Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിപോരാട്ടത്തിനുറച്ച് കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികൾ

പോരാട്ടത്തിനുറച്ച് കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികൾ

കെ ആർ മായ

‘‘ഭീഷണി ഞങ്ങളോടുവേണ്ട; പിന്തിരിഞ്ഞോടില്ല ഞങ്ങൾ’’ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗാസ ഐക്യദാർഢ്യ ക്യാമ്പിൽനിന്നും ഉയർന്നുകേൾക്കുന്നതാണീ ശബ്ദം. അമേരിക്കയിൽ നടന്നിട്ടുള്ള വിദ്യാർഥി സമരങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത വിധം പൊലീസ് അതിക്രമത്തിനും റെയ്ഡിനുമാണ് കാലിഫോർണിയ സർവകലാശാലാ ക്യാമ്പസിലെ ഗാസ ഐക്യദാർഢ്യ ക്യാമ്പ് വിധേയമായത്. മെയ് ഒന്നിന് അർധരാത്രി പൊലീസ് വിദ്യാർഥികളുടെ ക്യാമ്പിലേക്ക് ഇരച്ചുകയറി. പിരിഞ്ഞുപോകണമെന്ന് ഭീഷണി മുഴക്കി. എന്നാൽ വിദ്യാർഥികൾ ഒറ്റക്കെട്ടായി ചെറുത്തുനിന്നു പിറ്റേന്ന് പകൽ നേരത്ത് പൊലീസ് റബർ ബുള്ളറ്റുകളും ഫ്ളാഷ് ബാംഗ് ഗ്രനേഡുകളും പ്രയോഗിച്ചുകൊണ്ട് വിദ്യാർഥികൾക്കിടയിലേക്ക് വീണ്ടും ഇരച്ചുകയറി. ക്യാമ്പുകളെല്ലാം പൊളിച്ച് നാമാവശേഷമാക്കി. അതിനുശേഷം, ഹിന്ദ്ഹാൾ എന്ന് സമരസംഘാടകർ നാമകരണം നൽകിയ ഹാമിൽട്ടൻ ഹാളിലേക്ക് പൊലീസ് പ്രവേശിച്ചു. തുടർന്ന് ഗാസ ഐക്യദാർഢ്യ ക്യാമ്പുകളിലെല്ലാം പൊലീസ് അക്രമമഴിച്ചുവിട്ടു. കൊളംബിയൻ പ്രസിഡന്റ് മിനുഷെ ഷാഫിക്കിന്റെ നിർദേശത്തിൽ സ്ട്രാറ്റജിക് റെസ്പോൺസ് യൂണിറ്റിന്റെ ഭാഗമായ പൊലീസ് സേനയെ നിയോഗിച്ചു. അവർ ഹിന്ദ്ഹാൾ മുഴുവൻ അടിച്ചുതകർത്തു. ഫ്ളാഷ്ബാംഗ് ഗ്രനേഡുകൾ വിന്യസിക്കുകയും കെട്ടിടത്തിനകത്തും പുറത്തുമായി നിന്ന പ്രകടനക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. അന്നുരാത്രി തന്നെ ക്യാമ്പസിനു വടക്കുഭാഗത്ത് ഏതാനും ബ്ലോക്കുകൾ മാത്രമുള്ള സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിലെ ഗാസ സോളിഡാരിറ്റി ക്യാമ്പിൽ പൊലീസ് സമാനമായ രീതിയിൽ റെയ്ഡു നടത്തി. രണ്ടു റെയ്ഡുകളിലുമായി 282 വിദ്യാർഥികളെ അറസ്റ്റുചെയ്തു. കാലിഫോർണിയ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് ഭരണകൂട അതിക്രമത്തെ മാത്രമല്ല നേരിടേണ്ടതായി വന്നത്. ക്യാമ്പസിനുള്ളിലെ സയണിസ്റ്റ് അനുകൂല പ്രതിഷേധക്കാരെയും അവർക്ക് നേരിടേണ്ടതായി വന്നു. സയണിസ്റ്റ് അനുകൂലികൾ ഗാസ ഐക്യദാർഢ്യ ക്യാമ്പിലേക്ക് തള്ളിക്കയറി വിദ്യാർഥികൾക്കുനേരെ അക്രമമഴിച്ചുവിട്ടു. ക്യാമ്പിനുനേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാർഥികൾക്കുനേരെ മണിക്കൂറുകളോളം അക്രമം തുടർന്നു. പൊലീസ് നിഷ്-ക്രിയമായി നോക്കിനിന്നു. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

