ആരാണ്?
ഞാൻ ഗാന്ധി!
ആധാർ കാർഡുണ്ടോ?
വെടികൊണ്ട അടയാളമുണ്ട്.
രാജ്യം?
ഇന്ത്യൻ.
പേരു മാറ്റം അറിഞ്ഞില്ലെ?
എന്റെ രാജ്യത്തിന് ഒറ്റ പേരേയുള്ളു.
റേഷൻ കാർഡുണ്ടോ?
സത്യവും അഹിംസയുമുണ്ട്.
നിങ്ങൾ ഏതു പാർട്ടിക്കാരനാണ്?
മനുഷ്യ സ്നേഹിയാണ്!
ഈ മെയ്ലും ഫോണുമുണ്ടോ?
നേരിനൊപ്പം നിൽക്കുന്ന ഹൃദയമുണ്ട്.
പൗരത്വം തെളിയിക്കാനുള്ള അടയാളമുണ്ടോ?
ഉണ്ട്!
എങ്കിൽ വേഗം കാണട്ടെ.
പ്രായക്കൂടുതലുകൊണ്ട് അടയാളം കാണിക്കാനാവില്ല.
എങ്കിൽ വേഗം അതിർത്തി കടക്ക്.
ജനിച്ചതും വളർന്നതും ഈ മണ്ണിൽ .മരണവും ഈ മണ്ണിൽ തന്നെ .
ധിക്കാരി. കടക്ക് പുറത്ത്.
ഞാൻഇന്ത്യൻ.പുറത്തുപോകേണ്ടവൻ
നീയാണ്.
ഞാനോ?
അതെ! മതത്തെ അധികാരത്തിനുള്ള ആയുധമാക്കി മനുഷ്യമനസ്സുകളെ മുറിപ്പെടുത്തുന്നവൻ. നീയാണ് ഈ നാടിന്റെ ശത്രു. പുറത്തു പോകേണ്ടവൻ നീയാണ്.
(“നീയാണ് പുറത്തു പോകേണ്ടവൻ’ എന്നുറക്കെ ആവർത്തിച്ചു പറഞ്ഞു കൊണ്ട് ജനം പ്രവേശിക്കുന്നു.
ഒന്നായി ഒറ്റ മനസ്സായി കൈകൾ കോർക്കുന്നു.) ♦