Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീനിൽ തുടരുന്ന 
വംശീയ കുരുതിയും ഉയരുന്ന വിദ്യാർഥി ഐക്യദാർഢ്യവും

പലസ്തീനിൽ തുടരുന്ന 
വംശീയ കുരുതിയും ഉയരുന്ന വിദ്യാർഥി ഐക്യദാർഢ്യവും

എം എ ബേബി

തെഴുതുമ്പോൾ പലസ്തീനുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട നാല് സംഭവവികാസങ്ങൾ കണക്കിലെടുക്കാനുണ്ട്. വീണ്ടും ആഗോള നിയമങ്ങൾ ലംഘിച്ചുകൊണ്ട് സിയോണിസ്റ്റ് ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന അധിനിവേശവും കൂട്ടക്കുരുതിയും ഇൗജിപ്ത് അതിർത്തിയായ റ-ഫയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ടുള്ള വംശഹത്യ തന്നെയാണ് നെതന്യാഹു നേതൃത്വം നൽകുന്ന ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് ഗവൺമെന്റ് പിന്തുടരുന്നത്. 34,844 പലസ്തീൻകാരുടെ ദാരുണമായ വധവും (അതിൽ മഹാഭൂരിപക്ഷവും സ്ത്രീകളും കുഞ്ഞുങ്ങളും പ്രായം ചെന്നവരുമാണ്) 80,000ത്തോളം പേരുടെ ഗുരുതരമായ അംഗവെെകല്യവും പരുക്കും ആശുപത്രികളും സ്കൂളുകളും താമസസ്ഥലങ്ങൾക്കുൾപ്പെടെയുണ്ടായ നാശനഷ്ടങ്ങളും സിയോണിസ്റ്റ് കടന്നാക്രമണത്തിന്റെ ഫലമായി സംഭവിച്ചു. കൊല്ലപ്പെടാതെ അവശേഷിയ്ക്കുന്നവർ ആകാശം മാത്രം മേൽക്കൂരയായിട്ടുള്ള അഭയരഹിതമായ അഭയാർത്ഥി ക്യാമ്പുകളിലാണ്.

മനുഷ്യസ്നേഹികൾ മുഴുവൻ ഈ മഹാപാതകങ്ങൾക്കെതിരെ പ്രതിഷേധ ശബ്ദം ഉയർത്തേണ്ടതായിരുന്നെങ്കിലും വേണ്ടത്ര ശക്തിയിലും വ്യാപ്തിയിലും അതെന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നു പൊന്തുകയായിരുന്നു. അത്തരം ആശങ്കകൾക്ക് ചരിത്രത്തിൽ പലപ്പോഴും ഉചിതമായ മറുപടി നൽകിയിട്ടുള്ളത് വിദ്യാർഥികളും യുവാക്കളും ആയിരുന്നുവല്ലോ. ഇത്തവണയും അതുതന്നെ സംഭവിച്ചു. അമേരിക്കയിലേയും യൂറോപ്പിലേയും അതിപ്രശസ്ത സർവകലാശാലകളിലുൾപ്പെടെ വിദ്യാർഥി – വിദ്യാർഥിനികൾ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തണിനിരന്നു.

അമേരിക്കയിലെ വിദ്യാർഥികൾ കൃത്യമായ ആവശ്യങ്ങൾ ബെെഡൻ ഗവൺമെന്റിനും സർവകലാശാല അധികൃതർക്കും മുന്നിൽ ഉന്നയിച്ചു. അമേരിക്കൻ ഗവൺമെന്റ് സയണിസ്റ്റ് ആക്രമണകാരികൾക്ക് നൽകുന്ന രാഷ്ട്രീയ പിന്തുണയും സെെനിക പിന്തുണയും സാമ്പത്തിക സഹായവും യുദ്ധോപകരണ സാമഗ്രികളുടെ കയറ്റുമതിയും ഉടൻ തന്നെ അവസാനിപ്പിക്കണം. അടിയന്തിര വെടിനിർത്തലിനും സമാധന ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരത്തിനും അമേരിക്ക മുൻകെെ എടുക്കണം.

