Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിപുതിയ യൂറോപ്പിലെ 
പുതു ഫാസിസ്റ്റുകള്‍

പുതിയ യൂറോപ്പിലെ 
പുതു ഫാസിസ്റ്റുകള്‍

ഹരിത സാവിത്രി

“വെളുത്തവരുടെ ജീവിതം പ്രധാനമാണ്!’
“നിങ്ങൾ ഞങ്ങൾക്ക് പകരമാവില്ല!’
“രക്തവും മണ്ണും!’
“ഒരു ജനത, ഒരു രാഷ്ട്രം, കുടിയേറ്റം അവസാനിപ്പിക്കുക!’

സ്വസ്തിക ടാറ്റൂകള്‍, ഇരുണ്ട വസ്ത്രങ്ങള്‍, ചെത്തിയൊരുക്കിയ തലകള്‍, സര്‍വ്വോപരി വെറുപ്പ്‌! ചുറ്റും പരതുന്ന കണ്ണുകളില്‍ തടയുന്ന ഇരുണ്ട തൊലി കാണുമ്പോള്‍ ജ്വലിക്കുന്ന വെറുപ്പിന്റെ തീ!

തീവ്ര വലതുപക്ഷ രാഷ്ട്രീയകക്ഷികളുടെ റാലികളിലെ ചെറുപ്പക്കാരുടെ മുദ്രാവാക്യങ്ങളും ശരീരഭാഷയുമാണിത്. മുന്‍കൂട്ടിക്കാണാത്ത ഒരു യാത്രയ്ക്കിടയില്‍ ഇത്തരമൊരു റാലിയ്ക്കിടയില്‍ പെട്ടു പോയ സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എത്ര നാളുകള്‍ കടന്നുപോയാലും മറക്കാനാവാത്ത വിധം ഓരോ തവണയും ഓര്‍മ്മയിലെത്തുമ്പോള്‍ ആ കത്തുന്ന നോട്ടങ്ങള്‍ മനസ്സില്‍ പൊള്ളലേല്‍പ്പിക്കുന്നു.

2008ല്‍ അമേരിക്കയിലെ ഭവന വിപണിയിലുണ്ടായ ഒരു കുമിളയില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിയായിരുന്നു മറഞ്ഞു കിടന്ന ഈ കനലുകള്‍ വീണ്ടും ജ്വലിച്ചു തുടങ്ങാനുള്ള കാരണം. യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാന്ദ്യം അതിവേഗം വ്യാപിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയിലും മറ്റു മേഖലകളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. യൂറോപ്പിലെ രാജ്യങ്ങള്‍ ഇതിനെത്തുടര്‍ന്ന സാമൂഹിക-, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളില്‍ ഉണ്ടായ മാറ്റങ്ങളുടെ സ്വാധീനത്താല്‍ ഫാസിസത്തിന് സാവധാനത്തില്‍ കീഴ്പ്പെട്ടു തുടങ്ങി. “ഫാസിസം’ എന്ന പദം പലപ്പോഴും സ്വേച്ഛാധിപത്യ, ദേശീയവാദ പ്രത്യയശാസ്ത്രങ്ങള്‍, ഏകാധിപത്യ പ്രവണതകള്‍, എതിർപ്പിനോടുള്ള അസഹിഷ്ണുത, സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന ശക്തമായ നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ 2008 മുതൽ യൂറോപ്പിലുണ്ടായ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയർച്ച തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ പുനരുജ്ജീവനത്തെക്കുറിച്ചും ജനാധിപത്യ സംവിധാനങ്ങളിലും സാമൂഹിക ഐക്യത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും അതുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും കടുത്ത ആശങ്ക ഉയർത്തുകയാണ്.

സാമ്പത്തിക മാന്ദ്യത്തിന് മറുപടിയായി, പല യൂറോപ്യൻ രാജ്യങ്ങളും ബജറ്റ് കമ്മി പരിഹരിക്കാൻ ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചു. ഈ നടപടികളിൽ പലപ്പോഴും സാമൂഹിക സേവനങ്ങളും ക്ഷേമ പരിപാടികളും വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെട്ടിരുന്നു. ആരോഗ്യ സംരക്ഷണം, സാമൂഹിക സഹായ പദ്ധതികൾ, വിദ്യാഭ്യാസ ബജറ്റുകൾ എന്നിവയില്‍ വരുത്തിയ കുറവുകൾ ദുർബലരായ സമൂഹങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുകയും അവശ്യ സേവനങ്ങള്‍ അവര്‍ക്ക് നിഷേധിക്കുകയും ചെയ്തു. കുട്ടികൾ, പ്രായമായവർ, വൈകല്യമുള്ള വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള ദുർബല ജനവിഭാഗങ്ങളെയാണ് ഈ സാമ്പത്തികമാന്ദ്യം കൂടുതലായി ബാധിച്ചത്. ശിശുക്ഷേമ – വിദ്യാഭ്യാസ വിഭാഗങ്ങള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള ആനുകൂല്യങ്ങളിലും സൗകര്യങ്ങളിലും കുറവുവന്നു എന്നത് മാത്രമല്ല, പുതിയ പദ്ധതികള്‍ അനിശ്ചിത കാലത്തേയ്ക്ക് മരവിക്കാനും തുടങ്ങി.

പ്രതിസന്ധി വര്‍ദ്ധിച്ചതോടെ യൂറോപ്പിലുടനീളം ഭക്ഷ്യ അരക്ഷിതാവസ്ഥ ഉടലെടുത്തു. തൊഴിലില്ലായ്മ നിരക്ക് ഉയരുകയും ഗാർഹിക വരുമാനം കുറയുകയും ചെയ്തതോടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും മതിയായ പോഷകാഹാരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകൾ നേരിട്ടു. കൂടുതൽ ആളുകൾക്ക് അവരുടെ അടിസ്ഥാന ആഹാര ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ഫുഡ് ബാങ്കുകൾക്കും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കും അവരുടെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രൂക്ഷവളര്‍ച്ചയുടെ തെളിവെന്നോണം അടുത്തുള്ള ചെറിയ ടൗണുകളില്‍ പോലും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഓഫീസുകളുടെ മുന്നില്‍ മുഖം കുനിച്ചു നില്‍ക്കുന്ന മനുഷ്യരുടെ വരികളുടെ നീളം കൂടിത്തുടങ്ങി. പല വ്യക്തികൾക്കും കുടുംബങ്ങൾക്കും തൊഴിൽ നഷ്ടം, വരുമാനം കുറയൽ എന്നിവ അനുഭവിക്കേണ്ടി വന്നു. “വീട് വില്‍ക്കുകയാണ്. ലോണ്‍ അടയ്ക്കാന്‍ കഴിയുന്നില്ല. ഭാര്യയുടെ ജോലി നഷ്ടമായി.” അങ്ങനെ പലതരം കാരണങ്ങളുമായി കൂടുതല്‍ ചെലവ് കുറഞ്ഞ വാസസ്ഥലങ്ങളിലേക്ക് മാറേണ്ടി വന്ന സുഹൃത്തുക്കള്‍ ധാരാളമുണ്ട്. ഭവനരഹിതരുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവുണ്ടായതോടെ ജനങ്ങളിൽ ഏറെയും അനുദിനം പരുങ്ങലിലായിക്കൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ സേവനങ്ങളെ ആശ്രയിച്ചു തുടങ്ങി.

സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു നിർണായക പരിണതഫലമായിരുന്നു പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ സംഭവിച്ച കുറവുകള്‍. ബജറ്റ് വെട്ടിക്കുറയ്ക്കലും വിഭവ പരിമിതിയും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും ബാധിച്ചു. വൈദ്യ സഹായത്തിനായി പൊതു ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ ഇത് ഭീകരമായ പരിണത ഫലങ്ങള്‍ ഉളവാക്കി. പലതരം വേദനകളും രോഗങ്ങളുമായി ഗവണ്മെന്റ് ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാനുള്ള ഊഴമെത്തി എന്നറിയിച്ചുകൊണ്ടുള്ള വിളിയും കാത്ത് ദരിദ്രരായ ജനങ്ങള്‍ക്ക് അനിശ്ചിതമായി കാത്തിരിക്കേണ്ടിവന്നു.

സാമ്പത്തിക പ്രതിസന്ധി വിവിധ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്കിടയിലെ വിദ്യാഭ്യാസ അസമത്വം വർധിപ്പിച്ചു. വിദ്യാഭ്യാസ സംവിധാനത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി സ്‌കൂളുകൾക്കുള്ള സഹായങ്ങള്‍ കുറയുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തു. പഠന സൗജന്യങ്ങളും സഹായങ്ങളും നിറുത്തലാക്കി. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ സമൂഹത്തില്‍ മുന്നേറാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതോടെ വലിയ തടസ്സങ്ങൾ നേരിട്ടു. കുടുംബത്തിനെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിക്കാനായി അവരില്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നം ഉപേക്ഷിച്ചു നിസ്സാരമായ ജോലികള്‍ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചു.

യൂറോപ്പിലാകമാനം പടര്‍ന്നു പിടിച്ച ഈ അരക്ഷിതാവസ്ഥ കനത്ത നിരാശയിലേക്കും പ്രതിഷേധത്തിലെക്കും വെറുപ്പിലേക്കുമാണ് ജനങ്ങളെ നയിച്ചത്. നിലനില്‍ക്കുന്ന സംവിധാനങ്ങളുടെ പരാജയമാണ് ഇതെന്ന അനുമാനത്തിലാണ് അവരില്‍ ഭൂരിഭാഗവും എത്തിച്ചേര്‍ന്നത്. വിപ്ലവകരവും അത്ഭുതകരവുമായ ഒരു പുതിയ മാറ്റത്തിനായി കൊതിച്ച സാധാരണ മനുഷ്യര്‍ക്ക്‌ മുന്നിലേക്ക് ഈ പരിതാപകരമായ അവസ്ഥയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമായി അതുവരെ പതുങ്ങിയിരുന്ന ഫാസിസ്റ്റ് ശക്തികള്‍ തലപൊക്കിത്തുടങ്ങി. രണ്ടാം ലോകയുദ്ധത്തില്‍ നാസികളുടെ പരാജയത്തോടെയും പോര്‍ച്ചുഗലിലെയും ഗ്രീസിലെയും സ്പെയിനിലെയും ഏകാധിപത്യ ഭരണകൂടങ്ങളുടെ നിഷ്കാസനത്തോടെയും ജനാധിപത്യ വിരുദ്ധ ആശയങ്ങളുടെ ശവമടക്ക് നടന്നു എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. പക്ഷേ, കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ സ്വതന്ത്ര ജനാധിപത്യത്തിന്റെ കാലമാണ് വരാന്‍ പോകുന്നത് എന്ന അനുമാനം തകര്‍ത്തുകൊണ്ട് 2008ലെ സാമ്പത്തിക മാന്ദ്യത്തോടെ നവ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ പടര്‍ന്നു പന്തലിക്കുകയാണുണ്ടായത്.

സാമ്പത്തിക അസ്ഥിരതയും 
ചെലവുചുരുക്കൽ നടപടികളും
സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് പല യൂറോപ്യൻ രാജ്യങ്ങള്‍ക്കും കടുത്ത സാമ്പത്തിക മാന്ദ്യം, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, ബജറ്റ് കമ്മി പരിഹരിക്കാൻ ഗവൺമെന്റുകൾ ഏർപ്പെടുത്തിയ ചെലവുചുരുക്കൽ നടപടികൾ എന്നിവയിലൂടെ കടന്നു പോകേണ്ടി വന്നു. സാമ്പത്തിക സ്ഥാപനങ്ങളുടെ തകർച്ച തടയുന്നതിനും വിപണി സുസ്ഥിരമാക്കുന്നതിനുമായി സമ്പദ്‌വ്യവസ്ഥയുടെ മേൽ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടായിരുന്നു. യൂറോപ്പിലുടനീളമുള്ള ഗവൺമെന്റുകൾ തകര്‍ന്നു തുടങ്ങിയ ബാങ്കുകളെ രക്ഷിക്കാൻ വിവിധ നടപടികൾ അവതരിപ്പിച്ചു, പരാജയപ്പെടുന്ന സാമ്പത്തികസ്ഥാപനങ്ങളെ ദേശസാൽക്കരിക്കുക, ജാമ്യം നൽകുക തുടങ്ങിയ രീതികളാണ് പ്രധാനമായും സ്വീകരിച്ചത്.

ഫാസിസത്തിന്റെ ഉയർച്ചയ്ക്ക് കാരണമാണെന്ന് ചിലർ വാദിക്കുന്ന സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്നതിൽ യൂറോപ്യൻ യൂണിയനും (EU) ഒരു പ്രധാന പങ്കുവഹിച്ചു. ബജറ്റ് കമ്മിയും ദേശീയ കടവും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുചെലവ് വെട്ടിക്കുറയ്ക്കലും നികുതി വർദ്ധിപ്പിക്കലും ഉൾപ്പെടെയുള്ള ചെലവുചുരുക്കൽ നടപടികൾ യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ചു. പക്ഷേ, ഭരണകൂടങ്ങള്‍ സമ്പന്നരായ ബാങ്കർമാരെ രക്ഷപ്പെടുത്താൻ തങ്ങളുടെ നികുതിപ്പണം വിനിയോഗിക്കുന്നുവെന്ന തോന്നലിലേക്ക് പൗരരെ നയിക്കുകയാണ് ഈ പ്രവൃത്തികള്‍ ചെയ്തത്.

അന്യായമായി സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുകയാണ് എന്ന് ജനങ്ങള്‍ക്കു തോന്നിയതിനാൽ ഈ നടപടികൾക്കെതിരെ പല രാജ്യങ്ങളിലും പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പും ഉണ്ടായി. തൊഴിലാളിവർഗത്തെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഗുരുതരമായി ബാധിച്ചു. ഈ സാഹചര്യം ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സമൂഹത്തില്‍ പടര്‍ന്നു പിടിച്ച അതൃപ്തി മുതലെടുക്കാനും ദേശീയവാദ അജൻഡകൾ പ്രോത്സാഹിപ്പിക്കാനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. തങ്ങളുടെ രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കുടിയേറ്റക്കാരെയും മറ്റ് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഈ പാർട്ടികൾ കുറ്റപ്പെടുത്തി. ദേശീയ അഭിമാനം പുനഃസ്ഥാപിക്കുമെന്നും തൊഴിലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും കുടിയേറ്റത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അവർ വാഗ്ദാനം ചെയ്തു.

