Saturday, November 23, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കെ വി മൂസാൻകുട്ടി മാസ്റ്റർ

കെ വി മൂസാൻകുട്ടി മാസ്റ്റർ

കെ ബാലകൃഷ്‌ണൻ

വിപ്ലവപ്പാതയിലെ ആദ്യ പഥികർ‐ 25

മ്യൂണിസ്റ്റുകാർ മതത്തിനും ഈശ്വരവിശ്വാസത്തിനും എതിരാണ്, അതിനാൽ അവരുമായി ഒരു ബന്ധവും അരുതെന്ന് ആരാധനാലയങ്ങളിൽനിന്നുതന്നെ കർശനമായ വിലക്കുള്ള കാലം. മൊറാഴ വില്ലേജിലെ കടമ്പേരിയിൽ എറമുള്ളാൻകുട്ടി മുസലിയാരുടെയും ഹാത്തിക്കുമ്മയുടെയും മകൻ കെ.വി.മൂസാൻകുട്ടി മതപുരോഹിതരുടെ വിലക്കുകൾക്ക് വഴങ്ങിയില്ല. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റെയും വിളിയാണ് മൂസാൻകുട്ടി കേട്ടത്. പലതരം വിലക്കുകളും പിന്നാക്കാവസ്ഥയും കാരണം സ്കൂളുകളോട് വിമുഖത കാണിക്കുകയായിരുന്നു അക്കാലത്ത് മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം കുട്ടികൾ. അഥവാ കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. സാമൂഹ്യപ്രവർത്തനത്തിലേക്ക് കുട്ടികൾ പോകുന്നത് വീടുകളിൽനിന്നും ആരാധനാലയത്തിൽനിന്നും വിലക്കപ്പെടുന്നത് അക്കാലത്ത് പൊതുവെയുള്ള കാര്യമാണ്. ഖത്തീബുമാരുടെയും മുക്രിമാരുടെയും കുടുംബമാണ് മൂസാൻകുട്ടിയുടേത്. ആ കുടുംബത്തിൽനിന്ന് ഒരു കുട്ടി രാഷ്ട്രീയത്തിലേക്ക്, അതും ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയിലേക്ക് വരുകയെന്നത് സ്വാഭാവികമായിരുന്നില്ല അക്കാലത്ത്.

തൊള്ളായിരത്തി മുപ്പതുകളുടെ ആദ്യപകുതിയിൽ പറശ്ശിനിക്കടവ് ഹയർ എലമെന്ററി സ്കൂളിൽ പഠിക്കാനെത്തിയപ്പോഴാണ് മൂസാൻകുട്ടി കേരളീയൻ, പാട്ടത്തിൽ പത്മനാഭൻ, പി.എം.ഗോപാലൻ എന്നീ പൊതുപ്രവർത്തകരെ കാണുന്നത്, പരിചയപ്പെടുന്നത്. അവർ കോൺഗ്രസ്സിലെ പുരോഗമനവാദികളായ നേതാക്കളായിരുന്നു.അവരുമായി പരിചയപ്പെടുന്നതിന് മുമ്പ് നാടുവാഴിത്തത്തിന്റെ ക്രൂരതകളെക്കുറിച്ച് മൂസാൻകുട്ടിക്ക് നേരിട്ടറിയാവുന്ന ഒരു സംഭവമുണ്ടായിരുന്നു. ജന്മിയായ കരക്കാട്ടിടം നായനാരുടെ ഒരു ബന്ധു മരിച്ചപ്പോൾ ദുഃഖാചരണം നടത്താത്ത ഒരാൾ ശിക്ഷിക്കപ്പെട്ട സംഭവം മൂസാൻകുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു. ജന്മിത്തത്തിന്റെ ദുരാചാരങ്ങൾക്കെതിരെ പ്രതികരിച്ച ഒരു ഓട്ടൻതുള്ളൽ കലാകാരനെയാണ് നാടുവാഴി ശിക്ഷിച്ചത്. തന്റെ മുമ്പിൽ ഹാജരാക്കി ഏത്തമിടീക്കുകയായിരുന്നു. ഈ സംഭവത്തോടെയാണ് മൂസാൻകുട്ടിയിൽ ജന്മിത്തത്തിനെതിരായ വികാരം സൃഷ്ടിച്ചത്‌. പറശ്ശിനിക്കടവിലെ സ്കൂളിലെത്തിയപ്പോൾ കോൺഗ്രസ് നേതാക്കളായ കേരളീയനടക്കമുള്ളവരെ പരിചയപ്പെട്ടതോടെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളിലേക്ക്. കൊളച്ചേരിയിൽ മലബാറിലെ ആദ്യത്തെ കർഷകസംഘം രൂപീകരിക്കുകയും അടുത്ത വർഷം പറശ്ശിനിക്കടവിൽ കർഷകസംഘത്തിന്റെ ഒന്നാം ചിറക്കൽ താലൂക്ക് സമ്മേളനം നടക്കുകയും ചെയ്തു. ഇക്കാലത്താണ് മൂസാൻകുട്ടി പറശ്ശിനിയിൽ വിദ്യാർഥിയായെത്തുന്നത്. 1937‐ൽത്തന്നെ കോൺഗ്രസ്സിൽ അംഗമായ മൂസാൻകുട്ടി അക്കൊല്ലംതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വില്ലേജ് കമ്മിറ്റി അംഗമായി. രാഷ്ട്രീയകാര്യങ്ങൾ പഠിക്കാൻ ചോദ്യങ്ങളുമായി തന്നെസമീപിച്ച മൂസാൻകുട്ടിയെ കേരളീയൻ ചിറക്കൽ താലൂക്ക് കർഷകസമ്മേളനത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു ആദ്യം. അഭിനവഭാരത് യുവക്സംഘത്തിന്റെ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രതിനിധിയായി നിയോഗിക്കുന്നതും കേരളീയൻതന്നെ.