സർവകലാശാല അധികൃതർ അമേരിക്കയിലെ പടക്കോപ്പു നിർമാണ കമ്പനികളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിയ്ക്കണമെന്നുള്ളത് വിദ്യാർഥികളുടെ സുപ്രധാനമായ ഒരാവശ്യമാണ്. അമേരിക്കയിലെ പ്രശസ്ത സർവകലാശാലകളെല്ലാം വിദ്യാർഥികളിൽ നിന്നീടാക്കുന്ന ഉയർന്ന ഫീസും മറ്റു വരുമാനങ്ങളും (വിദ്യാർഥി ഗവേഷകരുടെ കൂടി സഹായത്തോടെ നേടുന്ന പേറ്റന്റുകളിൽ നിന്നുള്ള ലാഭം തുടങ്ങിയവ) യുദ്ധോപകരണ വ്യവസായങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ 84,000 കോടി ഡോള(70,56,000 കോടി രൂപ) റിന്റെ ‘എന്റോവ്മെന്റ‍്’ നിലവിലുണ്ട്. തങ്ങളുടെ സർവകലാശാലകൾ ഇസ്രയേലും അമേരിക്കയും ചേർന്ന് പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ കൂട്ടക്കുരുതിയിൽ പരോക്ഷമായി ഇത്തരത്തിൽ പങ്കാളികളാകുന്നതിനെ അതേ ക്യാമ്പസുകളിലെ വിദ്യാർഥികൾ പ്രത്യക്ഷമായി പ്രതിഷേധ സമരങ്ങളിലൂടെ ചോദ്യം ചെയ്യുന്നത് അത്യന്തം ആവേശകരമായ അനുഭവമാണ്.

അമേരിക്കയിലെ ഏറ്റവും മികച്ചതും ലോകപ്രശസ്തിയാർജിച്ചതുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ കൊളംബിയ, സ്റ്റാൻഫോർഡ് മസ്സച്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇമോറി, വാഷിങ്ടൺ യൂണിവേഴ്സിറ്റി (സെന്റ് ലൂയി) വാണ്ടർബിൽറ്റ്, യേൽ തുടങ്ങിയ നൂറിലധികം സർവകലാശാലകൾ ഇത്തരത്തിലുള്ള ഉശിരൻ സമരകേന്ദ്രങ്ങളായി മാറിയിരിയ്ക്കുന്നു. ഇവിടങ്ങളിൽ അവർ സമര ക്യാമ്പുകൾ നിർമിച്ചു. അവിടങ്ങളിൽ വിദ്യാർഥികൾ പഠന ക്ലാസുകൾ നടത്തുകയും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചിത്രം വരയ്ക്കുകയും സമാധാന പ്രാർത്ഥനാഗാനങ്ങളാലപിക്കുകയും മുദ്രാവാക്യങ്ങളുയർത്തുകയും ചെയ്തു. രാജ്യാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും പ്രാദേശിക വിദ്യാർഥി കൂട്ടായ്മകളും ഇപ്പോൾ പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംഘങ്ങളും ഇതിന്റെ ഏകോപനത്തിൽ പങ്കു വഹിയ്ക്കുന്നുണ്ട്. ‘‘പലസ്തീനിൽ നീതിയ്ക്കുവേണ്ടി വിദ്യാർഥികൾ’’, ‘‘പലസ്തീൻ യുവജന പ്രസ്ഥാനം’’, ‘‘സമാധാനത്തിനുവേണ്ടി യഹൂദർ’’ CODE PINK (സമാധാനത്തിനുവേണ്ടിയുള്ള വനിതാ പ്രസ്ഥാനം), അമേരിക്കൻ ജനാധിപത്യ സോഷ്യലിസ്റ്റുകൾ, സോഷ്യലിസ്റ്റ് വിമോചന പാർട്ടി എന്നിവയാണ് ഈ പ്രതിഷേധ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുവാൻ ഒറ്റയ്ക്കോ കൂട്ടായോ ശ്രമിയ്ക്കുന്നത്.

