Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിവിദ്യാർഥികൾ കപടനാട്യത്തിനൊപ്പമില്ല

വിദ്യാർഥികൾ കപടനാട്യത്തിനൊപ്പമില്ല

വിജയ് പ്രഷാദ്

ലസ്തീൻ ജനതയ്ക്കെതിരായി ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് വികസിത മുതലാളിത്ത രാജ്യങ്ങളെല്ലാം സമ്പൂർണ പിന്തുണ നൽകുന്നതിനെതിരെ ആ രാജ്യങ്ങളിലെ പൗരസമൂഹം രോഷാകുലരായി പ്രതിഷേധിക്കുന്നത് അനിവാര്യമായിരിക്കുന്നു. അമേരിക്കയിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചത് തെല്ലും അത്ഭുതകരമല്ല; 2023 ഒക്ടോബർ മുതൽ അമേരിക്കയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും അമേരിക്കൻ ഗവൺമെന്റ് ഇസ്രയേൽ ഗവൺമെന്റിന് കണ്ണടച്ച് പിന്തുണ നൽകുകയാണ്. പലസ്തീൻ ജനതയ്ക്കെതിരായി ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് അമേരിക്കയുടെ സാമ്പത്തിക പിന്തുണയുണ്ട്; 2023 ഒക്ടോബർ 7 മുതൽ ഇസ്രയേലിന് 100 ലോഡ് ആയുധങ്ങളാണ് നൽകിയത്; അതിനു പുറമേ നൂറുകണക്കിന് കോടി ഡോളറിന്റെ സാമ്പത്തികസഹായവും നൽകി. ഇപ്പോൾ കുറേക്കാലമായി മറ്റു വികസിതരാജ്യങ്ങളിലെ ചെറുപ്പക്കാരെപ്പോലെ തന്നെ അമേരിക്കയിലെ ചെറുപ്പക്കാരും തങ്ങളുടെ സമൂഹത്തിൽ നിന്നുയർന്നുവരുന്ന വികാരം തിരിച്ചറിയുന്നുണ്ട്. ഉന്നത ബിരുദങ്ങൾ നേടിയിട്ടുള്ളവർക്കുപോലും സ്ഥിരവും സുനിശ്ചിതവുമായ തൊഴിൽ വിദൂരമായ പ്രതീക്ഷയായിരിക്കുന്നു; ലോകത്തിലെ മികച്ച മനുഷ്യരായി മാറാനുള്ള തങ്ങളുടെ നീക്കത്തിനുണ്ടായ സ്വന്തം അനുഭവങ്ങൾമൂലം അവർക്കിടയിൽ ധാർമികതയുടേതായ പുതിയൊരു വിലപ്പെട്ട അവബോധം വളർന്നിരിക്കുകയാണ്. ചെലവു ചുരുക്കൽ നടപടിയുടെയും പുരുഷാധിപത്യ നടപടികളുടെയും ക്രൂരതകളും തങ്ങളുടെ ഭരണവർഗങ്ങൾക്കെതിരെ തിരിയാൻ അവരെ നിർബന്ധിതരാക്കി.

കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ നടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പലസ്തീൻ ജനതയ്ക്കെതിരായ കടന്നാക്രമണത്തിൽ അവർ രോഷാകുലരാണ്. ഇനിയും എത്ര ദൂരം കൂടി ഈ ചെറുപ്പക്കാർ മുന്നോട്ടുപോകും എന്ന് ഇനി കാണേണ്ടിയിരിക്കുന്നു.

