Sunday, May 26, 2024

ad

Homeമുഖപ്രസംഗംമങ്ങുന്ന മോദി പ്രഭാവം

മങ്ങുന്ന മോദി പ്രഭാവം

പ്രധാനമന്ത്രി മോദി വല്ലാതെ പതറിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനകം നടന്ന മൂന്നുഘട്ടം വോട്ടെടുപ്പുകളിലും വോട്ടിങ് ശതമാനം 2019 ലേതിനെക്കാൾ കാര്യമായി കുറഞ്ഞത്, മോദി പ്രഭാവംകൊണ്ട് ജയിച്ചു കയറാമെന്ന മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്. അതുപോലെതന്നെ മോദിയുടെ പ്രചാരണയോഗങ്ങളിൽ, ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലടക്കം ആളില്ലാ കസേരകളുടെ എണ്ണം മുൻകാലങ്ങളിലൊന്നും കാണാത്തത്ര വർധിച്ചിരിക്കുന്നു. മോദിയുടെ അങ്കലാപ്പും നെഞ്ചിടിപ്പും വർധിച്ചതിനു നിദാനം ഈ ഘടകങ്ങൾ തന്നെയാണ്.

തുടക്കത്തിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കാൻ വിശ്വഗുരു പട്ടം സ്വയം എടുത്തണിഞ്ഞ മോദി 2024ൽ 400ൽ അധികം ലോക്-സഭാ സീറ്റുകൾക്കായി പ്രവർത്തിക്കൂഎന്ന് ഗർവോടെ അനുയായികളെ ആഹ്വാനം ചെയ്ത മോദി ഒടുവിൽ ഗുജറാത്തിലും യുപിയിലും നടത്തിയ പ്രചാരണയോഗങ്ങളിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മോദിക്ക് 400 സീറ്റിലധികം നൽകൂവെന്ന് കേഴുന്നതാണ് നാം കാണുന്നത്. 400 എന്നല്ല കേവല ഭൂരിപക്ഷം നേടുക പോലും എൻഡിഎയെ സംബന്ധിച്ച് ബാലികേറാ മലയാണെന്ന് മോദി പക്ഷം കാണുന്നതായാണ് ഇത് കാണിക്കുന്നത്. അതിന്റെ വേവലാതി പ്രകടനമാണ് മോദിയുടെയും മോദിയെ പിൻപറ്റി അമിത്ഷായുടെയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെയും വാക്കുകൾ.

ഏറ്റവും ഒടുവിൽ കേട്ട മോദിയുടെ വാക്കുകൾ അൽഭുതപ്പെടുത്തുന്നതാണ്. സ്വന്തം ചങ്ങാതികളായിരുന്ന അദാനിയേയും അംബാനിയേയുമെല്ലാം കെെവിടുകയും ഇന്ത്യാ കൂട്ടായ്മ, കോർപറേറ്റുകൾക്കെതിരെ മിണ്ടുന്നില്ലെന്ന പച്ചക്കള്ളം പറയാനും മടിക്കാത്ത മോദിയെയാണ് ജനങ്ങൾ കണ്ടത്. മോദി കള്ളം പറയുന്നതിൽ പുതുമയില്ലെങ്കിലും അദാനിമാരെയും അംബാനിമാരെയും ഇന്ത്യാ കൂട്ടായ്മയുടെ അക്കൗണ്ടിലേക്ക് തള്ളിവിടുന്നത് നടാടെയാണ്. വർഗീയ കാർഡിറക്കിയും വിശ്വാസത്തെ കൂട്ടുപിടിച്ചും നടത്തിയ കളികളൊന്നും ഫലം കാണുന്നില്ലെന്നു കണ്ടാണ് മോദിയുടെ ശിങ്കിടി മുതലാളിമാരുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വളർച്ചയിലും ജനസാമാന്യം പട്ടിണിയിലും തൊഴിലില്ലായ്മയിലും പെട്ടുഴലുന്നതിലും ബന്ധമുണ്ടെന്നു കണ്ടാണ് ഇപ്പോൾ ഗോൾ പോസ്റ്റ് മാറ്റിപ്പിടിക്കുന്നത്. മോദിയുടെ അന്ധാളിപ്പാണ് ഇത് പ്രകടമാക്കുന്നത്.

യാതൊരു മറയുമില്ലാതെ പച്ചയ്ക്ക് മുസ്ലിംവിരുദ്ധ വർഗീയതയാണ് രണ്ടും മൂന്നും ഘട്ട പ്രചാരണവേളകളിലും ഇപ്പോൾ നാലാം ഘട്ടത്തിലും മോദിയും കൂട്ടരും തുടരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാത്രമല്ല, സാമാന്യ മര്യാദപോലും പാലിക്കാതെയുള്ള വർഗീയ വിഷം ചീറ്റലാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുംതോറും മോദിയുടെയും കൂട്ടരുടെയും വിഷനാവുകൾ കൂടുതൽ വിദേ-്വഷ പ്രചാരണത്തിൽ ആണ്ടിറങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നാൽ രാജ്യത്തെ എല്ലാ വിഭാഗം ആളുകളുടെയും പ്രധാനമന്ത്രിയാണ്. അതു മറന്നുകൊണ്ടുള്ളതാണ് മോദിയുടെ പ്രചാരണ പ്രസംഗങ്ങൾ. മനുസ്മൃതിയിൽ തൊട്ടല്ല രാജ്യത്തിന്റെ മതനിരപേക്ഷ – ജനാധിപത്യ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് മോദി അധികാരമേറ്റത്. ആ നിലയ്ക്ക് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ നഗ്നമായ സത്യപ്രതിജ്ഞാലംഘനം കൂടിയാണ്.

എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ കാര്യങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചും നിഷ്പക്ഷമായുമാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ബാധ്യസ്തമായ സ്വതന്ത്രവും ഭരണഘടനാപരവുമായ ഏജൻസിയെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയും കൂട്ടരും നടത്തുന്ന ഈ നിയമലംഘനങ്ങൾക്കുനേരെയും വിദേ-്വഷ പ്രസംഗങ്ങൾക്കുനേരെയും കണ്ണും പൂട്ടിയിരിക്കുന്ന ലജ്ജാകരമായ അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളത്. കടുത്ത സമ്മർദവും പരാതി പ്രളയവും നാനാഭാഗങ്ങളിൽ നിന്നുയർന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തതാകട്ടെ അതിലും വിചിത്രമായ കാര്യമാണ്. മോദിക്കെതിരെ നടപടിയെടുക്കുകയോ മോദിയോട് വിശദീകരണം ചോദിക്കുകയോ ചെയ്യുന്നതിനുപകരം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയോടാണ് കമ്മിഷൻ വിശദീകരണം ചോദിച്ചിരിക്കുന്നത്. സമദൂരം പാലിക്കാനെന്നോണം രാഹുൽഗാന്ധിയുടെ ഏതോ പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോടും വിശദീകരണം ആവശ്യപ്പെട്ടു. ലജ്ജാകരമായ അവസ്ഥയാണിത്.

പ്രധാനമന്ത്രി മോദിയോട് വിശദീകരണം ചോദിക്കാനോ താൽക്കാലികമായി മറ്റു പല കേസുകളിലുമെന്ന പോലെ ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും പ്രചാരണരംഗത്തുനിന്ന് മാറ്റി നിർത്താൻ ഉത്തരവ് നൽകുകയോ ചെയ്യാൻ പോലുമുള്ള ആർജവമോ തന്റേടമോ പ്രകടിപ്പിക്കാൻപോലും തയ്യാറാകാത്തവിധം നമ്മുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അധഃപതിച്ചിരിക്കുന്നു. ഭരണഘടനാദത്തമായ അധികാരങ്ങളുള്ള സ്ഥാപനമാണ്, സ്വതന്ത്ര സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന കാര്യം പോലും വിസ്മരിച്ച് മോദിയുടെ കീഴ്ജീവനക്കാരെപ്പോലെ ഓഛാനിച്ച് നിൽക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ.

ഇത്തരമൊരവസ്ഥ ഒഴിവാക്കാനാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ കൂടി ഉൾപ്പെടുത്തണമെന്ന വിധി പുറപ്പെടുവിച്ചത്. ആ വിധി മറികടക്കാനായി നിയമനിർമാണത്തിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനുപകരം പ്രധാനമന്ത്രിക്കിഷ്ടമുള്ള ഒരു കാബിനറ്റ് അംഗത്തെക്കൂടി ഉൾപ്പെടുത്തിയാൽ മതിയെന്ന് തീരുമാനിച്ച ഭരണമാണ് രാജ്യത്ത് ഇന്നുള്ളത്. നിലവിലുണ്ടായിരുന്ന രണ്ട് അംഗങ്ങൾ ദുരൂഹമായ സാഹചര്യത്തിൽ രാജിവെച്ചൊഴിയുകയും (ഒരാൾ മോദിക്ക് ഹിതകരമല്ലാത്ത ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കേന്ദ്ര അനേ-്വഷണ ഏജൻസികൾ വേട്ടയാടാൻ തുടങ്ങി. അതേ തുടർന്ന് രാജിവെച്ച് എഡിബി ഉദേ-്യാഗം സ്വീകരിച്ച് പോവുകയായിരുന്നു) ചെയ്തു. അതോടെ തന്റെ ഹിതാനുവർത്തികളായ രണ്ടുപേരെ യാതൊരു നടപടിക്രമവും പാലിക്കാതെ മോദി നിയമിച്ചു. അത് രാജ്യത്തെ ജനാധിപത്യത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്. നിലവിലുള്ള എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും (ജുഡീഷ്യറിയെപ്പോലും ഏറെക്കുറെ ഹിതാനുവർത്തികളാക്കി മാറ്റാൻ മോദിക്കും സംഘപരിവാറിനും കോർപ്പറേറ്റുകൾക്കും കഴിഞ്ഞിരിക്കുന്നു) ഫോർത്ത് എസ്റ്റേറ്റെന്നറിയപ്പെടുന്ന മാധ്യമങ്ങളെ കെെപ്പിടിയിലൊതുക്കി ഗോദി മീഡിയയാക്കുകയും ചെയ്തത് ജനാധിപത്യത്തിനു തന്നെ കനത്ത വെല്ലുവിളിയായിരിക്കുകയാണ്. നമ്മുടെ ഭരണഘടനയും ഇന്ത്യയെന്ന ആശയവും പോലും വെല്ലുവിളി നേരിടുന്ന ഒരു വഴിത്തിരിവിലാണ് നാമിന്ന് എത്തിനിൽക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + eight =

Most Popular