ഈ സാഹചര്യം മുതലാക്കി യൂറോപ്പില്‍ വളര്‍ന്ന ഫാസിസ്റ്റ് സംഘടനകളില്‍ പ്രധാനമാണ് ഫോർസ ഇറ്റാലിയ എന്നറിയപ്പെടുന്ന സില്‍വിയോ ബെർലുസ്കോണിയുടെ പാർട്ടി. ജനങ്ങളുടെ അസംതൃപ്തിയും ദാരിദ്ര്യവും രാഷ്ട്രീയഅസ്ഥിരതയും ഫോര്‍സ ഇറ്റാലിയയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ബെർലുസ്കോണിയുടെ സഖ്യസർക്കാര്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാൻ തയ്യാറല്ലാത്തതോ കഴിവില്ലാത്തതോ ആയ നിരവധി ചെറിയ പാർട്ടികള്‍ ചേര്‍ന്നതായിരുന്നു . യോജിച്ച പ്രതിപക്ഷത്തിന്റെ അഭാവത്തിലൂടെ നിയന്ത്രണം നിലനിർത്താനും തന്റെ പാർട്ടിയുടെ അജൻഡയിലൂടെ മുന്നേറാനും കഴിഞ്ഞ ബെർലുസ്കോണി രാജ്യത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുർബലപ്പെടുത്താനും തന്റെ കൂട്ടുകക്ഷി സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കുവാനുമായി രാഷ്ട്രീയ കുതന്ത്രങ്ങളുടെ പരമ്പര തന്നെ നടപ്പിലാക്കി.

ഇത്തരത്തിലുള്ള ഫാസിസ്റ്റ് പാർട്ടികളുടെ വളർച്ച യൂറോപ്പിലെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനർനിർമ്മിച്ചു. സട കുടഞ്ഞെഴുന്നേറ്റ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കകളോട് പ്രതികരിക്കാൻ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ നിര്‍ബന്ധിതരായി. നിലനില്‍പ്പിന്റെ ഭാഗമായി ചില മുഖ്യധാരാ പാർട്ടികൾ കുടിയേറ്റം, ദേശീയ പരമാധികാരം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും അങ്ങനെ ഇത്തരം വലത് തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയുടെ വേലിയേറ്റം തടയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അത് സാഹചര്യം കൂടുതല്‍ വഷളാക്കി. കുടിയേറ്റം, ദേശീയത, സാമ്പത്തിക നയം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും തര്‍ക്കങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിലൂടെ സമൂഹങ്ങൾക്കുള്ളിൽ വർദ്ധിച്ച ധ്രുവീകരണം സംഭവിച്ചു. ഈ പുതിയ മാറ്റം ചില യൂറോപ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന സ്വതന്ത്ര ജനാധിപത്യതത്വങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക ഐക്യത്തെ നശിപ്പിക്കുകയും ചെയ്തു.

കുടിയേറ്റവും 
സ്വത്വവാദ രാഷ്ട്രീയവും
2015 ല്‍ ആരംഭിച്ച അഭയാർത്ഥി പ്രതിസന്ധിയ്ക്കു ശേഷം പത്തു ലക്ഷത്തിലധികം അഭയാർത്ഥികളും കുടിയേറ്റക്കാരുമാണ് യൂറോപ്പിൽ എത്തിയത്. ഹംഗറിയിലെ വിക്ടർ ഓർബൻ, ഇറ്റലിയിലെ മാറ്റിയോ സാൽവിനി തുടങ്ങിയ തീവ്ര വലതുപക്ഷ പാർട്ടികളും നേതാക്കളും തങ്ങളുടെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ന്യായീകരിക്കാൻ അഭയാർത്ഥി പ്രതിസന്ധി ഉപയോഗിച്ചു. സിറിയ, അഫ്ഗാനിസ്ഥാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അഭയം തേടിയുള്ള മനുഷ്യരുടെ ഒഴുക്ക് പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ വികാരം വർധിക്കാൻ കാരണമായി. ഇത് ഫ്രാൻസിലെ നാഷണൽ ഫ്രണ്ട്, ജർമ്മനിയിലെ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD), ഓസ്ട്രിയയിലെ ഫ്രീഡം പാർട്ടി തുടങ്ങിയ തീവ്ര വലതുപക്ഷ ദേശീയ പ്രസ്ഥാനങ്ങളുടെയും പാർട്ടികളുടെയും ശക്തി വര്‍ദ്ധിപ്പിച്ചു. തങ്ങളുടെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുള്ള പിന്തുണ നേടുന്നതിനായി തൊഴിൽ മത്സരം, സാംസ്കാരിക മാറ്റം, തീവ്രവാദഭീഷണി എന്നിവയെക്കുറിച്ചുള്ള പൊതു ഭയം മുതലാക്കിക്കൊണ്ടാണ് അവര്‍ ഈ ലക്ഷ്യത്തിലേക്ക് എത്തിയത്.. ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയൻ പാടുപെട്ടുതുടങ്ങിയതോടെ വിഷയം സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങളിലേക്ക് വളര്‍ന്നു. കർശനമായ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി വാദിച്ചും, വിദേശീയരോടുള്ള വെറുപ്പ് പ്രോത്സാഹിപ്പിച്ചും, സാംസ്കാരിക സ്വത്വത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ വളര്‍ത്തിയും ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൊഴുത്തു തടിച്ചു.

ഫ്രാൻസിൽ, മരീൻ ലെ പെന്നിന്റെ നേതൃത്വത്തിൽ നാഷണൽ ഫ്രണ്ട് (ഇപ്പോൾ നാഷണല്‍ റാലി) കൈവരിച്ച വളര്‍ച്ച യൂറോപ്പിലെ തീവ്ര വലതുപക്ഷ, ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി ഈ പ്രശ്നം എങ്ങനെ മുതലെടുത്തു എന്നതിന് ഉത്തമോദാഹരണമാണ്. അഭയാർത്ഥി പ്രതിസന്ധിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയവും ഉത്കണ്ഠയും മുതലെടുക്കാനായി ഫ്രാൻസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കുടിയേറ്റക്കാരെയും അഭയാർഥികളെയും ലെ പെന്നും കൂട്ടരും കുറ്റപ്പെടുത്തി. ഈ പ്രശ്നത്തെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുന്നതിലൂടെ നിരാശയിലും സാമ്പത്തികമാന്ദ്യത്തിലും മുങ്ങിക്കുളിച്ച ഫ്രഞ്ച് ജനതയ്ക്കിടയിൽ നാഷണൽ റാലിക്ക് ജനപ്രീതി നേടാൻ കഴിഞ്ഞു.