അമേരിക്കയിലുടനീളം നൂറിലേറെ സർവകലാശാലാ കാമ്പസുകളിൽ വിദ്യാർഥികൾ തമ്പടിച്ച് പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുകയാണ്. കൊളംബിയ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്റ്റാൻഫോർഡ്, എമെറി, സെന്റ് ലൂയിയിലെ വാഷിങ്ടൺ സർവകലാശാല, വാൻഡെർബിൽറ്റ്, യേൽ എന്നീ അമേരിക്കയിലെ അഭിമാനസ്തംഭങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിദ്യാർഥികൾ തമ്പടിച്ചിരിക്കുകയാണ്. ദേശീയ സംഘടനകൾക്കൊപ്പം നിരവധി പ്രാദേശിക കാമ്പസ് ഗ്രൂപ്പുകളും ഉൾപ്പെടുന്നതാണ് പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന സംഘടനകൾ; സ്റ്റുഡന്റ് സ്-ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ, പലസ്തീൻ യൂത്ത് മൂവ്മെന്റ്, ജൂവിഷ് വോയിസ് ഫോർ പീസ്, കോഡ് പിങ്ക്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇങ്ങനെ തമ്പടിച്ചിരിക്കുന്ന വിദ്യാർഥികൾ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും ഒപ്പം പഠിക്കുകയും ചർച്ച നടത്തുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ സർവകലാശാലകൾ എല്ലാം തന്നെ ആയുധവ്യവസായവുമായും ഇസ്രയേലി കമ്പനികളുമായും കെട്ടുപാടുകളുള്ളവയാണ്; സർവകലാശാലയുടെ ധനസഹായം ഇത്തരം കമ്പനികൾക്ക് നൽകുകയും ചെയ്യുന്നുണ്ട്; അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കമ്പനികൾക്കായി മൊത്തം ഏകദേശം 84,000 കോടി ഡോളർ സഹായധനം നൽകുന്നുണ്ട്. തങ്ങൾ നൽകുന്ന, അധികൃതർ നിരന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ട്യൂഷൻ ഫീസിൽനിന്നുള്ള ഫണ്ട്, വംശഹത്യയിൽ നിന്ന് കൊള്ളലാഭമടിക്കുകയും അതിൽ ഇടപെടുകയും ചെയ‍്ത സ്ഥാപനങ്ങൾക്ക് നൽകുന്നത് കണ്ടുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഈ വിദ്യാർഥികൾ ഇത്തരം സ്ഥാപനങ്ങളിൽ ദൃഢനിശ്ചയത്തോടെ ചെറുത്തുനിൽപ്പിൽ ഏർപ്പെടുന്നത്.

ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പൗരാവകാശ പ്രക്ഷോഭകർക്കുനേരെ ഭരണകൂടത്തിന്റെ മർദനോപകരണങ്ങൾ കൊണ്ടുള്ള ശക്തമായ ബലപ്രയോഗം ഉണ്ടാകുമ്പോൾ ജനാധിപത്യംതന്നെ ദുർബലമാവുകയാണ്. കോളേജ് ഭരണാധികാരികളും പ്രാദേശിക ഗവൺമെന്റുകളും ചേർന്ന് ആയുധധാരികളായ പൊലീസ് സേനയെ എന്തുചെയ്തും വിദ്യാർഥികളെ നേരിടാനായി അയക്കുകയാണ്; പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പുകൾ പൊളിച്ചുനീക്കലാണ് ഈ ബലപ്രയോഗത്തിന്റെ ലക്ഷ്യം; പല സർവകലാശാലകളിലും കെട്ടിടങ്ങളുടെ മുകളിൽ പതിയിരുന്ന് വെടിവയ്ക്കുന്ന വാടകക്കൊലയാളികളെയും പ്രക്ഷോഭത്തെ പൊളിക്കാനായി നിയോഗിച്ചിട്ടുണ്ട്. മുൻനിരക്കാരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങൾ തന്നെ കാമ്പസുകൾക്കുള്ളിൽ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്; കലാപങ്ങൾ അടിച്ചമർത്തുന്നതിനുള്ള പൊലീസ് സേനയെ ഇറക്കിയാണ് ഈ കാമ്പസുകളിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ അധികൃതർ നേരിടുന്നത്. അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുടനീളം കാണാം. എന്നാൽ ഇത്തരം നടപടികൾ ചെറുപ്പക്കാരെ പിന്തിരിപ്പിക്കുന്നതിനുപകരം കൂടുതൽ ആവേശത്തോടെ അവർ അമേരിക്കയിൽ മാത്രമല്ല ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലുമുള്ള കോളേജുകളിലും സർവകലാശാലകളിലും പുതിയ ക്യാമ്പുകൾ സൃഷ്ടിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ടെന്റുകൾ തീപിടുത്തമുണ്ടാക്കും തുടങ്ങിയ വാദങ്ങളുയർത്തി അധികൃതർ വിദ്യാർഥികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികളിലേക്കു തിരിയുകയാണ്. എന്നാൽ ഇങ്ങനെ തമ്പടിച്ചിരിക്കുന്നവരെ സംരക്ഷിക്കാൻ കൂടുതൽ വിദ്യാർഥികളും അധ്യാപകരും ലോകമാസകലമുള്ള മറ്റാളുകളും മുന്നോട്ടുവരുന്നതൊന്നും അവർ പരിഗണിക്കുന്നുമില്ല. അമേരിക്കൻ പൗരാവകാശ പ്രക്ഷോഭകാലത്ത് കറുത്തവർഗക്കാരായ കുട്ടികളെ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നേരിട്ടതിന്റെയും വിയറ്റ്നാം യുദ്ധത്തിൽ പ്രതിഷേധിച്ച അമേരിക്കൻ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തതിന്റെയും ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ ചിത്രങ്ങൾ.

