണ്ടല്ലോ .കണ്ണ് ഒരു അവയവം എന്നതിലുപരി കണ്ണിന്റെ നർത്തനം ശരീരത്തിനും അതീതമായി പ്രസക്തമാകുന്നില്ലേ. സ്വരവായുവിലെ അമൂർത്തമായ സ്വരവും വായുവും പോലെ കൂടിയാട്ടത്തിലെ മൂർത്തമായ കണ്ണുകൾ അംഗങ്ങൾ എന്നിവ അഭിനയത്തിന്റെ പല വശങ്ങളിലൂടെ എങ്ങനെ സമ്മേളിക്കുന്നു?
കൂടിയാട്ടത്തിന് കണ്ണിനാണ് പ്രാധാന്യം. എന്നാൽ സ്വരവായു അത്ഭുതകരമായ ഒരു പരിശീലന സ്വരസിദ്ധാന്തമാണ്. കൊടുങ്ങല്ലൂർ സമ്പ്രദായം അതിന് വല്യ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാൽ ശൈലികൾ അടിസ്ഥാനപ്പെടുത്തിയാണ് കഥകളിയിലെ അഭിനയം. സ്വരവായു സമ്പ്രദായത്തിൽ കഥകളിക്കും കൂടിയാട്ടത്തിനും സ്ഥാനമുണ്ട്. അതൊരു അഭിനയസാധനയായിരുന്നു. സ്വരവായു ഒരു ബാഹ്യമായ കണ്ടെത്തൽ മാത്രമല്ല. സംഗീതത്തിനു വേണ്ടിയുള്ള സ്വരങ്ങൾ മാത്രമല്ല അത്.
ഇതിനെ ആസ്പദമാക്കിയെങ്കിലും തനതായ ഒരു ചിട്ടപ്പെടുത്തൽ ആയിരുന്നു എനിക്ക് നവരസസാധന. അതിൽ റിയലിസവും ശൈലീകരണവും സമ്മേളിക്കുന്നുണ്ട്. റിയലിസം ശൈലീകരിച്ച മുദ്രകൾക്കുള്ളിൽ ഉണ്ടാവേണ്ടതാണ്. അതൊരു തിരിച്ചറിവാണ്. കൂടിയാട്ടത്തിലെയും നാട്യശാസ്ത്രത്തിലെയും എന്റെ അറിവുകൾ ഞാനതിലേക്ക് പകർത്തിനോക്കി. അതിന് സ്വരവായു വലിയ പ്രചോദനമാണ്.
മിഴാവ് എന്ന ഉപകരണത്തിന്റെ സ്വരങ്ങൾ കൂടിയാട്ടത്തിന്റെ നിശബ്ദതയ്ക്കു ഭംഗി പകരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. സ്വരവായുവിന്റെ അമൂർത്തമായ സ്വരസിദ്ധാന്തത്തിന്റെ സൗന്ദര്യം മിവാഴിലും കാണാൻ സാധ്യമാകുമല്ലേ?
തീർച്ചയായും എല്ലാം പരസ്പരപൂരകങ്ങളാണ്. ഈ തിരിച്ചറിവു തന്നെ വിലപ്പെട്ടതാണ്. കൂടിയാട്ടവും കഥകളിയും തമ്മിൽ സാമാന്യവത്കരണം ചിലയിടത്ത് നടക്കുന്നുണ്ട്. നാടകവും നൃത്തവും വേറെയാണ് എന്ന തിരിച്ചറിവു വേണം. അംഗവിക്ഷേപങ്ങളും സങ്കേതങ്ങളുമാണ് തീയറ്ററിൽ ഉപയോഗിക്കേണ്ടത്. കൂടിയാട്ടത്തിൽ അഭിനയപരിശീലനത്തിന് ലിംഗവ്യത്യാസങ്ങൾ ഇല്ല. ജപ്പാനിലെ കബൂകി നാടകത്തിൽ സ്ത്രീകളില്ലായിരുന്നു. ഗ്രീക്ക് തീയറ്ററിലും അങ്ങനെ തന്നെ.
ഷേക്സ്പീയറീയൻ തീയേറ്ററിലും സ്ത്രീകളില്ലായിരുന്നു. ഭരതമുനിക്ക് സ്ത്രീ വേഷങ്ങൾ സ്ത്രീകൾ തന്നെ അഭിനയിക്കണം എന്ന ചിന്തയുണ്ടായിരുന്നു. ഈ വേർതിരിവ് മായ്ക്കാൻ കൂടിയാട്ടത്തിന് ഏറ്റവും അനുയോജ്യമായത് മിഴാവാണ്. അതിന് തുല്യമായത് ജപ്പാനിലെ നോ തീയറ്ററിൽ കാണാം. പരുഷമായ കൊട്ടും ലളിതമായ അഭിനയവും. ലിംഗവ്യത്യാസങ്ങളെ അപ്രത്യക്ഷ്യമാക്കുന്ന ഒരു സാന്നിധ്യം മിഴാവിനുണ്ട്.
