ഗാസയിൽ ഇസ്രയേൽ അധിനിവേശം നടന്നിട്ട് ഏഴുമാസം പിന്നിട്ടു. ഇതിനകം 34,735 പേർ കൊല്ലപ്പെടുകും 78,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവരിൽ മഹാഭൂരിപക്ഷത്തിനും അംഗവെെകല്യം സംഭവിക്കുകയോ സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ചെയ്യുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നാണ് അന്താരാഷ്ട്ര യുദ്ധകാര്യ വിദഗ‍്ധരുടെയും നിരീക്ഷകരുടെയും അഭിപ്രായം. കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും നിരായുധരും നിസ്സഹായരുമായ പലസ്തീൻ ജനതയാണ്.
പത്തുലക്ഷത്തിലേറെ പലസ്തീൻകാരാണ് തെക്കൻ ഗാസയിലെ റഫയിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ നരകയാതന സഹിക്കുന്നത്. ഈജിപ്തിന്റെ അതിർത്തിയോടു ചേർന്ന പട്ടണമാണ് റഫ. ഈ പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സെെന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. റഫ പട്ടണം ആക്രമിക്കുന്നതിന്റെ മുന്നോടിയായാണിത്. ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ സംയുക്തമായി തയ്യാറാക്കിയ വെടിനിർത്തൽ നിർദേശങ്ങളോട്, അനുകൂലമായി ഹമാസ് പ്രതികരിച്ചെങ്കിലും ഇസ്രയേൽ ഇനിയും പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.
ഇസ്രയേലിന്റെ നിഷ്ഠുരമായ വംശഹത്യയോടും ഇസ്രയേലിന് ആയുധസഹായവും നയതന്ത്ര പിന്തുണയും നൽകി ആ രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കൻ നിലപാടിനോടും ലോകമെങ്ങും അതിശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്. അതിലേറ്റവും ശ്രദ്ധേയം അമേരിക്കയിലും കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലൊട്ടാകെയുമുള്ള ക്യാമ്പസുകളിൽ മാസങ്ങളായി വിദ്യാർഥികൾ നടത്തി വരുന്ന പ്രതിഷേധ കൂട്ടായ്മകളാണ്. ലോക പ്രശസ്തങ്ങളായ കോളേജ്– യൂണിവേഴ്സിറ്റി ക്യാമ്പസുകളെല്ലാം തന്നെ വിദ്യാർഥി പ്രതിഷേധത്തിന്റെ ശക്തമായ വേലിയേറ്റത്തിലാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോക പ്രശസ്തരായവർ ഉൾപ്പെടെയുള്ള അധ്യാപകരും രംഗത്തുവന്നിട്ടുണ്ട്.
മെയ് രണ്ടാം തീയതി അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ വിദ്യാർഥികളുടെ പ്രതിഷേധങ്ങളോട് നടത്തിയ പ്രതികരണത്തിൽ, അതിശക്തമായ മർദ്ദനമുറകൾ സ്വീകരിക്കുമെന്നുള്ള ധാർഷ്ട്യമാണ് പ്രകടമാക്കിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ അക്രമകാരികളെന്നും വംശീയവാദികളെന്നുമാണ് ബെെഡൻ അധിക്ഷേപിച്ചത്.
വിദ്യാർഥി പ്രതിഷേധങ്ങളെ മർദ്ദിച്ചൊതുക്കാനുള്ള അമേരിക്കൻ ഭരണാധികാരികളുടെ നീക്കത്തിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിവിധ അമേരിക്കൻ ക്യാമ്പസുകളിൽ നടത്തിവരുന്നത്.