ഇതാദ്യമായിട്ടല്ല, ചെറുപ്പക്കാർ പ്രത്യേകിച്ച് കോളേജ് വിദ്യാർഥികൾ സമരസപ്പെടലിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ലോകക്രമത്തിൽ വ്യക്തതതേടി രംഗത്തിറങ്ങുന്നത്. അമേരിക്കയിൽ മുൻതലമുറകൾ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയും ദക്ഷിണ പൂർവ ഏഷ്യയിലും മധ്യ അമേരിക്കയിലും അമേരിക്ക നടത്തുന്ന ഹീനമായ യുദ്ധങ്ങളിലും നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കോളേജുകളിൽ സമരം ചെയ്തിട്ടുണ്ട്. 1968ൽ ഫ്രാൻസു മുതൽ ഇന്ത്യ വരെ അമേരിക്ക മുതൽ ജപ്പാൻവരെയുള്ള ചെറുപ്പക്കാർ അൽജീരിയയിലെയും പലസ്തീനിലെയും വിയറ്റ്നാമിലെയും സാമ്രാജ്യത്വ യുദ്ധങ്ങളിൽ രോഷാകുലരായി തെരുവിലിറങ്ങി. അവർ പാരീസിനും ടെൽ അവീവിനും വാഷിങ്ടണിനുംനേരെ അവിടങ്ങളിലെ ഭരണാധികാരികളുടെ കൊലപാതക സംസ്കാരത്തിൽ പ്രതിഷേധിച്ച് ഉറച്ചുനിന്നു. ലാഹോറിലെ മൊച്ചി ഗേറ്റിൽനിന്നു പാകിസ്ഥാനി കവി ഹബീബ് ജാലിബ് അവരുടെ വികാരമുൾക്കൊണ്ടാണ് ഇങ്ങനെ രചിച്ചത്: ‘‘തടവറയുടെ കവാടത്തിൽ നിന്ന് / എന്തിനാണ് നീയെന്നെ തുറിച്ചുനോക്കുന്നത് ’’. ‘‘മർദകരുടെ വാക്കുകളും അജ്ഞതയുടെ രാത്രിയും / രണ്ടിനെയും ഞാനംഗീകരിക്കുന്നില്ല/എനിക്കവ സ്വീകാര്യമേയല്ല’’.