ഡാർട്ട് മൗത്ത് കോളേജിലെ വിദ്യാർഥികൾ നേതൃത്വം നൽകിയ ഗാസ ഐക്യദാർഢ്യ ക്യാമ്പും പൊലീസ് തകർത്തു. തുടർന്ന് നൂറിലേറെ പേരെ അറസ്റ്റു ചെയ്തു. ഡാർട്ട് മൗത്ത് കോളേജിലെ ജൂത പഠന വകുപ്പ് മേധാവി അനെലിസ് ഓർലക്കും അറസ്റ്റുചെയ്യപ്പെട്ടവരിലുൾപ്പെടുന്നു. ശിക്ഷയായി അദ്ദേഹത്തിന് ആറുമാസത്തേക്ക് ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ടെക്സാസിൽ ഓസ്റ്റിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് ലോക്കൽ പൊലീസിൽനിന്നും അർദ്ധസെെനിക വിഭാഗത്തിൽ നിന്നും മർദനം നേരിട്ടു. ‘‘ക്യാമ്പുകളൊന്നും ഇവിടെ അനുവദിക്കില്ല’’ എന്നാണ് ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് X ഹാൻഡിലിലൂടെ ഭീഷണി മുഴക്കിയത്. ഇത് പ്രക്ഷോഭകർക്കുള്ള മുന്നറിയിപ്പാണ്. മറിച്ച് പ്രവർത്തിച്ചാൽ എന്തുണ്ടാകുമെന്നതിന്റെ സൂചനയും കൂടിയാണ്. ടെക്സാസ് ക്യാമ്പസുകളിൽ താൻ നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിച്ചയാളാണ് ഈ ഗവർണർ. അദ്ദേഹമാണ് ഇപ്പോൾ ഓസ്റ്റിൻ യൂണിവേഴ്സിറ്റിയിൽ ഗാസയെ പിന്തുണയ്ക്കുന്ന പ്രക്ഷോഭകരെ അടിച്ചമർത്താൻ ആവർത്തിച്ച് ഉത്തരവിടുന്നത്.

യൂണിയൻ ജാക്കിനു മീതെ പലസ്തീൻ പതാകകൾ
ഗാസയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ അമേരിക്കയിലെ സർവകലാശാലകളിൽ പ്രതിഷേധക്കാർക്കുനേരെ ഭരണകൂട അടിച്ചമർത്തലും കൂട്ട അറസ്റ്റുകളും തുടരുമ്പോഴും മറുവശത്ത് പുതിയ സമരങ്ങൾ ഉയർത്തെഴുന്നേൽക്കുകയാണ്. അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന യൂണിവേഴ്സിറ്റികളിലൊന്നായ ഹാർവാർഡ് യൂണിവേഴ്സിറ്റി തികച്ചും വ്യത്യസ്തമായ വിദ്യാർഥി പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻ ഐക്യദാർഢ്യ കമ്മിറ്റി രൂപീകരിച്ച വിദ്യാർഥികളെ സർവകലാശാലാ അധികൃതർ സസ്പെൻഡ് ചെയ്തതിലും പലസ്തീൻ അനുകൂല പ്രകടനം നടത്തിയ നൂറുകണക്കിനുപേരെ അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ സർവകലാശാല ചത്വരത്തിലേക്ക് ഇരമ്പിക്കയറി. ഹാർവാർഡ് സർവകലാശാലയുടെ സ്ഥാപകനായ ജോൺ ഹാർവാഡിന്റെ പ്രതിമയ്ക്കുമുന്നിൽ പാറിയ യൂണിയൻ ജാക്ക് പതാകയെ മറച്ചുകൊണ്ട് നൂറുകണക്കിന് പലസ്തീൻ പതാകകൾ പാറി.

വിദ്യാർഥി പ്രക്ഷോഭം രൂക്ഷമാകുമെന്ന് ഭയന്ന് അധികാരികൾ ക്യാമ്പസിനുള്ളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നിട്ടും വിദ്യാർഥികൾ പ്രതിഷേധവുമായി ഇരമ്പിക്കയറി. ഹാർവാർഡ് ഫോർ പലസ്തീൻ സംഘടനയിലുള്ളവരെ സസ്-പെൻഡുചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രതിഷേധക്കൂട്ടായ്മകൾക്കായി ടെന്റുകൾ സ്ഥാപിച്ചു. സർവകലാശാലയുടെ വിദ്യാർഥി ദിനപ്പത്രമായ ‘‘ദി ഹാർവാർഡ് ക്രിംസണിന് യൂണിവേഴ്സിറ്റിയിൽനിന്നും ഇമെയിൽ വഴി ഒരു കത്ത് ലഭിക്കുകയുണ്ടായി. എല്ലാ സംഘടനാ പ്രവർത്തനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാൽ വിദ്യാർഥികൾ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു പരിഹാരം കാണാതെ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − seventeen =

Most Popular