‘‘അമേരിക്ക ഒരു സേ-്വച്ഛാധികാര രാഷ്ട്രമല്ല. എന്നാൽ അമേരിക്കൻ ജനത അനുസരികപ്പി്കപ്പെടും.’’ എന്നാണ് ബെെഡൻ ഭീഷണി മുഴക്കിയത്. ബെെഡൻ പ്രസ്-താവന നടത്തിയ അന്നുതന്നെ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിക്കാൻ സംഘടിച്ച വിദ്യാർഥികൾക്കുനേരെ നിഷ്ഠുരമായ ആക്രമണമാണ് പൊലീസ്- നടത്തിയത്. പൊലീസ്- റെയ്-ഡ് നടത്തുകയും വിദ്യാർഥികളെ ബലമായി കാമ്പസിനുള്ളിൽനിന്നു പുറത്താക്കാൻ ശ്രമിക്കുകയും പ്രതിഷേധിച്ചവരെ മർദ്ദിക്കുകയും ചെയ്തു. പൊലീസിനെ നോക്കി വിദ്യാർഥികൾ ഒറ്റക്കെട്ടായി പറഞ്ഞു. ‘‘ഞങ്ങൾ പുറത്തു പോകില്ല’’. ‘‘ഞങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ട.’’
മെയ് രണ്ടാം തീയതി രാവിലെ ലോസ് ഏഞ്ചൽസിലെ കാമ്പസിൽ റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് ശത്രുസെെന്യത്തെയെന്നപോലെയാണ് നിരായുധരായ വിദ്യാർഥികളെ പൊലീസ് നേരിട്ടത്. കുറഞ്ഞത് അഞ്ചു വിദ്യാർഥികൾക്കെങ്കിലും റബർ ബുള്ളറ്റ് തലയിൽ പതിച്ചു. അവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗാസ ഐക്യദാർഢ്യ കൂട്ടായ്മയ്ക്കുനേരെ പൊലീസ് അഴിഞ്ഞാടുകയും വിദ്യാർഥികൾ തമ്പടിച്ചിരുന്ന ഹിന്ദ് ഹാളി (ഹാമിൽട്ടൺ ഹാളിന് വിദ്യാർഥികൾ നൽകിയ പേര്) ൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർഥികൾക്കുനേരെ പൊലീസ് ആക്രമണം നടത്തിയത്.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ കൂട്ടായ്മയുടെ പേരിൽ 2000ൽ ഏറെ പേരാണ് അമേരിക്കയിൽ അറസ്റ്റു ചെയ്യപ്പെട്ടത്.
നൂറുകണക്കിനു പൊലീസുകാർ മാരകായുധങ്ങളുമായി ഹാമിൽട്ടൺ ഹാളിനുള്ളിൽ നിന്നും വെളിയിൽനിന്നും വിദ്യാർഥികൾക്കു നേരെ ആക്രമണം നടത്തിയതിനുശേഷമാണ് വിദ്യാർഥികളെ ബലമായി പുറത്താക്കിയത‍്. ന്യൂയോർക്കിലെ സിറ്റി കോളേജ് കാമ്പസിനുള്ളിലും സമാനമായ ആക്രമണമാണ് പൊലീസ് നടത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയുടെ കാമ്പസിനുള്ളിൽ റെയ്ഡ് നടത്തി 282 വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഡാർമാത്ത് കോളേജ് കാമ്പസിനുള്ളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 100ൽ ഏറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. വിദ്യാർഥികളെ അറസ്റ്റു ചെയ്യുന്നതിനെതിരെ രംഗത്തുവന്ന ഡാർമൗത്ത് കോളേജിലെ ജൂതപഠന വകുപ്പ് മേധാവി അനെലിസ് ഓർലെക്കിന്റെ അറസ്റ്റ് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അനെലിസ് ഓർലെക്കിന് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിൽനിന്ന് ആറുമാസത്തെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഏപ്രിൽ 22ന് കാമ്പസിൽ ക്യാമ്പുചെയ്തുകൊണ്ട് പ്രതിഷേധിച്ചത് മുതൽ വിദ്യാർഥി പ്രക്ഷോഭം അമേരിക്കയിൽ ശക്തമായി. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച കൂട്ടായ്മയ്ക്ക് സമാനമായി ഇതരയൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളും സംഘടിച്ച് പ്രതിഷേധം ശക്തമാക്കി. മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്-നോളജി, എമേഴ്സൺ കോളേജ്, ടഫ്റ്റ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളും തങ്ങളുടെ കാമ്പസുകളിൽ തമ്പടിച്ച് ഗാസ ഐക്യദാർഢ്യ കൂട്ടായ്മയുടെ ഭാഗഭാക്കുകളായി.