പലഭാഗത്തുനിന്നുമുള്ള എതിർപ്പുകളുണ്ടായിട്ടും മൂസാൻകുട്ടി പൊതുപ്രവർത്തനത്തിൽ ഉറച്ചുനിന്നു. കടമ്പേരി മുതിരക്കാൽ എൽ.പി.സ്കൂളിൽ അധ്യാപകനായതോടെ അധ്യാപകസംഘടനയുടെ പ്രധാന പ്രവർത്തകനായി. ടീച്ചേഴ്സ് യൂണിയൻ താലൂക്ക് കമ്മിറ്റി അംഗം, കർഷകസംഘം ഭാരവാഹി എന്നീ നിലകളിലെല്ലം മുഴവൻസമയ പ്രവർത്തനം. ബക്കളത്തുനടന്ന പത്താം കേരളരാഷ്ട്രീയ സമ്മേളനത്തിൽ വോളന്റിയറും സ്വാഗതസംഘത്തിന്റെ പ്രധാന പ്രവർത്തകനും. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് ഉടനെതന്നെ അംഗത്വം ലഭിച്ചവരിലൊരാളുമായ മൂസാൻകുട്ടി മാസ്റ്റർ കല്യാശ്ശേരിയിൽ പാർട്ടി സെല്ലിന്റെ സെക്രട്ടറിയായിരുന്നു. 1942‐ൽ എം.പി.നാരായണൻ നമ്പ്യാർ പട്ടാളത്തിൽ ചേരാൻ പോകുമ്പോൾ താനുൾപ്പെടുന്ന പാർട്ടി ഘടകത്തിന്റെ സെക്രട്ടറി മൂസാൻകുട്ടി മാസ്റ്ററാണെന്ന്് അനുസ്മരിച്ചിട്ടുണ്ട് (എം.പി.യുടെ ജീവചരിത്രം).