സംഘകൃതികളിലെ ഒരു ഫോക്ക് കലയായിരുന്ന കൂത്തിൽ നിന്നും എങ്ങനെ കൂടിയാട്ടമുണ്ടായി?
കൂത്ത് എന്നുതന്നെയാണ് പറഞ്ഞിരുന്നത്. അതിന്റെ ആദ്യത്തെ പരാമർശം ചിലപ്പതികാരത്തിലെ കുട്ടിച്ചേതത്തിൽ കാണാം. പുരുഷന്റെയും സ്ത്രീയുടെയും ഭാവങ്ങൾ മാറി മാറി അഭിനയിക്കണം. ഒന്നിലധികം കഥാപാത്രങ്ങൾ കൂടിവരുമ്പോൾ കൂടിയാട്ടം എന്നറിയപ്പെടുന്നു. തെയ്യത്തിലും മുടിയേറ്റിലും കൂടിയാട്ടം കാണാം. പൊതുവായ ഒരു പദപ്രയോഗമായിരുന്നു കൂടിയാട്ടം എന്നത്. ചാക്യാർക്കൂത്തിൽ ഒരാൾ മാത്രമാണെങ്കിൽ കൂടിയാട്ടത്തിൽ ഒന്നിലധികം പേരുണ്ട് എന്ന വായനയും ശരിയാണ്. എന്നാൽ സ്ത്രീയും പുരുഷനും ചേർന്നഭിനയിക്കുന്നതുകൊണ്ടും കൂടിയാട്ടം എന്ന് പറയുന്നു.
കൂത്തമ്പലത്തിൽ മാത്രം നിലനിന്നിരുന്ന ഒരു കലയായിരുന്നല്ലോ കൂടിയാട്ടം. ജാതിവേലികൾ കടന്നുള്ള വരവിലും കൂടിയാട്ടത്തെ ഇപ്പോഴും ഒരു ക്ഷേത്രകല എന്നുമാത്രം വിശേഷിപ്പിക്കുന്നുണ്ടോ?
എല്ലാ തൊഴിലിലും ഇത്തരത്തിലുള്ള വ്യവസ്ഥകൾ വരും. എന്റെ ഗുരുവിന്റെ അഭിനയം കണ്ടിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയത്. അദ്ദേഹം കൊടുങ്ങല്ലൂരിൽ പഠിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ആ അവതരണങ്ങളിൽ ലയിച്ച് ഞാൻ പൊട്ടിക്കരയുമായിരുന്നു. ഞാൻ കൂത്തമ്പലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടില്ല. ഒരു കാലത്ത് ഞാൻ മാത്രം പഠിച്ചുകൊണ്ടിരുന്നു, പിന്നെ എന്റെ മകൾ കപില വേണു, ആശാന്റെ വലിയ ഭക്തയായി മാറി. മികവുള്ള ഒരു കലാകാരിയായി അവൾ മാറി. മകളുടെ അവതരണങ്ങൾ കൂത്തമ്പലത്തിൽ കാണണമെന്ന് പലരും ആഗ്രഹിച്ചു. അതിന് വിലക്കും ഉണ്ടായിട്ടുണ്ട്.
ക്ഷേത്രകല എന്നതൊക്കെ വെറുതെ പറയുന്നതല്ലേ. കൃഷ്ണനാട്ടം എന്നാണ് ക്ഷേത്രകല ആയത്. കഷ്ടിച്ചൊരു നൂറു വർഷം ആയിക്കാണും. അതിനും മുൻപേ സാമൂതിരി കോവിലകത്തായിരുന്നു അവതരണം. അവർ സൃഷ്‌ടിച്ച കലയെ നിലനിർത്തുവാൻ വേണ്ടി പ്രധാനപ്പെട്ട തറവാടുകളിലെ അരങ്ങുകളിൽ എത്തിച്ചു . അങ്ങനെ വടക്കൻ ഭാഗങ്ങളിൽ അത് പ്രശസ്തമായി. സാമൂതിരി ഗുരുവായൂർ ഭരണസമിതി അംഗമായി. ദേവസ്വം ഏറ്റെടുത്തു. അങ്ങനെ പല ഭക്തിനിയമങ്ങളുടെയും ഭാഗമായി കൂത്തമ്പലങ്ങൾക്കു പുറത്ത് അവതരിപ്പിക്കാൻ പാടില്ല എന്ന നിയമം വന്നു. തൊഴിലെല്ലാം ജാതിയിൽ അധിഷ്ഠിതമായല്ലേ നിലനിന്നിരുന്നത്.