അതോടെ അഭയാർത്ഥി പ്രതിസന്ധി ഫ്രാൻസിൽ അന്യമത വിദ്വേഷത്തിന്റെയും വംശീയതയുടെയും വർദ്ധനവിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി. മറ്റു തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും അവരുടെ അനുയായികളും തങ്ങളുടെ കുടിയേറ്റ വിരുദ്ധ, ദേശീയ അജൻഡകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിഷയം ഉപയോഗിച്ചു. ഫ്രാൻസിലെ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും സാന്നിധ്യം സാമൂഹിക അസ്വസ്ഥതകൾക്കും കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുവെന്ന് അവർ അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലി കണ്ടെത്താനും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും പാടുപെടുന്ന നിരവധി ഫ്രഞ്ച് പൗരര്‍ ഈ പ്രചരണങ്ങളുടെ ചതിക്കുഴിയില്‍ വീണു. തങ്ങളനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് യുദ്ധവും ദാരിദ്ര്യവും മതഭീകരതയും മൂലം മെച്ചപ്പെട്ട ജീവിതത്തിനായി അഭയം തേടിയെത്തുന്ന സാധുക്കളാണെന്ന വിശ്വാസം സമൂഹമനസ്സില്‍ ശക്തമായി സ്ഥാനമുറപ്പിച്ചതോടെ ഈ പ്രതിസന്ധിക്ക് മറുപടിയായി മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഫ്രഞ്ച് സർക്കാർ കർശനമായ കുടിയേറ്റ നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും നടപ്പാക്കി. പക്ഷേ അഭയാർത്ഥി പ്രശ്നത്തിന്റെ മൂലകാരണങ്ങളായ യുദ്ധം, ദാരിദ്ര്യം എന്നിവയും സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും പരിഹരിക്കാൻ യൂറോപ്യന്‍യൂണിയനും അംഗരാജ്യങ്ങളും കാര്യമായൊന്നും ചെയ്തില്ല.

ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി
ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വളർച്ച ജനാധിപത്യ സംവിധാനത്തിനും ആശയങ്ങള്‍ക്കും കാര്യമായ വെല്ലുവിളികൾ ഉയർത്തി. യൂറോപ്പില്‍ വളര്‍ന്നു വന്ന ഫാസിസത്തിന്റെ തീവ്ര സ്വേച്ഛാധിപത്യ സ്വഭാവം എതിർപ്പിന്റെ ദുര്‍ബലമായ ശബ്ദങ്ങളെപ്പോലും ബലമായി അടിച്ചമർത്തിത്തുടങ്ങുകയും സ്വതന്ത്ര മാധ്യമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ജുഡീഷ്യറിയുടെയും നാശത്തിനു കാരണമാവുകയും ചെയ്തു. ഈ പ്രവണത ജനാധിപത്യത്തിന് ആവശ്യമായ വിമര്‍ശനങ്ങളും സന്തുലിതാവസ്ഥയും ഇല്ലാതാക്കുകയും ചെയ്തു.

തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനുമുള്ള മാർഗമായി മാധ്യമങ്ങളെ നിയന്ത്രിക്കാൻ ലോകമെങ്ങുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾ ചരിത്രപരമായി ശ്രമിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, യൂറോപ്പിലെ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വതന്ത്ര മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കാന്‍ ശ്രമം തുടങ്ങി. ഭീഷണിപ്പെടുത്തൽ, സെൻസർഷിപ്പ്, പ്രചരണം തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെയാണ് അവര്‍ തങ്ങളുടെ ലക്ഷ്യം ഭാഗികമായി നേടിയത്. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഉപദ്രവിക്കപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്‌തിരുന്നു, ഇത് സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുംമേൽ കനത്ത പ്രഹരമേല്പിച്ചു.

പത്രസ്വാതന്ത്ര്യത്തിനേറ്റ പ്രഹരങ്ങള്‍ക്കുള്ള ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഹംഗറിയിലെ സ്ഥിതി. 2010ല്‍ അധികാരത്തില്‍ വന്ന വിക്ടര്‍ ഓർബന്റെ ഫിഡെസ് പാർട്ടി മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിരവധി നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ ഫണ്ടിങ്ങും പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അനുവദിക്കുന്ന നിയമനിർമ്മാണം നടപ്പിലാക്കിയതോടെ എഡിറ്റോറിയൽ നയങ്ങളെ ഫലപ്രദമായി സ്വാധീനിക്കാൻ ഗവണ്മെന്റിന് അധികാരം ലഭിച്ചു. രാജ്യത്തിലെ വിമർശനശബ്ദങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലേക്ക് ഇത് നയിച്ചു.

ഗവൺമെന്റിന്റെ അജൻഡയെ പ്രോത്സാഹിപ്പിക്കുകയും പ്രതിപക്ഷ ശബ്ദങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ അനുകൂല മാധ്യമങ്ങളുടെ ഉദയത്തിനും ഹംഗറി ഇതോടെ സാക്ഷ്യംവഹിച്ചു. ഇത് മാധ്യമപ്രവർത്തകർക്കിടയിൽ ഭയം വളര്‍ത്തുകയും തല്‍ഫലമായി സ്വയം സെൻസർഷിപ് ഏർപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. അവർ വിവാദ വിഷയങ്ങൾ റിപ്പോർട്ടുചെയ്യാനോ പ്രതികാര നടപടികളെ ഭയന്ന് സർക്കാരിനെ വിമർശിക്കാനോ മടിക്കുന്നു. ഹംഗറിയുടെ നിയമ സംവിധാനത്തെ ഈ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. എന്നു മാത്രമല്ല മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും അവര്‍ നേരിടുന്ന അവകാശ ലംഘനങ്ങൾക്ക് നിയമപരമായ പരിഹാരം തേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്തു.

