Friday, November 22, 2024

ad

Homeചിത്രകലഭാരതീയ ചിത്രകലയും രാംകിങ്കറും

ഭാരതീയ ചിത്രകലയും രാംകിങ്കറും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നൂറ്റാണ്ടുകളുടെ പാരന്പര്യം അവകാശപ്പെടുന്ന ഭാരതീയ ശിൽപകല പ്രത്യേകിച്ച്‌ പ്രതിമാശിൽപകലയ്‌ക്ക്‌ ബിസി 2500 വർഷത്തിലധികമായ ചരിത്രപശ്ചാത്തലമുണ്ട്‌. യവനകലയുടെ സ്വാധീനത്തിനും പ്രതിമാശിൽപകല പ്രചാരത്തിലിരുന്നതിനും തെളിവുകൾ മോഹൻജദാരോ, ഹാരപ്പ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഭാരതീയ ശിൽപകലയുടെ ചരിത്രവഴികളിൽ ബുദ്ധമത കാലത്തിനുശേഷമാണ്‌ വിഗ്രഹാരാധനയിലൂടെ പ്രതിമാശിൽപകല കൂടുതൽ സജീവമാകുന്നത്‌. ഈശ്വരസങ്കൽപവുമായി ബന്ധപ്പെട്ട ശിൽപങ്ങൾ ഭാരതീയ ശിൽപകലയിൽ ധാരാളമുണ്ടായി.

പാശ്ചാത്യശിൽപകലയിൽ മാർബിൾ ഉപയോഗിച്ചുള്ള ശിൽപങ്ങളാണ്‌ കൂടുതലായി കാണുന്നതെങ്കിൽ ഭാരതത്തിൽ കരിങ്കല്ലാണ്‌ ശിൽപങ്ങൾക്ക്‌ മധ്യമമാകുന്നത്‌. പാറയുടെ (കരിങ്കൽ) ഉപരിതലം ശിൽപരൂപത്തിലേക്ക്‌ കൊത്തിയുണ്ടാക്കുന്നതും പാറ തുരന്ന്‌ ഉൾഭാഗത്ത്‌ ശിൽപങ്ങൾ നിർമിക്കുന്ന രീതിയുമാണ്‌ ഭാരതത്തിൽ അക്കാല ശിൽപരചനയിൽ പ്രധാനമായി നിലനിന്നിരുന്നത്‌. അജന്ത, ബാഗ്‌, കാർളി എന്നിവിടങ്ങളിൽ പാറ തുരന്നുള്ള ശിൽപങ്ങൾ കാണാം. ബുദ്ധരൂപങ്ങൾക്ക്‌ പ്രാ‌ധാന്യം നൽകുന്ന ശിൽപങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ഇവയൊക്കെ എഡി ഒന്നിനും ഏഴിനുമിടയ്‌ക്ക്‌ നിർമിക്കപ്പെട്ടവയാണെന്നും ചരിത്രഗവേഷകർ അവകാശപ്പെടുന്നു. മഹാബലിപുരം, കാംഗ്ര ക്ഷേത്രം, എല്ലോറ കൈലാസക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പാറയുടെ പുറത്താണ്‌ ശിൽപങ്ങൾ രചിച്ചിട്ടുള്ളത്‌. മഹാബലിപുരം ശിൽപനിർമാണം എഡി 5‐6 നൂറ്റാണ്ടിലാണ്‌ നടന്നിട്ടുള്ളത്‌. ഭാരതീയ ശിൽപകലയുടെ സുവർണകാലമായി കണക്കാക്കുന്നത്‌ 7‐ാം നൂറ്റാണ്ടിലെ ഗുപ്‌തരാജവംശകാലമാണ്‌. എല്ലോറ, എലിഫന്റാ എന്നിവിടങ്ങളിലെ ശിൽപങ്ങൾ രാഷ്‌ട്രകൂടരുടെ കാലത്താണ്‌ (എഡി 6) നിർമിക്കപ്പെട്ടത്‌. കരിങ്കല്ല്‌ കൂടാതെ മരവും പഞ്ചലോഹവും മാധ്യമമായ ശിൽപങ്ങളും ഉണ്ടായിട്ടുണ്ട്‌.

വാസ്‌തുശിൽപകലയും ശിൽപകലയും സമന്വയിക്കുന്ന ഭുവനേശ്വറിലെ കൊണാർക്ക്‌ സൂര്യക്ഷേത്രവും ദക്ഷിണേന്ത്യയിലെ പല്ലവ ക്ഷേത്രങ്ങളുമൊക്കെ ശിൽപകലാ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌. ദ്രാവിഡ കലാശൈലിയുടെ മഹത്വം വിളിച്ചോതുന്ന തഞ്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേത്രം, മധുരയിലെ ക്ഷേത്രം, വിജയയനഗര സാമ്രാജ്യത്തിലെ ശിൽപകലാശൈലികൾ (12‐ാം നൂറ്റാണ്ട്‌) എടുത്തുപറയേണ്ടതാണ്‌. ഇസ്ലാമിക ശിൽപകലാചാതുരിയും പതിനെട്ടാം നൂറ്റാണ്ടിലെ പാശ്ചാത്യരാജ്യങ്ങളുടെ ആധിപത്യവും ശിൽപകലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കമാവുകയുണ്ടായി. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലുമായി മാറ്റിനിർത്തപ്പെട്ടിരുന്ന ചിത്ര‐ശിൽപകലയ്‌ക്ക്‌ ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ അവസരമുണ്ടാകുന്നത്‌ ഭാരതീയ നവോത്ഥാനകലയിലൂടെയായിരുന്നു. ബംഗാൾ സ്‌കൂൾ കലാപ്രസ്ഥാനം രൂപംകൊള്ളുകയും അതിനു തുടർച്ചയായി അബനീന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ്‌, ജാമിനി റായ്‌ എന്നിവരിലൂടെ ഡി പി റോയ്‌ ചൗധരി, രാംകിങ്കർ എന്നിവരിലേക്കും അവരുടെ രചനകളിലേക്കും പുതിയ ചിന്തയും കാഴ്‌ചയും അടയാളപ്പെടുത്തുന്നതോടെ കലാരംഗത്ത്‌ പുത്തനുണർവ്‌ പകരാൻ പൊതു ഇടങ്ങളിലുള്ള ശിൽപസാന്നിധ്യത്തിന്‌ വേരോട്ടമുണ്ടാക്കുന്നതും അക്കാലത്താണ്‌.

അതുവരെ നിലനിന്നിരുന്ന ശിൽപകലാരീതികളിൽനിന്ന്‌ മാറിയ സമീപനമായിരുന്നു 20‐ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാംകിങ്കറടക്കം സ്വീകരിച്ചത്‌. അമൂർത്തമായ രൂപകൽപനകളും ആശയങ്ങളും അദ്ദേഹത്തിന്റെ ശിൽപങ്ങളിൽ പ്രത്യേകിച്ച്‌ ആരാമശിൽപങ്ങളിൽ പ്രകടമാവുകയും അത്‌ ശിൽപകലയിൽ പുതിയൊരു വഴിത്തിരിവ്‌ സൃഷ്ടിക്കുകയും ചെയ്‌തു. മുപ്പതിനായിരം വർഷങ്ങൾക്കു മുന്പ്‌ വളർന്ന ചിത്രശിൽപകല പൗരാണിക പാരന്പര്യങ്ങളോട്‌ ബന്ധപ്പെട്ടും വൈദേശിക സ്വാധീനം ഉൾക്കൊണ്ടും സ്വതന്ത്രശൈലി സ്വീകരിച്ചുകൊണ്ടുമാണ്‌ രാംകിങ്കറടക്കമുള്ള കലാകാരർ കലാവിഷ്‌കാരങ്ങളിൽ ഏർപ്പെട്ടിരുന്നത്‌.