നിരപരാധികളായ ജനതയെ നിഷ്ഠുരമായി കൊന്നൊടുക്കുന്ന ഇസ്രയേൽ ഭരണാധികാരികളെ എല്ലാ അതിരുകളും ലംഘിച്ച് പിന്തുണയ്ക്കുകയാണല്ലോ അമേരിക്കൻ ഭരണകൂടം. അതിനെതിരെ അമേരിക്കയിലെ യുവജനങ്ങൾ തന്നെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത് അമേരിക്കൻ ഭരണാധികാരികളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. യുവജനങ്ങളുടെ, വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള അധികാരികളുടെ ശ്രമം പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ മാത്രമേ ഇടയാക്കിയുള്ളൂ. കാമ്പസുകളിലാരംഭിച്ച പ്രതിഷേധാഗ്നി ബഹുജനങ്ങൾ കൂടി ഏറ്റെടുക്കുന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇസ്രയേൽ –അമേരിക്കൻ അനുകൂല അന്താരാഷ്ട്ര മാധ്യമങ്ങൾക്കുപോലും വിദ്യാർഥികളുടെ പ്രതിഷേധത്തെയും അത് ബഹുജനങ്ങളിലുണ്ടാക്കുന്ന ആവേശത്തെയും കണ്ടില്ലെന്നു നടിക്കാനാവുന്നില്ല.
ഏപ്രിൽ 30ന് ന്യൂയോർക്ക് നഗരത്തിൽ നൂറുകണക്കിന് വിദ്യാർഥികളെയും അധ്യാപകരെയും ബഹുജനങ്ങളെയും പൊലീസ് അറസ്റ്റുചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഗാസയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൊളംബിയ യൂണിവേഴ്സിറ്റിയിലെയും സിറ്റി കോളേജിലെയും ഉൾപ്പെടെ ഒരു ഡസനിലേറെ കാമ്പസുകളിൽ വിദ്യാർഥികൾ തമ്പടിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരുടെ കൂട്ടായ്മ പൊളിക്കാനും അവരെ കാമ്പസുകളിൽനിന്നു പുറത്താക്കാനും യൂണിവേഴ്സിറ്റി അധികൃതർ ഉത്തരവിട്ടതിനെതുടർന്നാണ് കൂട്ട അറസ്റ്റും മർദ്ദനങ്ങളും പൊലീസ് നടത്തിയത്.
ന്യൂയോർക്ക് നഗരത്തിൽനിന്ന് നൂറുകണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് നിയമരംഗത്തെ നിരീക്ഷകർ കണക്കാക്കുന്നത്. അവരിൽ 400ലേറെപ്പേർ ന്യൂയോർക്ക്, കൊളംബിയ എന്നീ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളാണ്. ന്യൂയോർക്ക് മേയർ എറിക് ആദംസിന്റെ പൊലീസിന് തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനാവില്ലെന്ന് ന്യൂയോർക്ക് നഗരത്തിൽ കേന്ദ്രീകരിച്ച വിദ്യാർഥികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
മെയ് ഒന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ മേയർ എറിക് ആദംസ് പൊലീസ് നടപടിയെ ന്യായീകരിക്കുകായിരുന്നു. ‘‘ജൂതവിരുദ്ധരെന്നും’’ ‘‘പുറത്തുനിന്നുവന്ന അക്രമികൾ’’ എന്നുമാണ് വിദ്യാർഥികളെ മേയർ അധിക്ഷേപിച്ചത്. ‘‘അവർ നമ്മുടെ നഗരത്തെ അലങ്കോലമാക്കാൻ ശ്രമിക്കുകയാണ്. അത് നമ്മൾ അനുവദിക്കാൻ പോകുന്നില്ല’’ എന്നാണ് മേയർ പറഞ്ഞത്.