2015 മുതൽ ഭരണത്തിലുള്ള പോളണ്ടിലെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നടപടികളാണ് പത്രസ്വാതന്ത്ര്യത്തിൽ ഫാസിസത്തിന്റെ സ്വാധീനത്തിന്റെ മറ്റൊരുദാഹരണം. ഭരണകക്ഷിയുടെ പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിവിപിയ്ക്ക് ലഭിക്കുന്ന പ്രാധാന്യവും ആനുകൂല്യങ്ങളും സർക്കാർ അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വിമർശനശബ്ദങ്ങൾ കുറയാനും കാരണമായി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വമുള്ള സ്ഥാപനമായ നാഷണൽ കൗൺസിൽ ഓഫ് റേഡിയോ ആൻഡ് ടെലിവിഷന്റെ മേൽ നിയന്ത്രണം ചെലുത്താൻ അനുവദിക്കുന്ന നിയമനിർമ്മാണം കൂടി നടത്തിയെടുത്തതോടെ പോളിഷ് സർക്കാരിന് മാധ്യമസ്ഥാപനങ്ങളുടെ ലൈസൻസിങ്ങിലും പ്രവർത്തനത്തിലും സ്വാധീനം ചെലുത്താനും മാധ്യമസ്വാതന്ത്ര്യത്തെ തങ്ങളുടെ അധീനതയില്‍ വയ്ക്കാനും കഴിയുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സിന്റെ ഉയർച്ച സ്‌പെയിനിലെ പത്രസ്വാതന്ത്ര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്പെയിനിന് പത്രസ്വാതന്ത്ര്യത്തിന്റെ ശക്തമായ പാരമ്പര്യമുണ്ടെങ്കിലും, വോക്സിന്റെ ആവിർഭാവം വിദ്വേഷ പ്രസംഗങ്ങളുടെ വർദ്ധനവിനും വിമർശനാത്മക മാധ്യമങ്ങളെ നിയമവിരുദ്ധമാക്കാനുള്ള ശ്രമങ്ങൾക്കും കാരണമായി. വോക്‌സിന്റെ നയങ്ങളെ വിമർശിക്കുന്ന പത്രപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും അവര്‍ ലക്‌ഷ്യം വയ്ക്കുന്നു. “വ്യാജ വാർത്തകൾ’ പ്രചരിപ്പിക്കുന്നുവെന്നും ഇടതുപക്ഷ അജൻഡയെ പ്രോത്സാഹിപ്പിക്കുവെന്നുമുള്ള ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ മാധ്യമപ്രവർത്തകർ വിവാദ വിഷയങ്ങൾ റിപ്പോർട്ടുചെയ്യാനോ പ്രതികാര നടപടികളെ ഭയന്ന് സർക്കാരിനെ വിമർശിക്കാനോ മടിക്കുന്ന സാഹചര്യമാണ് ഇന്ന് സ്പെയിനിലുള്ളത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ വിവേചനപരവും സ്വേച്ഛാധിപത്യപരവുമാണ് എന്നതിന് ഏറ്റവും വലിയ തെളിവ് അതിന്റെ മനുഷ്യാവകാശ വിരുദ്ധതയാണ്. പലപ്പോഴും കുടിയേറ്റക്കാർ, വംശീയ ന്യൂനപക്ഷങ്ങൾ, രാഷ്ട്രീയ വിമതർ തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനായി അവര്‍ ഇരയാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ അവര്‍ തന്നെ വളമിട്ടു വളര്‍ത്തിയ സാമൂഹിക ഉത്കണ്ഠകളും ദേശീയ വികാരങ്ങളും മുതലാക്കി ദുർബലരായ ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്ന നയങ്ങൾക്കായി വാദിച്ചു. തല്‍ഫലമായി വിവേചനപരമായ ഇമിഗ്രേഷൻ നിയമങ്ങൾ, വർധിച്ച നിരീക്ഷണ നടപടികൾ, പൗരാവകാശങ്ങളുടെ ശോഷണം എന്നീ മനുഷ്യവിരുദ്ധതകള്‍ ഓരോ യൂറോപ്യന്‍ രാജ്യത്തും കൂടുതല്‍ ശക്തമായി വളര്‍ന്നു വന്നു. ഹംഗറി പോലുള്ള ചില രാജ്യങ്ങൾ അഭയാർഥികളെ തടയാൻ വേലികൾ പോലും പണിതു. ഈ നടപടികൾ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ കലാശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നതിനു പുറമേ ആയിരക്കണക്കിന് അഭയാർത്ഥികൾ അപര്യാപ്തമായ സാഹചര്യങ്ങളില്‍ ക്യാമ്പുകളിൽ കുടുങ്ങുകയും ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകുകയും ചെയ്തു.

സാമൂഹിക അശാന്തി ഈ മനുഷ്യവിരുദ്ധതയെ സാമാന്യവല്‍ക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗ്രീസിലെ ഗോൾഡൻ ഡോണ്‍ പാര്‍ട്ടിയുടെ ഉയർച്ച. കുടിയേറ്റക്കാർക്കും ഇടതുപക്ഷ പ്രവർത്തകർക്കും നേരെയുള്ള ശാരീരിക ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഗോൾഡൺ ഡോൺ പാർട്ടിയുടെ അക്രമാസക്തമായ സമീപനം നിരാശരായ പൗരരെ അവരിലേക്ക് കൂടുതല്‍ ആകർഷിക്കുകയാണ് ഉണ്ടായത്. 2013ല്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ റാപ്പർ പാവ്‌ലോസ് ഫിസ്സസിന്റെ കൊലപാതകം ഉൾപ്പെടെ നിരവധി അക്രമാസക്തമായ ആക്രമണങ്ങൾക്ക് പാര്‍ട്ടി അംഗങ്ങൾ ഉത്തരവാദികളായിരുന്നു. ഗ്രീക്ക് രാഷ്ട്രീയത്തില്‍ ഗോൾഡൻ ഡോണിന്റെ സാന്നിധ്യം പൗരരുടെ മനുഷ്യാവകാശങ്ങളുടെ നാശത്തിലേക്ക് നയിക്കുക മാത്രമല്ല യൂറോപ്പിലെ ഇതര തീവ്ര വലതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉയർച്ചയ്ക്ക് അവര്‍ ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്തു.

രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റം യൂറോപ്യന്‍ ജുഡീഷ്യറിയെ വന്‍ അപചയത്തിലേക്ക് നയിക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും കൂടുതല്‍ ശക്തിയും സ്വാധീനവും നേടിയ ഇറ്റലി, ഗ്രീസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ ഈ പ്രതിഭാസം വളരെ പ്രകടമാണ്. ഇറ്റലിയിൽ മാറ്റിയോ സാൽവിനിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലെഗാ നോർഡ് പാർട്ടിയുടെ ജുഡീഷ്യറിയുടെ മേലുള്ള നിരന്തരമായ ആക്രമണം ഇറ്റാലിയൻ കോടതികളിലുള്ള പൊതുവിശ്വാസം കുറയുന്നതിനും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം കുറയുന്നതിനും കാരണമായി. നിയമവാഴ്ചയെയും ജനാധിപത്യ തത്വങ്ങളെയും തകർക്കാൻ കഴിയുന്ന രാഷ്ട്രീയ ഇടപെടലുകൾക്ക് നീതിന്യായ വ്യവസ്ഥ കൂടുതൽ വിധേയമായി എന്നതായിരുന്നു ഫലം.