പശ്ചിമബംഗാളിലെ ബാങ്കുറ ജില്ലയിലെ സാന്താൾ കുടുംബാംഗമായിരുന്ന രാംകിങ്കറിന്റെ ജന്മസിദ്ധമായ കലാവാസന അദ്ദേഹത്തെ ഗ്രാമീണ നാടകസംഘത്തിലാണ്‌ കൊണ്ടെത്തിച്ചത്‌. പാട്ടും അഭിനയവും രംഗചമയവുമായി പ്രവർത്തിച്ച രാംകിങ്കറിന്റെ കഴിവ്‌ തിരിച്ചറിഞ്ഞത്‌ കലാചാര്യനായ രാമാനന്ദ ചാറ്റർജിയാണ്‌. അദ്ദേഹം വിഖ്യാത ചിത്രകാരനായ നന്ദലാൽ ബോസിനെ പരിചയപ്പെടുത്തുകയും ശാന്തിനികേതനിൽ ചേർന്ന്‌ പഠിക്കാൻ അവസരമൊരുക്കുകയും ചിത്രകലാപഠനം ആരംഭിക്കുകയും ചെയ്‌തു. ചിത്രകലയിൽ തുടർന്നിരുന്ന ശൈലീസങ്കേതങ്ങളിൽനിന്ന്‌ മാറി സ്വതന്ത്രമായ രചനാരീതിയാണ്‌ രാംകിങ്കർ സ്വീകരിച്ചത്‌. ശാന്തിനികേതനിൽ എത്തുന്ന വിദേശ ചിത്ര‐ശിൽപകാരിൽ നിന്നുള്ള പഠനം രാംകിങ്കറെ ശിൽപകലയിലേക്ക്‌ നയിച്ചു. ശിൽപകലയുടെ അടിസ്ഥാനമായ രൂപഘടന, വ്യാപ്‌തം, ഉപരിതലനിർമിതിയുടെ പ്രത്യേകതകൾ, മാധ്യമവുമായുള്ള ഇഴചേരൽ എന്നിവയൊക്കെ ഉൾക്കൊള്ളുകയും നിരന്തരമായ പരിശീലനവും പരീക്ഷണവും നടത്തിയുമാണ്‌ സ്വന്തം ശൈലിയിലേക്ക്‌ അദ്ദേഹം എത്തുന്നത്‌. അഗസ്റ്റ്‌ റോഡിനായിരുന്നു ശിൽപകലയിലെ അദ്ദേഹത്തിന്റെ ഇഷ്ടശിൽപി.

മികച്ച നിലയിൽ കലാപഠനം പൂർത്തിയാക്കിയ രാംകിങ്കർ 1941ൽ ശാന്തിനികേതൻ മുറ്റത്ത്‌ ‘ദീപസ്‌തംഭം’ എന്നു പേരിട്ട ശിൽപം നിർമിച്ചു. അതുവരെ കാണാത്ത രചനാശൈലി സ്വീകരിച്ച ശിൽപമായിരുന്നു അത്‌. അതുവരെ ഇന്ത്യയിൽ നിലനിന്നിരുന്ന പ്രതിമാ ശിൽപരചനാരീതി ഉടച്ചുവാർക്കുകയും ശിൽപകലയിൽ നവീനമായൊരു ഭാവുകത്വം നൽകി കലാകാരന്റെ ആവിഷ്‌കാരമാണ്‌ കലാസൃഷ്ടിയിൽ പ്രകടമാക്കേണ്ടതെന്ന്‌ തെളിയിക്കുകയും ചെയ്‌ത കലാകാരനായിരുന്നു രാംകിങ്കർ. ഇന്ത്യൻ ചിത്രകലാശൈലിയിലും നിർവഹണത്തിലും വിഷയ സ്വീകരണത്തിലും അദ്ദേഹം വേറിട്ടുനിന്നു. ഈയിടെ അന്തരിച്ച വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രന്റെ പ്രിയ ഗുരുവായിരുന്നു രാംകിങ്കർ. അദ്ദേഹത്തിന്റെ ഗുരുവിനെ കുറിച്ചുള്ള സ്മരണ ഇങ്ങനെ. “ശക്തവും പ്രകടനാത്മകവുമായ ഭാവപ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഛായാശില്പങ്ങൾ. വ്യക്തിയുടെ ആന്തരിക ഊർജ്ജം തുളുമ്പി നിൽക്കുന്ന രീതിഭേദങ്ങൾ ഉജ്ജ്വലമായാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. പ്രകൃതിയെ ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ മിക്ക രചനകളിലും ക്യൂബിസത്തിന്റെയും, എക്സ്പ്രഷനിസത്തിന്റെയും, സർറിയലിസത്തിന്റെയുമൊക്കെ നിഴൽ വീണതായി കാണാം’. രാംകിങ്കറെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട രചന അദ്ദേഹത്തിന്റെ സാന്താൾ കുടുംബ ശില്പമാണ്. കോൺക്രീറ്റിന്റെ അനന്തസാധ്യതകൾ അദ്ദേഹം ഉപയോഗപ്പെടുത്തി ചരലും സിമന്റും ഉപയോഗിച്ച് ശില്പത്തിന്റെ പരുക്കൻ പ്രതലം നിലനിർത്തുകയും ചെയ്തു. അച്ഛനും അമ്മയും കുഞ്ഞിനെയും തൂക്കുകട്ടയിൽ ഇരുത്തി തോളിലേറ്റി നടന്നുനീങ്ങുന്ന സാന്താൾ കുടുംബ ശില്പമാണത്. ഒപ്പം ഒരു വളർത്തു നായയും ഉണ്ട്. കുടുംബം എന്ന വ്യവസ്ഥിതിയുടെ ചലനാത്മകമായ രൂപമാണ് ഈ ശില്പം. ആധുനിക ഭാരതീയ ശില്പകലയിൽ പുതിയൊരു ദശാരംഭത്തിനാണ്‌ ഈ ശില്പം തുടക്കംകുറിച്ചത്. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വാതിൽപ്പുറശില്പമാണ് സുജാത. 9 അടി നീളമുള്ള ദീർഘശരീരയായ സസ്യപ്രകൃതം സ്വീകരിച്ച ഒരു പെൺകുട്ടിയുടെ രൂപമാണത്. പുരാതന ഭാരതീയ ശില്പകലയിൽ പ്രകടമായിരുന്ന വൃക്ഷവും സ്ത്രീയും തമ്മിലുള്ള സൗന്ദര്യശാസ്ത്രം ഇവിടെ കാണാം. കവിയുടെ ശിരസ്സ് എന്ന പേരിട്ട മറ്റൊരു ശില്പം രവീന്ദ്രനാഥ ടാഗോറിനെ ഓർമിപ്പിക്കുന്നതാണ്. ശിരസ്സിനകത്തുനിന്ന് പുറത്തേക്കും അകത്തേക്കും കാണാവുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് അദ്ദേഹം ഈ ശില്പത്തിൽ നടത്തിയിട്ടുള്ളത്. സൗന്ദര്യാന്വേഷകനായ കവിയെയാണ് അദ്ദേഹം ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പ്രദർശനങ്ങളിലും ക്യാമ്പുകളിലും ഒക്കെ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു. ഡൽഹിയിലെ റിസർവ് ബാങ്ക് മന്ദിരത്തിന് മുന്നിലുള്ള കുബേരന്റെയും യക്ഷിയുടെയും ശില്പങ്ങളും ഉദാഹരണമായി കാണാം. ഛായാശില്പ രചനയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1970ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചു. മറ്റനേകം ദേശീയ അന്തർദേശീയ ബഹുമതികളും അദ്ദേഹത്തിന് തേടിയെത്തിയിട്ടുണ്ട്. ദീർഘകാലം ശാന്തിനികേതനിൽ അധ്യാപകനായിരുന്ന അദ്ദേഹം ശില്പഭാഷയെ അക്കാദമിക് പാഠശൈലിയിൽ നിന്നും സ്വതന്ത്രമാക്കി ശിഷ്യരെ സ്വന്തമായ ആശയങ്ങളും വീക്ഷണങ്ങളും ഉൾക്കൊണ്ട്‌ സ്വന്തമായ വഴിതേടാൻ പരിശീലിപ്പിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 8 =

Most Popular