നാമിന്ന് നിൽക്കുന്നത് മെയ് മാസത്തിന്റെ തുടക്കത്തിലാണല്ലോ. പാരീസ് സമാധാന സമ്മേളനകാലത്ത് (വെഴ്സെയിൽസ് ഉടമ്പടിയുടെ ഫലമായി ഉണ്ടായത്) ചെെനീസ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട അപമാനകരമായ വ്യവസ്ഥകളെ അപലപിക്കുന്നതിനായി 1919 മെയ് 4ന് ചെെനയിലെ ധീരരായ ചെറുപ്പക്കാർ തെരുവിലിറങ്ങിയ സംഭവം ഓർമിക്കുന്നത് വിലപ്പെട്ട പാഠങ്ങൾ നൽകുന്നതാണ്. പാരീസ് സമ്മേളനകാലത്ത് സാമ്രാജ്യത്വശക്തികൾ ചെെനയിലെ ഷാൻ ദൊങ് പ്രവിശ്യയിലെ വളരെ വലിയൊരു ഭൂപ്രദേശം ജപ്പാനു നൽകാൻ തീരുമാനിച്ചു. 1898ൽ ചെെനയിൽനിന്ന് ജർമനി കെെയടക്കിയതാണ് ഈ പ്രവിശ്യ. ഈ അധികാര കെെമാറ്റം 1911ൽ രൂപംകൊണ്ട ചെെനീസ് റിപ്പബ്ലിക്കിന്റെ ദൗർബല്യം മൂലം സംഭവിച്ചതാണെന്ന് ചെെനയിലെ ചെറുപ്പക്കാർ കണ്ടു. ബെയ്ജിങ്ങിലെ 13 സർവകലാശാലകളിൽനിന്നുള്ള 4,000ത്തിലധികം വിദ്യാർഥികൾ, ‘‘ബാഹ്യമായി രാജ്യത്തിന്റെ പരമാധികാരത്തിനായി ഉറച്ചുനിൽക്കുക; ആഭ്യന്തരമായി രാജ്യദ്രോഹികളെ ഇല്ലാതാക്കാൻ ഉറച്ചുനിൽക്കുക’’ എന്നെഴുതിയ ബാനറുകളുമായി തെരുവിലിറങ്ങി. അവർ സാമ്രാജ്യത്വശക്തികളോടു തങ്ങളുടെ രാജ്യത്തെ വിദേശകാര്യ മന്ത്രി ലൂഷെങ് സിയാങ്ങിന്റെ നേതൃത്വത്തിൽ പാരീസ് സമ്മേളനത്തിൽ അറുപതംഗ പ്രതിനിധി സംഘത്തോട് കടുത്ത രോഷം പ്രകടിപ്പിച്ചു. ആ പ്രതിനിധി സംഘത്തിൽ അംഗമായിരുന്ന ലിയാങ് ക്വിച്ചാവോ കരാറിന്റെ കാര്യത്തിൽ നിരാശനായി. മെയ് 2ന് അദ്ദേഹം ചെെനയിലേക്ക് ഒരു ബുള്ളറ്റിൻ അയച്ചു. അത് പ്രസിദ്ധീകരിക്കപ്പെട്ടതോടെ ചെെനീസ് വിദ്യാർഥികളാകെ രോഷാകുലരായി ഇളകി മറിഞ്ഞു. വിദ്യാർഥി പ്രക്ഷോഭം പാരീസ് സമ്മേളനത്തിൽ പങ്കെടുത്ത ജപ്പാൻ അനുകൂലികളായ കാവോ റൂളിൻ ഷാങ്, സോങ്സിയാങ്, ലൂസോങ് യു തുടങ്ങിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ചെെനീസ് ഗവൺമെന്റിനെ നിർബന്ധിതമാക്കി. ജൂൺ 28ന് പാരീസിലെ ചെെനീസ് പ്രതിനിധി സംഘം ആ കരാറിൽ ഒപ്പിടുന്നതിൽനിന്ന് പിന്മാറി.

ചെെനീസ് വിദ്യാർഥികളുടെ പ്രക്ഷോഭം അതിശക്തമായിരുന്നു; അത് ദീർഘകാല പ്രത്യാഘാതമുണ്ടാക്കുന്നതുമായി. ചെെനീസ് വിദ്യാർഥികൾ നടത്തിയ മെയ് 4 പ്രക്ഷോഭം കേവലം വെഴ്സെയിൽസ് ഉടമ്പടിയിൽ പ്രതിഷേധിക്കുന്നതിനുവേണ്ടി മാത്രമായിരുന്നില്ല, മറിച്ച് ചെെനയിലെ പ്രമാണി വർഗത്തിന്റെ റിപ്പബ്ലിക്കൻ സംസ്കാരത്തിലെ ജീർണതയ്ക്കെതിരായ കടുത്ത വിമർശനം കൂടി അടങ്ങുന്നതായിരുന്നു. വിദ്യാർഥികൾ കൂടുതൽ കാര്യങ്ങൾ ആഗ്രഹിച്ചിരുന്നു. അവരുടെ ദേശസ്നേഹം അഭയം കണ്ടത് അരാജകവാദം പോലെയുള്ള വിവിധ ഇടതുപക്ഷ ആശയഗതികളിലായിരുന്നു; മാർക്സിസം അഗാധമായി അവരെ സ്വാധീനിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പിന്നീട് രണ്ടുവർഷത്തിനുള്ളിൽ ഈ കലാപത്തിന് രൂപം നൽകിയ പ്രധാനപ്പെട്ട ചെറുപ്പക്കാരായ ബുദ്ധിജീവികൾ –ലീ ദാഷാവോ, ചെൻ ലൂസിയു, മൗസെ ദൊങ് തുടങ്ങിയവർ –1921ൽ കമ്യൂണിസ്റ്റ് പാർട്ടി ഓ-ഫ് ചെെന രൂപീകരിച്ചു. മെയ് 4 പ്രസ്ഥാനത്തിൽ പങ്കെടുത്ത വനിതാ നേതാക്കൾ ദശലക്ഷക്കണക്കായ സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്കും ധെെഷണിക ജീവിതത്തിലേക്കും ആകർഷിച്ച പല സംഘടനകൾക്കും രൂപം നൽകി. ഇവ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാതലായ ഭാഗമായി മാറി. ഉദാഹരണത്തിന് ചെങ് ദുനിയിങ് ബെയ്ജിങ് വിമൻസ് അക്കാദമിക് ഫെഡറേഷൻ സ്ഥാപിച്ചു. സുസോങ്ഹാൻ ഷാങ്ഹായ് വിമൻസ് ഫെഡറേഷന് രൂപം നൽകി; ടിയാൻജിൻ വിമൻസ് പാട്രിയോട്ടിക്ക് കോംമ്രേഡ്സ് അസോസിയേഷന് രൂപം നൽകിയത് ഗുവോ ലോങ്ഷെൻ, ലി യു വിങ് യാങ്, ദെങ് ഇൻചാവോ, ഷാങ് റൂമിങ് എന്നിവരാണ്. ചെെനയിലെ നാട്ടുമ്പുറങ്ങളിലെ കഥ പറച്ചിലുകാരികളിൽ മുൻനിരക്കാരിയായി ദിങ് ലിങ് മാറി. മെയ് 4 പ്രസ്ഥാനം 30 വർഷം കഴിഞ്ഞപ്പോൾ ഈ സ്ത്രീ– പുരുഷന്മാരിൽ പലരും തങ്ങളുടെ ജീർണിച്ച് തകരാറായ രാഷ്ട്രീയ സംവിധാനത്തെ തകർക്കുകയും പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തു.