കല്യാശ്ശേരി, കടമ്പേരി, പറശ്ശിനിക്കടവ് മേഖലയിൽ കേന്ദ്രീകരിച്ചാണ് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുടെ ആദ്യകാലപ്രവർത്തനമെന്നതിനാൽ പ്രാദേശികമായി സൗകര്യങ്ങളൊരുക്കുന്നതിലും ഒളികേന്ദ്രങ്ങൾ കണ്ടെത്തുന്നതിലും മൂസാൻകുട്ടി മാസ്റ്റർ ത്യാഗപൂർവം പ്രവർത്തിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ടവർക്കിടയിൽ പാർട്ടിക്ക് ആദ്യകാലത്ത് പറയത്തക്ക സ്വാധീനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരം മേഖലകളിൽ, മുസ്ലിം വീടുകളിൽ ഒളിച്ചുതാമസിക്കൽ കുറേക്കൂടി സുരക്ഷിതമായിരുന്നു. പോലീസും ഗുണ്ടകളും അധികം സംശയിക്കില്ല. മൂസാൻകുട്ടി മാസ്റ്റരുടെ സ്വാധീനം കൊണ്ട് ആ മേഖലകളിൽ നേതാക്കൾക്ക് ഒളിസങ്കേതം ലഭിച്ചു. കമ്യൂണിസ്റ്റ്് പാർട്ടിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യമാസങ്ങളിൽ പാർട്ടയുടെ സമുന്നതനേതാക്കളായ കൃഷ്ണപിള്ളയും ഇ.എം.എസ്സും കേരളീയനും ഈ മേഖലയിലാണ് ഒളിവിൽ കഴിഞ്ഞതെന്ന്് സൂചിപ്പിച്ചുവല്ലോ. പറശ്ശിനിക്കടുത്തായി ആന്തൂർ പഞ്ചായത്തിലെ കോൾ തുരുത്തി ഒരു ഒറ്റപ്പെട്ട പ്രദേശമാണ്. അവിടെ അമ്പുക്കുഞ്ഞി എന്ന കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിന്റെ അട്ടത്താണ്‐ മച്ചിൻപുറം‐ ഇവർ മൂന്നുപേരും പിന്നെ താനും മൂസാൻകുട്ടി മാസ്റ്ററും 1940 ജൂൺ ഒന്നുമുതൽ അഞ്ചുവരെ ഒളിവിൽ കഴിഞ്ഞതെന്ന് ടി.സി.നാരായണൻ നമ്പ്യാർ ഒരു അനുസ്മരണലേഖനത്തിൽ എഴുതിയിട്ടുണ്ട്.

1940 സെപ്തംബർ 15‐ന് മൊറാഴയിൽ നടന്ന മർദനപ്രതിഷേധ‐ വിലക്കയറ്റവിരുദ്ധ റാലിയുടെ സംഘാടനത്തിൽ മൂസാൻകുട്ടി മാസ്റ്റർ വലിയ പങ്കുവഹിച്ചു. മൊറാഴ ചെറുത്തുനില്പ്പിൽ പ്രതിയായ മൂസാൻകുട്ടി മാസ്റ്ററെ പിടിക്കാൻ എം.എസ്.പി.ക്ക് സാധിച്ചില്ല. അഞ്ചുവർഷക്കാലം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽകഴിഞ്ഞുകൊണ്ടാണ് പ്രവർത്തിച്ചത്. മദിരാശിയിൽ പ്രകാശം മന്ത്രിസഭ അധികാരത്തിൽവന്ന് കേസുകൾക്ക് അയവുവരുത്തിയപ്പോഴാണ് തിരിച്ചുവന്നത്. തിരിച്ചുവന്ന ഉടനെതന്നെ മാങ്ങാട്ടുപറമ്പിലെ ഭക്ഷ്യോല്പാദന സമരത്തിൽ. പൊനം കൊത്ത് സമരം, നെല്ലെടുപ്പ് സമരം തുടങ്ങി വിവിധ രൂപത്തിലുള്ള സമരങ്ങളാണ് രണ്ടാം ലോകയുദ്ധാനന്തരം പാർട്ടിയും കർഷകപ്രസ്ഥാനവും നടത്തിയത്്. അതിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പിൽ നടന്ന വിളയിറക്കൽ സമരത്തിന്റെ നേതൃസ്ഥാനത്ത് മൂസാൻകുട്ടി മാസ്റ്ററുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് എം.എസ്.പി.യും ഗുണ്ടകളും മൂസാൻകുട്ടിയുടെ കടമ്പേരിയിലെ വീട് ആക്രമിച്ചുതകർത്തു. സഖാവിനെ പൊലീസും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചു. 1946‐ൽ നാവിക കലാപത്തെ പിന്തുണച്ചുകൊണ്ട് ആറോൺ കമ്പനിയിൽ ആരംഭിച്ച രാഷ്ട്രീയസമരത്തിന്റെ നേതൃസ്ഥാനത്തും മൂസാൻകുട്ടി മാസ്റ്ററുണ്ടായിരുന്നു. ഒളിവുജീവിതകാലത്തും പിന്നീടും കുറേക്കാലം ഏറനാട്ടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനത്തിൽ പങ്കാളിയായി.

1948‐ൽ തളിപ്പറമ്പിനടുത്ത് മാവിച്ചേരിയിലെ കോൺഗ്രസ്സിന്റെയും ജന്മിമാരുടെയും ഒറ്റുകാരനായ ഗോവിന്ദൻ എന്നയാൾ കൊല്ലപ്പെട്ട കേസിൽ മൂസാൻകുട്ടി മാസ്റ്ററെ പ്രതിചേർത്തു. പി.വി.കുഞ്ഞിരാമൻ നമ്പ്യാർ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ സഹോദരീഭർത്താവായ അറാക്കൽ കുഞ്ഞിരാമൻ രണ്ടാം പ്രതിയുമായ കേസ്. ആ കേസിൽ മൂസാൻകുട്ടി മാസ്റ്ററെ മൂന്നുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലും സേലം ജയിലിലുമായി മൂന്നുവർഷം.

കമ്യൂണിസ്റ്റ് പാർട്ടിയിൽ ആദ്യം ഭരണാധികാരത്തിലെത്തിയ ഒരാളാണ് മൂസാൻകുട്ടി മാസ്റ്റർ. 1954 മുതൽ 1957 വരെ മലബാർ ഡിസ്ട്രിക്ട്‌ ബോഡ്‌ വൈസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം. പി.ടി.ഭാസ്കരപണിക്കർ പ്രസിഡണ്ട്. പാർട്ടിക്ക്  കേരളത്തിൽ അധികാരത്തിലെത്താനാവുമെന്ന ആത്മവിശ്വാസമുണ്ടാക്കിയ സംഭവമാണ് ഡിസ്ട്രിക്ട് ബോർഡ് ഭരണം കൈവന്നത്. ഏറെക്കുറെ സംസ്ഥാന ഭരണംപോലെതന്നെ. മന്ത്രിമാരില്ലെങ്കിലും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സെക്രട്ടറിയും അടക്കം അഞ്ചുപേർ എക്സിക്യൂട്ടീവാണ്. ശന്പളവും വീടും കാറുമില്ലെങ്കിലും ഭരണാധികാരികൾതന്നെ. മുഴുവൻസമയ പ്രവർത്തനം. പ്രസിഡണ്ടിന് കൊല്ലത്തിൽ 2500 രൂപയും വൈസ് പ്രസിഡണ്ടിന്‌ 2000 രൂപയും യാത്രാച്ചെലവായി ലഭിക്കും. അതുകൊണ്ടു വ്യക്തിപരമായ ചെലവുകളും കഴിയണം. മൂസാൻകുട്ടി മാസ്റ്റർക്ക് പ്രൈമറി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയായിരുന്നു. മലബാറിലെ എല്ലാ ഗ്രാമത്തിലും ബസ്സിലും മലയോരമേഖലകളിൽ കാൽനടയായും പോയി വിദ്യാഭ്യാസ പ്രവർത്തകരെ കണ്ടെത്തുകയും ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുകയുമായിരുന്നു മൂസാൻകുട്ടി മാസ്റ്റർ. 1957‐ഓടെ സർക്കാർ സ്കൂളുകളായി ഏകാധ്യാപക വിദ്യാലയങ്ങൾ വികസിച്ചു. മലബാറിൽ ഒരു വിദ്യാഭ്യാസ വിപ്ലവംതന്നെ സൃഷ്ടിക്കാൻ ഡിസ്ട്രിക്ട് ബോഡിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു. 1957‐ന് ശേഷം 1964 വരെ ദേശാഭിമാനിയുടെ അവിഭക്ത കണ്ണൂർ ജില്ലാ ലേഖകനായി പ്രവർത്തിച്ചത് മൂസാൻകുട്ടി മാസ്റ്ററാണ്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 18 =

Most Popular