ഗ്രീസിലെ ഗോൾഡൻ ഡോൺ നിരവധി അക്രമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നു മാത്രമല്ല അവര്‍ ഒരു അർദ്ധസൈനിക സംഘടനയെ പരിപാലിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ജുഡീഷ്യറിയുടെ സ്ഥിരതയ്ക്ക് ഭീഷണിയായ ഈ സംഘം നീതിന്യായവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണ്. സമാനമായ പ്രവര്‍ത്തന രീതിയുള്ള മറ്റൊരു ഫാസിസ്റ്റ് സംഘടനയാണ് 2010 മുതൽ അധികാരത്തിലുള്ള ഹംഗറിയിലെ ഫിദെസ് പാർട്ടി. പുതിയ നിയമങ്ങൾ അവതരിപ്പിക്കുക, വിശ്വസ്തരെ നിയമിക്കുക തുടങ്ങിയ വിവിധ നടപടികളിലൂടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അവര്‍ തുരങ്കം വയ്ക്കുന്നുവെന്ന് ആരോപണമുണ്ട്. നിയമവ്യവസ്ഥയിലെ പ്രധാന സ്ഥാനങ്ങളിലേക്ക് തല്‍പ്പര കക്ഷികളെ കുത്തിത്തിരുകുന്നതിലൂടെ ഹംഗേറിയൻ ജുഡീഷ്യറിയെ ഫിദെസ് പാര്‍ട്ടി രാഷ്ട്രീയ സ്വാധീനത്തിനു വിധേയമാക്കുകയും സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മറ്റു രാജ്യങ്ങളും ഈ അപചയത്തില്‍ നിന്ന് മുക്തമല്ല എന്നു വിളിച്ചു പറയുന്നതായിരുന്നു ജര്‍മനിയിലെ തീവ്ര വലതുപക്ഷ സംഘമായ നാഷണൽ സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ടിന്റെ (NSU) അംഗമായ ബിയാറ്റെ ചേപ്പെയുടെ കേസ്. 2000-നും 2007-നും ഇടയിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും കവർച്ചകളിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട അവരുടെ വിചാരണ 2013ലാണ് ആരംഭിച്ചത്. വർഷങ്ങള്‍ നീണ്ടു നിന്ന ഈ വിചാരണകാലത്ത് ജർമ്മൻ ജുഡീഷ്യറി കാര്യമായ വെല്ലുവിളികളെ അഭിമുഖീകരിച്ചു. എൻഎസ്-യുവിന്റെ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രവും ആ സംഘടനയുടെ പ്രവർത്തകർ ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഗൗരവമുള്ളതാണെങ്കിലും വിചാരണയിലെ കാലതാമസം, പക്ഷപാതപരമായ ആരോപണങ്ങൾ, ചില സാക്ഷികൾക്ക് അജ്ഞാതത്വം നൽകുന്നതുപോലുള്ള വിവാദ തീരുമാനങ്ങൾ എന്നിവ മൂലം ജുഡിഷ്യറിയുടെ ശുദ്ധതയില്‍ സംശയങ്ങള്‍ ഉരുത്തിരിഞ്ഞു. ചേപ്പെയുടെ വിചാരണ ജർമ്മൻ ജുഡീഷ്യറിയുടെ പക്ഷപാതവും രാഷ്ട്രീയ സമ്മർദ്ദങ്ങളോടുള്ള അടിമത്തവും തീവ്ര വലതുപക്ഷ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നതിൽ കോടതികൾ നേരിടുന്ന വെല്ലുവിളികളും തുറന്നുകാട്ടുന്ന ഒന്നായിരുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളും സുരക്ഷാ ആശങ്കകളും
തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ വളര്‍ത്തിയെടുത്ത ദേശീയവാദ അജൻഡകൾ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ വഷളാക്കുകയും യൂറോപ്യൻ യൂണിയൻ പോലുള്ള സംഘടനകൾക്കുള്ളിലെ സഹകരണത്തെ ബാധിക്കുകയും ചെയ്തു. ഗ്രീസിലെ ഗോൾഡൻ ഡോൺ പാർട്ടി അധികാരം നേടാൻ വേണ്ടി രാജ്യത്ത് ഉരുത്തിരിഞ്ഞ സാമ്പത്തിക പ്രതിസന്ധിയെയും അതിനെത്തുടര്‍ന്നുണ്ടായ യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരത്തെയും മുതലെടുത്തു. പാർട്ടിയുടെ വിദ്വേഷപ്രചരണങ്ങളും ദേശീയവാദവും ഗ്രീസിന്റെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് ജർമ്മനിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. യൂറോപ്പിലുടനീളം സമാനമായ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും ഈ പാര്‍ട്ടിയുടെ പാത പിന്തുടരാനാണ് ശ്രമിച്ചത്. ഇത് രാഷ്ട്രീയ പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനും കാരണമായി. യൂറോപ്യൻ യൂണിയനിലെ മുൻനിര ശക്തി എന്ന നിലയിൽ ജർമ്മനി ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നു. ഗ്രീസിൽ കടുത്ത ചെലവുചുരുക്കൽ നടപടികൾ അടിച്ചേൽപ്പിക്കുന്നതിന്റെ പിന്നിലെ പ്രധാനകാരണം ജര്‍മനിയുടെ താല്പര്യങ്ങളാണ് എന്ന പ്രചരണം ഗ്രീസിനുള്ളിൽ ജർമ്മൻ വിരുദ്ധ വികാരം കൂടുതൽ ആളിക്കത്തിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയും ചെയ്തു.

യൂറോപ്പിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍ക്കല്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ പ്രതിധ്വനിച്ചു തുടങ്ങിയതോടെ പ്രാദേശികമായ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ കൂടിവന്നു. ഈ പ്രസ്ഥാനങ്ങൾ പലപ്പോഴും നുണകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അതുവഴി യൂറോപ്യൻ സുരക്ഷയ്ക്ക് അടിവരയിടുന്ന അന്താരാഷ്ട്ര സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും തത്വങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. വംശീയ, ദേശീയവാദ പ്രത്യയശാസ്ത്രങ്ങളുടെ പുനരുജ്ജീവനം സമൂഹങ്ങൾക്കുള്ളിൽ ആഭ്യന്തര വിഭജനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനും അതുവഴി യൂറോപ്പിന്റെ സ്ഥിരതയെയും സുരക്ഷയെയും തുരങ്കം വയ്ക്കുന്നതിനും കാരണമായി. ചില യൂറോപ്യൻ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ അപചയം ഇത്തരം ആശങ്കവര്‍ദ്ധിപ്പിച്ചു. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പ് ഏറ്റവും കൂടുതല്‍ വിലമതിച്ചിരുന്ന കൂട്ടായ സുരക്ഷയുടെയും സഹകരണത്തിന്റെയും തത്വങ്ങളെ പുതിയ സ്വേച്ഛാധിപത്യ സ്വഭാവമുള്ള നേതാക്കളുടെ ഉദയം ദുർബലപ്പെടുത്തുകയും ഈ അപചയം പ്രാദേശിക സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുകയും ചെയ്തു.

തീവ്രവാദത്തിനും സ്വത്വവൽക്കരണത്തിനും ഉള്ള ഇത്തരക്കാരുടെ ശ്രമം നിയമ നിർവ്വഹണ ഏജൻസികൾക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത വെല്ലുവിളിയായി മാറിക്കഴിഞ്ഞു. വംശീയമോ സാംസ്കാരികമോ മതപരമോ ആയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി ‘‘ഞങ്ങൾക്കെതിരെ അവർ’’ എന്ന ബോധം സൃഷ്ടിക്കാനുള്ള ഈ പാർട്ടികളുടെ ശ്രമം വിവിധ സമൂഹങ്ങളുടെ ധ്രുവീകരണത്തിലാണ് കലാശിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമവും വിവേചനവും പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന ഇത്തരം തീവ്ര വലതുപക്ഷ വാദികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നേരിടാനും സുരക്ഷാ ഏജൻസികൾക്ക് പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടിവന്നു. കൂടാതെ, വിദ്വേഷ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും സംസാര സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള നിയമ സങ്കീർണതകൾക്കെതിരെയും അക്രമത്തിന് പ്രേരണ നൽകുന്നവര്‍ക്കെതിരെയും കൂടുതല്‍ ജുഡീഷ്യൽ സംവിധാനങ്ങൾ ഏര്‍പ്പെടുത്തേണ്ടി വന്നു.

സോഷ്യൽ മീഡിയയും 
ഓൺലൈൻ പ്രചരണവും
ഇന്റര്‍നെറ്റിന്റെ വളര്‍ച്ച ഫാസിസത്തിനു ലഭിച്ച പുതിയ സ്വീകാര്യതയ്ക്ക് സഹായകമായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും വ്യാപനം തീവ്രവലതുപക്ഷ ആശയങ്ങളുടെ വ്യാപനത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍, തെറ്റായ വിവരങ്ങൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നിവ പ്രചരിപ്പിക്കാനും വ്യക്തികളെ ഫലപ്രദമായി സ്വത്വവാദ, തീവ്രവലതുപക്ഷ ചിന്തകള്‍ക്ക് അടിമകളാക്കാനും രാഷ്ട്രീയ അജൻഡകൾക്ക് പിന്തുണ നേടാനും ഫാസിസ്റ്റ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അനുയായികളെ റിക്രൂട്ട് ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അതിർത്തികള്‍ക്കപ്പുറം തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും സഹായകമായി. പരമ്പരാഗത മാധ്യമ ഗേറ്റ്കീപ്പർമാരെ മറികടന്ന് പ്രേക്ഷകരുമായി നേരിട്ട് ഇടപഴകാൻ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് അതിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതമായിരുന്നു.

വിദ്വേഷം നിറഞ്ഞതും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും വ്യക്തികളും അല്‍ഗരിതത്തിന്റെയും പ്രത്യേക വിഭാഗങ്ങളെ ലക്‌ഷ്യം വച്ചുള്ള പരസ്യങ്ങളുടെയും സഹായത്തോടെ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചു. ആവലാതികളും അരക്ഷിതാവസ്ഥയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള സന്ദേശമയയ്‌ക്കലിലൂടെ അഭൂതപൂർവമായ തോതിൽ അനുയായികളെ റിക്രൂട്ട് ചെയ്യാൻ സോഷ്യൽ മീഡിയ ഫാസിസ്റ്റ് ഗ്രൂപ്പുകളെ സഹായിച്ചു. ഓൺലൈൻ കമ്യൂണിറ്റികളിലൂടെയും സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അരികുവൽക്കരിക്കപ്പെടുകയോ അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാനും അവരുമായി ബന്ധപ്പെടാനും ഈ ഗ്രൂപ്പുകൾക്ക് കഴിഞ്ഞു. ഫാസിസ്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റാലികൾ, പ്രകടനങ്ങൾ, മറ്റ് പൊതു പരിപാടികൾ എന്നിവ ഏകോപിപ്പിക്കുന്നതിന് Facebook, Twitter എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പിന്തുണക്കാരെ അണിനിരത്താനുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കഴിവ് യൂറോപ്പിലെ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവും ദൃശ്യപരതയും ഗണ്യമായി വർധിപ്പിച്ചു.

കുറ്റകൃത്യങ്ങൾ സംഘടിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് പെഗിഡ (Patriotic Europeans against the Islamization of the West). 2014-ൽ ജർമ്മനിയിലെ ഡ്രെസ്ഡനിൽ സ്ഥാപിതമായ പെഗിഡ കുടിയേറ്റത്തിനും ഇസ്ലാമികവൽക്കരണത്തിന്റെ ഭീഷണിക്കും എതിരെ പ്രതിവാര പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. പിന്തുണക്കാരെ അണിനിരത്താനും കുടിയേറ്റ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനുമായി അവര്‍ സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഫേസ്ബുക്കാണ് പ്രധാനമായും ഉപയോഗിച്ചത്. മുസ്ലീം പള്ളികൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി വിദ്വേഷ കുറ്റകൃത്യങ്ങളുമായി പെഗിഡയ്ക്ക് ബന്ധമുണ്ട്.

സോഷ്യല്‍ മീഡിയ വഴി രൂപപ്പെടുത്തുന്ന എക്കോ ചേമ്പറുകള്‍ വഴി സാമൂഹിക ധ്രുവീകരണത്തിന് ഫാസിസ്റ്റ് സംഘങ്ങള്‍ വഴിയൊരുക്കി. ഒരു വ്യക്തി തന്റെ സ്വത്വം പ്രതിഫലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിവരങ്ങളോ അഭിപ്രായങ്ങളോ മാത്രം നേരിടേണ്ടി വരുന്ന ഒരു അന്തരീക്ഷമാണ് എക്കോ ചേംബര്‍. മനുഷ്യര്‍ക്ക് അവരുടെ നിലവിലുള്ള വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കവുമായി ഇടപഴകാനുള്ള പ്രവണതയെ ഉപയോഗിച്ച് ഓൺലൈൻ കമ്യൂണിറ്റികൾക്കുള്ളിൽ തീവ്രവാദ ആശയങ്ങൾ ശക്തിപ്പെടുത്തുന്ന രീതിയാണ് ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ ഇവയുടെ നിര്‍മ്മാണത്തിനായി സ്വീകരിച്ചത്. മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക വഴി വിയോജിപ്പുള്ള ശബ്ദങ്ങളെ ദുർബലപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഫാസിസ്റ്റ് ആഖ്യാനങ്ങളുടെ വ്യാപനത്തിന് ശക്തി വര്‍ദ്ധിപ്പിക്കാനും സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലൂടെ ഫാസിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തീവ്രവാദത്തിന്റെ സാമാന്യവൽക്കരണം
സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റ് സംസ്കാരത്തിന്റെയും വ്യാപനം യൂറോപ്യൻ സമൂഹങ്ങൾക്കുള്ളിലെ തീവ്രവാദ വ്യവഹാരങ്ങളെ സാധാരണ ഒന്നായി ജനങ്ങള്‍ അംഗീകരിക്കാനിടയായി. “‘ഞങ്ങൾക്കെതിരെ അവർ’’ എന്ന ആഖ്യാനം പ്രോത്സാഹിപ്പിച്ചതിന്റെ ആഘാതം യൂറോപ്പിന് വിവിധ രീതികളിൽ അനുഭവപ്പെട്ടിട്ടുണ്ട്, അവയിലൊന്നാണ് വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധന. ന്യൂനപക്ഷ സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങൾ, ജൂതന്മാർ, LGBTQ+ വ്യക്തികൾ എന്നിവർക്കെതിരായ ഇത്തരം അക്രമങ്ങളില്‍ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.ഇതിന്റെ പ്രത്യാഘാതം എന്നവണ്ണം 2015 ലെ പാരീസ് ആക്രമണം, 2017 മാഞ്ചസ്റ്റർ ബോംബിംഗ്, 2017 ലെ ബാര്‍സലോണ ആക്രമണം തുടങ്ങിയ തീവ്രവാദ ആക്രമണങ്ങൾ യൂറോപ്പില്‍ വർദ്ധിച്ചു. നവഫാസിസം മൂലം സഹിഷ്ണുത, ഉൾക്കൊള്ളല്‍, നിയമവാഴ്ച തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ക്കുണ്ടായ പതനമാണ് ഈ പ്രവണതകള്‍ക്ക് കാരണമായത് എന്ന് വിലയിരുത്തപ്പെടുന്നു.

സ്വത്വ രാഷ്ട്രീയം
സാമ്പത്തിക മാന്ദ്യത്തോടെ യൂറോപ്പില്‍ ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ നിരവധി വ്യക്തികളും ഗ്രൂപ്പുകളും സ്വന്തം വ്യക്തിത്വത്തിന് ഊന്നൽ നൽകുകയും അംഗീകാരവും അവകാശങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം, എൽജിബിടിക്യു+ പ്രസ്ഥാനം, ഫെമിനിസ്റ്റ് പ്രസ്ഥാനം എന്നിങ്ങനെയുള്ള സ്വത്വാധിഷ്ഠിത പ്രസ്ഥാനങ്ങളുടെ വ്യാപനത്തിന് ഇത് കാരണമായി. അവയില്‍ പലതും അവകാശങ്ങളിലും സ്വീകാര്യതയിലും കാര്യമായ പുരോഗതി കൈവരിച്ചു. പ്രൈഡ് പരേഡുകൾ, അഭിഭാഷക ഗ്രൂപ്പുകൾ, നിയമ പരിഷ്കാരങ്ങൾ എന്നിവ ന്യൂനപക്ഷ സംഘടനകളുടെ ദൃശ്യപരതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിന് കാരണമായി. ഉദാഹരണത്തിന്, നെതർലാൻഡ്‌സ്, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിലും വിവേചന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിലും ഈ വര്‍ഷങ്ങളില്‍ മുന്നേറിയിട്ടുണ്ട്.

സാമൂഹിക നീതിയും സമത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത്തരം മുന്നേറ്റങ്ങള്‍ പ്രധാനമാണെങ്കിലും കുടിയേറ്റ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ വികാരം ആളിക്കത്തിക്കാൻ തീവ്ര വലതുപക്ഷ പാർട്ടികളും നേതാക്കളും അവയെ ചൂഷണം ചെയ്തു. ഉദാഹരണമായി LGBTQ+ പ്രസ്ഥാനം പുരോഗതി കൈവരിച്ചപ്പോൾ, യൂറോപ്പിലെ തീവ്ര വലതുപക്ഷവും ദേശീയവാദ ഗ്രൂപ്പുകളും ഈ മുന്നേറ്റങ്ങളെ ശക്തമായിത്തന്നെ എതിർത്തു. ഇത്തരം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവര്‍ പരമ്പരാഗത മൂല്യങ്ങൾക്കും ദേശീയ സ്വത്വത്തിനും ഭീഷണിയായി രൂപപ്പെടുത്തുകയും അതിനു വിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നവര്‍ എന്ന നിലയില്‍ ജനസംഖ്യയിലെ യാഥാസ്ഥിതിക വിഭാഗങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്തു. അസംതൃപ്തരായ വോട്ടർമാരെ ആകർഷിക്കാൻ തങ്ങള്‍ തന്നെ രൂപപ്പെടുത്തിയ സാങ്കല്‍പ്പികഭീഷണികൾക്കെതിരെ മുറവിളി കൂട്ടിയാണ് അവര്‍ ഇത് സാധിച്ചെടുത്തത്. അമേരിക്കയിലെ ഡൊണാൾഡ് ട്രംപ്, ഫ്രാൻസിലെ മരീൻ ലെ പെൻ, ഇംഗ്ലണ്ടിലെ നൈജൽ ഫാരേജ് തുടങ്ങിയ നേതാക്കളെല്ലാം ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ചരിത്രപരമായ 
വിവരണങ്ങളുടെ സ്വാധീനം
ചരിത്രത്തിന്റെ വളച്ചൊടിക്കലിലൂടെ രാജ്യത്തിനുള്ളിലെ ദേശീയതയുടെ പുനരുജ്ജീവനത്തിന് രൂപം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹംഗറി.. രണ്ടാം ലോക യുദ്ധവും കമ്യൂണിസത്തിന്റെ പൈതൃകവും പോലുള്ള മുൻകാല, ദേശീയ വികാരങ്ങൾ ഉണർത്താനും ‘‘നമുക്ക് എതിരെ അവർ’’ എന്ന മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞ കാലത്തെ തീവ്ര വലതുപക്ഷക്കാർ ഉപയോഗിക്കുന്നു .ചരിത്രത്തിന്റെ ഈ തിരഞ്ഞെടുത്ത വ്യാഖ്യാനം ലോകത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ഉപയോഗിക്കുന്നത് എന്നത് ദുർഭാഗ്യകരമാണ്.

തങ്ങളുടെ കുടിയേറ്റ വിരുദ്ധ, യഹൂദ വിരുദ്ധ, വംശീയ ആശയങ്ങളെ ന്യായീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുന്നതിനു കുപ്രസിദ്ധമാണ് ഗ്രീസിലെ ഗോള്‍ഡന്‍ ഡോണ്‍ പാർട്ടി. ചരിത്രത്തെ വളച്ചൊടിക്കുന്നതിലൂടെ രണ്ടാം ലോകയുദ്ധസമയത്ത് ഗ്രീക്ക് ഗവൺമെന്റും നാസികളും തമ്മിലുണ്ടായ സഹകരണം അവര്‍ നിഷേധിക്കുന്നു. യഹൂദ ജനതയെ പീഡിപ്പിക്കുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും ഗ്രീക്ക് ഭരണകൂടം വഹിച്ച പങ്കിനെയും ആയിരക്കണക്കിന് സിവിലിയന്മാരുടെ കൂട്ടക്കൊലയിൽ ഗ്രീക്ക് അധികാരികളുടെ പങ്കാളിത്തത്തെയും അവർ നിഷേധിക്കുന്നു. ഗോൾഡൻ ഡോണിന്റെ ഈ ചരിത്ര നിഷേധം ഗ്രീക്ക് സമൂഹത്തിൽ തീവ്ര വലതുപക്ഷ ആശയങ്ങളുടെ വ്യാപനത്തിനും തീവ്രവാദ വീക്ഷണങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയ്ക്കും കാരണമായി.

യൂറോപ്പിലെന്ന് മാത്രമല്ല, ലോകമെമ്പാടും വളര്‍ന്നു വരുന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സാമ്യം അതിശയകരമാണ്. കാലദേശരൂപഭാഷാഭേദമെന്യേ മനുഷ്യര്‍ പങ്കിടുന്ന അടിസ്ഥാന വികാരങ്ങളിലുള്ള സാദൃശ്യമാണ് ഇതിനു പ്രധാന കാരണം. അടിസ്ഥാനപരമായ സാമൂഹിക, -സാമ്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും സാമൂഹിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര സഹകരണത്തോടെ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്യുന്ന സമഗ്രമായ സമീപനം സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിലൂടെ മാത്രമേ ലോകമെങ്ങുമുള്ള തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളെ ചെറുക്കാൻ സാധിക്കൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + three =

Most Popular