ലോകത്തെ വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഇന്നു നടത്തുന്ന പ്രക്ഷോഭം എവിടെയെത്തുമെന്നു നമുക്കു പറയാനാവില്ല. തങ്ങളുടെ ഭരണവർഗത്തിന്റെ കഴിവുകൾ അംഗീകരിക്കാനും അവരുടെ നയങ്ങൾ സ്വീകരിക്കാനും വിദ്യാർഥികൾ വിസമ്മതിക്കുകയാണ്. അവരുടെ കൂടാരങ്ങൾക്കുള്ളിലെന്നതിനേക്കാൾ മണ്ണിൽ ആഴത്തിൽ വേരിറങ്ങിയതാണ് അവരുടെ ഈ പ്രക്ഷോഭം. പൊലീസിന് അവരെ അറസ്റ്റു ചെയ്യാവുന്നതാണ്. അവരെ തല്ലിച്ചതയ്ക്കാനും കഴിഞ്ഞേക്കും. അവർ പണിത കൂടാരങ്ങൾ പൊളിച്ചുകളയാനും അവരെ പുറത്താക്കാനും ഭരണാധികാരികൾക്ക് കഴിഞ്ഞേക്കും. എന്നാൽ ഇതുകൊണ്ടൊന്നും വിപ്ലവകരമായ മുന്നേറ്റത്തെ തടയാൻ കഴിയില്ല. മെയ് 4 പ്രസ്ഥാനത്തിന്റെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഷ്യൂ സ്വീക്കിങ് (1898–1948) തിളക്കം (Brightness) എന്ന കവിത എഴുതിയത്. 1919 മുതൽ നമ്മുടെ കാലഘട്ടം വരെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുഴക്കമുണ്ട്. അത് വിദ്യാർഥികളുടെ ഒരു തലമുറയിൽനിന്നും മറ്റൊന്നിലേക്ക് കെെമാറപ്പെടുകയാണ്.

യുവജനങ്ങൾ എന്താണ് ചെയ്യുന്നത്? അവരാണീ വെളിച്ചം സൃഷ്ടിക്കുന്നത്. തങ്ങൾക്കിടയിലെ മുതിർന്നവർ ഈ വെളിച്ചത്തെ എത്രത്തോളം കെടുത്താൻ ശ്രമിക്കുന്നുവോ അത്രയും തന്നെ അവരുടെ ആത്മാക്കളുടെ തിളക്കം നമ്മുടെ കാലത്തെ വ്യവസ്ഥയുടെ കൊള്ളരുതായ്മകളിലേക്ക് വെളിച്ചം വീശിക്കൊണ്ടിരിക്കും. അവരുടെ ഉള്ളിന്റെയുള്ളിൽ ഇസ്രയേൽ യുദ്ധത്തിന്റെ നികൃഷ്ടത നിറഞ്ഞുനിൽക്കും. മാനവരാശിയെ സംബന്ധിച്ചിടത്തോളം അതൊരു വാഗ്ദാനം തന്നെയായിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Most Popular