യൂണിവേഴ്സിറ്റി അധികൃതരും അമേരിക്കൻ ഭരണ സംവിധാനവും ഈ പ്രതിഷേധങ്ങളോട് അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചത്. പ്രതിഷേധ പ്രസ്ഥാനത്തിൽ പങ്കെടുത്ത വിദ്യാർഥി – വിദ്യാർഥിനികളെ ക്യാമ്പസുകളിൽ കടന്നുകയറി പൊലീസ് അറസ്റ്റു ചെയ്യുകയും സമരക്യാമ്പുകൾ പൊളിച്ചു നീക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികൾക്കും വിദ്യാർഥി പ്രസ്ഥാനത്തോട് അനുഭാവം കാട്ടിയ പ്രൊഫസറന്മാർക്കും എതിരായി ശിക്ഷാ നടപടികൾ കെെക്കൊണ്ടു. പല ക്യാമ്പസുകളിലും സ്ഥിരമായി സായുധ പൊലീസിനെ വിന്യസിച്ചു. യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ തോക്കു ചൂണ്ടിയ പൊലീസുകാരുടെ സാന്നിദ്ധ്യം അമേരിക്കൻ സർവകലാശാലകളെ കോൺസൻട്രേഷൻ ക്യാമ്പുകളെപ്പോലെ തോന്നിപ്പിച്ചു. ഫാസിസ്റ്റ് നെതന്യാഹുവിനുവേണ്ടി അമേരിക്കൻ ഭരണകൂടം – അത് റിപ്പബ്ലിക്കൻ ഗവൺമെന്റെന്നോ ഡെമോക്രാറ്റിക് ഗവൺമെന്റെന്നോ ഉള്ള വ്യത്യാസം കൂടാതെ ഏതറ്റംവരെയും പോകും എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലെ പലസ്തീൻ ഐക്യദാർഢ്യപ്രസ്ഥാനം യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബർലിൻ ഫ്രീ യൂണിവേഴ്സിറ്റിയിൽ മെയ് ഏഴിന് നടന്ന പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിനുനേരെ ജർമൻ പൊലീസ് ആക്രമണം നടത്തുകയും വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിലും പലസ്തീൻ ഐക്യദാർഢ്യ റാലി നടന്നു. കിഴക്കൻ ജർമനിയിലെ ലേപ്-സെഗിലും പലസ്തീൻ അനുകൂല വിദ്യാർഥിപ്രകടനം നടക്കുകയുണ്ടായി. ഹോളണ്ടിലെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് മർദ്ദനം അഴിച്ചുവിടുകയുണ്ടായി. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയിൽ ഇരുപതു സമരപന്തലുകൾ സജ്ജീകരിച്ചായിരുന്നു വിദ്യാർഥി സമരം.

ബ്രിട്ടനിൽ ഓക്-സ്-ഫോർഡും കേംബ്രിഡ്-ജും ഉൾപ്പെടെ ഒരു ഡസൻ സർവകലാശാലകളിൽ പലസ്തീൻ ഐക്യദാർഢ്യ പന്തലുകൾ ഉയർന്നു. ഇസ്രയേലുമായുള്ള അക്കാദമികവും മറ്റു തരത്തിലുള്ളതുമായ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും വിദ്യാർഥി സമരനേതാക്കൾ ആവശ്യപ്പെട്ടു. ഓക്സ്ഫോർഡ് സർവകലാശാലയിലെ 200 അക്കാദിഷ്യന്മാർ വിദ്യാർഥികളുടെ പലസ്തീൻ ഐക്യദാർഢ്യപ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിലൊന്നായ ഇറ്റലിയിലെ ബൊളോഗ്നയിൽ വിദ്യാർഥികൾ പലസ്തീൻ അനുകൂല മുദ്രാവാക്യവും ഉടനടി യുദ്ധവിരാമം സാധ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചുകൊണ്ട് സമരം ആരംഭിച്ചു. റോമിലും നേപ്പിൾസിലും ഇതേ മുദ്രാവാക്യവുമായി വിദ്യാർഥി യുവജന സമരശക്തി സംഘടിതമായി രംഗത്തുവന്നു. സ്പെയിനിലെ വലൻഡിയ ക്യാമ്പസ്സിലും പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യമുയർന്നു.