അതേസമയം കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് സയണിസ്റ്റ് ഗുണ്ടകൾ ഗാസ ഐക്യദാർഢ്യ പ്രവർത്തകർക്കു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. തടിക്കട്ട കൊണ്ടും മറ്റു മാരകായുധങ്ങൾ കൊണ്ടും ഗുണ്ടകൾ വിദ്യാർഥികളെ നേരിട്ടപ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വിദ്യാർഥികളിൽ പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
അറ്റ്ലാന്റയിലെ
എമോറി സർവകലാശാലയിൽ
അറ്റ്ലാന്റയിലെ എമോറി സർവകലാശാലയിൽ പലസ്തീൻ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ശത്രു സെെന്യത്തെയെന്ന പോലെയാണ് അധികൃതർ നേരിട്ടത്. പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ കണ്ണീർ വാതകം പ്രയോഗിക്കുക മാത്രമല്ല വിദ്യാർഥികളെ തെരഞ്ഞു പിടിച്ച് ഇലക്ട്രിക് ഷോക്കടിപ്പിക്കുകയും ചെയ്തു.
തന്റെ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നതുകണ്ട് സഹികെട്ട ഒരു പ്രൊഫസർ അത് തടഞ്ഞു. തടഞ്ഞ പ്രൊഫസറെ പൊലീസ് അടിച്ചുവീഴ്ത്തുന്നതിന്റെയും കെെ വിലങ്ങണയിക്കുന്നതിന്റെയും വീഡിയോ ചിത്രങ്ങൾ പുറത്തുവന്നു. നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്.
പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
പൊളിറ്റിക്കൽ സ്റ്റഡീസിൽ
ഗാസയിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽ നിരവധി വിദ്യാർഥികൾ ഉപരോധ സമരം നടത്തി. വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ അധികൃതർ പ്രഖ്യാപിച്ചെങ്കിലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് അതിൽനിന്ന് പിന്മാറാൻ അധികൃതർ നിർബന്ധിതരായി.
സർവകലാശാലകളിലെ കൂടാരങ്ങളിൽ തമ്പടിച്ച് പലസ്തീൻ കൂട്ടക്കൊലക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും യൂണിവേഴ്സിറ്റികൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇസ്രയേലിന് 2600 കോടി ഡോളറിന്റെ സഹായം നൽകുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ ഒപ്പുവച്ചത് വിദ്യാർഥികളുടെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ ഇടയാക്കി. വിദ്യാർഥികളുടെ പ്രക്ഷോഭത്തിന് പുരോഗമനവാദികളായ അധ്യാപകരുടെ പിന്തുണയുമുണ്ട്.
റാഫയിൽ കരയുദ്ധത്തിനിറിങ്ങിയ ഇസ്രയേലിന് ബോംബുകൾ നൽകുന്നത് തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ അമേരിക്ക നിർബന്ധിതമായിരിക്കുകയാണ്. 900 ഗ്രാം ഭാരം ഉള്ള 1800 ബോംബുകളും 22 കിലോഗ്രാം ഭാരം വരുന്ന 1700 ബോംബുകളുമാണ് അമേരിക്ക ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യാൻ സജ്ജമാക്കിയിരുന്നത്. ഇത് തൽക്കാലത്തേക്ക് ഇസ്രയേലിലേക്കയക്കേണ്ടെന്ന് ജോ ബെെഡൻ സർക്കാർ തീരുമാനിച്ചുവെന്നാണ്- അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചത്-. വെെറ്റ് ഹൗസോ പെന്റഗണോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധിനിവേശം ആരംഭിച്ചതിനുശേഷം അമേരിക്കയിൽനിന്ന് ഇങ്ങനെയൊരു വാർത്ത പുറത്തുവന്നത് ഇതാദ്യമാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും പ്രതിഷേധംകൂടി കണക്കിലെടുത്താവാം അമേരിക്ക ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. ♦