രാജാവ് ക്ഷേത്ര വിഹിതം പാരിദോഷികമായി നൽകുമായിരുന്നു. ഇന്ത്യയിൽ മറ്റെങ്ങും ഇത്രയും സമ്പന്നരായ കലാകാരരില്ലായിരുന്നു. അതുകൊണ്ടു തന്നെ അതൊരു സമ്പന്നമായ കലയായി കൂത്തമ്പലത്തിൽ മാത്രം നിലനിന്നു. വലിയ പ്രതിസന്ധികൾ അവർ നേരിട്ടില്ല. എന്നാൽ സകലതും ശോഷിച്ചും ക്ഷയിച്ചും കല പുറത്തേയ്ക്കായി. ഇന്നും കൂത്തമ്പലത്തെ മാത്രം നോക്കികാണുന്നവർ കൂത്തമ്പലത്തിലും പ്രവേശനം നിഷേധിക്കപ്പെട്ടവർ അന്തർദേശീയ വേദികളിലേക്ക് കൂടിയാട്ടത്തെ എത്തിക്കുകയും ചെയ്യുന്നു.
പുതിയ പ്രമേയങ്ങളും കഥകളും കൂടിയാട്ടത്തിൽ കണ്ടുവരുന്നുണ്ടോ?
കൂടിയാട്ടത്തിൽ ഒരു സിസ്റ്റമുണ്ട്. പ്രാചീന ഭാഷയിൽ അത് അവതരിപ്പിച്ചുവരുന്നു. എന്നാൽ സംസ്‌കൃതം മാത്രമല്ല തമിഴിന്റെ വലിയ സ്വാധീനമുണ്ട്. സിനിമ എന്ന സാമ്രാജ്യത്തിന്റെ നടുവിൽ ഏതൊരു കലയ്‌ക്കും പ്രതിസന്ധികളുണ്ട്. മാധ്യമ ശ്രദ്ധ ഇത്തരം കലകളിലേക്കെത്തേണ്ടതുണ്ട്. അതൊന്നും പലപ്പോഴും കൂടിയാട്ടം എന്ന കലയ്‌ക്ക് കിട്ടാറില്ല.
കണ്ടാൽ മനസിലാകുന്ന കല മാത്രമേ ആസ്വദിക്കപ്പെടുകയുള്ളു എന്ന ഒരു വാദം ഒരു കൂട്ടം കലാസ്വാദകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. കൂടിയാട്ടം അഭ്യസിക്കുന്നവർക്കും അവതരിപ്പിക്കുന്നവർക്കുമല്ലാതെ പുതിയ തലമുറയ്‌ക്ക് കൂടിയാട്ടത്തെ അറിയുവാൻ എന്തൊക്കെ സാധ്യതകളാണുള്ളത്?
സ്വാഭാവികമായ താല്പര്യം ഇപ്പോൾ ആർക്കും വരുന്നില്ല.
എന്റെ അനുഭവങ്ങൾ വ്യത്യസ്തമാണ്. വലിയ കലകളുടെ സങ്കേതങ്ങൾ അറിയാതെ അവ ആസ്വദിച്ചാണ് ഞാൻ അതിന്റെ പക്കൽ എത്തുന്നത്.
ഞാൻ കൂടിയാട്ടം അറിയാതെയാണ് കൂടിയാട്ടത്തിലേക്കെത്തുന്നത്. ഒരു കലയിൽ വ്യക്തിപരമായി ആകർഷിക്കപ്പെടുമ്പോൾ അതിലേക്കെത്തിച്ചുേച്ചേരും. കലയെ എങ്ങനെ കാണണം എന്ന ചിന്ത ആർക്കുമില്ല. ആരും ശ്രമിക്കാറുമില്ല. കലാനിരൂപണം എന്ന ചിന്ത നിർഭാഗ്യവശാൽ ശക്തമായി നിലനിൽക്കുന്നുമില്ല.
എന്റെ നടന കൈരളിയിൽ എല്ലാ മാസവും ഇരുപത് ശിഷ്യർ എത്താറുണ്ട്. നവരസ സാധന അവർ അഭ്യസിക്കുന്നു. വളരെ മികവേറിയ ഒരു കൂട്ടം യുവാക്കൾ അവിടെ എത്തുന്നുണ്ട്. ഒരിക്കൽ ജപ്പാനിൽ അവതരിപ്പിച്ച കൂടിയാട്ടം എന്നെ ആശ്ചര്യപ്പെടുത്തി. സങ്കേതവും ഭാഷയും അറിയാതെ അവർ ആസ്വദിക്കും. കൈകളെയും കണ്ണിനെയും അവർ പിന്തുടരും. അവതരണ ശേഷം സംവദിക്കും. ഓരോ ജനതയുടെയും സംസ്കാരമാണത്. അതൊരു യാഥാർഥ്യവുമാണ്. l