ഫുട്ബോൾ ഭീമൻമാരുടെ നഗരങ്ങളായ ബാഴ്സലോണയിലെയും മാഡ്രിഡിലേയും സർവകലാശാലകളിലെ വിദ്യാർഥികളും ഇസ്രയേൽ – അമേരിക്കൻ അധിനിവേശത്തിനെതിരെയും പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്. സർവകലാശാല വിദ്യാർഥികൾ റാലി സംഘടിപ്പിച്ചു.

ഫ്രാൻസിലെ വിദ്യാർഥികളും സജീവമായി ഇൗ പ്രസ്ഥാനത്തിൽ അണിനിരക്കുകയാണ്. ഓസ്ട്രേലിയ, കാനഡ, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രസ്ഥാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും കൗതുകകരമായ ഒരു കാര്യം അമേരിക്കയിലെ ചില സർവകലാശാലകൾ വിദ്യാർഥി സമരത്തിലെ ചില ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായി എന്നുള്ളതാണ്.

ഇസ്രയേലുമായി ബന്ധപ്പെട്ട അക്കാദമിക സഹകരണം പുനഃപരിശോധിക്കാം, യുദ്ധവ്യവസായങ്ങളിലുള്ള സർവകലാശാലാ ഫണ്ടിന്റെ നിക്ഷേപം ഒഴിവാക്കാം തുടങ്ങിയവയാണ് ചർച്ചയിലൂടെ ധാരണയായിട്ടുള്ളത്.

1960കളിൽ വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധത്തിനെതിരായ യുവജന വിദ്യാർഥി പ്രതിഷേധം കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ രാഷ്ട്രീയ ഇടപെടലായിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളെ തന്നെ അത് വലിയ തോതിൽ പിടിച്ചുകുലുക്കി. പോച്ചിലിന്റെയും വോ എൻ ഗുയൻ ഗ്യാപ്പിന്റെയും നേതൃത്വത്തിൽ വിയറ്റ്നാം പോരാളികൾ നടത്തിയ ഐതിഹാസികമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മഹനീയതയ്ക്ക് ഏതാണ്ട് വളരെ അടുത്ത് വരും അമേരിക്കയിലും ലോകത്തെമ്പാടും രൂപപ്പെട്ട വിയറ്റ്നാം ഐക്യദാർഢ്യ പ്രസ്ഥാനവും സാമ്രാജ്യത്വവിരുദ്ധ സമാധാനപ്രസ്ഥാനവും ചെലുത്തിയ സാർവദേശീയ പ്രത്യാഘാതം. ഇപ്പോഴത്തെ പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനം സമാനമായൊരു ആഗോള അന്തരീക്ഷം വികസിപ്പിച്ചെടുക്കാനുള്ള സാധ്യത ഇല്ലാതില്ല. എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇന്ന് നിലവിലില്ല എന്നത് അമേരിക്ക – ഇസ്രയേൽ അച്ചുതണ്ടിന് ആഗോള ഗുണ്ടയെപ്പോലെ പെരുമാറാൻ ഒരു പരിധിവരെ അവസരം ഒരുക്കുന്നു. എന്നതും ഒരു യാഥാർഥ്യമാണ്. 1960കളിലും 70കളിലും ലോക രാഷ്ട്രീയ ബലാബലത്തിൽ ഒരു പരിധിവരെ ശക്തമായി ഇടപെട്ടുകൊണ്ടിരുന്ന ചേരിചേരാ പ്രസ്ഥാനം ഇന്നു നാമമാത്രമായി പോലും സാമ്രാജ്യത്വ ഇടപെടലുകൾക്ക് താൽപ്പര്യമെടുക്കുന്നില്ല എന്നതും തീവ്ര വലതുപക്ഷ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരമാകുന്നു.

ഇതൊക്കെയാണെങ്കിലും ഫാസിസത്തിനും ചൂഷകവർഗത്തിനും ജനങ്ങളെ അടിച്ചമർത്താനും വഞ്ചിക്കുവാനും കുറേ കാലത്തേക്ക് മാത്രമേ കഴിയുകയുള്ളൂ. നീതിയുടെയും ജനാധിപത്യത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും ശക്തികൾക്ക് ഉടനെ അല്ലെങ്കിൽ അധികം വെെകാതെ തന്നെ ജയിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular