Tuesday, March 18, 2025

ad

ആമുഖം

2016 മുതൽ എൽഡിഎഫ് സർക്കാർ തുടർന്നുവരുന്ന വികസനവും ക്ഷേമവും ഉറപ്പാക്കി നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പായി 2025–26 ലെ കേരള ബജറ്റ്. ഇന്ത്യയിലെ ഒരു സംസ്ഥാനമായിപ്പോലും കേരളത്തെ കാണാൻ കൂട്ടാക്കാത്ത യൂണിയൻ ബജറ്റിന് ബദലായി കേരളത്തിന്റെ ബജറ്റ് ഉയർന്നുനിൽക്കുന്നു. കോർപ്പറേറ്റനുകൂല, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്തുന്ന യൂണിയൻ ബജറ്റിനുള്ള ഇടതുപക്ഷ ബദലാണ് കേരള ബജറ്റ് എന്ന കാര്യത്തിൽ ഒരാളിനും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

വാചകക്കസർത്തുകൾക്കും സ്വപ്നാടനങ്ങൾക്കുമപ്പുറം തികഞ്ഞ യാഥാർഥ്യബോധത്തോടെ തയാറാക്കപ്പെട്ടതാണ് എൽഡിഎഫ് സർക്കാരിന്റെ ഈ വർഷത്തെ ബജറ്റും. നവലിബറൽ കടന്നാക്രമണങ്ങളുടെ കാലത്ത് സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനൊപ്പം ജനങ്ങളുടെ ക്ഷേമം എങ്ങനെ ഉറപ്പാക്കാം എന്നതിന്റെ മാതൃകകളാണ് എൽഡിഎഫ് സർക്കാരിന്റെ ഓരോ ബജറ്റും. സംസ്ഥാനം കണ്ടെത്തുന്ന ധനാഗമമാർഗങ്ങളെല്ലാം അടച്ച് യൂണിയൻ സർക്കാർ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പുത്തൻ വരുമാനമാർഗങ്ങൾ കണ്ടെത്തി വരുമാനമുയർത്തുന്നതിലും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2025–26 വർഷത്തെ കേരള ബജറ്റ് മാതൃക തന്നെയാണ്. ജനങ്ങളെ വേദനിപ്പിക്കാതെ, ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കുന്നതെങ്ങനെയെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം തന്നെയാണ് ഈ വർഷത്തെയും സംസ്ഥാന ബജറ്റ്.

വികസനമെന്നാൽ കുറേ തറക്കല്ലിടലുകളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതികളുമാണെന്ന യുഡിഎഫിന്റെ പതിവ് ശെെലിയിൽനിന്ന് വേറിട്ടതാണ് എൽഡിഎഫിന്റെ വികസന സങ്കൽപ്പം.

വെറും വാക്കുകളല്ല, എൽഡിഎഫിന്റെ ബജറ്റുകളൊന്നും. നടപ്പാക്കാൻ പറ്റുന്നവ മാത്രം പറയുകയും പറഞ്ഞതെല്ലാം നടപ്പാക്കുകയും ചെയ്യുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ഓരോ ബജറ്റും. ഇന്നേവരെയുള്ള എൽഡിഎഫ് സർക്കാരിന്റെ ബജറ്റുകളോരോന്നും പുതിയ മാതൃകകൾ, പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നവയായിരുന്നു. ഈ വർഷത്തെ ബജറ്റും അതേ പാതയിലൂടെ തന്നെയുള്ള കുതിപ്പാണെന്ന് നിസ്സംശയം പറയാം. കേരളത്തെ പുതിയ ആകാശങ്ങളിലേക്ക് കെെപിടിച്ചുയർത്തി ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ചിരിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ. ആ നയത്തിന്റെ തുടർച്ച ഉറപ്പാക്കുമെന്നതാണ് ഈ വർഷത്തെ സംസ്ഥാന ബജറ്റിന്റെയും സവിശേഷത.

നമ്മുടെ ആഭ്യന്തരോൽപ്പാദനം വർദ്ധിക്കുകയും ധനക്കമ്മിയും റവന്യൂക്കമ്മിയും കുറയുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ ബജറ്റ്. തനതു വരുമാനം നാലു വർഷത്തിനുള്ളിൽ 70 ശതമാനം കണ്ട് വർദ്ധിച്ചതായും ധനഞെരുക്കത്തിന്റേതായ അപകടകരമായ അവസ്ഥയെ നാം അതിജീവിച്ചു കഴിഞ്ഞുവെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യൂണിയൻ സർക്കാരിന്റെ പ്രതികൂല നിലപാടുകൾ സൃഷ്ടിച്ച കടമ്പകൾ മറികടന്നാണ് ഈ നേട്ടം നാം കെെവരിച്ചത്. മാത്രമല്ല, വയനാട്ടിലെ മുണ്ടക്കെെ – ചൂരൽമല ദുരന്തത്തിന്റെ കെടുതികൾക്ക് പരിഹാരമുണ്ടാക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ ഏർപ്പെട്ടിരിക്കവെയാണ് സർക്കാരിന് ഈ നേട്ടങ്ങൾ കെെവരിക്കാനായത്.

കണ്ണഞ്ചിപ്പിക്കുന്ന പശ്ചാത്തല സൗകര്യ വികസനത്തിനും കാർഷിക – വ്യാവസായിക – സേവന മേഖലകളിലെ അതിവേഗ വളർച്ചയ്ക്കുമൊപ്പം ശാസ്ത്ര – സാങ്കേതിക വിദ്യകളുടെ നൂതന മേഖലകളിലേക്ക് കേരളത്തെ കെെപിടിച്ചെത്തിക്കാൻ പര്യാപ്തമായ പരിപാടികൾ മുന്നോട്ടുവയ്ക്കുന്നവ കൂടിയാണ് സംസ്ഥാന ബജറ്റ്. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന ലേഖനങ്ങളാണ് ഞങ്ങൾ ഈ ലക്കത്തിൽ കവർസ്റ്റോറിയായി അവതരിപ്പിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − four =

Most Popular